സോപ്പും ചന്ദനത്തിരിയും കുടനിര്‍മാണവും മാത്രമല്ല, പ്രസാധനരംഗവും കീഴടക്കാന്‍ കയ്യൂരിലെ പെണ്‍കൂട്ടായ്മ

കയ്യൂര്‍: സോപ്പും ചന്ദനത്തിരിയും കുടയും നിര്‍മിച്ചുവിറ്റ സ്ത്രീകൂട്ടായ്മ ഇപ്പോള്‍ പുസ്തകപ്രസാധകരുമാണ്. ഒന്നും രണ്ടുമല്ല 28 പുസ്തകങ്ങളാണ് ഇവര്‍ ചേര്‍ന്നിറക്കിയത്. കയ്യൂര്‍ ചെറിയാക്കരയിലെ എട്ട് സ്ത്രീകള്‍ ചേര്‍ന്ന് രൂപം കൊടുത്ത 'റിസോള്‍വ് ബുക്‌സാ'ണ് വായനയുടെ ലോകം തുറന്നുവെക്കുന്നത്.
അധ്യാപകരടങ്ങിയ വിദഗ്ധപാനലാണ് സൃഷ്ടികള്‍ തിരഞ്ഞെടുക്കുന്നത്. എഡിറ്റിങ്, പ്രൂഫ്, ലേഔട്ട് എല്ലാം സ്ത്രീകള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. പ്രിന്റിങ് മാത്രമാണ് അച്ചടിശാലയില്‍ ചെയ്യുന്നത്. പ്ലസ്ടുവും ഡിപ്ലോമയും മുതല്‍ ബിരുദാനന്തരബിരുദക്കാര്‍ വരെയുണ്ട് ഈ കൂട്ടായ്മയില്‍. മലയാളം, ഇംഗ്ലീഷ്, കന്നഡ പുസ്തകങ്ങള്‍ക്കു പുറമേ കുട്ടികള്‍ക്കുള്ള പരീക്ഷാസഹായിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കെ.ധനില, രമ്യാ പ്രസാദ്, പ്രനിതാ പട്ടോളി, ആതിരാ സുകേഷ്, ശരണ്യ അനീഥ്, പ്രമീള രതീഷ്, കാവ്യ പീതാംബരന്‍, രമ്യാ സുരേഷ് എന്നിവരുടെ സൗഹൃദകൂട്ടായ്മയാണ് സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.
ബാലസാഹിത്യ അക്കാദമി പുരസ്‌കാരവും
'റിസോള്‍വ് ബുക്‌സ്' പ്രസിദ്ധീകരിച്ച ഗിരീഷ് വാസുദേവന്റെ 'ശില നെയ്തവള്‍' എന്ന നോവലിന് 2024-ലെ ബാലസാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പുസ്തകവില്പനയും ഇവര്‍ ഒന്നിച്ചുതന്നെ. ചെറുവത്തൂരില്‍ പുസ്തകവില്പന ഷോറൂമും ആരംഭിച്ചിട്ടുണ്ട്. വായനക്കാര്‍ക്ക് വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ വായിക്കാനായി 'പുസ്തകനിധി' പദ്ധതിയും ഇവര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.