കുടിയേറ്റക്കാരുടെ ഏകാന്തനൊമ്പരങ്ങൾ | കരയിലെ മീനുകൾ Books Review

The land knows from whence came the clouds and from whence the hot
wind
and from whence hatred and love.
But those who live there are confused, their heart in the east
and their body at the end of the west. Their body in the west, their heart in
the east,
like migratory birds that have lost summer and winter,
lost beginning and end, and they fly about
day after day, till it hurts
(The Land Knows: Yehuda Amichai)
പ്രവാസിയായി ജീവിക്കുന്ന നിർമ്മല എഴുതിയ 'കരയിലെ മീനുകൾ' മലയാളത്തിലെ മറ്റുള്ള പ്രവാസനോവലുകളിൽ നിന്ന് വിഭിന്നമാവുന്നതിന്റെ കാരണങ്ങൾ പലതാണ്. നാല് പതിറ്റാണ്ടിലേറെയായി കാനഡയിൽ കഴിയുന്ന നിർമ്മലയുടെ വൈയക്തിക അനുഭവങ്ങളെക്കാൾ കുടിയേറ്റ/കുടിയേറ്റാനന്തര തലമുറയുടെ വ്യവഹാഹാരങ്ങളും വെല്ലുവിളികളുമാണ് ഈ നോവലിന് ആധാരം. ഗൃഹാതുരതയും നാടിനെ കുറിച്ചുള്ള ഓർമകളും നിലനിൽക്കുമ്പോൾ തന്നെ കുടിയേറ്റാനന്തരയിടത്തിന്റെ (Postmigrant Space) അവസ്ഥകളെയും സങ്കീർണതകളെയും ഫലവത്തായി ആഖ്യാനത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിന് നോവലിസ്റ്റിനായി എന്നത് എടുത്തു പറയണം.
സ്വരാജ്യം താൽക്കാലികമായെങ്കിലും ഉപേക്ഷിച്ചുകൊണ്ട് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറിയ ‘മാറ്റ്’ ആയി തീർന്ന മാത്തുക്കുട്ടി അനുഭവിക്കുന്ന വ്യക്തിപരമായ പ്രതിസന്ധികളും അയാളുടെ മദ്യാസക്തിയും അവതരിപ്പിക്കുക വഴി, കുടിയേറ്റജീവിതത്തിന്റെ മുദ്രകൾ പതിപ്പിച്ച സാഹചര്യങ്ങൾ അനാവൃതമാവുന്നു. അഭയം അന്വേഷിച്ചെത്തുന്നവരുടെ മേൽ നിയമങ്ങളും നയങ്ങളും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ ചെയ്തികളെ വിമർശനവിധേയമാക്കേണ്ടതുണ്ട്. സ്വത്വം പണയം വെച്ചുകൊണ്ട് അപരിചിത്വബോധവുമായി ജീവിച്ചിരുന്ന ഒന്നാം തലമുറയിലെ കുടിയേറ്റക്കാരിൽ നിന്നും വിഭിന്നമായ ഒരു സംഘവും സംസ്കാരവുമായി പിന്നീടുള്ള തലമുറ മാറി. സാഹിത്യം, കല തുടങ്ങിയ മേഖലകളിൽ വലിയൊരു ചലനം സംജാതമായി. പ്രവാസമെഴുത്തിന്റെ പരമ്പരാഗത ശൈലിയെ തകിടം മറിച്ച് കൊണ്ട് കുടിയേറിയ മുഖ്യ കഥാപാത്രങ്ങളുടെ അടുത്ത തലമുറ അമേരിക്കൻ ഐക്യനാടുകളിലെ സാമൂഹികവും സംസാകാരികവുമായ ഈടുവെയ്പുകളിൽ വ്യാപൃതരാവുന്നതും രാഷ്ട്രീയമായ മൂല്യച്യുതിയിൽ അസ്വസ്ഥരാവുന്നതും മറ്റും ആഖ്യാനത്തിൽ വിവരിക്കുന്നുണ്ട്. കുടിയേറ്റജീവിതത്തിലെ സംവാദങ്ങളിൽ നിന്ന് കുടിയേറ്റാനന്തരയിടത്തിലെ വ്യവഹാരങ്ങളിലേക്കാണ് ഈ നോവൽ യാത്ര ചെയ്യുന്നത്.
വിവിധ വിഷയങ്ങൾ പ്രത്യേകിച്ച് സാമ്പത്തിക-തൊഴിൽപരമായ കാരണങ്ങൾ മൂലം കേരളത്തിൽ നിന്ന് വിദേശരാജ്യത്തെത്തിച്ചേർന്നവരെ കുറിച്ചുള്ള ചരിത്രം നമുക്ക് സുപരിചിതമാണ്. സ്വരാജ്യം വിട്ടു പോകാനായി ലാഞ്ചിയിലേറി മറ്റൊരിടത്ത് എത്തിച്ചേർന്ന മനുഷ്യരുടെ അലച്ചിലുകൾ മലയാളസാഹിത്യം അഭിമുഖീകരിച്ചിട്ടുണ്ട്. ട്രംപിന്റെ ഭീഷണികളും വംശീയതയുടെ പ്രശ്നങ്ങളും നിറഞ്ഞ അമേരിക്കയിലെ രാഷ്ട്രീയസാഹചര്യങ്ങളിൽ മദ്യാസക്തനായ മാറ്റിന് സാമൂഹികമായി 'അയിത്തം' കല്പിക്കപ്പെടുന്നുണ്ട്. പൂർണമായും 'അമേരിക്കക്കാരായ' മക്കളും മറ്റു സുഹൃത്തുക്കളും പരിഹാസത്തോടെ കാണുന്ന മാറ്റിന് ഒരു അതിജീവനം സാധ്യമാവുമോ എന്നതാണ് 'പോസ്റ്റ് മൈഗ്രേഷൻ' പശ്ചാത്തലത്തിൽ രചിച്ച നോവൽ ഉറ്റുനോക്കുന്നത്.
മാറ്റിന്റെ മദ്യപാനശീലം കുടുംബത്തിന് സൃഷ്ടിക്കുന്ന അപകർഷത സാമൂഹികമായ ഇകഴ്ത്തലുകളിലേക്ക് നീളുമെന്ന് അയാളുടെ ഭാര്യയായ തങ്കമണി കരുതുന്നുണ്ട്. തങ്കമണിയെ സംബന്ധിച്ചിടത്തോളം അയാളുടെ കെടുകാര്യസ്ഥത ബാധ്യതയായി മാറുന്നു. മക്കളും കൂട്ടുകാരും അയാളിൽ നിന്ന് പതുക്കെ അകലുന്നു. മദ്യപാനത്തെ ഒരു സാമൂഹിക അവസ്ഥയായി മാറ്റുന്നതോടൊപ്പം വിവിധ വിഭാഗത്തിലുള്ള വീഞ്ഞുകളുടെ ചരിത്രവും രസകരമായി ആഖ്യാനത്തിൽ സന്നിവേശിപ്പിക്കുന്ന തരത്തിലാണ് 'കരയിലെ മീനുകൾ' എഴുതിയിരിക്കുന്നത്. ഒരു രചനാരീതിയായി ഇത്തരമൊരു സങ്കേതം സ്വീകരിച്ചിരിക്കുന്നതും മുഖ്യകഥാപാത്രത്തിന്റെ സ്വഭാവവിശേഷവുമായി ഒത്തു പോകുന്നതും ശ്രദ്ധേയമാണ്.
ന്യൂയോർക്കിലെ ജീവിതം ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങുന്നയാളുടെ ഇച്ഛയും ഇച്ഛാഭംഗവും പട്ടത്തുവിള കരുണാകരന്റെ 'ന്യൂയോർക്കിന് യാത്ര പറയുന്നു' എന്ന കഥയിൽ വ്യക്തമാണ്. നാട്ടിലേക്ക് മടങ്ങി പോകുന്ന നായകകഥാപാത്രം കപ്പലിൽ നിന്ന് കഴിഞ്ഞ കാലം അയവിറക്കുന്നു. "കപ്പലിന്റെ പുറകിൽ, അതിന്റെ ഗതിക്കെതിരെ, മറയുന്നതിനെ നോക്കിനിൽക്കുന്നവർ പ്രതീക്ഷ നശിച്ചവരാണ്" എന്ന ആത്മഗതത്തോടെ അയാൾ തിരിച്ചു പോകുകയാണ്. എന്നാൽ പട്ടത്തുവിളയുടെ നായകന്റെ മനോഗതമല്ല കുടിയേറ്റാനന്തര ലോകത്തെ മനുഷ്യർക്കുള്ളതെന്നു ടെനിയും ടിജുവും ജെന്നിമോളും സൂചിപ്പിക്കുന്നു. മാറ്റിന്, "ദൈവം മോശയോട് സങ്കേതനഗരങ്ങൾ നിർമ്മിക്കുവാൻ കൽപ്പിച്ചത് പോലെ" ന്യൂയോർക്ക് അഭയനഗരമായി ഭവിച്ചു. അവിടത്തെ മേച്ചിൽപ്പുറങ്ങളിൽ ആരും അയാളെ വേട്ടയാടിക്കൊല്ലില്ല എന്നയാൾ വിചാരിച്ചു. എന്നാൽ യഥാർത്ഥത്തിൽ അയാൾ എല്ലാ തരത്തിലും ഒറ്റപ്പെടുകയായിരുന്നു.
ഏകാന്തമായ ലോകത്ത് സ്വന്തം ശരിതെറ്റുകളുടെ ന്യായാന്യായങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കാനായിരുന്നോ അയാൾ ശ്രമിച്ചത്? മഹാരാജ്യത്ത് എത്തിയ ആദ്യനാളുകളിൽ അയാൾക്ക് തുണയായ വേറയും ബെന്നും മാനുഷികബന്ധത്തിന്റെ കെട്ടുറപ്പിനെ വ്യക്തമാക്കുന്നവരാണ്. മാതാപിതാക്കളെയും ഉറ്റവരെയും സ്വന്തം നാടിനെയും വേർപിരിഞ്ഞു കൊണ്ട് കഴിയുന്ന മാറ്റിനെ പോലെയുള്ള കുടിയേറ്റക്കാർ കരുണയെ ആർദ്രമായി തേടുന്നുണ്ട്."വൃത്തിയാക്കിയ മുറിയിൽ, എന്റെ ഉള്ളൊന്നു വൃത്തിയാക്കിത്തരാൻ ആർക്കാണ് കഴിയുന്നത് എന്നോർത്ത് ഉറങ്ങാതെ കിടന്നു. എന്നിലെ അടരുകളിൽ ചാരമായ ചിലത് ആരാലും ശ്രദ്ധിക്കപ്പെടാതെ പാളികളായി അമർന്നിരിക്കുന്നു". പഠനവൈകല്യമുണ്ടായിരുന്ന മാറ്റിന് അക്ഷരങ്ങൾ മാറിപ്പോവുകയുണ്ടായി. സഹോദരന്റെ മുന്നിൽ എന്നും അയാൾ മഠയനായിരുന്നു. ഭാര്യയുടെ മുന്നിൽ മദ്യപനും കഴിവ് കെട്ടവനും. സ്വാർത്ഥ താല്പര്യങ്ങൾക്കായി അയാളെ 'സ്നേഹിക്കുന്ന' അടുത്ത ബന്ധുക്കൾക്ക് മുന്നിൽ തന്റെ ഹൃദയത്തോട് ചേർന്ന് നിന്ന ഇന്ദിര എന്നും അയാൾക്ക് ഒരു നൊമ്പരമായി. ഒറ്റനോട്ടത്തിൽ വിജയങ്ങളുടെ കൊടുമുടി കീഴടക്കിയ ഒരമേരിക്കൻ മലയാളി ആയിരുന്നില്ല മാറ്റ്. കുടിയേറ്റക്കാരന്റെ ഏകാന്തനൊമ്പരങ്ങൾ പകർത്തി വെയ്ക്കാൻ പേനയിലെ മഷിക്കറുപ്പിനാവില്ല എന്ന് തെളിയിക്കുന്ന ഒരു സാധാരണക്കാരനായി അയാൾ അവശേഷിക്കുന്നു.
കുടിയേറ്റമെന്ന പ്രക്രിയയിലും ജാതി, നിറം, ലിംഗഭേദം തുടങ്ങിയ ഘടകങ്ങൾക്ക് മേൽക്കോയ്മ ഉണ്ടാവുന്ന സന്ദർഭങ്ങൾ ആഖ്യാനത്തിലുണ്ട്. മാറ്റിന്റെ സുഹൃത്തായ ജോനാഥൻ അപമാനിക്കപ്പെട്ടതും ആഫ്രിക്കക്കാരെ വിശ്വസിക്കാൻ കഴിയില്ലെന്ന തങ്കമണിയുടെ പ്രസ്താവനയുമൊക്കെ പൊതുബോധം ജാതിയും വർണവും പരിഗണിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്. പോലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ച കറുത്ത വർഗക്കാരുടെ എണ്ണം കൂടുതലാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. മേൽപ്പറഞ്ഞ പരിസരങ്ങളെ അപഗ്രഥിച്ചാൽ മനുഷ്യരുടെ തൊലിയുടെ നിറം കുറ്റാരോപിതരാവാനുള്ള സാധ്യതകളെ വർധിപ്പിക്കുന്ന അംശമാവുന്നു. ജാതി/നിറം എന്നിവ സൃഷ്ടിക്കുന്ന വേലിക്കെട്ടുകൾ പല തരം ആശങ്കകളാൽ ഉരുവം കൊള്ളുന്നതാണെന്ന് സമകാലചരിത്രം സ്ഥാപിക്കുന്നുണ്ട്. ജോർജ് ഫ്ലോയ്ഡിന്റെ അനുഭവം ഇത് ശരി വെയ്ക്കുന്നു. വംശീയതയുടെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെടുന്ന പുതിയ ലോകവ്യവസ്ഥയിൽ അതിജീവനത്തിനായി ശ്രമിക്കുന്ന മൂന്നാം ലോകരാജ്യത്തെ മനുഷ്യരുടെ രാഷ്ട്രീയമൂല്യത്തെ ഈ നോവലിൽ കാണാൻ കഴിയും. കറുത്തവർക്ക് ശുചിമുറി പോലും ഉപയോഗിക്കാൻ സാധിക്കാതെ വരുന്ന സ്ഥിതി സാധാരണമായി കണ്ടു തുടങ്ങി. ശരീരത്തിന്റെ നിറം ഉത്പാദിപ്പിക്കുന്ന രാഷ്ട്രീയം സുരക്ഷയും സമാധാവും നൽകുന്നില്ല എന്ന് തെളിയിക്കുന്ന ഒരുപാട് സംഭവങ്ങളുണ്ട്. ‘കാസ്റ്റ്' എന്ന പുസ്തകത്തിൽ.
ജാതിയും വംശവും പരസ്പരധാരണയോടെ വ്യവഹാരം ചെയ്യുന്നതിന്റെ ഉദാഹരണങ്ങൾ അനവധിയുണ്ട്. ഇസബെൽ വിൽക്കഴ്സന്റെ നിരീക്ഷണത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ ജാതിയുടെ അദൃശ്യവലയത്തിൽ പ്രവർത്തിക്കുന്ന സംവർഗ്ഗമാണ് വംശം. എന്നാൽ ജാതിയുടെ കാർക്കശ്യവും ദൃഢതയും വംശം/വർഗത്തിനു ഉണ്ടാവണമെന്നില്ല എന്നും അവർ കൂട്ടിച്ചേർക്കുന്നു. ട്രംപിന്റെ ആദ്യ ഭരണകാലത്തെ നയങ്ങളെ നോവലിൽ വിമർശനത്തോടെ അവതരിപ്പിക്കുന്നുണ്ട്. സ്കൂളുകളിലെ വെടിവെയ്പുകളും തോക്കുകളുടെ വ്യവഹാരവുമൊക്കെ ആഖ്യാനത്തിൽ കടന്നു വരുന്നു. അതു പോലെ പ്രകൃതിക്ക് കനത്ത ആഘാതമേല്പിക്കുന്ന കാട്ടുതീയെ കുറിച്ചും നോവലിൽ പരാമർശിക്കുന്നുണ്ട്. ഏക്കർ കണക്കിന് പച്ചക്കാട് കത്തുന്നതിനെ തടയുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു എന്ന് പറയേണ്ടി വരും. പ്രതീക്ഷയ്ക്കും സങ്കൽപ്പത്തിനും വിപരീതമായ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന പ്രസിഡന്റിൽ ജനങ്ങൾക്ക് പ്രത്യേകിച്ച് കുടിയേറ്റക്കാർക്ക് വിശ്വാസം നഷ്ടപ്പെട്ടിരുന്നു. നന്മ നശിച്ചു കൊണ്ടിരിക്കുന്ന ലോകത്താണോ തങ്ങൾ എന്ന സന്ദേഹം മനുഷ്യരെ പരിഭ്രാന്തരാക്കുക തന്നെ ചെയ്യും.
നഷ്ടപ്പെടലുകളിലൂടെ വഴി മുട്ടുന്ന കഥാപാത്രങ്ങളെ സാഹിത്യലോകത്ത് നാം കണ്ടുമുട്ടാറുണ്ട്. മാറ്റ് അത്തരത്തിൽ ഒരാളാവുമ്പോൾ തന്നെ അയാളിലേക്ക് മറ്റൊരു ലോകത്തിന്റെ അടരുകൾ ആഗിരണം ചെയ്യുന്നുണ്ട്. തിരിച്ചെത്തിയാൽ സ്വീകരിക്കാനായി ജന്മനാടിന്റെ ശ്വാസവും ഗന്ധവും അവശേഷിക്കുമെന്നത് പൂർണമായ വസ്തുതയല്ലെന്ന ചിന്ത ആവാഹിക്കുന്ന മനുഷ്യരെയാണ് ഈ ആഖ്യാനത്തിൽ നാം കാണുന്നത്. കുടിയേറ്റക്കാരായ മാതാപിതാക്കളുടെ, അമേരിക്കയിൽ ജനിച്ചു വളർന്ന മക്കൾ ലോകത്തെ കാണുന്ന വിധം വേറിട്ടതാണ്. സ്വരാജ്യം വിട്ടിട്ടും മാനസികമായി അവിടെ ജീവിക്കുന്ന മാതാപിതാക്കൾക്ക് അത് അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ സാധിച്ചെന്നു വരില്ല. തൊഴിൽപരമായ അന്വേഷണത്തിന്റെ ഭാഗമായി വിദേശങ്ങളിൽ എത്തിപ്പെട്ടവർ രൂപം കൊടുത്തതായ സമൂഹങ്ങളുടെ നിലയും നിലപാടും പിന്നീടുള്ള തലമുറ നോക്കിക്കാണുന്ന രീതി കുടിയേറ്റാന്തര സമൂഹത്തിൽ വ്യത്യസ്തമാണ്. അടിമജീവിതത്തിൽ നിന്ന് പരിഷ്കൃത ജീവിതത്തിലേക്ക് എത്തിപ്പെട്ടവരുടെ കൂടിയുള്ള സമൂഹമാണിത്. 'ഇന്ത്യൻ മാതാപിതാക്കൾ അവർക്ക് വേണ്ടതാണ് തരുന്നത്.അല്ലാതെ കുട്ടികൾക്ക് വേണ്ടതല്ല' എന്ന നിരീക്ഷണം ഈ ഘട്ടത്തിൽ ചേർത്തു വായിക്കണം. ചുരുക്കത്തിൽ ഓരോ കുടിയേറ്റാന്തര സമൂഹവും പകർന്നു നൽകുന്ന അനുഭവാഖ്യാനങ്ങൾ അതാതു രാജ്യങ്ങളിലെ രാഷ്ട്രീയ-സാമൂഹിക രീതികളുമായി സമരസപ്പെട്ടിരിക്കും. എങ്കിലും ഒരു മലയാളിയുടെ പ്രവാസത്തെ കുടിയേറിയ രാജ്യത്തിന്റെ സൂക്ഷ്മഭേദങ്ങളിലേക്ക് ലയിപ്പിച്ചവതരിപ്പിക്കുക എളുപ്പമല്ല. അവിടെയാണ് നിർമ്മല വിജയിക്കുന്നത്.
'കരയിലെ മീനുകൾ' എന്ന നോവൽ പ്രവാസ സാഹിത്യത്തിലെ പതിവുരീതികൾ ലംഘിച്ച് സമകാലിക നോവലിൽ പുതിയൊരു ചുവടുവയ്പ്പായി തീരുന്നത് എങ്ങനെയെന്ന് പി കെ രാജശേഖരൻ അവതാരികയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രവാസരചനകളുടെ വ്യവസ്ഥാപിത പരിചരണരീതിയിൽ നിന്നുള്ള കുതറൽ ആഖ്യാനത്തിലുടനീളം പ്രകടമാണ്. ഇന്ത്യക്ക് പുറത്തു ജീവിക്കുന്നവർ എഴുതുന്ന സാഹിത്യരൂപത്തിന്റെ ഒരു ഉദാഹരണമായി മാത്രം മാറാതെ കുടിയേറ്റ/കുടിയേറ്റാനന്തര ജീവിതത്തെ അടയാളപ്പെടുത്തുന്ന കൃതിയായി നിർമ്മലയുടെ ഈ നോവൽ പരിണമിക്കുന്നു. സാഹിത്യരൂപങ്ങളെ വിശകലനം ചെയ്യുന്ന സാമ്പ്രദായിക സിദ്ധാന്തങ്ങൾക്കുപരിയായി, കുടിയേറ്റത്തെ തുടർന്നുള്ള മനുഷ്യാവസ്ഥയുടെ പ്രതിഫലനത്തിന്റെയും പഠനത്തിന്റെയും സാധ്യതകളെ ഫിക്ഷനുകളിൽ തുന്നി വെക്കുന്നത് സമകാലസാഹിത്യസമീനങ്ങളിൽ പ്രാധാന്യം അർഹിക്കുന്നു. 'കരയിലെ മീനുകൾ' ഇപ്പറഞ്ഞതിന്റെ ദൃഷ്ടാന്തമാണ്. കുടിയേറ്റാനുഭവങ്ങളെ ഗൃഹാതുരത മാത്രമാവാതെ യാഥാർഥ്യബോധ്യത്തോടെ ചിത്രീകരിക്കുന്ന ശാഖയായി കുടിയേറ്റാനന്തര സാഹിത്യം പരിണമിച്ചിട്ടുണ്ട് എന്ന് ഈ ആഖ്യാനം തെളിയിക്കുന്നു.
Content Highlights: Books Review of karayile meenukal by nirmala