എല്ലാ കഥയിലും ഒരു മൂന്നാമത്തെ കഥാപാത്രമുണ്ട്‌

#അമൃതാ പ്രീതം

എല്ലാ കഥകളിലും ഒരു പ്രധാന കഥാപാത്രമുണ്ടാവും. അതുപോലെത്തന്നെ അവർ പ്രധാന കഥാപാത്രമാകാൻ കാരണമായിത്തീരുന്ന വേറൊരാൾ, അത് അവരെ പ്രണയിക്കുന്നവരോ അവരുടെ ചുറ്റുപാടുകളോ ആയിരിക്കും,ആ കഥയിലെ രണ്ടാമത്തെ കഥാപാത്രമാണ്. കഥയുടെ പാതയിലൂടെ കടന്നുപോകുന്ന ആളുകളെയോ സംഭവങ്ങളെയോ കഥയാകുന്ന കൊട്ടാരത്തിന്റെ പടികൾ, മട്ടുപ്പാവുകൾ, ജനാലകൾ എന്നിങ്ങനെ വിളിക്കാം.
എല്ലാ കഥകളിലും ഒരു മൂന്നാമത്തെ കഥാപാത്രം ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. കഥ എഴുതുന്നയാളെ മൂന്നാമത്തെ കഥാപാത്രമെന്നു വിളിക്കാൻ എനിക്കു കഴിയില്ല. കാരണം, കഥയെഴുതുന്ന സമയത്ത് കഥാകൃത്തിന് കഥാപാത്രങ്ങളിൽനിന്ന് വേർപിരിയാനാവില്ല.

അവർ കഥാപാത്രങ്ങളെ അവരുടെ ഹൃദയത്തിൽ കൊണ്ടുനടക്കും. കഥാപാത്രങ്ങളുടെ കണ്ണുനീർ സ്വന്തം കണ്ണുകളിൽ ആവാഹിക്കും.
കഥയിലെ മൂന്നാമത്തെ പ്രധാന കഥാപാത്രം അതിന്റെ വായനക്കാരൻ അല്ലെങ്കിൽ വായനക്കാരിയാണ്. കഥയുടെ വരികൾക്കിടയിൽനിന്ന് ഉയർന്നുവരുന്ന കഥാപാത്രങ്ങളെ ആദ്യമായി കാണുന്നതും അവരുടെ നിലനിൽപ്പിന് സാക്ഷിയാവുന്നതും വായനക്കാരാണ്. അവർക്ക് കഥാപാത്രത്തിന്റെ മനസ്സ് സ്വന്തം ഹൃദയത്തിൽ മിടിക്കുന്നതായി അനുഭവപ്പെടും. കഥാപാത്രത്തിന്റെ കണ്ണുനീർ സ്വന്തം കണ്ണുകളിൽ തുടയ്ക്കാൻ സാധിക്കും. എന്നിരുന്നാലും അവരുടെ അസ്തിത്വം ഒരുപാട്‌ വ്യത്യസ്തമായതുകൊണ്ട് അവരെ മൂന്നാമത്തെ കഥാപാത്രമെന്നു വിളിക്കാം.
വായനക്കാരായ നിങ്ങളാണ് എന്റെ എല്ലാ കഥകളിലെയും മൂന്നാമത്തെ പ്രധാന കഥാപാത്രം. ഏതെങ്കിലും ഒരു കഥയ്ക്ക് മറ്റൊരു കഥയെക്കാൾ പ്രാധാന്യം കൊടുക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടുകളും അനുഭവങ്ങളുടെ ബാഹുല്യവും ജീവിതമൂല്യങ്ങളുമുണ്ട്. ചുറ്റുപാടുകൾ വ്യത്യസ്തമായതുകൊണ്ട് അഭിരുചികളും വ്യത്യസ്തമായിരിക്കാം. നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള അധികാരം നിങ്ങളിൽ നിക്ഷിപ്തമാണ്. ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു, ഞാനെഴുതിയ കഥകളിൽനിന്ന് നിങ്ങൾക്കു വായിക്കാൻവേണ്ടി തിരഞ്ഞെടുത്ത ഈ കഥകൾ ഒരു കഥാകൃത്തിന്റെ സ്ഥാനത്തുനിന്നല്ല, മറിച്ച് വായനക്കാരിയുടെ സ്ഥാനത്തുനിന്നാണ് തിരഞ്ഞെടുത്തിരിക്കുന്നത്–നിങ്ങളെപ്പോലെത്തന്നെ എല്ലാ കഥകളിലെയും മൂന്നാമത്തെ കഥാപാത്രത്തിന്റെ സ്ഥാനത്തുനിന്ന്.
ഈ സമാഹാരത്തിന്റെ ആധാരം എനിക്കു വിശദീകരിക്കാൻ കഴിയും:
ചില കഥകൾ പ്രണയത്തെയും ജീവിതത്തെയും കുറിച്ചുള്ള സ്ത്രീകളുടെ വീക്ഷണത്തെ പ്രതിനിധീകരിക്കുന്നു. വേദനകൾ ഒരുപോലെയാണെങ്കിലും, ഓരോ കഥയിലെയും സ്ത്രീകൾ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ടവരാണ്; അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്‌. ആ വ്യത്യാസവും വ്യക്തതയുമാണ് ഈ കഥകൾ തിരഞ്ഞെടുക്കാനുള്ള
കാരണം.
‘കാട്ടുചെടി’യിലെ അംഗൂരി, വളരെ പിന്നാക്കമായ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചുവളർന്നവളാണ്. ആ ഗ്രാമത്തിലെ സ്ത്രീകൾക്ക് പാരമ്പര്യങ്ങളിൽനിന്നും ആചാരങ്ങളിൽനിന്നും മുക്തരായി പ്രണയത്തെപ്പറ്റി ചിന്തിക്കാൻ ഒരിക്കലും കഴിയുമായിരുന്നില്ല. ഏതെങ്കിലും ഒരു പെൺകുട്ടി, അപരിചിതനായ ഒരു പുരുഷനുമായി പ്രണയത്തിലായാൽ, അയാൾ പാനിലോ മധുരപലഹാരത്തിലോ ഒരു കാട്ടുചെടി ചേർത്ത് അവൾക്കു നൽകിയിട്ടുണ്ടാകുമെന്നും അതിന്റെ ഫലമായി അവൾ പ്രണയത്താൽ ഭ്രാന്തിയായിത്തീരുന്നുവെന്നും അവർ വിശ്വസിക്കുന്നു. ഇങ്ങനെയുള്ള വിശ്വാസങ്ങൾക്കിടയിൽ, ചിരിച്ചുകളിച്ചു ജീവിക്കുന്ന അംഗൂരിയുടെ മനസ്സ് ആദ്യമായി പ്രണയത്താൽ വേദനിച്ച സമയത്ത്, താൻ ആരുടെ കൈകളിൽനിന്നും മധുരപലഹാരങ്ങളോ പാനോ കഴിച്ചിട്ടില്ലെന്ന് ഒരു ഭ്രാന്തിയെപ്പോലെ അവൾ സത്യം ചെയ്യുമ്പോൾ, എല്ലാ അറിവുകളും അവളുടെ നിഷ്‌കളങ്കമായ വേദനയ്ക്കുമുന്നിൽ തലകുനിക്കുന്നു.
‘ഗുലിയാനയുടെ ഒരു കത്ത്’ ബോദ്ധ്യങ്ങളുള്ള ഒരു സ്ത്രീയുടെ വേദനയാണ്. അവളുടെ സ്വപ്‌നങ്ങൾ ലളിതമായിരുന്നെങ്കിലും വേദന തീവ്രമായിരുന്നു. അവളുടെ മനസ്സിൽ വളരെ സാധാരണവും പുരാതനവുമായ ആഗ്രഹവും ഒരു വീടിനെക്കുറിച്ചുള്ള സ്വപ്‌നവും ഉണ്ടായിരുന്നു.നക്ഷത്രക്കൂട്ടങ്ങളുടെ താക്കോലുകൾ ഉപയോഗിച്ച് വാതിലുകൾ തുറക്കാൻ കഴിയുന്ന ഒരു വീടിനെക്കുറിച്ചുള്ള സ്വപ്‌നം!
‘കർമ്മാവാലി’ സ്വന്തം ഹൃദയത്തിന്റെ മൂല്യങ്ങൾക്കു പകരമായി, അവൾ തിരിച്ച് ആവശ്യപ്പെടുന്ന ഹൃദയമൂല്യങ്ങൾക്ക് ഒരു കുറവും ഉണ്ടാവുന്നത് അംഗീകരിക്കുന്നില്ല. ഒരാൾ ആദ്യമായി ധരിക്കാൻ പോകുന്ന, വൃത്തിയുള്ളതും ആരും തൊട്ടുതീണ്ടാത്തതുമായ വസ്ത്രംപോലെയായിരുന്നു അവളുടെ ഹൃദയം. എന്നാൽ, അവൾക്കു മുമ്പ് മറ്റൊരു സ്ത്രീയെ സ്‌നേഹിച്ച ഭർത്താവിനെപ്പറ്റി അവൾക്ക് തോന്നിയത് ആരോ ധരിച്ചശേഷം അഴിച്ചുവെച്ച വസ്ത്രം താൻ ധരിച്ചതുപോലെയായിരുന്നു.
‘ഛമ്മക് ഛല്ലോ’ നഗരത്തിന്റെ കാപട്യത്തിൽ തകർന്ന ഒരു പെൺകുട്ടിയെക്കുറിച്ചാണ്‌. അവളുടെ പുഞ്ചിരി, സ്വയം ചാട്ടവാറായി മാറി അവളുടെ മൃദുലമായ ശരീരത്തിൽ പതിക്കുന്നു. അവളുടെ പുഞ്ചിരിയുടെ വില കൊടുത്തു വാങ്ങിയ മാംസം വീട്ടിലെ ചട്ടിയിൽ വറുത്തെടുക്കുമ്പോൾ, അവൾക്കു തോന്നുന്നത്, സ്വന്തം പുഞ്ചിരി അടുപ്പിൽ വറുത്തെടുക്കുന്നതു
പോലെയാണ്...
‘അമാകഡി’യുടെ ശരീരത്തിൽ പ്രണയത്തിന്റെ വിഷമുണ്ട്. അവളെ പ്രണയിക്കുന്ന ആൾ മറ്റൊരു വിവാഹം കഴിക്കുന്നു. അമാകഡിയുടെ വിഷം കാലക്രമേണ ഇല്ലാതാവുമെന്ന് അയാൾ വിശ്വസിക്കുന്നു. വിവാഹം വിഷമിറക്കാനുള്ള ഒരു മറുമരുന്നാണെന്നതുപോലെ. പക്ഷേ...
‘ഒരു തൂവാല, ഒരു മോതിരം, ഒരു അരിപ്പ’ എന്ന കഥയിലെ ബന്തി, കാമുകൻ നൽകിയ തൂവാല സ്വന്തം കുഞ്ഞിന്റെ തലയിൽ കെട്ടിക്കൊടുക്കുന്നു. അപ്പോൾ അവൾക്ക് കുഞ്ഞിന് ഇരുപത്തിയഞ്ചു വയസ്സ് തികഞ്ഞുവെന്നും തനിക്ക് ഇരുപതു വയസ്സ് തികഞ്ഞിട്ടില്ലെന്നുമുള്ള തോന്നലുണ്ടാവുന്നു... ശരീരത്തിൽനിന്ന് ബന്ധങ്ങളുടെ ഭാരം ഒഴിവാക്കിയശേഷം, മനുഷ്യരായി പരസ്പരം കാണുന്ന മരുമകളും അമ്മായിയമ്മയും തമ്മിലുള്ള സൗഹൃദമാണ് ഈ കഥയുടെ കാതൽ.
ഇനി പറയുന്ന കഥകൾ പുരുഷമനസ്സുകളുടെ ചില വശങ്ങളാണ്:
‘പുകയും തീപ്പൊരിയും’ എന്ന കഥയിൽ, നിഷ്‌കളങ്കമായ പ്രണയത്തിൽ സംതൃപ്തനായിട്ടും, ബുദ്ധിശാലിയായ ഒരു മനുഷ്യൻ ചിന്തയിലാണ്ടുപോകുന്നതിനെക്കുറിച്ചാണ്‌ വിവരിക്കുന്നത്‌. കുറച്ചു സമയത്തെ സംതൃപ്തിയെ കാലാകാലത്തേക്കുള്ള സംതൃപ്തിയാക്കി മാറ്റുകയെന്നത് ഒരുപക്ഷേ, കാറ്റു നിറയ്ക്കുന്ന തലയിണയിൽ, തുറസ്സായ അന്തരീക്ഷത്തിലെ ശുദ്ധവായു നിറച്ച്, നഗരത്തിലെ കൽക്കരിപ്പാടത്തെ പുകയിലേക്കും യുദ്ധത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിലേക്കും കൊണ്ടുപോവുന്നതുപോലെയാണെന്ന്‌ അയാൾ ചിന്തിക്കുന്നു. വികാരങ്ങളുടെ ശക്തമായ ഒഴുക്കും ചിന്തയുടെ സഹിഷ്ണുതയുമാണ് ഈ കഥയുടെ വേദന.
‘ചുവന്ന മുളക്’ എന്ന കഥയുടെ വിധി, കഥയുടെ ശക്തിയായി മാറുന്ന, കഥാപാത്രങ്ങളുടെ നിസ്സാഹായതയാണ്. വർഷങ്ങൾക്കുശേഷം ഈ കഥ വായിച്ചപ്പോൾ, എഴുതിയ സമയത്തുണ്ടായിരുന്ന അതേ വികാരംതന്നെയാണ് എനിക്കനുഭവപ്പെട്ടത്. കഥയുടെ അവസാനഭാഗമായപ്പോൾ കഥ വായിക്കുന്നയാൾക്ക് കഥാപാത്രത്തെപ്പോലെത്തന്നെ അടുത്തുള്ളതൊന്നും കാണാതെ വരുമ്പോൾ, കഥ അതിന്റെ വിജയത്തിൽ പുഞ്ചിരിക്കുന്നു. ആ പുഞ്ചിരി ഈ കഥയുടെ വേദനയാണ്.
‘ഗന്ധം’ എന്ന കഥയിൽ, ഒരു പുരുഷന്റെ പ്രണയവും ജീവിതാവശ്യങ്ങളും തമ്മിൽ പരസ്പരം കൂട്ടിമുട്ടുന്നു. അയാളുടെ ഹൃദയം നിഷ്‌കളങ്കമാണെങ്കിലും പാപങ്ങളുടെ തുള്ളികളാൽ അത് നിറയുന്നു.
‘എനിക്ക് എല്ലാം അറിയാം’ എന്ന കഥയിലെ കഥാപാത്രമായ ജയിൽസിങ് നേരിടുന്ന പ്രതിസന്ധിയാണ് കഥയുടെ വേദന. ജീവിതത്തിന്റെ വിശാലതയെ ഒരു പുതിയ വീക്ഷണകോണിൽനിന്ന് കാണുന്നതിൽനിന്നാണ് ഈ പ്രതിസന്ധി ഉണ്ടാകുന്നത്. ആളുകൾ പലപ്പോഴും ഒരു സ്ഥലത്ത് നിലയുറപ്പിച്ച് ഒരൊറ്റ കോണിൽനിന്ന് ജീവിതത്തെ കണ്ടശേഷം, ജീവിതത്തെപ്പറ്റി അവർക്ക് എല്ലാം അറിയാം എന്ന് കരുതുന്നു. എന്നാൽ...
‘ഒരു പെൺകുട്ടി ഒരു പാനീയം’ എന്ന കഥയുടെ വേദന വ്യത്യസ്തമാകാൻ കാരണം, അതിലെ ചിത്രകാരനായ സുമേഷ്, ഓരോ പെൺകുട്ടിയെയും ഒരു ഗ്ലാസ് വീഞ്ഞുപോലെ കുടിച്ചശേഷം, ഗ്ലാസിൽ പുതിയ വീഞ്ഞൊഴിച്ച് കുടിക്കണമെന്നു വിശ്വസിച്ചു ജീവിക്കുമ്പോഴാണ്‌ വിധി ആ വിശ്വാസത്തെ പരീക്ഷിക്കുന്നത്‌ എന്നത്രേ. ‘എന്റെ ജീവിതം വളരെ കയ്‌പേറിയതാണ്, എന്റെ ജീവിതത്തിന് ചൂടുണ്ട്, നിനക്കതു കുടിച്ചുതീർക്കാൻ കഴിയില്ല’ എന്ന് അയാൾ പറയുമ്പോൾ, അതു കേൾക്കുന്നയാൾ, ‘ഊതിയൂതി കുടിച്ചോളാം ബാബൂ’ എന്നു പറയുന്നിടത്ത് അതുവരെ രൂപംകൊണ്ടിരുന്ന കഥ തകരുകയും ആ തകർന്ന കഥയിൽനിന്ന്‌ പുതിയൊരു കഥ രൂപപ്പെടാനാരംഭിക്കുകയും ചെയ്യുന്നു.
‘ഒരു കാവ്യത്തിന്റെ സൃഷ്ടി’ രചനാത്മകമായ സൃഷ്ടിയെപ്പറ്റിയുള്ള വർണ്ണനയാണ്. അത് അഗ്നിജ്വാലകളെ വാക്കുകളിൽ പകർത്താൻ ശ്രമിക്കുന്നു.
ഇനിയുള്ള കഥകളെക്കുറിച്ച്‌ പറയുകയാണെങ്കിൽ... ഇതുവരെയുള്ള കഥകളിലെ വേദനയ്ക്ക്‌ വാക്കുകളായി വെളിയിൽ വരാൻ കഴിഞ്ഞു. എന്നാൽ, ഇൗ കഥകളിെല വേദന, സംസാരശേഷിയില്ലാത്ത ഒരു മനുഷ്യന്റെ വേദനയ്ക്ക്‌ സമമാണ്‌.
‘അഞ്ചു സഹോദരിമാർ’ എന്ന കഥ സ്ത്രീവർഗ്ഗത്തിന്റെ മൂകവേദനയാണ്. ഈ വേദന ഒന്നുകിൽ മതത്തിന്റെയും സദാചാരത്തിന്റെയും പുരാതന മൂല്യങ്ങൾ സ്വീകരിച്ചതുകൊണ്ട് വന്നതാണ്. അല്ലെങ്കിൽ, ആ മൂല്യങ്ങളെ തിരസ്‌കരിക്കാൻ കഴിയാത്തതുകൊണ്ട് വന്നതാണ്.
‘കീറിമുറിഞ്ഞ കഥകൾ’ നടന്നത് മദ്ധ്യപ്രദേശിലെ വളരെ പിന്നാക്കം നിൽക്കുന്ന ഒരു പ്രദേശത്താണ്. ഒരു സ്ത്രീ ഒരേസമയം രണ്ടു കുട്ടികൾക്ക് ജന്മം നൽകിയാൽ, അതിൽ ഒരു കുട്ടി പാപിയായ കുട്ടിയായിരിക്കുമെന്നും സ്ത്രീ ഒരേ ദിവസം രണ്ടു പുരുഷന്മാരുമായി ബന്ധത്തിൽ ഏർപ്പെട്ടതുകൊണ്ടാണ് രണ്ടു കുട്ടികൾ ജനിച്ചതെന്നും വിശ്വസിക്കുന്നവരാണ്‌ അവർ.
‘അപരിചിതൻ’ എന്ന കഥ ബുദ്ധിഭ്രമമുള്ള ഒരു പുരുഷന്റെ അവസ്ഥയാണ് കാണിച്ചുതരുന്നത്. ചിന്തകൾക്കിടയിലുള്ള പാത തേടുന്നതിനിടയിൽ അയാൾക്ക് സ്വത്വം നഷ്ടപ്പെടുന്നു.
‘ഒരു ദുരന്തം’ എന്ന കഥ വിവേകിയായ ഒരു മനുഷ്യന്റെ സംവേദനക്ഷമതയെ പ്രകടിപ്പിക്കുന്നു. സ്വസ്ഥമായിരിക്കുക എന്നതിനു പകരം അസ്വസ്ഥമോ അസ്വാഭാവികമോ ആകുന്ന നേരത്ത് ഒരു വലിയ ശബ്ദത്തോടെയാകും ദുഃഖം കടന്നുപോകുന്നത്‌; അപ്പോഴും അതിനുള്ളിൽ ഒരു നിശ്ശബ്ദത തളംകെട്ടിനിൽക്കും.
വാസ്തവത്തിൽ, ഒരു സംഭവം നടന്ന സ്ഥലത്ത് ഉണ്ടായിരിക്കുന്നതും, അതു സംഭവിക്കുന്നത് ദൂരേനിന്ന് വീക്ഷിക്കുന്നതും അമൂല്യമായ ഒരു അനുഭവമാണ്. എഴുത്തുകാർ കഥയെഴുതുമ്പോൾ അവർ സംഭവത്തിലൂടെ കടന്നുപോവുകയും പിന്നീട് സമയം കിട്ടുമ്പോൾ അത് വായിച്ചുനോക്കുന്ന നേരത്ത് ആ സംഭവത്തെ നോക്കിക്കാണുകയും ചെയ്യുന്നു. ഈ കഥകളെ തിരഞ്ഞെടുക്കുന്ന സമയത്ത് ഞാൻ ഇതിലൂടെ കടന്നുപോയിരുന്നില്ല. എന്തുകൊണ്ടെന്നാൽ, ഞാൻ നിങ്ങളെപ്പോലെ–എല്ലാ വായനക്കാരെയുംപോലെ–എല്ലാ കഥകളിലെയും മൂന്നാമത്തെ കഥാപാത്രമാണ്.