അന്ന് ശ്രീവിദ്യയ്ക്ക് പ്രായം പതിനാറ്,സത്യന് അമ്പത്തിയാറ്;40 വയസ്സ് വ്യത്യാസമുള്ള നായികാനായകന്മാര്‍!

#ശ്രീകുമാരന്‍ തമ്പി
ശ്രീവിദ്യ, സത്യന്‍ | ഫയല്‍ ഫോട്ടോ: മാതൃഭൂമി
ശ്രീവിദ്യ, സത്യന്‍ | ഫയല്‍ ഫോട്ടോ: മാതൃഭൂമി

തന്റെ സിനിമയിലെ നായികമാരെക്കുറിച്ച് ശ്രീകുമാരന്‍ തമ്പി എഴുതിയ ഓര്‍മക്കുറിപ്പുകളാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'എന്റെ കഥാനായികമാര്‍' എന്ന പുസ്തകം. നടി ശ്രീവിദ്യയെക്കുറിച്ച് എഴുതിയ അധ്യായത്തില്‍ നിന്നും...

വര്‍ഷം 1967. കേരളത്തിലെ ഗവണ്മെന്റ് ഉദ്യോഗം രാജിവെച്ച് മദ്രാസില്‍ താമസം തുടങ്ങിയ കാലം. കാട്ടുമല്ലിക, പ്രിയതമ, ചിത്രമേള എന്നീ മൂന്ന് സിനിമകള്‍ക്ക് പാട്ടുകള്‍ എഴുതിക്കഴിഞ്ഞു. യഥാക്രമം എം.എസ്. ബാബുരാജ്, ബ്രദര്‍ ലക്ഷ്മണ്‍, ജി.ദേവരാജന്‍ എന്നിവരായിരുന്നു എന്നോടൊപ്പം പ്രവര്‍ത്തിച്ച സംഗീതസംവിധായകര്‍. ഈ മൂന്നുപേരുടെയും സഹായി ആര്‍.കെ. ശേഖര്‍ ആയിരുന്നു. എന്റെ ആദ്യചിത്രമായ കാട്ടുമല്ലികയുടെ കമ്പോസിങ് നടക്കുമ്പോള്‍ തന്നെ ഞാനും ആര്‍.കെ. ശേഖറും സുഹൃത്തുക്കളായി. ഞാന്‍ അന്ന് പ്രണയത്തിലാണെങ്കിലും വിവാഹിതനായിട്ടില്ല. മദ്രാസിലെ മൈലാപ്പൂരില്‍ ലസ് കോര്‍ണര്‍ എന്ന സ്ഥലത്തുള്ള മുരുഡീസ് ലോഡ്ജിലാണ് താമസം. ശേഖര്‍ അന്ന് എപ്പോഴും തിരക്കിലാണ്. മലയാളത്തില്‍ നിര്‍മ്മിക്കപ്പെടുന്ന എഴുപത്തഞ്ചു ശതമാനം സിനിമകളുടെയും റീറിക്കോര്‍ഡിങ് (പശ്ചാത്തലസംഗീതം) ചെയ്യുന്നത് ശേഖര്‍ ആണ്. എങ്കിലും ഒഴിവുകിട്ടിയാല്‍ ശേഖര്‍ എന്നെ കാണാന്‍ വരും.

ഞാന്‍ താമസിക്കുന്ന ലോഡ്ജിന് താഴെ അതേ മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സുഖനിവാസ് എന്ന വെജിറ്റേറിയന്‍ റെസ്റ്റാറന്റില്‍ നിന്നാണ് ഞാന്‍ ഭക്ഷണം കഴിക്കുന്നത്. അപൂര്‍വം ചില ദിവസങ്ങളില്‍ സ്റ്റുഡിയോയിലെ ജോലി കഴിഞ്ഞ് വീട്ടില്‍ പോയി ഭക്ഷണം കഴിക്കാതെ ശേഖര്‍ നേരേ എന്റെ റൂമിലേക്ക് വരും. ശേഖറിന് കറുത്ത നിറമുള്ള ഒരു മോറിസ് മൈനര്‍ കാര്‍ സ്വന്തമായുണ്ട്. ശേഖര്‍ തന്നെയാണ് ഡ്രൈവ് ചെയ്യുന്നത്. ഒരു കൊച്ചു മനുഷ്യനും ഒരു കൊച്ചു കാറും. ഞങ്ങള്‍ ഒരുമിച്ച് സുഖനിവാസില്‍നിന്ന് ഭക്ഷണം കഴിക്കും. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ പാട്ടെഴുതാന്‍ പുതിയ അവസരം വരുന്നതും കാത്തിരിക്കയാണ് ഞാന്‍. ഒറ്റയ്ക്കിരിക്കുമ്പോള്‍ കവിതയോ കഥയോ ലേഖനമോ എഴുതും. ശേഖര്‍ ചിലപ്പോള്‍ പറയും: 'തമ്പീ, നമുക്കൊരു പടം പാര്‍ക്കലാം.' ഞാന്‍ സമ്മതിക്കും. എന്റെ ലോഡ്ജില്‍ നിന്നും വളരെ ദൂരെയല്ലാതെ ഒരു തിയേറ്റര്‍ ഉണ്ടായിരുന്നു. കാമധേനു. മൈലാപ്പൂരില്‍നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരം പോയാല്‍ മന്ദവള്ളി എന്നസ്ഥലത്ത് കാപാലി എന്ന തിയേറ്ററുമുണ്ട്. ഇവ രണ്ടും ഷിഫ്റ്റിങ് തിയേറ്ററുകള്‍ ആണ്.

ഫയല്‍ ഫോട്ടോ: മാതൃഭൂമി

നഗരത്തിലെ പ്രധാന തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചതിനുശേഷമേ പുതിയ പടങ്ങള്‍ ഈ തിയേറ്ററുകളില്‍ വരൂ. ഒരിക്കലും ഒരു പടം ഈ തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയില്ല. അതുകൊണ്ടാണ് ഇവയെ ഷിഫ്റ്റിങ് തിയേറ്ററുകള്‍ എന്ന് വിളിക്കുന്നത്. ആ കാലത്ത് മദ്രാസ് നഗരത്തിലെ ഒരു തിയേറ്ററിലും മലയാളസിനിമകള്‍ റെഗുലര്‍ ഷോ ആയി പ്രദര്‍ശിപ്പിച്ചിരുന്നില്ല. അപൂര്‍വ്വം തിയേറ്ററുകളില്‍ ഞായറാഴ്ചകളില്‍ മോര്‍ണിങ് ഷോ മാത്രമായി മലയാളസിനിമകള്‍ വരും (എഴുപതുകളിലാണ് ഈ സ്ഥിതിക്ക് മാറ്റമുണ്ടായത്. മദ്രാസിന്റെ ഹൃദയഭാഗത്തുള്ള മൗണ്ട് റോഡിലെ ന്യൂ എല്‍ഫിന്‍സ്റ്റണ്‍ തിയേറ്റര്‍ മലയാളസിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ ആയി മാറി). 

ഒരുദിവസം ഞാനും ശേഖറുംകൂടി മന്ദവള്ളിയിലെ കാപാലി തിയേറ്ററില്‍ സിനിമ കാണാന്‍ പോയി. ഞാനും ശേഖറും ടിക്കറ്റ് എടുക്കാന്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ അതിസുന്ദരിയായ ഒരു യുവതി വേഗത്തില്‍ നടന്നുവന്നു ഞങ്ങളുടെ പിന്നില്‍ നിന്നു. തമിഴിലെ ഏതെങ്കിലും സിനിമാനടി ആയിരിക്കുമോ? ഒരു സിനിമയിലും കണ്ടതായി ഓര്‍മിക്കുന്നില്ല. നടിയാണെങ്കില്‍ ഒറ്റയ്ക്ക് വരുമോ? ഒരു സാധാരണക്കാരിയെപോലെ ടിക്കറ്റ് എടുക്കാന്‍ ക്യൂവില്‍ നില്‍ക്കുമോ? എന്തായാലും നല്ല സുന്ദരി. തിര്‍ച്ചയായും ഒരു സിനിമാനടിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ട്. ടിക്കറ്റ് എടുത്ത് തിരിഞ്ഞപ്പോള്‍ ശേഖര്‍ ആ സുന്ദരിയെ കണ്ടു. ടിക്കറ്റ് വാങ്ങി പിന്നാലെ വന്ന ആ യുവതി ശേഖറെ കണ്ട് പരിചയഭാവത്തില്‍ മുന്നോട്ടു വന്ന് 'നമസ്‌കാരം സാര്‍' എന്ന് പറഞ്ഞു,                                                                  'വണക്കം അമ്മ... നല്ലാരിക്കിയാ?' എന്ന് ശേഖര്‍ അങ്ങോട്ടും ചോദിച്ചു. സീറ്റില്‍ വന്നിരുന്നിട്ട് ഞാന്‍ ശേഖറിനോട് ചോദിച്ചു:
'ഏതാണാ സ്ത്രീ? കണ്ടിട്ട് ഒരു തമിഴ് നടിയുടെ ലക്ഷണമുണ്ടല്ലോ.' അപ്പോള്‍ ശേഖര്‍ ചിരിച്ചു:                                                            
'സ്ത്രീയോ...? തമ്പീ, അവള്‍ ചിന്ന പൊണ്ണ്. പതിനാല്. ഇല്ലേന്നാ മാക്‌സിമം പതിനഞ്ച് വയത്. അവ്വളവ് താന്‍. പാര്‍ത്താല്‍ പെരിയ പൊണ്ണ്മാതിരിയിരുക്കും. എം.എല്‍.വി.യുടെ ഡാട്ടര്‍. പേര് വിദ്യ.' എം.എല്‍.വി. എന്ന മൂന്നക്ഷരങ്ങള്‍ കൊണ്ട് തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന പാട്ടുകാരിയാണ് എം.എല്‍. വസന്തകുമാരി. അവരുടെ മകളാണ് ആ യുവതി. തെറ്റ്. യുവതിയല്ല; വെറും കൗമാരക്കാരി.

പുസ്തകത്തിന്റെ കവര്‍

ഇങ്ങനെയാണ് പില്‍ക്കാലത്ത് ഞാന്‍ തിരക്കഥയും സംഭാഷണവും ഗാനങ്ങളുമെഴുതി സംവിധാനം ചെയ്ത വേനലില്‍ ഒരു മഴ, പുതിയ വെളിച്ചം, ജീവിതം ഒരു ഗാനം, അമ്പലവിളക്ക്, സ്വന്തമെന്ന പദം, ആക്രമണം എന്നീ ആറ് സിനിമകളില്‍ നായികയായ ശ്രീവിദ്യയെ ആദ്യമായി കണ്ടത്. എം.എല്‍. വസന്തകുമാരിയുടെ ഭര്‍ത്താവ് വികടന്‍ കൃഷ്ണമൂര്‍ത്തി എന്ന അഭിനേതാവ് ആയിരുന്നു. തമിഴ്‌നാടകങ്ങളിലും ആദ്യകാല തമിഴ്‌സിനിമകളിലും അദ്ദേഹം നടനായിരുന്നു. ഹാസ്യം നന്നായി അഭിനയിച്ചതുകൊണ്ടുകൂടിയാകാം അദ്ദേഹത്തിന് 'വികടന്‍' എന്ന പേര് കിട്ടിയത്. വിദ്യ ജനിക്കുന്ന കാലത്ത് എം.എല്‍. വസന്തകുമാരി കര്‍ണാടകസംഗീതജ്ഞ എന്ന നിലയില്‍ ഏറ്റവും വലിയ ഉയരങ്ങളില്‍ ആയിരുന്നു. തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും ആന്ധ്രയിലും കര്‍ണാടകത്തിലും അവര്‍ പതിവായി പാട്ടുകച്ചേരി നടത്തിയിരുന്നു. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന പേരില്‍ തെന്നിന്ത്യന്‍ സിനിമാരംഗം കീഴടക്കിയ ലളിത, പത്മിനി, രാഗിണിമാരും എം.എല്‍. വസന്തകുമാരിയും സമീപത്തുള്ള വീടുകളിലാണ് ഏറെക്കാലം താമസിച്ചിരുന്നത്. ലളിതയ്ക്കും പത്മിനിക്കും വേണ്ടി തെന്നിന്ത്യന്‍ സിനിമകളില്‍ ആദ്യകാലങ്ങളില്‍ അധികവും പിന്നണി പാടിയിരുന്നത് എം.എല്‍. വസന്തകുമാരിയും പി. ലീലയും ആയിരുന്നു. 

ലളിത, പത്മിനി, രാഗിണി സഹോദരിമാരുടെ അമ്മയായ സരസ്വതിയമ്മ (നടി സുകുമാരിയുടെ അച്ഛന്റെ സഹോദരി) എം.എല്‍. വസന്തകുമാരിയെ മറ്റൊരു മകളെപ്പോലെയാണ് കരുതിയിരുന്നത്. ദൂരസ്ഥലങ്ങളില്‍ പാട്ടുകച്ചേരികള്‍ നടത്താന്‍ യാത്ര പോകുമ്പോള്‍ എം.എല്‍. വസന്തകുമാരി തന്റെ കുട്ടിയെ സരസ്വതിയമ്മയെ ഏല്‍പ്പിക്കും. അങ്ങനെ ലളിത, പത്മിനി, രാഗിണിമാരുടെയും അവരുടെ അമ്മാവന്റെ മകളായ സുകുമാരിയുടെയും ലാളനയിലാണ് ശ്രീവിദ്യ എന്ന പെണ്‍കുഞ്ഞ് വളര്‍ന്നുവന്നത്. അതുകൊണ്ടു പിച്ചവയ്ക്കുന്ന കാലത്തുതന്നെ ആ കുട്ടി നൃത്തച്ചുവടുകളും കണ്ടുപഠിച്ചു. മലയാളം സംസാരിക്കാനും പഠിച്ചു. അങ്ങനെ ശ്രീവിദ്യയുടെ ആദ്യകാല നൃത്തപഠനം ഗുരുകുലസമ്പ്രദായം അനുസരിച്ചായിരുന്നു എന്നു വേണമെങ്കില്‍ പറയാം. 

അമ്മയെപ്പോലെ ഒരു മികച്ച സംഗീതജ്ഞയാകാനുള്ള വാസനയും സാഹചര്യങ്ങളും ഉണ്ടായിട്ടും വിദ്യ നൃത്തത്തെയും പാട്ടിനെയുംകാള്‍ കൂടുതലായി അഭിനയത്തെ സ്‌നേഹിക്കാനുള്ള കാരണവും ഇതുതന്നെയാണ്. പത്മിനി സിനിമയിലും സമൂഹത്തിലും നേടിയ പ്രശസ്തി കുട്ടിയായിരുന്നപ്പോള്‍ തന്നെ ശ്രീവിദ്യയെ സിനിമയുമായി അടുപ്പിച്ചു എന്ന് പറയാം. ഒരിക്കല്‍ വിദ്യ എന്നോട് പറഞ്ഞതിങ്ങനെയാണ്: 'അമ്മ എപ്പോഴും തിരക്കിലായിരുന്നു. ലളിതയും പത്മിനിയും രാഗിണിയുമായിരുന്നു എനിക്ക് അമ്മമാര്‍. അവരുടെ ലോകമായിരുന്നു എന്റെ ലോകം.' 

ഒരു ദീര്‍ഘനിശ്വാസത്തിനുശേഷം നേര്‍ത്ത ശബ്ദത്തില്‍ ആത്മഭാഷണംപോലെ വിദ്യ ഇത്രയും കൂടി പറഞ്ഞു: 'അതുകൊണ്ട് ഗുണമുണ്ടായി; ദോഷവുമുണ്ടായി.' 1969 ഒക്ടോബര്‍ എട്ടാം തീയതി തിയേറ്ററുകളിലെത്തിയ ശ്രീകുമാര്‍ പ്രൊഡക്ഷന്‍സിന്റെ ചട്ടമ്പിക്കവല എന്ന സിനിമയിലൂടെ ശ്രീവിദ്യ മലയാളസിനിമയില്‍ നായികയായി അരങ്ങേറ്റംകുറിച്ചു. സത്യനായിരുന്നു ശ്രീവിദ്യയുടെ ആദ്യനായകന്‍. അന്ന് ശ്രീവിദ്യയ്ക്ക് പതിനാറ് വയസ്സ് പ്രായം. നായകനായി അഭിനയിച്ച സത്യന് അമ്പത്തിയാറു വയസ്സും. നാല്‍പ്പത് വയസ്സിന്റെ പ്രായവ്യത്യാസമുള്ള നായികാനായകന്മാര്‍. തടിച്ച ശരീരമുള്ളവര്‍ക്ക് കാഴ്ചയില്‍ കൂടുതല്‍ പ്രായം തോന്നും. മെലിഞ്ഞ ദേഹമുള്ളവര്‍ക്ക് കടുത്ത രോഗങ്ങളില്ലെങ്കില്‍ ഉള്ള പ്രായം തോന്നുകയുമില്ല. ഇത് ശ്രീവിദ്യ തുടര്‍ച്ചയായി ആവര്‍ത്തിച്ചു പറയാറുള്ള ഒരു യാഥാര്‍ഥ്യമാണ്. 

ശ്രീവിദ്യ |
ഫയല്‍ ഫോട്ടോ: മാതൃഭൂമി

സാധാരണക്കാരുടെ എഴുത്തുകാരനായ മുട്ടത്തു വര്‍ക്കിയാണ് ചട്ടമ്പിക്കവല എന്ന ചിത്രത്തിന് കഥയും സംഭാഷണവും രചിച്ചത്. പി.സുബ്രഹ്‌മണ്യം നിര്‍മിച്ച ഈ ചിത്രം എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്തു. മെറിലാന്‍ഡ്‌സ് സ്റ്റുഡിയോയുടെ ഉടമയായ പി. സുബ്രഹ്‌മണ്യത്തിന് സ്വന്തമായ നീല പ്രൊഡക്ഷന്‍സിന്റെ സഹോദരസ്ഥാപനം മാത്രമായിരുന്നു ശ്രീകുമാര്‍ പ്രൊഡക്ഷന്‍സ.് ചട്ടമ്പിക്കവലയിലെ സുന്ദരിയായ പുതിയ നായികയെ പൊതുവേ പ്രേക്ഷകര്‍ക്ക് ഇഷ്ടമായി. മകള്‍ തന്നെപ്പോലെ ഒരു പാട്ടുകാരിയാകണമെന്നായിരുന്നു എം.എല്‍. വസന്തകുമാരിയുടെ മോഹം. എന്നിട്ടും 'അഭിനയം മതി' എന്ന് മകള്‍ പറഞ്ഞപ്പോള്‍ ആ വലിയ കലാകാരി അതിന് പിന്തുണ നല്‍കുകയായിരുന്നു. ചട്ടമ്പിക്കവലയ്ക്കുശേഷം പി. സുബ്രഹ്‌മണ്യം സംവിധാനം ചെയ്ത 'കുമാരസംഭവം' എന്ന പുരാണചിത്രത്തിലെ ഒരു നൃത്തരംഗത്തിലും ശ്രീവിദ്യ അഭിനയിച്ചു.

ശ്രീവിദ്യ ആദ്യമായി മുഖം കാണിച്ചത് ചട്ടമ്പിക്കവല എന്ന സിനിമയില്‍ ആയിരുന്നില്ല. ചട്ടമ്പിക്കവല പുറത്തുവരുന്നതിന് രണ്ടുവര്‍ഷം മുമ്പ് ആയിരത്തി തൊള്ളായിരത്തി അറുപത്തിയേഴില്‍ തന്റെ പതിനാലാം വയസ്സില്‍ പ്രശസ്ത തമിഴ് നിര്‍മാതാവും സംവിധായകനുമായ എ.പി. നാഗരാജന്‍ സംവിധാനം ചെയ്ത 'തിരുവരുള്‍ ശെല്‍വര്‍' എന്ന ചിത്രത്തില്‍ ശ്രീവിദ്യ ഒരു ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ശിവാജി ഗണേശന്‍, സാവിത്രി, പത്മിനി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രത്തിലേക്ക് ശ്രീവിദ്യയെ ശുപാര്‍ശ ചെയ്തത് പദ്മിനിയെയും ശ്രീവിദ്യയെയും നൃത്തം പഠിപ്പിച്ച ഗുരുക്കന്മാരില്‍ ഒരാളും പ്രശസ്ത നൃത്തസംവിധായകനുമായ പി.എസ്. ഗോപാലകൃഷ്ണന്‍ ആയിരുന്നു. എന്നാല്‍ മലയാളത്തില്‍ നായികയായിട്ടും തമിഴില്‍ നായികയാവാന്‍ വിദ്യയ്ക്ക് മൂന്നുവര്‍ഷം കൂടി കാത്തിരിക്കേണ്ടിവന്നു. ഈ ഇടവേളക്കാലത്ത് വിദ്യ തമിഴ്‌നായകനടനായ ജയശങ്കറിന്റെ സ്വന്തം നാടകക്കമ്പനിയില്‍ ജയശങ്കറിന്റെ നായികയായി അഭിനയിച്ചിരുന്നു. 

ജയശങ്കര്‍ നായകനായ ഡല്‍ഹി ടു മദ്രാസ് ആണ് ശ്രീവിദ്യ നായികയായ പ്രഥമ തമിഴ് ചിത്രം (1972). എങ്കിലും തമിഴ്‌സിനിമയില്‍ വ്യക്തമായ പരിവര്‍ത്തനം കൊണ്ടുവന്ന അപൂര്‍വ പ്രതിഭാശാലിയായ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത നൂറ്റുക്കു നൂറ്, വെള്ളിവിഴാ, ചൊല്ലതാന്‍ നിനൈക്കിറേന്‍, അപൂര്‍വരാഗങ്ങള്‍ എന്നീ സിനിമകളിലൂടെയാണ് വിദ്യയുടെ പ്രതിഭ തമിഴ്‌സിനിമാലോകം ശരിക്കും മനസ്സിലാക്കിയത്. നൂറ്റുക്കു നൂറ് എന്ന ചിത്രത്തില്‍ ജയശങ്കര്‍ നായകനും ലക്ഷ്മി നായികയുമായിരുന്നു. ശ്രീവിദ്യ അവതരിപ്പിച്ച 'മഞ്ജുള' എന്ന കഥാപാത്രം പ്രതിനായികാസ്വഭാവമുള്ളതായിരുന്നു. എന്നാല്‍ ആ കഥാപാത്രത്തെ ഭംഗിയാക്കിയതുകൊണ്ട് ശ്രീവിദ്യയ്ക്ക് തുടര്‍ന്നുള്ള ബാലചന്ദര്‍ ചിത്രങ്ങളില്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടാന്‍ ഭാഗ്യമുണ്ടായി. അപൂര്‍വരാഗങ്ങള്‍ രജനീകാന്ത് അഭിനയിച്ച ആദ്യചിത്രമാണ്. അധികം രംഗങ്ങള്‍ ഇല്ലെങ്കിലും ശ്രീവിദ്യയുടെ ഭര്‍ത്താവായിട്ടാണ് രജനീകാന്ത് അഭിനയിച്ചത്. അങ്ങനെ സിനിമയില്‍ സൂപ്പര്‍താരം രജനീകാന്തിന്റെ ആദ്യത്തെ നായിക എന്ന സ്ഥാനവും ശ്രീവിദ്യയ്ക്ക് ലഭിച്ചു.

നിരൂപകപ്രശംസ നേടിയ ചന്ദ്രകാന്തം, ഭൂഗോളം തിരിയുന്നു എന്നീ ചിത്രങ്ങള്‍ സാമ്പത്തികനഷ്ടം വരുത്തി. അതിനുശേഷം സ്വന്തം നിലനില്‍പ്പിനുവേണ്ടി ശശികുമാറിനെ സംവിധായകനാക്കി ചട്ടമ്പി കല്യാണി എന്ന ആക്ഷന്‍ ചിത്രം നിര്‍മിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അപ്പോള്‍ ചട്ടമ്പിക്കവലയിലെ നായികയായ ശ്രീവിദ്യ എന്റെ ഓര്‍മ്മയിലെത്തി എന്നത് സത്യമാണ്. ശ്രീവിദ്യയ്ക്ക് ആകര്‍ഷകമായ മുഖവും അല്പം തടിച്ച ശരീരവുമാണുള്ളത്. 'ചട്ടമ്പി' എന്ന പേരിന് യോജിച്ച ശരീരം. എന്നാല്‍ സംവിധായകനായ ശശികുമാറും നായകനായ പ്രേംനസീറും ആ കഥാപാത്രം ലക്ഷ്മി ചെയ്യുന്നതിനോടാണ് യോജിച്ചത്. ആ സമയത്ത് പ്രേംനസീറിന്റെ നായികയായി ലക്ഷ്മി അഭിനയിക്കുന്ന പിക്‌നിക്ക് എന്ന ചിത്രത്തിന്റെ ഷൂട്ട് നടന്നുവരികയായിരുന്നു. ഞാനും അര്‍ജുനന്‍മാസ്റ്ററും ചേര്‍ന്നാണ് പിക്‌നിക്കിലെ പാട്ടുകള്‍ ഒരുക്കിയത്. ഈ വിവരം ശ്രീവിദ്യയും അറിഞ്ഞു. അതിന്റെ പ്രതിഷേധം വിദ്യയ്ക്ക് എന്നോടുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു തുടങ്ങിയതിനുശേഷവും 'ചട്ടമ്പികല്യാണി 'എന്ന പേര് കേട്ടാല്‍ വിദ്യ മുഖം വീര്‍പ്പിക്കുമായിരുന്നു. 

എന്റെ ഗുരുനാഥനായ പി. സുബ്രഹ്‌മണ്യം ശയ്യാവലംബിയായപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ എസ്. കുമാറിന്റെ ഉടമസ്ഥതയിലുള്ള 'കുമാരസ്വാമി ആന്‍ഡ് കമ്പനി' എന്ന വിതരണക്കമ്പനിക്ക് വിതരണം ചെയ്യാന്‍ ചിത്രങ്ങള്‍ ഇല്ലാതായി. അച്ഛന്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍ മാത്രമേ സുബ്രഹ്‌മണ്യം മുതലാളിയുടെ മൂത്ത പുത്രനായ എസ്. കുമാര്‍ വിതരണം ചെയ്തിരുന്നുള്ളൂ. ഒരു ചിത്രമെങ്കിലും ഉടനെ കിട്ടിയില്ലെങ്കില്‍ ഓഫീസ് മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസമുണ്ടാകുമെന്ന് എസ്. കുമാര്‍ എന്നോട് പറഞ്ഞു. ഈയവസരത്തിലാണ് എസ്. കുമാര്‍, അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ പി. ചിദംബരം, എസ്. പത്മനാഭന്‍ എന്നിവരോടൊപ്പം ചേര്‍ന്ന് വേനലില്‍ ഒരു മഴ എന്ന ചിത്രം നിര്‍മിച്ചത്. 

സത്യന്‍ | ഫയല്‍ ഫോട്ടോ: മാതൃഭൂമി

തമിഴില്‍ മഹേന്ദ്രന്‍ സംവിധാനം ചെയ്ത മുള്ളും മലരും എന്ന ഉമാചന്ദ്രന്റെ കഥയുടെ മലയാളത്തിലുള്ള അവകാശം വിലയ്ക്കുവാങ്ങി അതില്‍ മലയാളത്തിന്റെ ഭാവതലങ്ങള്‍ ഒരുക്കിയാണ് ഞങ്ങള്‍ വേനലില്‍ ഒരു മഴ എന്ന ചിത്രം തയ്യാറാക്കിയത്. തിരക്കഥയും സംഭാഷണവും ഗാനങ്ങളും ഞാന്‍ എഴുതി. സംഗീതസംവിധാനം എം.എസ്. വിശ്വനാഥന്‍ എന്നും തീരുമാനിച്ചു. നായകന്‍ മധു, ഉപനായകന്‍ ജയന്‍. നായികയാര്? എന്ന ചോദ്യമുയര്‍ന്നപ്പോള്‍ 'വിദ്യയായാലോ?' എന്ന ചോദ്യം സുബ്രഹ്‌മണ്യം കുമാറില്‍നിന്നുയര്‍ന്നു. അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു: 'ശ്രീവിദ്യയോ? അത് നടക്കുന്ന കാര്യമാണോ?' അങ്ങനെ ചോദിച്ചതിന്റെ പിന്നില്‍ ഒരു സംഭവപരമ്പര തന്നെയുണ്ട്. പറയാം.

ആയിരത്തി തൊള്ളായിരത്തി എഴുപത്തിയാറ് ഏപ്രില്‍ പതിനാലിന് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിയ തീക്കനല്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മലയാളത്തിലെ നായകനടന്‍ മധു ആയിരുന്നു. ശ്രീവിദ്യ നായികയുമായിരുന്നു. പല സിനിമകളിലും മധുവും ശ്രീവിദ്യയും ഒരുമിച്ച് അഭിനയിക്കുന്ന കാലമായിരുന്നു അത്. തീക്കനലിന്റെ നിര്‍മാതാവായി അന്ന് സ്റ്റുഡിയോയിലും പുറത്തും അറിയപ്പെട്ടിരുന്നത് ജോര്‍ജ്‌തോമസ് എന്ന വ്യക്തിയായിരുന്നു. ബോംബെ നിവാസിയായ ജോര്‍ജ്തോമസ് ബോംബയില്‍നിന്നും വരുമ്പോഴെല്ലാം വിലയേറിയ കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. ശ്രീവിദ്യ അടക്കമുള്ള തീക്കനല്‍ എന്ന സിനിമയിലെ അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും കോടീശ്വരനായ ജോര്‍ജ്തോമസിന്റെ ആരാധകരായി മാറി. താന്‍ നിര്‍മിക്കുന്ന സിനിമയിലെ നടിമാരോടൊക്കെ വളരെ റൊമാന്റിക്ക് ആയാണ് നിര്‍മാതാവായ ജോര്‍ജ്‌തോമസ് പെരുമാറിയിരുന്നത്. ശ്രീവിദ്യ ജോര്‍ജ് തോമസുമായി പ്രണയത്തിലായി. വളരെ പെട്ടെന്ന് ആ പ്രണയം ദൃഢമാവുകയും അവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്തു. സ്വന്തം അമ്മയും പേരെടുത്ത ഗായികയുമായ എം.എല്‍. വസന്തകുമാരി മകളുടെ ഈ മിശ്രവിവാഹശ്രമത്തെ എതിര്‍ത്തു. അമ്മയുമായി പിരിഞ്ഞ് വിവാഹം നടത്താന്‍ തന്നെ ശ്രീവിദ്യ തീരുമാനിച്ചു. ഈ സമയത്താണ് തീക്കനല്‍ എന്ന ചിത്രത്തിന്റെ യഥാര്‍ഥ നിര്‍മാതാവ് ജോര്‍ജ്തോമസ് അല്ലെന്നും അദ്ദേഹത്തിന്റെ പഴയ സഹപാഠിയും സുഹൃത്തുമായ ഗോപി എന്നയാളാണെന്നുമുള്ള സത്യം നടനും സംവിധായകനുമായ മധു ശ്രീവിദ്യയോട് തുറന്നുപറഞ്ഞത്. 

ജോര്‍ജ്തോമസ് ഡ്രൈവ് ചെയ്യുന്ന വിലയേറിയ കാറുകളെല്ലാം ഗോപി എന്ന ചിട്ടിക്കമ്പനി ഉടമയ്ക്ക് സ്വന്തമാണെന്ന സത്യവും പുറത്തുവന്നു, എന്നാല്‍ ശ്രീവിദ്യ അത് വിശ്വസിച്ചില്ല. അത് വിശ്വസിക്കാന്‍ ജോര്‍ജ്തോമസ് ശ്രീവിദ്യയെ അനുവദിച്ചില്ല. തുടര്‍ന്ന് എന്തൊക്കെ സംഭവിച്ചു എന്ന സത്യം ശ്രീവിദ്യയ്ക്കും മധുവിനും ജോര്‍ജ്തോമസിനും മാതമേ അറിയൂ. വേണ്ടവണ്ണം ചിന്തിക്കാതെ ഏതുവിഷയത്തിലും പെട്ടെന്ന് പ്രതികരിക്കുന്ന ശ്രീവിദ്യ 'സിനിരമ' എന്ന വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മധുവിനെതിരെ ആഞ്ഞടിച്ചു, കാമ്പിശ്ശേരി കരുണാകരന്റെ പത്രാധിപത്യത്തില്‍ ജനയുഗം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിരുന്ന സിനിരമ വാരികയ്ക്ക് അക്കാലത്ത് നല്ല പ്രചാരമുണ്ടായിരുന്നു. ശ്രീവിദ്യ പറഞ്ഞത് ഇപ്രകാരമാണ്: 'പക്കാവട ഖാദറിന്റെ കൂടെ അഭിനയിക്കേണ്ടി വന്നാലും ഇനിയൊരിക്കലും ഞാന്‍ മധുവിനോടൊപ്പം അഭിനയിക്കുകയില്ല.' 

മധു | ഫോട്ടോ: മാതൃഭൂമി

ആ അഭിമുഖത്തിന്റെ തലക്കെട്ടും ഇങ്ങനെ തന്നെയായിരുന്നു. വിവാഹത്തിനുശേഷം അഭിനയിക്കുകയില്ല എന്ന് പ്രഖ്യാപിച്ച ശ്രീവിദ്യയ്ക്കു വിവാഹം കഴിഞ്ഞ് അധികം വൈകാതെ കാര്യങ്ങളുടെ യഥാര്‍ഥ സ്ഥിതി മനസ്സിലായി. ജോര്‍ജ്തോമസ് ഒരു സാധാരണക്കാരന്‍ മാത്രമാണെന്നും അദ്ദേഹത്തിന് കാര്യമായ വരുമാനമൊന്നുമില്ലെന്നും തിരിച്ചറിഞ്ഞപ്പോള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ അഭിനയം തുടര്‍ന്നേ മതിയാകൂ എന്ന് ശ്രീവിദ്യയ്ക്കു ബോധ്യംവന്നു. അങ്ങനെ മധുവിധുവിന്റെ വസന്തം തീരുന്നതിനു മുമ്പുതന്നെ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത തേന്‍തുള്ളി എന്ന സിനിമയില്‍ ശ്രീവിദ്യ അഭിനയിക്കാന്‍ തീരുമാനിച്ചു. ഈ വാര്‍ത്ത കണ്ടതുകൊണ്ടാണ് സുബ്രഹ്‌മണ്യം കുമാര്‍ ശ്രീവിദ്യയുടെ പേര് നിര്‍ദേശിച്ചത് 'ഏതായാലും തമ്പി വിദ്യയോടും മധുവിനോടും സംസാരിച്ചു നോക്കൂ' എന്ന് മൂന്നു നിര്‍മ്മാതാക്കളും പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്യാം എന്ന് ഞാന്‍ സമ്മതിച്ചു. പക്കാവട ഖാദര്‍ എന്ന തമിഴ് നടന്‍ വലതുകൈയിലെ തള്ളവിരല്‍ വായിലിട്ടുകൊണ്ട് ബുദ്ധിവളര്‍ച്ചയില്ലാത്ത കുട്ടിയുടെ മട്ടില്‍ സംസാരിക്കുന്ന കൊമേഡിയനാണ്. അയാളുടെകൂടെ അഭിനയിക്കേണ്ടി വന്നാലും മധുവിനോടൊപ്പം ഞാന്‍ അഭിനയിക്കില്ല എന്നുപറഞ്ഞ ഒരു നടിയോടൊപ്പം മധു വീണ്ടും അഭിനയിക്കുമോ...? ദീര്‍ഘകാലം നീണ്ടുനിന്ന നല്ല ബന്ധത്തെ മറന്ന് മധു എന്ന നടനെ പരസ്യമായി അപമാനിച്ച ശ്രീവിദ്യ, ചിത്രത്തിലെ നായകന്‍ മധുവാണ് എന്നു പറഞ്ഞാല്‍ തന്റെ മനസ്സ് മാറ്റുമോ...? ഇതായിരുന്നു എന്റെ സംശയം.

രണ്ടുപേരെയും നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ സംശയത്തിന് അടിസ്ഥാനമില്ലെന്ന് എനിക്ക് ബോധ്യമായി. മധു പറഞ്ഞു: 'എന്നെക്കുറിച്ച് ആരൊക്കെ എന്തൊക്കെ പറയുന്നു എന്ന് ഞാന്‍ അന്വേഷിക്കാറില്ല. നായിക ഏത് നടിയായാലും എനിക്ക് പ്രശ്‌നമില്ല.' ശ്രീവിദ്യ പറഞ്ഞു: 'തമ്പിസാര്‍ നിര്‍മിച്ച ചട്ടമ്പികല്യാണിയില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ എനിക്ക് ഇപ്പോഴും ദുഃഖമുണ്ട്. പിന്നെ മധുസാറിനെക്കുറിച്ച് ഒരു പ്രത്യേക പരിതഃസ്ഥിതിയില്‍ ഞാന്‍ അങ്ങനെ പറഞ്ഞുപോയി. ഇപ്പോള്‍ ഞാനതൊക്കെ മറന്നു. സാറിന്റെ സംവിധാനത്തില്‍ മധുസാറിന്റെ നായികയായി അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്.' രണ്ടുപേരോടും സംസാരിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു സത്യം മനസ്സിലായി. സിനിമയില്‍ സ്ഥിരം ബന്ധുക്കളോ സ്ഥിരം ശത്രുക്കളോ ഇല്ല. ഇണങ്ങിയവര്‍ പിണങ്ങും. പിണങ്ങിയവര്‍ ഇണങ്ങും. ചിലപ്പോള്‍ ഈ പരിവര്‍ത്തനം തുടര്‍ക്കഥയായെന്നും വരാം, അങ്ങനെ രണ്ടുപേരും പച്ചക്കൊടി കാണിച്ചപ്പോള്‍ വേനലില്‍ ഒരു മഴ എന്ന സിനിമയിലേക്ക് ഞാന്‍ പ്രവേശിച്ചു.

Content Highlights: Srividya, Sathyan, Sreekymaran Thampi, Book excerpt, Ente kadhanaayikamar, Mathrubhumi books