അടിമുടി ദുരൂഹതയും ഉദ്വേഗവുമുണര്‍ത്തുന്ന സ്‌കാവഞ്ചര്‍!

പ്രണയവും പകയും ഉദ്വേഗജനകമായ കുറ്റാന്വേഷണവും സൈബര്‍ യുഗത്തിലും തുടരുന്ന അടിമത്വത്തിന്റെ അരങ്ങൊഴിഞ്ഞിട്ടില്ലാത്ത അഴുക്കുകളും ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു ജി.ആര്‍ ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവലായ സ്‌കാവഞ്ചര്‍. പച്ചൈ എന്നും പിച്ച എന്നുമൊക്കെ നാക്കിന്റെ എതം പോലെ ഓരോരുത്തരും വിളിക്കുന്ന പച്ചൈയപ്പന്‍ എന്ന തിരുനെല്‍വേലിക്കാരനാണ് കഥയിലെ സ്‌കാവഞ്ചര്‍.തോട്ടികളുടെ കുലത്തില്‍ പിറന്നവനാണെങ്കിലും ഈ തൊഴിലിലേക്ക് അവനെത്തുന്നത് മറ്റ് ചില സാഹചര്യങ്ങള്‍ തീര്‍ത്ത ഗതികേട് കൊണ്ടാണ്.വമൃഗശാലയിലെ ജീവികളുടെ മലം കോരുകയും അങ്ങേയറ്റം അപകടകാരികളായ ജീവികള്‍ക്ക് തീറ്റ കൊടുക്കലുമൊക്കെയാണ് ഈ പുതിയ സ്‌കാവഞ്ചറിന്റെ തൊഴിലുകള്‍. ഒരു തരത്തിലും തൊഴില്‍ സുരക്ഷിതത്വങ്ങളില്ലാതെ എല്ലാവരാലും ചവിട്ടിത്തേയ്ക്കപ്പെടുന്ന ഇത്തരത്തിലുള്ള അനേകം തൊഴിലാളികളുടെ പ്രതിനിധിയാണവന്‍.അയാളെ ഈ പണിയില്‍ പൂട്ടിയിട്ടിരിക്കുന്ന എസ് ഐ പ്രാണകുമാര്‍ എന്ന പോലീസുകാരന്റെ അസ്വാഭാവികമായ മരണത്തോടെയാണ് കഥയിലെ കുറ്റാന്വേഷണം ആരംഭിക്കുന്നത്.
കിതാബ് - 'സ്കാവഞ്ചർ' എന്ന പുസ്തകം പരിചയപ്പെടുത്തുന്നു.|Book Intro | Ep - 18ജി ആർ ഇന്ദുഗോപന്റെ കഥകൾ കാത്തിരിക്കുന്നവരെ നിരാശരാക്കാത്തൊരു വിരുന്നാണ് സ്കാവഞ്ചർ.പകയും പ്രണയവും കുറ്റാന്വേഷണവും ആധുനിക അടിമത്തവും നിസ്സഹായതകളും സമാസമം.പുസ്തകത്തിന്റെ കോപ്പികൾ മാതൃഭൂമി ബുക്ക്സ് സ്റ്റാളുകളിൽ ലഭ്യമാണ്.ഓൺലൈനായി വാങ്ങാൻ mbibooks.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Posted by Mathrubhumi Books on Saturday, March 12, 2022
ഒറ്റയടിക്ക് പച്ചൈയിലേക്ക് തന്നെ കുറ്റം ചാര്‍ത്തപ്പെടുന്നുണ്ടെങ്കിലും ഇന്ദുഗോപന്റെ കഥയൊളിപ്പിക്കുന്ന രഹസ്യം അവിടെ അവസാനിക്കുന്നതല്ല. ആ രഹസ്യത്തിന്റെ രംഗവേദിയൊരുക്കാന്‍ സിദ്ധന്‍ ഉണ്ണിയും,ജ്ഞാനാംബികയും,ഡോ ഡാവിഞ്ചി പ്രഭാകരനും,പാളയം പ്രഭയും ബാബുത്തയുമൊക്കെ വരുന്നുണ്ട്. തിരുവനന്തപുരം മൃഗശാലയാണ് പ്രധാനരംഗസ്ഥലം. തിരുവനന്തപുരം മൃഗശാല ഭൂരിപക്ഷം പേരും കണ്ടിട്ടുണ്ടാകും. കുട്ടിക്കാലത്തെ ഒരു സ്‌കൂള്‍ ടൂറിന്റെ കൗതുകത്തില്‍ തുടങ്ങി പിന്നെയും ഒരുപാട് തവണ അവിടെ കയറി ഇറങ്ങിയിട്ടുമുണ്ടാകും. കഥ ഭാവനയാണെങ്കിലും സ്‌കാവഞ്ചര്‍ എന്ന തസ്തിക ഇന്നും തുടരുന്ന യാഥാര്‍ഥ്യമാണ്. കൂടുകളില്‍ നമ്മളെ രസിപ്പിക്കാനും പേടിപ്പിക്കാനുമായി കാത്തിരിക്കുന്ന ഈ മൃഗങ്ങള്‍ക്കപ്പുറത്തേയ്ക്ക് മൃഗശാല എന്ന സംവിധാനത്തില്‍ നടക്കുന്ന ദൈനംദിന പ്രവര്‍ത്തനങ്ങളൂം കൗതുകമുണര്‍ത്തുന്ന സംഗതികളാണ്. സഹപ്രവര്‍ത്തകന്റെ മൃതശരീരവുമായി വരുന്ന ഒരു പട്ടാളക്കാരന്‍ കഥയിലുണ്ട്. അതും പൂര്‍ണ്ണമായ ഭാവന സൃഷ്ടിയല്ല,യാഥാര്‍ത്ഥ്യം കലര്‍ന്ന എഴുത്തുകാരന്റെ സുഹൃത്തിന്റെ അനുഭവമാണ്.
കുറ്റാന്വേഷണ കഥയുടെ മുറുക്കമുള്ള വേഗത്തിനൊപ്പം പരിഷ്‌കൃത സമൂഹമെന്ന് പെരുമ പറയാനായി നമ്മള്‍ മാറ്റി നിര്‍ത്തിയ മനുഷ്യരുടെ പ്രതിരോധത്തിന്റെ രാഷ്ട്രീയം കൂടി കലരുമ്പോള്‍ സ്‌കാവഞ്ചര്‍ പുതിയ മാനങ്ങളുള്ള ഒരു എഴുത്തിന്റെ വിരുന്നാകുന്നു. തന്നില്‍ താഴ്ന്നവരെന്ന് കരുതുന്നവരോടും സഹജീവികളോടും അധികാര പ്രയോഗം നടത്താനുള്ള മനുഷ്യന്റെ സഹജസ്വഭാവത്തിന്റെ പ്രകടനവും അതിനോടുള്ള പ്രതികരണങ്ങളും കഥയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്നുണ്ട്. എത്ര തേച്ചു കുളിച്ചാലും പോകാന്‍ തയ്യാറാകാതെയും പിന്നാലെ നടന്ന് ശ്വാസം മുട്ടിക്കുന്നതുമായ ജാതിയുടെ സ്വാധീനവും കഥാഗതിയിലുണ്ട്. ഇതിനെല്ലാം അവസാനം വളരെ കൃത്യമായി നടത്തിയെടുത്ത കൊലപാതകങ്ങളുടെ കുരുക്കഴിയുമ്പോള്‍ ജി ആര്‍ ഇന്ദുഗോപന്‍ എന്ന എഴുത്തുകാരന്റെ ക്രാഫ്റ്റിനെയും പ്രമേയത്തെയും അഭിനന്ദിക്കാതെ തരമില്ല. ഒരു രാത്രിയില്‍ വര്‍ക്കലക്കുന്നിന്റെ തുഞ്ചത്തിരുന്ന് എഴുത്തുകാരന്‍ കൂട്ടുകാരോട് പറഞ്ഞു തുടങ്ങിയ കഥയുടെ നൂല് കൊണ്ട് മനോഹരമായി നെയ്‌തെടുത്ത ഈ നോവല്‍ ഇക്കൊല്ലത്തെ ബെസ്റ്റ് സെല്ലറുകളിലൊന്നാണ്.
Content Highlights: akhil krishnan reviews the novel scavenger by g r indugopan