നടനാവാൻ പോലീസുപണി ഉപേക്ഷിച്ച സത്യൻ...

#രാജീവ് ശിവശങ്കര്‍

'എന്റീശോയേ...ഞാനെന്തരാണ് ഈ കേൾക്കുന്നേ?'

ജെസ്സി നെഞ്ചത്തടിച്ചു. അടുക്കളയിൽ ഒരു പാത്രം നിലത്തുവീണു കലമ്പി. ശബ്ദം കേട്ടുപേടിച്ച് കുഞ്ഞുമോൻ തൊട്ടിലിൽ ഉറക്കം ഞെട്ടി. ജെസ്സിയുടെ അപ്പൻ ജെയിംസ് പാത്രമെടുത്ത് പാതകത്തിൽ വെച്ചു. കുഞ്ഞിനെ തൊട്ടിലാട്ടി.

'നീ കിടന്നു കലിതുള്ളിയിട്ടുകാര്യമില്ല. അവനോടു തഞ്ചത്തിൽ കാര്യം ചോദിക്കുക. കരഞ്ഞോ കാലുപിടിച്ചോ മനസ്സുമാറ്റിക്കുക. സർക്കാർ ജോലി കിട്ടാൻവേണ്ടി ഓരോരുത്തര് ശയനപ്രദക്ഷിണം നടത്തുമ്പോഴാ ഇവിടൊരാൾ ഉള്ളജോലി രാജിവെക്കുന്നത്. അതും അന്തസ്സുള്ള പോലീസ് ജോലി.'

'എന്നാലും ഈ കൊച്ചുങ്ങളെപ്പോലും ഓർത്തില്ലല്ലോ.'

പന്തു തട്ടി അടുക്കളയിലെത്തിയ പ്രകാശിനെ ചേർത്തുപിടിച്ച് ജെസ്സി മൂക്കുചീറ്റി.

'അവന്റെ കാര്യം മാത്രമേ അവൻ നോക്കിയുള്ളൂ. അതു ശരിയല്ലല്ലോ. ഇതിപ്പോ മേരി അർപ്പുതം സാർ എന്റെ സുഹൃത്തായതുകൊണ്ട് അറിയിച്ചതല്ലേ. എന്താ അവന്റെ മനസ്സിലിരിപ്പ് എന്നു നീ സൂത്രത്തിൽ ഒന്നന്വേഷിക്ക്. സിനിമേന്നുംപറഞ്ഞ് ഒരുമാസം ലീവെടുത്തത് വെറുതെയായി. അതു നീയറിഞ്ഞാരുന്നോ...'

'അയ്യോ...അതൊന്നും ഞാനറിഞ്ഞില്ലേ.'

ജെസ്സി കണ്ണീരടക്കി. അടുക്കളഭിത്തിയിലേക്ക് പന്തു തട്ടിക്കളിക്കാൻ തുടങ്ങിയ പ്രകാശിനെ ചന്തിക്കൊന്നു കൊടുത്ത്, ജെസ്സി അലറി.

'പുറത്തുപോയി കളിക്കെടാ ചെക്കാ...'

ചുണ്ടുപിളർത്താൻ തുടങ്ങിയ പ്രകാശിനെ ജെയിംസ് കൊഞ്ചിച്ച്, അനുനയിപ്പിച്ച് മുറ്റത്തേക്കു പറഞ്ഞയച്ചു.

'സിനിമേടെ പ്രൊഡ്യൂസറും ബാലകൃഷ്ണനും പരിപാടി മതിയാക്കി. ഇനി ആ സിനിമ നടക്കില്ല. എന്നുവെച്ചാൽ അവരൊക്കെ യാഥാർത്ഥ്യബോധത്തോടെ ചിന്തിച്ച് സ്വന്തം കാര്യങ്ങളിലേക്കു മടങ്ങിപ്പോയി. നിന്റെ കെട്ടിയോനിപ്പോഴും ദിവാസ്വപ്നം കണ്ടുനടക്കുവാ. സർക്കിൾ ഇൻസ്പക്ടറായിട്ട് പ്രമോഷൻ നൽകാനുള്ള റെക്കമെന്റേഷനിൽ കഴിഞ്ഞയാഴ്ചയാണ് മേരി അർപ്പുതം സാർ ഒപ്പുവെച്ചത്. എന്തുകൊണ്ടാ? എന്റെ മരുമോനായിട്ട്. അതുവല്ലോം അവന് ഓർമയുണ്ടോ?'

'പപ്പതന്നെയൊന്നു സംസാരിക്ക്.'

'അതുവേണ്ട. ഞങ്ങളു തമ്മിൽ സംസാരിച്ചാൽ അതു വഴക്കിലേ തീരൂ. ഞാൻ പറഞ്ഞ് വിവരമെല്ലാം അറിഞ്ഞെന്ന് നീ അവനോടു പറയ്. രാവിലെ പത്തുമണിക്ക് ഡി.എസ്.പി. അദ്യത്തെ ചെന്നുകാണാൻ പറഞ്ഞെന്ന വിവരവും അറിയിക്കുക.'

തൊട്ടിലിൽകിടന്ന കുഞ്ഞിന് ഉമ്മ കൊടുത്ത് ജെയിംസ് പോയി.

വൈകുന്നേരം സത്യനേശൻ വരാറായപ്പോൾ ജെസ്സി മക്കളെ അയൽപക്കത്തെ വീട്ടിലേക്കു പറഞ്ഞയച്ചു. അപ്പനുമമ്മയും വഴക്കിടുന്നത് കുട്ടികൾ കാണുന്നതു ശരിയല്ലല്ലോ. സത്യനേശനന്റെ വരവുകാത്ത് അവൾ മുൻവശത്തെ തിണ്ണയിലിരുന്നു. ദൂരെനിന്നു സൈക്കിളിന്റെ മണിയൊച്ചകേട്ടു.

'നീയെന്നതാ അന്തി നേരത്ത് തിണ്ണയിൽ വന്നിരിക്കുന്നേ... ഇഴജന്തുക്കളിറങ്ങുന്ന നേരമല്ലേ?'

സൈക്കിൾ സ്റ്റാൻഡിൽവെച്ച് കയറിവന്ന സത്യനേശൻ ചോദിച്ചു.

'എന്തരായാലും മനുഷ്യന്റത്രേം വിഷം കാണില്ല.'

ജെസ്സിയുടെ വാക്കുകളുടെ മൂർച്ചയറിഞ്ഞ് സത്യനേശൻ ഒരുനിമിഷം നിന്നു. പിന്നെ അവളെ ഉറ്റുനോക്കി സാവധാനം ചോദിച്ചു:

'നിന്റെ പപ്പ വന്നിരുന്നു, അല്ലേ...'

'ഓ... മനസ്സിലായി അല്ലേ? ഒന്നും ഞാനറിയില്ലെന്നു വിചാരിച്ചോ?'

ജെസ്സി മുടി മാടിക്കെട്ടി എഴുന്നേറ്റു.

'അങ്ങനെ വിചാരിച്ചില്ല. സാവധാനം എല്ലാം പറയാമെന്നു വിചാരിച്ചു.'

'ഇല്ല. ഇപ്പോ എന്നോടും ഒളിക്കാൻ തുടങ്ങി. എനിക്കറിയാം.'

സത്യനേശൻ അരികിൽ ചെന്നപ്പോൾ തള്ളിമാറ്റി ജെസ്സി തേങ്ങി.

'അങ്ങനല്ല തങ്കമ്മേ. ജോലി രാജിവച്ചെന്നു കേട്ട് നീ വിഷമിക്കേണ്ടെന്നു വിചാരിച്ചു.'

'എന്നാലും മറ്റുള്ളവർ പറഞ്ഞിട്ടുവേണ്ടിവന്നല്ലോ ഞാൻ അറിയാൻ...'

'മറ്റുള്ളവരല്ലല്ലോ. നിന്റപ്പനല്ലേ? രാജിക്കത്തു കൊടുത്ത നിമിഷംതന്നെ പപ്പ വിവരമറിഞ്ഞിട്ടുണ്ടാകുമെന്ന് എനിക്കൂഹിക്കാമല്ലോ. ഞങ്ങടെ സൂപ്രണ്ട് മേരി അർപ്പുതവും നിന്റപ്പനും ചങ്ങാതിമാരാണെന്ന് എനിക്കറിയില്ലേ.'

ജെസ്സി ഒന്നുതണുത്തു.

'അഭിനയിച്ചോണ്ടിരുന്ന സിനിമയും മുടങ്ങിയോ? അതും എന്നോടു പറഞ്ഞില്ലല്ലോ.'

'നല്ല കാര്യങ്ങളല്ലേ മറ്റുള്ളവരോടു പങ്കുവയ്ക്കേണ്ടത്? സങ്കടമുണ്ടാക്കുന്നതൊക്കെ എന്തിനാ... പ്രത്യേകിച്ച് ഈ സമയത്ത്...'

സത്യനേശൻ, ജെസ്സിയുടെ വയറിലേക്കു വിരൽചൂണ്ടി.

'മറ്റുള്ളവരെപ്പോലായാണോ ഞാൻ? അല്ലെങ്കിലും ഏതെങ്കിലും തീരുമാനത്തിന് എപ്പോഴെങ്കിലും ഞാൻ എതിരു പറഞ്ഞിട്ടുണ്ടോ? പിന്നെന്തരിനാണ് എന്നോട് ഒളിച്ചത്.'

ജെസ്സി, സത്യനേശനു കുറുകേ കയറിനിന്നു.

'എന്നോടു ക്ഷമിക്ക് തങ്കമ്മേ. നിന്നെ വിഷമിപ്പിക്കേണ്ടെന്നേ ഞാൻ കരുതിയുള്ളൂ.'

ചുമലിൽ വളച്ചിട്ട സത്യനേശന്റെ കൈകളിൽ മുറുകെപ്പിടിച്ച് ജെസ്സി കണ്ണീർ തുടച്ചു.

'ഇനിയെന്തരാണ് പരിപാടി? അതെങ്കിലും പറ...'

'സിനിമതന്നെ. ബാലനും കൂട്ടരും നിർബന്ധിക്കുന്നു. പക്ഷേ, എനിക്ക് ആരുടെയും കാലുപിടിക്കാനൊന്നും വയ്യ.'

'ആരുടെയും കാലുപിടിക്കേണ്ട. ഇങ്ങോട്ട് ആളുവന്നു വിളിച്ചോളും. ഞാനാ പറേന്നത്. നോക്കിക്കോ.'

'നിന്റെ നാക്ക് പൊന്നായിരിക്കട്ടെ.' സത്യനേശൻ അവളെ ചേർത്തുപിടിച്ചു.

'വല്യ സ്നേഹപ്രകടനമൊന്നും വേണ്ട,' ജെസ്സി കുറുമ്പോടെ സത്യനേശനെ തള്ളിമാറ്റി, 'നാളെ രാവിലെ പത്തുമണിക്കു ചെന്നു കാണാൻ പറഞ്ഞിട്ടുണ്ട്...'

'ആര്? നിന്റപ്പനോ?'

'പപ്പയല്ല. ഡി.എസ്.പി.'

'ഉപദേശിക്കാനാ. എനിക്കറിയാം.'

'ചാടിക്കടിക്കാതെ അങ്ങേരോട് അനുനയത്തിൽ സംസാരിക്കണം. വെറുതെ മനുഷ്യരെ പിണക്കരുത്.' ജെസ്സി ഉപദേശിച്ചു.

'ശ്രമിക്കാം.'

'എനിക്കറിയാം ഈ മനസ്സ്. എന്റെ കാര്യമോർത്തു വിഷമിക്കേണ്ട. എല്ലാത്തിനും ഞാൻ കൂടെയുണ്ട്. മോന്റെ പപ്പ വല്യ നടനായി കാറിൽ വന്നിറങ്ങുന്നത് ഇന്നാളിലും ഞാൻ സ്വപ്നം കണ്ടു.'

സത്യനേശന്റെ മനസ്സു നിറഞ്ഞു.

'ആളുകൾ പലതും പറയും. പിന്തിരിപ്പിക്കാൻ നോക്കും. കേൾക്കണ്ട. നല്ലകാലം വരുമ്പോൾ ഇവർ പഴയതെല്ലാം മറന്നോളും.'

'തങ്കമ്മേ...' സത്യനേശൻ ജെസ്സിയെ വാരിപ്പുണർന്നു.

'യൂണിഫോം അലക്കിത്തേച്ചു പെട്ടിയിൽ വെച്ചിട്ടുണ്ട്. ഷൂവും എനിക്കു പറ്റുന്നതുപോലെ മിനുക്കിയിട്ടുണ്ട്. രാവിലെ അന്തസ്സായി ചെന്ന് ഡി.എസ്.പി സാറിനെ കാണ്. പോലീസ് ജോലി പുല്ലാണെന്നു മുഖത്തുനോക്കിപ്പറ.'

സത്യനേശൻ അഭിമാനത്തോടെ ജെസ്സിയെ നോക്കി.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സത്യം എന്ന നോവലിൽ നിന്ന്)