ശിഹാബ് തങ്ങളുടെ വിയോഗത്തിന് 16 വര്‍ഷം; 'പ്രിയപ്പെട്ട ബാപ്പ' ഇനി അറബിയിലും

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പുസ്തകത്തിൻെറ കവർപേജ്
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പുസ്തകത്തിൻെറ കവർപേജ്

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് മകന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ എഴുതി, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'പ്രിയപ്പെട്ട ബാപ്പ' ഇനി അറബിയിലേക്കും. അന്നഹ്ദ അറബിക് മാഗസിന്‍ മാനേജിങ് എഡിറ്ററും ചെര്‍പ്പുളശ്ശേരി ഐഡിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പലുമായ ഡോ. സൈനുല്‍ ആബിദീന്‍ പുത്തനഴിയാണ് 'ബാബല്‍ ഹബീബ്' എന്ന പേരില്‍ പുസ്തകം അറബിയിലേക്ക് മൊഴിമാറ്റം ചെയ്തത്. 

'പ്രിയപ്പെട്ട ബാപ്പ'യില്‍ മുഹമ്മദലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ട ഓര്‍മകളും അനുഭവങ്ങളുമാണ് പങ്കുവെക്കുന്നത്. അറബി പതിപ്പില്‍ ശിഹാബ് തങ്ങള്‍ ഏറെ പഠിക്കുകയും വേരുകള്‍തേടി യാത്രനടത്തുകയും ചെയ്ത യെമെനിലെ തങ്ങള്‍ കുടുംബത്തിന്റെ ചരിത്രവും ചേര്‍ത്തിട്ടുണ്ട്. യെമെനിലെ ഹദര്‍മൗത്തിലാണ് പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ വേരുകള്‍. 

ശിഹാബ് തങ്ങളെക്കുറിച്ച് 'തങ്ങള്‍ വിളക്കണഞ്ഞ വര്‍ഷങ്ങള്‍' എന്ന പേരില്‍ മറ്റൊരു പുസ്തകവും സൈനുല്‍ ആബിദീന്‍ എഴുതിയിട്ടുണ്ട്.

അറബി ബാപ്പയുടെ ഇഷ്ടഭാഷ -മുനവ്വറലി തങ്ങള്‍
പിതാവിന്റെ ഇഷ്ടഭാഷയാണ് അറബിയെന്നും അതേ ഭാഷയില്‍ അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍. അറബി സാഹിത്യത്തിലാണ് പിതാവ് ബിരുദാനന്തര ബിരുദമെടുത്തത്. അറബ് സംസ്‌കാരവും സാഹിത്യവും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു.

പ്രമുഖ അറബി സാഹിത്യകാരന്‍മാരുമായി സഹവാസമുണ്ടായിരുന്നു. ഈജിപ്തില്‍ പഠിച്ചിരുന്ന കാലത്ത് ഒട്ടേറെ അറബികളുമായി അദ്ദേഹം സൗഹൃദം സ്ഥാപിച്ചു. അറബ് ലോകത്ത് ബാപ്പയെ അറിയുന്ന ധാരാളംപേരുണ്ട്. അവര്‍ക്കുള്ള ഉപഹാരമാണ് അറബി പതിപ്പെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

Content Highlights: Panakkad Muhammed ali Shihab Thangal book is translated into Arabic