ആഖ്യാനലാളിത്യവും അനുഭവസങ്കീര്‍ണ്ണതയും, അശു എന്ന താക്കോല്‍പ്പഴുത്

അനായാസമായി വായിച്ചു പോകാവുന്ന അവസ്ഥ നോവല്‍ഗണത്തിനു നല്‍കുന്ന മെച്ചത്തെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങള്‍ എപ്പോഴുമുണ്ട്. രേഖീയമായ ഇതി വൃത്തസംവിധാനവും ഋജുവായ അനുഭവങ്ങളും സരളമായ ശൈലിയും ചേര്‍ന്ന് വായനയുടെ അനായാസതയ്ക്ക് കുടപിടിക്കുന്നു എന്നാണ് പരമ്പരാഗതമായ കാഴ്ചപ്പാട്. എപ്പോഴും അതങ്ങനെതന്നെ ആകണമെന്നില്ല. അനുഭവസങ്കീര്‍ണ്ണതകളുടെ വര്‍ത്തമാനകാലത്തില്‍ വൈകാരികമായ ആഴത്തെ അനുഭവിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായും ആഖ്യാന ലാളിത്യം ആവിഷ്‌കാരം നേടാറുണ്ട്. ലളിതമായത് എന്ന അര്‍ത്ഥമുള്ള സിമ്പ്‌ലിസിറ്റിയും കൂടിക്കുഴഞ്ഞത് എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന കോമ്പ്‌ലെക്‌സിറ്റിയും ചേര്‍ത്തുവച്ച് 'സിമ്പ്‌ലിക്‌സിറ്റി' (Simplexity) എന്ന പുതുവാക്ക് നിര്‍മ്മിച്ച ജെഫ്രി ക്ലൂഗെര്‍, സങ്കീര്‍ണ്ണമായ സാഹചര്യങ്ങളെയും ലോകത്തെത്തന്നെയും മനസിലാക്കുന്നതിനും പ്രശ്‌നപരിഹാരങ്ങള്‍ക്കും ഉള്ള ഉപാധിയെന്ന നിലയില്‍ 'ലാളിത്യ'ത്തെ (ലളിതവത്കരിക്കപ്പെട്ട സങ്കീര്‍ണ്ണമായ തത്വങ്ങളെ) സങ്കീര്‍ണ്ണതയുടെ ഭാഗമായിത്തന്നെ കാണാന്‍ പ്രേരിപ്പിക്കുന്നുണ്ട്. (Simplexity: Why Simple Things Become Complex (and How Complex Things Can Be Made Simple) മുന്നിലെ സാഹചര്യങ്ങളെ കാര്യക്ഷമമായും വേഗത്തിലും കൈകാര്യം ചെയ്യുന്നതിനും മുന്‍കാല അനുഭവങ്ങളുമായി താരതമ്യം ചെയ്ത് പരിഹാര ത്തി ലെത്തുന്നതിനും തലച്ചോറിനെ സഹായിക്കാനുള്ള ഉപാധിയെന്ന നിലയ്ക്കാണ് പുതിയ സാങ്കേതികകാലത്തിന്റെ സിദ്ധാന്തമായി 'സിമ്പ്‌ലിക്‌സിറ്റി' അവതരിപ്പിക്കപ്പെടുന്നത്. അതിന്റെ പ്രവര്‍ത്തനമേഖല, സാമ്പത്തികവും സാങ്കേതികവും കായികവും വൈദ്യശാസ്ത്ര വും മനശ്ശാസ്ത്രവുമെല്ലാം ഉള്‍പ്പെട്ട ലോകവുമാണ്. മനുഷ്യരുടെ പെരുമാറ്റരീതികളുടെ രേഖ പ്പെടുത്തല്‍ക്കൂടിയായ സാഹിത്യത്തെക്കുറിച്ചുള്ള പര്യാലോചനകളില്‍ 'സങ്കീര്‍ണ്ണമായ ലാളിത്യ'ത്തിനുള്ളില്‍ ഉള്‍പ്പെടുത്താമെന്നു തോന്നുന്നു. പൂര്‍വമാതൃകകളുടെ ചട്ടക്കൂടുകള്‍ അവിടെയും പ്രത്യേക ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തി ഉപയോഗിക്കുന്നുണ്ട്. സങ്കീര്‍ണ്ണമായ അനു ഭവങ്ങളുടെ ആഘാതശേഷിയെ നിര്‍വീര്യമാക്കിയവതരിപ്പിക്കുക എന്ന തന്ത്രത്തെ ബോധ പൂര്‍വം അവലംബിക്കുന്നുണ്ട്. ലാഘവത്വത്തിന്റെയും ശുദ്ധഗതിയുടെയും പദാവലിക ളിലൂടെ യാണിത് കാലികസാഹിത്യം സാധ്യമാക്കുന്നത്. ദേവദാസിന്റെ പുതിയ നോവല്‍ 'അശു' വിന്റെ സ്‌തോഭജനകമായ ചലച്ചിത്രത്തിന്റെ മാതൃകയിലുള്ള ചട്ടക്കൂടും ആഖ്യാനപരമായ ലാളിത്യവും പരിചരിക്കുന്നത് വ്യത്യസ്തമായ രീതിയില്‍ ഈ വാസ്തവത്തെയാണ്.
'യുക്തിപരമെന്നോ ബൗദ്ധികമെന്നോ വിളിക്കാവുന്ന നീക്കങ്ങള്‍' വഴി രചനാശൈലിയുടെ വിശേഷപ്രതാപത്തിന് അടിസ്ഥാനമൊരുക്കുക എന്ന നിലപാട് ദേവദാസിന്റെ പല രചനകളുടെയും പിന്നിലുണ്ട്. പലപ്പോഴും കഥാപാത്രങ്ങളുടെ വ്യവഹാരങ്ങളെ അപ്രസ ക്തമാക്കിക്കൊണ്ട് പ്രവഹിക്കുന്ന ഊര്‍ജ്ജം കത്തിയുയര്‍ന്ന് പൊട്ടിപ്പൊലിച്ചുകൊണ്ട് വായ നയുടെ മുഹൂര്‍ത്തത്തെ അദ്ഭുതസ്തിമിതമാക്കുന്ന അവസ്ഥ ആഖ്യാതാവിന്റെ ബൗദ്ധി കമായ ഇടപെടലുകളില്‍നിന്നുണ്ടാവാറുണ്ട്. 'അശു'വില്‍ അതു തീവ്രമായ നിലയിത്തന്നെ കാണാം. നോവലിന്റെ പിന്‍കുറിപ്പില്‍ തന്റെ ബാല്യകാലാനുഭവമായ ഉത്രാളിക്കാവിലെ വെടിക്കെട്ടി നെപ്പറ്റിയുള്ള നോവലിസ്റ്റിന്റെ കുറിപ്പ്, പ്രസ്തുതത്തിന്റെ അലങ്കാരകല്പനയിലൂടെയുള്ള പ്രസ്താ വനയെന്ന നിലയിലും വായിക്കാം. ചലച്ചിത്രങ്ങളിലെ ദൃശ്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ഒരു ആഖ്യാനതന്ത്രം ചെറുകഥകള്‍ക്കും നോവലുകളും കവിതകളും ഉള്‍പ്പടെ പല രചനകളും അടുത്തകാലത്ത് സ്വന്തമാക്കിവരുന്നുണ്ട്. 'അശു'വിലും ത്രസിച്ചു നില്‍ക്കുന്ന ദൃശ്യാത്മകത യ്ക്ക് വെളിച്ചം പകരുന്നത് പ്രധാനമായും മറ്റൊന്നുമല്ല. വികാരങ്ങളും ഭാവങ്ങളും ചേര്‍ന്നാണ് 'അശു'വിലെ കഥാപാത്രങ്ങള്‍ക്കുള്ള ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്. ചിന്തയും വാക്കും ചേര്‍ന്നു നിര്‍മ്മിക്കുന്ന കഥാപാത്രനിര്‍മ്മിതികളില്‍നിന്നു വ്യത്യാസമിവയ്ക്കുണ്ട്.
കാഴ്ച, പ്രതികരണം, വികാരം എന്ന ക്രമമാണ് ഭാവശക്തിയുടെ (അഫെക്ട്) ആവിര്‍ഭാവത്തിനുള്ളത്. സിനിമയിലെ കാഴ്ചയെ വായനയില്‍ ബോധമായി മാറ്റണം. അത് നമ്മുടെ പൂര്‍വാനുഭവങ്ങളുമായി ചേര്‍ന്ന് ശരീരത്തില്‍ പ്രതികരണമുണ്ടാക്കുന്നു. അതിന്റെ ഫലമായി വികാരമുണ്ടാവുന്നു. പല വികാരങ്ങളാണ് അവിടെ കൂടിക്കലരുന്നത്. 'അശു' എന്ന നോവലിലെ പ്രധാന ക്രിയാംശം - നിര്‍വഹണം - നടക്കുന്നത് ഉത്സവപറമ്പിലെ വെടി ക്കെട്ടുപുരയ്ക്കടുത്തുവച്ചാണ്. കൂട്ടപ്പൊരിക്കല്‍ എന്നു വിശേഷിപ്പിക്കാവുന്ന ആ സംഗതി യുടെ അനുബന്ധമായിമാത്രമേ തുടന്നുവരുന്ന സംഭവങ്ങളെ പരിഗണിക്കേണ്ടതുള്ളൂ. സുബ്രഹ്‌മ ണ്യനും കൂട്ടരും, അതുവഴി ലോനമുതല്‍ ജസ്റ്റിന്‍വരെയുള്ള തലമുറയുടെ പ്രമത്തത തോറ്റ മ്പുന്ന സ്ഥലമാണ് സര്‍ക്കാര്‍ വെടിക്കെട്ട് നിരോധിച്ച പറമ്പ്. അങ്ങനെ അശുക്കളുടെ വീര ത്തെയും മൂര്‍ദ്ധന്യമായ ഉത്സാഹത്തെയും അക്രമത്തിന്റെ ബീഭത്സതയെയും ചെറുത്തു നില്‍ പ്പിന്റെ ആഹ്ലാദപ്രകര്‍ഷത്തെയും പരാജിതരുടെ ദൈന്യത്തെയും കൂട്ടിയിണക്കുന്ന ഒരിട മായി ഉത്സവപ്പറമ്പ് മാറുന്നു. കമ്പത്തിനു തീ പടരുന്നതുപോലെ ആഖ്യാനരീതിയുടെ ഗതി വേഗവും അവിടെ പ്രത്യക്ഷമാണ്. ഭാവശക്തിപ്രഭാവത്തിന് നോവലില്‍നിന്നുതന്നെ കണ്ടെ ടുക്കാവുന്ന രൂപകമെന്ന നിലയിലാണ് വെടിക്കെട്ട് പുരയും അവിടത്തെ കോലാഹലങ്ങളും പ്രസക്തമാകുന്നത്.
പ്രത്യക്ഷത്തില്‍ നിസ്സാരമെന്നു (അശു) തോന്നുന്നവയുടെ കുതിപ്പിനെ ജാതിയുടെ രാഷ്ട്രീയവുമായി ദേവദാസ് ബന്ധിപ്പിക്കുന്നുണ്ട്. ചെറിയത്, മെലിഞ്ഞത്, ശക്തി കുറഞ്ഞത്, ക്ഷീണിച്ചത് എന്നൊക്കെ പ്രാദേശികമായി അര്‍ത്ഥമുള്ള വാക്കാണ് അശു. നോവലില്‍ ഈ അവസ്ഥ തുരുമ്പന്‍ അയ്യപ്പന്റെ ശാരീരികസ്ഥിതിയെമാത്രമല്ല, അയാളുടെ മകള്‍ നിമിഷയും ഭാര്യ രമണിയും അമ്മ ശാന്തയും ചേര്‍ന്ന ഒരു കുടുംബപശ്ചാത്തലത്തെയും ഓട്ടോ ഡ്രൈവര്‍ കുട്ടാപ്പു, കൂരി നാസര്‍, ചാവു മണിയന്‍ കലാശം കണ്ണന്‍ തുടങ്ങിയവരുടെ സാമൂഹികമായ നിലയെയും സൂചിപ്പിക്കുന്ന താക്കോല്‍ വാക്കായി മാറുന്നു. അധികാരം മുകളില്‍നിന്ന് താഴേക്കുമാത്രമായി പ്രവര്‍ത്തിക്കുന്ന ശക്തിയല്ലെന്ന കാര്യം ഘടനാവാദാനന്തര ചിന്തകള്‍ തെളിയിച്ചു. നിലനില്‍പ്പിന്റേതായ അധികാരപ്രയോഗംകൂടി സമൂഹത്തില്‍ നിരന്തരമായി പ്രവര്‍ത്തിക്കുന്നുണ്ട്. പടര്‍ന്നു പിടിക്കുന്ന പുല്‍ച്ചെടികളുടെ പരക്കല്‍ ശേഷിയുമായി ബന്ധപ്പെടുത്തി ഇക്കാര്യത്തെ വ്യാഖ്യാനിക്കാവുന്നതാണ്. തുരുമ്പന്‍ അയ്യപ്പന്റെ നെട്ടോട്ടം സ്വന്തം ജീവനും ജീവിതവും രക്ഷിക്കാന്‍വേണ്ടിമാത്രമുള്ളതല്ല. തന്റെ നിലനില്‍പ്പിനെതി രെയുള്ള ഗൂഢാലോചനകളെ മുന്‍കൂട്ടി കണ്ട് ഒഴിവാക്കാനായുള്ള ശ്രമംകൂടിയാണ്.
ഒറ്റനോട്ടത്തില്‍ അതിസാധാരണമായ ഒരു ജനപ്രിയ സിനിമാകഥയുടെ ഘടനയുള്ള ആഖ്യാനത്തെ (ഹിംസാത്മകമായ പ്രവൃത്തികളുടെ വിശദാംശങ്ങളിലൂടെ കൈവരുന്ന ജനപ്രിയത്വം വേറെതന്നെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്) ദേവദാസ്, 'ഡില്‍ഡോ - ആറുമരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം' എന്ന ആദ്യനോവല്‍ മുതല്‍ തുടര്‍ന്നു വരുന്ന ക്രിയാംശങ്ങളുടെ ആകസ്മിക കരുനീക്കങ്ങള്‍ എന്ന തന്ത്രംകൊണ്ട് എങ്ങനെ മാറ്റി മറിക്കുന്നു എന്ന കാര്യമാണ് ആലോചിക്കാനുള്ളത്. സ്വര്‍ണ്ണക്കടത്തിന്റെ രണ്ടു കാലങ്ങള്‍ (അതിന്റെ സാമ്പത്തികവശത്തെ ഒഴിവാക്കി) ഏറ്റുമുട്ടുകയാണ് നോവലില്‍. സാമ്പത്തിക മായ ഘടകം ഒഴിവാക്കപ്പെടുന്നതോടെ സാമൂഹികമായ പദവിയും അതിന്റെ അനുസാരിക ളായ ഭാവങ്ങളും മുന്‍നിരയിലെത്തുന്നു. വര്‍ഷങ്ങള്‍ക്കുശേഷം തന്റെ കളത്തില്‍ വീണ്ടും ഇറങ്ങുന്ന (ഇത്തവണ മറ്റൊരാള്‍ക്കുവേണ്ടിയല്ല, തനിക്കുവേണ്ടിയാണ്) തുരുമ്പന്‍ അയ്യപ്പന്റെ സവിശേഷമായ ആയുധം, നോവല്‍ വിശദീകരിക്കുന്നതുപോലെ ചെരുപ്പിനടി യില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന കത്തിയോ കോളറിനടിയിലെ ബ്ലെയിഡോ അറ്റം കൂര്‍പ്പിച്ച സ്റ്റീല്‍ നാക്കുവടിപ്പിയോ പഞ്ചപാഷാണമായ നാട്ടുമരുന്നോ അല്ല. അയാളുടെ ഭൂതകാല മാണ്. ആ ഭൂതകാലത്തെ ഒഴിവാക്കിയാല്‍ അയാള്‍ ശരിയായ അര്‍ത്ഥത്തില്‍ 'അശു'വായി ത്തീരും. അയാളെ അശുവല്ലാതാക്കി നിലനിര്‍ത്താന്‍ കഴിയുന്ന ഭൂതകാലംകൊണ്ട്, സാമൂഹികമായ അന്തസ്സുനിലനിര്‍ത്താന്‍ അയാള്‍ വര്‍ത്തമാനകാലത്തോട് പോരാടുന്നു. ഈ ഘടകത്തെ സാഹിതീയമാക്കുന്ന ഒരു മൂലകം നോവലിലുള്ളത്, 'കഥ' യാണ്. നോവലിന്റെ തുടക്കത്തില്‍ മണിയന്‍ കഥ പറയുന്നു. കൂരി നാസര്‍ സംസാരിച്ചുതുടങ്ങിയാല്‍ അയാളില്‍നിന്ന് രക്ഷപ്പെടാന്‍ സാധ്യമല്ല. അതു കഥയുടെ ശക്തിയാണ്. അയാള്‍ സുബ്രഹ്‌മണ്യനോട് കഥ പറയുന്നു. കലാശം കണ്ണന്‍, നായയുടെ കഥ പറയുന്നു. സമാന്തര മായി അയ്യപ്പന്റെ കുടുംബത്തില്‍, ശാന്ത മുത്തി കുറത്തി രാമായണവും പൈലിയുടെ കുടുംബ ത്തില്‍ പുത്തന്‍ പാനയും ചൊല്ലുന്നുണ്ട്. ഈ രണ്ടു കൃതികളുടെ പരാമര്‍ശത്തെ വച്ചാലോചിച്ചാല്‍ നോവലിന്റെ പ്രമേയഘടനയില്‍ സാംസ്‌കാരികമായ പാളിയും കല്പന ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണതിനര്‍ത്ഥം. കഥ പറച്ചിലിനെ പ്രമേയമാക്കുക എന്ന ഉത്തരാ ധുനികമായ ആഖ്യാനരീതിയുടെ വശത്താണതിന്റെ സ്ഥിതി.
ലോന- പൈലി- ജോയ്- ജസ്റ്റിന്‍ എന്നിങ്ങനെ വംശാവലിപാരമ്പര്യത്തില്‍ അധിഷ്ഠിതമായ അധികാരഘടനയ്‌ക്കെതിരെയാണ് സാമൂഹികമായി ഇണക്കപ്പെട്ട ആറുകുറി സംഘത്തിന്റെ പ്രതിരോധം രൂപംകൊള്ളുന്നത്. അവര്‍ക്കുതമ്മിലുള്ള ബന്ധം രക്തത്തി ന്റേതല്ല. അബു, ജോസ്, റാവുത്തര്‍, ആയുഷ്മാന്‍ തുടങ്ങിയ പേരുകള്‍ സൂചിപ്പിക്കുന്നത് സമൂഹത്തിന്റെ ജാതീയവും മതപരവുമായ വിവിധതട്ടുകളുടെ കൂട്ടായ്മയെയാണ്. നോവലിലെ ആ തലത്തെ, ആധുനിക ആഖ്യാനങ്ങളുടെ പ്രത്യേകതയായ 'ശുദ്ധരാഷ്ട്രീയത'യുടെ ഭാഗത്ത് ചേര്‍ത്തുനിര്‍ത്തി വായിക്കാവുന്നതുമാണ്. ആത്യന്തികമായി തുരുമ്പന്‍ അയ്യപ്പന്റെ ജയം ആ രാഷ്ട്രീയശരിയുടെ അനിഷേധ്യമായ വിജയത്തെപ്പറ്റിയുള്ള വിഭാവനയാണ്. കഥാവിവര ണത്തിന്റെ ഒടുവിലെ ഒരു ബ്രഹ്റ്റിയന്‍ തിരിവില്‍, ദേവദാസ് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് കഥ തുടരുമെന്നും അതു വെട്ടി അവസാനിച്ചെന്നും അതും വെട്ടി തുടര്‍ന്നേക്കാമെന്നും എഴുതു ന്നുണ്ട്. രചനാപരവും സര്‍ഗാത്മകവുമായ അസംതൃപ്തിയുടെ വെളിപ്പെടലായി അതിനെ വായിക്കാം. നന്മതിന്മകളുടെയും ശരിതെറ്റുകളുടെയും സ്ഥിതിവിവരങ്ങള്‍ക്കിടയില്‍ നന്മയു ടെയും ശരിയുടെയും ഏകപക്ഷീയമായ ആത്യന്തിക വിജയത്തെക്കുറിച്ച് സംശയമില്ലാതെ എഴുതിവയ്ക്കുന്നതിലുള്ള രാഷ്ട്രീയശരി, രചനാപരമായി തെറ്റാണെന്ന വിചാരം കാതലാവുന്ന സന്ദര്‍ഭത്തിലാണ് നോവലിന്റെ അവസാനത്തിലെ നോവലിസ്റ്റിന്റെ സന്ദേഹവും ബലം നേടുന്നത്.
ഹിംസ എങ്ങനെയാണ് സാംസ്‌കാരികവസ്തുക്കളില്‍ ആസ്വാദ്യമായി തീരുന്നത്? ജീവിതത്തില്‍ എല്ലാകാലത്തും ഉണ്ടായിരുന്ന ഒന്നാണ് അക്രമവും ചോരചിന്തലും. കൂരി നാസര്‍ പറയുന്ന കഥകളിലൊന്നില്‍ ഹിംസയ്ക്കുവേണ്ടിയല്ലാത്ത ഹിംസയെ കുറിക്കുന്ന കഥയായി ശക്തന്‍ തമ്പുരാനെപ്പറ്റിയുള്ള ഒരു ഐതിഹ്യമുണ്ട്. ദേവദാസ് നോവലിന്റെ തുടക്കത്തില്‍ രണ്ടു ഉദ്ധരണികള്‍ ആമുഖവാക്യങ്ങളായി കൊടുക്കുന്നുണ്ട്. (ദേവദാസിന്റെ രചനകളില്‍ ഏറിയക്കൂറിന്റെയും മുന്നില്‍, കഥാപ്രമേയത്തെ കൂടുതല്‍ ആഴത്തില്‍ മനസിലാക്കാനുള്ള ഉപാധിയെന്ന നിലയിലോ പൂര്‍വകല്പനങ്ങള്‍ക്കുള്ള സ്മരണയെന്ന നിലയിലോ ഇത്തരം ഉദ്ധരണികള്‍ കാണാം) കയ്യാലയില്‍നിന്ന് താഴെ വീണ അയ്യപ്പന്‍ ചങ്കരനെ ആനയും പോലീസും പട്ടാളവും മന്ത്രിയും രാജാവും ഒന്നും പിടിച്ചിട്ട് പൊങ്ങാത്ത തിനെപ്പറ്റിയുള്ള നാടന്‍ പാട്ടാണ് ഒന്ന്. പാട്ടില്‍ അയ്യപ്പന്‍ ചങ്കരന്റെ പൊണ്ണത്തടിയും ജഡത്വവുമാണ് വ്യംഗ്യമെങ്കില്‍ 'അശുവില്‍' അതിന്റെ അര്‍ത്ഥം വേറെയാണെന്ന് നാം മനസിലാക്കുന്നു. രണ്ടാമത്തേത് 'ചോര കാണുന്നത് വെറുപ്പും അക്രമങ്ങളെ ഭയാജനക വുമായി കാണുന്നതിനാല്‍, അത്രയധികം ഹിംസയോട് കൗതുകം തോന്നുന്നുവെന്ന്' തുറന്നു പറയുന്ന തകേഷി കിതാനോയുടെ വാചകങ്ങളാണ്. വൈലന്റ് കോപും (1989) ഔട്ട് റേജും (2010) പോലെയുള്ള ഹിംസാ-അക്രമചിത്രങ്ങള്‍ക്ക് പേരുകേട്ട ജപ്പാനീസ് സംവിധായക നാണ് കിതാനോ. നാടന്‍പാട്ട് 'അശുവിലെ മുഖ്യ കഥാപാത്രത്തിലേക്കുള്ള ദിശാസൂചി യാണെങ്കില്‍ കിതാനോയുടെ വാക്കുകളില്‍ നോവലിസ്റ്റ് സ്വയം കാണുകയാണ് ചെയ്യുന്ന തെന്നു വ്യക്തം. 'ചലച്ചിത്രങ്ങള്‍ തുണിയുരിഞ്ഞ ശരീരത്തെ എന്ന വിധം ലോകത്തെ നോ ക്കാന്‍ നമ്മെ പ്രലോഭിപ്പിക്കുന്നു' എന്ന് വാദിക്കുന്ന ഫ്രെഡെറിക് ജെയിംസണ്‍ (Signature of the Visible) ശരീരത്തെ ചതയ്ക്കുകയും അതില്‍ കത്തി കയറ്റുകയും വെടിവയ്ക്കുകയും വലിച്ചു കീറുകയുമൊക്കെ ചെയ്യുന്ന പ്രവൃത്തികളെ പ്രലോഭനമായി വച്ചുനീട്ടുന്നത്, കാഴ്ചകളെ ശരീര ത്തിലേക്കു ചുരുക്കാന്‍ (film entails a 'reduction to the body') ചലച്ചിത്രങ്ങള്‍ക്കുള്ള വിശേഷമായ ശേഷിയെ മുന്‍നിര്‍ത്തിയാണ്. നോവല്‍, ഇരുട്ടു മുറിയിലിരുത്തി വായന ക്കാരുടെ അബോധത്തിലെ അപകര്‍ഷങ്ങളെ നേരിട്ട് ഖനനം ചെയ്യുന്നില്ല. എന്നാല്‍ സാമൂ ഹികാവസ്ഥയെയും സാഹചര്യങ്ങളെയും അഭിമുഖീകരിക്കേണ്ട ബാധ്യതയെ ആഖ്യാന ത്തിന്റെ പരിധിക്കുള്ളില്‍ പലതരത്തില്‍ ഉള്ളടക്കുന്നു. 'അശു' എന്ന ശീര്‍ഷകംതന്നെ ആ നിലവറയിലേക്കു പ്രത്യേകമായി പണിത താക്കോലാണ്. ലഘുത്വത്തിനുള്ളിലെ ഗുരുത്വ ത്തെ, ലാളിത്യത്തിന്റെ മുഖഭാവമുള്ള സങ്കീര്‍ണ്ണതയെ സവിശേഷമായി ലക്ഷ്യംവയ്ക്കുന്ന ആഖ്യാനത്തെ ശുദ്ധഗതിയോടെ പരിചരിക്കുന്ന ഒന്നായും ആ തലക്കെട്ട് മാറുന്നുണ്ട്.
Content Highlights: Books Reviews ashu by Devadas V.M