'ലഹരിവ്യാപനത്തിന് കാരണം അജ്ഞതയും അത്യാഗ്രഹവും'; ചര്‍ച്ചയായി ഋഷിരാജ് സിങ്ങിന്റെ 'വൈകുംമുമ്പേ'

വായനപ്പുര പുസ്തക ചര്‍ച്ചയില്‍ 'വൈകും മുമ്പേ'  അവതരിപ്പിക്കുന്ന രാജു ജോസഫ്‌
വായനപ്പുര പുസ്തക ചര്‍ച്ചയില്‍ 'വൈകും മുമ്പേ' അവതരിപ്പിക്കുന്ന രാജു ജോസഫ്‌

കല്പറ്റ: അജ്ഞതയും അത്യാഗ്രഹവുമാണ് ലഹരിവ്യാപനത്തിന് കാരണമെന്ന് കല്പറ്റ മാതൃഭൂമി ബുക്‌സ് സംഘടിപ്പിച്ച 'വായനപ്പുര' പുസ്തകചര്‍ച്ച അഭിപ്രായപ്പെട്ടു. ഋഷിരാജ് സിങ് എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച 'വൈകും മുന്‍പേ' എന്ന പുസ്തകമാണ് ചര്‍ച്ചയ്ക്ക് തിരഞ്ഞെടുത്തത്. രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ കുട്ടികള്‍ക്കുള്ള പങ്ക് മുന്നില്‍ക്കണ്ട്, അവരെ അതിനു പ്രാപ്തരാക്കുന്നതിനുവേണ്ടി തയ്യാറാക്കിയ പുസ്തകമാണിതെന്ന് പുസ്തകം അവതരിപ്പിച്ച രാജു ജോസഫ് പറഞ്ഞു.

ലഹരിയുടെ ചതിക്കുഴികള്‍ തിരിച്ചറിയാനുള്ള സൂചനകള്‍ നല്‍കുന്ന ഈ പുസ്തകത്തില്‍ ഔദ്യോഗികജീവിതത്തിനിടയിലെ എഴുത്തുകാരന്റെ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്.

ലഹരിയുടെ പ്രലോഭനങ്ങളില്‍ പെട്ടുപോകാതെ സമ്മര്‍ദങ്ങളില്ലാതെ പഠിക്കാനും ബാല്യകൗമാരങ്ങള്‍ ആസ്വദിക്കാനും വിദ്യാര്‍ഥിസമൂഹത്തെ വാര്‍ത്തെടുക്കാനും ഇത് സഹായിക്കുന്നു എന്ന് ചര്‍ച്ച അഭിപ്രായപ്പെട്ടു.

അധ്യാപകനായ ജിതിന്‍ കണ്ടോത്ത് മോഡറേറ്ററായി. താജ് മന്‍സൂര്‍, ഏച്ചോം ഗോപി, എം. ഗംഗാധരന്‍, യു.എ. അജ്മല്‍ സാജിദ് എന്നിവര്‍ സംസാരിച്ചു.