‘ഡൽഹിയിൽ പത്തുലക്ഷം വോട്ട് ഉറപ്പ്’; മെലോണിയുടെ പുസ്തകമിറങ്ങി

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി| Photo: MANON CRUZ/ AFP
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി| Photo: MANON CRUZ/ AFP

ന്യൂഡൽഹി: 2023-ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ന്യൂഡൽഹിയിൽ ലഭിച്ച സ്വീകരണം ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളിലൊന്നാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. മാധ്യമപ്രവർത്തകൻ അലസാണ്ട്രോ സല്ലുസ്തിയുമായുള്ള ദീർഘസംഭാഷണങ്ങളെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ‘ജോർജിയാസ് വിഷൻ’ എന്ന പുസ്തകത്തിലാണ് ഇന്ത്യയിലെ അനുഭവങ്ങൾ മെലോണി പങ്കുവെക്കുന്നത്.

അന്ന് ഒപ്പമുണ്ടായിരുന്ന ഉപപ്രധാനമന്ത്രി അന്റോണിയോ ടജാനി "നിങ്ങൾ ന്യൂഡൽഹിയിൽ മത്സരിച്ചാൽ 10 ലക്ഷം വോട്ടുകിട്ടു"മെന്ന് തമാശയായി പറഞ്ഞതായി മെലോണി പുസ്തകത്തിൽ കുറിച്ചു. വിമാനത്താവളത്തിൽനിന്ന് ന്യൂഡൽഹി നഗരത്തിലേക്കുള്ള വഴിയിലുടനീളം ഏതാനും മീറ്ററുകൾ ഇടവിട്ട് തന്റെ ചിത്രത്തോടൊപ്പം ‘സ്വാഗതം’ എന്നെഴുതിയ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു. മടങ്ങുമ്പോൾ അതേ പോസ്റ്ററുകളിൽ ‘സന്ദർശനത്തിന് നന്ദി’ എന്നുമെഴുതി. ഇവയെല്ലാം തന്റെ ശ്രദ്ധപിടിച്ചുപറ്റിയെന്ന് മെലോണി പറയുന്നു.

2023-ൽ രണ്ടുതവണയാണ് മെലോണി ഇന്ത്യ സന്ദർശിച്ചത്. മാർച്ചിൽ റെയ്സിന ഉച്ചകോടിയിലും സെപ്റ്റംബറിൽ ജി20 ഉച്ചകോടിയിലും അവർ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സൗഹൃദം കാരണം ഈ ജോഡി സാമൂഹികമാധ്യമങ്ങളിൽ ‘മെലോഡി’ എന്നാണ് അറിയപ്പെടുന്നത്.

നേതൃത്വം, ദേശീയത, കുടുംബം, വിശ്വാസം, ആഗോള രാഷ്ട്രീയം, നയതന്ത്രം എന്നിവയെക്കുറിച്ചുള്ള മെലോണിയുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതാണ് പുസ്തകം. നയതന്ത്രവിജയത്തിന് ഔപചാരികതകൾക്കപ്പുറം വ്യക്തിപരമായ ബന്ധങ്ങൾ നിർണായകമാണെന്ന് മെലോണി അതിൽ പറയുന്നു. രസകരമായ സംഭാഷണമോ വ്യക്തിപരമായ അനുഭവമോ പൊതുതാത്പര്യങ്ങളോ രാഷ്ട്രനേതാക്കൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും അഭിപ്രായപ്പെടുന്നു.

ടുണീഷ്യൻ പ്രസിഡന്റ് കൈസ് സയീദുമായി ഒരു സിഗരറ്റ് ഇടവേളയിൽ ആരംഭിച്ച സൗഹൃദം, അൽബേനിയൻ പ്രധാനമന്ത്രി എഡി രാമയുമായുള്ള അടുപ്പം, സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിച്ചിന്റെ ജന്മദിന സമ്മാനം, മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ മകൾക്കു സമ്മാനിച്ച ‘ഹലോ കിറ്റി’ പാവ, പോളണ്ടിൽ 'ലോർഡ് ഓഫ് ദ റിങ്സ്' പ്രമേയത്തിലുള്ള കഫേ സന്ദർശിച്ച അനുഭവം എന്നിവയും മെലോണി പങ്കുവെക്കുന്നു.

യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസാണ് പുസ്തകത്തിന് അവതാരികയെഴുതിയത്.

Content Highlights: In her newly released book 'Giorgia's Vision', Italian Prime Minister Giorgia Meloni fondly recalls her 2023 visits to India, describing the grand welcome in New Delhi as one of the most unforgettable experiences of her life.