'അമ്മച്ചൂണ്ട'; ഉള്ള് കൊളുത്തിവലിക്കുന്ന കഥകള്‍

ചൂണ്ടയുടെ ലക്ഷ്യം മീനുകളാണ്. ചൂണ്ടയില്‍ കുരുങ്ങുക എന്നത് മത്സ്യങ്ങളുടെ വിധിയും. ഇതുപോലെ വായനക്കാര്‍ക്ക് നേരെ ഒരു ചൂണ്ടയുമായി എത്തിയിരിക്കുകയാണ് വിനായക് നിര്‍മ്മല്‍ എന്ന കഥാകൃത്ത്. അദ്ദേഹത്തിന്റെ പതിനൊന്ന് കഥകളുടെ സമാഹാരമായ 'അമ്മച്ചൂണ്ട', ചൂണ്ട മത്സ്യങ്ങളെയെന്നതുപോലെ വായനക്കാരെ തീക്ഷണവും തീവ്രവുമായ അനുഭവങ്ങള്‍ കൊണ്ട് കൊത്തിവലിക്കുന്ന കഥാസമാഹാരമാണ്.
ഏതൊരു ചൂണ്ടക്കൊളുത്തും മീന്‍പിടയുമ്പോഴാണ് സ്വാര്‍ത്ഥകമാകുന്നത്. അതുപോലെ വായനക്കാരുടെ നെഞ്ചില്‍ എന്തോ കൊളുത്തിവലിക്കുന്നതുപോലെയുള്ള അനുഭവം ഈ കഥകള്‍ സമ്മാനിക്കുന്നതിനാല്‍ 'അമ്മച്ചൂണ്ട'യുടെ വായനാനുഭവവും ഫലവത്താണെന്ന് പറയേണ്ടിവരും.
'അമ്മച്ചൂണ്ട' എന്നൊരു പ്രയോഗം ഇതിനുമുമ്പ് മലയാളത്തില്‍ ആരും പ്രയോഗിച്ചുകണ്ടിട്ടില്ല എന്നു വരുന്നിടത്താണ് സ്വകീയമായ ശൈലിയും ജീവിതംകൊണ്ടുള്ള എഴുത്തും ചേര്‍ന്നു ഈ പുസ്തകം വ്യത്യസ്തമാകുന്നത്. എല്ലാ അമ്മമാരും മക്കളെ തങ്ങളുടെ സ്നേഹത്തിന്റെ ചൂണ്ടയില്‍ കോര്‍ത്തിടുന്നവരാണല്ലോ.
അമ്മയെന്ന തലം കേന്ദ്രഭാവമായി ഈ സമാഹാരത്തിലെ പല കഥകളിലും ആവര്‍ത്തിച്ചുവരുന്നു എന്നതുകൊണ്ട് 'അമ്മച്ചൂണ്ട' ഏതെങ്കിലും ഒരുകഥയുടെ ശീര്‍ഷകം മാത്രമായി പരിമിതപ്പെടുന്നില്ല. നൈറ്റ്ഡ്രൈവ്, കന്യാകുമാരി, കൂട്, പാമ്പ്, രണ്ടാംയാത്ര എന്നീ കഥകളിലെല്ലാം നാം പലതരത്തിലുള്ള അമ്മമാരെ കണ്ടുമുട്ടുന്നുണ്ട്.
'അമ്മച്ചൂണ്ട' എന്ന കഥയിലെ കേന്ദ്രകഥാപാത്രമായ അമ്മയുടെയും മകന്റെയും ഛായ ഇതിലെ പല കഥകളിലും വീണുകിടക്കുന്നുണ്ട്. വ്യത്യസ്തമായ അമ്മമാരുള്ളത് പാമ്പിലും രണ്ടാം യാത്രയിലുമാണ്. അറിഞ്ഞോ അറിയാതെയോ മക്കളാല്‍ അവഗണിക്കപ്പെട്ട അമ്മയാണ് രണ്ടാം ഭാവത്തിലുള്ളത്. എന്നാല്‍ മകളെ അവഗണിച്ചുകളയുന്ന അമ്മയാണ് പാമ്പില്‍ ഉള്ളത്. അമ്മയോടുള്ള സ്നേഹംകൊണ്ട് എരിയുന്ന മകനെയാണ് ഈ കഥകളിലെല്ലാം കാണാന്‍ കഴിയുന്നത്.
ബന്ധങ്ങളുടെ കഥകളാണ് ഇവ. ബന്ധങ്ങളുടെ ചൂണ്ടക്കൊളുത്തില്‍ പിടയുന്ന മനുഷ്യരാണ് ഇതിലുള്ളത്. വായിക്കുന്ന ഒരാളെപോലും ഈ കഥകള്‍ വെറുതെവിടുന്നില്ല. അതുകൊണ്ടുതന്നെ മനുഷ്യബന്ധങ്ങളില്‍ വിശ്വസിക്കുകയും സ്നേഹബന്ധങ്ങളില്‍ ജീവിതത്തിന്റെ അര്‍ഥം കണ്ടെത്തുകയും ചെയ്യുന്ന എല്ലാവര്‍ക്കും 'അമ്മച്ചൂണ്ട' ഹൃദ്യമായ വായനാനുഭവമായിരിക്കും.
Content Highlights: Book review of Ammachoonda