ഈയാംപാറ്റകളെപ്പോലെ റാസ്പ്യുട്ടിനിലേക്ക് പറന്നുവീണ സ്ത്രീകള്‍; റാസ്പ്യുട്ടിനെ പൊളിച്ചടുക്കിയ റ്റഫി

#സക്കറിയ
റാസ്പ്യുട്ടിന്‍, റ്റെഫി (ഫോട്ടോ: വിക്കിപീഡിയ)
റാസ്പ്യുട്ടിന്‍, റ്റെഫി (ഫോട്ടോ: വിക്കിപീഡിയ)

സാര്‍ ചക്രവര്‍ത്തി ഭരണകാലത്ത് റഷ്യയെ പരോക്ഷമായി ഭരിച്ച റാസ്പ്യുട്ടിന്‍ എന്ന കുപ്രസിദ്ധ മനുഷ്യനെക്കുറിച്ചും റാസ്പ്യൂട്ടിനെ പിന്തുടര്‍ന്ന റ്റഫി എന്ന എഴുത്തുകാരിയെക്കുറിച്ചും സക്കറിയ എഴുതുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സക്കറിയയുടെ, കാലത്തിന്റെ കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്നും... 

'റാ റാ റസ്പ്യുട്ടിന്‍ ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍!' എന്നും 'റഷ്യാസ് ഗ്രേറ്റസ്റ്റ് ലൗ മെഷീന്‍' എന്നുമാണ് ലോകപ്രശസ്ത പോപ് സംഗീത ബാന്‍ഡ് 'ബോണി എം' 1978-ലെ അവരുടെ റാസ്പ്യുട്ടിന്‍ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തില്‍ പാടിയത്.

സൈബീരിയയിലെ ഒരു കുഗ്രാമത്തില്‍നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ കുടിയേറി ബ്രഹ്‌മാണ്ഡസദൃശമായ റഷ്യന്‍ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഏറ്റവും ശക്തിയേറിയ വ്യക്തിയായി മാറിയ, അക്ഷരാഭ്യാസരഹിതനായ ഈ അസാധാരണമനുഷ്യനെപ്പറ്റി ഗാനങ്ങള്‍ മാത്രമല്ല ചലച്ചിത്രങ്ങളും നാടകങ്ങളും ഓപ്പറകളും ടിവി സീരിയലുകളും കോമിക് പുസ്തകങ്ങളും നോവലുകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. റാസ്പ്യുട്ടിന്റെ ജീവചരിത്രങ്ങള്‍ പലതുണ്ട്. ആരായിരുന്നു ഇയാള്‍?

ആത്മീയഗുരുക്കന്മാരുടെ അവിഹിത രാഷ്ട്രീയശക്തിയും ദുസ്സ്വാധീനവും അധികാരദുര്‍വിനിയോഗങ്ങളും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഒരു നിത്യജീവിതവാസ്തവമായി അനുഭവിക്കുന്ന നമ്മെ റാസ്പ്യുട്ടിന്റെ കഥ ഒരുപക്ഷേ, അദ്ഭുതപ്പെടുത്തില്ല. പല ജനുസ്സുകളില്‍പ്പെട്ട റാസ്പ്യുട്ടിന്മാര്‍- അവരില്‍ സ്ത്രീകളുമുണ്ട്, പുരുഷന്മാരുമുണ്ട്- ഇന്ത്യന്‍ രാഷ്ട്രീയാധികാരവ്യവസ്ഥിതിയുടെ ഭാഗമാണ്.

ഗ്രിഗറി റാസ്പ്യുട്ടിന്‍ (1869-1916) ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധരായ വ്യക്തികളിലൊരാളാണ്. 1916-ല്‍ അദ്ദേഹം കൊലചെയ്യപ്പെടുന്നതിനു മുന്‍പിലെ ഏതാണ്ട് ഒരു ദശകത്തോളം റഷ്യയിലെ ജനങ്ങള്‍ സാര്‍ ചക്രവര്‍ത്തി നിക്കളസ് രണ്ടാമനെക്കാള്‍ ഭയപ്പെട്ടത് റാസ്പ്യുട്ടിനെയായിരുന്നു എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയായിരിക്കില്ല. രോഗിയായ രാജകുമാരനെ പ്രാര്‍ഥിച്ച് സുഖപ്പെടുത്താനായി കൊട്ടാരത്തിലേക്ക് ചക്രവര്‍ത്തിനിയുടെ ഒരു തോഴി ശുപാര്‍ശ ചെയ്ത് പറഞ്ഞുവിട്ട, സാമാന്യമര്യാദകള്‍പോലും വശമില്ലാത്ത, ഈ നാടന്‍ സൈബീരിയക്കാരന്‍, കുറഞ്ഞൊരു കാലംകൊണ്ട് റഷ്യന്‍ സാമ്രാജ്യസിരാകേന്ദ്രമായ സാര്‍ കൊട്ടാരത്തിലെ സര്‍വാധിപതിയും അലക്സാന്‍ഡ്രാ ചക്രവര്‍ത്തിനിയുടെ ഏറ്റവുമടുത്ത വ്യക്തിയുമായി മാറി. ചക്രവര്‍ത്തിനി റാസ്പ്യുട്ടിന്റെ ഓരോ വാക്കും ശിരസാവഹിച്ചു. അവരിലൂടെ റാസ്പ്യുട്ടിന്റെ സ്വാധീനം ചക്രവര്‍ത്തിയിലേക്കും വ്യാപിച്ചു. യുദ്ധകാര്യങ്ങളില്‍പ്പോലും റാസ്പ്യുട്ടിന്‍ ഇടപെട്ടു. അദ്ദേഹത്തെപ്പറ്റി നൂറുകണക്കിന് കഥകള്‍ നാട്ടില്‍ നിറഞ്ഞു. ദുര്‍മന്ത്രവാദി, ഹിപ്നോട്ടിസ്റ്റ്, ജര്‍മന്‍ചാരന്‍ (റഷ്യ അപ്പോള്‍ ജര്‍മനിയുമായി യുദ്ധത്തിലായിരുന്നു.) മദ്യപന്‍, വിഷയലമ്പടന്‍ എന്നിങ്ങനെ പോയി റാസ്പ്യൂട്ടിന്റെ വിശേഷണങ്ങള്‍. അദ്ദേഹത്തിന്റെ ചെയ്തികള്‍ അഥവാ അവയെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ പത്രങ്ങളുടെ മേച്ചില്‍പ്പുറമായിരുന്നു (അന്ന് സെന്‍സര്‍ഷിപ്പ് ഉണ്ടായിരുന്നില്ല- രഹസ്യപ്പോലീസ് ഇടയ്ക്കോരോ പത്രമോഫീസ് റെയ്ഡു ചെയ്ത് അടപ്പിക്കുമെന്നതൊഴിച്ചാല്‍). ചക്രവര്‍ത്തികുടുംബത്തിലെ റാസ്പ്യുട്ടിന്റെ സ്വാധീനം വിദേശഭരണകൂടങ്ങളില്‍പ്പോലും ചര്‍ച്ചാവിഷയമായിരുന്നു. ഭരണവ്യവസ്ഥ നിലംപരിശായിത്തീര്‍ന്ന്, യുദ്ധത്തില്‍ കുഴഞ്ഞ്, വിപ്ലവം പടിവാതിലിലെത്തിനിന്ന റഷ്യയില്‍ റാസ്പ്യുട്ടിന്റെ ചെവി ഒരുനിമിഷം കിട്ടുകയെന്നത് സാധാരണക്കാരും പ്രമാണിമാരും വന്‍ഭാഗ്യമായി കരുതി. ചക്രവര്‍ത്തിനിയുമായി റാസ്പ്യുട്ടിന് ലൈംഗികവേഴ്ചയുണ്ട് എന്ന സംസാരം പരക്കെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രതിജീവിതം വര്‍ണശബളവും തുറന്നതുമായിരുന്നു. മദ്യപാനത്തില്‍ അദ്വിതീയന്‍.

ഇന്ത്യയിലെ ആള്‍ദൈവങ്ങളുടെ ചുറ്റും തടിച്ചുകൂടുന്നത് സാധാരണക്കാരാണ്. അവിടെനിന്നാണ് കുട്ടിദൈവങ്ങള്‍ അധികാരത്തിന്റെ ഇടനാഴികളിലേക്കു കടന്നുകയറുന്നത്- ആരാധകരുടെ കൈയടികളോടെ. പക്ഷേ, റാസ്പ്യുട്ടിന്‍ സെന്റ്പീറ്റേഴ്സ്ബര്‍ഗിലെ വരേണ്യവര്‍ഗവനിതകളുടെ സ്വന്തം ആള്‍ദൈവമായിരുന്നു- അവരുടെയൊരു സ്വര്‍ഗീയപുരുഷന്‍. ചക്രവര്‍ത്തിനിയുടെ സ്വന്തം ഗുരുവിനെ അവര്‍ അവരുടെയും ഗുരുവായി വാഴിച്ചു. അവരദ്ദേഹത്തെ സത്കാരങ്ങളും സ്വീകരണങ്ങളുംകൊണ്ടു വീര്‍പ്പുമുട്ടിച്ചു. റാസ്പ്യുട്ടിന്‍ വീട്ടില്‍ വരികയെന്നത് പ്രഭ്വിമാരെ പുളകംകൊള്ളിക്കുന്ന അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ അടുത്തിരിക്കുക, വാക്കുകള്‍ കേള്‍ക്കുക, അദ്ദേഹത്തെ ശുശ്രൂഷിക്കുക. (ഇന്ത്യക്കാരും മലയാളികളുമായ നമുക്ക് ഇതിലെന്തു പുതുമ!)

റാസ്പ്യുട്ടിന്റെ കാടന്‍ പെരുമാറ്റംപോലെയൊരു പ്രകടനത്തിന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ വരേണ്യ-കുലീന പ്രഭുകുടുംബങ്ങളുടെ ഡിന്നര്‍ഹാളുകള്‍ ഒരിക്കലും സാക്ഷ്യംവഹിച്ചിട്ടുണ്ടായിരുന്നില്ല. സംസാരം ശുദ്ധ അസംബന്ധം; പലപ്പോഴും പുലഭ്യം. ഭക്ഷണരീതി ദുസ്സഹം. സ്ത്രീകളോട് അടിമകളോടെന്നപോലെയാണു പെരുമാറിയത്. പക്ഷേ, ആത്മീയഗുരുവിന്റെ പ്രാകൃതരീതികള്‍ പ്രഭ്വികള്‍ മനംമറന്ന് ആസ്വദിച്ചു (സ്വന്തം പ്രഭുക്കന്മാരെക്കൊണ്ട് അവര്‍ക്കു ബോറടിച്ചിരുന്നുവെന്നു തീര്‍ച്ച). റാസ്പ്യുട്ടിന്‍ അവരെക്കൊണ്ട് കാല്‍ കഴുകിച്ച് ആ വെള്ളം കുടിപ്പിക്കുമായിരുന്നുവത്രേ. ഇഷ്ടം തോന്നുന്ന സ്ത്രീകളോട് തന്റെ പക്കല്‍ ഹാജരാകാന്‍ ആജ്ഞ കൊടുക്കും, അത്രമാത്രം. ഭര്‍ത്താക്കന്മാര്‍ക്ക് അതില്‍ വലിയ പ്രതിഷേധമൊന്നുമുണ്ടായിരുന്നില്ല. മറിച്ച്, കൊട്ടാരത്തില്‍ കാര്യം സാധിക്കാനുണ്ടായിരുന്ന ഭര്‍ത്താക്കന്മാര്‍ ഭാര്യയെ ഏതെങ്കിലും വിധത്തില്‍ റാസ്പ്യുട്ടിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പണിപ്പെട്ടിരുന്നു. അക്ഷരവിദ്യ കഷ്ടിയായിരുന്ന റാസ്പ്യുട്ടിന്‍ കീറക്കടലാസുകളില്‍ മന്ത്രിമാര്‍ക്കും മറ്റും കുറിച്ചു കൊടുത്തുവിട്ട 'ഉത്തരവുകള്‍' കുപ്രസിദ്ധങ്ങളായിരുന്നു; അവയുടെ നിര്‍ലജ്ജമായ അധികാരപ്രകടനത്തിനു മാത്രമല്ല, അക്ഷരത്തെറ്റിനും വ്യാകരണമില്ലായ്മയ്ക്കും.

സൈബീരിയയിലെ ഒരു കുഗ്രാമത്തില്‍ ഒരു ദരിദ്രകര്‍ഷകനായി കഴിഞ്ഞിരുന്ന റാസ്പ്യുട്ടിന്‍ ഔദ്യോഗികമായി പുരോഹിതനോ സന്ന്യാസിയോ അല്ലായിരുന്നു എന്നതാണു തമാശ. താടിയും മുടിയും നീട്ടി വളര്‍ത്തിയിരുന്നു. പുരോഹിതന്മാരുടെതുപോലെയുള്ള അങ്കി അണിഞ്ഞിരുന്നു. റാസ്പ്യുട്ടിന്‍ അക്കാലത്ത് തീര്‍ഥയാത്രകള്‍ക്കു പോകുമായിരുന്നു. ഒരു തീര്‍ഥയാത്രയ്ക്കുശേഷം അദ്ദേഹം മടങ്ങി വന്നത് ആത്മീയവിചാരതത്പരനായിട്ടാണ്. 

അയല്‍ക്കാരെ വിളിച്ചുകൂട്ടി പ്രാര്‍ഥനകള്‍ നടത്തിത്തുടങ്ങി. അപ്പോളദ്ദേഹം വിവാഹിതനും അഞ്ച് കുട്ടികളുടെ പിതാവുമായിരുന്നു. സ്ഥലത്തെ പള്ളിയിലെ അച്ചനാണ് റാസ്പ്യുട്ടിന്റെ പ്രാര്‍ഥനാചാതുര്യം കണ്ട് അദ്ദേഹത്തെ സെന്റ്പീറ്റേഴ്സ്ബര്‍ഗിലെ പ്രഭുകുടുംബവലയങ്ങളില്‍ അവതരിപ്പിച്ചത്. ചക്രവര്‍ത്തിനിയുടെ തോഴിയായിരുന്ന അന്ന വിറുബോവ എന്ന പ്രഭ്വിക്ക് റാസ്പ്യുട്ടിന്‍ തനിക്കു രോഗശാന്തി തന്നു എന്നു വിശ്വാസമായി. അവരാണ് അദ്ദേഹത്തെ ചക്രവര്‍ത്തികുമാരന്റെ രോഗശാന്തിക്കായി സാര്‍കൊട്ടാരത്തിലെത്തിച്ചത്. പിന്നീട് റാസ്പ്യുട്ടിന്‍ തിരിഞ്ഞുനോക്കിയിട്ടില്ല (ഇന്ത്യക്കാരായ പ്രിയവായനക്കാരേ ഇതെല്ലാം സുപരിചിതങ്ങളായി തോന്നുന്നുവെങ്കില്‍ ചരിത്രത്തിന്റെ ആവര്‍ത്തനസ്വഭാവത്തെയോര്‍ത്ത് എന്നോടു ക്ഷമിക്കുക). 1915-ല്‍ ജര്‍മനിയുമായുള്ള യുദ്ധമുഖം റഷ്യയ്ക്ക് പ്രതികൂലമായിത്തീര്‍ന്നപ്പോള്‍ നിക്കളസ് രണ്ടാമന്‍ ചക്രവര്‍ത്തി (റാസ്പ്യുട്ടിന്റെ ഉപദേശപ്രകാരം)സ്വയം യുദ്ധക്കളത്തിലേക്കു യാത്രയായി. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിന്റെ അടുത്ത ഒരു വര്‍ഷം ചക്രവര്‍ത്തിനിയുടെ മേലും തന്മൂലം റഷ്യന്‍ ഭരണയന്ത്രത്തിന്മേലുമുള്ള റാസ്പ്യുട്ടിന്റെ പിടി മുറുകുന്നതിനു സാക്ഷ്യം വഹിച്ചു. ബോള്‍ഷെവിക്കുകള്‍ ഒക്ടോബര്‍വിപ്ലവത്തിലേക്കുള്ള ചുവടുവെപ്പുകള്‍ നടത്തുകയായിരുന്നു.

ഭരണം താറുമാറായിക്കഴിഞ്ഞിരുന്നു. ഭരണകൂടത്തിലും പുറത്തും റാസ്പ്യുട്ടിന്റെ ശത്രുക്കളുടെ എണ്ണം വര്‍ധിച്ചു. 1916 ഡിസംബറില്‍ പട്ടാള ഓഫീസറും രാജകുടുംബാംഗവുമായിരുന്ന ഫെലിക്സ് യുസുപോഫ് റാസ്പ്യുട്ടിനെ തന്റെ കൊട്ടാരത്തിലേക്കു ഡിന്നറിനു ക്ഷണിച്ചു. സയനൈഡ് കലര്‍ത്തിയ ഭക്ഷണവും മദ്യവും നല്കി. റാസ്പ്യുട്ടിന് ഒന്നും സംഭവിച്ചില്ല. അവസാനം വെടിവെച്ചു വീഴ്ത്തി. മരിച്ചു എന്നു കരുതിയ റാസ്പ്യുട്ടിന്‍ കുറച്ചു കഴിഞ്ഞ് ചാടിയെണീറ്റ് യുസുപോഫിനെ ആക്രമിച്ചു. എന്നിട്ട് പുറത്തേക്കോടി. നെറ്റിയിലേറ്റ വെടിയിലാണ് അദ്ദേഹം അവസാനം മരിച്ചുവീണത്. അവര്‍ ശവം കൈയും കാലും കൂട്ടിക്കെട്ടി ഒരു നദിയില്‍ തള്ളി. അതു പിറ്റേന്ന് പൊങ്ങിവന്നു. ചക്രവര്‍ത്തിനി റാസ്പ്യുട്ടിനെ കൊട്ടാരവളപ്പില്‍ ബഹുമതികളോടെ സംസ്‌കരിച്ചു. ഒരു മാസം കഴിഞ്ഞ് 1917 ഫെബ്രുവരിയിലെ ഒന്നാം വിപ്ലവത്തിന്റെ നാളുകളില്‍ വിപ്ലവകാരികള്‍ റാസ്പ്യുട്ടിന്റെ ശരീരാവശിഷ്ടങ്ങള്‍ കൊട്ടാരവളപ്പില്‍നിന്നു കുഴിച്ചെടുത്തു കാട്ടില്‍ കൊണ്ടുപോയി കത്തിച്ചുകളഞ്ഞു.

യഥാര്‍ഥത്തില്‍ എന്തായിരുന്നു ഈ മനുഷ്യന്‍, എന്തായിരുന്നു അദ്ദേഹത്തിന്റെ ശക്തി? അദ്ദേഹം എത്തിച്ചേര്‍ന്ന അസാധാരണമായ അധികാരത്തിന്റെ ഇടം സ്വന്തം ആഗ്രഹങ്ങളുടെ സൃഷ്ടിയായിരുന്നോ അതോ യാദൃച്ഛികസാഹചര്യങ്ങളുടെതോ? ഇതൊന്നും ഇനിയൊരിക്കലും അറിയാന്‍ വഴിയില്ല. ഏതായാലും റഷ്യന്‍വിപ്ലവത്തിന് റാസ്പ്യുട്ടിനോടു നന്ദി പറയാനുണ്ടെന്നതു തീര്‍ച്ച. കാരണം, അദ്ദേഹവും കൂടിച്ചേര്‍ന്നു നിര്‍മിച്ച ഭരണകൂടദുരന്തമാണ് ഒക്ടോബര്‍വിപ്ലവത്തെ ത്വരിതപ്പെടുത്തിയതും വിജയിപ്പിച്ചതും.

ലോകമൊട്ടാകെയുള്ള വായനക്കാര്‍ ഇന്ന് തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്ന അസാധാരണ പ്രതിഭാശാലിയായ റഷ്യന്‍ എഴുത്തുകാരിയാണ് റ്റഫി (Teffi). അവരുടെ യഥാര്‍ഥ നാമം നടാഷ്ഡ ലോഖ്വിറ്റ്സായ എന്നായിരുന്നു. 1872-ല്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ജനിച്ച അവര്‍ 1952-ല്‍ പാരിസില്‍ മരിച്ചു. സെന്റ്പീറ്റേഴ്സ്ബര്‍ഗിലെ ധനികവും വിദ്യാസമ്പന്നവുമായ ഒരു കുടുംബത്തിലായിരുന്നു റ്റഫി ജനിച്ചത്. വായനക്കാരിയായി വളര്‍ന്നു. 13-ാം വയസ്സില്‍ ടോള്‍സ്റ്റോയിയെ കാണാന്‍ പോകുന്നതിനെപ്പറ്റി റ്റഫി എഴുതുന്നുണ്ട്. യുദ്ധവും സമാധാനവും എന്ന കൃതിയിലെ ആന്ദ്രേ രാജകുമാരന്റെ ജീവിതത്തെ ഒന്നു മാറ്റിയെഴുതാമോ എന്നു ചോദിക്കാനാണ് ആയയുമായി പോയത്. പക്ഷേ, ടോള്‍സ്റ്റോയിയെ കണ്ടപ്പോള്‍ പേടിച്ചുവിറച്ച് എന്തോ വിക്കിവിക്കി പറഞ്ഞു തിരിച്ചുപോന്നുവത്രേ. റഷ്യന്‍ചരിത്രത്തെ ഇളക്കിമറിച്ച മൂന്നു സംഭവവികാസങ്ങള്‍ക്കു റ്റഫി ദൃക്സാക്ഷിയായിത്തീര്‍ന്നു. 1905-ലെ പരാജയപ്പെട്ട വിപ്ലവം, 1917-ലെ ഒക്ടോബര്‍വിപ്ലവം, തുടര്‍ന്ന് ദക്ഷിണറഷ്യയിലും യുക്രൈനിലും നടന്ന ആഭ്യന്തരയുദ്ധം.

റ്റഫി സോഷ്യലിസ്റ്റുപക്ഷത്താണു പ്രവര്‍ത്തിച്ചിരുന്നത്. ബോള്‍ഷെവിക് അനുകൂലിയായിരുന്നു. പക്ഷേ, ബോള്‍ഷെവിക് വിജയത്തോടെ, അവരുടെ സ്വേച്ഛാധിപത്യശൈലിയും സ്വാതന്ത്ര്യധ്വംസനവും സാംസ്‌കാരികവിരുദ്ധതയും മടുത്ത് റ്റഫി സെന്റ്പീറ്റേഴ്ബര്‍ഗ് വിട്ട് അലഞ്ഞു. അവസാനം 1919-ല്‍ മറ്റനേകം റഷ്യക്കാരെപ്പോലെ അവര്‍ നാടുവിട്ടു. തുര്‍ക്കിവഴി പാരിസില്‍ അഭയം പ്രാപിച്ചു. പിന്നീട് നാസികള്‍ പിടിച്ചെടുത്ത ഫ്രാന്‍സിലും റ്റഫി ഉണ്ടായിരുന്നു; നര്‍മബോധവും നിസ്സംഗതയും കൈവിടാതെ. അഭയാര്‍ഥിജീവിതത്തിലും അവര്‍ എഴുത്തു തുടര്‍ന്നു.

ലോകം വാഴ്ത്തുന്ന മഹാരഥന്മാരായ എഴുത്തുകാര്‍ അണിനിരക്കുന്ന റഷ്യന്‍സാഹിത്യത്തിന്റെ ഗാംഭീര്യം നിറഞ്ഞ വൃത്തങ്ങളില്‍ റ്റഫി ഗൂഢമന്ദസ്മിതങ്ങള്‍ പ്രകാശം പരത്തുന്ന, അര്‍ഥങ്ങളുടെ താഴ്വരകളില്‍ അലസഗമനം ചെയ്യുന്ന, വ്യംഗ്യങ്ങള്‍ എമ്പാടും ഒളിഞ്ഞുനോക്കുന്ന സുന്ദരവും ലളിതവുമായ ഒരു ഗദ്യത്തിന്റെ ഉടമയായിരുന്നു. നര്‍മം അവര്‍ക്കൊരു നിര്‍ഭാഗ്യമായി മാറി. പണ്ഡിതന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും നര്‍മം അന്യമാണല്ലോ. റ്റഫിയെ അവരൊരു 'ഹാസ്യകലാകാരി'യാക്കി തള്ളിക്കളഞ്ഞു. കുഞ്ചന്‍ നമ്പ്യാര്‍ എന്ന അതുല്യപ്രതിഭയെ മലയാളി പണ്ഡിതര്‍ 'ഹാസ്യകവി'യാക്കിയതുപോലെ. നിരീക്ഷണപാടവത്തിലും ലാളിത്യത്തിലും മനസ്സുകളെ വായിക്കുന്ന മാന്ത്രികവിദ്യയിലും ചെക്കോവിനോടാണ് റ്റഫി ഏറ്റവും അടുത്തു നില്ക്കുന്നത്. ദസ്തയേവിസ്‌കിയും ടോള്‍സ്റ്റോയിയും ഗോര്‍ക്കിയുമെല്ലാം ആകാശം മുട്ടുന്ന കാന്‍വാസുകളില്‍ പടുകൂറ്റന്‍ ലോകങ്ങള്‍ വരച്ചപ്പോള്‍, റ്റഫി അതീവ സുന്ദരങ്ങളായ മിനിയേച്ചറുകളാണു വരച്ചത് - കഥകള്‍, ജീവിതത്തില്‍നിന്നുള്ള കുറിപ്പുകള്‍, നാടകങ്ങള്‍. ഇന്ന് റ്റഫി എണ്ണപ്പെടുന്നത് 20-ാം നൂറ്റാണ്ടിലെ റഷ്യന്‍സാഹിത്യത്തിലെ അതികായരായ നബാക്കോവ്, ബുള്‍ഗാക്കോവ്, ബ്യൂനിന്‍, പ്ലേറ്റനോവ് തുടങ്ങിയവരോടൊപ്പമാണ്.

മലയാളത്തില്‍ റ്റഫിയുടെ എഴുത്തിനു സമാന്തരങ്ങള്‍ ബഷീറും മാധവിക്കുട്ടിയുമാണ്. നേര്‍മയുള്ള, ഒച്ചവെക്കാത്ത, പുഞ്ചിരിക്കുന്ന ഗദ്യം. മാധവിക്കുട്ടിയുടെതുപോലെ അക്ഷോഭ്യമായ സ്ത്രീത്വം നിറഞ്ഞുനില്ക്കുന്ന എഴുത്ത്. റ്റഫി യഥാര്‍ഥ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ മാധവിക്കുട്ടിയെയും ബഷീറിനെയുംപോലെ, വാസ്തവവും ഭാവനയും ഒന്നുചേര്‍ന്ന് നിഗൂഢാര്‍ഥങ്ങള്‍ ഒളിവീശുന്ന ഒരു നേര്‍ത്ത ആവരണം അതിന്മേല്‍ വീഴുന്നു. നമുക്ക് സ്ഥലജലഭ്രമം വരുത്തിത്തീര്‍ക്കുന്ന ഒരു പ്രതിഭാസമാണത്. എളുപ്പത്തില്‍ പിടിതരാത്ത ഒരെഴുത്തുകാരിയാണവര്‍.

ആദ്യം സൂചിപ്പിച്ചതുപോലെ അന്നത്തെ റഷ്യയില്‍ ഏറ്റവും ഭയക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്തിരുന്ന വ്യക്തിയായ റാസ്പ്യുട്ടിനെ റ്റഫി കണ്ടുമുട്ടിയതിന്റെ വിവരണം അവരുടെ ഓര്‍മക്കുറിപ്പുകളും മറ്റുചില സൃഷ്ടികളുമടങ്ങിയ Rasputin and Other Ironies എന്ന സമാഹാരത്തിലാണുള്ളത് (Pushkin Press, Rs. 599; ഇതേ പുസ്‌കത്തില്‍ത്തന്നെ, ബോള്‍ഷെവിക് പത്രമായ ന്യൂ ലൈഫില്‍ റ്റഫി പണിയെടുത്തിരുന്ന കാലത്ത് അതിന്റെ ചരടുവലിച്ചിരുന്ന ലെനിനുമായുള്ള കണ്ടുമുട്ടലുകളുടെ അതീവ രസകരമായ കഥയുമുണ്ട്.) റാസ്പ്യുട്ടിനെപ്പറ്റിയുള്ള അപൂര്‍വം ദൃക്സാക്ഷിവിവരണങ്ങളിലൊന്നാണ് റ്റഫിയുടെത്.

തന്റേടിയും സ്വന്തം സ്വാതന്ത്ര്യത്തെപ്പറ്റി യാതൊരു സംശയവുമില്ലാത്തവളുമായ ഒരു സ്ത്രീക്കു മാത്രമേ റാസ്പ്യുട്ടിനുമായി നാം ഇവിടെ വായിക്കുന്ന രീതിയില്‍ ഇടപെടാന്‍ കഴിയുകയുള്ളൂ എന്നത് വ്യക്തമാണ്. റാസ്പ്യുട്ടിനു റ്റഫിയെ ഭയപ്പെടുത്താനോ മയക്കാനോ കഴിയുന്നില്ല. റ്റഫിയാവട്ടെ, അയാളെ ഒരു കളിപ്പാട്ടമെന്നപോലെ, കാഴ്ചബംഗ്ലാവിലെ ഒരു ജന്തുവെന്നപോലെ, കൗതുകപൂര്‍വം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ മര്യാദയില്ലാത്ത കാമവും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമവും തരംതാണ ആത്മീയതയും റ്റഫി ഇടംകൈകൊണ്ടു തട്ടിക്കളയുന്നു. ഒരേസമയം നമ്മെ ചിരിപ്പിക്കുകയും നടുക്കുകയും ചെയ്യുന്ന ഒന്നാണ് റ്റഫി വരയ്ക്കുന്ന റാസ്പ്യുട്ടിന്റെ ചിത്രം.

പരമരഹസ്യമായ ഒരു അത്താഴവിരുന്നിന് റ്റഫിയുടെ സുഹൃത്ത് റോസനോവ് അവരെ ക്ഷണിക്കുന്നതോടെയാണ് ഓര്‍മക്കുറിപ്പാരംഭിക്കുന്നത്. കുറച്ച് എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും മാത്രമാണ് ക്ഷണം. അക്കൂട്ടരെ തികച്ചും ഇഷ്ടപ്പെടാത്ത റാസ്പ്യുട്ടിനുമായി അദ്ദേഹത്തിന്റെ സുഹൃത്ത് ഫിലിപ്പോവ് ഇങ്ങനെയൊരു വിരുന്നൊരുക്കുന്നതില്‍ നിഗൂഢതയുണ്ട്. പക്ഷേ, റ്റഫി പോകാന്‍ തീരുമാനിക്കുന്നു - റാസ്പ്യുട്ടിനെ കാണാനായി.
എന്നോ ഒരിക്കല്‍ റാസ്പ്യുട്ടിനെ തീവണ്ടിയില്‍വെച്ചു കണ്ടത് റ്റഫിക്ക് ഓര്‍മ വന്നു. അയാളുടെ കൂടെയുള്ള സംഘത്തില്‍ ചക്രവര്‍ത്തിനിയുടെ ഒരു തോഴിയുമുണ്ട്. റാസ്പ്യുട്ടിന്‍ ചായയുണ്ടാക്കലിന് കാര്‍മികത്വം വഹിക്കുകയാണ്. ദേഷ്യവും പരാതിയുമെല്ലാം കൂടിച്ചേര്‍ന്ന ഒരു ചിണുങ്ങലാണ് വര്‍ത്തമാനരീതി. 'പൊന്നുമോളേ, പോയി കുറച്ച് ചൂടുവെള്ളം കൊണ്ടുവാ. ചൂടുവെള്ളം! ചൂടുവെള്ളം കൊണ്ടുവരാനല്ലേ പറഞ്ഞത്! ഇവരുടെ ചായ കുഴപ്പമില്ല. പക്ഷേ, ചൂടുവെള്ളം നന്നല്ല. അരിപ്പ എവിടെ? അനുഷ്‌കാ! നീ അരിപ്പ എവിടെ കൊണ്ടുപോയി വെച്ചു? അനുഷ്‌കാ! അരിപ്പ! അതെവിടെ? ഹോ! എന്തെല്ലാം പ്രശ്നങ്ങളാണ് നീയുണ്ടാക്കുന്നത്!' ആ കാഴ്ച അങ്ങനെ അവസാനിച്ചു.

അത്താഴവിരുന്നിനു മുന്‍പൊരു ദിവസം റ്റഫി മറ്റൊരു വീട്ടില്‍ വിരുന്നിനു പോകുന്നു. അവിടെ ഊണ്‍മുറിയില്‍ എഴുതിത്തൂക്കിയിരിക്കുകയാണ്: 'ഈ വീട്ടില്‍ നാം റാസ്പ്യുട്ടിനെപ്പറ്റി സംസാരിക്കുന്നതല്ല.' പല വീടുകളിലും അന്ന് ഇങ്ങനെയൊരു മുന്നറിയിപ്പ് തൂക്കിയിരുന്നുവത്രേ. കാരണം, നാലുപേര്‍ ഒന്നിച്ചുകൂടിയാല്‍ റാസ്പ്യുട്ടിന്‍ മാത്രമായിരുന്നു സംസാരവിഷയം. ഊണ്‍മേശയ്ക്കടുത്തിരിക്കുന്ന സ്ത്രീയോട് റ്റഫി കൊച്ചുവര്‍ത്തമാനം പറയുന്നു: 'മനുഷ്യര്‍ക്ക് റാസ്പ്യുട്ടിനെ ബോറടിച്ചിട്ടാവും ഇങ്ങനെയൊരു ബോര്‍ഡ് തൂക്കേണ്ടിവരുന്നത്.' ആ സ്ത്രീ ആവേശഭരിതയാവുന്നു: 'റാസ്പ്യുട്ടിനോ? എന്താണിത്? മനംകവരുന്ന മനുഷ്യനല്ലേ അദ്ദേഹം? ഇന്നാള്‍ എന്നെ കണ്ടപ്പോള്‍ ചോദിച്ചു, 'എടീ, പാവമേ, നിനക്കെന്താ ഇത്ര നാണം? എന്നെ കാണാന്‍ വരണം കേട്ടോ, മറക്കണ്ട. നീ വരും. എനിക്കറിയാം.' ഞാന്‍ പറഞ്ഞു, 'അയ്യോ, എനിക്കൊന്നുമറിഞ്ഞുകൂടാ!' അപ്പോള്‍ അദ്ദേഹം ഒരു കൈ എന്റെ തോളില്‍ വെച്ചു പറഞ്ഞു, 'ഒരു സംശയവും വേണ്ട. നീ വരും. വരാതിരിക്കില്ല.' അതു കഴിഞ്ഞ് എന്റെ കൂട്ടുകാരി എന്നോടു പറഞ്ഞു, 'എല്ലാവരും പോകുന്നുണ്ട്, നീയും പോകണം. പക്ഷേ, ഞാന്‍... ഞാന്‍ പോകില്ലെന്നാണു തോന്നുന്നത്.' ഇത്രയും പറഞ്ഞിട്ട് അവര്‍ പൊട്ടിക്കരയുന്നു. റ്റഫി അവരെ അതിശയത്തോടെ നോക്കിയിരിക്കുന്നു. റാസ്പ്യുട്ടിനെപ്പറ്റിയുള്ള അവരുടെ ഹിസ്റ്റീരിയ റ്റഫിക്ക് മനംപുരട്ടലുണ്ടാക്കുന്നു.

മറ്റൊരു അത്താഴത്തില്‍ പങ്കെടുക്കുമ്പോള്‍ അവിടെയും സംഭാഷണം റാസ്പ്യുട്ടിനിലേക്ക് തിരിയുന്നു. ചാരവൃത്തിയാരോപണങ്ങള്‍...ജര്‍മന്‍കാര്‍ കൊടുക്കുന്ന വന്‍ തുകകള്‍ റാസ്പ്യുട്ടിന്‍വഴി വേണ്ടപ്പെട്ടവരുടെ കീശകളില്‍ വീഴുന്നു...അപ്പോള്‍ ഖനിവകുപ്പിന്റെ മേധാവി ഒരു കഥ പറയുന്നു. ഒരു കീഴുദ്യോഗസ്ഥന്‍ സ്ഥലംമാറ്റത്തിന് അപേക്ഷയുമായി വന്നു. കൂടെ ഒരു തുണ്ടുകടലാസും കൊടുത്തു. അതില്‍ റാസ്പ്യുട്ടിന്‍ കുറിച്ചിരിക്കുകയാണ്:
'പൊന്നുമോനേ, ഇതു കൊണ്ടുവരുന്നവന്‍ പറയുമ്പോലെ ചെയ്യ്. നിനക്ക് ഒരു പൊല്ലാപ്പുമുണ്ടാവില്ല.' മേധാവി അപേക്ഷകനെ ചീത്തവിളിച്ച് ഓടിച്ചുവത്രേ. കേട്ടിരിക്കുന്നവര്‍ അയാളുടെ ധൈര്യത്തില്‍ അതിശയിക്കുന്നു.

അവസാനം ഫിലിപ്പോവിന്റെ അത്താഴവിരുന്നിന്റെ ദിനം വന്നു. റ്റഫി എത്തുമ്പോള്‍ രാത്രി പത്തുമണി. റാസ്പ്യുട്ടിന്‍ കറുത്തു നീളമുള്ള കമ്പിളിക്കുപ്പായവും മുട്ടുവരെയെത്തുന്ന തോല്‍ബൂട്ടുകളും ധരിച്ച് കസേരയിലിരിപ്പുണ്ട്. എന്തോ ചിന്തയില്‍ വലയുന്നതുപോലെ മുഖത്ത് അസ്വസ്ഥത കാണുന്നു. ഒരു തോള്‍ ഇടയ്ക്ക് കോച്ചി വലിയുന്നുണ്ട്. മെലിഞ്ഞു, നീണ്ട് ഉയരമുള്ള ശരീരം. ചിന്നിച്ചിതറിയ താടി. നീണ്ടു തടിച്ച മൂക്കിലേക്കു തൂത്തു കൂട്ടിവെച്ചതുപോലെയുള്ള മുഖത്തേക്കു വീണുകിടക്കുന്ന എണ്ണ പുരണ്ട മുടിക്കിടയിലൂടെ മുള്‍മുനപോലെയുള്ള രണ്ടു കണ്ണുകള്‍ പുറത്തേക്കു നോക്കുന്നു. എന്തെങ്കിലും പറഞ്ഞ് അവസാനിപ്പിച്ചാല്‍ ഉടന്‍ ചുറ്റുമിരിക്കുന്ന ഓരോ ആളിനെയും ആ മുള്‍മുനകള്‍കൊണ്ട് നോക്കും. നിങ്ങള്‍ക്ക് ഞാന്‍ ചിന്തിക്കാന്‍ വക തന്നില്ലേ? തൃപ്തിയായോ? നിങ്ങളെ ഞാന്‍ അദ്ഭുതപ്പെടുത്തിയില്ലേ എന്നെല്ലാം നിശ്ശബ്ദമായി ചോദിക്കുന്നതുപോലെ. റാസ്പ്യുട്ടിനെ എന്തോ അലട്ടുന്നുണ്ടെന്ന് റ്റഫിക്കു തോന്നി. ഒരു നാണം. അയാള്‍ നാട്യങ്ങള്‍ കാണിക്കുകയാണ്.

'അതെ, അതെ,' റാസ്പ്യുട്ടിന്‍ പറഞ്ഞു, 'ഞാന്‍ എത്രയും പെട്ടെന്നു റ്റൊബോല്‍സ്‌കിലേക്കു തിരിച്ചുപോകുകയാണ്. എന്റെ ആ കൊച്ചു ഗ്രാമം പ്രാര്‍ഥിക്കാന്‍ നല്ല സ്ഥലമാണ്. ദൈവം എല്ലാവരുടെയും പ്രാര്‍ഥന കേള്‍ക്കുന്ന സ്ഥലമാണത്.' എന്നിട്ട് ഓരോരുത്തരെയും മുള്‍മുനക്കണ്ണുകള്‍കൊണ്ടു നോക്കി. 'നിങ്ങളുടെ ഈ നഗരത്തില്‍ ഒന്നും ശരിയല്ല. ഇവിടെ പ്രാര്‍ഥന സാധ്യമല്ല. പ്രാര്‍ഥിക്കാന്‍ പറ്റിയില്ലെങ്കില്‍ എന്തൊരു ഭയങ്കര കഷ്ടം! ഭയങ്കര കഷ്ടം!' വീണ്ടും റാസ്പ്യുട്ടിന്‍ ഓരോരുത്തരുടെയും മുഖത്തേക്കും കണ്ണുകളിലേക്കും നോക്കി. റ്റഫിയെ പരിചയപ്പെടുത്തിയപ്പോള്‍ 'ആരാണിവള്‍?' എന്ന മട്ടില്‍ ഒന്നു നോക്കി. റാസ്പ്യുട്ടിന്റെ അസ്വസ്ഥത തുടരുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന് താന്‍ 'ശത്രുക്കളായ പത്രക്കാരുടെ' ഒപ്പമാണെന്നു മനസ്സിലായിരിക്കുന്നുവോ എന്ന് റ്റഫി സംശയിക്കുന്നു.

ഫിലിപ്പോവ് റാസ്പ്യുട്ടിന്റെ സുഹൃത്താണെങ്കിലും അയാള്‍ക്കൊരു ഗൂഢപദ്ധതിയുണ്ട് എന്നു റ്റഫിക്കറിയാം. റാസ്പ്യുട്ടിനെ കുടിപ്പിച്ച് അദ്ദേഹത്തെക്കൊണ്ട് എന്തെങ്കിലുമൊക്കെ വിളിച്ചു പറയിപ്പിക്കുക. അതെന്തിനാണയാള്‍ ചെയ്യുന്നത് എന്നു വ്യക്തമല്ല. ഒരുപക്ഷേ, കൊട്ടാരത്തിലെ റാസ്പ്യുട്ടിന്റെ ശത്രുക്കള്‍ നിയോഗിച്ചിരിക്കുന്ന രഹസ്യപ്പോലീസുകാര്‍ക്ക് തെളിവുകള്‍ ഉണ്ടാക്കാനായിരിക്കാം. ഫിലിപ്പോവ് റ്റഫിയെ പ്രേരിപ്പിച്ചിരുന്നു: 'നീ അത്താഴത്തിന് ഗ്രിഷയുടെ (റാസ്പ്യുട്ടിന്റെ ഓമനപ്പേര്) തൊട്ടടുത്തിരുന്ന് അദ്ദേഹത്തെക്കൊണ്ട് സംസാരിപ്പിക്കണം. കഴിയുന്നത്ര രതിക്കഥകള്‍ പറയിപ്പിക്ക്.'
'നോക്കട്ടെ,' റ്റഫി പറഞ്ഞു.

അത്താഴമേശയില്‍ റാസ്പ്യുട്ടിന്റെ ഒരുവശത്ത് റ്റഫിയും മറുവശത്ത് അതിസുന്ദരിയായ ഒരു സ്ത്രീയുമാണുള്ളത്. മേശയുടെ ഒരറ്റത്ത് വാദ്യസംഗീതക്കാര്‍. റാസ്പ്യുട്ടിനെ വിരുന്നിനു വിളിച്ചാല്‍ അതു കൂടിയേ തീരൂ. കാരണം, അദ്ദേഹത്തിനു നൃത്തം ചെയ്യാന്‍ തോന്നിയാല്‍ പാട്ടും കൊട്ടും ഉണ്ടാവണം. റാസ്പ്യുട്ടിന്റെ അടുത്തിരിക്കുന്ന സുന്ദരിയുടെ രഹസ്യം ഫിലിപ്പോവ് റ്റഫിയോടു പറയുന്നു. 'അവളുടെ ഭര്‍ത്താവിനു ജോലിസ്ഥലത്തു പ്രശ്നങ്ങളുണ്ട്. അത് റാസ്പ്യുട്ടിന്‍ ഇടപെട്ടാല്‍ ശരിയാകും. അതുകൊണ്ടു കഴിഞ്ഞ രണ്ടു മാസമായി അയാള്‍ തരംകിട്ടുന്നിടത്തെല്ലാം ഭാര്യയെ റാസ്പ്യുട്ടിന്റെ അടുത്തു സ്ഥാനം പിടിപ്പിക്കുകയാണ്. പക്ഷേ, എന്തുകൊണ്ടോ റാസ്പ്യുട്ടിന്‍ മുഖംകൊടുക്കുന്നില്ല. ഗ്രിഷ ചിലപ്പോള്‍ അങ്ങനെയാണ്! ഭയങ്കര വിചിത്രസ്വഭാവങ്ങളും കടുംപിടിത്തവും!' വീഞ്ഞു വിളമ്പി. റാസ്പ്യുട്ടിന്‍ വേഗം വേഗം ഗ്ലാസുകള്‍ കാലിയാക്കുകയാണ്. പെട്ടെന്ന് റ്റഫിയുടെ നേര്‍ക്കു ചാഞ്ഞ് അദ്ദേഹം കുശുകുശുത്തു, 'നീയെന്താ കുടിക്കാത്തത്? ദൈവം മാപ്പു തരും. നീ കുടിക്ക്.'
റ്റഫി പറഞ്ഞു, 'എനിക്കു വീഞ്ഞ് ഇഷ്ടമില്ല. അതുകൊണ്ടാണ്.'
റ്റഫി പറഞ്ഞതു വിശ്വസിക്കാനാവാത്ത മട്ടില്‍ റാസ്പ്യുട്ടിന്‍ അവരെ നോക്കി.
'ശുദ്ധ അസംബന്ധം! ഞാനല്ലേ പറയുന്നത്? ദൈവം മാപ്പു തരും. അദ്ദേഹം മാപ്പു തരും. ദൈവം എല്ലാറ്റിനും മാപ്പു തരും. നീ കുടി.' റ്റഫി പറഞ്ഞു, 'ഞാന്‍ പറഞ്ഞില്ലേ? എനിക്കു കുടിക്കാന്‍ താത്പര്യമില്ല. ഞാന്‍ ബലംപിടിച്ച് കുടിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?' ഇതിനിടയ്ക്ക് റോസനോവ് റ്റഫിയോട് ധൃതികൂട്ടുന്നു: 'അയാളെക്കൊണ്ട് സെക്സ് പറയിപ്പിക്ക്.'

റ്റഫിക്കു ദേഷ്യം വന്ന് റോസനോവിനോടു ചോദിക്കുന്നു, 'ഞാനെന്താ ചാരസുന്ദരിയാണോ? ഞാനെന്തിന് ഇതൊക്കെ ചെയ്യണം?' റാസ്പ്യുട്ടിന്‍ അവരെ തുറിച്ചു നോക്കുന്നു. എന്നിട്ട് റ്റഫിയോടു പറയുന്നു, 'അപ്പോള്‍ നിനക്കു കുടിക്കാന്‍ താത്പര്യമില്ല? നീ ഒരു കടുംപിടിത്തക്കാരിയാണല്ലോ? ഞാന്‍ നിന്നോടു കുടിക്കാന്‍ പറയുന്നു. പക്ഷേ, നീ കുടിക്കില്ല!' പെട്ടെന്ന് റാസ്പ്യുട്ടിന്‍ ഒരു കൈയുയര്‍ത്തി റ്റഫിയുടെ തോളില്‍ തൊട്ടു. ഒരു ഹിപ്നോട്ടിസ്റ്റിന്റെ കൃത്യമായ നടപടിയായിരുന്നു അത് എന്ന് റ്റഫി എഴുതുന്നു. തന്റെ ഇച്ഛാശക്തി ചെല്ലേണ്ടിടത്ത് എത്തിക്കാനുള്ള ഒരു നടപടി. റാസ്പ്യുട്ടിന്റെ നോട്ടത്തിലും അതുണ്ടായിരുന്നു. റ്റഫി ചിന്തിക്കുകയാണ്: അപ്പോള്‍ ഇതാണ് ഗ്രിഷയുടെ മന്ത്രവാദം! കൊള്ളാം! അവര്‍ റാസ്പ്യുട്ടിനെ നോക്കി ഒരു കുലുക്കവുമില്ലാതെ പുഞ്ചിരിച്ചു. അപ്പോള്‍ റാസ്പ്യുട്ടിന്റെ കോച്ചുന്ന തോള്‍ ഒന്നു കുലുങ്ങി. അമര്‍ത്തിയ നിലവിളിപോലെയൊരു ശബ്ദം പുറത്തുവന്നു. കോപത്തോടെ റാസ്പ്യുട്ടിന്‍ മുഖംതിരിച്ചു- എല്ലാ ബന്ധവും അവസാനിച്ചു എന്നപോലെ. പക്ഷേ, അല്പം കഴിഞ്ഞു റാസ്പ്യുട്ടിന്‍ വീണ്ടും റ്റഫിയുടെ നേര്‍ക്കു തിരിഞ്ഞു. 'നീ ചിരിക്കുകയാണ്. പക്ഷേ, നിന്റെ കണ്ണുകള്‍ എന്താണു പറയുന്നതെന്നറിയാമോ? നിന്റെ കണ്ണുകളില്‍ ദുഃഖമാണ്. പറ, എന്നോടു പറ. നിന്നെ അയാള്‍ ദുഃഖിപ്പിക്കുന്നുണ്ടോ? (റ്റഫിയെ ദുഃഖിപ്പിക്കുന്ന ഒരു പുരുഷനുണ്ടാവും എന്ന തന്ത്രം പ്രയോഗിക്കുകയാണ് റാസ്പ്യുട്ടിന്‍) നീ ഒന്നും പറയാത്തതെന്താണ്? എല്ലാവര്‍ക്കും സ്ത്രീകളുടെ മധുരമുള്ള കണ്ണീര്‍ ഇഷ്ടമാണെന്നറിഞ്ഞുകൂടേ? എനിക്ക് എല്ലാം അറിയാം.' റ്റഫിക്ക് ആശ്വാസമായി. സംഭാഷണം റോസനോവ് ആശിച്ചതുപോലെ രതിയിലേക്കടുക്കുകയാണ്!

എന്താണറിയാവുന്നത് എന്നു റ്റഫി ചോദിക്കുന്നു. റാസ്പ്യുട്ടിന്‍ മന്ത്രിക്കുന്നു: 'എങ്ങനെയാണ് സ്നേഹം മറ്റൊരാളെ വേദനിപ്പിക്കാന്‍ ഒരാളെ നിര്‍ബന്ധിതനാക്കുന്നത് എന്നെനിക്കറിയാം. അങ്ങനെ വേദനിപ്പിക്കേണ്ട ആവശ്യവും എനിക്കറിയാം. പക്ഷേ, നീ വേദനിക്കാന്‍ എനിക്കാഗ്രഹമില്ല. മനസ്സിലായോ?' റാസ്പ്യുട്ടിന്‍ റ്റഫിയുടെ കൈയിലെ മോതിരം ഊരി വാങ്ങി അതില്‍ ഊതുന്നു. എന്നിട്ട് അവരുടെ വിരലില്‍ ഇട്ടു കൊടുക്കുന്നു. എന്നിട്ടു പറയുന്നു, 'കൊള്ളാം! നീ എന്നെ കാണാന്‍ വരുമ്പോള്‍ നിനക്കറിഞ്ഞുകൂടാത്ത അനവധി കാര്യങ്ങള്‍ ഞാന്‍ പറയാം.'
'ഞാന്‍ വന്നില്ലെങ്കിലോ?'
 'എന്റെയടുത്തു വരില്ല? നീ വരും. നീ എന്റെയടുത്തു വരും.'
വീണ്ടും റാസ്പ്യുട്ടിന്‍ റ്റഫിയുടെ തോളില്‍ തൊടുന്നു.

റ്റഫി പറയുന്നു, 'ഇല്ല, ഞാന്‍ വരില്ല.' റാസ്പ്യുട്ടിന്റെ തോള്‍ വീണ്ടും വേദനകൊണ്ടു പുളയുന്നപോലെ കുലുങ്ങി. വീണ്ടും അമര്‍ത്തിയ ഒരു നിലവിളി.
റ്റഫി ചിന്തിക്കുന്നു: അയാളുടെ ശക്തിക്ക് എന്നിലേക്കു പ്രവേശിക്കാന്‍ കഴിയാതെ എതിര്‍പ്പു നേരിടുമ്പോള്‍ അയാള്‍ ശരീരവേദന അനുഭവിക്കുകയാണ്! അപ്പോള്‍ ഇതാണ് റാസ്പ്യുട്ടിന്‍! ആ ശബ്ദവും നോട്ടവും വാക്കുകളുമെല്ലാം ആളുകളുടെ മേല്‍ പ്രയോഗിക്കാനൊരുക്കി പണിതീര്‍ത്തു
വെച്ചിരിക്കുന്ന സൃഷ്ടിയാണ്! ഇതൊരു മറപോലുമില്ലാത്ത മണ്ടന്‍കളിയാണല്ലോ! പക്ഷേ, അയാളുടെ സ്വാധീനശക്തിയും കീര്‍ത്തിയുംകൊണ്ട് ആളുകള്‍ വീണുപോകുകയാണ്! റ്റഫി റാസ്പ്യുട്ടിനെ വിവരിക്കാന്‍ ഒരു ഉപമ കണ്ടെത്തുന്നു: ഒരു വണ്ടിനെ ഭൂതക്കണ്ണാടിക്കടിയില്‍വെച്ചു നോക്കുന്നതുപോലെ. ഒരു ഭയങ്കര വായ! രോമം നിറഞ്ഞ ഭീകര കൈകാലുകള്‍! പക്ഷേ, ഭൂതക്കണ്ണാടി നീക്കുമ്പോള്‍ വെറുമൊരു കീടം!

ഇതിനിടെ ഒരതിഥി റാസ്പ്യുട്ടിന്‍ കവിത എഴുതിയിട്ടുണ്ടോ എന്നു ചോദിക്കുന്നു. മറുപടിയായി റാസ്പ്യുട്ടിന്റെ സഹായി കവിതകളുടെ ടൈപ്പു ചെയ്ത കോപ്പികള്‍ എല്ലാവര്‍ക്കും നല്കുന്നു. റാസ്പ്യുട്ടിന്‍ അതിഥികളുടെ അഭിപ്രായമറിയാന്‍ കാത്തിരിക്കുന്നു. ഒരു കവിത ഇങ്ങനെയായിരുന്നു:
മലകള്‍ നല്ലവയും ഉയര്‍ന്നവയുമാണ്.
പക്ഷേ, എന്റെ സ്നേഹം കൂടുതല്‍
നല്ലതും ഉയര്‍ന്നതുമാണ്.
കാരണം ദൈവമാണ് സ്നേഹം.
കവിത നല്ലതാണെന്നു റ്റഫി കള്ളം പറഞ്ഞപ്പോള്‍ റാസ്പ്യുട്ടിന്‍ ഒരു കടലാസെടുത്ത് കൊച്ചുകുട്ടികള്‍ പടം വരയ്ക്കുന്നതുപോലെയുള്ള അക്ഷരങ്ങളില്‍ ഒരു സന്ദേശമെഴുതിക്കൊടുത്തു:
'പ്രിയ നടാഷ്ഡ,
ദൈവം സ്നേഹമാണ്. ഇപ്പോള്‍ സ്നേഹിക്ക്. ദൈവം നിനക്കു മാപ്പു തരും.
 ഗ്രിഗറി'

റ്റഫി അദ്ഭുതപ്പെടുന്നു: ഇതൊക്കെയാണോ പെണ്ണുങ്ങള്‍ക്ക് ഹിസ്റ്റീരിയയും ആനന്ദമൂര്‍ച്ഛയും ഉണ്ടാക്കുന്നത്! റ്റഫി ആ കൈയൊപ്പില്‍ നോക്കിക്കൊണ്ടു ചിന്തിക്കുന്നു: സൈബീരിയയിലേക്കു നാടുകടത്താന്‍ വിധിക്കപ്പെട്ട് അങ്ങോട്ടു യാത്രയാരംഭിച്ച ഒരാളിനെ തിരിച്ചു വിളിപ്പിച്ച ഒപ്പാണത്. അത്രതന്നെ എളുപ്പത്തില്‍ അതിന് ഒരാളെ സൈബീരിയയിലേക്കു തള്ളുകയും ചെയ്യാം.

ഈ സമയത്ത് റാസ്പ്യുട്ടിന് കൊട്ടാരത്തില്‍നിന്നൊരു ഫോണ്‍വിളി വന്നു. റാസ്പ്യുട്ടിന്‍ ഫോണിരിക്കുന്ന മുറിയിലേക്കു പോയി. അവിടുന്ന് കൊട്ടാരത്തിലേക്കു ധൃതിയിട്ട് മടങ്ങിപ്പോകുകയും ചെയ്തു. പക്ഷേ, താന്‍ തിരിച്ചുവരും, കാത്തിരിക്കണം എന്നു റ്റഫിയോടു പറയാനേല്പിച്ചശേഷമാണു പോയത്. റ്റഫിയും കൂട്ടുകാരും കാത്തിരുന്നില്ല. അവര്‍ സ്ഥലംവിട്ടു.

റാസ്പ്യുട്ടിന്‍ മന്ത്രിമാരെ കസേരകളില്‍നിന്നു തുരത്തിയിരുന്നു. ചക്രവര്‍ത്തിയുടെ അടുപ്പക്കാരെ ചീട്ടുപോലെ കശക്കിയെറിഞ്ഞിരുന്നു. റഷ്യയുടെ യുദ്ധതന്ത്രത്തെത്തന്നെ സ്വാധീനിക്കുന്നുണ്ടെന്നായിരുന്നു പരക്കെ സംസാരം. റാസ്പ്യുട്ടിന്‍ ചക്രവര്‍ത്തിനിയോടു പറയുമത്രേ: ഇന്ന ദിവസത്തിനു മുന്‍പ് പുതിയ ആക്രമണം തുടങ്ങരുത്. തുടങ്ങിയാല്‍ രാജകുമാരന് അസുഖം വന്നേക്കും. അതോടെ ആക്രമണം നിര്‍ത്തിവെക്കുകയും ജര്‍മനിക്ക് അതു നേട്ടമായിത്തീരുകയും ചെയ്യുന്നു.

റ്റഫി റാസ്പ്യുട്ടിനെപ്പറ്റി ചിന്തിച്ചു: രാഷ്ട്രീയം മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള ഉള്‍ബലം അയാള്‍ക്കില്ല. വ്യക്തമായ ധാരണകളില്ല. ചാഞ്ചാട്ടവും ചിന്താക്കുഴപ്പവും തല നിറയെ. ഭവിഷ്യത്തിനെപ്പറ്റി ആലോചിക്കാതെയും കൈക്കൂലി വാങ്ങിയും ഇടപാടുകള്‍ നടത്തുന്നുണ്ടാവണം. അയാള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന അതേ ശക്തി അയാളെയുംകൊണ്ട് എങ്ങോട്ടോ പോകുകയാണ്; ഒരു കൊടുങ്കാറ്റില്‍പ്പെട്ടവനെപ്പോലെയാണ് അയാള്‍.
ഫിലിപ്പോവ് റ്റഫിയെയും കൂട്ടുകാരെയും റാസ്പ്യുട്ടിനുമായി വീണ്ടുമൊരു ഡിന്നറിനു ക്ഷണിച്ചു. റ്റഫി താമസിച്ചാണു ചെന്നത്. അതിഥികള്‍ ഊണ്‍മേശയ്ക്കു ചുറ്റും ഇരുന്നുകഴിഞ്ഞു. പ്രശ്നം നേരിടുന്ന ഭര്‍ത്താവിന്റെ സുന്ദരിഭാര്യ റാസ്പ്യുട്ടിന്റെ ഒരു വശത്തുണ്ട്. മറുവശത്തെ കസേര റ്റഫിക്കുവേണ്ടി ഒഴിഞ്ഞുകിടക്കുന്നു. റ്റഫിയെ കണ്ടയുടന്‍ റാസ്പ്യുട്ടിന്‍ പറഞ്ഞു, 'ങ്ഹാ! വന്നല്ലോ! ഇവിടെ വന്നിരിക്ക്. ഞാന്‍ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ തവണ നീ ഓടിപ്പോയതെന്ത്? ഞാന്‍ തിരിച്ചുവന്നിരുന്നു. പക്ഷേ, നീ ഇല്ല! കുടിക്ക്. എന്താ പ്രശ്നം! ഞാനല്ലേ പറയുന്നത്? കുടി! ദൈവം മാപ്പു തരും.'

അല്പം കഴിഞ്ഞ് റ്റഫിയോടു മന്ത്രിച്ചു: 'നിന്നെ കാണാന്‍ പറ്റാതെ ഞാന്‍ വിഷമിക്കുകയായിരുന്നു. നിന്നെ പ്രാപിക്കാന്‍ ഞാന്‍ അഴലുകയായിരുന്നു.'
റ്റഫി പറഞ്ഞു, 'ശുദ്ധ അസംബന്ധം!' എന്നിട്ട് റോസനോവ് പ്രേരിപ്പിച്ചതനുസരിച്ച് റാസ്പ്യുട്ടിനോട് അദ്ദേഹം ഖ്ളൈസ്റ്റ് ചടങ്ങുകള്‍ നടത്താറുണ്ടെന്നതു ശരിയാണോ എന്നു ചോദിച്ചു. (അക്കാലത്ത് റഷ്യയിലുണ്ടായിരുന്ന ഒരു രഹസ്യ ആത്മീയസംഘടനയായിരുന്നു അത്. രതിപ്രയോഗങ്ങള്‍ അതിന്റെ അനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നു.) അത് റാസ്പ്യുട്ടിനെ അസ്വസ്ഥനാക്കി. അദ്ദേഹം റ്റഫിയുടെ ഇംഗ്ലീഷ് മുഖച്ഛായയെപ്പറ്റിയും മറ്റും പറഞ്ഞുതുടങ്ങി. 'മോസ്‌കോയില്‍ എനിക്കുള്ള രാജകുമാരിക്കും ഇംഗ്ലീഷ് മുഖമാണ്. ഞാന്‍ എല്ലാം വിട്ട് മോസ്‌കോയ്ക്കു പോകുകയാണ്.'
'വിറുബോവയോ?' റ്റഫി ചോദിച്ചു. (വിറുബോവ എന്ന പ്രഭ്വിയായിരുന്നു റാസ്പ്യുട്ടിന്റെ ഒന്നാമത്തെ ആരാധിക. അവരായിരുന്നു റാസ്പ്യുട്ടിനെ കൊട്ടാരത്തിലെത്തിച്ചത്.)
'ഇല്ലില്ല. അവള്‍ക്കു വട്ടമുഖമാണ്. ഇംഗ്ലീഷ്മുഖമല്ല. അവളെന്റെ കുഞ്ഞൂഞ്ഞാണ്...'
പെട്ടെന്ന് അടുത്തിരുന്ന അതിഥി റ്റഫിയെത്തന്നെ പേടിപ്പിച്ച ഒരു ചോദ്യം ചോദിച്ചു, 'സാറിനയോ?' (ചക്രവര്‍ത്തിനി)
റാസ്പ്യുട്ടിന്‍ ഒരു കുലുക്കവുമില്ലാതെ മറുപടി പറഞ്ഞു, 'സാറിന? അവള്‍ക്കു സുഖമില്ല. അവളുടെ മുലയ്ക്കാണു രോഗം. ഞാന്‍ കൈവെച്ചു പ്രാര്‍ഥിക്കും. നന്നായി പ്രാര്‍ഥിക്കും. എന്റെ പ്രാര്‍ഥനകൊണ്ട് അവള്‍ക്ക് ആശ്വാസം കിട്ടും. അവള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രാര്‍ഥിക്കണം. മോശമാണു കാര്യം... മോശമാണ്...'
പ്രാര്‍ഥിക്കണം എന്ന് റാസ്പ്യുട്ടിന്‍ പിറുപിറുത്തുകൊണ്ടിരുന്നു. റ്റഫിയെ റാസ്പ്യുട്ടിന്‍ വീണ്ടും വീട്ടിലേക്കു ക്ഷണിച്ചപ്പോള്‍ റ്റഫി പറഞ്ഞു, 'നിങ്ങളുടെ മറ്റു സ്ത്രീകള്‍ക്ക് അത് ഇഷ്ടപ്പെടില്ല.'

റാസ്പ്യുട്ടിന്‍ കുപിതനായി മേശയിലിടിച്ചു, 'ഒറ്റയെണ്ണം ധൈര്യപ്പെടില്ല. എന്റെ വീട്ടിലതു പറ്റില്ല! എന്റെ വീട്ടില്‍ എല്ലാവര്‍ക്കും സന്തോഷമാണ്. ദൈവകൃപ എല്ലാവരുടെ മേലുമുണ്ട്. 'എന്റെ കാല് കഴുക്' എന്നു ഞാന്‍ പറഞ്ഞാല്‍ അവരതു ചെയ്യും. എന്നിട്ടു കഴുകിയ വെള്ളം കുടിക്കും. എന്റെ വീട്ടില്‍ സര്‍വം ദൈവമയമാണ്. അനുസരണ, കൃപ, എളിമ, സ്നേഹം.'
റ്റഫി പറഞ്ഞു, 'കണ്ടോ! അവര്‍ നിങ്ങളുടെ കാല്‍ കഴുകും. അപ്പോള്‍ ഞാന്‍ വരാത്തതാണു നല്ലത്.'
'നീ വരണം. ഞാന്‍ ആളയയ്ക്കും.' മറുവശത്തിരുന്ന സുന്ദരി ഭാര്യ ഇതെല്ലാം കേട്ട് റ്റഫിയെ അപേക്ഷാപൂര്‍വം നോക്കുന്നുണ്ട്. ഭര്‍ത്താവ് അവളോടു മന്ത്രിക്കുകയും റ്റഫിയുടെ ആരോഗ്യത്തിനുവേണ്ടി ആശംസകളുയര്‍ത്തിക്കൊണ്ട് പിറകെ പിറകെ വോഡ്ക കഴിക്കുകയുമാണ്.
റ്റഫി പറഞ്ഞു, 'നിങ്ങളുടെ വലതുവശത്തിരിക്കുന്ന സുന്ദരിയെ ക്ഷണിക്കൂ.'
സുന്ദരി ഞെട്ടി. അവള്‍ നന്ദിയോടെ റ്റഫിയെ നോക്കി. എന്നിട്ട് റാസ്പ്യുട്ടിന്റെ മറുപടിക്ക് വിളറിയ മുഖവുമായി കാത്തിരുന്നു.
റാസ്പ്യുട്ടിന്‍ അവളെ ഒരു നോട്ടം നോക്കിയിട്ട് തല തിരിച്ചു. എന്നിട്ട് ഉറക്കെപ്പറഞ്ഞു, 'അവളൊരു വിഡ്ഢിപ്പട്ടിച്ചിയാണ്.'
എല്ലാവരും അതു കേട്ടില്ല എന്നു നടിച്ചു. റാസ്പ്യുട്ടിന്‍ കുടിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് റാസ്പ്യുട്ടിന്‍ ചോദിച്ചു, 'ന്യൂ ടൈംസിനുവേണ്ടി എഴുതുന്ന അയാള്‍ എന്താണു നിന്നോടു കുശുകുശുക്കുന്നത്?'

റ്റഫി നടുങ്ങി. അവിടെ കൂടിയിരിക്കുന്നവരാരാണെന്ന് റാസ്പ്യുട്ടിനറിയാം എന്നു ചുരുക്കം!
റാസ്പ്യുട്ടിന്‍ തുടര്‍ന്നു, 'നീ റഷ്യന്‍ വേര്‍ഡിലാണെന്ന് അവര്‍ പറഞ്ഞു.'
'ആരാണവര്‍?'
റാസ്പ്യുട്ടിന്‍ മറുപടി പറഞ്ഞില്ല. റ്റഫിക്കു മനസ്സിലായി. റാസ്പ്യുട്ടിനെയും റ്റഫിയെയും കൂട്ടരെയും ക്ഷണിച്ചുവരുത്തിയത് എന്തോ ഒരു ഗൂഢനാടകത്തിന്റെ ഭാഗമാണ്. ആരാണതിന്റെ സ്രഷ്ടാവ്. റസ്പ്യുട്ടിന്‍തന്നെയോ? അതോ രഹസ്യപ്പോലീസോ? മറ്റാരെങ്കിലുമോ? എങ്കില്‍ ഇക്കൂട്ടത്തില്‍നിന്ന് നാളെ ആരായിരിക്കും സൈബീരിയയിലേക്കു കെട്ടുകെട്ടുക?
അപ്പോള്‍ പാട്ടുകാര്‍ക്ക് അനക്കംവെച്ചു. വാദ്യോപകരണങ്ങള്‍ ശബ്ദിച്ചു. സംഗീതം തുടങ്ങി. റാസ്പ്യുട്ടിന്‍ ചാടിയെണീറ്റു. ഇരുന്ന കസേര പിറകിലേക്കു മറിഞ്ഞുവീണു. അയാള്‍ നൃത്തം ചെയ്യാന്‍ തുടങ്ങി. ചാടിയും തിരിഞ്ഞും വട്ടംകറങ്ങിയും താടി കാറ്റില്‍ പറത്തിക്കൊണ്ടും നൃത്തം ചെയ്തു. റാസ്പ്യുട്ടിന്റെ മുഖത്തെ ഭാവം പക്ഷേ, കഠിനസമ്മര്‍ദത്തിന്റെയും അമ്പരപ്പിന്റെയുമൊരു മിശ്രിതമായിരുന്നു എന്ന് റ്റഫി എഴുതുന്നു.

അതിഥികള്‍ ചാടിയെണീറ്റ് റാസ്പ്യുട്ടിനു ചുറ്റും കൂടി. ഒരു അനുചരന്‍ തുറിച്ച കണ്ണുകളുമായി നിലത്ത് കുത്തിയിരുന്ന് കൈകൊട്ടാനും ആര്‍പ്പുവിളിക്കാനും തുടങ്ങി. എന്നിട്ട് ഉറക്കെയലറിക്കൊണ്ടു ചാടിയിറങ്ങി. റാസ്പ്യുട്ടിന്റെ കൂടെ നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വിവരണാതീതമായ ഒരു വിചിത്രശക്തി ആ നൃത്തത്തിനുണ്ടായിരുന്നു എന്ന് റ്റഫി എഴുതുന്നു. കാഴ്ചക്കാര്‍ മരവിച്ചു നിന്നു. എന്തോ സംഭവിക്കാന്‍ പോകുന്ന പ്രതീതി.
റാസ്പ്യുട്ടിന്‍ ഒരു ആടിനെപ്പോലെ കുതിച്ചുചാടുകയാണ്. വാ തുറന്നിരിക്കുന്നു. മുഖത്തെ തൊലി കവിളുകളില്‍ വലിഞ്ഞുനില്ക്കുന്നു. കുഴികളിലിരിക്കുന്ന മുള്‍മുനക്കണ്ണുകളെ മറച്ചുകൊണ്ട് തലമുടി പറക്കുന്നു. ഭയങ്കരമായിരുന്നു റാസ്പ്യുട്ടിന്റെ രൂപം. ചുവന്ന ഷര്‍ട്ട് അയാള്‍ക്കു പിന്നില്‍ ഒരു ബലൂണ്‍പോലെ കാറ്റുപിടിച്ചു നിന്നു.

പെട്ടെന്നു നൃത്തം നിര്‍ത്തി റാസ്പ്യുട്ടിന്‍ ഒരു കസേരയില്‍ തളര്‍ന്നു വീണു. എന്നിട്ടു ചുറ്റും നോക്കി. ഇപ്പോള്‍ കണ്ണുകളില്‍ തുളച്ചുകയറുന്ന നോട്ടമില്ല. ശൂന്യത മാത്രം.

ആരോ റാസ്പ്യുട്ടിന് ഒരു ഗ്ലാസ് വൈന്‍ കൊടുത്തു. റ്റഫിക്കു ശ്വാസംമുട്ടുന്നതുപോലെ തോന്നി. അവര്‍ പോകാനെണീറ്റു. പുറത്തേക്കിറങ്ങി. പെട്ടെന്നു റാസ്പ്യുട്ടിന്‍ പ്രത്യക്ഷപ്പെട്ട് റ്റഫിയുടെ പാത തടഞ്ഞു. അവരുടെ ഒരു കൈയില്‍ പിടിച്ചു. എന്നിട്ടു പറഞ്ഞു: 'ഒരു നിമിഷം നില്ക്ക്. ഞാനൊരു കാര്യം പറയട്ടെ. ശ്രദ്ധിച്ചു കേള്‍ക്കണം. നമുക്കു ചുറ്റും എത്രപേരുണ്ടെന്ന് നീ കാണുന്നുണ്ടോ? ഒത്തിരിപ്പേര്‍. ശരിയല്ലേ? ഒത്തിരിപ്പേര്‍- എന്നാല്‍ യഥാര്‍ഥത്തില്‍ ആരുമില്ല. ഞാനും നീയും മാത്രം. വേറാരുമില്ല. ഇവിടെ വേറാരും നില്പില്ല. ഞാന്‍ നിന്നോടു പറയുന്നു, എന്റെയടുത്തേക്കു വരിക. നീ വരാനായി എന്റെ ഉള്ളുരുകുകയാണ്. എന്റെ ആശ എത്രയാണെന്നാല്‍, ഈ നിമിഷം നിന്റെ മുന്‍പില്‍ ഈ തറയില്‍ വീഴാന്‍ ഞാന്‍ തയ്യാറാണ്.'
റാസ്പ്യുട്ടിന്റെ തോള്‍ ഇളകി. കോച്ചിവലിച്ചു. അയാള്‍ അമര്‍ത്തി നിലവിളിച്ചു.

റ്റഫി ചിന്തിച്ചു: ഇതെന്തൊരിടപാട്! ഞാന്‍ എന്താണു ചെയ്യുക!
അപ്പോള്‍ റോസനോവ് അതിലേ പോയി.
റ്റഫി തമാശയായി പറഞ്ഞു, 'പക്ഷേ, നിങ്ങളുടെ കൂടെ വരാന്‍ ഇയാള്‍ എന്നെ സമ്മതിക്കില്ല.'
റാസ്പ്യുട്ടിന്‍ അതു ഗൗരവമായി എടുത്തു.
'ആ വൃത്തികെട്ടവന്‍ പറയുന്നതു കേള്‍ക്കണ്ട! നീ എന്റെ കൂടെ വാ! അവനെ വിളിക്കണ്ട. അവന്റെ ആവശ്യമില്ല. റാസ്പ്യുട്ടിന്‍ വെറും കൃഷീവലനാണ്. പക്ഷേ, അവനെ പുച്ഛിക്കല്ലേ. സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഞാന്‍ വെണ്ണക്കല്ലുകൊണ്ട് കൊട്ടാരം പണിയും. കേട്ടിട്ടില്ലേ?'
ഇല്ലെന്നു റ്റഫി പറഞ്ഞു.
'നീ നുണ പറയുകയാണ് അതിബുദ്ധിക്കാരീ! എനിക്കു വെണ്ണക്കല്‍ക്കൊട്ടാരം പണിയാന്‍ കഴിയും. ദൈവത്തെയോര്‍ത്ത് എന്റെ കൂടെ വാ- എത്രയും വേഗം. നമുക്കൊന്നിച്ചു പ്രാര്‍ഥിക്കാം. എന്തിനിനി കാത്തിരിക്കണം?'

റാസ്പ്യുട്ടിന്‍ പെട്ടെന്ന് തന്റെ ശത്രുക്കളെപ്പറ്റി പറയാന്‍ തുടങ്ങി, 'ഞാനിതാ ചുറ്റും നോക്കുന്നു. എവിടെയവര്‍? എവിടെ അവരുടെ വൃത്തികെട്ട മുഖങ്ങള്‍?
'അവര്‍ക്കെന്നെ കൊല്ലണം! മണ്ടന്മാര്‍ക്കു ഞാനാരെന്ന് അറിഞ്ഞുകൂട. മന്ത്രവാദിയോ? ഒരുപക്ഷേ ആയിരിക്കാം. മന്ത്രവാദികളെ തീയിലിട്ടു കൊല്ലാറില്ലേ? എന്നെയും തീ വെക്കട്ടെ. പക്ഷേ, അവര്‍ക്ക് ഒരു കാര്യം അറിഞ്ഞുകൂടാ. എന്നെയവര്‍ കൊന്നാല്‍ അതു റഷ്യയുടെ അന്ത്യമായിരിക്കും. ഓര്‍ത്തോളൂ അതിബുദ്ധിക്കാരീ! അവര്‍ റാസ്പ്യുട്ടിനെ കൊന്നാല്‍ റഷ്യയുടെ അന്ത്യമാണത്. അവര്‍ റഷ്യയെയും എന്നെയും ഒന്നിച്ചു കുഴിച്ചുമൂടേണ്ടിവരും.'
റാസ്പ്യുട്ടിന്‍ ആ മുറിയുടെ നടുവില്‍ ഉണങ്ങിവരണ്ട് കറുത്ത ഒരു മരത്തെപ്പോലെ നിന്നു. ഒരു ഭയങ്കര കാഴ്ച.
'നീ പോകുകയാണല്ലേ? എങ്കില്‍ ശരി. പക്ഷേ, ഓര്‍മിച്ചോളൂ... ഓര്‍മിച്ചോളൂ...'

റോസനോവ് റാസ്പ്യുട്ടിനെ കാണാന്‍ പോകാന്‍ റ്റഫിയെ വീണ്ടും പ്രേരിപ്പിച്ചപ്പോള്‍ റ്റഫി പറഞ്ഞു, 'ഞാന്‍ വരുന്നില്ല. അയാളുടെ ചുറ്റുമുള്ള അന്തരീക്ഷം ജുഗുപ്സാവഹമാണ്. ആളുകളുടെ താണുവീണുള്ള പെരുമാറ്റവും കൂട്ട ഹിസ്റ്റീരിയയും എനിക്കു താങ്ങാന്‍ വയ്യ. അതിന്റെ കൂടെ, നമുക്കാര്‍ക്കും മനസ്സിലാവാത്ത ഏതോ കറുത്തിരുണ്ട ശക്തിയുടെ പിടിയിലാണയാള്‍. ആ ചീഞ്ഞഴുകിയ ഗര്‍ത്തത്തിലേക്കു വലിച്ചെടുക്കപ്പെട്ടാല്‍ നമ്മുടെ കഥ കഴിഞ്ഞു! എനിക്ക് ഇക്കൂട്ടരുടെ രഹസ്യങ്ങളറിയാനുള്ള താത്പര്യംപോലും പോയി. ആ യുവതിയായ ഭാര്യയെ കുടിച്ചു മത്തനായ റാസ്പ്യുട്ടിന്റെ കൈകളിലേക്കു ഭര്‍ത്താവ് തള്ളിവിടുന്ന കാഴ്ച ഒരു ദുഃസ്വപ്നംപോലെ തോന്നിക്കുന്നു. ബീഭത്സം. ഭീകരം. എനിക്കു വാസ്തവത്തില്‍ പേടിയാവുന്നു.'
ഫിലിപ്പോവിനെ രഹസ്യപ്പോലീസ് ചോദ്യം ചെയ്തു എന്ന് റ്റഫി പിന്നീടറിഞ്ഞു.

ഒന്നുരണ്ടു ദിവസം കഴിഞ്ഞ് റ്റഫിയുടെ വീട്ടുജോലിക്കാരി ഒരു ചിരിയോടെ പറഞ്ഞു, 'മാഡത്തിനെ ഏതോ തമാശക്കാരന്‍ ഫോണ്‍ ചെയ്യുന്നുണ്ട്. രണ്ടു തവണ വിളിച്ചു, മാഡത്തിനോടു സംസാരിക്കാന്‍.'
'തമാശക്കാരനോ?'
'അതെ. ആരാണു വിളിക്കുന്നത് എന്നു ചോദിക്കുമ്പോള്‍ റാസ്പ്യുട്ടിന്‍ എന്നാണ് ഉത്തരം! ആരോ നമ്മളെ ചെണ്ടകൊട്ടിക്കുകയാണ്.'
റ്റഫി പറഞ്ഞു, 'ഇനിയുമയാള്‍ വിളിച്ചാല്‍ പറഞ്ഞേക്കൂ, ഞാനിവിടെയില്ല, കുറെനാള്‍ കഴിഞ്ഞേ മടങ്ങിവരൂ എന്ന്.'
റ്റഫി തന്റെ ഓര്‍മക്കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
'അയാളുടെ ശവം കത്തിച്ചുകളഞ്ഞു എന്നു പത്രങ്ങളില്‍ വായിച്ചപ്പോള്‍ എന്റെ മനസ്സിന്റെ കണ്ണില്‍ അയാളുടെ ഭീകരരൂപം വീണ്ടും കണ്ടു. അന്നത്തെ വാക്കുകള്‍ വീണ്ടും കേട്ടു: 'എന്നെയവര്‍ കത്തിക്കട്ടെ. പക്ഷേ, അവര്‍ക്ക് ഒരു കാര്യം അറിഞ്ഞുകൂടാ. എന്നെയവര്‍ കൊന്നാല്‍ അത് റഷ്യയുടെ അന്ത്യമായിരിക്കും. ഓര്‍മിച്ചോളൂ... ഓര്‍മിച്ചോളൂ.' ഞാന്‍ ഓര്‍മിച്ചു. റാസ്പ്യുട്ടിന്റെ പ്രവചനം ശരിയായിത്തീര്‍ന്നുവോ? ഇല്ല. റ്റഫി വരച്ചുകാണിക്കുന്ന അഹന്തയുടെ ഉന്മാദം ബാധിച്ച ഒരു മനുഷ്യന്റെ ജല്പനം മാത്രമായിരുന്നുവത് - ഞാനില്ലെങ്കില്‍ ലോകവുമില്ല! താനാണ് റഷ്യ എന്ന് റാസ്പ്യുട്ടിന്‍ വിശ്വസിച്ചു വശായിരുന്നു എന്നു വ്യക്തം. ആ മാരകമായ വിശ്വാസമാണ് അയാളെയും ഒപ്പം രാജകുടുംബത്തെയും റഷ്യ എന്ന മഹാരാജ്യത്തെയും മഹാദുരന്തങ്ങളിലേക്കു നയിച്ചത്.

ഫ്യൂഡല്‍ റഷ്യയുടെ ശവക്കുഴി മാന്തുന്നതില്‍ റാസ്പ്യുട്ടിന് വമ്പിച്ച പങ്കുണ്ട്; അയാളുടെ ഉദ്ദേശ്യമതല്ലായിരുന്നുവെങ്കിലും. റഷ്യ മരിച്ചില്ല. അതു രണ്ടാം ലോകമഹായുദ്ധത്തെയും കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെയും അതിജീവിച്ചു. ഇന്നുമത് ഒരു ലോകശക്തിയായി തുടരുന്നു, എല്ലാ കുറവുകളോടുംകൂടി.

സാര്‍ രാജകുടുംബത്തിന് ഒരടിക്കുറിപ്പ്

1917 ഫെബ്രുവരിയിലെ ഒന്നാംവിപ്ലവത്തിനുശേഷം നിക്കളസ് രണ്ടാമന്‍ സ്ഥാനത്യാഗം ചെയ്തു. കെറന്‍സ്‌കിയുടെ നേതൃത്വത്തില്‍ താത്കാലികഭരണകൂടം വന്നു. ഒക്ടോബര്‍ വിപ്ലവത്തില്‍ ലെനിന്‍ കറന്‍സ്‌കിയെ പുറത്താക്കി റഷ്യന്‍ഭരണയന്ത്രം കൈയിലെടുത്തു. സ്ഥാനത്യാഗം ചെയ്ത സാറിനെയും കുടുംബത്തെയും താത്കാലികഭരണകൂടം സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍നിന്ന് റ്റൊബോല്‍സ്‌കിലേക്കു (റാസ്പ്യുട്ടിന്റെ നാട്) മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 1918 ഏപ്രിലില്‍ ലെനിന്റെ ഗവണ്‍മെന്റ് അവരെ യെക്കറ്ററീന്‍ ബൂര്‍ഗ് എന്ന സ്ഥലത്തേക്കു മാറ്റി. 1918 ജൂലായ് 17 രാത്രി രണ്ടുമണിക്ക് സാര്‍ നിക്കളസ് രണ്ടാമന്‍ (50), ഭാര്യ (46), പെണ്‍മക്കള്‍ ഓള്‍ഗ (22), ടാത്യാന (20), മരിയ (19), അനസ്താ സിയ (17), മകന്‍ അലക്സി (13), അവരുടെ കുടുംബഡോക്ടര്‍, പാചകക്കാരനും ആയയുമടക്കമുള്ള മൂന്നു സഹായികള്‍ എന്നിവരെ ഉണര്‍ത്തി യാത്രാവസ്ത്രങ്ങള്‍ ധരിക്കാന്‍ പറഞ്ഞു. മറ്റൊരു സുരക്ഷാസ്ഥാനത്തേക്കു കൊണ്ടുപോകുകയാണ് എന്നായിരുന്നു അവര്‍ക്കു നല്കിയ വിശദീകരണം. അതിനുശേഷം സംഘത്തെ കെട്ടിടത്തിന്റെ നിലവറമുറിയിലേക്കു കൊണ്ടുപോയി. തൊട്ടടുത്ത മുറിയില്‍ കൊലയാളികള്‍ കാത്തിരിപ്പുണ്ടായിരുന്നു: ബോള്‍ഷെവിക് ഓഫീസര്‍ യാക്കോഫ് യുറോവ്സ്‌കിയുടെ കീഴിലുള്ള ഘാതക സംഘത്തില്‍ യൂറോപ്പില്‍നിന്നു കൊണ്ടുവന്ന ഏഴു കമ്യൂണിസ്റ്റ് പട്ടാളക്കാര്‍, തദ്ദേശവാസികളായ മൂന്നു ബോള്‍ഷെവിക്കുകള്‍ എന്നിവരുണ്ടായിരുന്നു. സാറിന്റെ സംഘം നിലവറയിലെത്തിയ ഉടനെ യുറോവ്സ്‌കി യുറാല്‍ (ആ പ്രദേശത്തിന്റെ നാമം) തൊഴിലാളി സോവിയറ്റ് അവരെ വധശിക്ഷയ്ക്കു വിധിച്ചതായി പ്രഖ്യാപിച്ചു. ഉടന്‍ അയാള്‍ സാറിനെ വെടിവെച്ചു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് മറ്റുള്ളവരുടെ നേര്‍ക്കു നിറയൊഴിച്ചു. പുക നിറഞ്ഞ മുറിയില്‍ കശാപ്പിന്റെ പ്രക്രിയ അലങ്കോലമായി. സാറിനെ പല തവണ വെടിവെക്കേണ്ടിവന്നു. കുറുവടികൊണ്ട് അടിച്ചും ബയണറ്റുകൊണ്ട് കുത്തിയുമാണ് പതിനൊന്നു കൊലകള്‍ പൂര്‍ത്തീകരിച്ചത്. രക്തത്തില്‍ക്കുളിച്ച് ഇഴഞ്ഞുപോകുകയായിരുന്ന രോഗിയായ രാജകുമാരനെ യുറോവ്സ്‌കി പിന്നാലെ ചെന്ന് തച്ചുകൊന്നു.

ലെനിന്‍ കൈയൊപ്പിട്ടു നടപ്പാക്കിയ വധമായിരുന്നില്ല ഇത്. ലെനിന്റെ വ്യക്തിപരമായ മേല്‍നോട്ടത്തിലായിരുന്നു രാജകുടുംബത്തിന്റെ ബന്ധനജീവിതം. ലെനിന്റെ ആസൂത്രണത്തിലും നിര്‍ദേശപ്രകാരവുമാണ് കൊല നടത്തിയത് എന്ന് പിന്നീടു തെളിഞ്ഞു.

സാര്‍ നിക്കളസ് നല്ല ഭരണാധികാരിയായിരുന്നില്ല. സാറിന അലക്സാന്‍ഡ്ര റാസ്പ്യുട്ടിന്റെ ഇച്ഛയ്ക്കു വഴങ്ങി ചെയ്ത തെറ്റുകള്‍ അനവധിയായിരുന്നു. പക്ഷേ, വിചാരണയ്ക്കു വിധേയരാക്കുക എന്ന സാമാന്യനീതി നടപ്പിലാക്കാതെയാണ് അവരെയും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെയും സ്വന്തം ജോലി നിര്‍വഹിക്കുക മാത്രം ചെയ്ത സഹായികളെയും പ്രാകൃതമായി കൊലപ്പെടുത്തിയത്. മുന്‍ റഷ്യന്‍ പ്രസിഡന്റ് യെല്‍റ്റ്സിന്‍ അതിനെ വിവരിച്ചത്, 'റഷ്യന്‍ചരിത്രത്തിന്മേല്‍ ഒരു കളങ്കം' എന്നാണ്. തിരിഞ്ഞുനോക്കുമ്പോള്‍, പിന്നീട് സ്റ്റാലിനെപ്പോലെയുള്ള കമ്യൂണിറ്റ് സ്വേച്ഛാധിപതികള്‍ പിന്തുടര്‍ന്ന മനുഷ്യക്കുരുതികളുടെ പരമ്പരയുടെ തുടക്കം ആ തണുത്ത നിലവറയിലെ ലെനിന്റെ അദൃശ്യമായ കൈയൊപ്പു വീണ പുക മൂടിയ രക്തക്കളത്തിലായിരുന്നു എന്നു കാണാം.


 

Content Highlights: paul zacharia book excerpts on rasputin and nadezhda teffi in russia