പപ്പന്‍ പോയി';അരവിന്ദന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു, 'എങ്ങോട്ടു പോയി?', 'പോയി, ഇനി വരില്ല...'

#സേതു
ജി. അരവിന്ദന്‍, പദ്മരാജന്‍/ ഫോട്ടോ: മാതൃഭൂമി
ജി. അരവിന്ദന്‍, പദ്മരാജന്‍/ ഫോട്ടോ: മാതൃഭൂമി

അക്കങ്ങളില്‍ കൊത്തിയ അക്ഷരങ്ങള്‍ എന്ന ആത്മകഥയിലൂടെ എഴുത്തുകാരന്‍ സേതു തന്റെ ജീവിതമത്രയും പറഞ്ഞുവെക്കുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ആത്മകഥയില്‍ നിന്നും ഒരു ഭാഗം. 

ഞാന്‍ തിരുവനന്തപുരം വിടുമ്പോഴേക്കും നികുഞ്ജത്തിലെ ഒത്തുകൂടല്‍ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞിരുന്നു. വലുതായപ്പോള്‍, തിരക്കായപ്പോള്‍, ഓരോരുത്തരും അവരവരുടേതായ ലോകത്തേക്ക് തിരിഞ്ഞു. വല്ലപ്പോഴുമുള്ള കാര്യമാത്രപ്രസക്തമായ ടെലിഫോണ്‍ സംഭാഷണങ്ങളിലൊതുങ്ങി സൗഹൃദങ്ങളും. പക്ഷേ, അപ്പോഴേക്കും നികുഞ്ജമെന്ന ആ സാംസ്‌കാരികനിലയം അതിന്റെ ധര്‍മം നിര്‍വഹിച്ചുകഴിഞ്ഞിരുന്നു. അരവിന്ദന്‍ പറയാറുള്ള 'പോയറ്റിക് ഇന്‍ജസ്റ്റിസ്' തന്നെ. പക്ഷേ, ഒരു കാലഘട്ടത്തിലെ തലസ്ഥാനത്തെ വലിയൊരു സാംസ്‌കാരിക കൂട്ടായ്മയുടെ വേദിയെന്ന നിലയില്‍ എന്നെങ്കിലുമൊരിക്കല്‍ അവിടെ വന്നുപോയിട്ടുള്ള ഒരു കലാകാരനും നികുഞ്ജത്തെ മറക്കാനാവില്ല.

പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ ആ കെട്ടിടത്തിന്റെ മുമ്പിലൂടെ കടന്നുപോയപ്പോള്‍ പഴയ കുറെ ഓര്‍മ്മകള്‍ അലട്ടാനെത്തി. മുറ്റത്തെ സിമന്റ് ഇരിപ്പിടങ്ങളില്‍ വട്ടമിട്ട് ഇരിക്കുന്ന അരവിന്ദന്‍, പത്മരാജന്‍, ഭരതന്‍, ആറാര്‍ നായര്‍, കൃഷ്ണന്‍ നായര്‍, പിന്നെ ആരൊക്കെയോ, ആരൊക്കെയോ.
അരവിന്ദന്‍ പോയി. പത്മരാജന്‍ പോയി, ഈയിടെ നെടുമുടി വേണുവും. ഭരതനും ആറാറും ജോണും നികുഞ്ജം കൃഷ്ണന്‍ നായരും ഡോക്ടര്‍ എസ്.പി. രമേശും, എന്‍.എല്‍. ബാലകൃഷ്ണനും, താടി പപ്പനും, ബാങ്ക് രവിയുമൊക്കെ എന്നോ എങ്ങോട്ടോ പോയിക്കഴിഞ്ഞിരുന്നു. പലരും മരണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവാത്ത പ്രായത്തില്‍. അന്നവിടെ നിത്യവും കൂടാറുണ്ടായിരുന്നവരില്‍ ഇപ്പോള്‍ ഞാനും പുരുഷോത്തമനും മാത്രമേ ബാക്കിയുള്ളൂ.
പിന്നീട് പത്മരാജന്റെ പേരില്‍ കഥയ്ക്കുള്ള ആദ്യത്തെ അവാര്‍ഡ് ഏറ്റുവാങ്ങാനായി ടാഗോര്‍ തിയേറ്ററില്‍ ചെന്നപ്പോള്‍ ഞാന്‍ അറിയാതെ വികാരഭരിതനായിപ്പോയി. ആ ഓഡിറ്റോറിയത്തിന് തൊട്ടുമുമ്പിലുള്ള നികുഞ്ജത്തില്‍ അഞ്ചുവര്‍ഷം പത്മരാജനോടൊപ്പം മണിക്കൂറുകളോളം ചെലവഴിച്ച ഓര്‍മ്മകള്‍ മനസ്സിലേക്ക് ഇരച്ചെത്തി. എന്നെക്കാള്‍ മൂന്നു വയസ്സ് കുറവുള്ള ആ സുഹൃത്തിന്റെ പേരിലുള്ള ഒരു ഫലകം ഏറ്റുവാങ്ങുകയെന്നത് വലിയൊരു ക്രൂരതയായി തോന്നി.

ഒരിക്കലും മറക്കാനാവാത്ത കുറെ പഴയ ഓര്‍മ്മകള്‍...
ഒരുദിവസം രാവിലെ ഞാന്‍ ഓഫീസില്‍ നല്ല തിരക്കില്‍ ഇരിക്കുകയായിരുന്നു. റിസര്‍വ് ബാങ്ക് ഓഡിറ്റര്‍മാര്‍ വന്നുകയറിയ ദിവസം. അവര്‍ മൂന്നാല് ദിവസമേ ഉണ്ടാകാറുള്ളുവെങ്കിലും ഇടയ്ക്കൊക്കെ എന്തെങ്കിലും ആവശ്യപ്പെട്ടുകൊണ്ട് എന്റെ മുറിയില്‍ കയറിവന്നുകൊണ്ടിരിക്കും. സങ്കീര്‍ണമായ ചില കടലാസുകളെപ്പറ്റി താഴെയുള്ളവര്‍ക്ക് വലിയ പിടിയുണ്ടാവാറില്ല. അതിനിടയിലാണ് അരവിന്ദന്റെ വിളി വന്നത്. ഒട്ടും പ്രതീക്ഷിക്കാതെയുള്ള വിളി.
'പപ്പന്‍ പോയി,' അരവിന്ദന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു.
'എങ്ങോട്ടു പോയി?' ഞാന്‍ ചോദിച്ചു.

ഞാന്‍ ഗന്ധര്‍വന്റെ റിലീസിന് ശേഷം പപ്പന്‍ ഒട്ടേറെ പരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരുന്ന കാലമായതുകൊണ്ട് അതുസംബന്ധമായി ദൂരെയെവിടെയെങ്കിലും പോയെന്നാണ് ഞാന്‍ ആദ്യം കരുതിയത്.
'പോയി, ഇനി വരില്ല,' ചുരുങ്ങിയ വാക്കുകളില്‍, പറയേണ്ടതെല്ലാം അരവിന്ദന്‍ പറഞ്ഞുകഴിഞ്ഞു. അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടയെന്ന മട്ടില്‍. 'ഞങ്ങള്‍ മുതുകുളത്തേക്ക് പോകുകയാണ്. സേതു വരുന്നുണ്ടെങ്കില്‍ അവിടെവെച്ച് കാണാം.'
അപ്പോഴാണ് എന്റെ തലയ്ക്കകത്ത് എന്തോ മിന്നിയത്. അതിന്റെ മരവിപ്പില്‍നിന്ന് പുറത്തുകടക്കാന്‍ കുറച്ച് നേരമെടുത്തു. പിന്നീട് എങ്ങനെയോ പറഞ്ഞത് ഓര്‍മ്മയുണ്ട്: 'യാതൊരു രക്ഷയുമില്ല പുറത്തുകടക്കാന്‍. ഇവിടം മുഴുവന്‍ റിസര്‍വ് ബാങ്ക് കീഴടക്കിയിരിക്കുകയാണ്.'

തന്റെ കുടുംബത്തെ പിടികൂടിയിരുന്ന ഏതോ മഹാശാപത്തെക്കുറിച്ച് പപ്പന്‍ ഒന്നുരണ്ട് തവണ സൂചിപ്പിച്ചിരുന്നത് ഓര്‍മ്മ വന്നു. അകാലത്തില്‍ മരിച്ച രണ്ട് സഹോദരന്മാര്‍. പക്ഷേ, കൂട്ടത്തില്‍ ഒരാള്‍മാത്രം രക്ഷപ്പെട്ടേക്കുമെന്ന് ഏതോ ജോത്സ്യന്‍ പ്രവചിച്ചിരുന്നുവത്രേ. അത് ആരോഗ്യവാനായ താനായേക്കാമെന്ന് പപ്പന്‍ വിശ്വസിച്ചിരുന്നു. എന്നിട്ടും മൃത്യുഞ്ജയഹോമം നടത്തുകയും ഏതോ പ്രത്യേക നിറത്തിലുള്ള കല്ലുകള്‍ ധരിക്കുകയും ചെയ്തിരുന്നു. പക്ഷേ, വിധി അയാളെ വെറുതേ വിട്ടില്ല. പടത്തിന്റെ പ്രദര്‍ശനത്തിനുശേഷം കോഴിക്കോട്ട് നിര്‍മാതാവ് ഗാന്ധിമതി ബാലന്‍, നായകന്‍ നിതീഷ് ഭരദ്വാജ് എന്നിവരോടൊപ്പം സ്റ്റേജില്‍ പ്രത്യക്ഷപ്പെടാന്‍ അവര്‍ പ്ലാന്‍ ചെയ്തിരുന്നു. അതിന് വലിയ പബ്ലിസിറ്റിയും കൊടുത്തിരുന്നു. അതിനൊരു പ്രത്യേക കാരണംകൂടിയുണ്ടായിരുന്നു. തനിക്കേറെ പ്രിയപ്പെട്ട ഗന്ധര്‍വന് വിചാരിച്ചത്ര സ്വീകരണം കിട്ടാഞ്ഞതില്‍ ദുഃഖിതനായിരുന്നു പപ്പന്‍. ഇതുകൊണ്ടെങ്കിലും ജനത്തിന്റെ മനസ്സ് മാറുമെന്ന് അയാള്‍ വിശ്വസിച്ചിരുന്നിരിക്കണം. കാരണം, അക്കാലത്ത് മഹാഭാരതം സീരിയലിലെ കൃഷ്ണന്റെ റോളിലൂടെ പ്രശസ്തിയുടെ ഉച്ചകോടിയില്‍ നില്‍ക്കുകയായിരുന്നല്ലോ നിതീഷ്. എന്തായാലും, അയാളെ നേരില്‍ കാണാന്‍ സ്ത്രീകള്‍ കയറാതിരിക്കില്ല. അവര്‍ കയറിയാല്‍ പടം രക്ഷപ്പെട്ടുവെന്നാണ് സിനിമാക്കാരുടെ പൊതുവേയുള്ള വിശ്വാസം. പക്ഷേ, ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന പപ്പന്‍ പിന്നീട് ഉണരുകയുണ്ടായില്ല.

പിറ്റേന്ന് അരവിന്ദന്‍ വീണ്ടും വിളിച്ചു. 'സേതു വരാഞ്ഞത് നന്നായി. സിനിമാതാരങ്ങളെ കാണാനായി ഇടിച്ചുകയറിയ ജനം ആ പറമ്പിലെ ചെടികള്‍ മുഴുവന്‍ ചവിട്ടിമെതിച്ച് നാശമാക്കി. പാവം സിനിമാക്കാരെ സ്വസ്ഥമായൊന്ന് മരിക്കാന്‍കൂടി ആളുകള്‍ സമ്മതിക്കുന്നില്ലല്ലോ,' അരവിന്ദന്‍ പറഞ്ഞു.
അതുകഴിഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ അരവിന്ദനും പോയി. രാത്രി ആറാര്‍ നായരാണ് വിളിച്ചുപറഞ്ഞത്. വിവരമറിഞ്ഞ് തിരുവനന്തപുരത്തെത്തുമ്പോള്‍ അരവിന്ദന്‍ ശാന്തനായി ഉറങ്ങുകയായിരുന്നു. മുറ്റത്തും ചുറ്റുമായി നിശ്ശബ്ദരായി കുറെ സുഹൃത്തുക്കള്‍ മാത്രം. കുറെ നാള്‍ സിനിമാരംഗത്ത് പ്രവര്‍ത്തിച്ചിട്ടും സിനിമാക്കാരനാകാന്‍ കഴിയാതിരുന്ന, ആ വലിയ കലാകാരന്റെ ശാന്തമായ അന്ത്യം. പിന്നീട് വി.ജെ.ടി. ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നയിടംവരെ പോയി. അവിടെ വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു. പിന്നീട് ഞാനും അടുത്ത സുഹൃത്തുക്കളായ എസ്.പി. രമേശും കലാസ്നേഹിയായ കൃഷ്ണകുമാറുമൊക്കെ മടങ്ങി. അരവിന്ദന്റെ അന്ത്യകര്‍മങ്ങള്‍ കണ്ടുനില്‍ക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.

മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പൊരിക്കല്‍ അരവിന്ദന്‍ എറണാകുളത്ത് വന്നിരുന്നു. വളരെക്കാലത്തിനുശേഷം അന്നു രാത്രിയില്‍ ഹോട്ടല്‍മുറിയില്‍വെച്ച് ഞങ്ങള്‍ ഏറെനേരം സംസാരിച്ചിരുന്നു. എന്തോ, അന്ന് അരവിന്ദന്‍ പതിവില്ലാതെ അസ്വസ്ഥനായിരുന്നു. 

സേതു

ഒറ്റപ്പെടുന്നതുപോലെയുള്ള തോന്നല്‍ അരവിന്ദനെ വല്ലാതെ അലട്ടുന്നതായി തോന്നി. ആരോടെങ്കിലും മനസ്സ് തുറക്കാന്‍ ബദ്ധപ്പെടുന്നതുപോലെ. ഏതോ തെറ്റിദ്ധാരണകളുടെ പേരില്‍ ഏറെക്കാലത്തെ വലിയ അടുപ്പമുള്ള ചില സുഹൃത്തുക്കള്‍ കൈവിട്ടതിനെപ്പറ്റി സൂചിപ്പിച്ചു. അവരില്‍ ചിലര്‍ എനിക്ക് നല്ല പരിചയമുള്ളവരുമായിരുന്നു. സൗഹൃദങ്ങള്‍ എന്നും വലിയ ബലഹീനതയായിരുന്നതുകൊണ്ട് ചെറിയ അകല്‍ച്ചകള്‍പോലും അരവിന്ദന് താങ്ങാനാകുമായിരുന്നില്ല. ഒരുപക്ഷേ, ഈ സുഹൃത്തുക്കളെയെല്ലാം അകറ്റിയതും സിനിമയെന്ന യക്ഷി തന്നെയായിരുന്നിരിക്കണം. സിനിമാക്കാരനല്ലാത്ത എന്നോട് തുറന്നുപറയാമല്ലോ എന്നു കരുതിയിരിക്കണം.

അരവിന്ദന്‍ പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. എവിടെയോ ഒക്കെ ഉണ്ടെന്ന തോന്നല്‍മാത്രം ബാക്കി. അതുപോലെ ഒന്നായിരുന്നു ഓര്‍ക്കാപ്പുറത്തുള്ള എം. ആസാദിന്റെ മരണവും. എഴുപതുകളില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയ ആദ്യകാല ബാച്ചുകളില്‍പ്പെട്ട ഒരാളായിരുന്നു വര്‍ക്കലയ്ക്കടുത്ത അയിരൂരെന്ന നാട്ടിന്‍പുറത്തെ ഒരു സാധാരണ കര്‍ഷകകുടുംബത്തില്‍ ജനിച്ച മുഹമ്മദ് ആസാദ്. പുണെയില്‍നിന്ന് മടങ്ങിയെത്തിയശേഷം സിനിമയില്‍ സാമാന്യം നല്ലൊരു തുടക്കമാണ് ആസാദിന് കിട്ടിയത്. ജോണ്‍ ഏബ്രഹാമിനോട് ചേര്‍ന്നുള്ള വിദ്യാര്‍ഥികളെ ഇതിലെ ഇതിലെ എന്ന ചിത്രം എങ്ങുമെത്തിയില്ലെങ്കിലും നിര്‍മാല്യത്തില്‍ എം.ടി.യുടെ അസോസിയേറ്റ് ഡയറക്ടറാകാന്‍ കഴിഞ്ഞതോടെ ആസാദ് ശ്രദ്ധിക്കപ്പെട്ടു. മാത്രമല്ല, പിന്നീട് എം.ടി.യുടെ തിരക്കഥയിലൂടെ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന പടം സംവിധാനം ചെയ്യാനും കഴിഞ്ഞു. മമ്മൂട്ടിയുടെ ആദ്യചിത്രമായി പുറത്തുവന്ന പടം.

പക്ഷേ, പിന്നീടങ്ങോട്ടുള്ള പോക്ക് എളുപ്പമായിരുന്നില്ല. സിനിമയെടുക്കാന്‍ അറിയേണ്ടത് സിനിമയല്ല, മറ്റുചില അടിതടവുകളാണെന്ന് അയാള്‍ പഠിച്ചു. പക്ഷേ, ഏതെങ്കിലും പണക്കാരനെ ചപ്പടാച്ചിപറഞ്ഞ് വളച്ചുപിടിച്ചു, പടമെടുപ്പിക്കാനുള്ള സാമര്‍ഥ്യമൊന്നും ആസാദിനില്ലായിരുന്നു. തന്റെ സങ്കടങ്ങളും നൈരാശ്യങ്ങളും ഇറക്കിവെക്കാനുള്ള അത്താണിയും തേടി അയാള്‍ പലപ്പോഴും തിരുവനന്തപുരത്തെ എന്റെ വീട്ടില്‍ വരാറുണ്ട്. ചിലപ്പോള്‍ ഒന്നുരണ്ടുദിവസം തങ്ങുകയും ചെയ്യും. ഞാനും രാജിയും വര്‍ക്കല അയിരൂരുള്ള അയാളുടെ വീട്ടിലും പോയിട്ടുണ്ട്. ഭാര്യ, രണ്ടു ചെറിയ കുട്ടികള്‍, സഹോദരങ്ങള്‍. വലിയ പ്രതീക്ഷകളോടെ പുണെയില്‍ പഠിക്കാനയച്ച കൃഷിക്കാരനായ ബാപ്പ... സന്തോഷം വരുമ്പോള്‍ ഉറക്കെ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും, സങ്കടം വരുമ്പോള്‍ പെട്ടെന്ന് തൊണ്ടയിടറുകയും ചെയ്യുന്ന, ഉള്ളിലുള്ളതൊന്നും മറയ്ക്കാനാവാത്ത പാവം ആസാദ്.
എന്റെ ഞങ്ങള്‍ അടിമകള്‍ എന്ന നോവലിന്റെ പുറകെ അയാള്‍ കുറെക്കാലം ഭ്രാന്തുപിടിച്ചു നടന്നു. അത് നടക്കാതെവന്നപ്പോള്‍ കിരാതം എന്ന കാലികപ്രാധാന്യമുള്ള ചെറുനോവല്‍ സിനിമയാക്കാനുള്ള മോഹമായി. അതും ശരിയായില്ല. തിരക്കഥ തയ്യാറാക്കി ലൊക്കേഷന്‍വരെ നിശ്ചയിച്ചുകഴിഞ്ഞശേഷം, ആറാര്‍ നായര്‍ക്ക് നല്ല പരിചയമുള്ള ഗള്‍ഫിലെ നിര്‍മാതാവ് പെട്ടെന്ന് ഒഴിഞ്ഞുമാറിയതുകൊണ്ട് അത് മുന്നോട്ട് കൊണ്ടുപോകാനായില്ല. (അതേപ്പറ്റി കഴിഞ്ഞ അധ്യായത്തില്‍ വിശദമായി പറഞ്ഞിട്ടുണ്ട്.) പിന്നീടും ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നെങ്കിലും ഭാഗ്യം ഒരിക്കലും അയാളുടെ വശത്തായി വരുന്നില്ല. പിന്നീട് ഞാന്‍ ആലുവയിലേക്ക് സ്ഥലം മാറിപ്പോയെങ്കിലും ആസാദ് ഇടയ്ക്കൊക്കെ അവിടെയും എത്താറുണ്ട്, നടക്കാതെപോയ കുറെ പുതിയ പദ്ധതികളെപ്പറ്റിയുള്ള കഥകളുമായി. വാസ്തവത്തില്‍ കുടുംബപ്രാരാബ്ധത്തെക്കാള്‍ അയാളെ അലട്ടിയിരുന്നത് താന്‍ ആര്‍ക്കും പ്രയോജനമില്ലാത്തൊരു പടുമുളയായിപ്പോയല്ലോ എന്ന സങ്കടമായിരുന്നു. എന്റെ വീട്ടില്‍ വരുമ്പോഴെല്ലാം അയാള്‍ പലതും തുറന്നുപറയാറുണ്ട്. വളരെയേറെ വിശ്വസിച്ചിരുന്ന പലരും ചതിച്ച വിവരങ്ങള്‍! ആര്‍ക്കും തോന്നിയപോലെ കൊട്ടാവുന്ന ചെണ്ടയായി താനെന്ന് ആസാദ് പറഞ്ഞിരുന്നത് തൊണ്ടയിടറിക്കൊണ്ടാണ്.

പിന്നീട്, അല്പം നീണ്ടൊരു ഇടവേളയ്ക്കുശേഷം, ഒരു ദിവസം അയാള്‍ പെട്ടെന്ന് ഫോണില്‍ വിളിച്ചത് അടുത്തയാഴ്ച നടക്കുന്ന പെങ്ങളുടെ വിവാഹക്കാര്യം പറയാനായിരുന്നു. എന്തുകൊണ്ടോ അന്നയാളുടെ ശബ്ദത്തില്‍ പതിവില്ലാത്തൊരു ആഹ്ലാദം കാണായി. 'വര്‍ക്കല ടീബിയില്‍ മുറി ഏര്‍പ്പാട്ചെയ്യുന്നുണ്ട്, സേതു തലേദിവസംതന്നെ വന്നേതീരൂ, ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാനുണ്ട്,' അയാള്‍ ആവര്‍ത്തിച്ചു. തീര്‍ച്ചയായും ചെല്ലാമെന്ന് ഉറപ്പ് പറഞ്ഞിരുന്നുവെങ്കിലും അവിടെയും വിധി അയാളോട് ക്രൂരതകാട്ടി. ഓഫീസില്‍ പെട്ടെന്നുണ്ടായ ഏതോ പ്രശ്നംകാരണം അവസാനനിമിഷത്തില്‍ എനിക്ക് വരാനാവില്ലെന്ന് വിളിച്ചുപറയേണ്ടിവന്നു. അയാള്‍ക്ക് ഫോണില്ലാതിരുന്നതുകൊണ്ട് വര്‍ക്കലയിലെ ഒരു പത്രക്കാരന്‍ സുഹൃത്തിനെയാണ് വിവരം അറിയിച്ചത്.

അന്ന് ഞാന്‍ പോയിരുന്നെങ്കില്‍....വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ വല്ലാത്തൊരു കുറ്റബോധം പിന്തുടരുന്നതുപോലെ. അന്ന് ഞാന്‍ ചെന്നിരുന്നെങ്കില്‍, രാത്രി ഏറെനേരം അയാള്‍ എന്നോടൊപ്പം ടി.ബിയിലെ മുറിയില്‍ ചെലവഴിക്കുമായിരുന്നു. കൂടപ്പിറപ്പിനുവേണ്ടി ഒന്നും ചെയ്യാനാവാത്ത ആ സഹോദരന്റെ നിസ്സഹായത കുറെയൊക്കെ അലിയിച്ചെടുക്കാന്‍ എനിക്കൊരു ഒരവസരം കിട്ടുമായിരുന്നു.
പിറ്റേന്ന് രാവിലെയാണല്ലോ എല്ലായിടത്തും തോറ്റവന്റെ അവസാനത്തെ കീഴടങ്ങലായി സ്വന്തം മുറിയില്‍ തൂങ്ങിമരിക്കാനുള്ള തീരുമാനം ആസാദ് എടുക്കുന്നത്.

മുന്‍പ് ശോഭ ഇതുപോലൊരു മരണം ഏറ്റുവാങ്ങിയപ്പോള്‍ ആ വീട്ടിലേക്ക് ആദ്യം ഓടിച്ചെന്നവരില്‍ ഒരാള്‍ അന്ന് മദിരാശിയിലുണ്ടായിരുന്ന ആസാദായിരുന്നു. ബന്ധനം എന്ന സിനിമയുടെ കാലം തൊട്ടേ ആ കുടുംബവുമായി നല്ല അടുപ്പമായിരുന്നു അയാള്‍ക്ക്. അതേപ്പറ്റി അന്നയാള്‍ പറഞ്ഞത് നല്ല ഓര്‍മ്മയുണ്ട്, അത്തരമൊരു ക്രൂരമായ തീരുമാനമെടുക്കുന്നതിന് മുന്‍പ് ശോഭയ്ക്ക് ആരോടെങ്കിലും ഒന്ന് മനസ്സ്തുറക്കാന്‍ കഴിയുമായിരുന്നെങ്കില്‍... ആ വാക്കുകള്‍ക്ക് അറം പറ്റിയതുപോലെ....അന്ന് ആസാദിനും ആരോടെങ്കിലും മനസ്സ് തുറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...

അതുപോലെതന്നെ പൊടുന്നനേയാണ് തൃശ്ശൂരെ അടുത്ത സുഹൃത്തുക്കളായിരുന്ന ആറാര്‍ നായരുടെയും ഡോക്ടര്‍ എസ്.പി.രമേശിന്റെയും മരണങ്ങള്‍. ഞാന്‍ എന്തെഴുതിയാലും, അതൊക്കെ വായിക്കുകയും അതേപ്പറ്റി ചിലതൊക്കെ എഴുതുകയും ചെയ്തിരുന്നു. സാഹിത്യവും സംഗീതവും ഒരുപോലെ വഴങ്ങിയിരുന്നു, കാരൂര്‍ കുടുംബത്തില്‍പ്പെട്ട രമേശിന്. തൃശ്ശൂരെ പേരുകേട്ട മനശ്ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു ആ നല്ല സുഹൃത്ത്. അതുപോലെ ആറാര്‍. എഫ്.എ.സി.ടി. വിട്ടശേഷം കെല്‍ട്രോണിനു കീഴിലുള്ള കുറ്റിപ്പുറത്തെ കമ്പനിയുടെ എം.ഡി.യായിരുന്ന അദ്ദേഹം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളും ഗുണകാംക്ഷിയുമായിരുന്നു. അദ്ദേഹത്തിന്റെ മരണവും പെട്ടെന്നായിരുന്നു. മരണം, മരണം! രംഗബോധമില്ലാത്ത കോമാളിയായി ഇടയ്ക്കൊക്കെ കടന്നുവന്നുകൊണ്ടേയിരിക്കുന്നു.

പത്മരാജന്‍ മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം, ഈയിടെ ഒട്ടും പ്രതീക്ഷിക്കാതെ മകന്‍ അനന്തപത്മനാഭന്‍ വീട്ടില്‍ വന്ന് കുറെനേരം പഴയകാലം പറഞ്ഞിരുന്നപ്പോള്‍ വിലപ്പെട്ട സൗഹൃദങ്ങളുടെ ചക്രം ഒരുവട്ടം മുഴുവനും തിരിഞ്ഞുവന്നതുപോലെ തോന്നി.

Content Highlights: Sethu, Padmarajan, G.Aravindan, Akkangalil Kothiya Aksharangal, Mathrubhumi Books