ഗീതാഞ്ജലി ശ്രീയും രവി സുബ്രഹ്മണ്യവും ഇന്ദുഗോപനും ഇന്ന് പുസ്തകമേളയില്‍

ഷാര്‍ജ: ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയും എഴുത്തുകാരായ രവി സുബ്രഹ്മണ്യവും ഇന്ദുഗോപനും ശനിയാഴ്ച ഷാര്‍ജ പുസ്തകമേളയില്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് ഇന്റലക്ച്വല്‍ ഹാളില്‍ ഗീതാഞ്ജലി ശ്രീയുടെ നോവല്‍ 'ദി ടോംബ് ഓഫ് സാന്‍ഡി'നെക്കുറിച്ച് സംവാദം നടക്കുക. രാത്രി എട്ട് മണിക്ക് ഫോറം ഒന്നില്‍ രവി സുബ്രഹ്മണ്യന്‍ വായനക്കാരുമായി സംസാരിക്കും. ത്രില്ലറുകള്‍ എഴുതുന്നതിലൂടെ പ്രശസ്തനായ രവി സുബ്രഹ്മണ്യന്‍ തന്റെ രചനാരീതിയെക്കുറിച്ച് സംവദിക്കും. ബാങ്കിങ് മേഖലയില്‍ ജോലിചെയ്യുന്ന രവി ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള ത്രില്ലറുകള്‍ എഴുതിയാണ് പ്രശസ്തനാവുന്നത്.
രാത്രി 8.15-ന് ഇന്റലക്ച്വല്‍ ഹാളിലാണ് ജി.ആര്‍. ഇന്ദുഗോപന്‍ പങ്കെടുക്കുന്ന പരിപാടി. എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ ഇന്ദുഗോപന്‍ പുസ്തകങ്ങളും സിനിമയും, ആഖ്യാനരീതിയും ധാരണയും എങ്ങനെ മാറുന്നു എന്നത് അടിസ്ഥാനമാക്കിയായിരിക്കും സംസാരിക്കുക. ഒറ്റക്കൈയ്യന്‍ എന്ന സിനിമയുടെ സംവിധായകനാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു തെക്കന്‍ തല്ലുകേസ് എന്ന് സിനിമയുടെ കഥയും ഇന്ദുഗോപന്റേതാണ്. അമ്മിണിപിള്ള വെട്ടുകേസ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ സിനിമ. ശനിയാഴ്ച രാത്രി 8.30-ന് കുക്കറി വിഭാഗത്തില്‍ അര്‍ച്ചന ദോഷി പങ്കെടുക്കുന്ന കുക്കറി ഷോയും ഉണ്ടാകും.
Content Highlights: Geethanjali Sree, G.R Indugopan, Ravi Subrahmanyan, Sharjah international book fair 2022