കമ്പിളികണ്ടത്തെ കല്‍ഭരണികള്‍' വീണുപോയവരുടെ പ്രതീക്ഷയുടെ സുവിശേഷം – ബാബു അബ്രഹാം

കോഴിക്കോട്: വക്കുപൊട്ടി, ചെളിപുരണ്ടിരിക്കുന്നതായിരിക്കും പലരുടെയും ജീവിതം. അവര്‍ക്ക് സ്വപ്നത്തിന് സാധ്യതയുണ്ടെന്നുപറയുകയാണ് 'കമ്പിളികണ്ടത്തെ കല്‍ഭരണികള്‍'. വീണുപോയവരുടെ സുവിശേഷമാണിത്. അതുകൊണ്ടുതന്നെ പ്രതീക്ഷയുടെ സുവിശേഷമാണെന്ന് എഴുത്തുകാരന്‍ ബാബു അബ്രഹാം പറഞ്ഞു. മാതൃഭൂമി ബുക്‌സ് നടത്തിയ മുഖാമുഖത്തില്‍ ഫാ. ജോണ്‍ മണ്ണാറത്തറയുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
എന്തെല്ലാം വിജയം അവകാശപ്പെടുമ്പോഴും വാതില്‍ക്കല്‍ കല്ലുരുട്ടിവെച്ച് അകത്ത് ഇരുട്ടാക്കിയ സമയമുണ്ടാകും. ആ കല്ല് ഒന്ന് തട്ടിമാറ്റിയാല്‍ വെളിച്ചംവരും. നിങ്ങള്‍ക്ക് മാലാഖയായി മാറാന്‍പറ്റും. ഇരുണ്ടതുരങ്കത്തിലൂടെ പോകുമ്പോള്‍ അപ്പുറത്തൊരുവെട്ടമുണ്ടെന്ന പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ബാബു അബ്രഹാം പറഞ്ഞു.
എന്റെ അമ്മ മേരിക്കുള്ള കൃതജ്ഞതാബലിയാണ് ഈ പുസ്തകം. എന്നെ നായകനാക്കാനാണ് ഞാന്‍ നോക്കിയത്. പക്ഷേ, മേരി നായികയായി. ഞാന്‍ സഹനടനുമായെന്ന് ബാബു അബ്രഹാം പറഞ്ഞു. മാതൃഭൂമി ബുക്‌സ് കോപ്പി റൈറ്റര്‍ എം.എം. അനന്തു, ദേവഗിരി കോളേജ് മലയാളവിഭാഗം മേധാവി ഫാ. സുനില്‍ ജോസ് എന്നിവര്‍ സംസാരിച്ചു.