'സിനിമാസെറ്റില്‍ ഉരുളയ്ക്കുപ്പേരിപോലെ മറുപടി; അവളെ ഇത്രത്തോളം സങ്കടപ്പെടുത്തിയത് എന്തായിരിക്കും?'

അഭിനയപ്രതിഭ സത്യന്റെ ജീവിതവും സിനിമയും വിഷയമായ നോവലാണ് രാജീവ് ശിവശങ്കര്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സത്യം'. ഒരു ഭാഗം വായിക്കാം...
1970, ഓഗസ്റ്റ്, മദിരാശി
'സത്യന്‍ മാസ്റ്ററേ...'
ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ നെഞ്ചത്തടിച്ചൊരു പൊട്ടിക്കരച്ചില്‍
'ആരാ...എന്താ?'
'ഞാനാ സത്യന്‍ മാസ്റ്ററേ... വിജയശ്രീ...'
'എന്തുപറ്റി മോളേ?'
'എല്ലാരുംകൂടി എന്നെ ചതിച്ചു മാസ്റ്ററേ... ഞാന്‍ വിഷംകഴിച്ചു ചാവാന്‍ പോവാ...'
'എന്താ പ്രശ്‌നം?'
'അപ്പോ... മാസ്റ്റര്‍ ഒന്നുമറിഞ്ഞില്ലേ?'
'ഇല്ല... എന്തുപറ്റി?'
'എന്റെ ജീവിതം തീര്‍ന്നു മാസ്റ്ററേ... എനിക്കുവയ്യ അതു പറയാന്‍... മാസ്റ്റര്‍ ഉദയായിലൊന്നുവിളിച്ചു ചോദിക്ക്. ഇല്ലെങ്കില്‍ നാട്ടില്‍ ഒതേനന്റെ മകന്‍ കണ്ട പരിചയക്കാരോടൊന്നു ചോദിക്ക്...'
നിലവിളിയോടെ ഫോണ്‍ കട്ടായി. ഇന്ന് ഓഗസ്റ്റ് പതിനാലാണെന്ന് അപ്പോഴാണ് ഓര്‍ത്തത്. ഉദയായുടെ ഒതേനന്റെ മകന്‍ റിലീസ് ചെയ്യുന്ന ദിവസം. സാധാരണ പടം റിലീസ് ചെയ്താല്‍ മാറ്റിനി കഴിയുമ്പോള്‍ ചാക്കോച്ചന്റെയും ശാരംഗപാണിയുടെയും വിളി വരുന്നതാണ്. ഇന്നു പക്ഷേ, ഫസ്റ്റ്‌ഷോയുടെ നേരമായിട്ടും ആരും വിളിച്ചില്ല. താനും ഓര്‍ക്കാതെപോയത് അദ്ഭുതംതന്നെ. പടം വിജയിച്ചില്ലെങ്കില്‍ വിതരണക്കാരുടെ ഓഫീസില്‍നിന്ന് അറിയിച്ചേനെ. അപ്പോള്‍ അതല്ല കാര്യം. ഉദയായിലേക്ക് ട്രങ്ക് കോള്‍ ബുക്ക് ചെയ്ത് സത്യന്‍ 'സുരഭി'യുടെ ബാല്‍ക്കണിയില്‍ വന്നിരുന്നു.
രാവിലെ ഷൂട്ടിങ്ങിന് ചെന്നപ്പോള്‍ വല്ലാത്ത തലവേദന. പിന്നാലെ വയറിളക്കവും. അതിപ്പോള്‍ ഇടയ്ക്കിടെ ശല്യപ്പെടുത്തുന്നുണ്ട്. വിശ്രമിക്കാന്‍ ഫ്‌ളാറ്റിലേക്കു പോന്നതാണ്. ഒന്നുറങ്ങിത്തുടങ്ങിയപ്പോഴാണ് ഫോണിലെ നിലവിളി. തിരുവനന്തപുരത്ത് മണക്കാട്ടുള്ള വിളക്കാട്ടുകുടുംബത്തിലെ വിജയശ്രീയെയും സഹോദരന്മാരെയും പണ്ടേ പരിചയമുണ്ട്. തിക്കുറിശ്ശി സുകുമാരന്‍നായര്‍ സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ പൂജാപുഷ്പത്തില്‍ അഭിനയിക്കുന്നതിനുമുമ്പ് അവള്‍ നേരില്‍ക്കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ഇപ്പോള്‍ ഉദയായുടെ സ്ഥിരം നടിയാണ്.
ഉരുളയ്ക്കുപ്പേരിപോലെ മറുപടിനല്‍കി സെറ്റില്‍ പറന്നുനടക്കുന്ന അവളെ ഇത്രത്തോളം സങ്കടപ്പെടുത്തിയത് എന്തായിരിക്കും? എവിടെനിന്നാണ് വിളിക്കുന്നത് എന്നുപോലും ചോദിക്കാന്‍ പറ്റിയില്ല. കപിലന്‍ കൊണ്ടുവെച്ച നാരങ്ങാച്ചായ കുടിച്ച് ബാല്‍ക്കണിയിലിരിക്കുമ്പോള്‍ വീണ്ടും ഫോണ്‍ ബെല്ലടിച്ചു. ട്രങ്ക്‌കോള്‍ കണക്ട് ആയി. അപ്പുറത്ത് ശാരംഗപാണിയായിരുന്നു.
'എന്താ ശാരംഗാ സംഭവം? വിജയശ്രീക്ക് എന്താ പറ്റിയത്?'
'മാസ്റ്ററെ വിളിച്ചിരുന്നോ?'
'ഉവ്വ്.'
'ഒരു അബദ്ധം പറ്റി. പടത്തിലെ കുളിസീനില്‍ ചെറിയൊരു പ്രശ്‌നം.'
'എന്തു പ്രശ്‌നം?' ശാരംഗപാണി പരുങ്ങി.
'ആ കുട്ടിയുടെ നെഞ്ചത്തുനിന്ന് തുണി മാറിപ്പോയി. ഇത്തിരി മോശപ്പെട്ടരീതിയില്‍ത്തന്നെ.'
'എന്നിട്ട്? ആരും ശ്രദ്ധിച്ചില്ലേ? എഡിറ്റിങ് ടേബിളിലും കണ്ടില്ലേ?'
'ഡയറക്ടറും കണ്ടില്ല ക്യാമറാമാനും കണ്ടില്ല... എഡിറ്ററും കണ്ടില്ല... പ്രിവ്യൂ കണ്ട ഞാനും ശ്രദ്ധിച്ചില്ല. എന്തിനു സെന്‍സര്‍ബോര്‍ഡുകാര്‍ പോലും കണ്ടില്ല.'
'പിന്നിതാരാ കണ്ടത്?' കോപം വാക്കുകളെ വിറപ്പിച്ചു.
'പടം കൊട്ടകയില്‍ ചെന്നപ്പോള്‍ തറട്ടിക്കറ്റുകാര്‍... മാറ്റിനി കഴിഞ്ഞപ്പഴേക്കും വിവരമറിഞ്ഞ് ആളുകള്‍ ഇടിച്ചുകയറി.'
'എന്നിട്ട്?'
'എല്ലാതീയേറ്ററിലും വിളിച്ചുപറഞ്ഞ് ആ സീന്‍ മുറിച്ചുമാറ്റിയിട്ടുണ്ട്.'
'മുറിച്ചുമാറ്റിയെന്ന് എന്താ ഉറപ്പ്?'
'ഫസ്റ്റ്‌ഷോ കാണാന്‍ നമ്മടെ ആളുകളെ എല്ലായിടത്തേക്കും വിട്ടിട്ടുണ്ട്.'
'ഒരു പെണ്‍കൊച്ചിന്റെ ജീവിതംവെച്ചാണ് കളിക്കുന്നത്... മോശമായിപ്പോയി. സത്യത്തില്‍ ആരും ശ്രദ്ധിക്കാഞ്ഞതാണോ അതോ കിട്ടുന്ന കാശിങ്ങു പോരട്ടെയെന്നുവെച്ച് കണ്ടിട്ടും കണ്ണടച്ചതാണോ?'
'അയ്യോ അല്ല. കാണാതെപോയതാണ്.'
'ശാരംഗന്‍ കാണാതെപോയെന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കും. പക്ഷേ, ചാക്കോച്ചന്‍ കാണാതെ പോയെന്നു കരുതാന്‍ പ്രയാസം.'
'സത്യമാണ് മാസ്റ്ററേ.'
'താന്‍ എത്രയുംവേഗം ആ വിജയശ്രീയുടെ വീട്ടില്‍ചെന്ന് കാര്യം പറഞ്ഞുമനസ്സിലാക്കി സമാധാനിപ്പിക്ക്. അല്ലെങ്കില്‍ അവളെന്തെങ്കിലും കടുംകൈ ചെയ്യും.'
'മുതലാളി അങ്ങോട്ടു പോയിട്ടുണ്ട്.'
സത്യന്‍ ഫോണ്‍വെച്ചു.
തലേരാത്രി വായിച്ചു പകുതിയാക്കിവെച്ച അരനാഴികനേരത്തിന്റെ തിരക്കഥയെടുത്തു. പാറപ്പുറത്തിന്റെ അദ്ഭുതപ്പെടുത്തുന്ന കഥാപാത്രസൃഷ്ടി. തൊണ്ണൂറ് സംവത്സരം ജീവിച്ച മാഞ്ഞൂര്‍കോണത്തെ കുഞ്ഞേനാച്ചന്റെ ജീവിതം ഭ്രമിപ്പിക്കുന്നു. അയാള്‍ തന്റേടിയാണ്. ആരു പറഞ്ഞാലും അനുസരിക്കാത്ത സ്വഭാവം. ഒരുദിവസം മക്കളുടെ വീട്ടില്‍ പോയി മടങ്ങിവരുംവഴി ഉടല്‍ തളര്‍ന്ന് പെരുവഴിയില്‍ വീണു. പിന്നെ ജീവിതം കിടക്കയിലായി. അയാളുടെ കാഴ്ചയിലൂടെയും ഓര്‍മയിലൂടെയുമാണ് കഥ വളരുന്നത്.
'വായിച്ചത് മതി സാറേ...'കപിലന്‍ വന്ന് തിരക്കഥ വാങ്ങിവെച്ചു.
'കഞ്ഞി റെഡിയായിട്ടുണ്ട്. അതുകുടിച്ച് നേരത്തേ കിടക്ക്.'
'കപിലാ ഞാന്‍ മരിച്ചാല്‍ നീ എന്തു ചെയ്യും?'
'അയ്യോ... ഇങ്ങനൊക്കെ ചോദിക്കുന്നതെന്തിനാ?'
'എന്നായാലും മരിക്കണമല്ലോ...നീ പറ.'
'എനിക്കറിയില്ല സാറേ.'
'ഞാന്‍ പറയാം. കുറച്ചുദിവസം സങ്കടപ്പെടും. പിന്നെ നിനക്ക് എന്നെപ്പോലെ വേറൊരു സാറിനെ കിട്ടും. നീ അയാളുടെ ഡ്രൈവറാകും. അയാള്‍ക്കു കഞ്ഞിവിളമ്പും.'
'എന്തൊക്കെയാ ഈ പറയുന്നത്?' കപിലന്‍ സങ്കടപ്പെട്ടു.
'സത്യം. ഇത്രേയുള്ളൂ കപിലാ ജീവിതം. ഞാന്‍ മരിച്ചാല്‍ മലയാളസിനിമ ഇല്ലാതാവുകയൊന്നുമില്ല. എന്നെവെച്ച് പടം ചെയ്യാന്‍ പണം മുടക്കിയ കുറേപ്പേര്‍ക്ക് നഷ്ടമുണ്ടാകും. സിനിമയില്‍ എന്നേക്കാള്‍ മിടുമിടുക്കരായ വേറെ ആളുകള്‍ വരും.'
'പക്ഷേ, അവരാരും സത്യന്‍മാസ്റ്ററാവില്ലല്ലോ...' കപിലന്റെ ശബ്ദം ഇടറി.
കെഴക്ക് കെഴക്കൊരാന
പൊന്നണിഞ്ഞു നില്‍ക്കണ്
ആലവട്ടം വെഞ്ചാമരം
താലി പീലി നെറ്റിപ്പട്ടം...
എഴുപത്തിയൊന്നു കഴിഞ്ഞ ദാമോദരന്‍ മുതലാളി ചെറുപ്പക്കാരിയായ ഭാര്യയുമൊത്ത് തന്റേതല്ലാത്ത മകനെ പാടിക്കളിപ്പിച്ചു. വീട്ടുവേലക്കാരന്‍ ബലൂണുമായി പാട്ടിനുചുവടുവെച്ചു. പാട്ടിന്റെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ സത്യനും ശാരദയും ബേബിസവിതയെ കോരിയെടുത്തു. അടൂര്‍ഭാസി രണ്ടുബലൂണുകള്‍ ഞെക്കിപ്പൊട്ടിച്ച് അവളെ പേടിപ്പിച്ചു.
ചിത്രാലയയുടെ ബാനറില്‍ തോപ്പില്‍ഭാസി എഴുതി എ. വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ത്രിവേണിയുടെ ചിത്രീകരണം രസകരമായിരുന്നു. അടുത്ത സീനിനുമുമ്പുള്ള ഇടവേളയില്‍ സത്യന്‍ തന്നെ തേടിയെത്തിയ അതിഥികളെ സ്വീകരിച്ചു. മഞ്ഞിലാസ് ഉടമ എം.ഒ. ജോസഫിന്റെയും സംവിധായകന്‍ കെ.എസ്. സേതുമാധവന്റെയും എഴുത്തുകാരന്‍ പാറപ്പുറത്തിന്റെയും അരികിലേക്ക് ചമയംപോലും മാറ്റാതെയാണ് സത്യന്‍ ചെന്നത്.
'ഞങ്ങള്‍ കെ.ജെ. ഹോസ്പിറ്റലില്‍ പോയിരുന്നു.' ജോസഫ് പറഞ്ഞു.
'ഉവ്വോ? അതിപ്പോള്‍ ഇടത്താവളമല്ലേ... വണ്ടി ഇടയ്ക്കിടെ ഷെഡ്ഡില്‍കയറേണ്ടിവരും. എനിക്കിപ്പോള്‍ വയറ്റിനൊരസുഖം. അതാണു പ്രധാനം,' പിന്നെ ചെറിയ ചിരിയോടെ ചുറ്റും നില്‍ക്കുന്നവരെ ഒളികണ്ണിട്ടുനോക്കി ഉറക്കെപ്പറഞ്ഞു, 'ശത്രുക്കള്‍ പറഞ്ഞു നടക്കുന്നത് എനിക്കു ബ്ലഡ് കാന്‍സറാണെന്നാണ്. ബ്ലഡ് കാന്‍സര്‍!'
ജോസഫും സേതുമാധവനും ചിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു.
'എന്റെ കുഞ്ഞോനാച്ചന് കുറച്ചുകൂടി പ്രായമുണ്ട്.'
വൃദ്ധന്റെ വേഷമണിഞ്ഞ സത്യനെ ഉറ്റുനോക്കി പാറപ്പുറത്ത് പറഞ്ഞു.
'കുറച്ചു കൂനുവേണം. മുടി പറ്റെ വടിക്കണം.' സേതുമാധവന്‍ കൂട്ടിച്ചേര്‍ത്തു.
'സൗകര്യമില്ല.'
സത്യന്‍ ചിരിച്ചുകൊണ്ടാണു പറഞ്ഞതെങ്കിലും അത് അവരെ അസ്വസ്ഥരാക്കി.
'വായിച്ചില്ലേ അരനാഴികനേരത്തിന്റെ സ്‌ക്രിപ്റ്റ്?'
പാറപ്പുറത്ത് പരിഭ്രാന്തിയോടെ ചോദിച്ചു.
'വായിച്ചു. ഗംഭീരസ്‌ക്രിപ്റ്റ്. പക്ഷേ, കുഞ്ഞോനാച്ചനായി ഞാന്‍ പോര.'
സത്യന്‍ ചൂരല്‍ക്കസേരയിലിരുന്നു.
'അയ്യോ... സത്യന്‍മാസ്റ്ററില്ലെങ്കില്‍ ഈ പ്രോജക്ട് നടക്കില്ല.'
ജോസഫ് നെഞ്ചത്തുകൈവെച്ചു.
'അതിന് പടത്തില്‍ അഭിനയിക്കില്ലെന്നു ഞാന്‍ പറഞ്ഞോ ഔസേപ്പച്ചാ.'
'പിന്നെ ഇപ്പോ പറഞ്ഞതോ?'
'കുഞ്ഞോനാച്ചനായി ഞാന്‍ പോരെന്നല്ലേ പറഞ്ഞത്. അതിനു പറ്റിയ ഒരു നടനേ ഇപ്പോഴുള്ളൂ. കൊട്ടാരക്കര ശ്രീധരന്‍നായര്‍. എനിക്ക് അയാളുടെ മകന്‍ പാവം മാത്തുക്കുട്ടിയുടെ വേഷം മതി.'
'അയ്യോ. അതു ശരിയാവില്ല,' സേതുമാധവന്‍ തലകുടഞ്ഞു, 'ഇതു മാസ്റ്റര്‍ക്ക് അവാര്‍ഡ് നേടിത്തരാന്‍പോകുന്ന വേഷമാണ്.'
'അവാര്‍ഡൊക്കെ കിട്ടിയിട്ടും ഇനി വലിയ കാര്യമില്ല സേതൂ... എനിക്ക് വേഷം പറ്റാഞ്ഞിട്ടല്ല, ഇഷ്ടപ്പെടാഞ്ഞിട്ടുമല്ല. എന്നേക്കാള്‍ ഭംഗിയായി അത് ശ്രീധരന്‍നായര്‍ക്കു ചെയ്യാനാവും എന്നു തോന്നിയതുകൊണ്ടാണ്.'
'ശ്രീധരന്‍നായരെ കൈകാര്യം ചെയ്യാന്‍ എനിക്കു പറ്റില്ല.'
സേതുമാധവന്‍ മുഖം ചുളിച്ചു.
'അതൊക്കെ ഞാന്‍ ശരിയാക്കാം.' സത്യന്‍ വാക്കു നല്‍കി.
'മൂക്കുമുട്ടെ കുടിച്ചിട്ട് ക്യാമറയ്ക്കു മുന്നില്‍ വരാന്‍ ഞാന്‍ സമ്മതിക്കില്ല.'
'സമ്മതിക്കരുത്. കാര്യങ്ങളൊക്കെ ഞാന്‍ അങ്ങേരോട് പറഞ്ഞോളാം. ഔസേപ്പച്ചന്‍ നോവലോ സ്‌ക്രിപ്‌റ്റോ ശ്രീധരന്‍നായര്‍ക്കെത്തിച്ചുകൊടുക്ക്. ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ കണ്ട് സംസാരിച്ചോളാം. ഷൂട്ടിങ് തുടങ്ങിയാല്‍ കഴിയുന്നതുവരെ തുള്ളി മദ്യംപോലും കഴിക്കരുതെന്ന് കര്‍ശനമായി പറയാം. വേണമെങ്കില്‍ അതും എഗ്രിമെന്റില്‍ എഴുതിച്ചേര്‍ത്തോളൂ...' സത്യന്‍ ചിരി ആയുധമാക്കി.
'എന്നാലും മാസ്റ്ററെ ആ വേഷത്തില്‍ ഞങ്ങള്‍ സങ്കല്‍പ്പിച്ചുപോയിരുന്നു.'
പാറപ്പുറത്ത് പറഞ്ഞു.
'അതു മാറ്റി ഇനി ശ്രീധരന്‍നായരെ സങ്കല്‍പ്പിച്ചാല്‍ പ്രശ്‌നംതീരില്ലേ. ഫിലിമിലൊന്നുമല്ലല്ലോ, മനസ്സിലല്ലേ പതിപ്പിച്ചത്...' സത്യന്‍ എഴുന്നേറ്റു,' എനിക്ക് ഷൂട്ട് കഴിഞ്ഞ് ഹോസ്പിറ്റലില്‍ പോകണം. റീച്ചാര്‍ജിനു സമയമായി. ശ്രീധരന്‍നായരോട് കഥ വായിച്ച് സമ്മതമെങ്കില്‍ എനിക്കൊരു ടെലിഗ്രാമയക്കാന്‍ പറഞ്ഞേക്കൂ...'
അസോസിയേറ്റ് ഡയറക്ടര്‍ മേലാറ്റൂര്‍ രവിവര്‍മ്മയും കെ. സുകുമാരനും കൂടി പരീക്ഷാഹാളിലേക്കുപ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളെപ്പോലെ ഫയലുമായി പതുങ്ങിവന്നു.
'സത്യന്‍സാര്‍... അടുത്തത് പടത്തിന്റെ ക്ലൈമാക്‌സ് സീനാണ്.'
'എന്നുവെച്ചാല്‍ എന്റെ മരണം അല്ലേ...'
രവിവര്‍മ്മയും സുകുമാരനും തലകുനിച്ചു. കുഴിയിലേക്കെടുക്കേണ്ട കാലത്ത് പതിനേഴുകാരിയെ വിവാഹം കഴിച്ച് നാട്ടുകാരെ ഞെട്ടിച്ച ത്രിവേണിയിലെ ദാമോദരന്‍ മുതലാളി ഗംഭീര കഥാപാത്രമാണ്. മൗറീസ് ഷെവലിയറുടെ ഫ്രഞ്ച് കഥയായ 'ഫാന്നി'യാണ് തോപ്പില്‍ഭാസിയുടെ പ്രതിഭയിലൂടെ രൂപം മാറി ത്രിവേണിയായതെന്ന് ഒരാളും മനസ്സിലാക്കില്ല.
കലാസംവിധായകന്‍ കെ.പി. ശങ്കരന്‍ കെട്ടിയൊരുക്കിയ ഹോട്ടല്‍മുറിയുടെ സെറ്റ് ഒറിജിനലിനെ വെല്ലുന്നതായിരുന്നു.
മുഴുനീള വര്‍ണചിത്രമായിരുന്നതിനാല്‍ ചുമരിലെ ചായം മുതല്‍ കിടക്കവിരി വരെ വര്‍ണശബളമായിരുന്നു. വിരിച്ചിട്ട കിടക്കയില്‍ മരണം കാത്തുകിടക്കുന്ന ദാമോദരന്‍ മുതലാളിയായി, സത്യന്‍ മലര്‍ന്ന് കിടന്നപ്പോള്‍ സംവിധായകന്‍ വിന്‍സെന്റ് കണ്ണുതുടച്ചു. ശിവരാമനും തങ്കമ്മയുമായി വേഷമിടുന്ന പ്രേംനസീറും ശാരദയും കിടക്കയുടെ വശത്ത് ഒതുങ്ങിനിന്നു.
'എന്റെ മരണത്തിന്റെ റിഹേഴ്‌സലാണെന്ന് കൂട്ടിയാല്‍ മതി റാഹേല്‍ക്കൊച്ചേ...'
ശാരദയെനോക്കി സത്യന്‍ കണ്ണടച്ചു ചിരിച്ചു.
'അങ്ങനൊന്നും പറയാതെ.' പ്രേംനസീര്‍ ശാസിച്ചു. ഛായാഗ്രാഹകന്‍ സൂര്യപ്രകാശ് ഉറപ്പിച്ച ഫ്രെയിം വിന്‍സെന്റ് ഒരിക്കല്‍ക്കൂടി പരിശോധിച്ചു.
'ഡയലോഗ് ഇനിയും വായിക്കണോ?' രവിവര്‍മ ചോദിച്ചു.
'വേണ്ട.' നസീറും ശാരദയും പറഞ്ഞു.
സംവിധായകന്‍ നിര്‍ദ്ദേശം നല്‍കിയതോടെ ക്യാമറ ചലിച്ചുതുടങ്ങി. സത്യന്‍, നിമിഷനേരംകൊണ്ട് ദാമോദരന്‍ മുതലാളിയായി പരകായപ്രവേശം നടത്തി. പീളകെട്ടിയ കണ്ണുതുടച്ച് മുതലാളി എല്ലാവരെയും നോക്കി.
'എന്റെ വില്‍പ്പത്രം....'
മുതലാളി കൈനീട്ടി. വേലക്കാരന്‍ വില്‍പ്പത്രം നീട്ടി.
'എന്റെ എല്ലാ സ്വത്തുക്കളും എന്റെ മകന് കൊടുക്കുന്നു.'
തങ്കമ്മയും മകനും കൂടി അതേറ്റുവാങ്ങി.
'എന്റെ മകനെ ഞാന്‍ അവന്റെ അച്ഛന് കൊടുത്തിരിക്കുന്നു.'
വളര്‍ത്തിവലുതാക്കിയ മകനെ മുതലാളി ശിവരാമനു നീട്ടി. അതിരറ്റ ആഹ്ലാദത്തോടെയും അവിശ്വസനീയതയോടെയും അയാള്‍ അവനെ ഏറ്റുവാങ്ങി.
'കൂടാതെ....'
മുതലാളിയുടെ വാക്ക് മുറിഞ്ഞു. തങ്കമ്മ കാതടുപ്പിച്ചു. വേലക്കാരന്‍ തൊട്ടുവിളിച്ചു. അനക്കമില്ല. പ്രാണന്‍ കൂടു വിട്ടുപോയിരിക്കുന്നു. കുഞ്ഞിന്റെ കൈയില്‍നിന്നു പന്തു താഴെവീണു.
മരണവീടിന്റെ വിഷാദം സിനിമാ സെറ്റിനെ വിഴുങ്ങി. കൂടിനിന്നവരെല്ലാം കണ്ണുതുടച്ചു.
Content Highlights: Actor Sathyan's life written by Rajeev Sivasankar