മഴ ഇപ്പോള്‍ റൊമാന്റിക് അല്ല - എന്‍.എസ്. മാധവന്‍

കൊച്ചി: റൊമാന്റിക് ഭാവനയോടെ മഴയെ കണ്ടിരുന്നവരാണ് മലയാളികളെന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. പക്ഷേ, ഇപ്പോള്‍ മഴ നമ്മളെ പേടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തകനായ വിജു ബി.യുടെ 'പ്രളയവും കോപവും' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എന്‍.എസ്. മാധവന്‍. കാലാവസ്ഥാ വ്യതിയാനത്തെയും പരിസ്ഥിതി വാദത്തെയും നിസ്സാരവത്കരിച്ചാണ് മലയാളികള്‍ കണ്ടിരുന്നത്. പ്രളയവും ഉരുള്‍പൊട്ടലും മലയിടിച്ചിലുമെല്ലാം നാം അനുഭവിച്ചു. പരിസ്ഥിതിക്കേല്‍ക്കുന്ന ഓരോ ആഘാതത്തിനും വലിയ വില നല്‍കേണ്ടി വരും. പ്രണയാര്‍ദ്രമായി മഴയെ കണ്ടിരുന്നവര്‍ അതിനെ പേടിക്കുന്ന അവസ്ഥയിലേക്ക് എത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.
കലൂര്‍ മാതൃഭൂമി ബുക് സ്റ്റാളില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ പുസ്തകം ഏറ്റുവാങ്ങി.
കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെങ്കിലും കാലാവസ്ഥാ വ്യതിയാനമെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് നമ്മള്‍ ഇനിയെങ്കിലും അംഗീകരിക്കണമെന്ന് സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.
'പ്രളയവും കോപവും' പുസ്തകം മുന്‍നിര്‍ത്തി വിജു ബി. സംസാരിച്ചു. ഫ്ലഡ് ആന്‍ഡ് ഫ്യൂരി എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ വിവര്‍ത്തനമാണിത്.
Content Highlights: Ns Madhavan releases Viju B's Pralayavum Kopavum