കെ.വി. മോഹൻകുമാറിന്റെ 'ഉല'യുടെ അറബി വിവർത്തനം പുറത്തിറങ്ങി

'ഉല' നോവല്‍ കവര്‍
'ഉല' നോവല്‍ കവര്‍

കോഴിക്കോട്: പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും മുൻ പത്രപ്രവർത്തകനും ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ കെ.വി. മോഹൻകുമാറിന്റെ നോവൽ 'ഉല: നിയോഗിയുടെ സഞ്ചാരങ്ങൾ, മസൂദിയുടെയും' അറബി പരിഭാഷ പുറത്തിറങ്ങി. അറബി ഭാഷാപണ്ഡിതനും ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളജ് അധ്യാപകനുമായ ഡോ. കെ. എം. അലാവുദ്ദീൻ പത്തനഴിയാണ് വിവർത്തനം നിർവ്വഹിച്ചത്. 

കേരളത്തിന്റെ പ്രാചീനചരിത്രത്തിൽ രേഖപ്പെടുത്താതെപോയ ഒരു ബൗദ്ധസംസ്‌കൃതിയുടെ ഉന്മൂലനത്തിന്റെ കഥയാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഉല' പ്രമേയമാക്കിയിരിക്കുന്നത്.

ബ്രാഹ്‌മണ അധിനിവേശത്തിനു ശേഷം എ.ഡി. പത്താം നൂറ്റാണ്ടുവരെ അറബിക്കടലിനോട് ചേർന്ന് കിടന്നിരുന്ന 'കരപ്പുറം' എന്ന പ്രദേശത്ത് നിലനിന്നിരുന്ന ആദി ദ്രാവിഡ -ബൗദ്ധ സംസ്‌കൃതിയും തുടർന്ന് അവിടെ രൂപംകൊണ്ട ബ്രാഹ്‌മണിക ആധിപത്യവുമാണ് നോവലിന്റെ ചരിത്രപശ്ചാത്തലം. ഒരു അറബി സഞ്ചാരിയുടെ ദൃഷ്ടിയിലൂടെ അന്നത്തെ കേരളത്തിന്റെ രേഖപ്പെടുത്തപ്പെടാതെ പോയ ചരിത്രവും ജനജീവിതവും സാംസ്‌കാരിക പരിവർത്തനങ്ങളും ശ്രദ്ധേയമായ ആഖ്യാനശൈലിയിൽ നോവൽ ആവിഷ്‌കരിക്കുന്നു.