'ഹൃദയവ്യഥ അത്യഗാധമായിരുന്നു; ഞാന്‍ സദാ കര്‍മനിരതനായി, ആ ദുഃഖങ്ങളെ മറികടക്കാന്‍ യത്നിക്കുന്നു'

പ്രപഞ്ചത്തെക്കാളും നിഗൂഢമായ, കുഞ്ഞുങ്ങളുടെ മനസ്സു കണ്ടെത്താന്‍ രബീന്ദ്രനാഥ ടാഗോര്‍ നടത്തിയ വിചാരങ്ങളുടെ കാവ്യരൂപമാണ് 'അമ്പിളിക്കല'. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് റോസ്‌മേരി എഴുതിയ മുഖവുര വായിക്കാം.
വിസ്തൃതമായ ഒരു പ്രഭുഭവനം. അതിന്റെ മുകള്‍നിലയിലെ ബാല്‍ക്കണി. ആ മരയഴികള്‍ക്കിടയിലൂടെ മിഴിപായിക്കുകയാണ് ഒരു ബാലകന്‍. കഷ്ടിച്ച് അഞ്ചോ ആറോ വയസ്സുണ്ടാകും പ്രായം. അവിടെനിന്നു നോക്കുമ്പോള്‍ ചുറ്റിനും നിരനിരയായ് ചിതറിക്കിടക്കുന്ന വീടുകളുടെ മേല്‍ക്കൂരകള്‍. ആ അപരിചിതഗേഹങ്ങളില്‍ ആരാവും വസിക്കുന്നത്? എന്തൊക്കെ ജീവിതനാടകങ്ങളാവും ദിനവും അവയ്ക്കുള്ളില്‍ അരങ്ങേറുന്നത്? അടഞ്ഞുകിടക്കുന്ന കൊട്ടാരവാതിലിനു മുന്നില്‍ ഔത്സുക്യത്തോടെ കാത്തുനില്‍ക്കുന്ന യാചകന്റെ ജിജ്ഞാസയായിരുന്നത്രേ അവന്റെയുള്ളില്‍...
ആ നിഗൂഢവസതികള്‍ക്കുള്ളില്‍നിന്നും തടവിലാക്കപ്പെട്ട ഏതെങ്കിലും രാജകുമാരിയുടെ രോദനം മുഴങ്ങുന്നുവോ? എവിടെയാണാവോ തെപ്പന്തര്‍ മരുഭൂമി! തൊട്ടപ്പുറത്തെ ഉപവനത്തില്‍നിന്നും വനദേവതമാരുടെ കാല്‍ച്ചിലമ്പൊലികളല്ലേ മുഴങ്ങുന്നത്? രാത്രിയാകുമ്പോള്‍ ചെമ്പകമരത്തിന്റെ നിഴലുകള്‍ രാക്ഷസാകാരംപൂണ്ട് അവന്റെ നേര്‍ക്കു കൈകള്‍ നീട്ടുന്നു. തളത്തിലേക്കിറങ്ങുന്ന കോണിച്ചുവട്ടില്‍ തന്നെ പിടികൂടാനായി രാവുതോറും ഭയങ്കരനായ ഒരു ഭൂതം വന്നു പതുങ്ങിനില്‍പ്പുണ്ടെന്ന് അവനുറപ്പാണ്.
ചുറ്റുപാടുമുള്ള നിഗൂഢതകള്‍ കുട്ടിയെ ഒരേസമയം വശീകരിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. സത്യവും സങ്കല്പവും തമ്മില്‍ കൂടിക്കുഴഞ്ഞ ഒരു മായികലോകത്തായിരുന്നു അവന്റെ മനോവ്യാപാരങ്ങള്‍. ആകാംക്ഷപൂണ്ട മിഴികളുമായ് മണിക്കൂറുകളോളം മരയഴികള്‍ക്കപ്പുറം നിന്ന് പുറംലോകത്തെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ആ ചെറുപയ്യന്‍ ആരെന്നോ? 'രബി' എന്ന രബീന്ദ്രനാഥ് ടാഗോര്‍! സാക്ഷാല്‍ വിശ്വമഹാകവി! പടര്‍ന്നുപന്തലിച്ച ആ വിസ്തൃതമന്ദിരമാവട്ടെ 'ജൊരാസന്‍കോ' എന്നു പേരുള്ള കല്‍ക്കത്തയിലെ വിഖ്യാതമായ ടാഗോര്‍ഭവനവും. ഇന്ത്യന്‍ നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രഭവകേന്ദ്രം.
മുത്തച്ഛന്‍ ദ്വാരക്നാഥ് ടാഗോറും അച്ഛന്‍ മഹര്‍ഷി ദേബേന്ദ്രനാഥ് ടാഗോറും പുരോഗമനാശയങ്ങളുടെ നേതൃത്വം വഹിച്ചവര്‍. യാഥാസ്ഥിതികമായ സകല അനാചാരങ്ങളെയും അവര്‍ ചോദ്യംചെയ്തു, വെല്ലുവിളിച്ചു. സ്വതന്ത്രചിന്തകരുടെയും ബുദ്ധിജീവികളുടെയും കലാകാരരുടെയും സങ്കേതമായിരുന്നു ടാഗോര്‍ഭവനം. സദാ സംഗീതം, നാടകം ബൗദ്ധികചര്‍ച്ചകള്‍, സംവാദങ്ങള്‍ ഇവകളാല്‍ മുഖരിതമായ അന്തരീക്ഷം. ടാഗോര്‍ കുടുംബാംഗങ്ങളെല്ലാവരുംതന്നെ പ്രബുദ്ധരും തികഞ്ഞ കലാകാരരും സഹൃദയരും ഔന്നത്യമാര്‍ന്ന ആശയങ്ങളുടെ വക്താക്കളുമായിരുന്നു.
പക്ഷേ, പൈതലായ രബി, മിക്കപ്പോഴും ഒറ്റപ്പെട്ടുപോയി. ദൂരെയുള്ള സെമിന്ദാരികള്‍ നോക്കിനടത്തുവാന്‍ അച്ഛന്‍ നിരന്തരയാത്രയില്‍. അതുകൊണ്ട് അദ്ദേഹത്തെ കാണുക അപൂര്‍വം. 'എന്റെ ബാല്യത്തിന്റെ സവിശേഷത, അങ്ങേയറ്റത്തെ ഏകാന്തതയായിരുന്നു' എന്ന് പില്‍ക്കാലത്ത് കവി ഓര്‍ത്തെടുക്കുന്നുണ്ട്.
സ്‌കൂളും അവിടത്തെ ചിട്ടവട്ടങ്ങളും രബിക്ക് തീരെയും ഹിതകരമായില്ല. രാവിലെ പത്തുമണി മുതല്‍ വൈകിട്ട് നാലുമണിവരെയുള്ള ആ വേളയെ 'ആന്‍ഡമാനിലേക്കുള്ള നാടുകടത്തല്‍' എന്നദ്ദേഹം വിശേഷിപ്പിക്കുന്നു. അത്രമേല്‍ വിരസമായ വിനാഴികകള്‍... അമ്മ ശാരദാദേവിയായിരുന്നു ആ കുഞ്ഞിന്റെ എല്ലാമെല്ലാം. അമ്മ പാടുന്ന പാട്ടുകള്‍ ഏറ്റുചൊല്ലിയും യക്ഷിക്കഥകള്‍ക്കു കാതോര്‍ത്തും ആ മടിത്തട്ടില്‍ തലചായ്ച്ചുകിടന്നും അമ്മയുടെ വാത്സല്യവര്‍ഷം അവന്‍ ആവോളം നുകര്‍ന്നു.
ട്യൂട്ടര്‍മാരുടെ ശിക്ഷണത്തില്‍ നന്നേ ചെറുപ്പത്തില്‍ത്തന്നെ രബി വായിക്കാനും എഴുതാനും പരിശീലനം നേടിയിരുന്നു. അമ്മയും സഖിമാരും അകത്തെ തളത്തില്‍ വിരിച്ചിട്ട പുല്‍പ്പായമേലിരുന്ന് സല്ലപിക്കുമ്പോള്‍ അവരെ ചുറ്റിപ്പറ്റി സദാ അവനുമുണ്ടാകും. സംസ്‌കൃതത്തിലുള്ള വാല്മീകിരാമായണം നല്ല അക്ഷരസ്ഫുടതയോടെ രബി അവര്‍ക്കു വായിച്ചുകൊടുക്കും. ഇമ്പമാര്‍ന്ന സ്വരത്തില്‍ പാട്ടുകള്‍ പാടിക്കേള്‍പ്പിക്കും.
താന്‍ പുതുതായി അഭ്യസിച്ച സിദ്ധികള്‍ ഓരോന്നായി ആ സദസ്സിനു മുന്നില്‍ അവതരിപ്പിച്ചു മേനിനടിക്കാനും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാനും കുട്ടിക്ക് എന്തുത്സാഹമായിരുന്നെന്നോ! പക്ഷേ, ആ ആഹ്ലാദങ്ങള്‍ അധികനാള്‍ നീണ്ടുനിന്നില്ല. രബി ബാല്യം പിന്നിടുംമുമ്പുതന്നെ ശാരദാദേവി മരണമടഞ്ഞു. അന്ന് മരണം എന്തെന്ന് ഉള്‍ക്കൊള്ളാനുള്ള പാകതയൊന്നും കുട്ടിക്കുണ്ടായിരുന്നില്ല.
പക്ഷേ, ശവമഞ്ചത്തെ അനുധാവനം ചെയ്ത് വീട്ടില്‍നിന്നിറങ്ങവേ അമ്മ ഈ കവാടം തുറന്ന് ഒരിക്കലുമിനി മടങ്ങിവരില്ലെന്നും സ്ഥിരമായി കാണുമ്പോലെ തളത്തിലിരുന്ന് ഒരുനാളും വീടു ഭരിക്കില്ലെന്നും ഓര്‍ത്തപ്പോള്‍ അവന്റെ ഹൃദയം നുറുങ്ങി. ശ്മശാനത്തില്‍നിന്നും മടങ്ങിവരുമ്പോള്‍ മൂന്നാംനിലയുടെ വരാന്തയില്‍ നിശ്ശബ്ദനായി ദേബേന്ദ്രനാഥ് ടാഗോര്‍! കദനം ശിലാരൂപം പൂണ്ടപോല്‍ ചാരുകസേരമേല്‍ അനക്കമറ്റ്, അകലെയെങ്ങോ മിഴിനട്ടിരിക്കുന്ന അച്ഛന്റെ രൂപം... ഉള്ളുലയ്ക്കുന്നതായിരുന്നു ആ ദൃശ്യം.
രബിയെ സംബന്ധിച്ചിടത്തോളം വലിയൊരു ആഘാതമായിരുന്നു ആ വേര്‍പാട്. മരണത്തിന് ഏതാനും നാള്‍ മുമ്പെഴുതിയ ആത്മകഥയിലാണ് (My Boyhood Days) കവി, അമ്മയെക്കുറിച്ചുള്ള കൂടുതല്‍ പരാമര്‍ശങ്ങള്‍ രേഖപ്പെടുത്തുന്നത്.
'അമ്മയുടെ വാത്സല്യം, കാറ്റുപോലെയോ സൂര്യവെളിച്ചംപോലെയോ അനിവാര്യമാണ്, ഒരു കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക്. അന്നൊക്കെ ശരണമില്ലാത്ത ഒരു ഭ്രാന്തനെപ്പോലെ ഞാനലഞ്ഞുനടന്നു. ആ നാളുകളിലാണ് വസന്താരംഭത്തിലെ പാതിവിടര്‍ന്ന മുല്ലപ്പൂക്കള്‍ ഒരു മസ്ലിന്‍ശീലയില്‍ പൊതിഞ്ഞ് കീശയില്‍ സൂക്ഷിച്ചുതുടങ്ങിയത്. ആ മസൃണമായ പൂമൊട്ടുകളുടെ സ്പര്‍ശം അമ്മയുടെ തലോടലിന്റെ മധുരാനുഭൂതികള്‍ ഉണര്‍ത്തുന്നു...' ടാഗോര്‍ ഓര്‍മിക്കുന്നു.
ഓര്‍ത്തെടുക്കുമ്പോള്‍ അവന്റെ മനസ്സില്‍ അമ്മയുടെ മുഖം പലപ്പോഴും അവ്യക്തമായിരുന്നു. പക്ഷേ, കാറ്റില്‍ ഒഴുകിപ്പരക്കുന്ന പൂമണം, അമ്പലത്തില്‍നിന്നുയരുന്ന മണിയൊച്ചകള്‍, ഇരുട്ടിലൂടെ ഒഴുകിയെത്തുന്ന ഏതോ താരാട്ടിന്റെ ഈണം... ഇതൊക്കെ അമ്മയുടെ സാമീപ്യത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.
എഴുത്തുകാരനും മനശ്ശാസ്ത്രവിചക്ഷണനുമായ സുധീര്‍ കാക്കര്‍ ടാഗോറിന്റെ വ്യക്തിജീവിതവും സര്‍ഗാത്മകതയും ചേര്‍ത്തുവെച്ചുകൊണ്ട് വിശദമായ ഒരു പഠനംതന്നെ നടത്തിയിട്ടുണ്ട്: Young Tagore, The Making of a Genius. ഒരു വ്യക്തിയുടെ ആന്തരികജീവിതം രൂപപ്പെടുത്തുന്നതില്‍ ശൈശവത്തില്‍ കുഞ്ഞിനോട് ഏറ്റവും അടുത്തിടപഴകുന്ന ആളിനാണ് ഏറ്റവും പ്രധാന റോള്‍. പല ഗവേഷകരെയുംപോലെ സുധീറും ഈ നിഗമനത്തെ സാധൂകരിക്കുന്നു. ഇവിടെ അമ്മയില്‍നിന്നും കുഞ്ഞിലേക്ക് നിര്‍ലോപം ഒഴുകിയെത്തിയ വാത്സല്യധാരയാണ് കവിയുടെ പ്രജ്ഞയില്‍ ഏറ്റം ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന കൈയൊപ്പ്. ടാഗോറിന്റെ കവിതകള്‍, കഥകള്‍, നാടകങ്ങള്‍, ഇവയെല്ലാംതന്നെ ആത്മകഥനത്തിന്റെ തുടര്‍ച്ചകള്‍തന്നെയാണ്.
'എന്റെ ജീവിതത്തിലെ അഗാധസത്യങ്ങളുടെ അഭയസ്ഥാനം കവിതയാണ്. എന്റെ കവിതകളില്‍ ഞാനസത്യമായ് ഒരു വാക്കുപോലും കുറിച്ചിട്ടില്ല,' കവി എഴുതുന്നു. അമ്പിളിക്കലയിലെ ഒട്ടുമിക്ക കവിതകളുടെയും പ്രതിപാദ്യവിഷയം അമ്മയും കുഞ്ഞും തമ്മിലുള്ള ഗാഢമൈത്രിതന്നെയാണ്.
ശാരദാദേവിയുടെ വിയോഗത്തെത്തുടര്‍ന്ന് ഭൃത്യരുടെ മേല്‍നോട്ടത്തിലായി രബിയുടെ പരിപാലനം. താന്‍ അങ്ങേയറ്റം തിരസ്‌കൃതനും ഒറ്റപ്പെട്ടവനുമായിത്തീര്‍ന്നുവല്ലോ എന്ന് കുട്ടി നെടുവീര്‍പ്പിടുന്നു.
ആ വിരസതയ്ക്കിടയിലേക്കാണ് ഏതോ മായികലോകത്തുനിന്നും സര്‍വ്വാഭരണവിഭൂഷിതയായ ഒരു വധു പ്രത്യക്ഷപ്പെടുന്നത്! ജ്യേഷ്ഠന്‍, ജ്യോതീന്ദ്രനാഥിന്റെ ഭാര്യ കാദംബരീദേവി. രബിയും കാദംബരിയും ഏതാണ്ടു സമപ്രായക്കാരായിരുന്നു.
സംഗീതത്തിലും സാഹിത്യത്തിലും അവഗാഹമുണ്ടായിരുന്ന കാദംബരി ഒന്നാന്തരം ഒരാസ്വാദകകൂടിയായിരുന്നു. അന്നേ കവിതകള്‍ എഴുതി പ്രസിദ്ധപ്പെടുത്തിയിരുന്നു രബി. മികച്ചതെന്നു തോന്നിയാല്‍ അഭിനന്ദിക്കാനും അല്ലാത്തപ്പോള്‍ ആ രചനകളെ നിശിതമായി വിമര്‍ശിക്കാനും കാദംബരി ഉത്സുകയായിരുന്നു. വളര്‍ന്നുവരുന്ന അനാഗതശ്മശ്രുവായ ഒരു കവിയെ സംബന്ധിച്ചിടത്തോളം അത്തരം വിലയിരുത്തലുകള്‍ ഏറെ പ്രസക്തമായിരുന്നുതാനും. രബിയുടെ ജീവിതത്തില്‍ നവോന്മേഷത്തിന്റെ ഇളംകാറ്റു വീശിയെത്തിയ പ്രതീതി.
അമ്മയില്ലാത്ത ദുഃഖം കുറേയൊക്കെ പരിഹരിക്കപ്പെട്ടു. ഒരേസമയം ഏട്ടത്തിയും സംരക്ഷകയും കളിക്കൂട്ടുകാരിയുമായിരുന്നു രബിക്ക് കാദംബരി. പക്ഷേ, ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അജ്ഞാതമായ ഏതോ കാരണത്താല്‍ കാദംബരീദേവി ആത്മഹത്യ ചെയ്തു. രബിയുടെ ജീവിതത്തിലെ അടുത്ത ആഘാതം... സ്വപ്നജീവിയും സദാ വിശ്വമാനവികതയുടെ വക്താവുമായിരുന്ന ആ ക്രാന്തദര്‍ശിയെ കാത്തിരുന്ന തീവ്രദുഃഖാനുഭവങ്ങളുടെ തുടക്കം മാത്രമായിരുന്നു ഇവയെന്ന് അന്നാരറിഞ്ഞു?
മൃണാളിനീദേവിയായിരുന്നു ടാഗോറിന്റെ സഹധര്‍മ്മിണി. അവര്‍ക്ക് അഞ്ചു മക്കള്‍: മൂന്നു പെണ്‍മക്കളും രണ്ട് ആണ്‍മക്കളും. തികച്ചും ആനന്ദകരമായിരുന്നു അവരുടെ ദാമ്പത്യം. അകലെയുള്ള സെമിന്ദാരികളുടെ ഭരണം നടത്താന്‍ അദ്ദേഹത്തിന് ദൂരെ ഷെലീദയിലേക്ക് ഇടയ്ക്കിടെ പോകേണ്ടിവന്നു. കുടുംബവകനിലങ്ങള്‍ നോക്കിനടത്താന്‍ ഗംഗാതീരത്തുള്ള വിദൂരഗ്രാമങ്ങളിലും പോയി താമസിക്കേണ്ടിവന്നിട്ടുണ്ട്. പലപ്പോഴും പത്മാനദിയിലെ നൗകാഗൃഹങ്ങളില്‍ ഒറ്റയ്ക്കും കഴിഞ്ഞിട്ടുണ്ട്. ഭാര്യയെയും കുട്ടികളെയും പിരിഞ്ഞുള്ള ഇത്തരം യാത്രകള്‍ കവിയെ വിഷണ്ണനാക്കി.
സാഹിത്യസംബന്ധിയായ നീണ്ട വിദേശയാത്രകള്‍ പലപ്പോഴും ഒഴിച്ചു കൂടാനാവാത്തവയായിരുന്നു. അത്തരം ഏകാന്തവേളകളില്‍ കപ്പലില്‍ ഇരുന്നുകൊണ്ട് ഭാര്യയ്ക്ക് ദിനവുമദ്ദേഹം സുദീര്‍ഘമായ കത്തുകളെഴുതി. എന്നിട്ട് ഒരു കാമുകന്റെ ഔത്സുക്യത്തോടെ മറുപടിക്കായി അക്ഷമയോടെ കാത്തിരുന്നു.
ആ സന്തോഷവും അധികകാലം നീണ്ടുനിന്നില്ല. ഇരുപത്തിയൊമ്പതാം വയസ്സില്‍ പെട്ടെന്നുണ്ടായ ഒരസുഖത്തെത്തുടര്‍ന്ന് മൃണാളിനി മരണമടഞ്ഞു. പതിനൊന്നാം വയസ്സില്‍ ക്ഷയരോഗബാധയെത്തുടര്‍ന്ന് പിറ്റേവര്‍ഷം മകള്‍ രേണുകയും കടന്നുപോയി. ഏതാണ്ടു നാലു വര്‍ഷം കഴിഞ്ഞ് ഏറ്റവും ഇളയവനായ സാമീന്ദ്രനാഥ് എന്ന സാമിയും മരിച്ചു. പതിനൊന്നുകാരനായ ആ അരുമപുത്രന്‍ അവധി ആഘോഷിക്കാന്‍ അമ്മവീട്ടില്‍ പോയപ്പോള്‍ കോളറ പിടിപെട്ട്, പെട്ടെന്നു മരിക്കുകയായിരുന്നു. ടാഗോറിനെ സംബന്ധിച്ചിടത്തോളം അതീവ വേദനാജനകമായ വേര്‍പാടുകള്‍...
'സാമി മരിക്കുമ്പോള്‍ ഞാനൊരു തീവണ്ടിയാത്രയിലായിരുന്നു. ആകാശത്ത് ആര്‍ഭാടത്തോടെ തെളിഞ്ഞുനില്‍ക്കുന്ന ചന്ദ്രന്‍. എന്റെ മഹാസങ്കടം അതിന്റെ പ്രകാശത്തിന് ഒരു മങ്ങലും ഏല്‍പ്പിച്ചിട്ടില്ല. മരങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍, ജനജീവിതം എല്ലാം പഴയപടി തുടരുന്നു. ഞാനും ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്. സംഭവിച്ചതിനെയൊക്കെയും സ്വീകരിച്ചുകൊണ്ട് എനിക്കെന്റെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടിയിരിക്കുന്നു,' ആ ദിവസത്തെക്കുറിച്ച് ടാഗോര്‍ പറയുന്നു.
അടുത്ത ഊഴം മാധുരീലത എന്ന ബേലയുടേതായിരുന്നു. മുപ്പത്തിയൊന്നാം വയസ്സിലാണ് അച്ഛന്റെ ആ വത്സലമകള്‍ ഇവിടം വിട്ടുപോയത്. അവശേഷിച്ചത് മൂത്തമകന്‍ രഥീന്ദ്രനാഥും ഇളയമകള്‍ മീരയും മാത്രം. മീരയുടെ മകന്‍ നിഥീന്ദ്രനാഥ് എന്ന നിട്ടു... സമര്‍ത്ഥനും സ്നേഹവാനുമായ ആ ചുണക്കുട്ടി മുത്തച്ഛന്റെ കണ്ണിലുണ്ണിയായിരുന്നു. തികച്ചും ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പെട്ടെന്നുണ്ടായ ഒരസുഖത്തെത്തുടര്‍ന്ന് ഇരുപത്തിയൊന്നാം വയസ്സില്‍ നിട്ടുവും വേര്‍പിരിഞ്ഞു.
ഓര്‍ക്കാപ്പുറത്തുണ്ടായ ഈ വിയോഗം കവിയെ മാനസികമായി തകര്‍ത്തു. ആ ഹൃദയവ്യഥ അത്യഗാധമായിരുന്നു. പിന്നീട്, മനസ്സിന്റെ സമനില വീണ്ടെടുത്ത നാളുകളില്‍ കവി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
'എന്റെ ദുഃഖം ഒറ്റപ്പെട്ടതല്ല. അത്, ഈ ലോകത്തിലെ സകല മനുഷ്യരുടെയും സഹനങ്ങളോടും വിലാപങ്ങളോടും ചേര്‍ക്കപ്പെട്ടിരിക്കുന്നു. സങ്കടത്തില്‍ മുഴുകിക്കഴിയുക സ്വാര്‍ഥതയാണ്. ഞാന്‍ സദാ കര്‍മനിരതനായി, ആ ദുഃഖങ്ങളെ മറികടക്കാന്‍ യത്നിക്കുന്നു.'
"മൂടുക ഹൃദന്തമേ, മുഗ്ദ്ധഭാവനകൊണ്ടീ
മൂകവേദനകളെ, മുഴുവന്‍ മുത്താകട്ടെ!"
എന്ന് ജി. പാടിയതുപോലെ ഹൃദയമാകുന്ന ചിപ്പിയില്‍ വന്നുപതിച്ച കണ്ണീര്‍ക്കണങ്ങളെ അനശ്വരസൃഷ്ടികളാക്കി മാറ്റിയ ഋഷിവര്യന്‍, കവി, മിസ്റ്റിക്, ചിന്തകന്‍, സര്‍വ്വോപരി മഹാനായ മനുഷ്യസ്നേഹി.
ആ പാദാരവിന്ദങ്ങളില്‍ പ്രണമിച്ചുകൊണ്ട്...
Content Highlights: Book excerpt from 'Ambilikkala'