ഭ്രാന്തന്മാര്‍ ഉണ്ടാവുന്നത്!

#സ്വപ്ന ഭാസ്‌കര്‍
അതിരഴി സൂത്രം
അതിരഴി സൂത്രം

നാരനല്ലൂര്‍ എന്ന മലയും പാടവും കുളവും കുന്നും വീടുകളും തെങ്ങിന്‍ തോപ്പും എങ്ങും പച്ചപ്പു നിറഞ്ഞ പ്രകൃതി രമണീയമായ ഒരു പ്രദേശം. മലയ്ക്കപ്പുറം ശാന്തമായൊഴുകുന്ന പുഴ. മലയുടെ മറ്റൊരു വശത്ത്  നിഗൂഢതകള്‍ പേറുന്ന ഞാലിക്കാട്. ഗ്രാമത്തിന്റെ ഒത്ത നടുവില്‍ മല.. നാരനല്ലൂരന്‍ മല.. നാറാണത്തു ഭ്രാന്തന്‍ കയറിയിറങ്ങിപ്പോന്ന നാരനല്ലൂരന്‍ മല. തനിയ്ക്കുരുട്ടിക്കയറ്റാന്‍ ഒരൊറ്റ ഉരുളന്‍ കല്ലു പോലും കണ്ടെത്താന്‍ പറ്റാത്തതിനാല്‍ അദ്ദേഹം ദ്വേഷ്യപ്പെട്ട് ഇറങ്ങിപ്പോന്നത്രേ. മക്കളില്ലാത്ത മല മച്ചിയാണെന്നും പറഞ്ഞ്. കുട്ടികളെ പ്രസവിയ്ക്കാന്‍ വെമ്പല്‍ പൂണ്ട മല, അടുത്ത മഴക്കാലത്ത് ഒരു ഉരുള്‍ പൊട്ടലിനു വേണ്ടി ഹൃദയം നൊന്തു പ്രാര്‍ത്ഥിച്ചു. മനുഷ്യരെല്ലാം ജീവനു വേണ്ടി ദൈവത്തിനെ വിളിച്ചു കരഞ്ഞു.

പിന്നീട് പക്ഷേ, ഒരിയ്ക്കല്‍ കൂടി, മലയുടെ സങ്കടം കണ്ടിട്ട് അദ്ദേഹം  നാരനല്ലൂരിലേയ്ക് തിരിച്ചു വന്നു. ഇനി മുതല്‍ നീഒറ്റയ്ക്കാവില്ല എന്ന് മലയുടെ ചെവിയില്‍ അടക്കം പറഞ്ഞു. നിന്റെ നെഞ്ചില്‍ ചവിട്ടി മൂര്‍ദ്ധാവില്‍ എത്തുന്നവര്‍ക്ക് ജീവിതത്തിലൊരിയ്ക്കലും ഭ്രാന്തുണ്ടാവില്ല എന്ന് വരം കൊടുത്തു. അതോടെ ഭ്രാന്തു വരാതിരിക്കാന്‍ കയറുന്ന മലയായി നാരനല്ലൂരന്‍ മല മാറി.

പക്ഷേ, ഒന്നോ രണ്ടോ ഭ്രാന്തന്‍മാര്‍ മാത്രം ഉണ്ടായിരുന്ന നാരനല്ലൂര്‍ പിന്നീടെങ്ങനെ മുഴുഭ്രാന്തന്‍മാരുടെ താവളമായിത്തീരുന്നു എന്ന്  'അതിരഴി സൂത്രം' പറഞ്ഞു തരുന്നു. 'എക്കാലവും രണ്ടു വ്യക്തികളിലൊരാള്‍ വഞ്ചിയ്ക്കുന്നയാളും മറ്റെയാള്‍ വഞ്ചിക്കപ്പെടുന്നയാളും ആയിരിക്കും. ആയതിനാല്‍ വഞ്ചിയ്ക്കുന്നയാളില്‍ വിശ്വസിച്ചു കൊണ്ട്  വഞ്ചിയ്ക്കപ്പെടുന്നയാള്‍ കഴിച്ചു കൂട്ടുന്ന ജീവിതത്തെ ഭ്രാന്ത് എന്നു പറയുന്നു'. ഒരു നാരനല്ലൂരന്‍ പഴമൊഴി...

ഒരൊറ്റയാത്മാവും രണ്ടു ശരീരവുമായി നാരനല്ലൂരന്‍ ഭ്രാന്ത ജീവിതങ്ങളെ തേടിയിറങ്ങുന്ന മിത്തും മീറയും. ബലരാമന്‍ ചേമ്പിലകളില്‍ കോറിയിടപ്പെട്ട അവരുടെ നിരീക്ഷണ കൗതുകങ്ങള്‍. നാരനല്ലൂരില്‍ ഭ്രാന്തന്‍മാര്‍ പക്ഷേ ഏറി വന്നു. പുരോഗമന വാദികളും  അന്ധവിശ്വാസികളും അവിടെ കട്ടയ്ക്ക് കട്ടയ്ക്ക്  നിന്നു പൊരുതി. ഐക്യസഭയില്‍ എല്ലാ തരം  മത വിശ്വാസങ്ങളും ഒരുമിച്ചു നിന്ന് ദുരാചാരങ്ങള്‍ക്ക് ഓശാന പാടി. പണപ്പിരിവു നടത്തി.

പുസ്തകം വാങ്ങാം

ഒടുവില്‍ തന്റെ അസ്ഥിത്വം തിരിച്ചറിഞ്ഞ് ഭ്രാന്തു വരാതെ നോക്കുന്നു അമീറ. 'നമിത്ത്' വെറും മിത്തു പോലെ അവശേഷിയ്ക്കുമെന്ന് പറഞ്ഞ്  അവന്റെ ചതിയെ തിരിച്ചറിയുകയും അവനില്‍ നിന്ന് ഓടിയകലുകയും ചെയ്യുന്ന അവന്റെ കാമുകി. ഉടലില്‍ യാതൊരു പെണ്ണടയാളങ്ങളും  അവശേഷിച്ചിട്ടില്ലാത്ത അവളുടെ കണ്ണുകളിലെ തീക്ഷ്ണത അപ്പോള്‍  അവനെ തെല്ലു ഭയപ്പെടുത്തി. വ്യത്യസ്തമായ രചനാ ശൈലി കൊണ്ടും ബിംബ കല്‍പ്പനകൊണ്ടും വായനക്കാരെ അസൂയപ്പെടുത്താന്‍ പോന്ന കാവ്യഭംഗി നിറഞ്ഞ വരികളില്‍ 'അജിജേഷ് പച്ചാട്ട്' എന്ന നോവലിസ്റ്റ് അതിരഴിസൂത്രം നമുക്കു വേണ്ടി പങ്കു വയ്ക്കുന്നു..

അതിനൊപ്പം ചേരുമ്പോള്‍ ആരാണ് നോര്‍മല്‍? അഥവാ നമ്മില്‍ ആര്‍ക്കാണ് ഭ്രാന്തില്ലാത്തത് ?! എന്ന് നമ്മള്‍ ചിന്തിച്ചു പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Athirazhisoothram Malayalam Novel Ajijesh Pachat Mathrubhumi Books

Content Highlights: