ലോകത്തെ എല്ലാ ശ്രീരാമന്മാരില്‍ നിന്നും വി.കെ ശ്രീ എന്ന ഒരു 'വേറിട്ട ശ്രീരാമന്‍'!

ആ മൂന്ന് ചലച്ചിത്രപ്രകടനങ്ങള്‍ മറക്കാനുള്ളവയല്ല. വിഭാണ്ഡകമഹര്‍ഷി ('വൈശാലി'യിലെ) ആളായ്മയുടെ ആവിഷ്‌കാരമാണ്. സുനിശ്ചിതത്വവും വിട്ടുവീഴ്ചയില്ലായ്മയും ആ ശരീരഭാഷയിലൂടെ മിത്തോളജിക്കല്‍ മാനങ്ങളോടെ ആവിഷ്‌കൃതമായി. 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികളി' ലെ കരിവേഷത്തിന് കുട്ടികളെ പേടിപ്പിക്കാനുള്ള കഥകളിലാണ് വേര്. വിഭാണ്ഡകനെപ്പോലെ ഈ വേഷത്തിനും യഥാതഥമല്ലാത്ത (unrealistic) മാനം ഉണ്ട്. 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റി'ലെ നവവൃദ്ധനായ പ്രൊഫസര്‍ ധൈഷണികമായ കാപട്യത്തെ മുന്‍നിര്‍ത്തിയുള്ള കാരിക്കേച്ചറാണ്. എത്ര ആധികാരികമായിട്ടാണ് ആ നിര്‍വ്വഹണം.
വി.കെ.ശ്രീരാമന്‍ എന്ന അഭിനേതാവിനെ പ്രത്യേകം ഓര്‍ക്കുന്നത് ഈ മൂന്നു കഥാപാത്രങ്ങളുടെ (തീര്‍ച്ചയായും 'ഉപ്പി'ലെ വേഷത്തിന്റെയും) പേരിലാണ്.
ആളെ ആദ്യമായി നേരില്‍ കാണുന്നത് തൃശൂരിലെ സാഹിത്യ അക്കാദമിയില്‍ വെച്ചാണ്. എം.ടി വാസുദേവന്‍ നായരുടെ 'നാലുകെട്ടി'ന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ചുമതലക്കാരനായി ഉത്സാഹത്തോടെ ഒരാള്‍. ആള്‍ക്കൂട്ടത്തിലെ ഏറ്റവും ഉയരവും തടിയുള്ള ആള്‍ ആ ആളുത്സാഹത്തിലും മുന്‍നിന്നു.
മിക്ക പ്രശസ്തരും സംഘാടനം എന്ന, ഗ്ലാമറില്ലാത്ത പണിയില്‍ നിന്ന് (തന്ത്രപൂര്‍വ്വം) മാറി നില്‍ക്കുന്നവരാണ്. അവര്‍ക്ക് തങ്ങളുടെ പ്രശസ്തസ്ഥാനം
(celebrity statsu) തേച്ചു മിനുക്കിക്കൊണ്ടിരിക്കാനാണ് താല്പര്യവും സാമര്‍ത്ഥ്യവും. അതിഥികള്‍ മാത്രമായി നില്‍ക്കാനും ഇരിക്കാനുമാണ് അവര്‍ക്കിഷ്ടം. ആ നിലയിലേ അവര്‍ പെരുമാറൂ. അതിലെ ജനാധിപത്യവിരുദ്ധത പോലും അവര്‍ നിമിഷംപ്രതി നുണഞ്ഞുകൊണ്ടിരിക്കും. അതിനാല്‍ 'നാലുകെട്ടി'ന്റെ ജൂബിലിനടത്തിപ്പില്‍ ഒരു പ്രശസ്തന്‍ സൂക്ഷ്മമായ ആസൂത്രണത്തിലും വിദഗ്ധവും ചങ്ങാത്തവെളിച്ചം പരത്തുന്നതുമായ നടത്തിപ്പിലും മുഴുകുന്നത് ഒരു ബദല്‍ പ്രവര്‍ത്തനം എന്ന നിലയില്‍ കാണാന്‍ പ്രേരണയുണ്ടായി. നാട്ടിലെ കൂട്ടുകാരില്‍ പലരോടും ഈ പേഴ്‌സണല്‍ ആര്‍ട്ടര്‍നേറ്റീവിനെക്കുറിച്ച് പറയുകയും ചെയ്തു. എത്ര ഭാവനാസമ്പന്നമായിട്ടാണ് ആ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളും പ്രസംഗങ്ങളും ചേര്‍ത്ത് പുസ്തകമാവുന്നതില്‍ തന്നെ ആ സര്‍ഗ്ഗാത്മകശ്രദ്ധ കലാശിച്ചു.
ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്; കുറച്ചു നാളായി. പി.പി.രാമചന്ദ്രനും റഫീക് അഹമ്മദും മറ്റും അതില്‍ ഉണ്ട് (മമ്മൂട്ടിയുള്ള കാര്യം പറഞ്ഞില്ല); ചേര്‍ക്കട്ടേ എന്നുചോദിച്ചുകൊണ്ട് ഒരു സന്ദേശം വി.കെ ശ്രീയില്‍ നിന്ന് കിട്ടിയപ്പോള്‍ സന്തോഷം തോന്നി. മറുപടി കിട്ടിയപാടെ ചേര്‍ക്കുകയും ചെയ്തു.
'ഞാറ്റുവേല'യാണ് അത്. കയറിയയുടനെ കാണുന്നത് പലര്‍ പുതിയയാള്‍ക്ക് സ്വാഗതം പറയുന്നതാണ്. അഞ്ചുപത്തു നിമിഷങ്ങള്‍ക്കകം കുറേ പുതിയ സുഹൃത്തുക്കള്‍ ഉണ്ടായി. കൂട്ടായ്മ എന്ന ആ വികാരം ഇപ്പോഴും തുടരുന്നു. ദിവസവും പലവുരു സന്ദര്‍ശിക്കുന്ന മുറിയാണ് അത്. ചിലപ്പോള്‍, പങ്കെടുക്കുന്ന ചര്‍ച്ചാവേദിയും. ജനാധിപത്യത്തിന്റെ സോഫ്റ്റ് വെയറിലാണ് അത് പ്രവര്‍ത്തിക്കുന്നത്. കാര്‍ണിവലിന്റെ സ്വഭാവം അതില്‍ എപ്പോഴും ഉണ്ട്. പാട്ടും പരിഹാസവും ധൈഷണികചര്‍ച്ചയും സംശയം തീര്‍ക്കലും വ്യവസ്ഥാവിമര്‍ശനവും വിവരങ്ങളുടെ വിതറലും സ്വന്തം കാര്യം പറച്ചിലും തമാശയും വിമര്‍ശനവും ഒക്കെ ഉണ്ട്.
'ഞാറ്റുവേല'യുടെ മൂപ്പന്‍ എന്ന അനൗദ്യോഗികസ്ഥാനം വി.കെ.ശ്രീക്കാണ്. അത് അധികാരക്കസേരയല്ല. സ്‌നേഹസ്ഥാനമാണ്. എങ്കിലും അദ്ദേഹം അതില്‍ അഭിമാനം കൊള്ളുന്നുമുണ്ട് എന്ന് വിചാരിക്കുന്നു.
'ഞാറ്റുവേല' ഭൂതലത്തില്‍ നടത്താറുള്ള കൂടലുകളില്‍ ഒന്നില്‍ മാത്രമേ ഞാന്‍ ചേര്‍ന്നിട്ടുള്ളൂ. ആ കൂടല്‍ പാലക്കാട്ടെ തസറാക്കില്‍ വെച്ചായിരുന്നു. അപ്പോഴും വാട്ട്‌സാപ്പിലെ സൗഹൃദസൗന്ദര്യം പരന്നിരിക്കുന്നത് കണ്ടു. 'ഞാറ്റുവേല' ഒരു ജൈവപ്രസ്ഥാനമാണ്. കോവിഡ് കാലത്തെ ഏകാകിതയില്‍ 'ഞാറ്റുവേല' അതിലെ അംഗങ്ങള്‍ക്കെല്ലാം ആശ്വാസവും സഹായവുമാവുകയുണ്ടായി എന്ന് വിചാരിക്കുന്നു. വി കെ. ശ്രീയുടെ വ്യക്തിത്വത്തിന്റെ ഒരു നിലക്കുള്ള പ്രകാശനമാണ് ഈ ഗ്രൂപ്പ് എന്നും തോന്നുന്നു.
അഷ്‌റഫ് പേങ്ങാട്ടയിലിന്റെ മകളുടെ കല്യാണത്തിന് പോയത് ചെറുവത്താനിയിലെ വി കെ ശ്രീ ഭവനം വഴിയാണ്. ആ വീട് സൗഹൃദത്തിന്റെ വാസ്തുശില്പമാണ് എന്ന് മുന്‍പേ തോന്നിയിട്ടുണ്ട്. (പഴയവര്‍ ഫോട്ടോകളായും ശില്പമായും സൗഹൃദം തരുന്നു. വീട് തന്നെ പഴയതാണ്. സൗഹൃദത്തിന് മാത്രമായി ഒരു വര്‍ത്തമാനകാല കൊച്ചുപുര മുറ്റത്തുണ്ട്. പൂരകപ്പുര.) അന്ന് അത് ശരിക്കും ബോദ്ധ്യമായി: അവിടത്തെ വീട്ടമ്മയായ ഗീത എന്ന വ്യക്തി വി.കെ ശ്രീരാമന്റെ സുഹൃത്തുക്കളുടെയെല്ലാം പ്രിയം നേടുന്നതും കണ്ടറിഞ്ഞു. ഒരിക്കല്‍ രണ്ടാളും കാസര്‍കോട്ടെ മാണിയാട്ടുള്ള എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. പകിട്ടില്ലാത്ത അത്താഴം കഴിക്കാന്‍. ഒരു മാര്‍ച്ച് മുപ്പത്തിയൊന്നിനായിരുന്നു. നല്ല ചൂടുള്ള സമയം. അത്താഴത്തിനിടയില്‍ വിയര്‍ത്ത വി. കെ. ശ്രീ ഗീതേച്ചിയുടെ സാരിത്തുമ്പെടുത്ത് മുഖം തുടച്ചത് വേറിട്ട കാഴ്ചയായി, സ്‌നേഹപ്രകാശനമായി വീട്ടുകാരുടെ മനസ്സില്‍ ഉണ്ട്. എന്റെ ക്ഷണം സ്വീകരിച്ച് മൂന്നുതവണ കൂടി വന്നു. തൃക്കരിപ്പൂരിലേക്കും ചിറ്റാരിക്കാലേക്കും മാതമംഗലത്തേക്കും. വി.കെ.ശ്രീയുടെ പ്രസംഗങ്ങള്‍ നീണ്ടുപോകുന്നവയല്ല. അവയിലെ, വിയ്യൂര്‍ ജയിലിന്റെ സ്ഥലകഥ പോലുള്ള അപൂര്‍വ്വ റഫറന്‍സുകളും ഓര്‍ക്കുന്നു. അമേച്വര്‍ സൗന്ദര്യമാണ് പ്രസംഗങ്ങള്‍ക്ക്. തനത് വകയായ നിസ്സംഗതക്കും പ്രസംഗങ്ങള്‍ തെളിവ് തരും.
സി.വി. ശ്രീരാമന്റെ അടുത്ത ബന്ധുവായ വി.കെ.ശ്രീ, സി വി ശ്രീരാമന്റെ കഥകളുടെ സമ്പൂര്‍ണ്ണ സമാഹാരം പ്രസിദ്ധം ചെയ്തയുടന്‍ അയച്ചുതന്നു. കൂട്ടാളികളുടെ പാഷനുകള്‍ ഓര്‍ക്കാറുള്ള ആള്‍ എന്നതിന് എനിക്ക് ഹാജരാക്കാനുള്ള ഒരു തെളിവാണ് ആ രണ്ട് വലിയ വാല്യങ്ങള്‍.
വേറിട്ട കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരമ്പരയില്‍ ചിന്ത രവിയുടെ സ്വാധീനമില്ല: മനുഷ്യാവസ്ഥയുടെ നാടകീയത എന്നതാണ്, പ്രകടമായ ചരിത്രപരതയെക്കാള്‍ അതിലെ അദ്ധ്യായങ്ങള്‍ അവതരിപ്പിക്കുന്ന ദര്‍ശനം. അതേസമയം വ്യവസ്ഥയോട് പൊരുത്തപ്പെട്ട് ജീവിക്കുന്നവരുടെ ജീവിതങ്ങള്‍ എത്രമാത്രം മുഷിപ്പനും നിറംകെട്ടതുമാണെന്നുകൂടി അവ അന്യഥാ അറിയിപ്പുതരുന്നുണ്ട്. ആ വേറിട്ട ജീവിതങ്ങള്‍ പോലെ ആ ഷോയും വിപുലമായ അര്‍ത്ഥത്തില്‍ വ്യവസ്ഥാവിമര്‍ശനമാണ്. അവയുടെ ലിഖിതരൂപങ്ങള്‍ പുസ്തകങ്ങളായി വന്നു. ഉറപ്പുള്ള, ദുര്‍മേദസ്സില്ലാത്ത, പ്രകടനപരത കുറഞ്ഞ ഭാഷയുടെ ശാലകളാണ് ആ പുസ്തകങ്ങള്‍. മലബാര്‍ ജേണല്‍ എന്ന വെബ് തട്ടില്‍ വി.കെ. ശ്രീ അവതരിപ്പിച്ച ആത്മാഖ്യാനങ്ങള്‍ക്കും ദേശാഭിമാനി വാരിക പ്രസിദ്ധം ചെയ്ത (സുമംഗല കെ.വി. നടത്തിയ) വിശദമായ ഇന്റര്‍വ്യൂവിനുമെല്ലാം ഈ ഗുണം ഉണ്ട്.
കോവിഡും ചൂടും കൂട്ടായി ഭരിക്കാന്‍ തുടങ്ങിയ സമയത്ത് മനഃസമാധാനത്തിന് വേണ്ടി വൈദ്യോപദേശം തേടിയപ്പോള്‍ പറഞ്ഞുതന്ന ഒരു കാര്യം എളുപ്പത്തില്‍ എഴുതാവുന്നത് എഴുതുക എന്നതാണ്. അനുസരിച്ചു. പലജാതി ഓര്‍മ്മകള്‍ എഴുതുവാന്‍ തുടങ്ങി. പുസ്തകമാക്കാന്‍ അവസരം വന്നപ്പോള്‍ അവതാരിക വേണം എന്ന് തീരുമാനമായി. വി.കെ ശ്രീ അപേക്ഷ സ്വീകരിച്ച് എഴുതിത്തന്നു. സ്വന്തം നാട്ടിലെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് പുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്കും തത്ത്വത്തിലേക്കും എത്തുന്ന ഒതുക്കമുള്ള എഴുത്ത്.
അത് 'പേരുകള്‍, പെരുമാറ്റങ്ങള്‍ 'എന്ന ആ പുസ്തകത്തിന് വേറിട്ട ഭംഗി നല്‍കി എന്നാണ് തോന്നല്‍. 'കുഞ്ഞമ്പു മാഷും ഇംഗ്ലീഷ് വാക്കും ' എന്ന തമാശപ്പുസ്തകത്തിനായി ചില ചിത്രങ്ങള്‍ (2018 ല്‍ ) വരച്ചുതന്നതും ഓര്‍ക്കുന്നു. സൗഹൃദത്തെ എത്രയും വിലമതിക്കുന്നയാളാണ് വി.കെ.ശ്രീ എന്ന് എഴുതിയൊപ്പിട്ട് തരാം.
1953- ലാണ് വി കെ. ശ്രീരാമന്‍ ജനിക്കുന്നത്. ഏപ്രില്‍ 28ന് 'ഞാറ്റുവേല'യുടെ മേല്‍നോട്ടത്തില്‍ കുന്നംകുളത്തു വെച്ച് ഒരു സപ്തതി സമ്മേളനം നടക്കുന്നുണ്ട്. 'കെ.എന്‍. ഷാജി എഡിറ്റ് ചെയ്ത 'വേറിട്ട ശ്രീരാമന്‍ ' എന്ന പുസ്തകത്തിന്റെ പ്രകാശനവും ഒപ്പം ഉണ്ട്. ചേരാന്‍ ആഗ്രഹമുണ്ട്. പക്ഷെ സാധിക്കില്ല. മകന്‍ കുഞ്ചുവിന്റെ കല്യാണം 30 നാണ്. വീട്ടില്‍ നിന്ന് ഈ ദിവസമൊന്നും വിട്ടുനില്‍ക്കാന്‍ പറ്റുന്നില്ല. ഈ കുറിപ്പ്, ഹാജരാവാതിരിക്കുന്നതിന് പകരമൊന്നുമല്ല. ഓര്‍മ്മകള്‍, വന്നവഴിക്ക് എഴുതിവെച്ചുവെന്ന് മാത്രം.
Content Highlights: V.K Sreeraman, E.P Rajagopalan, K.N Shaji, Mathrubhumi Books