ലോകം പലസ്തീനികളെ വിളിച്ചു, രാജ്യമില്ലാത്തവര്‍... അവര്‍ ഞങ്ങളെ വിളിച്ചു, നാസിഹീന്‍- നാടില്ലാത്തവര്‍

'പാസ്പോര്‍ട്ട് ഭദ്രമായി സൂക്ഷിച്ചിട്ടില്ലേ?'
'അത് പോക്കറ്റിലുണ്ട് ഉപ്പാ.'
'ഒരിക്കല്‍ കൂടി നോക്കൂ.'
'പോക്കറ്റില്‍ ഭദ്രമാണ്. നൂറുവട്ടം ഉറപ്പ്.'
തമാശ പറയല്ലേ... പിരിമുറക്കം കൂട്ടി എന്നെ കൊല്ലല്ലേ....'
'ഇതാ പാസ്പോര്‍ട്ട്. വിമാനത്താവളത്തിലേക്കുള്ള സൈന്യത്തിന്റെ പെര്‍മിറ്റും ഇതോടൊപ്പമുണ്ട്. ഗാസയില്‍ സഞ്ചരിക്കാനുള്ള പെര്‍മിറ്റിതാ. ഇറെറ്റ്സ് ചെക്ക്‌പോയിന്റിലൂടെ ഇസ്രയേലിക്ക് കടക്കാനുള്ള കാര്‍ഡും പോക്കറ്റിലുണ്ട്.'
'വിമാനം കാത്തിരിക്കാനുള്ള എട്ടു മണിക്കൂറിന്റെ പെര്‍മിറ്റ് എവിടെ?'
'അതുമുണ്ട്. ഇറെറ്റ്സ് ചെക്ക് പോയിന്റിലേക്കുള്ള കാര്‍ഡിന് സമാനമാണത്. ബേജാറാവേണ്ട ഉപ്പ. എല്ലാം ഞാന്‍ എടുത്തുവെച്ചിട്ടുണ്ട്'.
(ഗാസ പറഞ്ഞു തീരാത്ത കഥകള്‍ /റംസി ബാറൂദ്/ വിവ: പി.കെ. നിയാസ്)
രണ്ടാം 'ഇന്‍തിഫാദ'യുടെ ചരിത്രകാരനാണ് റംസി ബാറൂദ്. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമാണ്. അദ്ദേഹത്തിന്റെ ആത്മകഥയാണ് 'മൈ ഫാദര്‍ വാസ് എ ഫ്രീഡം ഫൈറ്റര്‍: ഗാസാസ് അണ്‍ടോള്‍ഡ് സ്റ്റോറി.' ഈ പുസ്തകത്തിന്റെ മലയാളം പരിഭാഷയില്‍ നിന്നുള്ളതാണ് മുകളില്‍ ഉദ്ധരിച്ച ഭാഗം. ഗാസയിലെ അഭയാര്‍ത്ഥിക്യാമ്പില്‍ കഴിയുന്ന പിതാവ് അമേരിക്കയിലേക്ക് യാത്ര പുറപ്പെടുന്ന ഗ്രന്ഥകാരനോട് സംസാരിക്കുന്ന ഭാഗമാണത്. ഈ വരികളിലൂടെ കടന്നുപോയാല്‍ മാത്രം മതി എങ്ങനെയാണ് ഒരു പലസ്തീനി ഗാസയിലോ വെസ്റ്റ് ബാങ്കിലോ കഴിയുന്നത് എന്ന് മനസ്സിലാക്കാന്‍. കുറച്ചു കിലോമീറ്ററുകള്‍ കടന്നുപോകാന്‍ എത്ര പെര്‍മിറ്റുകള്‍ വേണമെന്ന് ഈ കുറഞ്ഞ വാക്കുകള്‍ വ്യക്തമാക്കുന്നു. അതുപോലെ പ്രതിദിനം അവര്‍ എത്ര ചെക്ക്‌പോയിന്റുകളില്‍ തടയപ്പെടുമെന്നും ഇതില്‍നിന്നും എളുപ്പത്തില്‍ മനസ്സിലാക്കാം. പലസ്തീന്‍ സാഹിത്യത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ആ ജനതയുടെ എഴുത്തില്‍ ആത്മകഥകള്‍ എന്തുമാത്രം പ്രധാനപ്പെട്ടതാണെന്ന് റംസിയും പിതാവും തമ്മിലുള്ള സംഭാഷണ ശകലത്തില്‍ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ആത്മകഥകളും ഓര്‍മ്മക്കുറിപ്പുകളും പലസ്തീന്‍ സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശാഖയാണ്.
1948-ല്‍ പലസ്തീന്‍ മണ്ണില്‍ ഇസ്രയേല്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ ഇസ്രയേല്‍ പ്രഥമ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂറിയന്‍ പറഞ്ഞു: 'ഒരൊറ്റ അഭയാര്‍ത്ഥിയും തിരിച്ചു വരില്ല. വയസ്സന്‍മാര്‍ മരിക്കും, ചെറുപ്പക്കാര്‍ മറന്നേക്കും.' എന്നാല്‍ വയസ്സന്‍മാരും ചെറുപ്പക്കാരും തങ്ങളുടെ ഓര്‍മ്മകളെ മരണത്തിനും മറവിക്കും വിട്ടുകൊടുത്തില്ല. അതവരുടെ സാഹിത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി മാറുകയുംചെയ്തു. പലസ്തീന്‍ എഴുത്തുകാരന്‍ യൂസഫ് കാന്‍ഫര്‍ ഇങ്ങനെ പറഞ്ഞു: 'കലയും സാഹിത്യവും പലസ്തീനിലെ മനുഷ്യരുടെ ജീവന് രക്ഷയാകുമോ? ഇല്ല, പക്ഷെ ആത്മാവിന് രക്ഷയായി മാറും.' ഇന്ന് പലസ്തീന്‍ സാഹിത്യത്തെ സമീപിക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്ന വേദനാജനകമെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പ്രതികരണമാണ് കാന്‍ഫര്‍ ഈ പ്രസ്താവനിയിലൂടെ പങ്കുവെക്കുന്നത്.
'യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോള്‍ നാടിനുപുറത്തായിപ്പോകുന്നവര്‍ തിരികെ വരാനുള്ള അനുമതിക്കായി സകല വഴിക്കും ശ്രമിക്കും. പലസ്തീനിലുള്ള ബന്ധുക്കള്‍ വഴിയും റെഡ്ക്രോസ് വഴിയും എല്ലാം. എന്റെ സഹോദരന്‍ മജീദിനെപ്പോലെ ചിലര്‍ അപകടകരമായി ഒളിച്ചു കടക്കാനും ധൈര്യപ്പെട്ടെന്നു വരും. നൂറുകണക്കിന് വൃദ്ധജനങ്ങളേയാണ് ഇസ്രയേല്‍ മടങ്ങാന്‍ അനുവദിക്കുന്നത്. നൂറു കണക്കിന് ചെറുപ്പക്കാരെ തടയുകയും ചെയ്യുന്നു. ലോകം ഞങ്ങള്‍ക്കൊരു പേരു തന്നു, അവര്‍ ഞങ്ങളെ വിളിച്ചു, നാസിഹീന്‍-നാടില്ലാത്തവര്‍. നാടുമാറ്റപ്പെടുന്നത് മരണം പോലെയാണ്.' (പലസ്തീന്‍ കവി മുരീദ് ബര്‍ഗൂതിയുടെ ആത്മകഥയായ റാമല്ല ഞാന്‍ കണ്ടുവില്‍ നിന്ന്/വിവര്‍ത്തനം: അനിത തമ്പി). വിഖ്യാത ചിന്തകനും പലസ്തീന്‍ പ്രവാസിയുമായിരുന്ന എഡ്വേഡ് സൈദിന്റെ ആത്മകഥ ഔട്ട് ഓഫ് പ്ലെയിസില്‍ അദ്ദേഹം എഴുതുന്നു: 'ഓരോ കുടുംബവും തങ്ങളുടെ മാതാപിതാക്കളേയും മക്കളേയും കണ്ടെത്തുന്നു. പിന്നീട് കഥകള്‍ പങ്കുവെക്കുന്നു. അതിലൂടെ കഥാപാത്ര-സ്വഭാവ രൂപീകരണം നടത്തുന്നു, സ്വന്തം ഭാഷയുണ്ടാക്കുന്നു.'
പലസ്തീനി എഴുത്തുകാരികളുടെ ആത്മകഥളും ഓര്‍മ്മക്കുറിപ്പുകളും ഈ ശാഖയില്‍ മുന്‍നിരയിലുണ്ട്. അതില്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ രണ്ട് പുസ്തകങ്ങള്‍ സാക്ഷാത്കരിച്ചത് ഗദ കാര്‍മിയാണ്. ഇന്‍ സെര്‍ച്ച് ഓഫ് ഫാത്തിമ, റിട്ടേണ്‍ എന്നിവയാണ് ആ പുസ്തകങ്ങള്‍.
ഇസ്രയേല്‍ സ്ഥാപിക്കപ്പെട്ടതിനു തൊട്ടു പിന്നാലെ 1948-ല്‍ പലസ്തീന്‍ വിട്ടുപോകേണ്ടിവന്ന കുടുംബത്തിലെ അംഗമാണ് ഗദ കാര്‍മി. തങ്ങള്‍ക്ക് വൈകാതെ മടങ്ങിവരാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ വീട് ഫാത്തിമ എന്ന തങ്ങളുടെ വേലക്കാരിയെ ഏല്‍പ്പിച്ചാണ് കുടുംബം ലണ്ടനിലേക്ക് പോകുന്നത്. എന്നാല്‍ ഒരിക്കലും ഗദയുടെ കുടുംബത്തിന് മടങ്ങിവരാന്‍ കഴിഞ്ഞില്ല. ഇതിനിടെ യുവതിയായിക്കഴിഞ്ഞ ഗദ ഒരു ബ്രിട്ടീഷുകാരനെ വിവാഹം ചെയ്യുന്നു. അവര്‍ക്കിടയില്‍ സാംസ്‌ക്കാരിക സംഘര്‍ഷങ്ങള്‍ മുറുകുന്നു. 1967-ല്‍ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ വിജയിക്കുകയും ഗദയും ഭര്‍ത്താവും തമ്മിലുള്ള സാംസ്‌ക്കാരിക അകലം വര്‍ദ്ധിക്കുകയും ചെയ്തു. ഈ അടുത്ത് ആ സന്ദര്‍ഭത്തെക്കുറിച്ച് അവര്‍ ഇങ്ങനെ എഴുതി: 'ഇസ്രയേല്‍ യുദ്ധത്തില്‍ വിജയിച്ചപ്പോള്‍ ഇംഗ്ലീഷുകാരായ സഹപ്രവര്‍ത്തകരും ഇംഗ്ലീഷുകാരനായ ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവും പൂര്‍ണ്ണമായും ഇസ്രയേലിന്റെ ഭാഗത്തായി. ഞങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക സംഘര്‍ഷം പൂര്‍ത്തിയായി. ഞങ്ങള്‍ പിരിഞ്ഞു.' ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം ടൂറിസ്റ്റ് വിസയില്‍ തന്റെ നാട്ടിലേക്ക് യാത്രചെയ്യുന്ന അനുഭവമാണ് ഗദ കാര്‍മി ഇന്‍ സെര്‍ച്ച് ഓഫ് ഫാത്തിമയില്‍ പങ്കുവെക്കുന്നത്. ജനിച്ചുവളര്‍ന്ന വീട് (ഫാത്തിമയെ നോക്കാന്‍ ഏല്‍പ്പിച്ച വീട്) ഒരു ഇസ്രയേല്‍ കുടുംബം സ്വന്തമാക്കിയതും അവിടെയൊന്ന് കയറാന്‍പോലും പറ്റാതെ മടങ്ങേണ്ടി വരുന്നതും ഗദ ഈ പുസ്തകത്തില്‍ വിവരിക്കുന്നു.
പലസ്തീന്‍ ആത്മ(അനുഭവ)കഥകളുടെ കൂട്ടത്തില്‍ തീര്‍ത്തും വേറിട്ടു നില്‍ക്കുന്നതാണ് സുആദ് അമിരിയുടെ ജീവനല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല: മുറാദുമൊത്ത് 18 മണിക്കൂര്‍ യാത്ര (Nothing to lose But your life: An 18 hour Journey with Murad). പലസ്തീനില്‍ നിന്ന് രേഖകളില്ലാതെ ഇസ്രയേല്‍ പ്രദേശങ്ങളില്‍ വന്ന് ജോലി ചെയ്ത് കൂലി വാങ്ങി മടങ്ങുന്ന പലസ്തീന്‍ യുവാവ് മുറാദിനൊപ്പമുള്ള എഴുത്തുകാരി സുആദിന്റെ യാത്രയുടെ ചോരയുറച്ചു പോകുന്ന അനുഭവമാണ് ഈ പുസ്തകം പങ്കുവെക്കുന്നത്. ഇസ്രയേല്‍ സേനയുടെ വെടിയുണ്ടകള്‍ക്കിടിയിലൂടെ നിത്യജീവിതത്തിനുള്ള വക കണ്ടെത്താന്‍ മുറാദ് നിത്യമെന്നോണം നടത്തുന്ന യാത്ര എത്രയോ വര്‍ഷങ്ങളായി ഉപരോധിക്കപ്പെട്ട പലസ്തീനില്‍ കഴിയുന്ന സാധാരണ മനുഷ്യരുടെ ജീവിതം എവ്വിധത്തിലുള്ളതാണെന്ന് തുറന്നുകാണിക്കുന്നതാണ്. പലസ്തീന്‍ മേഖലയില്‍ തൊഴിലില്ലാതാകുന്നതിനാലാണ് ഇവര്‍ക്ക് ഇസ്രയേലിലേക്ക് പോകേണ്ടി വരുന്നത്. രേഖകളില്ലാതെ വരുന്നവരെ കൊണ്ട് കുറഞ്ഞ കൂലിക്ക് പണിയെടുപ്പിക്കുന്ന ഇസ്രയേലി മാഫിയകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ഈ പുസ്തകം വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ പലസ്തീന്‍ സാഹിത്യത്തില്‍ ഇന്ന് ഏറ്റവും പ്രധാനമായി നില്‍ക്കുന്ന ശാഖയായി ആത്മകഥകള്‍/അനുഭവ കഥകള്‍ നില നില്‍ക്കുന്നു. പലസ്തീനില്‍ നിന്നും പുറത്തുപോകാന്‍ ശ്രമിക്കുന്നവരുടെ ജീവിതം, ജന്‍മനാട് സന്ദര്‍ശിക്കാന്‍ പ്രവാസികളായ പലസ്തീനികളുടെ ശ്രമം, അവിടെത്തന്നെ കഴിയുമ്പോള്‍ അവര്‍ എന്തൊക്കെ അനുഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിശദീകരണങ്ങള്‍. ഇസ്രയേല്‍ ആക്രമണങ്ങളാല്‍ നിത്യമെന്നോണം ചോരച്ചാലുകള്‍ നീന്തേണ്ടിവരുന്ന മനുഷ്യരുടെ സത്യവാങ്മൂലങ്ങളും അവരുടെ ആത്മകഥനങ്ങളില്‍ നിറഞ്ഞു. റബ്ബര്‍ ബുള്ളറ്റുകള്‍ പോലും, മനുഷ്യരെ പ്രത്യേകിച്ച് കുട്ടികളെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേല്‍ ഉപയോഗിച്ചത്.
ഇസ്രയേലി സൈന്യം ഉപയോഗിച്ചിരുന്ന റബ്ബര്‍ ബുള്ളറ്റുകള്‍ മൊത്തം 1.5 സെന്റിമീറ്റര്‍ വലുപ്പത്തില്‍ ലോഹക്കൂട്ടുകള്‍ കൊണ്ട് നിര്‍മ്മിച്ചതാണ്. ഇവ തലയോട്ടിയില്‍ തുളച്ചു കയറിയാണ് ചില കുട്ടികള്‍ മരിച്ചത്. ഇവ പതിച്ച് മുഖം വികൃതമായവരും കണ്ണു നഷ്ടപ്പെട്ടവരുമുണ്ട്' (ഗാസ പറഞ്ഞു തീരാത്ത കഥകള്‍, പേജ്-188). റബ്ബര്‍ ബുള്ളറ്റുകള്‍ മുതല്‍ രാസായുധങ്ങള്‍ വരെ ഇസ്രയേല്‍ പലസ്തീനി ജനതയ്ക്കുമേല്‍ പ്രയോഗിച്ചു. ഈ അനുഭവങ്ങള്‍ ഒരിക്കലുമുണങ്ങാത്ത മുറിവുകളായി പലസ്തീന്‍ ബോധത്തില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ മുറിവുകളില്‍ തുന്നിച്ചേര്‍ക്കുന്ന ഓര്‍മ്മകളാണ് ഓരോ പലസ്തീനിയുടെ ആത്മകഥയും.
തിരിച്ചറിയല്‍ കാര്‍ഡുകളും ആയുധങ്ങളും ഉപയോഗിച്ച് ഇസ്രയേല്‍ പലസ്തീനികളെ വിഭജിക്കുന്നു, പിന്നീട് ഇല്ലാതാക്കുന്നു. ജിദ്ദയില്‍ ജോലി ചെയ്തിരുന്ന കാലത്ത് എനിക്ക് ജാദ് അലി എന്നൊരു പലസ്തീനി സുഹൃത്തുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ അഭിമുഖം നടത്തി. ജാദ് പറഞ്ഞു: 'ഗാസയിലുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ചുവപ്പും വെസ്റ്റ് ബാങ്കിലുള്ളവരുടേത് വെള്ളയുമാണ്. കാറുകളുടെ നമ്പര്‍ പ്ലേറ്റും ഇങ്ങിനെത്തന്നെ. വെസ്റ്റ്ബാങ്കിലെ വെള്ള ഐ.ഡി കാര്‍ഡുള്ളവര്‍ക്ക് ഗാസയില്‍ പോകാന്‍ കഴിയില്ല. തിരിച്ചും അങ്ങനെത്തന്നെ. ഞാനൊരു പലസ്തീനിയാണ്. ജിദ്ദയില്‍ നിന്നും അവധിക്ക് പോകുന്നതും പലസ്തീനിലേക്കു തന്നെയാണ്. പക്ഷെ ഇതുവരേയും ഞാന്‍ ഗാസ കണ്ടിട്ടില്ല. ഇതാണ് പലസ്തീനികള്‍ക്കുമേല്‍ ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന അപ്പാര്‍ത്തിഡ്. പലസ്തീനികളുടെ തലയിലാണ് ഇസ്രയേല്‍ സൈനികര്‍ വെടിവെക്കുക. ഒരിക്കലും രക്ഷപ്പെടരുതെന്ന ഉദ്ദേശത്തോടെ. എന്റെ സുഹൃത്ത് ഒമറിനെ അടുത്ത ദിവസം അവര്‍ കൊന്നു. വെസ്റ്റ് ബാങ്കിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ ഒമറിനെ ഒരു പ്രകോപനവുമില്ലാതെ ഇസ്രയേല്‍ സൈനികര്‍ കൈയിനും കാലിനും വെടിവെച്ചിട്ടു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരേയും അനുവദിച്ചില്ല. മണിക്കൂറുകള്‍ രക്തം വാര്‍ന്ന് അവന്‍ തെരുവില്‍ കിടന്നു. പിന്നീട് അവന്റെ തലയിലേക്ക് വെടിയുണ്ട പായിച്ച് മരണം ഉറപ്പാക്കി.'
ഇത്തരത്തിലുള്ള ജീവിതാനുഭവങ്ങളും ആത്മകഥകളുമാണ് ഓരോ പലസ്തീനിയും ലോകവുമായി പങ്കുവെക്കുന്നത്. 2002-ല്‍ ഗാസ ചീന്തിലെ ഓഫീസില്‍ പൂര്‍ണ്ണമായും ഇസ്രയേല്‍ ഉപരോധത്തിലായിരിക്കുമ്പോള്‍ പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്ത് പറഞ്ഞു: 'ദുരന്താത്മകമായ നാശം ശക്തിപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഞാനും കൂടുതല്‍ ശക്തനാവുകയാണെന്ന കാര്യം ഇസ്രയേല്‍ മറക്കരുത്.' ഇതു പറയുമ്പോഴേക്കും ദീര്‍ഘകാല പോരാട്ടങ്ങളിലൂടെ അറഫാത്ത് തളര്‍ന്നു കഴിഞ്ഞിരുന്നു. 2004-ല്‍ അദ്ദേഹം മരിക്കുകയും ചെയ്തു. അറഫാത്ത് ഇന്ന് പലസ്തീനികള്‍ക്കിടയില്‍ പല നിലയിലും വിമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍ അദ്ദേഹം ഒരിക്കല്‍ പറഞ്ഞ ഈ വാക്കുകള്‍ -സുഹൃത്തുക്കളെ തെരഞ്ഞെടുക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ശത്രുക്കള്‍ നിങ്ങളെ സുഹൃത്തുക്കളാക്കിയേക്കും-ഓരോ പലസ്തീനി ആത്മകഥയിലും ഒരു നിലയിലല്ലെങ്കില്‍ മറ്റൊരു നിലയില്‍ നമ്മള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. അവയിലെമ്പാടും സൗഹൃദം നടിച്ചുള്ള ചതിയുടേയും കൊലകളുടേയും നിരവധി നേര്‍ക്കഥകള്‍ കൂടി നാം വായിക്കുന്നു.
മഹ്‌മൂദ് ദര്‍വിശ് മുതല്‍ നജ്വാന്‍ ദര്‍വിശ് വരെ
പ്രിയപ്പെട്ട ശത്രു
നിന്നെ ഞാന്‍
കൊന്നത്
സകാരണമാണ്.
നീ എന്റെ ടാങ്കുകളെ
ശല്യപ്പെടുത്തുന്നു.
(ദുരൂഹമായ സംഭവം പോലെ/ മഹ്‌മൂദ് ദര്‍വിശ്)
പലസ്തീനികള്‍ തങ്ങളുടെ ദേശീയ കവിയായി ആദരിക്കുന്ന മഹ്‌മൂദ് ദര്‍വിശിന്റെ (1941-2008) കവിതയിലെ മേലുദ്ധരിച്ച വരികള്‍ കവിതയിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്ന ദേശാനുഭവത്തിന്റെ സമാനതകളില്ലാത്ത സങ്കീര്‍ണ്ണതയെ പങ്കുവെക്കുന്നു.
'പേടമാനിന്റെ ഇരട്ടക്കുട്ടികള്‍'എന്ന കവിതയില്‍
എനിക്ക് ദേശീയ പക്ഷിയില്ല
ദേശീയ വൃക്ഷമില്ല
പൂവില്ല
ഭ്രഷ്ട് കല്‍പിച്ച
നിന്റെ തോട്ടത്തില്‍.
കവിതയും ഞാനുമാണ്
നിന്റെ ഇപ്പോഴത്തെ ദേശമാതാവ്
എന്നും ദര്‍വിശ് പറയുന്നു.
കുറുക്കനാണ് ദര്‍വിശ് കവിതകളില്‍ ഏറ്റവുമധികം പ്രത്യക്ഷപ്പെടുന്ന ജീവി. വിഖ്യാതമായ ജന്തു കഥകളിലെല്ലാം കുറുക്കന്‍ ഏതെല്ലാം രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നുവോ അതിലും കൂടിയ അളവില്‍ നിരവധി കുറുക്കന്‍മാര്‍ ഈ കവിയുടെ പ്രപഞ്ചത്തില്‍ ഓരിയിടുന്നു, കൗശലങ്ങള്‍ കാട്ടി കവിതകള്‍ തിന്നുതീര്‍ക്കുന്നു. ചിലപ്പോള്‍ സംഘം ചേര്‍ന്ന് ചെന്നായകളായി രൂപം മാറി കവിതയെ കടിച്ചുകീറുന്നു.
'നമുക്ക് ഒരു സമ്മാനം നഷ്ടമാകുന്നു' എന്ന കവിതയില്‍ ഇന്നലെകള്‍ നാളെകളാണെന്ന് പറയുന്നു. വര്‍ത്തമാനകാലത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. കാരണം വര്‍ത്തമാനത്തില്‍ ജീവിക്കാന്‍ ഒരു വീടും നാടും ഭാഷയും അനിവാര്യമാണല്ലോ. അപരിചതന്‍ കണ്ണാടിയില്‍ മറ്റൊരു അപരിചിതനെ കാണുന്നതും അവര്‍ തമ്മിലുള്ള സംസാരത്തില്‍ നില നില്‍പ്പ് എന്ന പ്രശ്നത്തിന് സാംസ്‌കാരികമായ പരിഹാരങ്ങളൊന്നുമില്ലെന്ന് പറയുന്നതും ഇതേ കവിതയില്‍ത്തന്നെയാണ്.
മാതൃരാജ്യം എന്ന യാഥാര്‍ത്ഥ്യത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ കവിതയില്‍ നിരവധി പുനഃസന്ദര്‍ശനങ്ങള്‍ ദര്‍വിശ് നടത്തുന്നുണ്ട്. വിശുദ്ധ ഗ്രന്ഥങ്ങളിലെ ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം പലപ്പോഴായി എത്തുന്നു. പ്രത്യേകിച്ച് ബൈബിള്‍, ഖുര്‍ആന്‍ സന്ദര്‍ഭങ്ങളില്‍. ഒപ്പം തന്നെ ലോകചരിത്രത്തിലെ നിരവധി അവസ്ഥകളിലും ചരിത്രം രേഖപ്പെടുത്തിയ മനുഷ്യരിലും അദ്ദേഹം പുനഃസന്ദര്‍ശനങ്ങള്‍ നടത്തുന്നു. ആയിരത്തൊന്ന് രാവുകളും ലൈലാ മജ്നുവും കലീല വ ദിംനയും ഇടക്കിടെ അദ്ദേഹത്തിന്റെ രാജ്യവിചാരങ്ങള്‍ക്ക് കൂട്ടിരിക്കുന്നത് കാണാം.
മേഘങ്ങളിലും പൂവുകളിലും നിഴലുകളിലും പ്രണയത്തിലും മുളപൊട്ടുന്ന രാജ്യങ്ങളുടെ അതിര്‍ത്തികളില്ലാത്ത വിസ്തൃതിയില്‍ അദ്ദേഹത്തിന്റെ കവിതകള്‍ നീരാടുന്നു. ആ പ്രക്രിയയാണ് അദ്ദേഹത്തെ വിമോചിപ്പിക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ കവിതകളെ പലസ്തീന്റെ ഭരണഘടനായി പരിവര്‍ത്തിപ്പിക്കുന്നത്. ഒരു രാജ്യം നഷ്ടപ്പെട്ടയാള്‍ നിരവധി രാജ്യങ്ങള്‍ അങ്ങനെ നിര്‍മ്മിക്കുന്നു. നിലവിലുള്ള ദേശ-രാഷ്ട്ര സങ്കല്‍പങ്ങളെ വെല്ലുവിളിക്കുന്നു. സ്വന്തം രാജ്യത്തിന് ഭ്രഷ്ടരാജ്യം എന്ന് പേരിട്ട് ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. ഞങ്ങളെ ഞാനായും ഞാനിനെ ഞങ്ങളായും പിരിച്ചെഴുതി ആ രാജ്യത്തെ ഭരണാധികാരിയായും ഈ കവി മാറുന്നു.
മറ്റുള്ളവരുടെ ചുമരുകളില്‍ വലിഞ്ഞുകയറി അവരുടെ നാളേകളാകാമെന്ന് 'പക്ഷികളുടെ ഉപജീവനം' എന്ന കവിതയില്‍ ദര്‍വിശ് എഴുതിയിട്ടുണ്ട്. കാലം തെറ്റി പെയ്യുന്ന മഴപോലെ, മഞ്ഞുപോലെ രാജ്യം തെറ്റി പെയ്ത മനുഷ്യനാണ് താനെന്ന് ഒരു കവിതയില്‍ അദ്ദേഹം പറയുന്നു.
'എന്തു ബാക്കിയാകും' എന്ന കവിത അവസാനിക്കുന്നത് സ്ഥലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വിസ്മരിക്കപ്പെടേണ്ടതിന്റെ ആവശ്യം മാത്രം ബാക്കിയാകുമെന്ന് പറഞ്ഞുകൊണ്ടാണ്. ദര്‍വിശ് തന്റെ ജീവിതത്തിന്റെ അവസാന ദശകങ്ങളില്‍ എഴുതിയ കവിതകള്‍ മുന്‍കാല കവിതകളേക്കാള്‍ കൂടുതലായി മാതൃരാജ്യം, ദേശ-രാഷ്ട്രം എന്ന പ്രശ്നത്തെ കേന്ദ്രീകരിച്ചു. തന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രമേയം ഇതുതന്നെയാണെന്ന് അദ്ദേഹം ഇതുവഴി വായനക്കാരെ നിരന്തരമായി ഓര്‍മ്മിപ്പിച്ചു. ഭ്രഷ്ടന്റെ കവിതകള്‍ക്ക് 'ചിത്രശലഭങ്ങളുടെ ചുമട്' എന്നാണ് അദ്ദേഹം പേരിട്ടത്. അത്തരമൊരുപമ ലോകസാഹിത്യത്തില്‍ത്തന്നെ തീര്‍ത്തും അപൂര്‍വ്വമായ ഒന്നാണ്.
ദര്‍വിശ് ഒരിക്കല്‍ പറഞ്ഞു: 'എന്റെ അമ്മ' എന്ന കവിത ഞാനെഴുതിയത് ഇസ്രയേല്‍ ജയിലില്‍ വെച്ചായിരുന്നു. സത്യത്തില്‍ ആ കവിത അമ്മയെ കാണാന്‍ കഴിയാത്തതിലുള്ള ദുഃഖത്തില്‍നിന്നു പിറന്നതാണ്. കവിതയിലെ അമ്മ സ്വന്തം അമ്മ തന്നെയാണെന്നര്‍ഥം. ജയില്‍ മോചിതനായി പുറത്തുവന്നപ്പോള്‍ തെരുവില്‍ ആ കവിത ആളുകള്‍ ആവേശത്തോടെ ചൊല്ലുന്നതു കേട്ടു. സംഗീതം പകര്‍ന്ന് കിട്ടിയ രൂപത്തിലാണ് ജനങ്ങള്‍ ആ കവിത ചൊല്ലിയിരുന്നത്. അപ്പോള്‍ എന്റെ രചന എഴുത്തുകാരന്‍ കല്‍പിക്കാത്ത അര്‍ത്ഥങ്ങളുമായി പറന്നുയരുന്നത് ഞാന്‍ കണ്ടു. കവിതയുടെ അര്‍ത്ഥം പാടെ മാറിപ്പോയിരിക്കുന്നു. അതിലെ അമ്മയെ ജനങ്ങള്‍ പലസ്തീനായാണ് സങ്കല്‍പ്പിച്ചത്.' മഹ്‌മൂദ് ദര്‍വിശ് പലസ്തീനികള്‍ക്ക് എന്തായിരുന്നുവെന്ന് വിശദമാക്കാന്‍ ഇതില്‍പരം മറ്റൊരു ഉദാഹരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
പലസ്തീനികള്‍ അവരുടെ കവയിത്രിയായി കാണുന്നത് ഫദ്വ തുഖാനെയാണ്. ദര്‍വിശ് കവിയച്ഛനെങ്കില്‍ ഫദ്വ കവിയമ്മയാണെന്ന് നിരീക്ഷിക്കുന്ന നിരവധി പലസ്തീന്‍-അറബ് നിരൂപകരുണ്ട്.
'യോദ്ധാവിന് ഒരു ഗീതം' എന്ന കവിതയില്‍ ഫദ്വ രക്തസാക്ഷി എന്ന സങ്കല്‍പ്പത്തെ ഇങ്ങിനെ അവതരിപ്പിക്കുന്നു:
കാറ്റു പറഞ്ഞു,
അവന്‍ വരും.
മരിച്ചാലും
അവന്റേത്
പിറവിയാണ്.
കൈകളില്‍
സൂര്യനുമായി
കണ്ണുകളില്‍
തര്‍പ്പണവുമായി
ഭൂമിയുടെ
മുറിവുകളില്‍ നിന്ന്
കെടുതിയുടെ
അനന്തദൂരങ്ങളില്‍ നിന്ന്
ചുടലച്ചാരത്തില്‍ നിന്ന്
അവന്‍ വരും.
കാരണം മരണം
അവന് ജനനമാണ്.
അതിനാലവന്‍
തീര്‍ച്ചയായും വരും.
സമകാലിക പലസ്തീന്‍ കവിതയില്‍ സജീവ സാന്നിധ്യമായി നിരവധി എഴുത്തുകാരികളുണ്ട്. അവരില്‍ ഏറെക്കുറെ എല്ലാവരും പ്രവാസികളാണ്. ബെയ്റൂത്തിലേയോ ജോര്‍ദാനിലേയോ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പിറക്കുകയും പിന്നീട് യൂറോപ്പിലും അമേരിക്കയിലും എത്തിയവരുമാണ് മിക്കവരും. അല്‍ മറൈ ജസീര്‍, സുഹൈര്‍ ഹമ്മാദ്, ലൈല അല്‍ ഉസൈഹ്, സുമയ്യ അല്‍ സുസി, റവിയ മോറ, മായ് സായിഗ്, സല്‍മ ഖദ്ര ജയ്യൂസി, നിദ ഖൗരി, ലിസ സുഹൈര്‍ മജാജ്, ഗദല്‍ ഫഷായ്, ദീമ കെ സഹാബി, ദോറിസ് സാഫി, നയോമി ശിഹാബ് നൈ, നദിയ ഹാസ്ബൂണ്‍ റൈമര്‍, നദിയ ഹന്ദല്‍, സിഹാം ദാവൂദ് തുടങ്ങി നിരവധി കവയിത്രികള്‍. പ്രവാസത്തിന്റെ അനുഭവങ്ങളില്‍ നിന്ന് കൂടിയാണ് ഇവര്‍ സ്വയം ആവിഷ്‌ക്കരിക്കുന്നത്. ഇതിനെ അടിവരയിടുന്നതാണ് 'വല' എന്ന കവിതയില്‍ റവിയ്യ മോറ എഴുതിയ വരികള്‍.
എവിടേയും
സ്വന്തം വീട്
കണ്ടെത്തിയില്ലെങ്കിലും
സ്വന്തം ശബ്ദത്തില്‍
ജീവിക്കാന്‍ പഠിച്ചു.
സ്വന്തം ദേശം നഷ്ടപ്പെട്ടവര്‍ സ്വന്തം ശബ്ദം എങ്ങനെ കണ്ടെത്തുന്നു എന്നതിലേക്കുള്ള സൂക്ഷ്മമായ വെളിച്ചം വീശലമായി മാറുന്നു ഈ വരികള്‍.
നിദ കൗരി 'അവസാനത്തെ വെടിയുണ്ട'യില്‍ ഇങ്ങനെ എഴുതി:
ചവര്‍ക്കുന്ന മുന്തിരി
പുലരിയുടെ വേലിയില്‍
തൂക്കുക, വിടവാങ്ങുക.
എന്റെ ആത്മാവില്‍
കുട്ടിക്കാലത്തെ വേദന.
പക്ഷെ, സൂര്യന്‍
എന്നെ വളഞ്ഞു പിടിച്ചു.
അതിന്റെ തണലില്‍
എന്റെ നിഴല്‍ മറച്ചു,
കഥ തീര്‍ന്നു.
ലിസ സുഹൈര്‍ മജാജ് 'പ്രതിവാദം' എന്ന കവിതയിലെഴുതുന്നു:
കുഞ്ഞിന്റെ തലയോട്ടിക്ക്
ബലമേകുന്നത് കാലമാണ്.
ഒരു ചെറുപാത്രം ഒറ്റയടിക്ക്
തകര്‍ക്കാം.
ഒറ്റ നിമിഷത്തില്‍
വര്‍ഷങ്ങളൊന്നാകെ
അപ്രത്യക്ഷമാകുന്നു.
സ്ഫോടനങ്ങള്‍ക്കിടയില്‍
മനുഷ്യശബ്ദങ്ങളും
കരച്ചിലും കേള്‍ക്കില്ല.
നിങ്ങളുടെ ആകാശത്തിന്
തീ പിടിച്ചു, നിങ്ങളുടെ പേരും
വെട്ടിക്കളഞ്ഞു.
നിങ്ങളുടെ കുട്ടികള്‍
വലിയ വില കൊടുത്ത്
ജീവിക്കുന്നു.
നിങ്ങള്‍ കാണാത്ത
മുഖങ്ങളും കണ്ണുകളും
പരിഗണിക്കുക.
പൂര്‍ണ്ണനാശം:
ഈ വാക്കുകളില്‍
ഭൂമിയുടെ വിടവ്
പൂര്‍ണ്ണമായും പിളരുന്നു.
ഇത്തരത്തില്‍ നിരവധി പലസ്തീന്‍ ജീവിതസന്ദര്‍ഭങ്ങള്‍ പെണ്‍ ശബ്ദങ്ങളില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നു. സമകാലിക അറബ് സാഹിത്യത്തില്‍ ഏറെ ശ്രദ്ധനേടിയ കവയിത്രി സല്‍മ ഖദ്ര ജയ്യൂസി തന്റെ ഏറ്റവും പുതിയ കവിതയായ ഖാര്‍ത്തൂമില്‍ എഴുതുന്നു:
ഞാനെന്റെ വീട് ചക്രവാളത്തിലേക്ക്
നിവര്‍ത്തിപ്പിടിക്കുന്നു.
കൈച്ചൂണ്ടിപ്പലക
കാറ്റിലുയര്‍ത്തിപ്പിടിക്കുന്നു.
താക്കോലുകള്‍ നഷ്ടപ്പെട്ട
ആയിരക്കണക്കിന്
വാതിലുകള്‍ക്ക്
മുന്നില്‍ ഞാന്‍
കാത്തു നില്‍ക്കുന്നു.
വീട്, താക്കോലുകള്‍, എപ്പോഴും യാത്രയ്ക്ക് ഒരുങ്ങിനില്‍ക്കുന്നവരുടെ ചെറുസ്യൂട്ടുകേസുകള്‍ എന്നീ ബിംബങ്ങള്‍ പലസ്തീന്‍ സ്ത്രീ കവിതയുടെ മനോനില (മൈന്‍ഡ് സ്‌കേപ്പ്)യാണ്. ഓര്‍മ്മകളെ അവര്‍ പുനര്‍നിര്‍മ്മിക്കുന്നു, തങ്ങള്‍ക്ക് പൂര്‍ണ്ണമായും നഷ്ടപ്പെട്ട ദേശത്തേയും ഇത്തരത്തില്‍ അവര്‍ വീണ്ടെടുക്കുന്നു. കവിതയിലാണ് ഒരുപക്ഷെ യഥാര്‍ത്ഥ പലസ്തീന്‍ ഇന്നും സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ഓര്‍മ്മകളുടേയും അനുഭവങ്ങളുടേയും സഞ്ചിതമായ അനുഭവമാണ്/ആര്‍ക്കൈവാണ് ഈ കവിതകള്‍.
ഏറ്റവും സമാകാലികമായ പലസ്തീന്‍ കവിതയിലെ ശ്രദ്ധേയ സാന്നിധ്യം മറ്റൊരു ദര്‍വിശാണ്. നജ്വാന്‍ ദര്‍വിശ്. ജറുസലേമില്‍ തന്നെ മാധ്യമ പ്രവര്‍ത്തകനായി ജീവിക്കുന്ന നജ്വാന്‍ ഇന്ന് പലസ്തീന്‍ കവിതയെ ദേശത്തും വിദേശത്തും ഒരേപോലെ പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ 'പ്രതീക്ഷ'യില്‍ നാം ഇങ്ങനെ വായിക്കുന്നു:
പ്രതീക്ഷയിലെ ഒഴിഞ്ഞുകിടന്ന ഇരിപ്പിടത്തില്‍
ഒരിക്കല്‍ ഞാനിരിക്കാന്‍ പുറപ്പെട്ടു.
അപ്പോള്‍ അതിന്‍മേലതാ
കഴുതപ്പുലിയെപ്പോലെ
ഒരു വാക്കിരിക്കുന്നു
'റിസര്‍വ്ഡ്'
(ഞാനിരുന്നില്ല, മറ്റാരും)
-വിവ: പി.പി.രാമചന്ദ്രന്‍
നജ്വാന്റെ ഏറ്റവും പുതിയ കവിത 'ഞാന്‍ ദേശത്തെ എഴുതുന്നു' ഇങ്ങനെയാണ്:
എനിക്കു ദേശത്തെ എഴുതണം,
അതിനു വാക്കുകള്‍ വേണം
ദേശം തന്നെയായ വാക്കുകള്‍.
പക്ഷെ ഞാന്‍ റോമക്കാര്‍
കൊത്തിയ, അറബികള്‍
മറന്ന ഒരു ശില്‍പ്പം.
കോളനിവല്‍ക്കരിച്ചവര്‍
മുറിച്ചെടുത്ത എന്റെ കൈ
മോഷ്ടിച്ചു, തുടര്‍ന്ന്
മ്യൂസിയത്തില്‍
പ്രതിഷ്ഠിച്ചു.
സാരമില്ല, എനിക്ക്
ദേശത്തെ എഴുതണമല്ലോ.
എന്റെ വാക്കുകള്‍ എല്ലായിടത്തുമുണ്ട്,
നിശ്ശബ്ദതയാണ് എന്റെ കഥ.
എഴുതാതിരിക്കുന്ന ഇടവേളകളെക്കുറിച്ച് നജ്വാന്റെ വാക്കുകള്‍ ഇങ്ങിനെ:
എഴുതാത്ത സമയങ്ങളില്‍
നിശ്ശബ്ദനായ ഒരു ചെന്നായ
കപ്പല്‍ ചാലുകളില്‍ നീന്തുന്നു.
നജ്വാന്റെ കവിതകള്‍ സ്വന്തം ജനതയുടെ സംഘദുഃഖത്തെ പ്രതിനിധീകരിക്കുന്നുവെന്ന് നിരൂപകനും വിവര്‍ത്തകനുമായ അതഫ് അല്‍ ഷായര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈ കവി 2019-ല്‍ കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. അന്ന് അദ്ദേഹത്തെ കാണാനും ദീര്‍ഘമായി സംസാരിക്കാനുമുള്ള അവസരം എനിക്ക് ലഭിച്ചു. സംസാരത്തിനിടെ അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ വിചാരിക്കുന്നതുപോലെ പലസ്തീന്‍ എന്നൊരു രാജ്യം ഇന്ന് നിലനില്‍ക്കുന്നില്ല. ഒരുപിടി മണ്ണുപോലും പലസ്തീനിക്ക് സ്വന്തമായി ഇല്ല. അതുകൊണ്ട് സ്വന്തം നിലയില്‍ പലസ്തീനിക്ക് ഒരു പിടി വറ്റുമില്ല. പലസ്തീന്‍ എന്നത് മാധ്യമങ്ങള്‍ മാത്രം പറയുന്ന ഒരു പേരു മാത്രം, പലസ്തീന്‍ അതോറിറ്റി ഗാസച്ചീന്തില്‍ ഇസ്രയേലിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള വെറുമൊരു ഓഫീസ്. അറബികള്‍ക്ക് അവരുടെ അറേബ്യ പ്രതിദിനം എങ്ങനെ നഷ്ടപ്പെടുന്നുവെന്നതിന് ഇതിലും വലിയ ഉദാഹരണം ആവശ്യമില്ല'. ഈ വാക്കുകളിലൂടെയാണ് പലസ്തീന്‍ എന്ന രാജ്യം കേവലമായ ഒരു പ്രയോഗം മാത്രമായി പരിമിതപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടത്.
അദ്ദേഹത്തിന്റെ പുതിയ ഇംഗ്ലീഷ് പരിഭാഷാ പുസ്തകത്തിലെ 'ആലിംഗനം' എന്ന ശീര്‍ഷകകവിത ചെറുതാണ്, പക്ഷെ അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ആവിഷ്‌കരിക്കുന്ന കാവ്യലോകം ഏറ്റവും എളുപ്പം മനസ്സിലാക്കാന്‍ ഈ കവിത സഹായിക്കും:
എന്റെ കൈകള്‍
സങ്കീര്‍ണ്ണം, നനഞ്ഞത്,
മുറിഞ്ഞു പൊട്ടിയത്.
എങ്കിലും ആ കൈകള്‍
പര്‍വ്വതങ്ങള്‍, താഴ്വാരങ്ങള്‍,
സമതലങ്ങള്‍ എന്നിവയെ
പുല്‍കാന്‍ കൊതിക്കുന്നു.
ഞാന്‍ സ്നേഹിക്കുന്ന
ഇക്കടല്‍ എന്നെ വീണ്ടും
വീണ്ടും മുക്കുന്നു,
പ്രണയിനിയുടെ
ശവം മുകള്‍ പരപ്പില്‍
പൊന്തിക്കിടന്ന്
ഒഴുകി നടക്കാന്‍
അരങ്ങൊരുക്കുന്നു.
സങ്കീര്‍ണ്ണം, നനഞ്ഞത്.
എന്റെ ജഡവും കൈ നിവര്‍ത്തി
പുണരാന്‍തന്നെ ശ്രമിക്കുന്നു
എന്നെ മുക്കിക്കൊന്ന
അതേ കടലിനെ.
ശുകൈര്‍ പറഞ്ഞു, അമ്മയ്ക്ക് കുഞ്ഞിന്റെ മൂക്ക് തുടച്ചുകൊടുക്കാനാകുന്നില്ല.
ആണവായുധപ്രയോഗം എല്ലാം തകര്‍ത്തുവെങ്കിലും ആ ഗര്‍ഭിണി ജീവനോടെ രക്ഷപ്പെട്ടു. അവള്‍ സുന്ദരനായ ഒരാണ്‍കുഞ്ഞിന് ജന്‍മവും നല്‍കി. ജനനസമയത്ത് ആണവപ്രസരണത്തിന്റെ ഒരു ചെറുകണിക കുഞ്ഞിന്റെ മൂക്കില്‍ കൊണ്ടു. മൂക്ക് ഭീതിദമാം വിധം വലുതായിക്കൊണ്ടിരുന്നു. കുഞ്ഞിന്റെ മൂക്ക് വെള്ളവും സോപ്പുമുപയോഗിച്ച് കഴുകാന്‍ അവള്‍ക്ക് 3000 അടി നടക്കേണ്ടി വന്നു, പ്രാതല്‍ കൊടുക്കാന്‍ അത്രയും ദൂരം തിരിച്ചും (ജീവിതം-മഹ്‌മൂദ് ശുകൈര്‍).
ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന പലസ്തീന്‍ ഫിക്ഷന്‍ എഴുത്തുകാരനാണ് മഹ്‌മൂദ് ശുകൈര്‍. അദ്ദേഹത്തിന്റെ ഒരു മിനിക്കഥയുടെ വിവര്‍ത്തനമാണ് മുകളില്‍ ചേര്‍ത്തത്. 2016-ല്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഈ കഥ അദ്ദേഹം വായിക്കുന്നത് കേള്‍ക്കാനും അദ്ദേഹത്തെ വിശദമായി പരിചയപ്പെടാനും എനിക്കവസരം ലഭിച്ചു. കഥാസാഹിത്യത്തില്‍ തന്റെ ജനതയുടെ പ്രശ്നത്തെ ഇത്രയും കുറച്ചു വാക്കുകളില്‍ ആവിഷ്‌ക്കരിച്ച് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് ശുകൈര്‍. ശുകൈറിന്റെ കഥ / നോവല്‍ സാഹിത്യം പലസ്തീനിന്റെ എല്ലാ സങ്കീര്‍ണ്ണതകളും ഉള്‍ക്കൊള്ളുന്നു. പക്ഷെ, ഭാഷയും അവതരണവും ലളിതവുമാണ്.
മഹ്‌മൂദ് ദര്‍വിശിന് കവിതയിലുള്ള സ്ഥാനം പോലെ പലസ്തീനികള്‍ കഥ / നോവല്‍ സാഹിത്യത്തില്‍ ആദ്യനിരയില്‍ സ്ഥാനം കൊടുത്തിട്ടുള്ള എഴുത്തുകാരന്‍ ഗാസ്സാന്‍ കാനഫാനിയാണ്. അദ്ദേഹത്തിന്റെ 'വേദനിക്കുന്ന ഓറഞ്ചുകളുടെ നാട്' എന്ന കഥയില്‍ നിന്ന് ഒരു ഭാഗം താഴെ വായിക്കാം:
റഅ്സ് അക്കുറയില്‍ നമ്മള്‍ സഞ്ചരിച്ചിരുന്ന വാനും നിരവധി വാഹനങ്ങള്‍ക്കിടയില്‍ നിര്‍ത്തി. അവിടെയുണ്ടായിരുന്ന പോലീസുകാരുടെ പക്കല്‍ പുരുഷന്‍മാര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന തോക്കുകള്‍ നല്‍കാന്‍ തുടങ്ങി. അതിനാണ് പോലീസുകാര്‍ അവിടെ നിന്നിരുന്നത്. നമ്മുടെ ഊഴമായപ്പോഴേക്കും പോലീസുകാരുടെ മുമ്പിലുണ്ടായിരുന്ന മേശ നിറയെ കൈത്തോക്കുകളും ഓട്ടോമാറ്റിക്ക് തോക്കുകളുംകൊണ്ട് നിറഞ്ഞു. അവിടെനിന്നും നോക്കുമ്പോള്‍ കണ്ടു, ലബനോനിലേക്ക് പോകാനായി കാത്തുനില്‍ക്കുന്ന വാഹനങ്ങളുടെ നീണ്ട നിര. ഓറഞ്ചുകളുടെ നാടുപേക്ഷിച്ച് നാം മറ്റൊരു രാജ്യത്തേക്ക് പോവുകയായിരുന്നു. ഞാന്‍ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങി. നിന്റെ ഉമ്മ നിശ്ശബ്ദയായി ഓറഞ്ചുകള്‍ നോക്കിയിരുന്നു. നിന്റെ ഉപ്പയുടെ കണ്ണില്‍ ഇസ്രയേലിന് വേണ്ടി ഉപേക്ഷിച്ചുപോന്ന എല്ലാ ഓറഞ്ച് മരങ്ങളുടേയും പ്രകാശം കത്തിനിന്നിരുന്നു...അടുക്കിലും ചിട്ടയിലും അദ്ദേഹം നട്ട ഓരോ ഓറഞ്ച് ചെടിയും ആ മുഖത്ത് തിളങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. ആ പരിശോധനയിടത്തില്‍ മുഖ്യ പോലീസുകാരനെ അഭിമുഖീകരിക്കുമ്പോള്‍ പോലും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് തടയുന്നതില്‍ നിന്റെ ഉപ്പ പൂര്‍ണമായും പരാജയപ്പെട്ടു. നമ്മള്‍ സൈദയില്‍ എത്തിയപ്പോള്‍, നട്ടുച്ച, അവിടെവെച്ച് നാം അഭയാര്‍ത്ഥികളായി.
കാനഫാനി അവതരിപ്പിച്ച ഇതേ പ്രമേയം ഇന്നും പലസ്തീന്‍ കഥ / നോവല്‍ സാഹിത്യത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കാരണം പലസ്തീനികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ആറു പതിറ്റാണ്ടിലധികമായി ഒരു മാറ്റവുമില്ല, പരിഹാരമില്ലാതെ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയുമാണ്. 1972 ജൂലൈ എട്ടിന് കാനഫാനിയെ മൊസാദ് ബെയ്റൂത്തില്‍ കാര്‍ബാംബ് സ്ഫോടനത്തില്‍ കൊലപ്പെടുത്തി. പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ പലസ്തീനിന്റെ പ്രമുഖ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിന്റെ സൂര്യനിലെ മനുഷ്യര്‍, പലസ്തീന്‍ കുട്ടികള്‍ എന്നീ കൃതികള്‍ ആധുനിക അറബ് സാഹിത്യത്തിലെ ക്ലാസിക്കുകളായി ഇന്നും അതിജീവിക്കുന്നു. പലസ്തീന്‍/ ഇറാഖ് നോവലിസ്റ്റായിരുന്ന ജബ്ര ഇബ്രാഹിം ജബ്രയുടെ രചനകളും പ്രധാനപ്പെട്ടതാണ്.
ഇബ്രാഹിം നസറുസ്സലയുടെ ഗാസക്കല്ല്യാണങ്ങള്‍, എഴുത്തുകാരികളായ സൂസന്‍ അബുല്‍ഹവയുടെ ജെനിനിലെ പ്രഭാതങ്ങള്‍, അവരുടെ തന്നെ
'സ്നേഹരഹിത ലോകത്തിനെതിരെ', സല്‍മ ദബ്ബാഗിന്റെ അതിനു പുറത്ത് തുടങ്ങി നിരവധി പേരുടെ ഫിക്ഷന്‍ രചനകള്‍ പലസ്തീന്‍ സാഹിത്യത്തെ സമ്പന്നമാക്കുന്നു. 2021-ല്‍ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിലിടംപിടിച്ച മൈനര്‍ ഡിറ്റേയില്‍സ് എന്ന നോവല്‍ പലസ്തീന്‍ എഴുത്തുകാരി അദാനിയ ശിബ്ലി രചിച്ചതാണ്. ഇന്നും ലോകസാഹിത്യത്തില്‍ പലസ്തീന്‍ രചനകള്‍ ശ്രദ്ധനേടുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ നോവല്‍. 1949-ല്‍ ഒരു പലസ്തീനി യുവതി ഇസ്രയേലി സൈനികരാല്‍ ബലാല്‍സംഗം ചെയ്യപ്പെടുകയും പിന്നീട് വധിക്കപ്പെടുകയും ചെയ്യുന്നതാണ് നോവലിലെ പ്രമേയം. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നീതി എന്നൊന്നുണ്ടോ എന്ന ശക്തമായ ചോദ്യമുയര്‍ത്തുന്ന, വായനക്കാരെ ഞെട്ടിക്കുന്ന നോവലാണിത്. ബെര്‍ലിനില്‍ പ്രവാസിയാണ് അദാനിയ ശിബ്ലി.
നാജി അല്‍ അലിയുടെ കാര്‍ട്ടൂണ്‍ ലോകം
പലസ്തീന്‍ കാര്‍ട്ടൂണിസ്റ്റ് നാജി അല്‍-അലിയുടെ കാര്‍ട്ടൂണുകള്‍ (അദ്ദേഹം 1987 ഓഗസ്റ്റ് 29ന് ലണ്ടനില്‍ കൊല്ലപ്പെട്ടു, കുറ്റവാളികള്‍ പിടിക്കപ്പെടാത്ത ഈ സംഭവത്തില്‍ സമീപകാലത്ത് ലണ്ടന്‍ പോലീസ് പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്) അതിശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നതില്‍ വിജയിച്ചു. അറബ് ലോകത്ത് കാര്‍ട്ടൂണിസ്റ്റ് കാഹിലിനെപ്പോലെ ശ്രദ്ധ ലഭിച്ചിരുന്നു നാജി അല്‍-അലിക്കും. ഹണ്ടാല എന്ന കുട്ടിയാണ് ഇദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രം. ആ കുട്ടിയുടെ മൊഴിയിലൂടെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്ന രീതിയാണ് നാജി തന്റെ കാര്‍ട്ടൂണുകളില്‍ അവലംബിച്ചിരുന്നത്. കുഞ്ഞിന്റെ മൃതദേഹം കൈകളിലേന്തി സിനിമാ ശാലയില്‍ നിന്നിറങ്ങുന്ന പിതാവിനേയും പിറകിലെ സ്‌ക്രീനില്‍ 'ദ എന്‍ഡ്'എന്നെഴുതിക്കാണിക്കുകയും ഹണ്ടാല ഏറ്റവും മുന്നില്‍ നടക്കുകയും ചെയ്യുന്ന കാര്‍ട്ടൂണ്‍ ഇന്നും മനുഷ്യമനസ്സുകളില്‍ നിന്നും പ്രത്യേകിച്ചും പലസ്തീനികള്‍ക്കിടയില്‍ നിന്നും മാഞ്ഞുപോകാത്ത ഒന്നാണ്. എല്ലാം ശുഭമെന്നു പറയുന്ന ഇസ്രയേലിന്റേയും അതിനെ പിന്തുണയ്ക്കുന്ന ലോകരാഷ്ട്രങ്ങളേയും നാജി ആ കാര്‍ട്ടൂണില്‍ ലോകത്തിനു വെളിവാക്കി. ഇത്തരത്തിലുള്ള നിരവധി കാര്‍ട്ടൂണുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. പലസ്തീനിലെ ഒരു കുട്ടി: നാജി അലിയുടെ കാര്‍ട്ടൂണുകള്‍ എന്ന പുസ്തകം അദ്ദേഹത്തിന്റെ സര്‍ഗ്ഗരചനകളെ പരിചയപ്പെടാന്‍ സഹായിക്കുന്നതാണ്. അറബ് രാജ്യങ്ങളെ വിമര്‍ശിക്കുന്നതിലും നാജിക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല. 'യുണൈറ്റഡ് അറബ് ഫുട്ബാള്‍ ടീം' എന്ന കാര്‍ട്ടൂണ്‍ ഇത് വ്യക്തമാക്കുന്നു. അമേരിക്കന്‍ പതാക കൊണ്ടുണ്ടാക്കിയ ജഴ്സിയണിഞ്ഞാണ് അറബ് ഫുട്ബാള്‍ ടീം നില്‍ക്കുന്നത്. അവര്‍ ഗോളടിക്കുന്നത് ഇസ്രയേലിനുവേണ്ടിയും. 1983-ല്‍ പലസ്തീന്‍ രാജ്യം എന്ന ആവശ്യം യു.എന്നില്‍ അമേരിക്ക വീറ്റോ ചെയ്ത സന്ദര്‍ഭത്തിലാണ് നാജിയുടെ ഈ കാര്‍ട്ടൂണ്‍ ലെബനോണില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അസ്സാഫിര്‍ ദിനപത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഹണ്ടാല ഒരു പലസ്തീനി അഭയാര്‍ത്ഥി ബാലനാണ്. അതോടൊപ്പം അറബ് ലോകത്തിന്റെ മുഴുവന്‍ പ്രതിനിധിയും.
നിരവധി പലസ്തീന്‍ പുസ്തകങ്ങളുടെ കര്‍ത്താവായ ജോ സാക്കോ, നാജിയെക്കുറിച്ച് എഴുതി: 'പലസ്തീനികളും മറ്റ് അറബികളും തങ്ങളുടെ ഉജ്ജ്വലരായ കവികളോട് കാണിക്കുന്ന സ്നേഹവും ആദരവും അതേ അളവില്‍ ലഭിച്ച കാര്‍ട്ടൂണിസ്റ്റും ഗ്രാഫിക് ആര്‍ട്ടിസ്റ്റുമാണ് നാജി അലി.' ഈ വാക്കുകള്‍ നാജി അലി എന്ന കാര്‍ട്ടൂണിസ്റ്റിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
കമാല്‍ ബുല്ലാത്തയുടെ ചിത്രങ്ങള്‍
ആധുനിക പലസ്തീന്‍ ചിത്രകലയിലെ അവിസ്മരണീയമായ പേരാണ് കമാല്‍ ബുല്ലാത്ത. അദ്ദേഹം അറബ് ക്രിസ്ത്യനാണ്. അരനൂറ്റാണ്ടോളം ബെര്‍ലിനില്‍ പ്രവാസിയായിരുന്നു. വിഖ്യാത പലസ്തീന്‍ ചിത്രകാരനും കലാ ചരിത്രകാരനും പരിഭാഷകനുമായിരുന്നു. ബുല്ലാത്തയുടെ അമൂര്‍ത്ത ജാമ്യതീയ ചിത്രങ്ങള്‍ ഞാന്‍ ആദ്യം കാണുന്നത് 2006-ല്‍ ജിദ്ദയിലെ റോഷാന്‍ ഗാലറിയില്‍ നിന്നാണ്. ആ ഗാലറി ജിദ്ദയിലെ പലസ്തീന്‍ തെരുവിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നത് മറ്റൊരു ആകസ്മികത. ആ സംഘപ്രദര്‍ശനത്തില്‍ ബുല്ലാത്തയുടെ ആറ് അമൂര്‍ത്ത രചനകളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്.
മികച്ച അമൂര്‍ത്തചിത്രത്തിനു പിന്നില്‍ മൂര്‍ത്ത ചിത്രങ്ങളേക്കാള്‍ കടുത്ത ശ്രദ്ധയും ഭാവനയും പ്രതിഭയും അനിവാര്യമാണെന്ന് മനസ്സിലാക്കിത്തുടങ്ങുന്നത് ആ പ്രദര്‍ശനം കണ്ടതിനുശേഷമാണ്. 2019-ല്‍ ദോഹയില്‍ മതാഫ് അറബ് മോഡേണ്‍ ആര്‍ട്ട് ഗ്യാലറിയിലും ബുല്ലാത്തയുടെ പത്തു ചിത്രങ്ങള്‍ കാണാന്‍ അവസരം കിട്ടിയിരുന്നു. ജിദ്ദയില്‍ കണ്ടതിനേക്കാളേറെ ആ ചിത്രങ്ങള്‍ അതിശക്തമായി ബോധത്തിലും അതിനു പിറകിലുള്ള അബോധത്തിന്റെ പാളികളിലും വീണിരുന്നു. പിന്നീട് ഇന്റര്‍നെറ്റിന്റെ പല ജനാലകളിലായി അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ കണ്ടു. അമൂര്‍ത്ത ജാമ്യതീയതയില്‍ നിറങ്ങള്‍ ലയിച്ചുകിടക്കുന്നത് കാണുമ്പോള്‍ കലയുടെ സൗന്ദര്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞു. ഉദിച്ച സൂര്യന്‍ അസ്തമിക്കാതിരിക്കുന്നതും അണഞ്ഞ ചന്ദ്രന്‍ ഓര്‍മ്മകളില്‍ മാത്രം ഉദിക്കുന്നതുമായ അനുഭവമാണ് ആ ചിത്രങ്ങള്‍ നല്‍കിയത്.
പ്രവാസിയുടെ പകലുകളും രാവുകളും അമൂര്‍ത്തമായി എങ്ങനെ ചിത്രീകരിക്കാമെന്നാണ് ബുല്ലാത്ത തന്റെ 60 വര്‍ഷത്തോളം നീണ്ട ചിത്രകലാ ജീവിതത്തില്‍ അന്വേഷിച്ചത്. കുട്ടിക്കാലത്ത് പിതാവിന്റെ സമ്മര്‍ദത്തിന് വഴങ്ങി ഐക്കണ്‍ ചിത്രങ്ങളുടെ പകര്‍പ്പ് പരിശീലിക്കുന്ന കാലം മുതല്‍ പ്രവാസത്തിന്റെ നിരവധി മുഹൂര്‍ത്തങ്ങള്‍ അദ്ദേഹത്തെ പിന്തുടരാന്‍ തുടങ്ങിയിരുന്നു. കാരണം നിരവധി പ്രവാസികളുടെ കാലടികള്‍ പതിഞ്ഞ നഗരത്തിലാണ് അദ്ദേഹം ജീവിതം തുടങ്ങിയത്. ജറുസലേമില്‍ 600 വര്‍ഷം പഴക്കമുള്ള കുടുംബത്തിലെ അംഗമായിരുന്നു ഈ ചിത്രകാരന്‍. അതിനാല്‍ എല്ലായ്പ്പോഴും അദ്ദേഹത്തെ പ്രചോദിപ്പിച്ചത് സ്വന്തം നാട്ടില്‍ നിന്നുള്ള മുദ്രകളായിരുന്നു. ഒപ്പം അറബ് കാലിഗ്രഫിയുടെ സൗന്ദര്യവും.
1967-ല്‍ തന്റെ 25-ാമത്തെ വയസ്സില്‍ ബെയ്റൂത്തില്‍ ഒരു ചിത്രപ്രദര്‍ശനത്തിനു പോയതോടെയാണ് അദ്ദേഹത്തിന് സ്വന്തം നാട് നഷ്ടമാകുന്നത്. പ്രദര്‍ശനം കഴിഞ്ഞ് തിരിച്ചുവരാന്‍ തുടങ്ങുമ്പോള്‍ ഇസ്രയേല്‍ പലസ്തീനില്‍ തങ്ങളുടെ അധിനിവേശം പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു, കുപ്രസിദ്ധമായ 'അറബ് യുദ്ധ'ത്തിലൂടെ. പലസ്തീനികള്‍ നക്ബ (മഹാദുരന്തം) എന്നു പേരിട്ട ആ സംഭവത്തിനു ശേഷം ജറുസലേമിലേക്ക് മടങ്ങാന്‍ പലവിധത്തില്‍ ശ്രമിച്ചെങ്കിലും ഈ ചിത്രകാരന് അതിനു സാധിച്ചില്ല. (1984ല്‍ 'സ്ട്രെയിഞ്ചര്‍ അറ്റ് ഹോം' എന്ന സിനിമയില്‍ പ്രത്യക്ഷപ്പെടാനായി മാത്രം ഒരാഴ്ച ജറുസലേമില്‍ കഴിയാന്‍ അദ്ദേഹത്തിന് അനുമതി കിട്ടിയതു മാത്രമാണ് ഇതിനൊരപവാദം) മൊറോക്കോ, ഫ്രാന്‍സ്, അമേരിക്ക അങ്ങനെ നിരവധി രാജ്യങ്ങളില്‍ അദ്ദേഹത്തിന് പ്രവാസ ജീവിതം നയിക്കേണ്ടിവന്നു. ജീവിതത്തിലെ അവസാന 12 വര്‍ഷം ബെര്‍ലിനില്‍. ഇക്കാലയളവില്‍ പല സ്ഥാപനങ്ങളില്‍ നിന്നായി ലഭിച്ച ഫെല്ലോഷിപ്പുകള്‍ ഉപയോഗിച്ച് വരയ്ക്കുകയും എഴുതുകയും ചെയ്തു. തന്റെ അറബ് പാരമ്പര്യത്തില്‍ ഊന്നിനില്‍ക്കുകയും അതോടൊപ്പം എല്ലായ്പ്പോഴും പുതുമയ്ക്കായി ദാഹിക്കുകയും ചെയ്യുന്ന സര്‍ഗഭാവനയായിരുന്നു ഈ കലാകാരന്റെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത കൈമുതല്‍. പ്രവാസത്തിന്റെ കയ്പ്പുറ്റ നിരവധി സന്ദര്‍ഭങ്ങളെ അദ്ദേഹം അതിജീവിച്ചത് ഈ മൂലധനം ഉപയോഗിച്ചു കൊണ്ടുതന്നെയായിരുന്നു.
1998-ല്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നടത്തിയ 'ഭൂമിയുടെ പൊക്കിള്‍' എന്ന ബുല്ലാത്തയുടെ പ്രദര്‍ശനത്തിന്റെ ബ്രോഷറില്‍ മൊറോക്കന്‍ കലാ നിരൂപകന്‍ അബ്ദുല്‍ കബീര്‍ ഖാത്തിബി ഇങ്ങിനെ എഴുതി: 'ജാമ്യതീയ രൂപങ്ങളോടുള്ള ബുല്ലാത്തയുടെ കടുത്ത അഭിനിവേശത്തിനു പുറകില്‍ അദ്ദേഹത്തിന്റെ 'ഐക്കണ്‍' ചിത്രകലാ പഠനത്തിന്റെ സ്വാധീനമുണ്ട്. അതിലാണ് അദ്ദേഹത്തിന്റെ പ്രാഥമിക കലാപരിശീലനം. മിഡിലീസ്റ്റിലെ ബൈസന്റൈന്‍, അറബ്-ഇസ്ലാമിക് സംസ്‌കാരങ്ങളുടെ കലാ തുടര്‍ച്ചയാണത്. എന്നാല്‍ ബുല്ലാത്ത ഈ രണ്ട് കലാ സംസ്‌കാരങ്ങളുടെ മാത്രം സാധ്യത പ്രയോജനപ്പെടുത്തുകയല്ല ചെയ്തത്, ഒരു കലാകാരന്‍, സൗന്ദര്യശാസ്ത്രത്തെക്കുറിച്ചു ബോധമുള്ളയാള്‍ എന്ന നിലയില്‍ ഈ പ്രഭവകേന്ദ്രങ്ങളില്‍ നിന്നും തന്റേതായ കലയെ ഉല്‍പ്പാദിപ്പിക്കുകയായിരുന്നു'. തന്റെ കലയെക്കുറിച്ച് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കേട്ട അഭിപ്രായങ്ങളില്‍ ബുല്ലാത്ത ഏറ്റവും എളുപ്പത്തില്‍ അംഗീകരിച്ച അഭിപ്രായപ്രകടനം അബ്ദുല്‍ കബീര്‍ ഖാത്തിബിയുടേതായിരിക്കും. സ്പാനിഷ് നിരൂപകന്‍ ജോസ് മിഗ്വേല്‍ പുവര്‍റ്റ മിലേഷ്, ബ്രിട്ടീഷ് നിരൂപകന്‍ ജീന്‍ ഫിഷര്‍ എന്നിവരും ബുല്ലാത്തയുടെ കലാലോകത്തെക്കുറിച്ചെഴുതിയിട്ടുണ്ട്. പ്രതിരോധത്തിന്റേയും അതിജീവനത്തിന്റേയും കലയായിരുന്നു ബുല്ലാത്തയുടേത്, അദ്ദേഹം ഈ യാത്രയിലെല്ലാം അഹിംസയുടെ പതാകകൂടി ഒപ്പം കൊണ്ടുനടന്നുവെന്ന ജീന്‍ ഫിഷറുടെ നിരീക്ഷണം ബുല്ലാത്ത എന്തുമാത്രം സമാധാനം ആഗ്രഹിച്ചുവെന്നതിന്റെ പ്രബലമായ ഉദാഹരണമാണ്.
കലാചരിത്രകാരന്‍ എന്ന നിലയിലുള്ള ബുല്ലാത്തയുടെ സംഭാവനകളും അങ്ങേയറ്റം പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും 2008-ല്‍ പുറത്തു വന്ന പലസ്തീന്‍ കല: 1850 മുതല്‍ ഇക്കാലം വരെ എന്ന പുസ്തകം. അറബ് കലാചരിത്രത്തിലെ തന്നെ മുന്‍നിര പുസ്തകങ്ങളിലൊന്നായാണ് ഈ രചന പരിഗണിക്കപ്പെടുന്നത്. പലസ്തീന്‍കലയെ ഇത്രയും സമഗ്രതയില്‍ ദര്‍ശിക്കുന്ന മറ്റ് പുസ്തകങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. അത്രയും സൂക്ഷ്മമായാണ് സ്വന്തം നാട്ടിലെ കലാചരിത്രത്തെ ബുല്ലാത്ത പരിചരിക്കുന്നതും അവതരിപ്പിക്കുന്നതും. ഈ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: 'വ്യാകരണം എഴുത്തുകാരന് എങ്ങനെയാണോ അതുപോലെയാണ് ഒരു ചിത്രകാരന് ജാമ്യതീയത. വ്യാകരണത്തിനും ജാമ്യതീയക്കും ഇടയിലാണ് ഞാന്‍ ജീവിക്കുന്നത്. കാരണം ഞാന്‍ ചിത്രകാരനും ഒപ്പം എഴുത്തുകാരനുമാണ്. എഴുത്തില്‍ ഞാന്‍ വീട്ടിലേക്കുള്ള വഴി തേടുന്നു. ചിത്രങ്ങളില്‍ ഞാനെന്റെ വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പെടാപ്പാട് പെടുന്നു'. അറബ് കവിതകളുടെ പരിഭാഷകന്‍ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്. ബുല്ലാത്ത 2019 ഓഗസ്റ്റ് ആറിന് അന്തരിച്ചു.
എന്റെ രാജ്യമേ, എന്റെ രാജ്യമേ...
സംഗീത-ഗാന പലസ്തീന്‍ പാരമ്പര്യവും സാംസ്‌ക്കാരികമായി ബലപ്പെട്ടതാണ്. നാടോടി ഗാനങ്ങള്‍ മുതല്‍ അറബ് പോപ്പ് സംഗീതം വരെയുണ്ട്. പലസ്തീനികള്‍ അവരുടെ അനൗദ്യോഗിക ദേശീയ ഗാനമായി കരുതുന്നത് ബലദീ, ബലദീ (എന്റെ രാജ്യമേ, എന്റെ രാജ്യമേ) എന്ന ഗാനമാണ്.
പലസ്തീന്‍, പിതാക്കന്‍മാരുടെ രാജ്യമേ
നിന്നോട്, ഞാന്‍ മടങ്ങി വരും, സംശയിക്കേണ്ട.
പൊരുതലും വിപ്ലവവും മരിക്കില്ല
ദേശക്കൊടുങ്കാറ്റുകളും...
പലസ്തീന്‍സംഗീതജ്ഞരേയും സംഗീത പരിപാടികളേയും അടിച്ചമര്‍ത്താന്‍ ഹമാസ് ശ്രമിക്കുന്നതായി മാധ്യമങ്ങള്‍ ഇടയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമല്‍ മുര്‍കു ഉള്‍പ്പെടെയുള്ള ഗായികമാരുടെ സാന്നിധ്യം പലസ്തീന്‍ സംഗീതത്തില്‍ ഇന്നുണ്ട്. ഗായിക കമിലിയ്യ ജുബ്രാനെ പലസ്തീന്‍ തനത് സംഗീതത്തിന്റെ സ്ത്രൈണ ദേവി രൂപം എന്നാണ് നിരൂപകര്‍ വിശേഷിപ്പിച്ചിട്ടുള്ളത്. നൂറി അന്തബുരിയുടെ ആല്‍ബങ്ങള്‍ അടുത്ത കാലത്ത് വളരെയധികം ജനശ്രദ്ധയാകര്‍ഷിച്ചതാണ്. 2009-ല്‍ മരിച്ച മുഹ്സിന്‍ സുഹ്ബി എന്ന പ്രശസ്ത ഗായകന്‍ പലസ്തീന്‍ സംഗീതത്തില്‍ പാരമ്പര്യവും പൗരാണികതയും ആധുനികതയും കൂട്ടിക്കലര്‍ത്തി പാടുന്നതില്‍ ശ്രദ്ധേയനായിരുന്നു. റിം കലാനി, റിം ബന്ന എന്നീ പ്രവാസി ഗായികമാരും വലിയ ആരാധകവൃന്ദമുള്ളവരാണ്. പലസ്തീനിയല്ലെങ്കിലും പലസ്തീന്‍ സംഗീതത്തില്‍ വലിയ സംഭാവന അര്‍പ്പിച്ചത് ലെബനീസ് ഗായകനും സംഗീതജ്ഞനുമായ മാര്‍സല്‍ ഖലീഫാണ്. മഹ്‌മൂദ് ദര്‍വിശിന്റെ നിരവധി ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നുകൊണ്ട് മാര്‍സല്‍ ചരിത്രം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ മകന്‍ റാമി ഖലീഫ് ഇന്ന് അറബ് ലോകത്തും വിദേശത്തും ഏറെ ശ്രദ്ധിക്കപ്പെടുന്ന ഗായകനാണ്.
പൊട്ടിപ്പോയ ക്യാമറകള്‍
പലസ്തീന്‍ സിനിമകളും ലോക ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. 5 ബ്രോക്കണ്‍ ക്യാമറാസ് (സംവിധാനം: ഇമാദ് ബര്‍നാറ്റ്) ജെനിന്‍, ജെനിന്‍, (സംവിധാനം: മുഹമ്മദ് ബക്ക്രിന്‍), ബോണ്‍ ഇന്‍ ഗാസ (സംവിധാനം: ഹെര്‍നന്‍ സിന്‍) തുടങ്ങിയ പലസ്തീന്‍ സിനിമകള്‍ ലോകശ്രദ്ധ നേടിയവയും അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ഇടം പിടിച്ചവയുമാണ്. 5 ബ്രോക്കണ്‍ ക്യാമറാസ് കേരളത്തില്‍ പലയിടത്തും പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. 1987-ല്‍ പുറത്തിറങ്ങിയ വെഡ്ഡിംഗ് ഇന്‍ ഗലീലി (സംവിധാനം: മിഷേല്‍ ഖലീഫി)യാണ് പലസ്തീന്‍ സിനിമയില്‍ ശ്രദ്ധേയമായ ആദ്യ ചുവടുവെപ്പെന്ന് സിനിമാനിരൂപകര്‍ വിലയിരുത്തുന്നു. കര്‍ഫ്യു നിലനില്‍ക്കുമ്പോള്‍ മകന്റെ വിവാഹം നടത്തുന്ന ഗ്രാമമുഖ്യന്റെ (മേയര്‍) കഥയാണിത്. ഇസ്രയേല്‍ സൈനികരേയും മേജറേയും വിവാഹത്തിനു ക്ഷണിക്കേണ്ടി വരുന്നു. ഈ സംഘര്‍ഷമാണ് സിനിമയിലെ വിവാഹ മുഹൂര്‍ത്തം. ഈ സിനിമയോടെയാണ് യഥാര്‍ത്ഥത്തില്‍ പലസ്തീന്‍ സിനിമ ലോകശ്രദ്ധ നേടുന്നത്. 1996-ല്‍ ഏലിയ സുലൈമാന്‍ സംവിധാനം ചെയ്ത ഒരു കാണാതാകലിന്റെ കഥ (ക്രോണിക്കിള്‍ ഓഫ് എ ഡിസപ്പിയറന്‍സ്) പലസ്തീന്‍ സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലായിമാറി. ഏലിയ സുലൈമാന്‍ എന്ന പേര് അന്താരാഷ്ട്ര സിനിമാവേദികളില്‍ ചിരപ്രതിഷ്ഠ നേടുന്നത് ഈ ചിത്രത്തോടെയാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഏലിയ സുലൈമാന്‍ പുതിയ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. വിദേശത്ത് അംഗീകാരമുണ്ടെങ്കിലും പലസ്തീനികള്‍ വലിയ തോതില്‍ വിമര്‍ശിക്കുന്ന സംവിധായകന്‍ കൂടിയാണ് അദ്ദേഹം. കോമഡിയായി ഏലിയ സുലൈമാന്‍ അവതരിപ്പിക്കുന്ന പല കാര്യങ്ങളും പലസ്തീന്‍ ചരിത്രത്തോട് നീതി പുലര്‍ത്തുന്നില്ലെന്ന വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. 2018-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഇറ്റ് മസ്റ്റ് ബി ഹെവന്‍ എന്ന ചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ഇന്ന് ലോകശ്രദ്ധയാകര്‍ഷിക്കുന്ന നിരവധി ഹ്രസ്വചിത്രങ്ങളും പലസ്തീനില്‍ നിന്നുമുണ്ടാകുന്നുണ്ട്. 2013-ല്‍ പുറത്തിറങ്ങിയ ഒമര്‍ (സംവിധാനം: ഹാനി അബു അസദ്) കാന്‍ ചലച്ചിത്രമേളയില്‍ പ്രത്യേക ജൂറി സമ്മാനം നേടിയ സിനിമയാണ്. അടുത്തകാലത്ത് ഡോക്യുമെന്ററിക്കുള്ള ഓസ്‌കാര്‍ ലഭിച്ച നോ അദര്‍ ലാന്‍ഡ് പ്രധാനപ്പെട്ട പലസ്തീന്‍ സിനിമയാണ്.
2020-ല്‍ ഫറാ നബുല്‍സി സംവിധാനം ചെയ്ത ദ പ്രസന്റ് (അല്‍ ഹദിയ) എന്ന സിനിമ ലോകശ്രദ്ധ നേടുകയുണ്ടായി. നെറ്റ്ഫ്‌ലിക്സിലായിരുന്നു ഇതിന്റെ പ്രദര്‍ശനം. ഇസ്രയേല്‍ അധിനിവേശത്തിലുള്ള വെസ്റ്റ്ബാങ്കില്‍ കഴിയുന്ന യൂസുഫ്‌നൂര്‍ ദമ്പതികള്‍ തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിക്കുന്നതും യൂസുഫ് മകളുമൊത്ത് വിവാഹസമ്മാനം വാങ്ങാന്‍ പോകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ബെത്ത്ലഹേമിലെ ജനത്തിരക്കാര്‍ന്ന ഇസ്രയേലി ചെക്ക് പോയിന്റ് കടന്നുവേണം യൂസുഫിന് അങ്ങാടിയിലേക്കു പോകാന്‍. എല്ലാ ദിവസവും ജോലിക്കു പോകുമ്പോള്‍ യൂസുഫ് ചെക്ക് പോയിന്റ് കടക്കുന്നതിന്റെ ക്ലേശം അനുഭവിക്കുന്നതാണ്. വിവാഹ വാര്‍ഷിക സമ്മാനം വാങ്ങാന്‍ ജീവനുതുല്യം സ്നേഹിക്കുന്ന മകളും ബാലികയുമായ യാസ്മിനൊപ്പമാണ് അയാള്‍ പോകുന്നത്. കുറേ നാളുകളായി വിട്ടുമാറാത്ത പുറംവേദന യൂസുഫിനെ ശല്യം ചെയ്യുന്നുണ്ട്. വീട്ടിലെ കേടുവന്ന ഫ്രിഡ്ജിനു പകരം ഭാര്യക്ക് വിവാഹസമ്മാനമായി പുതിയൊരു ഫ്രിഡ്ജ് വാങ്ങിക്കൊടുക്കാനാണ് അയാള്‍ തീരുമാനിക്കുന്നത്. മകള്‍ക്കും ചില സാധനങ്ങള്‍ ആവശ്യമുണ്ട്.
രണ്ടു പേരെയും ഷോപ്പിംഗ് മാളിലേക്ക് പോകും വഴി ചെക്ക് പോയിന്റില്‍ തടയുന്നു. വാപ്പയേയും മകളേയും രണ്ട് വ്യത്യസ്ത മുറികളിലിട്ട് മാനസികമായി പീഡിപ്പിക്കുന്നു. പിന്നീട് പോയ്ക്കൊള്ളാന്‍ പറയുന്നു. ഫ്രിഡ്ജും മറ്റു സാധനങ്ങളും വാങ്ങി മടങ്ങുമ്പോള്‍ ചെക്ക് പോയിന്റില്‍ വീണ്ടും പരിശോധന. പക്ഷെ അത് ആദ്യത്തേതു പോലെയായിരുന്നില്ല. കാറില്‍ ഫ്രിഡ്ജ് കൊണ്ടുപോകാന്‍ പറ്റില്ലെന്നു പറഞ്ഞാണ് ഇസ്രയേല്‍ സുരക്ഷാ സൈനികര്‍ പീഡനം ആരംഭിക്കുന്നത്. ഒടുവില്‍ താനത് ഒരു ട്രോളിയില്‍ തള്ളിക്കൊണ്ടു പോകാമെന്ന് പറഞ്ഞെങ്കിലും അനുമതി കിട്ടുന്നില്ല. ഒടുവില്‍ യൂസഫും സുരക്ഷാ സൈനികരും തമ്മിലുള്ള സംഘര്‍ഷം മുറുകുമ്പോള്‍ മകള്‍ യാസ്മിന്‍ ട്രോളിയില്‍ ഫ്രിഡ്ജ് കഷ്ടപ്പെട്ട് തള്ളിക്കൊണ്ടു പോകുന്നിടത്ത് സിനിമ അവസാനിക്കുന്നു. ഇസ്രയേല്‍ ഭീകരതയില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നത് കുട്ടികളാണ്. ഈ ഹ്രസ്വ സിനിമ ഇക്കാര്യത്തിന് അടിവരയിടുകയാണ്. ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അവാര്‍ഡ് നേടിയ ചിത്രം കൂടിയാണിത്.
കോവിഡ് അടച്ചിരിപ്പിന്റെ തുടക്കനാളുകളില്‍ നെറ്റ്ഫ്ളിക്സിലൂടെ ഈ ചിത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് പ്രേക്ഷകര്‍ കണ്ടു. ആറു പതിറ്റാണ്ടിലധികമായി ഒരു മാറ്റവുമില്ലാതെ തുടരുന്ന, ദിനേനയെന്നോണം കൂടുതല്‍ക്കൂടുതല്‍ സങ്കീര്‍ണ്ണമായി വരുന്ന പലസ്തീന്‍ ജീവിതത്തെ ഈ ചെറുചിത്രം അതിശക്തമായി പ്രതിനിധീകരിക്കുന്നു. 2021 മെയ് പത്തിന് ഇസ്രയേല്‍ പലസ്തീന്‍ പ്രദേശങ്ങളില്‍ വീണ്ടും യുദ്ധം തുടങ്ങി. നിരവധി പേര്‍ കൊല്ലപ്പെട്ടു. പതിവുപോലെ കുറച്ചു ദിവസം കഴിഞ്ഞ് മെയ് 21ന് 'അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ' തുടര്‍ന്ന് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. യുദ്ധം നടത്തുന്നതും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതും ഇസ്രയേല്‍ തന്നെ! പലസ്തീനികളെ ഭീകരവാദികളാക്കുന്ന കേരളത്തിലടക്കമുള്ള ലിബറലുകള്‍ക്കും വലതുപക്ഷക്കാര്‍ക്കും അന്തരാഷ്ട്ര സമൂഹത്തിനും ഈ യാഥാര്‍ത്ഥ്യം എന്നുള്‍ക്കൊള്ളാന്‍ കഴിയുമെന്നതിന് ഒരു നിശ്ചയവുമില്ല. അറബ് സമൂഹത്തില്‍നിന്നും ഇതിനാവശ്യമായ ഒരു ചുവടുവെപ്പും ഉണ്ടാകുന്നുമില്ല. പലസ്തീന്‍ ജനത അനുനിമിഷമെന്നോണം കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുകയും അതേ അളവില്‍ നിസ്സഹായരാവുകയുമാണ്.
പലസ്തീനില്‍ നിന്നുള്ള കോവിഡ്കാല വാര്‍ത്ത ഗാസയിലെ മനുഷ്യര്‍ക്ക് എക്സ്പയറി ഡേറ്റ് കഴിഞ്ഞ കോവിഡ് വാക്സിന്‍ നല്‍കാന്‍ ഇസ്രയേല്‍ 'കരുണ' കാണിച്ചതാണ്. സത്യത്തില്‍ ലോകം മുഴുവന്‍ ഇതേ നിലയിലാണ് (എക്സപിയറി ഡേറ്റ് കഴിഞ്ഞുള്ള കരുണ) പലസ്തീനികളോട് പെരുമാറുന്നത് എന്നതാണ് വാസ്തവം.
ആ ചോദ്യം നെഞ്ചില്‍ കത്തുന്നു
2016-ല്‍ ഷാര്‍ജയില്‍ മഹ്‌മൂദ് ശുകൈറുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു: 'യുദ്ധമുണ്ടാകുമ്പോഴാണ് പലസ്തീന്‍ സാഹിത്യം ലോകം ശ്രദ്ധിക്കുന്നത്. സമാധാനകാലത്ത് ഞങ്ങളെ ആരും വായിക്കുന്നില്ല.' പിന്നീടത് അദ്ദേഹം തിരുത്തി-സമാധാന കാലം, അങ്ങനെയൊന്ന് ഉണ്ടോ? ഉണ്ടാകുമോ?- ആര്‍ക്കറിയാം? ആ ചോദ്യം ഇപ്പോഴും നെഞ്ചില്‍ കത്തുന്നു.
കുറിപ്പ്: ലേഖനത്തില്‍ വിവര്‍ത്തകന്റെ പേരു പരാമര്‍ശിക്കാത്ത വിവര്‍ത്തനങ്ങളെല്ലാം ലേഖകന്റേതാണ്. പലസ്തീന്‍ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ ലേഖനം എഴുതിയിട്ടുള്ളത്. പ്രതിനിധാന സ്വഭാവത്തിലൂന്നി പലസ്തീന്‍ സാഹിത്യം, കല, സംഗീതം, സിനിമ എന്നീ മേഖലകളെ പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിലധികമായി തുടരുന്ന ഗാസയിലെ ഇസ്രയേല്‍ നരമേധത്തിനു മുമ്പെഴുതിയ (2022-ല്‍) ലേഖനമാണിത്.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വി. മുസഫര്‍ അഹമ്മദിന്റെ ഏറ്റവും പുതിയ പുസ്തകമായ ബഷീറും എം.ടിയും പാമുക്കും മലബാറിലെ പന്തയക്കുതിരകളും എന്ന പുസ്തകത്തില്‍ നിന്നും...)
Content Highlights: v musafar ahamemd- excerpt- palastine- gaza- conflict