'മരണത്തിന് മുന്നില്‍ വലിപ്പച്ചെറുപ്പങ്ങളില്ല'; യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പുസ്തകം

അരുണ്‍ ഷൂരിയുടെ 'Preparing for Death' എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ 'അനായാസേന മരണം' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ പരിഭാഷകന്‍ എന്‍. സുനില്‍ കുമാര്‍ എഴുതുന്നു;
''മരണത്തെക്കുറിച്ചുള്ള മുന്നാലോചന
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മുന്നാലോചനയാണ്
മരിക്കാന്‍ പഠിക്കുന്നവന്‍ ദാസ്യവൃത്തി ചെയ്യുന്നതിനുള്ള
പാഠങ്ങള്‍ ബഹിഷ്‌കരിക്കുകയാണ്.''- Michele de Montaigne
സമൂഹത്തിന് പൊതുവെ ചര്‍ച്ചചെയ്യാന്‍ ഇഷ്ടമില്ലാത്ത രണ്ട് വിഷയങ്ങളാണ് രതിയും മൃതിയും. യുക്തിരഹിതമായ ഏതോ അങ്കലാപ്പും ലജ്ജയുമാണ് രതിയെക്കുറിച്ച് സംസാരിക്കുന്നതില്‍ നിന്നും നമ്മെ തടയുന്നതെങ്കില്‍ പ്രാചീനമായ ഏതോ ഭയം മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് സമൂഹത്തില്‍ ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നു. വാസ്തവത്തില്‍ ഈ രണ്ടു വിഷയങ്ങള്‍ ഒഴിവാക്കുമ്പോള്‍ ഈ ലോകത്തിലേയ്ക്കുള്ള നമ്മുടെ ആഗമനത്തേയും ഇവിടെ നിന്നുള്ള നിര്‍ഗമനത്തേയും കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ചിന്തകളെയാണ് നാം ബഹിഷ്‌ക്കരിക്കുന്നത്. എന്നാല്‍ കൗതുകകരമായ വസ്തുത ഈ ആഗമനത്തിനും നിര്‍ഗമനത്തിനുമിടയിലുള്ള സര്‍വവിഷയങ്ങളും ആവശ്യത്തിലേറെ പ്രാധാന്യം കൊടുത്ത് നാം ചര്‍ച്ചചെയ്യാറുണ്ട് എന്നതാണ്.
സമൂഹം വിലക്ക് കല്‍പിച്ച ഒരു വിഷയത്തെക്കുറിച്ച് സൂക്ഷ്മവും സുദീര്‍ഘവുമായി അവരോട് സംസാരിക്കുന്നതിന് അസാമാന്യമായ നെഞ്ചുറപ്പ് വേണം. മുമ്പും പൊതുബോധത്തിന് കടകവിരുദ്ധമായ വിഷയങ്ങള്‍ അചഞ്ചലമായ ധൈര്യത്തോടെ വായനക്കാരുടെ മുന്നില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുള്ള എഴുത്തുകാരനാണ് അരുണ്‍ ഷൂരി. അപ്രിയവും എന്നാല്‍ അപരിഹാര്യവുമായ മരണം എന്ന അന്തിമ യാഥാര്‍ഥ്യത്തെ കുറിച്ചുള്ള ഉള്‍ക്കാഴ്ചകളാണ് ഷൂരി ഈ പുസ്തകത്തിലൂടെ നല്‍കുന്നത്.
മൃത്യുവിനെ ഗാഢമായി ധ്യാനിക്കുകയും അതേസമയം വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയും ചെയ്യുന്ന ഈ കൃതിയുടെ പരിഭാഷ നിര്‍വഹിക്കുമ്പോള്‍ കൗതുകകരമായ ചില ചിന്തകള്‍ മനസ്സിലൂടെ കടന്നുപോയി. ഭാരതീയര്‍ താരതമ്യേന ഉയര്‍ന്ന വൈകാരികതയുള്ള ഒരു ജനവിഭാഗമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും മരണചിന്തകളോടുള്ള വിപ്രതിപത്തിയും ഭയവും നമ്മുടെ നാട്ടിലേക്കാള്‍ കൂടുതലായി കാണപ്പെടുന്നത് പാശ്ചാത്യലോകത്താണ് എന്നത് അല്‍പം വിചിത്രമായി തോന്നാം.
മിക്കപ്പോഴും നമ്മുടെ കണ്‍മുമ്പിലൂടെ കടന്നുപോകുന്ന ശവഘോഷയാത്രകളും വീട്ടുപറമ്പുകളില്‍ തന്നെ നടക്കുന്ന സംസ്‌കാര ചടങ്ങുകളും മരണമെന്ന പ്രതിഭാസത്തെക്കുറിച്ചുള്ള അവബോധം ചെറിയ അളവിലെങ്കിലും നമ്മില്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ മരണചിന്തകളെ മാത്രമല്ല മരണത്തെത്തന്നെയും ബഹിഷ്‌ക്കരിക്കുന്ന മനോഭാവമാണ് പാശ്ചാത്യലോകത്ത് കാണാന്‍ കഴിയുന്നത്. യാതൊരു കോലാഹലവുമില്ലാതെ വീടുകളില്‍ നിന്നും ശവശരീരം രഹസ്യമായി പൊതുശ്മശാനങ്ങളില്‍ എത്തിക്കുന്ന അണ്ടര്‍ടേക്കര്‍മാരുടെ സേവനം ആ നാടുകളിലുണ്ട്. എന്നാല്‍ നിഷിദ്ധമായ ഈ വിഷയത്തെക്കുറിച്ച് ആധുനിക കാലത്ത് എഴുതപ്പെട്ട ചില ഗ്രന്ഥങ്ങളോട് ആ നാടുകളിലെ വായനക്കാര്‍ പ്രതികരിച്ച രീതി വളരെ ശ്രദ്ധേയമാണ്.
സ്വിസ് - അമേരിക്കന്‍ മനോരോഗ വിദഗ്ധയായ എലിസബത്ത് കൂബ്ലര്‍ റോസ്സിന്റെ 'ഓണ്‍ ഡെത്ത് ആന്റ് ഡൈയിങ് '(1969), അമേരിക്കന്‍ ജേണലിസ്റ്റായ ജൊവാന്‍ ദിദിയോണിന്റെ 'The Year of Magical Thinking' (2005), അമേരിക്കന്‍ സര്‍ജനായ അതുല്‍ ഗാവാന്‍ഡെയുടെ 'Being Mortal: Medicine and what matters in the End' (2014), അമേരിക്കന്‍-തിബറ്റന്‍ ബുദ്ധസന്യാസിനിയായ പെമ ചോഡ്രോണിന്റെ 'When Things Fall Apart' (2016), അമേരിക്കന്‍ ന്യൂറോ സര്‍ജനായ പോള്‍ കലാനിധിയുടെ 'When Breath Becomes Air' (2016) തുടങ്ങിയ മൃത്യുസംബന്ധിയായ ഒട്ടുമിക്ക പുസ്തകങ്ങളും പാശ്ചാത്യലോകത്ത് മികച്ച ബെസ്റ്റ് സെല്ലറുകളായി മാറി.
അപ്രിയമായ ഒരു വിഷയത്തെക്കുറിച്ചുള്ള പുസ്തകങ്ങള്‍ക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചത് മരണംപോലുള്ള ഭയജനകമായ വിഷയങ്ങള്‍ക്ക് മാരകമായ ഒരു വശീകരണശക്തിയുള്ളതുകൊണ്ട് മാത്രമല്ല. വിഷയത്തിന്റെ പുതുമയും വായനക്കാരന്റെ ശ്രദ്ധയെ പെട്ടെന്നുതന്നെ കീഴ്‌പ്പെടുത്തിക്കളയുന്ന ആഖ്യാനശൈലിയുമാണ് ഈ പുസ്തകങ്ങളുടെ പ്രത്യേകത. ഇവയില്‍ ചിലതൊക്കെ നൂറ്റാണ്ടിന്റെ ഏറ്റവും മികച്ച പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചതും വെറുതെയല്ല.
മുകളില്‍ സൂചിപ്പിച്ച ഗ്രന്ഥകര്‍ത്താക്കളില്‍ ജൊവാന്‍ ദിദിയോണും പെമ ചോഡ്രോണും ഒഴികെയുള്ളവര്‍ വൈദ്യശാസ്ത്ര മേഖലയില്‍ നിന്നുള്ളവരാണ്. എന്നാല്‍ എല്ലാവരുടെയും പ്രധാന പ്രതിപാദ്യവിഷയം അന്തസ്സും ഗുണനിലവാരവുമുള്ള അന്ത്യദിനങ്ങളും വൈദ്യശാസ്ത്ര സഹായത്തോടെയുള്ള വേദനമുക്തമായ മരണവും സാധ്യമാക്കുന്നത് സംബന്ധിച്ചാണ്. മരണം സൃഷ്ടിക്കുന്ന വിഷാദമാണ് മറ്റൊരു വിഷയം. എന്നാല്‍ ഇവയില്‍ നിന്നൊക്കെ വിഭിന്നമായി മനസ്സിന്റെ ശാന്തിപൂര്‍വമായ വിലയം പ്രാപിക്കലും തുടര്‍ന്ന് മൃത്യുവിലേയ്ക്കുള്ള ക്ലേശരഹിതമായ സംക്രമണവും ആത്മപരിശീലനത്തിലൂടെ ഘട്ടംഘട്ടമായി എങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചാണ് അരുണ്‍ ഷൂരി വിവരിക്കുന്നത്.
താന്‍ തിരഞ്ഞെടുത്ത വിഷയത്തിന്റെ സങ്കീര്‍ണത വായനക്കാരനില്‍ വിപ്രതിപത്തിയുണ്ടാക്കിയേക്കാം എന്ന മുന്നാലോചനയോടെ ആ പ്രതിസന്ധിയെ അതിവിദഗ്ദമായി മറികടക്കാന്‍ സഹായിക്കുന്ന ഒരു രീതിശാസ്ത്രമാണ് അരുണ്‍ ഷൂരി ആഖ്യാനത്തില്‍ സ്വീകരിച്ചിട്ടുള്ളത്. വൈയക്തികമായ ചില അനുഭവങ്ങളില്‍ നിന്നും തുടങ്ങി മാനവചരിത്രത്തിലെ ഏറ്റവും മഹത്തുക്കളായ വ്യക്തികളില്‍ ചിലരുടെ, അവരില്‍ ചിലര്‍ ഈശ്വരാവതാരങ്ങളാണെന്നു വരെ കരുതപ്പെടുന്നുണ്ട്, അന്ത്യദിനങ്ങളെക്കുറിച്ചുള്ള ആധികാരിക രേഖകളിലേയ്ക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിച്ചുകൊണ്ട് മരണം എന്ന പൂര്‍വനിശ്ചിതമായ പ്രതിഭാസത്തിന് മുന്നില്‍ വലിപ്പച്ചെറുപ്പങ്ങളില്ല എന്ന യാഥാര്‍ഥ്യത്തിലേയ്ക്ക് അദ്ദേഹം വിരല്‍ ചൂണ്ടുന്നു.
ഗൗതമബുദ്ധന്റെയും രാമകൃഷ്ണ പരമഹംസന്റെയും രമണ മഹര്‍ഷിയുടെയും ഗാന്ധിജിയുടെയും വിനോബയുടെയും ജീവിതാനുഭവങ്ങളേയും അന്ത്യദിനങ്ങളേയുമാണ് ഗ്രന്ഥകാരന്‍ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ആയാസരഹിതമായി മരണത്തെ അഭിമുഖീകരിക്കാന്‍ അവര്‍ പിന്തുടര്‍ന്ന ശീലങ്ങളെയും സമ്പ്രദായങ്ങളെയും അദ്ദേഹം നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നു. ഹൈന്ദവ ബൗദ്ധ വേദസംഹിതകളുടെയും സമകാലിക സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളുടെയും രസകരമായ സംഭവകഥകളുടെയും ഇഴകള്‍ ഇടകലര്‍ത്തിയുള്ള ആഖ്യാനത്തിന്റെ കൗതുകകരമായ ഈ ചിത്രത്തുന്നല്‍ വായനക്കാരെ തീര്‍ച്ചയായും ആകര്‍ഷിക്കും.
മരണംപോലെ അസുഖകരമായ ഒരു യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള ഗൗരവതരമായ ചിന്തകള്‍ക്കിടയിലും സന്ദര്‍ഭോചിതമായി ഉള്‍പ്പെടുത്തുന്ന രസകരവും ചിന്തോദ്ദീപകവുമായ നുറുങ്ങുകളാണ് വായനയെ ആസ്വാദ്യകരമാക്കുന്ന മറ്റൊരു ഘടകം. ഒരു ഉദാഹരണം- മരണത്തിന്റെ സാര്‍വജനീനതയെയും സമദര്‍ശിത്വത്തെയും കുറിച്ച് പറയുന്നതിനിടയില്‍ കൂട്ടിച്ചേര്‍ക്കുന്ന ഗ്രീക്ക് ചിന്തകനായ ഡയോജനിസിന്റെ കഥ:
മനുഷ്യാസ്ഥികള്‍ കൂന കൂട്ടിയിട്ടിരിക്കുന്ന ഒരിടത്തേയ്ക്ക് ഡയോജനിസ് ശ്രദ്ധാപൂര്‍വം നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍ മഹാനായ അലക്‌സാണ്ടര്‍ അദ്ദേഹത്തോട് ചോദിച്ചു; ''അങ്ങെന്താണ് നോക്കുന്നത്?''
''ഞാന്‍ അങ്ങയുടെ പിതാവിന്റെ അസ്ഥികള്‍ തിരയുകയായിരുന്നു.'' ഡയോജനിസ് പറഞ്ഞു, ''പക്ഷേ അടിമകളുടെ അസ്ഥിഖണ്ഡങ്ങളില്‍ നിന്നും അദ്ദേഹത്തിന്റേത് എനിക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല.''
ഉചിതസ്ഥാനങ്ങളില്‍ പതിച്ച അമൂല്യരത്‌നങ്ങള്‍ പോലെ പുസ്തകത്തില്‍ ഉടനീളം കാണപ്പെടുന്ന ഹൈക്കു കവിതകളും ഉറുദു കാവ്യങ്ങളും ഉപനിഷത്തുക്കളില്‍ നിന്നുള്ള വരികളും ആഖ്യാനത്തിന് അപൂര്‍വമായ ഒരു കാവ്യഭംഗി നല്‍കുന്നു. ചുരുക്കത്തില്‍ മരണത്തെക്കുറിച്ചുള്ള തത്വചിന്താപരവും പ്രായോഗികവുമായ നിര്‍ദേശങ്ങളടങ്ങുന്ന ഈ കൈപ്പുസ്തകം മികച്ച ഒരു വായനാനുഭവമാണ് നല്‍കുന്നത്.
വിവര്‍ത്തനമെന്നാല്‍ സര്‍വവും പരിവര്‍ത്തിപ്പിക്കുകയും എന്നാല്‍ അല്‍പം പോലും 'രൂപമാറ്റം' വരുത്താതിരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് എന്ന് അഭിപ്രായപ്പെട്ടത് ഗൂന്തര്‍ ഗ്രാസാണ്. മൂലകൃതിയുടെ സവിശേഷതകളെക്കുറിച്ച് ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലോ, ലക്ഷ്യഭാഷയില്‍ അവയൊന്നും ചോര്‍ന്നുപോകാതിരിക്കാന്‍ പരിഭാഷകനെന്ന നിലയില്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.
Content Highlights: About Arun Shourie's book translation Anayasena maranam