ജീവിതത്തില്‍ സംഭവിക്കുന്ന ഒരു അത്യാഹിതം അടിവയറ്റില്‍ ഉയര്‍ത്തുന്ന തീപോലുള്ള അനുഭവം പകരുന്ന കഥകള്‍

#മരിയ റോസ്
പ്രതീകാത്മക ചിത്രം| ഫോട്ടോ: deepai
പ്രതീകാത്മക ചിത്രം| ഫോട്ടോ: deepai

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സുനു എസ്. തങ്കമ്മയുടെ 'ഇറച്ചിക്കൊലപാതകം' എന്ന നോവലിന് മരിയ റോസ് എഴുതിയ ആമുഖം...

നോവലിനെ അപേക്ഷിച്ച് ചെറുകഥയുടെ ക്ലിപ്തപ്പെടുത്തിയ ദൈർഘ്യം എഴുത്തുകാരിൽനിന്നു കൂടുതൽ സർഗ്ഗാത്മകനിയന്ത്രണം ആവശ്യപ്പെടുന്നുണ്ട്. അതിനാൽ വാക്കുകളുടെ തിരഞ്ഞെടുപ്പ്, ഇതിവൃത്തരൂപീകരണം, വാക്യഘടന, പാത്രസൃഷ്ടി ഇവയിലെല്ലാം വളരെ കർക്കശമായ നിയന്ത്രണം പാലിക്കേണ്ടതുണ്ട്. ഒരു പ്രത്യേക സാഹിത്യോപവിഭാഗത്തിൽ (Sub–Genre) പെടുന്ന രചന ചെറുകഥയിലൂടെ പരിചരിക്കുമ്പോൾ ഈ സർഗ്ഗാത്മകനിയന്ത്രണം കൂടുതൽ നിർണ്ണായകമായിത്തീരുന്നു. ഉദാഹരണത്തിനു ഭീതിയും ഉദ്വേഗവും പ്രമേയത്തിലും ക്രാഫ്റ്റിലും പ്രശ്‌നവത്കരിക്കപ്പെടുന്ന ഗോഥിക് ഫിക്‌ഷൻ ചെറുകഥയിലൂടെ ആവിഷ്‌കരിക്കപ്പെടുമ്പോൾ രചയിതാവിന്റെ ജോലി കൂടുതൽ കഠിനമാകുന്നു. എന്തുകൊണ്ടെന്നാൽ, കാവ്യരചനയിലെന്നപോലെ ഗോഥിക് ഫിക്‌ഷൻ കലാപരമായ ഉന്നതി കൈവരിക്കുന്നത് ധ്വനിയിലൂടെയും പറയുന്നതിനെക്കാൾ പറയാതിരിക്കുന്നതിലൂടെയുമാണ്. മേൽപ്പറഞ്ഞ വിഷയത്തെക്കുറിച്ച് ഞാനിപ്പോൾ ചിന്തിക്കാനിടയാകുന്നത് സുനു എഴുതിയ ചില കഥകളിലൂടെ കടന്നുപോയതുകൊണ്ടാണ്; ഈ കഥകൾ വായിക്കുക. ചെറുകഥയുടെ ക്രാഫ്റ്റ്, ചെറുകഥയിൽ ഗോഥിക് ഫിക്‌ഷൻ അവതരിപ്പിക്കുക രണ്ടു വെല്ലുവിളികളും ഒരു മിഠായി കഴിക്കുന്ന ലാഘവത്വത്തോടെ സുനു കൈവരിക്കുന്നതു കാണാം. 

ഗോഥിക് രചനകൾ മലയാളത്തിൽ അപൂർവ്വമായി മാത്രമേ സംഭവിക്കുന്നുള്ളൂ. വിവിധ വെല്ലുവിളികളാണ് ഈ സാഹിത്യോപവിഭാഗം നേരിടുന്നത്. ജനപ്രിയ വായനയ്ക്കുവേണ്ടിയുള്ള സെൻസേഷണൽ രചനയായി പരിഗണിച്ച് മുഖ്യധാരാസാഹിത്യത്തിന്റെ വായനക്കാരും നിരൂപകരും ഈ വിഭാഗത്തെ അകറ്റിനിർത്തുന്നു. ജനപ്രിയസാഹിത്യം ഭീതിരചനകൾ ധാരാളം ഉത്പാദിപ്പിച്ചിട്ടുണ്ടെങ്കിലും അവയിൽ ഏറിയ പങ്കും മുകളിൽപ്പറഞ്ഞ ആരോപണം ശരിവെക്കുംവിധം സെൻസേഷണൽ ആയി കലാപരമായ മികവ് പ്രകടിപ്പിക്കുന്നതിൽ വളരെ പിന്നിലായിരുന്നു. മികച്ച രചനാചാതുരി പ്രകടിപ്പിക്കുന്ന ഒരു ഗോഥിക് രചന മലയാളത്തിൽ സംഭവിച്ചിട്ടുള്ളപ്പോഴൊക്കെ പ്രമേയത്തിന്റെ ഗൗരവമുള്ള വായനക്കാരാൽ വായിക്കപ്പെടാതെപോകുന്നു. എന്നാൽ ഭീതിരചന എന്ന നിലയിൽ അവയിലെത്തിപ്പെടുന്ന ജനപ്രിയവായനക്കാർ ധ്വനികളിലൂടെ വിനിമയം ചെയ്യുന്ന കഥയുടെ ലാവണ്യം ആസ്വദിക്കാൻ പ്രാപ്തിയുള്ളവരാകുന്നുമില്ല. അതുകൊണ്ട് രണ്ടുതരം വായനക്കാർക്കിടയിലും കൃതി സ്വീകരിക്കപ്പെടാതെപോകുന്നു. ശ്രദ്ധ നേടേണ്ടിയിരുന്ന പല രചനകളും ഈ കാരണത്താൽ മലയാളത്തിൽ വായിക്കപ്പെടാതെ പോയിട്ടുണ്ട്. മലയാളം ഗോഥിക് നോവലിലേക്ക് വലിയ സംഭാവന ചെയ്തിട്ടുള്ള മോഹനചന്ദ്രന്റെ രചനകൾ ഏറെയൊന്നും ചർച്ചചെയ്യപ്പെടാതിരുന്നത് മുകളിൽപ്പറഞ്ഞ സാഹചര്യംകൊണ്ടും ഈ മേഖലയോട് വെച്ചുപുലർത്തിപ്പോരുന്ന മുൻവിധികൾ കൊണ്ടുമാണ്.ക്ലിപ്തപ്പെടുത്തിയ ദൈർഘ്യത്തിനുള്ളിൽ രചിക്കപ്പെടേണ്ടതിനാൽ ചെറുകഥയിലാണ് ഏതൊരു എഴുത്തുകാരന്റെയും കഴിവ് പരിശോധിക്കപ്പെടുക. ഒരു നൂറ്റാണ്ടിന്റെ ചെറുകഥാപാരമ്പര്യം പറയാനുണ്ടെങ്കിലും, കേരളത്തിലെ സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങൾ അത്തരം കഥകൾക്ക് വലിയ സാദ്ധ്യതകളായിരുന്നിട്ടും മലയാളത്തിൽ ഗൗരവമുള്ള ശ്രമങ്ങൾ നടന്നില്ല എന്നതാണ് വാസ്തവം. ഒരുപക്ഷേ, സുനുവിന്റെ കഥകൾക്കും മേൽപ്പറഞ്ഞ വിധി സംഭവിച്ചേക്കാം. 

പുസ്തകത്തിൻ്റെ കവർ

 അന്തരീക്ഷസൃഷ്ടി ഭീതിസാഹിത്യത്തിൽ വളരെ പ്രധാനമാണ്. ഈ രചനാരീതിയിൽ സുനുവിന്റെ രചനകൾ ശ്രദ്ധേയമാകുന്നതും അവയുടെ ഈ ഘടകംകൊണ്ടാണ്. കൊടുംവനവും പാറക്കെട്ടുകളും അലച്ചൊഴുകുന്ന പുഴകളും അവയോടു ചേർന്ന ഗ്രാമങ്ങളും മഞ്ഞും തണുപ്പും അവിടങ്ങളിലെ മനുഷ്യരും അവരുടെ ദുരൂഹതകളും സൃഷ്ടിക്കുന്ന ഭീതിയാണ് സുനുവിന്റെ കഥകളിൽ പ്രധാനമായും ആവിഷ്‌കരിക്കപ്പെടുന്നത്. സുനുവിന്റെ ജീവിതപശ്ചാത്തലവും ഇടുക്കി ജില്ലയിലെ സമാനമായ അന്തരീക്ഷത്തിൽനിന്നാണ് എന്നതിന്റെ വൈദഗ്ദ്ധ്യം കഥയിൽ പ്രകടമാകുന്നുണ്ട്. കഥ നടക്കുന്ന പശ്ചാത്തലങ്ങളുടെ വിശദമായ ചിത്രീകരണം അവ വായനക്കാരിലുണ്ടാക്കുന്ന പ്രതികരണത്തിൽ വലിയൊരു പങ്കുവഹിക്കുന്നു. പ്രകൃതിയുടെ വ്യത്യസ്തമായ മുഖങ്ങളിൽനിന്നു പ്രസരിക്കുന്ന ഭീതിയുടെ അവതരണത്തിന് ആധുനികഭീതിസാഹിത്യത്തിൽ മുൻ മാതൃകകളുണ്ട്. ഇംഗ്ലീഷ് ഗോഥിക് സാഹിത്യകാരന്മാരിൽ പ്രമുഖനായ ആൾജർനൺ ബ്ലാക്ക്‌വുഡിന്റെ രചനകൾ ഈ ശൈലിക്ക് ഉദാഹരണമാണ്. ‘മാലതി’ എന്ന കഥ പരിഗണിക്കുക, എഴുത്തുകാരൻ കഥ വികസിപ്പിക്കുന്നതിനൊപ്പം ആഖ്യാതാവായ കഥാപാത്രവും ഉദ്വേഗജനകമായ ഒരു കഥ വികസിപ്പിക്കുകയാണ്. പരുക്കൻ പ്രകൃതിയുടെ മടിത്തട്ടിൽ കണ്ടെത്തപ്പെടുന്ന ദുരൂഹമായ ഒരു മൃതദേഹമാണ് ഈ കഥയിലെ വായനക്കാരെയും കഥാപാത്രമായ ഇഷയെയും ഉദ്വേഗപൂർവ്വം മുന്നോട്ടു നയിക്കുന്നത്. പ്രകൃതിയുടെ ആന്തരികതയിലേക്കുള്ള യാത്ര, ആഖ്യാതാവിന്റെതന്നെ രഹസ്യത്തിലേക്കുള്ള യാത്രയാകുന്നു. ഇങ്ങനെ എഴുത്തുകാരനും കഥാപാത്രവും ഫിക്‌ഷണൽ ലോകം സൃഷ്ടിക്കുന്ന, വായനക്കാരെയും കഥാപാത്രത്തെയും ഉദ്വേഗത്തിലും ഭീതിയിലുമാക്കുന്ന ഒരു രചനാമന്ത്രവാദം സുനു ഈ കഥയിൽ നടത്തുന്നു.

എല്ലാ ദിവസവും കേൾക്കുന്ന അജ്ഞാതമായ ഒരു ബൈക്കിന്റെ ശബ്ദത്തെക്കുറിച്ചുള്ള ഉദ്വേഗമാണ് ‘വേട്ടവണ്ടി’ എന്ന കഥ പറയുന്നത്. ഏത് മിസ്റ്ററിക്കഥയുംപോലെ ഒരു ദുരൂഹത നമുക്കു മുന്നിൽ തുറന്നുവെക്കപ്പെടുന്നു. ഉത്തരങ്ങളുടെ താഴുകൾ തുറക്കാനെന്നോണം നിരവധി താക്കോലുകൾ ഒളിപ്പിച്ച ഒരു ആഖ്യാനമാണത്. ഭീതിയുടെയും ഉദ്വേഗത്തിന്റെയും ഒരനുഭവം പകരുക എന്നതാണ് ഭീതികഥയുടെ മർമ്മം. മറിച്ച്, പരിഹാരങ്ങൾ നൽകുകയല്ല. ഇനി പരിഹാരങ്ങളിലാണ് നിങ്ങളുടെ വായന പൂർണ്ണത തേടുന്നതെങ്കിൽ വീണ്ടും ദുരൂഹതകളുടെ ആ ഗൃഹത്തിലേക്ക് താക്കോൽക്കൂട്ടവുമായി ഒരു പുനർവായനയ്ക്ക് നിങ്ങൾക്കു പ്രവേശിക്കാം. ഇങ്ങനെയുള്ള സാദ്ധ്യതകൾ നൽകുന്നതത്രേ ഒരു നല്ല ഭീതികഥ. അജ്ഞാതമായ ബൈക്കിന്റെ ശബ്ദം രഹസ്യമറിയാൻ പതുങ്ങിയിരിക്കുന്ന കൂട്ടുകാരുടെ സമീപം നിൽക്കുമ്പോൾ അതു നിങ്ങൾ തിരിച്ചറിയും. ഈ വായനാനുഭവങ്ങൾ ഏറിയും കുറഞ്ഞും പകരുന്നവയാണ് ‘ഇറച്ചിക്കൊലപാതകം,’ ‘പുഴമീൻ,’ ‘മാർച്ചിന്റെ പിറ്റേന്ന്’ എന്നീ കഥകൾ. ഹൈറേഞ്ചിന്റെ വളവും തിരിവും പോലെ മനസ്സിനെ ട്വിസ്റ്റ് ചെയ്യുന്ന കഥാഗതികൾ, നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു അത്യാഹിതം അടിവയറ്റിൽ ഉയർത്തുന്ന തീപോലുള്ള അനുഭവം പകരുന്ന കഥകൾ. ഭാഷ വളരെ ശ്രദ്ധാപൂർവ്വം ഉപയോഗിക്കപ്പെടുന്നു. ജനപ്രിയഭീതിസാഹിത്യം വായനക്കാരെ ശീലിപ്പിച്ചതുപോലെ ഭീതിജനകമായ കാഴ്ചയുടെ വിവരണം നടത്തുകയല്ല കഥാകാരൻ. മറിച്ച് സൂചനകളിലൂടെയും പറഞ്ഞതിലും പറയാതെ വിട്ടതിലൂടെയുമാണ് ഭീതി ജനിപ്പിക്കുന്നത്. പരമ്പരാഗതഭീതിരചന ഒരു പുതുയുഗത്തിലേക്കു കടന്ന സവിശേഷമായ ഒരു നിമിഷമുണ്ട്. ഭീകരസ്വത്വങ്ങൾ, പ്രേതങ്ങൾ, രക്ഷസ്സുകൾ ഇവയെല്ലാം ഭയസ്രോതസ്സുകളായിരുന്ന കാലത്തുനിന്ന് മനുഷ്യൻ, മനുഷ്യമനസ്സിന്റെ ദുരൂഹതകളെക്കാൾ ഭീതി ജനിപ്പിക്കുന്നതൊന്നുമില്ല എന്ന് തിരിച്ചറിയുന്ന നിമിഷമാണത്. ഫ്രാങ്കൻസ്‌റ്റൈൻ മോൺസ്റ്ററിൽനിന്നും ഡ്രാക്കുള ഉൾെപ്പടെയുള്ള രക്ഷസ്സുകളിൽനിന്നും മോട്ടൽ നടത്തുന്ന ഏകാകിയായ നോർമൻ ബേറ്റ്‌സിലേക്ക് എത്തിച്ചേരുന്ന നിമിഷമാണത്. സമാനമാണ് പ്രാചീനമായ മാന്ത്രികത്തറവാടുകളിലിരുന്ന് ആവാഹനവും ഉച്ചാടനവും നടത്തുന്ന ബ്രഹ്മദത്തന്മാരിൽനിന്ന് പ്രകൃതിയുടെ ദുരൂഹതകളിലും ഒറ്റനോട്ടത്തിൽ തികച്ചും സാധാരണക്കാരായ മനുഷ്യരിൽനിന്നും ഉദ്ഭവിക്കുന്ന ഭീതി. 

സുനുവിന്റെ കഥകൾ ഒരേസമയം വന്യവും പരിഷ്‌കൃതവുമാണ്. അവ യഥാക്രമം കഥയുടെ ലോകത്തെയും അതു പറയാൻ രൂപപ്പെടുത്തിയ ഭാഷയേയും പ്രതിനിധീകരിക്കുന്നു. ഗോഥിക് കഥകളുടെ പ്രിസത്തിനുള്ളിലൂടെ കടന്നുപോകുന്ന വെളിച്ചംപോലെ നിരീക്ഷിക്കുന്ന രീതിയാണ് ഞാൻ ഈ കഥകളുടെ വായനയിൽ അവലംബിച്ചിരിക്കുന്നത്. സുനുവിന്റെ ആഖ്യാനതന്ത്രങ്ങൾ അതിനനുവദിക്കുന്നു എന്നു മാത്രം. ‘സോ കോൾഡ്’ മുഖ്യധാരാസാഹിത്യത്തിന്റെ പരിപ്രേക്ഷ്യത്തിൽ, മലയാളത്തിലെ ലിറ്റററി ഫിക്‌ഷന്റെ പിന്നിലെ ബ്ലർബുകൾ പറയുംപോലെ ‘ദാർശനികസമസ്യകൾ’ തിരഞ്ഞുവായിക്കുമ്പോൾ ഒരുപക്ഷേ, എന്റെ സമീപനം ഈ കഥയുടെ സാദ്ധ്യതകളെ ക്ലിപ്തപ്പെടുത്തുകയാണ് എന്നു തോന്നാം. ദാർശനികസമസ്യകൾക്ക് ഉത്തരം ലഭിക്കുമ്പോഴും ഗോഥിക് രചനയായിരിക്കാൻ സാധിക്കുന്നതാണ് ഈ കഥകളെ ശ്രദ്ധേയമാക്കുന്നത്. ഡാഫ്‌നെ ഡു മോറിയെ, സിമനൻ, പട്രീഷ്യ ഹൈസ്മിത്ത് തുടങ്ങിയവരുടെ രചനകൾപോലെ മുഖ്യധാരാസാഹിത്യം, ജനപ്രിയസാഹിത്യം എന്നിങ്ങനെ വേർതിരിക്കാൻ പ്രയാസമാണ് ഈ കഥകളും. മുകളിൽ സൂചിപ്പിച്ചതുപോലെ അതിർത്തികൾ ഭേദിച്ചുനിൽക്കാൻ കഴിയുന്നു എന്ന ഗുണം കഥകളിലെമ്പാടും കാണാം.

Content Highlights: Sunu S. Thankamma`s captivating Gothic short stories, a unique blend of literary and popular fiction