ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഒരു ദൗത്യം- ഷെയ്ഖ് ഹസൻ ഖാൻ

കാക്കനാട് മാതൃഭൂമി ബുക്‌സ്റ്റോറിൽ നടന്ന 'കൊടുമുടികൾ താണ്ടിയ ആത്മവിശ്വാസം' എന്ന പരിപാടിയിൽ 'ഒരു മനുഷ്യൻ, ഏഴു കൊടുമുടികൾ' എന്ന പുസ്തകത്തിന്റെ രചയിതാവായ ഷെയ്ഖ് ഹസൻ ഖാൻ തന്റെ അനുഭവങ്ങൾ വായനക്കാരുമായി പങ്കുവെക്കുന്നു. പുസ്തകത്തിന്റെ സഹ രചയിതാവായ അരുൺ ശങ്കർ സമീപം.
കാക്കനാട് മാതൃഭൂമി ബുക്‌സ്റ്റോറിൽ നടന്ന 'കൊടുമുടികൾ താണ്ടിയ ആത്മവിശ്വാസം' എന്ന പരിപാടിയിൽ 'ഒരു മനുഷ്യൻ, ഏഴു കൊടുമുടികൾ' എന്ന പുസ്തകത്തിന്റെ രചയിതാവായ ഷെയ്ഖ് ഹസൻ ഖാൻ തന്റെ അനുഭവങ്ങൾ വായനക്കാരുമായി പങ്കുവെക്കുന്നു. പുസ്തകത്തിന്റെ സഹ രചയിതാവായ അരുൺ ശങ്കർ സമീപം.

കാക്കനാട്: ജീവിതത്തിൽ എല്ലാ കാര്യങ്ങളെയും ഒരു ദൗത്യമായി കാണുന്നയാളാണ് താനെന്ന് മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ. കാക്കനാട് മാതൃഭൂമി ബുക്സ്റ്റോറിൽ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഒരു മനുഷ്യൻ, ഏഴു കൊടുമുടികൾ’ എന്ന തന്റെ പുസ്തകത്തെ കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻപത്തെ പല കാലഘട്ടങ്ങൾ ഓർത്തുനോക്കിയാൽ എല്ലാ കാര്യങ്ങളെയും ഒരു ദൗത്യമായാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് മനസ്സിലാകും. പത്താംക്ലാസിൽ 15-ാമത്തെ റാങ്കും 571 മാർക്കുമുണ്ടായിരുന്നു. അതൊരു ദൗത്യമായിരുന്നു. ഇന്നും അങ്ങനെതന്നെയാണ്. അങ്ങനെ ചെയ്താൽ ആസൂത്രണവും നടപ്പാക്കലുമെല്ലാം കൃത്യമായി നടത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് കാര്യങ്ങൾ പറയാനറിയാം. പക്ഷേ, എഴുതി ഫലിപ്പിക്കാൻ കഴിയില്ല. ഐഎഎസുകാരനാവാനാണ് താൻ ഡൽഹിയിൽ പോയത്. 2016 മുതൽ 2019 വരെ പഠിച്ചിട്ടും ഐഎഎസുകാരനാവാത്തതിന്റെ പ്രധാന കാരണം എഴുതാനറിയാത്തതുകൊണ്ടാണ്.

സംഗ്രഹിച്ചു വരുമ്പോഴേക്ക് വിചാരിച്ചതിനും അപ്പുറത്തേക്ക് പോവും. പുസ്തകമെന്നാൽ കാച്ചിക്കുറുക്കി എഴുതേണ്ട ഒന്നാണ്. പലരും ആ പുസ്തകം വായിച്ചിട്ട് എഴുത്ത് ഒറ്റ ഒഴുക്കിൽ വായിച്ചുപോകാവുന്ന ജീവനുള്ള എഴുത്തായാണ് അഭിപ്രായപ്പെട്ടത്.

തന്റെ ജീവിതം പുസ്തകമായി എന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. എവറസ്റ്റിൽ പോയി വന്നപ്പോൾ ഒരു പുസ്തകം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അന്ന് ഒരു പ്രസാധകർ സമീപിക്കുകയും എഴുതാമെന്ന് പറയുകയും ചെയ്തു. എന്നാൽ, പിന്നീട് അവർ പിൻമാറിയത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. അതുകൊണ്ടാണ് മാതൃഭൂമി ഈ പുസ്തകം പ്രസിദ്ധീകരിച്ചതും ഇത്രയും നന്നായി പുറത്തിറങ്ങിയതുമെല്ലാം.

ഒരു അടിസ്ഥാനവുമില്ലാതെയാണ് താൻ എവറസ്റ്റ് കീഴടക്കിയത്. ഏഴു ഭൂഖണ്ഡങ്ങളിലെയും ഉയരം കൂടിയ കൊടുമുടികൾ കയറിക്കഴിഞ്ഞു. ഏത് പശ്ചാത്തലത്തിൽനിന്നു വന്നവർക്കും മികച്ച സംരംഭകനാവാം. സ്‌പോൺസർഷിപ്പിൽ പോയി മികച്ച ഊർജം നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. കാരണം, ഇത് വിജയിപ്പിച്ചെടുക്കുകയെന്നത് പ്രധാനമാണ്. മൗണ്ടനീറിങ്ങിനു പോകുമ്പോൾ മറ്റൊരു കാര്യവും ചിന്തിക്കാറില്ല.

കാരണം, അവിടെ എങ്ങനെ അതിജീവിക്കാമെന്നതുമാത്രമായിരിക്കും ചിന്ത എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകത്തിന്റെ സഹ രചയിതാവായ എസ്. അരുൺശങ്കർ പുസ്തകം അവതരിപ്പിച്ചു.

Content Highlights: Malayali mountaineer Shaikh Hassan Khan discusses his book and how he approaches life`s challenges as a mission.