'മരണവംശം'; എഴുത്തനുഭവം പങ്കുവെച്ച് പി.വി. ഷാജികുമാര്‍

പി.വി.ഷാജികുമാർ ചർച്ചയിൽ പങ്കെടുത്തവർക്കൊപ്പം, പുസ്തകമേളയുടെയും പുസ്തകചർച്ചയുടെയും ഉദ്ഘാടനം പി.വി. ഷാജികുമാർ നിർവഹിക്കുന്നു.
പി.വി.ഷാജികുമാർ ചർച്ചയിൽ പങ്കെടുത്തവർക്കൊപ്പം, പുസ്തകമേളയുടെയും പുസ്തകചർച്ചയുടെയും ഉദ്ഘാടനം പി.വി. ഷാജികുമാർ നിർവഹിക്കുന്നു.

കുറവിലങ്ങാട്: തന്റെ ആദ്യനോവല്‍ 'മരണവംശ'ത്തിലൂടെ യാത്രചെയ്യുകയായിരുന്നു പി.വി. ഷാജികുമാര്‍. മാതൃഭൂമിയും കുറവിലങ്ങാട് ദേവമാതാ കോളേജ് റീഡേഴ്‌സ് ആന്‍ഡ് ലിറ്റററി ഫോറവും ചേര്‍ന്ന് രണ്ടുദിവസം കോളേജില്‍ നടത്തുന്ന പുസ്തകമേളയുടെ തുടക്കമെന്ന നിലയിലാണ് അദ്ദേഹമെത്തിയത്. എഴുത്തുകാരനെ അടുത്തുകിട്ടുന്നുവെന്നറിഞ്ഞ് അധ്യാപകര്‍ക്കൊപ്പം കുട്ടികളും പ്രചോദിതരായി. കോളേജിലെ 'ഇ-ലേണിങ് സെന്റ'റിന്റെ അകത്തളത്തില്‍ ലാളിത്യം തുളുമ്പിയ വാക്കുകളാല്‍ സദസ്സിനെ അനുഗ്രഹിച്ച് ഷാജികുമാറിന്റെ ഉദ്ഘാടന പ്രസംഗം.

ഡോ. മിനി സെബാസ്റ്റ്യന്‍ മോഡറേറ്ററായി ചോദ്യത്തുടക്കം. കളിയും തമാശയും പഴയകാലവും പുതിയകാലവും ആണും പെണ്ണും ജീവിതവും എഴുത്തനുഭവുമെല്ലാം ചേര്‍ത്തുവെച്ചുള്ള എഴുത്തുകാരന്റെ മറുപടി. ഉള്ളുകൊണ്ടെഴുതുമ്പോള്‍ ഉള്ളില്‍നിന്ന് ചിലതൊക്ക വരും, കലകള്‍ക്കാണ് മരണത്തെ അതിജീവിക്കാനാകുക, മനുഷ്യത്വത്തിന്റെ ആള്‍രൂപങ്ങളാകുക, എല്ലാ ജീവജാലങ്ങളേയും സ്‌നേഹിക്കാന്‍ പഠിപ്പിച്ച ഗുരുതുല്യനാണ് ബഷീര്‍ തുടങ്ങി ഷാജികുമാറിന്റെ ഓരോ വര്‍ത്തമാനവും സദസ്സിനെ കൂടുതല്‍ ആഴത്തില്‍ സ്വാധീനിച്ചുകൊണ്ടിരുന്നു. അശ്വതിയില്‍ തുടങ്ങി നിരവധി വിദ്യാര്‍ഥി പ്രതിനിധികളും ചര്‍ച്ചയുടെ ഭാഗമായി.

ഉദ്ഘാടനസഭയില്‍ ദേവമാതാ കേളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി.മാത്യു അധ്യക്ഷനായി. വിദ്യാര്‍ഥിപ്രതിനിധി സിസ്റ്റര്‍ മരിയ ബേബി പ്രാര്‍ഥനാഗാനം ആലപിച്ചു. റീഡേഴ്‌സ് ആന്‍ഡ് ലിറ്റററി ഫോറം കോഡിനേറ്റര്‍ ഡോ. ദീപ തോമസ്, മാതൃഭൂമി റീജണല്‍ മാനേജര്‍ ടി.സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സഹോദരിമാരായ അനുപ്രിയ ജോജോ, റോസ് മെറിന്‍ ജോജോ എന്നിവര്‍ അവതാരകരായി. കോളേജില്‍ നടന്നുവരുന്ന മാതൃഭൂമി പുസ്തകമേള വെള്ളിയാഴ്ച സമാപിക്കും.

Content Highlights: Maranavamsam novel discussion in Kuravilangad