'സാഹിത്യവാരഫലം' എല്ലാതരം വായനക്കാര്‍ക്കും മുഖം നോക്കാവുന്ന കണ്ണാടിയായിരുന്നു- പി.കെ. രാജശേഖരന്‍

എം. കൃഷ്ണന്‍ നായര്‍, പി.കെ. രാജശേഖരന്‍ | ഫോട്ടോ: മാതൃഭൂമി
എം. കൃഷ്ണന്‍ നായര്‍, പി.കെ. രാജശേഖരന്‍ | ഫോട്ടോ: മാതൃഭൂമി

സാഹിത്യവാരഫലം എഴുതിക്കൊണ്ടിരുന്ന കാലത്തെ എല്ലാതരത്തിലുള്ള വായനക്കാര്‍ക്കും മുഖം നോക്കാവുന്ന കണ്ണാടിയായിരുന്നു ആ പംക്തിയെന്ന് എഴുത്തുകാരന്‍ പി.കെ. രാജശേഖരന്‍. എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം മാതൃഭൂമി ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുസ്തകത്തിന്റെ എഡിറ്റര്‍ കൂടിയായ പി.കെ. രാജശേഖരന്‍ സംസാരിച്ചത്. 

"സാഹിത്യവാരഫലം എഴുതിക്കൊണ്ടിരുന്ന കാലത്തെ എല്ലാതരത്തിലുള്ള വായനക്കാര്‍ക്കും മുഖം നോക്കാവുന്ന കണ്ണാടിയായിരുന്നു ആ പംക്തി. അത് അത്ര എളുപ്പമല്ല. ഒരു സമൂഹത്തിലെ പല തട്ടുകളില്‍പെട്ട എല്ലാ ആളുകള്‍ക്കും സാഹിത്യത്തേയും സമൂഹത്തേയും ജീവിതത്തേയും എല്ലാം കാണാന്‍ കഴിയുന്ന ഒരു കണ്ണാടിപോലെ ഒരു സാഹിത്യപംക്തിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുക, ആ അസാധാരണമായ ദൗത്യമാണ് എം. കൃഷണന്‍ നായര്‍ സാഹിത്യവാരഫലത്തിലൂടെ നിര്‍വഹിച്ചത്. 

പുസ്തകത്തിന്റെ കവര്‍

എം. കൃഷണന്‍ നായര്‍ കൃത്യമായി പറഞ്ഞാല്‍ 37 കൊല്ലം മൂന്ന് വാരികകളിലായി എഴുതിയ സാഹിത്യവാരഫലം മലയാളസാഹിത്യത്തെ മുഴുവന്‍ പരിശോധിക്കുകയും ലോകസാഹിത്യത്തെ മലയാളികളിലേക്ക് പരിചയപ്പെടുത്തുകയും ചെയ്തു. 'അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍' എന്ന് പറഞ്ഞതുപോലെയാണ് സാഹിത്യവാരഫലത്തില്‍ പരിശോധിക്കപ്പെട്ട എഴുത്തുകാരുടെ സ്ഥിതി. മലയാളത്തിലെ എഴുത്തുകാരുടെ രചനകളെ പ്രതിവാരമടങ്ങുന്ന വാരികകളില്‍ അച്ചടിച്ചുവന്ന കഥകളേയും കവിതകളേയും ലേഖനങ്ങളേയും നിശിദമായി പരിശോധിച്ചുകൊണ്ട് എം. കൃഷ്ണന്‍ നായകര്‍ മലയാളസാഹിത്യത്തെ ശുദ്ധീകരിക്കാനാണ് ശ്രമിച്ചത്. അതിലൂടെ അദ്ദേഹം ലോകസാഹിത്യത്തെ അപ്പാടെ മലയാളിസമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്തു"  -അദ്ദേഹം പറയുന്നു.
 

Content Highlights: Sahithyavaraphalam, P.K. Rajasekharan, M. Krishnan Nair, Mathrubhumi books