ഒരു പെൺകുട്ടി ഒരു പാനീയം; അമൃതാ പ്രീതത്തിന്റെ ഓർമയ്ക്ക്

ജീവിതത്തിന്റെ ശ്രേണികൾ സമഗ്രഭാവത്തിലവതരിപ്പിക്കുന്ന സാഹിത്യരൂപമാണ് ചെറുകഥ. സ്ഥല-കാല-സമയങ്ങളെ ഐക്യത്തിൽ അവതരിപ്പിക്കുന്ന കഥയുടെ ക്യാൻവാസിന് മനുഷ്യഭാഷയുടെ ജനനത്തോളം പഴക്കമുണ്ട്. എഴുത്തുകാർ എഴുതിയുപേക്ഷിക്കുന്ന സാഹിത്യസൃഷ്ടികളെ വായനക്കാരുടെ ഹൃദയവും തലച്ചോറും ഏറ്റെടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് വായന പൂർണ്ണമാകുന്നത്. ജീവിതത്തിലെ കാഴ്ചകളിൽനിന്ന്, നോവുകളിൽനിന്ന്, ഒറ്റപ്പെടലുകളിൽനിന്ന്, സ്വാതന്ത്ര്യാന്വേഷണങ്ങളിൽനിന്ന്, വൈവിധ്യങ്ങളിൽനിന്ന് ഒക്കെ രൂപപ്പെട്ടുവരുന്ന സാഹിത്യസൃഷ്ടികൾ കാലാതിവർത്തിയായി നിലനിൽക്കുന്നതു കൊണ്ടുതന്നെയാണ് ഇന്നും മനുഷ്യകുലത്തിന്റെ ആർദ്രത നഷ്ടമാകാതിരിക്കുന്നത്.
പഞ്ചാബി സാഹിത്യത്തിൽ അങ്ങനെ ചിരപ്രതിഷ്ഠ നേടി ഇന്നും മനുഷ്യഹൃദയങ്ങളെ ആർദ്രമാക്കുന്ന എഴുത്തുകാരിയാണ് അമൃതാ പ്രീതം. വഴക്കവും മൃദുത്വവുമുള്ള ഭാഷകൊണ്ട് കഥ മെനഞ്ഞ് ആസ്വാദകനെ തൃപ്തിപ്പെടുത്തുന്ന ആ അമൃതധാര പഞ്ചാബി സാഹിത്യത്തിന്റെ വിശാലവും ആഴമേറിയതുമായ ഭാവമാറ്റങ്ങളെ കണ്ടറിഞ്ഞ്, രുചിച്ചുനോക്കി, പരുവപ്പെടുത്തി തന്റേതുകൂടിയാക്കി മാറ്റി. താൻ ജീവിച്ച കാലത്തെയും അനുഭവമണ്ഡലങ്ങളെയും ഭാവി-ഭൂതകാലത്തേയും ശങ്കയില്ലാതെ സുന്ദരഭാഷയിൽ കോറിയിട്ട അവരുടെ കഥകളുടെ പശ്ചാത്തലങ്ങളെ, സന്ദർഭങ്ങളുടെ ഔചിത്യത്തെ അളന്നെടുത്തു നോക്കിയാൽ പരസ്പരപൂരകങ്ങളായിരിക്കും എന്നതാണ് അമൃതാ പ്രീതത്തിന്റെ കഥകളുടെ സവിശേഷത.
കഥാകാരി തന്നെ പറയുംപോലെ മൂന്നാമതൊരു കഥാപാത്രമുള്ള, അത് എഴുത്തുകാരി തന്നെയാകുന്ന കഥാരചനാതന്ത്രമാണ് 'ഒരു പെൺകുട്ടി ഒരു പാനീയം' എന്ന സമാഹാരത്തിലെ കഥകളിൽ ഉപയോഗിച്ചിരിക്കുന്നത്. സമൂഹം സ്ത്രീക്ക് നൽകുന്ന അരുതുകളുടെ കൂച്ചുവിലങ്ങുകൾ പൊട്ടിച്ചു കളയണമെന്ന ആഗ്രഹത്തിന്റെ തീവ്രബഹിർഗമനം ഈ സമാഹാരത്തിലെ ഓരോ കഥയിലും കണ്ടത്താം. കുടുംബബന്ധങ്ങളിലെ വ്യവസ്ഥാപിത താത്പര്യങ്ങൾ സ്ത്രീയെ അടിമ-ഉടമ ബന്ധത്തിലേക്ക് പരുവപ്പെടുത്തിയെടുക്കുന്നത്, ആ ചങ്ങലക്കണ്ണികളിൽ അവളെ ആജീവനാന്തം ബന്ധിക്കുന്നത്, അലിഖിത നിയമങ്ങൾ അനുസരിക്കാൻ അവളെ നിർബന്ധിതയാക്കുന്നത് ഏതൊക്കെ മാർഗ്ഗങ്ങളിലാണെന്ന സമഗ്രമായ അന്വേഷണമാണ് അമൃതാ പ്രീതത്തിന്റെ കഥകളുടെ അന്തഃസത്ത.
വിവാഹവും കുടുംബജീവിതവും സ്ത്രീയുടെയും പുരുഷന്റെയും തുല്യപങ്കാളിത്തത്തോടെ, സമ്മതത്തോടെ പൂർത്തിയാക്കേണ്ട ഒന്നാണെന്ന യാഥാർത്ഥ്യത്തെ നിഷേധിക്കുന്ന നമ്മുടെ സമൂഹത്തിന്റെ ചിന്താഗതിയെ വിമർശനാത്മകമായി സമീപിക്കുന്ന കഥയാണ് 'കാട്ടുചെടി.' പ്രണയത്തെ സദാചാരലംഘനത്തിന്റെ പരിധിയിൽ രേഖപ്പെടുത്തുന്ന, തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ സ്ത്രീക്ക് യാതൊരു അവകാശവുമില്ല എന്ന് ധരിക്കുന്ന സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതിയെ ധൈഷണികമായി ചോദ്യം ചെയ്യുകയാണ് ഈ കഥയിൽ. വിദ്യാഭ്യാസം ഗ്രാമീണസ്ത്രീക്ക് നിഷേധിക്കപ്പെടുകയും നാഗരികസ്ത്രീ അത് നേടിയെടുക്കുകയും ചെയ്യുന്നതിന്റെ പരിവർത്തനകാലം കൂടി വ്യക്തമാക്കുന്ന 'കാട്ടുചെടി,' മനുഷ്യൻ നേരിടുന്ന ലിംഗവിവേചനത്തെയും അസമത്വത്തെയും സമൂലം ആവിഷ്കരിക്കുന്നു.
എന്തുകൊണ്ടാണ് സ്ത്രീക്ക് സ്വാതന്ത്ര്യങ്ങൾ നിഷേധിക്കപ്പെടുന്നത്, ആരാണ് ഇതിന് കാരണക്കാർ, സമൂഹത്തിന്റെ ചിന്താഗതിയെ പരിവർത്തനം ചെയ്യാൻ എവിടെനിന്നാണ് ശ്രമങ്ങളുണ്ടാകേണ്ടത് തുടങ്ങി ഇന്നും ഉത്തരം ലഭ്യമാക്കാത്ത ചോദ്യങ്ങൾ ദീർഘദർശ്ശിയായ ഒരെഴുത്തുകാരി അന്നേ മനുഷ്യകുലത്തോട് ചോദിച്ചിരുന്നു. വായനയുടെ ഒന്നാം തലത്തിലും രണ്ടാം തലത്തിലും 'കാട്ടുചെടി' വെറുമൊരു കഥയല്ല, കാലാകാലങ്ങളായി പാർശ്വവത്ക്കരിക്കപ്പെട്ട സ്ത്രീസമൂഹത്തിന്റെ ആശങ്കകളും ആകുലതകളുമാണ്.
യുദ്ധം മൂലം പലായനം ചെയ്യേണ്ടി വന്ന ബാല്യകാലത്തിന്റെ അസ്വസ്ഥതകളുമായി, കരുത്തുമായി പിന്നീട് ലോകം ചുറ്റാനിറങ്ങിയ ഗുലിയാനയുടെ അനുഭവങ്ങളാണ് 'ഗുലിയാനയുടെ കത്ത്.' തന്റെ ലോകസഞ്ചാര സ്മരണകൾ എഴുത്തുകാരിയോട് പങ്കുവെക്കുമ്പോൾ, ഒരു രാഷ്ട്രത്തിലും സ്ത്രീ സുരക്ഷിതയല്ല എന്ന സത്യത്തെ ഗുലിയാന വിളിച്ചുപറയുന്നു. സ്വദേശവും വിദേശവും സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രം കാണുകയും അവളെ ചൂഷണത്തിനു വിധേയമാക്കുകയും ചെയ്യുന്ന യാഥാർത്ഥ്യം ഭീകരമാണ്. സമകാലത്തിൽ പോലും അതിന് മാറ്റമുണ്ടായിട്ടില്ല. തെരുവുകളിൽ, വീടുകളിൽ, തൊഴിലിടത്തിൽ ഒക്കെ സ്ത്രീ ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അപരിഹാരമായ ഈ പ്രശ്നം സാമൂഹികമൂല്യത്തെ ക്ഷയിപ്പിക്കുന്നുവെന്ന് അമൃതാ പ്രീതം മുൻകൂട്ടി പറഞ്ഞുവെച്ചതിൽ അത്ഭുതപ്പെടാനില്ല.
'താക്കോൽക്കൂട്ടം വീടിനെ ഓർമിപ്പിക്കുന്നു. സ്ത്രീയുടെ പ്രാകൃത സ്വപ്നത്തെയും' എന്ന ഗുലിയാനയുടെ വാചകത്തിൽ പാരമ്പര്യത്തിന്റെ താക്കോൽ കൂട്ടങ്ങൾ ഇടുപ്പിൽ ചുമന്നുകൊണ്ട് നടക്കാൻ വിധിക്കപ്പെട്ട സ്ത്രീകളുടെ ശബ്ദം മുഴങ്ങി കേൾക്കുന്നുണ്ട്. വീടിന്റെ നടത്തിപ്പു ചുമതലയും ചെയ്തു തീർക്കേണ്ട കടമകളും പാലിക്കേണ്ട നിയമങ്ങളുമൊക്കെ സ്ത്രീക്ക് മാത്രമായി ആരാണ് വിഭജിച്ചു നൽകിയത്? ആ അലിഖിത നിയമങ്ങളുടെയൊക്കെ പ്രാരംഭം സ്ത്രീയുൾപ്പെടുന്ന പുരുഷാധിപത്യ സമൂഹത്തിൽ നിന്നാണെന്ന തിരിച്ചറിവ് അമൃതാ പ്രീതത്തിന്റെ കഥകളുടെ പല ഭാഗത്തുനിന്നും നമുക്ക് വായിച്ചെടുക്കാം.
സ്ത്രീ പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരിയാണ്, അല്ലെങ്കിൽ അങ്ങനെയാകണം എന്ന സാമൂഹിക ചിന്തയെ പരസ്യമാക്കുവാനാണ് അമൃതാപ്രീതം താക്കോൽക്കൂട്ടം എന്ന ബിംബം പ്രയോഗിച്ചിരിക്കുന്നത്. പുരുഷൻ ചെയ്യുന്ന തൊഴിലിന് മാന്യമായ പ്രതിഫലം ലഭിക്കുമ്പോൾ വീട്ടിലെ തൊഴിലാളികളായ സ്ത്രീകൾക്ക് എന്തുകൊണ്ടാണ് അത് നിഷേധിക്കപ്പെടുന്നത് എന്ന ചോദ്യം ഇന്നും നമ്മെ പിന്തുടരുന്നുണ്ട്. ഇതിവൃത്ത സ്വീകരണം കൊണ്ടും അവതരണശൈലികൊണ്ടും സ്ത്രീയുടെ ആന്തരിക-ബാഹ്യലോകത്തെ ആഴത്തിൽ ചെന്നു തൊടുന്ന കഥയാണ് ഗുലിയാനയുടെ കത്ത് എന്ന് നിസ്സംശയം പറയാം.
കഥാശരീരത്തിൽ ഒരു കത്തെഴുത്തിന്റെ പുതുമ അവതരിപ്പിക്കുന്ന 'ഒരു തൂവാല ഒരു മോതിരം ഒരു അരിപ്പ' ഒരേസമയം സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും മേച്ചിൽപ്പുറങ്ങളിൽ മനുഷ്യർ എങ്ങനെയൊക്കെ വ്യത്യസ്തസ്വഭാവം പ്രകടിപ്പിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു. കൗമാരപ്രണയത്തെ ജൈവികവളർച്ച എന്ന തരത്തിൽ മനസ്സിലാക്കാതെ പാപത്തിന്റെ കള്ളികളിലേക്ക് തിരുകി വെക്കുന്ന ഒരു തലമുറയുടെ പാരമ്പര്യചിന്തയെ തകർക്കാനുള്ള ഉപാധിയായും ഈ കഥയെ എഴുത്തുകാരി ഉപയോഗിക്കുന്നുണ്ട്.
പ്രണയം വിശുദ്ധമായ ഒരു സത്യമാണെന്ന വെളിപ്പെടുത്തലിനപ്പുറത്തേക്ക് സ്ത്രീ സമൂഹത്തിൽ എത്ര നിസ്സഹായയായ ജീവിയാണെന്ന യാഥാർത്ഥ്യത്തിലേക്ക് കൂടി ഈ കഥ വിരൽ ചൂണ്ടുന്നു. ഗ്രാമജീവിതവും നഗരജീവിതവും തമ്മിലുള്ള അന്തരങ്ങളെ ഔചിത്യപൂർവ്വം അവതരിപ്പിക്കുന്ന ഈ കഥയിൽ ബന്തിയും ഭർതൃമാതാവും പിന്നെ നിരവധി സ്ത്രീകളും അനുഭവിക്കേണ്ടിവരുന്ന പ്രണയനഷ്ടത്തിന്റെ കഠിനതാപം കൂടി അനുവാചകന് ലഭ്യമാകും. മനുഷ്യൻ എന്ന ജീവിവർഗ്ഗം ലിംഗബോധത്താൽ വിഭജിക്കപ്പെടുകയും അതിൽ രണ്ടാം ലിംഗമായ സ്ത്രീ കാലാകാലങ്ങളായി വിവേചനത്തിന്റെ തടവറയിൽ ബന്ധിക്കപ്പെടുകയും ചെയ്തിരിക്കുന്നത് സ്വാതന്ത്ര്യം, കുടുംബജീവിതം, മാതൃത്വം തുടങ്ങിയ അളവുകോലുകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോഴും അതിന് വലിയ മാറ്റങ്ങളൊന്നുമില്ല എന്നും ഈ കഥ വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും.
ബന്തിയും സുഹൃത്തും (എഴുത്തുകാരിയും) തമ്മിലുള്ള കത്തെഴുത്തിൽ ബന്തിയനുഭവിക്കുന്ന അസ്വാതന്ത്ര്യത്തെ നമുക്ക് കൃത്യമായി കണ്ടെത്താൻ കഴിയും. വിവാഹം കഴിച്ചുചെല്ലുന്ന വീട് തന്റെ സ്വന്തമല്ലെന്ന്, താൻ അവിടെ വെറുമൊരു അതിഥി മാത്രമാണെന്ന് തിരിച്ചറിയുകയും ആ തിരിച്ചറിവിനെ ഇറക്കി വെക്കാനാകാത്ത ഭാരം പോലെ ജീവിതാവസാനം വരെ ചുമന്ന് നടക്കുകയും ചെയ്യുന്ന ഭൂരിപക്ഷം സ്ത്രീകളുടെയും പ്രതിനിധിയാണ് ബന്തി. ശിശുപരിപാലനവും മറ്റ് കുടുംബാംഗങ്ങളുടെ പരിപാലനവും വീടിന്റെ നടത്തിപ്പു ചുമതലയും ചുവരുകെട്ടിത്തിരിച്ചിരിക്കുന്ന തടവറയിലാണ് ഓരോ സ്ത്രീയും ജീവിതത്തിന്റെ ഏറിയപങ്കും ജീവിച്ചു തീർക്കുന്നത്. അനിയത്രിതമായ ഈ സാമൂഹിക സാഹചര്യത്തെ തിരുത്തിയെഴുതേണ്ടതിന്റെ ആവശ്യം വായനക്കരെ ബോധ്യപ്പെടുത്തുക കൂടിയാണ് 'ഒരു തൂവാല ഒരു മോതിരം ഒരു അരിപ്പ' എന്ന കഥയുടെ രചനാലക്ഷ്യം.
രാജുവിനോടുള്ള പ്രണയത്തിന്റെ സ്മൃതിയായി ബന്തി ഒരു ചുവന്ന തൂവാല മറ്റാരുമറിയാതെ സൂക്ഷിക്കുന്നു. അവളേക്കാൾ മൂന്നോ നാലോ വയസ്സ് മുതിർന്ന ഭർതൃമാതാവ് രൂപോ അവരുടെ കാമുകന്റെ ഓർമ്മയ്ക്കായി ഒരു അരിപ്പയും ഒരു മോതിരവും ഏറെക്കാലം അടുപ്പിനടിയിൽ സൂക്ഷിക്കുന്നു. രൂപോ, വൃദ്ധനായ ഒരാളുടെ രണ്ടാം ഭാര്യയായാണ് ആ കുടുംബത്തിലേക്ക് വരുന്നത്. ആ വരവിൽ അവളുടെ പ്രണയവും സ്വന്തം ഇഷ്ടങ്ങളുമൊക്കെ സമൂഹം നിർദയം തട്ടിയെടുക്കുന്നു. ജൈവികതകൊണ്ട് മാത്രം ഇഷ്ടങ്ങളുടെയും തിരഞ്ഞെടുപ്പുകളുടെയും അതിർത്തികൾക്കപ്പുറത്തേക്ക് മാറ്റി നിർത്തപ്പെടുന്ന സ്ത്രീയുടെ ദുരവസ്ഥ പരിണാമമൊന്നുമില്ലാതെ പരമ്പരാഗതമായി തുടരുന്നുണ്ടെന്നതിന് സാക്ഷികളാണ് രൂപോയും ബന്തിയുമൊക്കെ.
സമൂഹത്തിലും കുടുംബജീവിതത്തിലും സ്ത്രീ ഒരു തുറന്ന പുസ്തകമായിരിക്കണമെന്നും അവൾക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ അവകാശം ഇല്ലെന്നുമുള്ള അലിഖിത നിയമത്തെയും അടുക്കള മാത്രമാണ് അവളുടെ ഇടം എന്ന പരമ്പരാഗത ചിന്തയെയും വ്യക്തമാക്കാൻ മികച്ച ബിംബങ്ങൾ തന്നെയാണ് അമൃതാ പ്രീതം ഈ കഥയിൽ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ ബന്തി എഴുത്തുകാരിക്ക് അയക്കുന്ന കത്തിൽ സ്വന്തം പേരിനൊപ്പം 'ഒരു പാചകക്കാരി' എന്നുകൂടി ചേർക്കുമ്പോൾ ഒരു പെൺകുട്ടിയിൽ നിന്ന് സ്ത്രീയിലേക്കുള്ള വൃത്തം കൂടിയാണ് പൂർത്തിയാകപ്പെടുന്നത്. എല്ലാക്കാലത്തും പാചകക്കാരിയും സംരക്ഷകയുമാകുന്ന സ്ത്രീക്ക്, അവളുടെ വ്യക്തിത്വത്തിന് എന്ത് വിലയാണ് സമൂഹം നൽകുന്നത് എന്നൊരു ചോദ്യം പുകപടലമായി വായനക്കാരിലേക്ക് പടർന്നു കയറുന്നു.
സുമേഷ് നന്ദ എന്ന ചിത്രകാരന്റെ ജീവിതം പങ്കുവെക്കലാണ് 'ഒരു പെൺകുട്ടി ഒരു പാനീയം' എന്ന കഥ. ഒരു കലാകാരന്റെ കുത്തഴിഞ്ഞ ജീവിതത്തെ സങ്കോചങ്ങളേതുമില്ലാതെ നവീകരിക്കുന്ന ടൂണി എന്ന പെൺകുട്ടിയുടെ നിസ്സഹായാവസ്ഥയാണ് ഈ കഥയുടെ അടിസ്ഥാനം. വിവാഹക്കമ്പോളത്തിൽ കച്ചവടക്കാർക്കിഷ്ടമുള്ള വിലയ്ക്ക് തൂക്കി വിൽക്കുന്ന വെറുമൊരു വസ്തു മാത്രമാണ് സ്ത്രീയെന്ന് ടൂണിയെ അവതരിപ്പിച്ചുകൊണ്ട് അമൃതാ പ്രീതം ഈ കഥയിൽ ഒരിക്കൽക്കൂടി അടിവരയിട്ടുറപ്പിക്കുന്നു. സഫലീകരിക്കാനാകാത്ത പ്രണയവുമായി ടൂണിയുടെ ജീവിതം എരിഞ്ഞു തീരുമ്പോൾ സുമേഷ് നന്ദ മരണംവരെ ഏകനായി, അവളുടെ ഓർമ്മകളുടെ വീഞ്ഞ് കുടിച്ച് ജീവിക്കുന്നു.
പുരുഷന്റെയും സ്ത്രീയുടെയും സമൂഹത്തിന്റെയും വീക്ഷണകോണിൽ നിന്നുകൊണ്ട് എഴുത്തുകാരി പ്രണയത്തെ നോക്കിക്കാണുന്നതിനാൽ പെൺപക്ഷരചന, ആൺപക്ഷരചന എന്ന വിഭാഗീയതയ്ക്കപ്പുറത്തേക്ക് മനുഷ്യപക്ഷരചനയായി വായിച്ചെടുക്കാം എന്നതാണ് ഈ കഥയുടെ സവിശേഷത. പ്രണയമുണ്ടെങ്കിലും പ്രണയനഷ്ടമുണ്ടെങ്കിലും സമൂഹം അനുശാസിക്കുന്ന നിയമങ്ങളനുസരിച്ച് കാലാകാലങ്ങളായി സ്ത്രീ വിവാഹത്തിന്റെ കെട്ടുപാടുകളിലേക്ക് തള്ളിയിടപ്പെടുന്നു.
സമകാലത്തിൽ ഇത്തരം കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും തനിച്ചുജീവിക്കുന്ന സ്ത്രീയോട് സമൂഹം ഇപ്പോഴും അസഹിഷ്ണുത പുലർത്തുന്നുണ്ടെന്നത് പകൽപോലെ സത്യം. അതേസമയം തന്നെ പുരുഷന് തനിച്ചുജീവിക്കുവാനുള്ള അവസരം സമൂഹം അംഗീകരിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യാനുഭവത്തിന്റെ തിരഞ്ഞെടുപ്പുകളിലുള്ള ഈ അസമത്വം അക്ഷരാർത്ഥത്തിൽ അനീതിതന്നെയാണ്. കലാകാരന്റെയും കാമുകന്റെയും മനോവിചിന്തനങ്ങളെ സുവ്യക്തമാക്കുന്ന ഈ കഥ രണ്ടുകാലഘട്ടത്തിലും സുമേഷ് നന്ദ (ഓരോ പുരുഷൻമാരും ഓരോ കാലഘട്ടത്തിൽ) എങ്ങനെയാണ് സ്ത്രീയെ അളക്കുന്നത് എന്ന് കൂടി വെളിപ്പെടുത്തുന്നു.
കഥ മനുഷ്യന്റെ ചുറ്റുപാടുകളിൽ നിന്ന് അവരെ നോക്കിക്കാണുക മാത്രമല്ല, അവരുടെ ആന്തരികയിടങ്ങളെക്കൂടി സശ്രദ്ധം വീക്ഷിക്കുകയും ആവിഷക്കരിക്കുകയുമാണെന്ന് അമൃതാ പ്രീതത്തിന്റെ കഥകൾ വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും. അടിസ്ഥാനവർഗ്ഗത്തെ ചൂഷണം ചെയ്യുന്ന സമൂഹത്തിന്റെ പൊതുസ്വഭാവം, ലിംഗവിവേചനത്തിന്റെ കഠിനമായ ദുരനുഭവങ്ങൾ, വിവാഹാനന്തരം സ്ത്രീ കുടുംബത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നതിന്റെ വിവിധഘട്ടങ്ങൾ, അതിജീവനത്തിനായുള്ള സ്ത്രീയുടെ പരിശ്രമങ്ങൾ തുടങ്ങി നിരവധി ഘടകങ്ങളുടെ സംയോജനരൂപമാണ് അമൃതാ പ്രീതത്തിന്റെ കഥാലോകം.
വായനയുടെ വെളിച്ചപ്പൊട്ടുകൾ നവോത്ഥാനത്തിന്റെ വൻമരങ്ങളെ നട്ടുപിടിപ്പിക്കുമെന്നുള്ള ബോധവും ഉറപ്പുമാണ് ഈ പുസ്തകത്തിലെ ഓരോ കഥകളുടെയും നട്ടെല്ല്. വായനക്കാരിയുടെ സ്ഥാനത്തുനിന്നുകൊണ്ട് എഴുത്തുകാരിതന്നെ കഥാപാത്രമായി വരുന്ന ഈ കഥകൾ വായനാസുഖത്തോടൊപ്പം ചിന്തോദ്ദീപകങ്ങളുമാണ്. മൂലകൃതിയോട് കൃത്യമായി നീതി പുലർത്തിയ പരിഭാഷ തട്ടും തടവുമില്ലാത്ത വായനയ്ക്ക് സഹായിക്കുന്നു.