അരുണ്‍ ഷൂരിയുടെ പുസ്തകം 'അനായാസേന മരണം' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു

അരുണ്‍ ഷൂരി, പുസ്തകത്തിന്റെ കവര്‍ പേജ് | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍
അരുണ്‍ ഷൂരി, പുസ്തകത്തിന്റെ കവര്‍ പേജ് | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍

കോഴിക്കോട്: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ ഷൂരി രചിച്ച 'അനായാസേന മരണം' എന്ന പുസ്തകം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ 'Preparing for Death' എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് ഈ കൃതി.

മരണമെന്ന ആത്യന്തികയാഥാര്‍ഥ്യത്തെ സമചിത്തതയോടെ അഭിമുഖീകരിക്കേണ്ടത് എങ്ങനെയെന്ന ദര്‍ശനം ഈ പുസ്തകത്തില്‍ വിശദമാക്കുന്നു. 

ബുദ്ധന്‍, രാമകൃഷ്ണപരമഹംസന്‍, രമണമഹര്‍ഷി, ഗാന്ധിജി, വിനോബാ ഭാവേ എന്നിവരുടെ ജീവിതങ്ങളും അന്തിമദിനങ്ങളും, നമ്മുടെ മതഗ്രന്ഥങ്ങള്‍, മഹാഗുരുക്കന്മാരുടെ ഉദ്ബോധനങ്ങള്‍, മനസ്സിനെ നിയന്ത്രണാധീനമാക്കാനുള്ള അനുശീലനങ്ങള്‍ എന്നിവ പഠിച്ചും അപഗ്രഥിച്ചും സ്വാനുഭവങ്ങളിലൂടെയും മരണത്തെ നേരിടാനുള്ള സൂചനകള്‍ എഴുത്തുകാരന്‍ ഈ പുസ്തകത്തിലൂടെ വായനക്കാരിലേക്ക് പകരുന്നു. മരണത്തിന് മുന്നില്‍ വലിപ്പ ചെറുപ്പങ്ങളില്ലെന്ന യാഥാര്‍ഥ്യത്തിലേക്ക് ഈ കൃതി വിരല്‍ ചൂണ്ടുന്നുണ്ട്. 

'താന്‍ തിരഞ്ഞെടുത്ത വിഷയത്തിന്റെ സങ്കീര്‍ണത വായനക്കാരനില്‍ വിപ്രതിപത്തിയുണ്ടാക്കിയേക്കാം എന്ന മുന്നാലോചനയോടെ ആ പ്രതിസന്ധിയെ അതിവിദഗ്ദമായി മറികടക്കാന്‍ സഹായിക്കുന്ന ഒരു രീതിശാസ്ത്രമാണ് അരുണ്‍ ഷൂരി ആഖ്യാനത്തില്‍ സ്വീകരിച്ചിട്ടുള്ളത്' - പുസ്തകത്തിന്റെ പരിഭാഷകന്‍ എന്‍. സുനില്‍ കുമാര്‍ കുറിക്കുന്നു.

പുസ്തകം ഓണ്‍ലെനായി വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക

.

Content Highlights: About Arun Shourie's book translation Anayasena maranam published