'അമ്മയ്ക്ക് ലോകത്തേക്കും ഇഷ്ടം സുഗതക്കുഞ്ഞമ്മയെ,അനുജത്തിയെക്കാളും മകളായിരുന്നു സുജാത'- ശ്രീദേവിപിള്ള

നിരൂപകയും അധ്യാപികയും വിദ്യാഭ്യാസവിചക്ഷണയുമായിരുന്ന പ്രൊഫയ ഹൃദയകുമാരി ഓര്‍മയായിട്ട് ഒമ്പത് വര്‍ഷം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അമ്മയോര്‍മകള്‍ എന്ന പുസ്തകത്തില്‍ പ്രൊഫ. ഹൃദയകുമാരിയുടെ മകള്‍ ശ്രീദേവി പിള്ള എഴുതിയ അമ്മയോര്‍മകള്‍ വായിക്കാം.
ചിലപ്പോഴൊരു മഴക്കാട്, മറ്റുചിലപ്പോള്‍ മഹാപര്‍വ്വതങ്ങളുടെ ഹിമമൗനം പ്രപഞ്ചമായി അകംപുറം നിറഞ്ഞുനില്‍ക്കുന്ന ഒരാളെക്കുറിച്ച് എങ്ങനെ എഴുതാനാണ്? ഉള്ളിലേക്ക് കിനിഞ്ഞിറങ്ങി എന്നും പുതിയ കുഞ്ഞുസ്വര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുന്ന ഒരാള്‍. കണ്ടുതീരാത്ത, മിണ്ടിത്തീരാത്ത, ഒപ്പമിരുന്നു കൊതിതീരാത്ത സ്‌നേഹസ്വരൂപത്തെക്കുറിച്ച് കൈവിറയ്ക്കാതെ കണ്ണുനിറയാതെ ചിന്തിക്കാനോ പറയാനോ കഴിഞ്ഞിട്ടില്ല. എന്റെ മുറിഞ്ഞ ഭാഷയും പ്രകാശമില്ലാത്ത ചിന്തയും അറിവാഴങ്ങളില്ലാത്ത മനസ്സുംകൊണ്ട് ഒപ്പിയെടുക്കാവുന്ന ആളുമല്ല. പലര്‍ക്കും പലതാണ് ഈ വ്യക്തിത്വം: അദ്ധ്യാപിക, വഴികാട്ടി, സഹോദരി, സാഹിത്യപ്രിയ, നിരൂപക, എന്‍സൈക്ലോപീഡിയ, വിദ്യഭ്യാസവിചക്ഷണ, നിഘണ്ടു...എനിക്കോ അമ്മ മാത്രവും. അതുകൊണ്ടുതന്നെ ലോകത്തിനു പലതുമായ ഒരാളെക്കുറിച്ച് ഏറ്റവും സ്വകാര്യമായ ഇടത്തില്‍നിന്നുള്ള കുറിപ്പു മാത്രമാണിത്. കടലിനെ കൈക്കുടന്നയിലൊതുക്കാന്‍ നോക്കുമ്പോലുള്ള ഒന്ന്. ഏറ്റവും പ്രിയമുള്ള ഒരാളെക്കുറിച്ചുള്ള വ്യക്തിപരമായ ഓര്‍മ്മയെഴുത്ത് മാത്രമാണിത്.
ഓര്‍മ്മ അതിന്റെ ചെറുവെളിച്ചം കണ്ടെത്തിയ ആദ്യനിമിഷം മുതല്‍ ഞങ്ങള്‍ കളിക്കൂട്ടുകാരാണ്. പാമ്പും കോണിയും, കണ്ണുപൊത്തിക്കളി, ഉറുമ്പുകളി, ഓടിക്കളി, സാറ്റുകളി തുടങ്ങി ടങ് ട്വിസ്റ്റര്‍, വേര്‍ഡ് ബില്‍ഡിങ്, മെമ്മറിടെസ്റ്റ്, ക്വിസ് തുടങ്ങി കഥയെഴുതലും കുറ്റാന്വേഷണവും പിന്നെ മത്സരിച്ച് പുസ്തകവായനയും സിനിമകാണലുംവരെ കളികള്‍... നാല്‍പ്പതു വര്‍ഷമെങ്കിലും മുടക്കമില്ലാതെ രണ്ടുപേര്‍ കൂട്ടുകൂടി പല കളികള്‍ കളിച്ചും പലതും കണ്ടുപിടിച്ചും ചിരിച്ചും കരഞ്ഞും പിന്നെയും ചിരിച്ചും ഒരുമിച്ചു ജയിച്ചും ഒരുമിച്ചുതന്നെ തോറ്റും മനോഹരമായിരുന്ന കളിക്കാലം. എങ്ങനെ പോകാനായി, കൂട്ടുകളിക്കാരിയെ ഒറ്റയ്ക്കാക്കിയിട്ട്? അതിഭയങ്കര ഫൗളായിപ്പോയി!
കളികളില്‍ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന കുഞ്ഞുകളി ഏതെന്നോ? കാടുണ്ടാക്കിക്കളി. ബിനാക്കാ പേസ്റ്റിനൊപ്പം കിട്ടുന്ന ചെറു മൃഗരൂപങ്ങള്‍, കളിപ്പാട്ടക്കടയില്‍നിന്നു വല്ലപ്പോഴും വാങ്ങുന്ന കിളി, മീന്‍ രൂപങ്ങള്‍ ഇവയെല്ലാം ആദ്യം തുടച്ചു മിനുക്കിവെക്കും. പരന്ന ഒരു വലിയ ചെമ്പ് അടപ്പുണ്ടായിരുന്നു വീട്ടില്‍. അതില്‍ മണ്ണു നിറച്ച്, ചെറിയ ചെടികള്‍ നട്ട്, വള്ളിപ്പടര്‍പ്പുകളൊക്കെ ഒരുക്കും. ഒരു കുഞ്ഞുകിണ്ണത്തില്‍ വെള്ളം നിറച്ച് കുളവും സൃഷ്ടിക്കും. പിന്നെയാണ് മീനും കിളിയും മൃഗങ്ങളും എല്ലാം കാട്ടില്‍ എത്തിച്ചേരുക. ചര്‍ച്ച ചെയ്ത് പ്ലാനുണ്ടാക്കും, പിന്നെയത് മാറ്റും. പിന്നെയും വന്‍ചര്‍ച്ച നടത്തി മൂന്നുവയസ്സുകാരിയെ പരിണാമവും ഡാര്‍വിനും പഠിപ്പിച്ചു, അമ്മ.
പിന്നെ, ജീവിതകാലമാകെ കളിച്ച കളി ഒളിച്ചുകളി അഥവാ സാറ്റുകളി. കുഞ്ഞുന്നാളില്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന് അവിടെ കിടന്നുറങ്ങിപ്പോകുമ്പോള്‍, ഉണരുന്നത് ഒരുമ്മയുടെ ചൂടിലേക്കായിരുന്നു. കൗമാരത്തില്‍ മരക്കൊമ്പിലും സണ്‍ഷേഡിലും ഒളിച്ചു. കുറച്ചൂടെ മുതിര്‍ന്നപ്പോള്‍ അതായത്, മരംകേറല്‍ അസാദ്ധ്യമായപ്പോള്‍ വാതിലിനു പിന്നിലൊളിച്ചു. ആ വാതിലിനു പിന്നില്‍ത്തന്നെ നിന്നുപോകാതെ കൈപിടിച്ച് വെളിച്ചത്തിലേക്ക് എത്തിച്ചതും സാറ്റുകളിയിലെ കൂട്ടുകാരി തന്നെ.
പിന്നെ ഞങ്ങള്‍ക്കൊരു കഥയുണ്ടാക്കല്‍ കളിയുണ്ടായിരുന്നു. ഭാവനയെ കൂട്ടുപിടിച്ചുള്ള അതിഗംഭീരമായ കളിയാണത്. ഉദാഹരണത്തിന്, ഞങ്ങള്‍ രണ്ടുപേരുംകൂടി ശംഖുമുഖം കടല്‍തീരത്തു പോവുന്നു, അവിടിരിക്കുന്നു. പിന്നെ അവിടെ കാണുന്നവരില്‍ ഒരാളെപ്പറ്റി കഥയുണ്ടാക്കുകയായി. ദയയും ദാക്ഷിണ്യവുമില്ല, ഇമാജിനേഷന്‍ റണ്ണിങ് വൈല്‍ഡ്. അവിടെ ചുമ്മാ നടക്കുന്ന, വരുന്ന, ഏതേലും പാവം സ്ത്രീയാവാം. തലയ്ക്ക് അടി കിട്ടിയ അമ്പരപ്പോടെ കടലിനെ നോക്കുന്ന ഒരു മദ്ധ്യവയസ്‌കനുമാവാം അത്. ആ സ്ത്രീ ആത്മഹത്യ ചെയ്യാന്‍ വന്നതാണെന്നും അതിനു പിന്നിലൊരു കഥയുണ്ടെന്നും ആ കഥ ഇതാണെന്നും അങ്ങ് സങ്കല്‍പ്പിക്കും! ആ മദ്ധ്യവയസ്‌കനെയാവട്ടെ, തൊണ്ടിമുതല്‍ ഒളിപ്പിക്കാന്‍ ആകാശംമുട്ടേ നോക്കിക്കൊണ്ടിരിക്കുന്ന ഒരു കൊലപാതകിയാക്കും! കഥകള്‍ എങ്ങനെയും വികസിക്കും. ക്രെഡിറ്റ് ലൈനിനു താഴെ വേദവ്യാസന്‍ മുതല്‍ കോനന്‍ ഡോയ്ല്‍ വരെ വന്നുനില്‍ക്കും!
ഇതിനെയും വെല്ലുന്നതാണ് കവിതക്കളി, രണ്ടു വരി അമ്മ, പിന്നെ രണ്ടു വരി ഞാന്‍. രണ്ടു വരി നല്ല കവിതയും പിന്നെ രണ്ടു വരി അബ്‌സേര്‍ഡ് സാഹിത്യവും എന്ന നിലയില്‍ ഇംഗ്ലീഷ്, മലയാളം, സംസ്‌കൃതം ഭാഷകളില്‍ ഈ സാഹിത്യപഠനം പുരോഗമിച്ചു. അതിനിടയ്ക്കാണ്, അതിലെ ബാക്കി രണ്ടു വരികള്‍ അപ്രത്യക്ഷമായത്. കൂടിച്ചേരുമ്പോള്‍ പലതുമാവുന്ന തുടര്‍വരി കാണാതെ വിമ്മിട്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ രണ്ടു വരികളെക്കൊണ്ട് ഞാനിനി എന്തു ചെയ്യാനാണ്? ഇനി അമ്മയെ കാണുന്ന കാലത്തേ പാതിജീവനുമായി പിടയുന്ന ആയിരക്കണക്കിനു കവിതാവരികള്‍ക്ക് മോക്ഷം കിട്ടൂ!
ഒരു കഥയും ഞാനായിട്ട് ആദ്യം വായിച്ചിട്ടില്ല. എല്ലാം കേള്‍ക്കുകയായിരുന്നു. ഭാഷ മനസ്സിലാകും മുമ്പേ കഥ പറഞ്ഞുതന്നിരുന്നു എന്നാണ് കഥപറച്ചില്‍കാരിയുടെ സാക്ഷ്യം. സത്യംതന്നെ ആയിരിക്കും. ഉണ്ണികൃഷ്ണനെ പിടിക്കാന്‍ പൂതന വന്നതും വെള്ളം കുടിക്കാന്‍ കാക്ക കുടത്തില്‍ കല്ലിട്ടതും കുഞ്ഞമ്മക്കഥകളായിരുന്നു.
അമ്മക്കഥകള്‍ വേറൊരു ജോനര്‍. നാലഞ്ചുവയസ്സു മുതല്‍ ഇക്കാലമത്രയും അത്, പൂച്ചയെ ചാക്കില്‍ക്കെട്ടി കൊണ്ടുപോവുന്നതുപോലെ ചോരമണക്കുന്ന വിചിത്രദ്വീപുകളില്‍ കൊണ്ടുവിട്ടു. ഹൗണ്ട് ഒഫ് ബാസ്‌ക്കര്‍വില്‍സ്, ഡ്രാക്കുള എന്ന മട്ടിലുള്ള പരമ്പരാഗത ഭീകരകഥകള്‍ മുതല്‍ രക്തരക്ഷസ്സുകള്‍, സ്ത്രീകള്‍, പുരുഷന്മാര്‍, ജെന്‍ഡറില്ലാതെയുള്ള രൂപരഹിത രക്ഷസ്സുകള്‍വരെ ഇളകിമറിയുന്ന ചോരമരവിപ്പിക്കുന്ന കഥകള്‍. ഇന്നുവരെ ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയതും ആ ഭാഷയിലേക്ക് മൊഴിമാറ്റിയതുമായ കൊലപാതക കഥകള്‍. ചൂലില്‍ വരുന്നവ തുടങ്ങി കുരിശു കണ്ടാല്‍ ഇതെന്താ എന്നു ചോദിക്കുന്ന മതേതരവിഭാഗം വരെ പ്രത്യക്ഷമാവുന്ന ഭൂത, പ്രേത, പിശാചുക്കള്‍ വരെ ഫുള്‍ടൈം നടിച്ചുകൊണ്ടിരിക്കുന്ന ഹൊറര്‍ കഥകള്‍...തീര്‍ന്നില്ല. ഗൂഢാലോചന, സാമ്പത്തികകുറ്റകൃത്യം, ആത്മഹത്യ, മനോരോഗം, ഭീഷണി, മന്ത്രവാദം! പേടിപ്പിച്ചു കൊല്ലുന്നതില്‍, വിചിത്രസംഭവങ്ങള്‍ മുന്നിലിട്ടുതരുന്നതില്‍, സദാ സംശയം സൃഷ്ടിക്കുന്നതില്‍, എപ്പോഴും കുറ്റാന്വേഷണ മനസ്സുണ്ടാക്കുന്നതില്‍ ഒരമ്മയും ഒരു മകളെയും ഇത്രയും പരിശീലിപ്പിച്ചിട്ടുണ്ടാവില്ല. ലോകത്തിനു മുന്നില്‍ വിദ്യാഭ്യാസവിചക്ഷണയുടെ അതിഗൗരവകരമായ കണ്‍തിളക്കവുമായി നില്‍ക്കുമ്പോഴും ഉള്ളിനുള്ളില്‍ ഫോറന്‍സിക് സയന്‍സ്, മെഡിസിന്‍ എന്നിങ്ങനെ കാക്കത്തൊള്ളായിരം വിചിത്രതാത്പര്യങ്ങള്‍. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം എന്നിങ്ങനെ ചോരക്കളികളില്‍ പ്രത്യേക ശ്രദ്ധ. ഇന്റ്യൂഷനാണ് എല്ലാത്തിനും മീതേ എന്ന ഉറപ്പ്, ദൈവത്തെപ്പോലെ കോനന്‍ ഡോയ്ല്‍, തറവാട് ആവട്ടെ ബേക്കര്‍സ്ട്രീറ്റില്‍. തലയണക്കീഴില്‍ കംപ്ലീറ്റ് അഡ്വഞ്ചേഴ്‌സ് ഒഫ് ഷെര്‍ലക്ക് ഹോംസ് (നോട്ട് ദി പോയിന്റ്, രാമായണവും സഹസ്രനാമവുമല്ല!)
ഈ കഥപറച്ചില്‍ അങ്ങനെയങ്ങു നീണ്ടു. കഥ കേള്‍ക്കാതെ ഒരു ദിവസവും കടന്നുപോവാത്ത ഭാഗ്യമുള്ള കുട്ടിയായി ഞാന്‍. വീട്ടില്‍നിന്ന് ദൂരെയായപ്പോഴും ഫോണില്‍ ഞങ്ങള്‍ കഥപറഞ്ഞു. വായിച്ച കഥകള്‍ പരസ്പരം പറഞ്ഞുപറഞ്ഞ് ആലോചിച്ചും കരഞ്ഞും ചിരിച്ചും നൂറാവൃത്തിച്ച് ആസ്വദിച്ചു.
കൗണ്ട് ഒഫ് മോണ്ടിക്രിസ്റ്റോ, പാവങ്ങള്‍, മാര്‍ത്താണ്ഡവര്‍മ്മ, രാമായണ പരിഭാഷകള്‍ ഇങ്ങനെ തുടങ്ങി പത്തുപന്ത്രണ്ടു വയസ്സുമുതല്‍ ആരംഭിച്ച കൂട്ടായ കഥാവായന ഇന്നും തുടരുന്നു. ഞാനിവിടെയിരുന്നു വായിക്കുമ്പോള്‍ അമ്മ അങ്ങു നക്ഷത്രങ്ങള്‍ക്കിടയിലെവിടെയോ ഇരുന്നാവണം വായനയെന്നേയുള്ളൂ.
അര്‍ത്ഥമറിയാത്ത വാക്കോ പ്രയോഗമോ വന്നാല്‍ ഇപ്പോഴും ഞാന്‍ ചോദിക്കാറുണ്ട്, പോയി ഡിക്ഷണറി നോക്കെന്ന പതിവു മറുപടിയും കിട്ടാറുണ്ട്. അങ്ങനെയങ്ങനെ അമ്മ, ഒരു സാഹിത്യാഭിരുചിയും എഴുതാനുള്ള മാജിക്കും വശമില്ലാത്ത എന്നെ, പുസ്തകം വായിപ്പിക്കാനും പിന്നെ അതു ശീലമാക്കാനും പിന്നെയത് ഇഷ്ടപ്പെടാനും പഠിപ്പിച്ചു. നാളുകളും ആണ്ടുകളും കടന്ന്, പലപ്പോഴും കൈയും കാലും പൊള്ളി കരഞ്ഞ് അലമ്പായി നിന്നപ്പോഴും വഴിതെറ്റി നടന്നപ്പോഴും ഒറ്റയ്ക്കിരുട്ടില്‍ത്തപ്പിയപ്പോഴും പുസ്തകത്തെ കൈവിടാതെ കൂടെ കൊണ്ടുനടക്കാന്‍ പറയാതെ പറഞ്ഞുതന്നു.
ഒറ്റയ്ക്കാക്കിയില്ല പുസ്തകം. വീണുപോകാതെ അത് താങ്ങായി, വഴിത്തണലായി, കുടിനീരും പ്രാണവായുവുമായി. ഒരിക്കലും ഇന്നത് വായിക്കരുതെന്നു പറഞ്ഞില്ല, എല്ലാം വായിക്കാന്‍ മാത്രം പറഞ്ഞു. ദസ്തയേവ്‌സ്‌കി തുടങ്ങിയ ദിവസം പറഞ്ഞു ഇനി ജീവിതം പഴയതുപോലെയാകില്ലെന്ന്. ഷെയ്
ക്‌സ്പിയര്‍ പഠിപ്പിച്ചു തുടങ്ങിയത് പതിനാലാം വയസ്സില്‍ അന്നു പറഞ്ഞു, നൗ ദി യൂണിവേഴ്‌സ് ഇസ് യുവേഴ്‌സ്, ഒരിക്കലുമത് അവസാനിക്കില്ല എന്ന്. കാളിദാസന്‍ വായിച്ച് അര്‍ത്ഥം പറഞ്ഞുതന്നു. ഗ്രീക്കുദുരന്തങ്ങള്‍ മനസ്സിലാക്കിക്കാന്‍ ജീവിതകാലമത്രയും ശ്രമിച്ചു. ഷാ മുതല്‍ മൈ ഫാമിലി ആന്‍ഡ് അദര്‍ ആനിമല്‍സ് വരെ വായിച്ച് ചിരിച്ചു ചിരിച്ചുമറിഞ്ഞു.
എല്ലാ പിറന്നാളിനും പുസ്തകങ്ങള്‍ സമ്മാനമായി തന്നു. അഞ്ചാം പിറന്നാളിനായി അമേരിക്കയില്‍നിന്ന് വരുത്തിത്തന്ന ഇരുപത്തിയൊന്നു വോളിയങ്ങളുള്ള ചില്‍ഡ്രന്‍സ് എന്‍സൈക്ലോപീഡിയ തുടങ്ങി നൂറുകണക്കിനു പുസ്തകങ്ങള്‍. എല്ലാത്തിലും അമ്മ എന്റെ പേരും ഞാന്‍ അമ്മയുടെ പേരും എഴുതി. ഇന്ന് വാങ്ങുന്ന എല്ലാ പുസ്തകങ്ങളിലും അമ്മയുടെ പേരു മാത്രമേയുള്ളൂ.
സിമോണ്‍ ദി ബുവ കിട്ടിയത് പതിനാറാം പിറന്നാളിനാണ്. ടോണി മോറിസണ്‍ തന്നത് ഇരുപതാാം ജന്മദിനത്തിന്. വെര്‍ജീനിയ വൂള്‍ഫ് ഇരുപത്തിരണ്ടില്‍. ബെറ്റി ഫ്രിഡാന്‍ തുടങ്ങി അനീറ്റ ബ്രൂക്ക്‌നര്‍വരെ പല പ്രായങ്ങളില്‍ വന്നുചേര്‍ന്നു. വായിപ്പിച്ചു എന്നു മാത്രമല്ല, നിരന്തമായി അത് ചര്‍ച്ച ചെയ്തു, വിശദീകരിച്ചു, ചെറിയ ലേഖനങ്ങളും കുറിപ്പുകളും എഴുതിച്ചു. എഴുതാനറിയാത്ത ഒരാളെ എഴുത്തിനെ ഇഷ്ടപ്പെടാനും ബഹുമാനിക്കാനും പഠിപ്പിച്ചതിലൂടെ പ്രപഞ്ചം അപ്പാടെ തുറന്നുതരിക മാത്രമായിരുന്നില്ല, തന്റെ ജീവിതവും മനസ്സും ബുദ്ധിയുംകൂടി തുറന്നുതരികയായിരുന്നു അമ്മ. ഏറ്റവും മനോഹരമായ പങ്കുവെക്കലും തുടര്‍ച്ചയും അറിവുമായി അത്. അമ്മയും മകളുമെന്നതിനുമപ്പുറം രണ്ടു വ്യക്തികളുടെ ഏറ്റവും വലിയ പാരസ്പര്യമായി വായനയുടെ ലോകം. ഇതിനപ്പുറം ഈ ലോകത്ത് ഇതുപോലെ ഇനിയൊന്നും കിട്ടാനില്ല, ആഗ്രഹിക്കാനില്ല, സ്വപ്നം കാണാനുമില്ല.
കവിതവായനയും പറയാതെ പറ്റില്ല. നിരന്തരം കവിത ചൊല്ലിത്തന്നു. അതില്‍ എഴുത്തച്ഛനും ആശാനും എന്നും ഉണ്ടാകും. വൈലോപ്പിള്ളി ഏറ്റവും പ്രിയം. 'കുഞ്ഞിനുടുക്കാന്‍ സന്ധ്യകളാടകള്‍' എന്നു തുടങ്ങി 'ചോരതുടിക്കും ചെറുകൈയുകളേ' എന്നുവരെ ആ ശബ്ദത്തില്‍ ഇന്നും കേള്‍ക്കാം എനിക്ക്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികളെ പൊള്ളുന്ന വരികളെന്നു പറഞ്ഞ് ചേര്‍ത്തുപിടിച്ചു. സച്ചിദാനന്ദന്റെ 'മീര' ഉറക്കെച്ചൊല്ലി കണ്ണുനിറച്ചു. കമലയുടെ മലയാളം കഥയാണോ ഇംഗ്ലീഷ് കവിതകളാണോ കൂടുതലിഷ്ടമെന്ന് പറയാനാകുന്നില്ലല്ലോ എന്ന് ആത്മഗതം ചെയ്തു. 'ഒരു താരക കാണെ രാവു മറന്നു' എന്ന് കുഞ്ഞമ്മ (സുഗതകുമാരി)യെ ചൊല്ലിക്കേള്‍പ്പിച്ച് കരയിച്ചു.
ഇതിനും മേലെ, ഇതിലുമാഴത്തില്‍ ഷെല്ലിയും വേഡ്‌സ്വര്‍ത്തും കീറ്റ്‌സും ആ മനസ്സു കീഴടക്കി. വീണ്ടും വീണ്ടും 'ഓഡ് ടു ഗ്രീഷ്യന്‍ ഏണ്‍' വായിച്ച് മനസ്സിലാകുന്നില്ലല്ലോ എന്നു മനസ്താപപ്പെട്ടു. ലേക്ക് ഡിസ്ട്രിക്റ്റിലെ ഡാഫോഡിലുകളെ വീണ്ടും വീണ്ടും സ്വപ്നങ്ങളില്‍ നട്ടു. ആയിരം തവണ ഞങ്ങള്‍ ടെന്നിസണ്‍ വായിച്ചു, ലേഡി ഒഫ് ഷാലറ്റ് പറഞ്ഞുപറഞ്ഞ് അന്തംവിട്ടു. ഒരു ലക്ഷം തവണ ഹാംലറ്റ് വായിച്ചു.
എത്രയോ മിനിട്ടുകള്‍, മണിക്കൂറുകള്‍ മഹാകവികളുടെ മഹാരചനകള്‍ ഉറക്കെ വായിച്ചു കേള്‍പ്പിച്ചിരിക്കുന്നു, നേര്‍ത്തതും ഉറച്ചതുമായ ആ ശബ്ദത്തില്‍, അതിമനോഹരമായ ഉച്ചാരണത്തില്‍. മനുഷ്യന് എങ്ങനെ ചെറുജീവിതപരിമിതികളെ അനന്താകാശത്തിലേക്ക് ഉയര്‍ത്താം എന്ന് ഈ കവിതാനേരങ്ങള്‍ ഉള്ളിലിരുന്നു കുറുകുന്നുണ്ടിപ്പോഴും.
ഇപ്പോഴും തോട്ടത്തില്‍ കാണാം, എനിക്കു മാത്രമല്ല ചെടികള്‍ക്കും കൂട്ടായി...
അമ്മ മുക്കുറ്റിയെയും തുമ്പയെയും നട്ടുവളര്‍ത്തി. നിലാവില്‍ നിശാഗന്ധിയെ കണ്ടു. ഇളവെയിലിലാടുന്ന പലതരം ചെമ്പരത്തികളെ നോക്കിനിന്നു. അന്നേരം, ഉച്ചതിരിഞ്ഞെത്തുന്ന പടിഞ്ഞാറന്‍കാറ്റില്‍ മഞ്ഞമുളകള്‍ തിമര്‍ത്താടി. ഒരു ഓസ്‌ട്രേലിയന്‍ ചെറി മുഴുവന്‍ കായ്ച്ചു ചാഞ്ഞുകിടന്നു. എല്ലാ ഓര്‍ക്കിഡുകള്‍ക്കും നേര്‍പ്പിച്ച കടുംചായ നല്‍കി, അവരോട് സംസാരിച്ചു. നേപ്പാളില്‍നിന്നും ഫ്രാന്‍സില്‍നിന്നുപോലും ചിലരെ ഇറക്കുമതി ചെയ്ത് ഗ്രീന്‍ഹൗസുണ്ടാക്കി പരിപാലിച്ചു. ഭക്ഷണം ഇല്ലേലും അവര്‍ക്ക് വെള്ളം ധാരാളമായി നല്‍കി. പറഞ്ഞുവരുമ്പോള്‍, ചെടികളായിരുന്നു ഏറ്റവും വലിയ വീക്ക്‌നെസ് എന്നു വേണേല്‍ പറയാം.
ഒരുപാടൊരുപാട് ചെടികള്‍ നട്ടുവളര്‍ത്തി, ധാരാളം ഗാര്‍ഡനിങ് പുസ്തകങ്ങള്‍ വാങ്ങി വായിച്ചുപഠിച്ചു. ചിലതിന്റെ നോട്ട്‌സ് എഴുതിയെടുത്തു. പൂവിന്റെയും ഇലയുടെയും നിറവും രൂപവും മണവും കണ്ട് സദാ മനസ്സു നിറച്ചു. 'ഐ വാണ്ട് എ വൈല്‍ഡ് ഗാര്‍ഡന്‍, നോട്ട് എ മാനിക്യുവേര്‍ഡ് വണ്‍' എന്നായിരുന്നു തത്ത്വശാസ്ത്രം. മള്‍ബറിയും ചാമ്പയും സപ്പോട്ടയും നട്ടുവളര്‍ത്തി. പൂക്കളോട് സ്‌നേഹം ഒരിക്കലും മറച്ചുവെച്ചില്ല. വിദേശ ഗാര്‍ഡനിങ് പുസ്തകങ്ങള്‍ നോക്കി ആ സ്‌നേഹത്തിന് വെള്ളവും വളവുമിട്ടു. മരങ്ങളോട് എപ്പോഴും സംസാരിച്ചു.
കിളികളോരോരുത്തരെയും പേരിട്ടുവിളിച്ചു, നേരിട്ട് കൂട്ടുകൂടി. പക്ഷി നിരീക്ഷകയാവാന്‍ ധാരാളം നേരം കണ്ടെത്തി. കുയിലിനൊപ്പം കൂവിക്കളിച്ചു. വണ്ണാത്തിക്കും ബുള്‍ബുളിനും വെള്ളം വെച്ചു.
എന്നും പ്രിയങ്കരമായ ഗന്ധം പനിനീര്‍ റോസിന്റെയും മുല്ലയുടെയും ആയിരുന്നു. നെഞ്ചില്‍ കൊണ്ടുനടന്ന മണം ഇലഞ്ഞിയുടേത്. ലില്ലികളെയും പത്തുമണികളെയും നാലുമണികളെയും ഷെല്ലിയും കീറ്റ്‌സും ടെന്നിസണും സില്‍വിയാപ്ലാത്തും തുടങ്ങി ടാഗോറും വൈലോപ്പിള്ളിയും വരെ ചൊല്ലിക്കേള്‍പ്പിച്ചു. പുസ്തകങ്ങളോടും ചെടികളോടും കിളികളോടുമൊത്ത് അമ്മ ദിവസങ്ങളെ പകുത്തു. കൂടെപ്പാര്‍ത്ത മരങ്ങളും ചെടികളുമൊക്കെ ഗ്രീന്‍ഫിംഗര്‍ ഇല്ലാത്ത എന്നെ ഏല്‍പ്പിച്ചിട്ട് പോയൊന്നുമില്ല. ഇപ്പോഴും തോട്ടത്തില്‍ കാണാം, എനിക്കു മാത്രമല്ല ചെടികള്‍ക്കും കൂട്ടായി.
എല്ലാ വീട്ടിലെയുംപോലെ കഞ്ഞിയും ചോറും ദോശയും പുട്ടും ചക്കയും കപ്പയും മുളകുചമ്മന്തിയും ഒക്കെയായിരുന്നു വീട്ടിലെ സ്ഥിരം മെനു. വെജിറ്റേറിയന്‍കുട്ടിയായ അമ്മ ഇതെല്ലാം അല്‍പ്പം രുചിച്ചു. വലിയ ഇഷ്ടമൊന്നും ഒരിക്കലും കാണിച്ചില്ല, ഇഷ്ടക്കേടുമില്ല. സാമ്പാറിനോട് ഇത്തിരിയിഷ്ടം കൂടുതല്‍. വടപ്രിയം മുന്നിട്ടുനിന്നു. പക്ഷേ, ഏറ്റവും കൊതി മധുരത്തോടായിരുന്നു; പിന്നെ, വേണമെങ്കില്‍ വിദേശിയെന്നു വിളിക്കാവുന്ന ചിലതിനോടും. ഇഷ്ടത്തില്‍ മുന്നില്‍ ചോക്കലേറ്റ്, പിന്നെ പലതരം കേക്കുകള്‍, അതിനു പിറകെ കോക്കനറ്റ് ബര്‍ഫിയും മൈസൂര്‍പാക്കും. കുഞ്ഞുന്നാള്‍ മുതല്‍ തുടങ്ങിയ മധുരപ്രിയമാണെന്നാണ് സഹകൊതിച്ചികളുടെ പ്രചാരണം. എണ്‍പത്തിനാലാം വയസ്സുവരെ അതു തുടര്‍ന്നു. എന്നിട്ടും ഒരിക്കലും ഡയബറ്റിക്കായില്ല, നന്നായി ആരോഗ്യം ശ്രദ്ധിച്ച്, മറ്റ് ഭക്ഷണമൊക്കെ കണക്കുവെച്ച് കുറച്ച്, മധുരം മാത്രം ബ്രേക്കില്ലാതെ കഴിച്ചു. എന്നിട്ട് ജീവിതം സര്‍വ്വത്ര മധുരമാക്കി.
ഓവല്‍റ്റിന്‍, ഡ്രിങ്കിങ് ചോക്കലേറ്റ് എന്നിവയോടും നെസ്‌കഫേ കാപ്പിയോടും എന്തൊരു ഇഷ്ടമായിരുന്നെന്നോ! മില്‍ക്‌മേഡില്‍ കാപ്പിയുണ്ടാക്കി, അതിനു മുകളില്‍ ഡ്രിങ്കിങ് ചോക്കലേറ്റ് തൂവി ആസ്വദിച്ചു കഴിക്കും. എ കോഫി വില്‍ ടേക്ക് യൂ ഔട്ട് എവിരി ഡാര്‍ക്ക് ഡെപ്ത്ത് എന്നു പ്രഖ്യാപിക്കാറുണ്ട്. ഏതു കരകാണാ ചുഴിയില്‍ നിന്നും ഒരു കാപ്പുകാപ്പിയുടെ ബലത്തില്‍ ചെറിയൊരു ചിരിയോടെ പുറത്തുവരും. ചുഴിയാകെ തോറ്റ് പിറകോട്ടു വലിയും. ഒരു ഹൊറര്‍ പുസ്തകവുമായി എല്ലാം മറന്നിരുന്ന് ജീവിതത്തെ തിരികെ പിടിക്കുന്ന മാജിക്കിനു പിറകില്‍ കാപ്പിയുടെ കോണ്‍ട്രിബ്യൂഷന്‍കൂടി പഠനവിധേയമാക്കേണ്ടതാണ്.
അമ്മ ഗംഭീരമായി ബേക്ക് ചെയ്തിരുന്നു. കൈകൊണ്ട് കേക്കിനുള്ള മാവ് കുഴച്ചെടുത്തു. എല്ലാം കഴിഞ്ഞ്, മധുരം നിറഞ്ഞ ആ വിരലറ്റം നുണയാന്‍ തന്നു. അമ്മയുടെ വിരലിന്റെ രുചി എന്നും ഈ കേക്കുമാവിന്റെ സവിശേഷമായ, ദൈവികമായ എന്തോ ഒന്നാണ്. മുട്ടയുള്ളതും ഇല്ലാത്തതുമായ എത്രയോ തരം കേക്കുകള്‍, ജാംറോളുകള്‍, സ്‌പോഞ്ച് കേക്കുകള്‍, ചോക്കലേറ്റും ക്രീമും നിറഞ്ഞവ, നോ നോണ്‍സന്‍സ് ടീക്കേക്കുകള്‍, മൊഞ്ചുള്ള ഫ്രൂട്ട് കേക്കുകള്‍, അല്‍പ്പം ബൗദ്ധികസ്വഭാവമുള്ള ഓറഞ്ച് പീല്‍കേക്ക്. മിസ്സിസ് കെ.എം. മാത്യു അമ്മയ്ക്ക് ഗുരുവും മൂത്ത സഹോദരിയും റോള്‍മോഡലുമായിരുന്നു. ആ അമ്മയോട് കടുത്ത ആരാധനയായിരുന്നു എന്നും. അവര്‍ ഒപ്പിട്ടു നല്‍കിയ പാചകപുസ്തകങ്ങള്‍ നിധിപോലെ സൂക്ഷിച്ചു. 'ഷീ സിവിലൈസ്ഡ് കേരളാസ് ലൈഫ് ലൈക്ക് നോ വണ്‍ ഹാസ് ഡണ്‍ ബിഫോര്‍' എന്നു പറഞ്ഞിരുന്നു.
പിന്നത്തെ ഇഷ്ടം പലതരം ബ്രെഡ്ഡുകളോടും മഫിനുകളോടും ബണ്ണുകളോടും ആയിരുന്നു. ബട്ടര്‍, നെയ്യ്, മയണീസ്, സോസുകള്‍, പലതരം പ്രിസര്‍വുകള്‍, ജാം എന്നിവ ഉണ്ടാക്കി, അതിനൊപ്പമായിരുന്നു ബ്രെഡ് ജീവിതം. കേരളത്തിലെ എല്ലാ മികച്ച ബേക്കറികളിലെയും ബ്രെഡ്ഡുകളുടെ താരതമ്യപഠനം എഴുതി പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. ബിസ്‌കറ്റുകള്‍, വേഫറുകള്‍, കുക്കീസ് എന്നിവയോടും പെരുത്ത് ഇഷ്ടം. ഇംഗ്ലണ്ടില്‍ ജനിക്കേണ്ടതായിരുന്നു എന്നു കുഞ്ഞമ്മയുടെ കളിയാക്കലിനോട് തമാശയായിപ്പോലും പ്രതികരിച്ചില്ല. കുഞ്ഞുമകന്‍ വിഷ്ണു ചോക്കലേറ്റ് കൈക്കൂലിയായി നല്‍കി ഹോം വര്‍ക്ക് എഴുതിച്ചു. രണ്ടുപേരുംകൂടി ആരും കാണാതെ കേക്കില്‍ ജാം പുരട്ടി കഴിച്ചു. ജീവിക്കണേല്‍ ഇങ്ങനെ വേണമെന്നു കാണിച്ചു തന്നു, പ്രപഞ്ചത്തെ തേന്‍മിഠായിയാക്കിയ ആ ഭൂലോകമധുരപ്രിയ.
അമ്മൂമ്മ, അമ്മൂമ്മയുടെ സഹായി പാറുവമ്മ, പിന്നെ മേമ എന്ന സന്തതസഹചാരിയും കൂട്ടുപ്രതിയുമായ മേബല്‍, കുഞ്ഞമ്മമാര്‍, അച്ഛന്റെ അമ്മ, അമ്മയുടെ മാമിമാര്‍ എന്നിവര്‍ ജീവിതകാലമത്രയും വീട്ടിലെ മൂത്തമകളെ കൊഞ്ചിച്ചും ലാളിച്ചും നോക്കിയതുകൊണ്ട് സ്ഥിരം അടുക്കളയില്‍ കയറാതെ, അതിനായി ജീവിതം പുകയ്ക്കാതെ എന്നാല്‍ ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിയും വാങ്ങിയും എല്ലാവരുമായി പങ്കുവെച്ചും സന്തോഷമായി രുചിക്കാലം അങ്ങനെ പോയി. ഏറ്റവുമൊടുവില്‍ അത്രയ്ക്ക് ഇഷ്ടം വെജ് നൂഡില്‍സിനോടായിരുന്നു, അതും ചെറിയ കുഞ്ഞമ്മ (സുജാതാദേവി) ഉണ്ടാക്കി നല്‍കണം. അമ്മയിപ്പോഴും എവിടെയെങ്കിലും നെസ്‌കഫേയുടെ ബ്രാന്‍ഡ് അംബാസിഡറായി തുടരുന്നുണ്ടാവണം. നാല്‍പ്പതു വര്‍ഷത്തോളം ഒപ്പമുണ്ടായ, ദിവസവും ഭക്ഷണം വായില്‍ വെച്ചുതന്ന്, ഏറ്റവും മികച്ച രുചി പരിശീലിപ്പിച്ച്, വൃത്തിയായി അടുക്കള നോക്കാന്‍ ശീലിപ്പിച്ച ആളെക്കുറിച്ച് ഇനിയും ഏറെ പറയാനുണ്ട്, പറ്റുന്നില്ല.
വെള്ള ഖദര്‍സാരിയായിരുന്നു ആദ്യപ്രണയം. പിന്നീടത് എല്ലാ ഇനം ഹാന്‍ഡ്‌ലൂമുകളുമായി. അല്ലെങ്കില്‍ മുണ്ടും വേഷ്ടിയും. വെള്ള, ഓഫ് വൈറ്റ് മാത്രം. അത് നന്നായി സ്റ്റാര്‍ച്ചിട്ട് തേച്ച്, ഭംഗിയായി അണിയും. കഴുത്തില്‍ ഒരു നേര്‍ത്ത സ്വര്‍ണച്ചെയിന്‍. വാച്ച്. കാതു കുത്തിയിട്ടില്ല. നെറ്റിയില്‍ വട്ടവുമല്ല ഗോപിയുമല്ല എന്ന രീതിയില്‍ ചെറിയ ഒരു സിന്ദൂരപ്പൊട്ട്. കോസ്‌മെറ്റിക്‌സ് ഇല്ല, വേറെ ഒരുക്കം ഒന്നുമില്ല.
വെറുതേയാണോ കാണുന്നവരൊക്കെ ഇവര്‍ ഗാന്ധിയനാണ്, കോണ്‍ഗ്രസ്സുകാരിയാണ് അല്ലെങ്കില്‍ ആകെമൊത്തം ഗൗരവസ്വഭാവക്കാരിയാണ് എന്നൊക്കെ ധരിച്ചുവശാകുന്നത്?
ഇതെല്ലാം ശരിയാണ്. ഖദറിനോട് ഭക്തികലര്‍ന്ന ബഹുമാനമുണ്ട്. ഒപ്പം എല്ലാ കൈത്തറികളോടും സ്‌നേഹം. വെള്ളവേഷം ജീവിതകാലം മുഴുവന്‍ അണിഞ്ഞുനടന്ന ഈ കക്ഷിക്കൊരു മറുവശമുണ്ട്. മറ്റുള്ളവര്‍ക്ക് സാരിയും ഷര്‍ട്ടും സല്‍വാര്‍കമ്മീസും വാങ്ങാന്‍ മണിക്കൂറുകള്‍ തുണിക്കടകളില്‍ അലയും. കുഞ്ഞമ്മയുടെ കല്യാണസാരിയായി ഗോള്‍ഡന്‍ ടിഷ്യു വാങ്ങിയത് ഈ ഖദറുകാരിയാണ്. ഓണം, വിഷു, ക്രിസ്മസ്, ഈദ്, ദസറ, ഈസ്റ്റര്‍ ആഘോഷം ഏതുമാകട്ടെ പുത്തനുടുപ്പുകള്‍ എല്ലാവര്‍ക്കും കിട്ടും. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ ഓരോരുത്തര്‍ക്കും പറ്റുന്നത് നോക്കിയെടുക്കും.
പരീക്ഷണത്തിന് മടിയില്ല, ട്രെന്‍ഡി സംഭവങ്ങളുടെ ആളാണ്. ഫെമിന, വനിത ഇവയുടെ അഡിക്ടായിരുന്നു. ഇതിന്റെ വന്‍കലക്ഷന്‍ കൊണ്ടുനടന്നു. ബൈന്‍ഡു ചെയ്‌തൊക്കെ സൂക്ഷിച്ചു.
നല്ല കോസ്‌മെറ്റിക്‌സും നല്ല പെര്‍ഫ്യൂമുകളും വാങ്ങിത്തരും. ചെരുപ്പുകളോട് അഡിക്ഷന്‍ ഉണ്ടായിരുന്നു. ഡിപ്രഷന്‍ വന്നാല്‍ ചെരുപ്പുവാങ്ങിയാല്‍ മതി എന്ന ഉപദേശം എന്നെ ജീവിതത്തില്‍ ഏറെ സഹായിച്ചു. ഓഫീസിലേക്കോ കോളജിലേക്കോ ഏതേലും ഫങ്ഷനോ ഇറങ്ങിയാല്‍ ഉടുപ്പ്, അക്‌സസറീസ്, തലമുടി കെട്ടുംവിധം വരെ ശ്രദ്ധിക്കും സജസ്റ്റ് ചെയ്യും, മാറ്റിക്കും, കൂടുതല്‍ നന്നാക്കും. മാസത്തിലൊരിക്കല്‍ ഫേഷ്യല്‍ ചെയ്യാന്‍ കാശു തരും, തലമുടി ട്രിമ്മുചെയ്യാന്‍ നിര്‍ബ്ബന്ധിക്കും. നല്ല പെര്‍ഫ്യൂം ഉപയോഗിച്ചില്ലെങ്കില്‍ കണ്ണുരുട്ടും. ഫ്രം ഹെഡ് ടു ടോ ലുക്ക് സ്മാര്‍ട്ട് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന് ഉപദേശിച്ചുകൊണ്ടേയിരിക്കും. പരുക്കന്‍ ഖദറൊക്കെ വെറും പുറംകാഴ്ചയാണെന്ന് മനസ്സിലായല്ലോ!
ഉടുപ്പുകള്‍ ഡിസൈന്‍ ചെയ്തു തുന്നിച്ചുതരുന്ന, തലമുടി ചീകിത്തരുന്ന, ഇഷ്ടംപോലെ ഉടുപ്പുകളും സാരികളും വാങ്ങിത്തരുന്ന, കുപ്പിവള മുതല്‍ ഡയമന്‍ഡ് വരെ ഒരു സ്ത്രീയുടെ അവകാശമാണെന്ന് വാദിച്ചിരുന്നു അമ്മ.
എത്രയോ സാരികള്‍ ഇന്ത്യയുടെ എല്ലാ സംസ്ഥാനത്തുനിന്നും ഈ ഖദറുകാരിക്ക് ഞാന്‍ വാങ്ങിയിരിക്കുന്നു. ഞാന്‍ മാത്രമല്ല, കുഞ്ഞമ്മമാരും ചേച്ചിയും അമ്മാവനും സുഹൃത്തുക്കളും ശിഷ്യകളുമെല്ലാം. വെള്ള, ഓഫ് വൈറ്റ് സാരികള്‍ തേടി നടക്കാത്തവരില്ല. എല്ലാം ആര്‍ഭാടങ്ങളില്ലാതെ ഒതുങ്ങി നടന്ന പ്രിയപ്പെട്ട ഈ അഞ്ചടി മൂന്നിഞ്ചുകാരിക്കുവേണ്ടി.
സാരി വാങ്ങി നല്‍കാന്‍, ഫെമിനയിലെ ഫാഷന്‍ നോക്കി ചര്‍ച്ച ചെയ്യാന്‍, ഭംഗിയുള്ള ഉടുപ്പുകളുടെ ഡിസൈന്‍ വരച്ചുകാണിക്കാന്‍ ഇന്ന് ആരുമില്ല. നിറം മങ്ങിപ്പോയി ജീവിതത്തിനാകെ.
അത്രയധികം കൂട്ടുകാരുള്ള ഒരാളെയും ഞാനിതുവരെ കണ്ടിട്ടില്ല. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സുഹൃത്തുക്കള്‍ മുതല്‍ കുഞ്ഞുമകന്‍ വിഷ്ണുവിന്റെ പ്രായക്കാര്‍വരെ കൂട്ടുകാരാണ്. എല്ലാവരെയും ഒപ്പമായി കണ്ടു, വര്‍ത്തമാനം പറഞ്ഞു, ചിരിച്ചു, പലതും പങ്കുവെച്ചു, കലവറയില്ലാതെ സ്‌നേഹം അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി.
ശിഷ്യരില്‍നിന്നായിരുന്നു ഏറ്റവും കൂടുതല്‍ കൂട്ടുകാര്‍, ഏറ്റവും അടുപ്പമുള്ളവരും. ഏറ്റവും അടുത്ത കൂട്ടുകാരി ലളിത (ശ്രീമതി ലളിതാമേനോന്‍). ശിഷ്യരില്‍ ഏറ്റവും അടുപ്പവും ആശ്രയത്വവും യശ്വന്ത് റാവു (അദ്ദേഹത്തിന്റെ ഭാര്യ ഷൊമിത ആന്റിയും), അരുണ്‍കുമാര്‍, അബ്ദുള്‍ റഷീദ്, സൂസി കുരുവിള, ലക്ഷ്മിമേനോന്‍ എന്നിവരോട്.
ശാന്തകുമാരി ടീച്ചര്‍, ചെല്ലമ്മ ജോസഫ് ടീച്ചര്‍, മൂത്തത് സാര്‍ തുടങ്ങി വിനയന്‍സാറും വിജയന്‍സാറും ഹേമ ടീച്ചര്‍, ജയശ്രീച്ചേച്ചി, അന്നമ്മ ജോസഫ് ടീച്ചര്‍, സരോജനി ടീച്ചര്‍ എന്നിങ്ങനെയുള്ളവര്‍ ഏറെ അടുപ്പമുള്ള സഹപ്രവര്‍ത്തകര്‍. സ്‌കൂള്‍കാലം മുതല്‍ അവസാന നാള്‍വരെ ഇന്ദിരാശേഖറും പദ്മപിള്ളയും കൂട്ടുകാരാണ്. ഇങ്ങനെ എത്രയെത്ര മനോഹരമായ കൂട്ടുകൂടലുകള്‍. ഒ.എന്‍.വി. സാറിനോടും പണിക്കര്‍ സാറിനോടും വിഷ്ണു സാറിനോടും സഹോദരതുല്യമായ സ്‌നേഹബഹുമാനമായിരുന്നു. മധുസൂദനന്‍ സാറിനോട് കുഞ്ഞനുജനോടുള്ള വാത്സല്യം. പി.കെ. രാജശേഖരനോട് ബഹുമാനവും ഇഷ്ടവും. ശ്രീലതച്ചേച്ചി (ഡോ. ശ്രീലത), പാര്‍വ്വതി (മാല പാര്‍വ്വതി), മീന (മീന പി. കുമാര്‍) എന്നിവരോട് അങ്ങേയറ്റത്തെ ഇഷ്ടം. എഴുതിയാല്‍ തീരില്ല ഈ കൂട്ടുകാരുടെ ലിസ്റ്റ്. അവരെ ഓരോരുത്തരെയും ചേര്‍ത്തുചേര്‍ത്ത് പിടിച്ചു. അവരെയോര്‍ത്ത് അഭിമാനവും സന്തോഷവും ആധിയും അറിഞ്ഞു. സൗഹൃദത്തില്‍ ഏറ്റവും വിലപിടിപ്പുള്ള, ആഴമുള്ള, അര്‍ത്ഥമുള്ള സ്വത്തിനുടമയായിരുന്നു അമ്മ.
സാഹിത്യം പഠിപ്പിച്ച്, വായിച്ച്, പുസ്തകമൊക്കെ എഴുതി, കുടുംബവും ബന്ധുക്കളുമായി സസുഖം ജീവിച്ച ഒരാളേ ആയിരുന്നില്ല അമ്മ. ഇത്രയും പൊളിറ്റിക്കലായ ഒരാളെയും ഞാന്‍ കണ്ടിട്ടേയില്ല. രാഷ്ട്രീയമായിരുന്നു ഊണിലും ഉറക്കത്തിലും. രാജ്യത്തെയും രാഷ്ട്രീയത്തെയും കുറിച്ചായിരുന്നു വേവലാതിയും താത്പര്യവും. ഇന്ത്യയെ ആഴത്തിലറിയാനും സ്‌നേഹിക്കാനുമായിരുന്നു ശ്രമം. ഒപ്പം ലോകക്രമവും ലോകരാഷ്ട്രങ്ങളിലെ സംഭവവികാസങ്ങളും വായിച്ചും പഠിച്ചും കഴിഞ്ഞു. ഗാന്ധിയെയും മാര്‍ക്‌സിനെയും ലിങ്കണെയും മാത്രമല്ല അരിസ്റ്റോട്ടിലിനെയും പ്ലേറ്റോയെയും പഠിച്ചു. പലസ്തീന്‍ എന്നുമൊരു വേദനയായി കൊണ്ടുനടന്നു. അറബ് രാഷ്ട്രീയവും എഴുത്തും അതീവതാത്പര്യത്തോടെ പിന്തുടര്‍ന്നു. കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള രാഷ്ട്രീയം മുതല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ രാഷ്ട്രീയക്കളിവരെ സസൂക്ഷ്മം നോക്കിക്കണ്ടു.
ദിവസവും നാലഞ്ചു പത്രം വായിച്ചു. ബി.ബി.സി. മുതല്‍ മലയാളം, ഹിന്ദി വാര്‍ത്താ ചാനലുകള്‍വരെ കണ്ടു. ഇ.പി.ഡബ്ല്യൂ തുടങ്ങി മാതൃഭൂമിയും മലയാളം വാരികയും വരെ പല ഭാഷകളിലെ കഴമ്പുള്ള ആനുകാലികങ്ങള്‍ വായിച്ചു, സൂക്ഷിച്ചുവെച്ചു. നെറ്റില്‍ ലഭ്യമായ പലതും പിന്നീട് വായിച്ചു. രാഷ്ട്രീയം, ഭരണം, സാമൂഹിക വിഷയങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ജീവചരിത്രം തുടങ്ങി രാഷ്ട്രീയപ്രമേയങ്ങളും കോടതിയുത്തരവുകളും വരെ വായിച്ചു. ഗുജറാത്തുകലാപം സംബന്ധിച്ച രേഖകളും എഴുത്തുകളും ഡോക്യുമെന്ററികളും മറ്റും കണ്ടും വായിച്ചും പഠിക്കാനും വായിക്കാനും ഒന്നേകാല്‍ വര്‍ഷത്തോളം സമയമെടുത്തു. ഗാന്ധിയെ പഠിക്കാന്‍ കഴിയുന്നില്ല, അത്രയ്ക്കും വലുതാണാ ജീവിതമെന്നും പണ്ഡിറ്റ്ജി പ്രാതഃസ്മരണീയനാണെന്നും ലാലാ ലജ്പത്‌റായ് വിപ്ലവനക്ഷത്രമാണെന്നും വിശ്വസിച്ചു.
അമ്മ രാഷ്ട്രീയപ്രവര്‍ത്തകയാകണമെന്നായിരുന്നു അപ്പൂപ്പന്റെ താത്പര്യം എന്നു കേട്ടിട്ടുണ്ട്. ആയില്ല എന്നു മാത്രമല്ല, അപ്പൂപ്പന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്ന് ഒരു മൊട്ടുസൂചിപോലും സ്വീകരിച്ചുമില്ല. അവസാനംവരെ ഏറ്റവും ആഴത്തിലുള്ള താത്പര്യം രാഷ്ട്രീയമായിരുന്നു, ഏറ്റവും വലിയ പ്രതിബദ്ധത പിറന്ന നാടിനോടുമായിരുന്നു. സ്വാതന്ത്ര്യസമരകാലത്തെ ജീവിതത്തിന്റെ ബാക്കിപത്രങ്ങള്‍ കണ്ടുവളര്‍ന്നതിന്റെ ആകെത്തുക ആയിരുന്നിരിക്കാം അത്.
അവര്‍ മൂന്നുപേര്‍ ഒരു ലോകമായിരുന്നു. അമ്മയും രണ്ട് അനുജത്തിമാരും. ഈ ലോകത്ത് മറ്റാരും മറ്റൊന്നും ഇവര്‍ക്കിടയില്‍ വരില്ല. ഒരാള്‍ മറ്റൊരാളുടെ തുടര്‍ച്ചയെന്നപോലുള്ള മൂന്നുപേര്‍. താത്പര്യങ്ങളില്‍, എഴുത്തില്‍, അഭിപ്രായങ്ങളില്‍ യോജിപ്പും വിയോജിപ്പും ഒരുപോലെ ഇഷ്ടത്തോടെ ജീവിതം കൊണ്ടുനടന്ന മൂന്നു കൂട്ടുകാരികള്‍. അനുജത്തിമാരുടെ റോള്‍മോഡലും വഴികാട്ടിയും ലോകവും കരുത്തുമായിരുന്നു ചേച്ചി.
അമ്മയ്ക്ക് ലോകത്തേക്കും ഇഷ്ടം സുഗതക്കുഞ്ഞമ്മയോടായിരുന്നു. സുഗത, സുഗത എന്ന് ഒരായിരം തവണ പറയും. സുഗതയുടെ എഴുത്തും പ്രവര്‍ത്തനവും ആഹ്ലാദത്തോടെ, അഭിമാനത്തോടെ കൂടെനിന്നു കണ്ടു. അനുജത്തിയെക്കാളും മകളായിരുന്നു സുജാത. എന്തൊരിഷ്ടമായിരുന്നുവെന്നോ കുഞ്ഞനുജത്തിയോട്.
സങ്കടം, സന്തോഷം, നഷ്ടങ്ങള്‍, കോട്ടങ്ങള്‍, വീഴ്ചകള്‍, ഉയര്‍ച്ചകള്‍... എല്ലാം ഈ ജീവിതങ്ങളെ ആടിയുലയിച്ചിട്ടുണ്ട്. പക്ഷേ, ഇവര്‍ വീണുപോയില്ല,
സ്‌നേഹത്തില്‍ ഇവര്‍ മൂന്നുപേരെയും കോര്‍ത്തിട്ടു, ജീവിതം. മൂവരും കൊടുങ്കാറ്റുകളിലേക്ക് ഇറങ്ങിനടന്നു, തിരകള്‍ക്കു മേലേയൊഴുകി, അടികാണാക്കയങ്ങളില്‍ മുങ്ങിപ്പൊങ്ങി. എത്രയെഴുതിയാലും തീരില്ല ഈ മൂന്നുപേരുടെ ജീവിതത്തെയും പാരസ്പര്യത്തെയും സഹനത്തെയും കുറിച്ച്.
പരമ്പരാഗതമായ ചുറ്റുപാടുകളില്‍, പാട്രിയാര്‍ക്കലായ സമൂഹത്തില്‍, വീടും കുടുംബവും പ്രാരാബ്ധങ്ങളുമെല്ലാം നേരിട്ടും അതിജീവിച്ചും ജീവിച്ച മൂന്നു സ്ത്രീകള്‍. ക്രിയേറ്റിവിറ്റിയും ധിഷണയും ധൈര്യവും അവര്‍ക്ക് കൂടുതലായിരുന്നു. എല്ലാത്തിനും അപ്പുറം ഇവര്‍ക്കുള്ളില്‍ ഉറവ വറ്റാത്ത കവിതയുണ്ടായിരുന്നു. ജീവിച്ച ജീവിതങ്ങളെക്കുറിച്ച്, ഏറ്റുവാങ്ങിയ തീപ്പൊള്ളലുകളെകുറിച്ച്, കുടിച്ചുതീര്‍ത്ത കണ്ണീരിനെക്കുറിച്ച്, മുറുകെപ്പിടിച്ച പാരസ്പര്യത്തെക്കുറിച്ച് എഴുതാനും പറയാനുമുള്ള അറിവോ ശക്തിയോ എനിക്കില്ല. എങ്കിലും, ഇതെല്ലാം എന്നെങ്കിലും ആരെങ്കിലും രേഖപ്പെടുത്തേണ്ടതാണെന്ന് പറയാതെ വയ്യ.
അമ്മ എല്ലാവരുടേതുമായിരുന്നു. എല്ലാമെല്ലാമായിരുന്നു. ആയിരുന്നു എന്ന ഭൂതകാലപ്രയോഗത്തിന് സത്യത്തില്‍ വലിയ പ്രസക്തിയില്ല. അതൊരു തുടര്‍ച്ചയാണ്, നന്മയുടെയും ഭംഗിയുടെയും അര്‍ത്ഥത്തിന്റെയും തുടര്‍ച്ച. ചിലപ്പോള്‍ ചാരുതയാര്‍ന്ന് കുറുകുന്ന ഒരു കുഞ്ഞുകിളിയാണെന്നു തോന്നും. ചിലപ്പോഴത് വന്യമായി പാഞ്ഞൊഴുകുന്നൊരു നദീമുഖം. മറ്റുചിലപ്പോള്‍ വന്‍മരങ്ങള്‍ നീണ്ടുനിവര്‍ന്നു നില്‍ക്കുന്നൊരു മഴക്കാട്. ചിലപ്പോഴാവട്ടെ മഹാപര്‍വ്വതങ്ങളുടെ ഹിമമൗനം, ചിലനേരം, ആഞ്ഞാഞ്ഞുവീശി മനസ്സിനെ കടപുഴക്കുന്നൊരു കൊടുങ്കാറ്റ്, സൂക്ഷ്മാര്‍ത്ഥത്തില്‍ ഒരു ചെറിയ പാട്ട്, അനന്താകാശത്തിലെ ദൂരനക്ഷത്രം. കൂടെയുണ്ടാകുക, ഇനിയുമെപ്പോഴും, എല്ലാമായി...
Content Highlights: prof hridayakumari 9th anniversary daughter sreedevi pillai writes