വെളുത്ത മുറിയിലെ കടുത്ത പീഡനം; ഒരു നിറം കാണാന്‍ ശരീരം കടിച്ചുപൊട്ടിച്ച് ചോര വരുത്തിയവര്‍!

ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ നര്‍ഗീസ് മൊഹമ്മദിയുടെ ജീവിതം പകര്‍ത്തുകയാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി.എസ് രാകേഷ്. ഇറാന്‍ ഭരണകൂടത്തിന്റെ മനുഷ്യത്വധ്വംസനപ്രവൃത്തികളെയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമേലുള്ള അധികാരപ്രയോഗത്തെയും ചോദ്യംചെയ്ത നര്‍ഗീസ്, ദീര്‍ഘകാലം ക്രൂരമായ തടവുശിക്ഷയ്ക്ക് വിധേയയായി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നര്‍ഗീസ് മുഹമ്മദി: തടവറയ്ക്കുള്ളിലെ സ്വാതന്ത്ര്യപോരാളി എന്ന അധ്യായത്തില്‍ നിന്ന്...
''വീട്ടില്‍ നിന്നിറങ്ങുന്നതിന് മുമ്പുളള അവസാന മണിക്കൂറുകളിലാണ് ഞാനീ മുഖവുരയെഴുതുന്നത്. ഉടന്‍ എന്നെ ജയിലിലേയ്ക്ക് കൊണ്ടുപോകും. ഇത്തവണ എന്നെ കുറ്റക്കാരിയാക്കുന്നത് നിങ്ങളുടെ കൈകളിലുള്ള ഈ പുസ്തകമാണ്- വൈറ്റ് ടോര്‍ച്ചര്‍''നര്‍ഗീസ് മുഹമ്മദി രചിച്ച 'വൈറ്റ് ടോര്‍ച്ചര്‍: ഇന്റര്‍വ്യൂസ് വിത്ത് ഇറാനിയന്‍ വിമണ്‍ പ്രിസണേഴ്സ്' എന്ന പുസ്തകത്തിലെ ആദ്യവരികളാണിത്. ജയില്‍വാസത്തിനിടെ 2022 മാര്‍ച്ചില്‍ നര്‍ഗീസിന് ഹൃദയാഘാതം സംഭവിച്ചു. ഇതേതുടര്‍ന്ന് ഹൃദയശസ്ത്രക്രിയയ്ക്കായി അവരെ താല്‍ക്കാലികമായി ജയില്‍ മോചിതയാക്കി.
ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം അല്പകാലം അവരെ വീട്ടില്‍ തുടരാന്‍ അനുവദിച്ചു. ജയിലില്‍ നിന്ന് കിട്ടിയ താത്കാലിക അവധി വിശ്രമത്തിനായോ ബന്ധുസമാഗമത്തിനോ ഒന്നുമല്ല അവര്‍ വിനിയോഗിച്ചത്. ജയിലില്‍ തന്റെ കൂടെ കഴിയുന്ന സഹതടവുകാരെക്കുറിച്ച് ഒരു പുസ്തകമെഴുതാനാണ്. അതിന് വേണ്ട വിവരങ്ങള്‍ ജയിലില്‍ വച്ചേ അവര്‍ ശേഖരിച്ചിരുന്നു. ശേഖരിച്ച വിവരങ്ങള്‍ കുറിപ്പുകളാക്കി പല സമയങ്ങളിലായി പുറത്ത് എത്തിക്കുകയും ചെയ്തു. പുറത്തിറങ്ങിയ അന്നുമുതല്‍ അത് പുസ്തകമാക്കാനാണുളള പണികള്‍ തുടങ്ങുകയും ചെയ്തു. എഴുതുന്ന ഭാഗങ്ങള്‍ അപ്പപ്പോള്‍ സുഹൃത്തുക്കളുടെ കൈവശം ഏല്‍പ്പിച്ചു. അതീവരഹസ്യമായി നടത്തിയിരുന്ന ഈ സാഹസികരചനയുടെ കാര്യം എങ്ങനെയോ ഇറാനിയന്‍ ഭരണകൂടം അറിഞ്ഞു ഉടന്‍ അവരെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തു. ജയില്‍ രഹസ്യങ്ങള്‍ ചോര്‍ത്തി തടവുകാരെക്കുറിച്ച് പുസ്തകമെഴുതാന്‍ ശ്രമിച്ച കുറ്റത്തിന് 11 വര്‍ഷം തടവുശിക്ഷ കൂടി അവര്‍ക്ക് വിധിക്കുകയും ചെയ്തു. ശിക്ഷയുടെ ഒരുഭാഗം ഏകാന്ത തടവായിരിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്്. പുസ്തകത്തിന്റെ ബാക്കി ഭാഗങ്ങളും മുഖവുരയും എഴുതിത്തീര്‍ത്തതിന് ശേഷമാണ് അവര്‍ ജയിലിലേക്ക് മടങ്ങിയത്.
ജയില്‍ പുള്ളികള്‍ക്ക് നേരെ പ്രയോഗിക്കുന്ന കിരാതമായ പീഡനമുറയാണ് വൈറ്റ് ടോര്‍ച്ചര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. തടവുപുള്ളിയെ വെളുത്ത നിറമുള്ള മുറിയില്‍ ഏകാന്തവാസത്തിന് നിയോഗിക്കും. അവിടെയുള്ള വസ്തുക്കളെല്ലാം വെളുത്ത നിറത്തിലുള്ളതായിരിക്കും. ചോറ് പോലുള്ള വെളുത്ത നിറത്തിലുളള ഭക്ഷണസാധനങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂ. 24 മണിക്കൂറും വെള്ള ലൈറ്റ് കത്തിക്കൊണ്ടിരിക്കും. പരിപൂര്‍ണ നിശബ്ദമായ മുറിയില്‍ ശൗചാലയമോ മറ്റ് സൗകര്യങ്ങളോ ഒന്നുമുണ്ടാവില്ല. വെളുത്ത നിറത്തിലുളള ഒരു കടലാസ് ജയിലഴികളിലൂടെ പുറത്തേക്കിട്ടാല്‍ ഒരു ഗാര്‍ഡ് വന്ന് തടവുകാരെ ശൗചാലയത്തിലേക്ക് കൊണ്ടുപോകും. ശബ്ദം കേള്‍പ്പിക്കാത്ത തരത്തിലുളള ഷൂ ധരിച്ചാണ് ഈ ഗാര്‍ഡുമാര്‍ വരിക.
കേള്‍ക്കുമ്പോള്‍ വലിയ പ്രയാസമൊന്നും തോന്നില്ലെങ്കിലും വൈറ്റ് ടോര്‍ച്ചര്‍ മുറിയില്‍ ഒരുദിവസം പോലും തള്ളിനീക്കുക എന്നത് അതീവദുഷ്‌കരമായ കാര്യമാണ്. നോക്കുന്നിടത്തെല്ലാം വെളുപ്പ് നിറം മാത്രം കാണുന്ന മുറിയില്‍ ഒരു ശബ്ദവും കേള്‍ക്കാതെ ഏകാന്തതടവിന് വിധിക്കപ്പെടുകയെന്നത് വലിയ സമ്മര്‍ദ്ദമാണ് തടവുകാര്‍ക്ക് സമ്മാനിക്കുക. രാത്രിയെന്നോ പകലെന്നോ മനസിലാകാതെയുളള ഈ തടവുവാസം മാനസിക നില തകര്‍ക്കും. വെളുപ്പല്ലാതെ എന്തെങ്കിലുമൊരു നിറം കാണാനായി സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ച് രക്തം വരുത്തുന്ന തടവുകാര്‍ പോലുമുണ്ട്. കടുത്ത മനുഷ്യാവകാശലംഘനമായ ഈ പീഡനമുറ പ്രയോഗിക്കുന്നതിനെതിരെ രാജ്യാന്തര തലത്തില്‍ എതിര്‍പ്പുകളുയരുന്നുണ്ട്. എന്നിട്ടും ഇറാന്‍ ഭരണകൂടം രാഷ്ട്രീയത്തടവുകാര്‍ക്ക് നേരെ പതിവായി ഇത് പ്രയോഗിക്കുന്നു. അമീര്‍ ഫക്രവാര്‍ എന്ന വിദ്യാര്‍ഥി നേതാവ് എട്ടുമാസമാണ് വൈറ്റ് ടോര്‍ച്ചര്‍ മുറിയില്‍ കിടന്നത്. മാനസികമായും ശാരീരികമായും ആകെ തകര്‍ന്ന അമീറിനെ പരോളിന്റെ പേരില്‍ പുറത്തെത്തിച്ച സുഹൃത്തുക്കള്‍ രഹസ്യമായി അമേരിക്കയിലേക്ക് കടത്തിയാണ് അയാളുടെ ജീവന്‍ രക്ഷിച്ചത്്. നര്‍ഗീസ് മുഹമ്മദി ഇപ്പോള്‍ കഴിയുന്ന തെഹ്റാനിലെ ഈവിന്‍ ജയിലിലാണ് വൈറ്റ് ടോര്‍ച്ചര്‍ മുറിയുള്ളത്. നര്‍ഗീസിനും ഈ കിരാത പീഡനമുറ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതടക്കം ജയിലില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ എണ്ണമിട്ടു പറയുന്ന പുസ്തകമാണ് 'വൈറ്റ് ടോര്‍ച്ചര്‍'. ഒരു കുറ്റവും ചെയ്യാതെ ജയിലില്‍ അടയ്ക്കപ്പെട്ട 12 സ്ത്രീകളുമായുളള വിശദമായ അഭിമുഖമാണ് പുസ്തകത്തിലുള്ളത്. വൈറ്റ് ടോര്‍ച്ചറും ദീര്‍ഘകാലത്തിലുളള ഏകാന്ത തടവും അനുഭവിച്ചവരാണവര്‍. ജയില്‍വാസത്തിനിടെ ഈ പന്ത്രണ്ട് പേരെയും ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട നര്‍ഗീസ് അവരോട് പല ദിവസങ്ങളിലായി മണിക്കൂറുകളോളം സംസാരിച്ചു. അതെല്ലാം കുറിപ്പുകളാക്കി ജയിലിന് പുറത്തേക്ക് കടത്തി. എന്നെങ്കിലും പരോള്‍ ലഭിച്ചാല്‍ അവയെല്ലാം പുസ്തകരൂപത്തിലാക്കാം എന്നായിരുന്നു തീരുമാനം.
കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സ്ത്രീ, ബഹായ് മതക്കാരി, ജ്യുഡീഷ്യറിയിലെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ സ്ത്രീ, ക്രൈസ്തവമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത സൂഫി, തെരുവില്‍ പ്രക്ഷോഭം നടത്തിയ സ്ത്രീ എന്നിങ്ങനെ വ്യത്യസ്തമായ കുറ്റങ്ങള്‍ ചെയ്തെന്ന പേരില്‍ തുറുങ്കിലടയ്ക്കപ്പെട്ട സ്ത്രീകളാണ് നര്‍ഗീസിനോട് സംസാരിച്ചവരില്‍ ചിലര്‍.
ഇവരുടെ ജീവിതസാക്ഷ്യങ്ങള്‍ വായിച്ചുതീര്‍ക്കുകയെന്നത് ഒട്ടും സുഖകരമായ അനുഭവമല്ല വായനക്കാര്‍ക്ക് സമ്മാനിക്കുക. ജയില്‍ജീവിതം കൊടിയ ശാരീരിക, മാനസിക പരുക്കുകളുടെ വടുക്കള്‍ ജീവിതകാലം മുഴുവന്‍ ഈ സ്ത്രീകള്‍ക്ക് കൊണ്ടുനടക്കേണ്ടിവരും എന്ന വസ്തുതയും നമ്മെ വേദനിപ്പിക്കും. ഇവരില്‍ ചിലരെങ്കിലും ഇനിയൊരിക്കലും തടവറയില്‍ നിന്നിറങ്ങി പുറംലോകം കാണാനും പോകുന്നില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും ഏകാന്ത തടവിനിടെ അവര്‍ കണ്ടെത്തുന്ന കൊച്ചുകൊച്ചു സന്തോഷങ്ങളെക്കുറിച്ച് നര്‍ഗീസ് എഴുതുന്നത് വായിക്കുമ്പോള്‍ അറിയാതെ നമ്മുടെ കണ്ണുകള്‍ നനയും. രണ്ടടി നീളവും മൂന്നടി വീതിയും മാത്രമുള്ള കുടുസ്സ്മുറിയിലാണ് ഇവരുടെ ജീവിതം. സെല്ലിനുള്ളില്‍ ഒരിക്കലൊരു ഉറുമ്പിനെ കണ്ടെത്തിയപ്പോള്‍ തോന്നിയ ആഹ്ളാദത്തെക്കുറിച്ച് ഒരു തടവുകാരി പറയുന്നുണ്ട്. എവിടെ നിന്നോ പറന്നെത്തിയ ഈച്ചയെ പിടികൂടാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് മറ്റൊരു തടവുകാരി പറയുന്നു. ഒറ്റയ്ക്കുളള ജീവിതത്തിനിടെ മറ്റൊരു ജീവിയെ കണ്ടതിന്റെ ആഹ്ളാദമായിരുന്നു രണ്ട് പേര്‍ക്കും. ജയിലഴികള്‍ക്കുളളിലേക്ക് ഒരു ചിത്രശലഭം പറന്നുവന്ന ദിവസമായിരുന്നു ഏറ്റവും മനോഹരമെന്ന് ഒരു തടവുകാരി പറയുമ്പോള്‍ അകലെയെവിടെയോ നിന്ന് ഒരു കിളിയുടെ ശബ്ദം കേട്ട ദിനം മറക്കാന്‍ പറ്റില്ലെന്ന് മറ്റൊരു തടവുകാരി സാക്ഷ്യപ്പെടുത്തുന്നു.
ഏകാന്തതടവിന് ശിക്ഷിക്കപ്പെട്ട സ്ത്രീകളില്‍ ഭൂരിഭാഗം പേരും കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. മാസങ്ങള്‍ നീണ്ട തടവുശിക്ഷയ്ക്ക് ശേഷം മോചനം ലഭിച്ച ചിലര്‍ക്കാകട്ടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പറ്റാത്തത്ര മാനസിക പ്രശ്നങ്ങളുമുണ്ട്്.
കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും ആത്മധൈര്യവും പോരാട്ടവീര്യവും ചോര്‍ന്നുപോകുന്നില്ല എന്നതാണ് ഈ സ്ത്രീകളില്‍ കണ്ട ഏറ്റവും വലിയ പ്രത്യേകതയെന്ന് നര്‍ഗീസ് പറയുന്നു. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ അടയ്ക്കപ്പെട്ട തങ്ങള്‍ വിമോചിതരാകുന്ന കാലം വരുമെന്ന് അവരെല്ലാവരും ഉറച്ചുവിശ്വസിക്കുന്നു. പുറംലോകത്തെത്തിയാല്‍ തുല്യനീതി ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അവര്‍ ഉറപ്പിച്ചുപറയുന്നു.
ചികിത്സയുടെ പേരില്‍ ജയിലില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും നര്‍ഗീസ് പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. തനിക്കുണ്ടായ അനുഭവങ്ങള്‍ തന്നെയാണ് ഇതിന്റെ ഉദാഹരണങ്ങളായി നര്‍ഗീസ് എടുത്തുകാട്ടുന്നത്. അസുഖബാധിതയായപ്പോള്‍ പരിശോധിക്കാനെത്തിയ ഡോക്ടര്‍ ആദ്യം പറഞ്ഞത് തന്റെ കൈയും കാലുകളും ചങ്ങല ഉപയോഗിച്ച് കട്ടിലിനോട് ചേര്‍ത്തുകെട്ടണം എന്നായിരുന്നു എന്ന് നര്‍ഗീസ് ഓര്‍ക്കുന്നു. പുറത്തുനിന്നുള്ള ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളൊന്നും തുറന്നുനോക്കാന്‍ പോലും ജയിലിലെ ഡോക്ടര്‍ തയ്യാറായില്ല. അവരേക്കാള്‍ മിടുക്കരായ ഡോക്ടര്‍മാര്‍ ജയിലിലുണ്ട് എന്നായിരുന്നു അയാളുടെ വാദം. 'മിസ്സിസ് മുഹമ്മദി. നിങ്ങള്‍ മരിക്കണം. പക്ഷേ ജയിലിന് പുറത്തുപോയി വേണം നിങ്ങള്‍ മരിക്കാന്‍'- ഉറച്ച ശബ്ദത്തില്‍ ഡോക്ടര്‍ ഇങ്ങനെ പറയുന്നതുകേട്ട് നടുങ്ങിപ്പോയ കാര്യവും നര്‍ഗീസ് പുസ്തകത്തില്‍ എഴുതുന്നു. ജയിലില്‍ വച്ച് താന്‍ മരിച്ചാല്‍ അത് രാജ്യാന്തരതലത്തില്‍ ഒച്ചപ്പാടാകുമോ എന്ന് ഭയന്നാവും ഡോക്ടര്‍ ഇങ്ങനെ പറഞ്ഞതെന്നും നര്‍ഗീസ് കരുതുന്നു.
ഇറാാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും 2003-ലെ നൊബേല്‍ സമാധാന സമ്മാന ജേതാവുമായ ഷിറിന്‍ എബാദിയാണ് വൈറ്റ് ടോര്‍ച്ചറിന് അവതാരികയെഴുതിയത്. ''നര്‍ഗീസ് ഇപ്പോഴും ഒരു പെണ്‍സിംഹത്തെ പോലെ ഗര്‍ജിക്കുന്നു. അതുകൊണ്ടാണ് ഇറാന്‍ ഭരണകൂടം അവരെ ഞെരിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. ഈ പെണ്‍സിംഹത്തിന്റെ മറ്റൊരു ഗര്‍ജനമാണ് വൈറ്റ് ടോര്‍ച്ചര്‍''- അവതാരികയില്‍ ഷിറിന്‍ എഴുതുന്നു.
Content Highlights: P.S Rakesh, Nargese Mohammadi, Biography, Mathrubhumi Books