എഴുത്തില്‍ ഭാഷ ലളിതമാക്കല്‍ ഏറെ ശ്രമകരം- ടി.ഡി. രാമകൃഷ്ണന്‍

എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ
എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ

തൃശ്ശൂര്‍: ആദ്യ 20 പേജുകളില്‍ത്തന്നെ കഥാംശമുണ്ടായാലേ ഇന്നത്തെക്കാലത്ത് പുസ്തകങ്ങള്‍ വായിക്കപ്പെടൂവെന്ന് എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ടി.ഡി. രാമകൃഷ്ണന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ 'ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി' എന്ന പുസ്തകത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. 

സങ്കീര്‍ണമായ ഭാഷയിലുള്ള എഴുത്ത് വലിയ കഴിവായി തോന്നുന്നില്ലെന്നും ഏറ്റവും ലളിതമായി എഴുതുന്നതാണ് പ്രയാസമേറിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ വായനക്കാര്‍ക്ക് വായനയില്‍നിന്ന് പിന്തിരിയാനായി പല പ്രലോഭനങ്ങളും ഉണ്ടെന്നും അതിനാല്‍ ലളിതമായ ഭാഷ ഉപയോഗിച്ച് വായനക്കാരെ പിടിച്ചുനിര്‍ത്താനാണ് തന്റെ കൃതികളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമി ബുക്സിൽ നടന്ന മുഖാമുഖത്തിൽ ‘ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി’ എന്ന പുസ്തകത്തിന്റെ വിശേഷങ്ങൾ വായനക്കാരുമായി പങ്കുവെക്കുന്ന എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ. സൂരജ് രാജേഷ് ചേലാട്ട് സമീപം

മാതൃഭൂമി ബുക്സ്സ്‌റ്റോറില്‍ നടന്ന മുഖാമുഖത്തില്‍ സൂരജ് രാജേഷ് ചേലാട്ടുമായി അദ്ദേഹം അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ഒന്‍പതു ദിവസങ്ങളിലായി നടന്ന വാര്‍ഷികാഘോഷ-പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള സമ്മാനവിതരണവും നടന്നു.

ഓരോ ദിവസവും പുസ്തകങ്ങള്‍ വാങ്ങിയ ആളുകളില്‍നിന്ന് നറുക്കെടുത്ത് ഒരു ദിവസം രണ്ടുപേര്‍ക്ക് എന്ന രീതിയില്‍ 18 വായനക്കാര്‍ക്ക് 1000, 500 മുഖവില വരുന്ന പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.

Content Highlights: Author TD Ramakrishnan emphasizes the challenge of simplifying language to keep modern readers engaged.