മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം: പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരവളപ്പില്‍ മാതൃഭൂമി പുസ്തകോത്സവം വെള്ളിയാഴ്ച തുടങ്ങും. എം.ബി.ഐ.എഫ്.എല്ലിന്റെ ആറാമത് എഡിഷന്റെ ഭാഗമായി നടക്കുന്ന പുസ്തകമേള ആറ് പ്രമുഖര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, എഴുത്തുകാരായ സക്കറിയ, റോസ് മേരി, ജി.ആര്‍. ഇന്ദുഗോപന്‍ എന്നിവരാണ് ഉദ്ഘാടകര്‍.
മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അഞ്ചുലക്ഷത്തിലേറെ പുസ്തകങ്ങളാണ് പ്രദര്‍ശനത്തിലുണ്ടാവുക. മാതൃഭൂമി അക്ഷരോത്സവത്തിനെത്തുന്ന ഇന്ത്യന്‍-വിദേശ എഴുത്തുകാരുടെയെല്ലാം പ്രമുഖ പുസ്തകങ്ങള്‍ മേളയിലുണ്ടാകും. 3000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് അക്ഷരോത്സവത്തിന്റെ ഒരു ദിവസത്തെ പ്രവേശന പാസും 5000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ടു ദിവസത്തെ പാസും ലഭിക്കും.
വില്‍പ്പനയില്‍ ട്രെന്‍ഡിങ്ങായി മാറിയിട്ടുള്ള ആര്‍. രാജശ്രീയുടെ ആത്രേയകം, പി.വി. ഷാജികുമാറിന്റെ മരണവംശം, സുസ്മേഷ് ചന്ദ്രോത്തിന്റെ വഴിച്ചെണ്ട, സുഭാഷ് ചന്ദ്രന്റെ ജ്ഞാനസ്നാനം, എം. മുകുന്ദന്റെ എന്റെ എംബസി കാലം, ടി. പത്മനാഭന്റെ കരുവന്നൂര്‍, രാം മോഹന്‍ പാലിയത്തിന്റെ സസ്യഭുക്ക് മാംസഭുക്ക് ഫെയ്സ്ഭുക്ക്, സന്ധ്യാമേരിയുടെ മരിയ വെറും മരിയ, സോണിയ ചെറിയാന്റെ സ്നോലോട്ടസ്, അജയ് പി. മാങ്ങാടിന്റെ ദേഹം, എം. കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലം തുടങ്ങി പുസ്തകങ്ങളുടെ വന്‍ ശേഖരമാണ് മേളയിലൊരുക്കിയിരിക്കുന്നത്. വിദേശ ക്ലാസിക് നോവലുകളുടെ പരിഭാഷകളുമുണ്ട്.
പാര്‍ക്കിങ്ങും പ്രവേശനവും സൗജന്യമാണ്. മേളയില്‍ എല്ലാ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളും യു.പി.ഐ. പേയ്മെന്റും സ്വീകരിക്കും. രാവിലെ ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെയാണ് പ്രവര്‍ത്തനസമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590604825.
Content Highlights: mbifl2025 book fair