ഓര്‍മകള്‍ പകവീട്ടാനുള്ളതല്ല, മുറിവുകളെക്കുറിച്ച് സംസാരിക്കുമ്പോഴും മുറിപ്പെടുത്തിയവരെ ബഹുമാനിക്കണം- ബാബു എബ്രഹാം

ആലപ്പുഴ: നന്ദികുന്നേല്‍ മേരിയുടെ സങ്കടങ്ങളുടെ സങ്കീര്‍ത്തനങ്ങളും പ്രത്യാശയുടെ സുവിശേഷങ്ങളുമാണ് കമ്പിളികണ്ടത്തെ കല്‍ഭരണികളെന്ന് എഴുത്തുകാരന്‍ ബാബു എബ്രഹാം. ആലപ്പുഴ മാതൃഭൂമി ബുക്‌സില്‍ നടന്ന മുഖാമുഖത്തില്‍ 'കമ്പിളികണ്ടത്തെ കല്‍ഭരണികള്‍' പുസ്തകത്തിന്റെ വിശേഷങ്ങള്‍ വായനക്കാരുമായി പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
'എന്തിനാണ് ഓര്‍മകളെഴുതുന്നത്? ഓര്‍മകള്‍ പകവീട്ടാനുള്ളതല്ല. മുറിവുകളെക്കുറിച്ച് സംസാരിക്കുമ്പോഴും മുറിപ്പെടുത്തിയവരെ ബഹുമാനിക്കണം. മനുഷ്യപക്ഷത്തുള്ള എഴുത്താണ് കമ്പിളി
കണ്ടത്തെ കല്‍ഭരണികള്‍. അതാണ് എന്റെ പക്ഷം, എനിക്ക് അങ്ങനെ മാത്രമേ എഴുതാന്‍ പറ്റൂ' -അദ്ദേഹം പറഞ്ഞു.
എന്നെ നായകനായിക്കണ്ടാണ് പുസ്തകമെഴുതിത്തുടങ്ങിയത്. പക്ഷേ, എഴുതിക്കഴിഞ്ഞപ്പോള്‍ ഞാന്‍ സഹനടനായി മാറി. മേരിയുടെ കഥയായി മാറി.
ഇത് എന്റെ കഥയാണെങ്കിലും ഇത് നമ്മളില്‍ പലരുടെയുംകൂടി കഥയാണ്. ഇരുണ്ട തുരങ്കത്തിലൂടെ പോകുമ്പോള്‍ അപ്പുറത്തൊരു വെട്ടമുണ്ടെന്ന പ്രതീക്ഷയാണ് ഈ പുസ്തകം നല്‍കുന്നത്. ആത്മഹത്യയുടെ വക്കിലെത്തിയയാള്‍ക്ക് ജീവിതത്തിലേക്കു തിരികെവരാന്‍ ഈ പുസ്തകം പ്രേരണയായി. പുതുതലമുറയിലെ കുട്ടികളെപ്പോലും പുസ്തകം സ്വാധീനിച്ചെന്നു പറയുമ്പോള്‍ അതാണ് എഴുത്തുകാരനെന്ന നിലയില്‍ ലഭിക്കാവുന്ന വലിയ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു.
ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര്‍ എം. മാക്കിയില്‍ പുസ്തകാവതരണം നടത്തി. ഭാവനയെന്നു തോന്നിപ്പിക്കുന്ന യാഥാര്‍ഥ്യമാണ് ഈ നോവലെന്ന് അദ്ദേഹം പറഞ്ഞു.
'കമ്പിളികണ്ടത്തെ കല്‍ഭരണികള്‍'പുസ്കം വാങ്ങാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Content Highlights: Author Babu Abraham discusses `Kambilikkandathe Kalbharanikal`, emphasizing respect for those who hurt us while recounting wounds. A story of hope and resilience.