നമ്മുടെതന്നെ ജീവിതം... ഭാഷ കടലിന്റേത്, ദൃശ്യങ്ങള്‍ കടല്‍ക്കണ്ണാടിയിലൂടെ ഉള്ളത്

തമിഴ്, കന്നഡ, തുളു, മലയാളം തുടങ്ങിയ ഭാഷകളുടെ വകഭേദങ്ങളായി നിരവധി മൊഴികള്‍ സഹ്യനും അറബിക്കടലിനുമിടയ്ക്ക് ജീവിക്കുന്നുണ്ട്. കുറെ മൊഴികള്‍ മരണമടഞ്ഞിട്ടുമുണ്ട്. ഈ മൊഴികളില്‍ പലതിനും സ്വന്തമായി ലിപികളില്ല. പരസ്പരം സ്‌നേഹിച്ചും സഹായിച്ചും രഹസ്യങ്ങളില്ലാതെ ജീവിച്ച ഒരു സമൂഹത്തിന് ഒരുതരം വിസ്മയ നിഗൂഢത നല്‍കുന്ന ലിപിസാമ്രാജ്യം ആവശ്യമില്ലതന്നെ. പത്രം വായിക്കുന്ന ഒരാളിനെ കാണുമ്പോള്‍ ലിപിവ്യവസ്ഥയുടെ വായടക്കത്തില്‍ പെടാത്ത ഒരാളിന് എന്തായിരിക്കും തോന്നുക? വായിക്കുന്നയാള്‍ കടലാസിലേക്കു നോക്കി മരിച്ചിരിക്കുന്നതായി തോന്നുമായിരിക്കും. കുലുക്കിനോക്കാന്‍ അയാള്‍ ശ്രമിക്കുമായിരിക്കും. ആ ശ്രമത്തിന്റെ കാരണം ലിപിവ്യവസ്ഥയ്ക്ക് അപ്പുറമുള്ള സ്‌നേഹവ്യവസ്ഥയില്‍ അയാള്‍ നേരത്തേതന്നെ പെട്ടുപോയതുകൊണ്ടാണ്. ലോകം കണ്ട വലിയ ഉപദേശങ്ങളധികവും ലിപിവ്യവസ്ഥയില്‍ കുടുങ്ങാത്തതാണ്. പാലിയിലേക്ക് പകര്‍ത്തപ്പെട്ട ബുദ്ധസന്ദേശങ്ങളുടെ ചൈതന്യം വാമൊഴിയിലൂടെ ജ്വലിപ്പിക്കപ്പെട്ട അതിന്റെ ആശയാഗ്‌നിയാണ്. ഇതിഹാസങ്ങളില്‍ ദൂതന്മാരെ നിയോഗിച്ചാണ് സന്ദേശങ്ങള്‍ മനസ്സിലേക്ക് മാറിയിരുന്നത്. ഹനുമാനും കൃഷ്ണനും അടക്കമുള്ള പ്രസിദ്ധ ഇന്ത്യന്‍ പുരാണദൂതന്മാരുടെ കൈയില്‍ പനയോലയോ ചെമ്പോലയോ കടലാസുകഷണമോ ഒന്നുമില്ലായിരുന്നല്ലോ.
പ്രേമലേഖനം എങ്ങനെയെഴുതണമെന്ന് ശകുന്തളയെക്കൊണ്ടു ചോദിപ്പിച്ചത് വ്യാസനോ കാളിദാസനോ അല്ല. വയലാറാണ്. വ്യാസന്റെയും കാളിദാസന്റെയും ശകുന്തളയ്ക്ക് അക്ഷരകലയുടെ ആവശ്യമില്ലായിരുന്നു മനസ്സമ്മതം അറിയിക്കാന്‍. കണ്ണുകളും ശരീരഭാഷയുടെ അനന്തസാദ്ധ്യതകളുമുണ്ടായിരുന്നു. രാജസദസ്സില്‍ അകലംപാലിച്ച് തിരസ്‌കൃതഭീഷണിയില്‍ നിന്നപ്പോള്‍ നാവിന്‍ തുമ്പില്‍ തീപിടിച്ച വാക്കുകളുമുണ്ടായിരുന്നു. മിഴിമുനയില്‍നിന്നും നാവിന്‍ തുമ്പില്‍നിന്നും ഉതിര്‍ന്ന മൊഴികള്‍ വ്യാസന്‍, അദ്ദേഹത്തിന്റെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ലിപി ഉപയോഗിച്ച് ഭൂര്‍ജ്ജപത്രത്തില്‍ രേഖപ്പെടുത്തിയതാണ് നമ്മള്‍ വായിച്ചറിഞ്ഞിട്ടുള്ളത്. ഈ കഥ വായിക്കാതെ കേട്ടറിഞ്ഞവരും ധാരാളമാണ്. ലിപി വേണമെന്ന പരിഷ്‌കൃതസമൂഹത്തിന്റെ രഹസ്യാത്മകരീതികള്‍ക്ക് നിരക്കാനായി ചില മനുഷ്യമൊഴികള്‍ ദേവനാഗരിലിപി സ്വീകരിച്ചു. ചില മൊഴികള്‍ സ്വന്തം അക്ഷരവ്യവസ്ഥ രൂപപ്പെടുത്തി. ചില മൊഴികള്‍ മലയാളലിപികളില്‍ രേഖപ്പെടുത്തലുകള്‍ നിര്‍വ്വഹിച്ചു.
മലയാളമാണെങ്കില്‍ ലിപിയിലകള്‍ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു വൃക്ഷമാണ്. 'ഋ' എന്ന അക്ഷരത്തിന്റെ ദീര്‍ഘരൂപവും
തുടര്‍ന്നുള്ള രണ്ടക്ഷരങ്ങളും കൊഴിഞ്ഞുപോയിക്കഴിഞ്ഞു. 'ഝ' തുടങ്ങിയ ചില അക്ഷരങ്ങള്‍ വിടപറയാന്‍ കാത്തുനില്‍ക്കുന്നു.
ലിപിയുള്ള മൊഴികളെക്കാള്‍ മൂപ്പു കൂടുതലുള്ളത് പലപ്പോഴും ലിപിയില്ലാ മൊഴികള്‍ക്കാണ്. എങ്കിലും പിറവിയുടെ ഒന്നാംഘട്ടത്തിലാണ് അവയുടെ ജീവിതം. അതിനാല്‍ ശിശുക്കളുടെ നിഷ്‌കളങ്കമലയാളം പലപ്പോഴും ലിഖിതപ്പെടുത്താന്‍ കഴിയാത്തതുപോലെ ഈ മൊഴികളെയും ചുമലേറ്റുവാനുള്ള ത്രാണി ലിപിയുള്ള മൊഴികള്‍ക്ക് ഇല്ലാതെയും വരും. എങ്കിലും അതിനെ പരമാവധി ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയേ നിവൃത്തിയുള്ളൂ. കടലോരത്തും മലയോരത്തുമുള്ള ജനങ്ങളുടെ മാതൃഭാഷയെ മലയാളലിപി ഉപയോഗിച്ച് വരച്ചെടുക്കുമ്പോള്‍ കുറെയേറെ കുങ്കുമത്തരികള്‍ നഷ്ടപ്പെടും. ബാക്കിയുള്ളവപോലും അതീവസുന്ദരമാണെന്നിരിക്കെ നഷ്ടമൊഴികളെക്കുറിച്ച് വേദനപ്പെട്ടുകൊണ്ടുതന്നെ നമുക്ക് സ്രാവിന്റെ ചിറകുള്ള പെണ്ണിന്റെ അംഗചലനങ്ങളും മാനസികസഞ്ചാരങ്ങളും ശ്രദ്ധിക്കാം.
കവി തൊഴില്‍കൊണ്ടു പുരോഹിതനാണ്. ഞാനാണെങ്കില്‍ പൗരോഹിത്യത്തോട് അകലം പാലിക്കുന്ന ഒരു കവിയുമാണ്. എങ്കിലും കേരളത്തിലെ ക്രൈസ്തവ പുരോഹിതരും കന്യാസ്ത്രീകളും മലയാളസാഹിത്യത്തിനു നല്‍കിയ സംഭാവനകളെ എക്കാലത്തും ഞാന്‍ അഭിവാദ്യം ചെയ്തിട്ടുണ്ട്. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്, അര്‍ണോസ് പാതിരി, ബ്രീത് നാഗല്‍, നിധീരിക്കല്‍ മാണി കത്തനാര്‍, കൊച്ചുകുഞ്ഞു ഉപദേശി, ചാവറ കുര്യാക്കോസച്ചന്‍, ഫാദര്‍ ആബേല്‍, സിസ്റ്റര്‍ മേരി ബെനീഞ്ഞ, ഫാദര്‍ അലോഷ്യസ് ഫെര്‍ണാണ്ടസ്, ഫാദര്‍ ചെറിയാന്‍ കുനിയന്തോടത്ത്, നെറ്റിയാടന്‍, സുനില്‍ സി.ഇ... അങ്ങനെ നിരവധി മലയാളഭാഷാസ്‌നേഹികള്‍ എനിക്കു വെളിച്ചം തന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പോള്‍ സണ്ണിയുടെ ഈ കാവ്യപുസ്തകത്തോടൊപ്പം സഞ്ചരിക്കാന്‍ എനിക്കു ഉത്സാഹവുമുണ്ട്. ഈ കവിതകളിലെ ആശയപരമായ പൊലിമകള്‍ വിരല്‍ തൊടാതെ ഞാന്‍ വായനക്കാര്‍ക്ക് പങ്കുവെക്കുന്നു. എന്നാല്‍, ഈ കവിതകളിലെ ലാവണ്യമുഹൂര്‍ത്തങ്ങള്‍ ഒന്നിച്ചനുഭവിക്കാനായി ക്ഷണിക്കുകയും ചെയ്യുന്നു.
ഇതാ നോക്കൂ, നമ്മെ വശീകരിക്കുന്ന എത്ര ചിറകുള്ള കാവ്യക്കടലഴകുകള്‍! കരുവാടുപോലെ ഉണങ്ങി വരണ്ടുകെടക്കണ കടപ്പൊറം, എല്ലാ ഒപ്പാരിച്ചെത്തവുമുള്ള പത്രാക്കെന്ന കടല്‍ച്ചെണ്ട, മതങ്ങള്‍ മരിച്ച കല്ലറ, മീനുകളെ തഞ്ചം പാര്‍ത്തിരിക്കുന്ന വേട്ടച്ചൂണ്ടകള്‍, കടലിനെ കോര്‍ത്തുകെട്ടിയ ജലകന്യക, വറുതിയെ വറുത്ത അത്താഴച്ചട്ടി, ചെഗുവേരയുടെ താടിയുള്ള പ്രവാചകന്‍, മരമായി വളരുന്ന കലമാന്‍ കൊമ്പുകള്‍, വങ്കാളപ്പെട്ട കടല്, മൊഴിമാറ്റം ചെയ്യാനാവില്ലാത്ത കടപ്പൊറപ്പാസ, അമ്പലച്ചെണ്ടയുടെ മേളപ്പെരുക്കം, മിഴിച്ചിലമ്പിന്റെ ആര്‍ദ്രതാളം, തെരണ്ടിവാല് മൊളച്ച വാല്‌വക്കാറന്മാര്, ചൊറിയും ഒറത്തയും കിട്ട്ണ വല... കടലഴകുകള്‍ നമ്മുടെ മനസ്സിനെ വലയില്‍ കുരുക്കി തുടരുകയാണ്. കന്യാജീവിതമോര്‍ത്ത് വിലപിക്കപ്പെടുന്നവര്‍, മീന്‍ മേലേ പറന്ത പുള്ള്, ആമച്ചോര കുടിച്ച മെയ്യ്, സ്വന്തം ദേശത്തെ അഭയാര്‍ത്ഥി, അരഞ്ഞാണം ഊര്‍ന്നു പോയ കാട്, ധ്യാനത്തെ മുറിച്ച പ്രണയപ്പുഴ, കാവല്‍ നില്‍ക്കുന്ന മരങ്ങള്‍ക്ക് വെള്ളം തേകിക്കൊടുക്കുന്ന പുഴ, വാഴുന്നോരുടെ പരാജയത്തിന്റെ ചാപിള്ളയായ ദാരിദ്ര്യം, വേരുകള്‍ പൊട്ടിച്ചു തിന്നുന്ന വിശന്ന മരങ്ങള്‍, തെങ്ങില്ലാത്ത അഞ്ചുതെങ്ങ്, പൂ വിരിയും പോലൊരു ചുംബനം, കടലിനെ നിയന്ത്രിക്കാനാവുമെന്ന നങ്കൂരത്തിന്റെ തോന്നല്‍, ഞൊറിയുടുത്ത വായാടിത്തിരകള്‍, കാപ്പുകെട്ടുപോയ ധര്‍മ്മം, പുഴത്തെയ്യം...
കടല്‍ പിന്നെയും ചിറകുവിടര്‍ത്തുകയാണ്. പ്രതിബിംബംപോലും കാത്തു സൂക്ഷിക്കുവാനാവാത്ത കണ്ണാടി, അവനോടൊപ്പം നീന്തുന്ന തിരകള്‍, ആറടിയുള്ള മാളം, കൂടെ വരുന്ന നിഴല്‍പ്പക്ഷി, വീര്‍ത്ത പള്ളയുമായ് തൊറമൊകത്ത് വന്ത കപ്പല്, കമ്പോളം വിഴുങ്ങുന്ന വ്യാളികള്‍, കടലില്‍നിന്നും പൊന്തിവരുന്ന മകളുടെ നഗ്‌നമായ ഉടല്‍, കടലിലും കളിക്കുന്ന ഒതക്കളി... മലയാളത്തിന് അത്ര സുപരിചിതമല്ലാത്തതും എന്നാല്‍ വൈകാരികതയുടെ കണ്ണാടിയില്‍ പ്രതിബിംബിക്കുന്നതുമായ ജീവിതം. നമ്മുടെതന്നെ ജീവിതം. ഭാഷ കടലിന്റേത്. ദൃശ്യങ്ങള്‍ കടല്‍ക്കണ്ണാടിയിലൂടെ ഉള്ളത്. എന്നാല്‍, ഈ ശ്രേണിയില്‍ നഗ്‌നസ്വഭാവമുള്ള രചനകളെ സന്നിവേശിപ്പിക്കുന്നതെങ്ങനെ? അസാധാരണവൈദഗ്ദ്ധ്യത്തിലൂടെ പോള്‍ സണ്ണി അതു നിര്‍വ്വഹിച്ചിരിക്കുന്നു ഒരു പടലം കവിതകളില്‍. എട്ടു കവിതകളാണ് ഒരു പടലം കവിതകളിലുള്ളത്. ഓരോന്നും കൂരമ്പുകള്‍. വിടര്‍ത്തിപ്പറഞ്ഞു ഞാനതിന്റെ മൂര്‍ച്ച കുറയ്ക്കുന്നില്ല. അനുഭവിക്കുക.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സ്രാവിന്റെ ചിറകുള്ള പെണ്ണ് എന്ന പുസ്തകത്തിന് എഴുതിയ അവതാരിക
Content Highlights: sravinte chirakulla pennu mathrubhumi books poems kureepuzha sreekumar