'തരംകിട്ടുമ്പോള്‍ സ്ത്രീകളെ കളിയാക്കുന്ന ആള്‍ 'ലോല'യുമായുള്ള പ്രേമവും വിരഹവും എഴുതിയിരിക്കുന്നു!'

രാധാലക്ഷ്മി പത്മരാജന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പത്മരാജന്‍ എന്റെ ഗന്ധര്‍വന്‍' എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം...
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു തിങ്കളാഴ്ച വടക്കുംനാഥന്റെ നാട്ടില്‍, ആകാശവാണിയുടെ കണ്‍ട്രോള്‍ റൂമില്‍, വരുംനാളുകളിലേക്കുള്ള പരിപാടികള്‍ റെക്കോഡു ചെയ്ത ടേപ്പുകള്‍ പരിശോധിച്ചുകൊണ്ടിരുന്ന അവസരത്തില്‍, ചുരുണ്ട മുടിയും വെളുത്ത നിറവും മയങ്ങുന്ന കണ്ണുകളുമുള്ള മെല്ലിച്ച ആ ചെറുപ്പക്കാരനെ ഞാനാദ്യമായി കണ്ടു. അതിനടുത്ത ദിവസം ഉച്ചതിരിഞ്ഞപ്പോള്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയിരുന്ന മിസ്. സത്യഭാമ ഞങ്ങളെ തമ്മില്‍ പരിചയപ്പെടുത്തി. അന്ന് ഒരു ചൊവ്വാഴ്ചയായിരുന്നു! ഞാന്‍ അദ്ദേഹത്തെ അവസാനമായി കണ്ടതും ഒരു ചൊവ്വാഴ്ചയായിരുന്നു!
ഇരുപത്തിയാറു വര്‍ഷത്തെ പരിചയം. വേര്‍പാടിന്റെ വേദനകളും വീണ്ടും കണ്ടുമുട്ടി ഒന്നായിച്ചേര്‍ന്നതിന്റെ പുളകങ്ങളും നിറഞ്ഞുതുളുമ്പിയ ഇരുപത്തിയാറു വര്‍ഷങ്ങള്‍. സ്നേഹത്തിന്റെ ദിവ്യഗീതമുതിര്‍ത്തുകൊണ്ട് എന്നെത്തേടി ഓണാട്ടുകരയില്‍നിന്ന് വടക്കുംനാഥന്റെ ദേശത്തെത്തിയ എന്റെ ഗന്ധര്‍വന്‍. 'ഈ ഭൂമിയിലൊരിടത്ത് നിന്റെ കുഴിമാടത്തിനടുത്ത് ഇത്തിരി മണ്ണു കണ്ടെത്തി വിശ്രമിക്കണം' എന്നെഴുതിവെച്ച എന്റെ ഗന്ധര്‍വന്‍, 'ഈ ഭൂമിയില്‍ നിന്റെയൊപ്പം ജീവിച്ച് നിന്റെ ഓര്‍മയുമായി മരിക്കുന്ന ദേവന്‍ എന്നു പേരുള്ള ഒരു മനുഷ്യനാവും' എന്ന് ആണയിട്ടു പറഞ്ഞ എന്റെ ഗന്ധര്‍വന്‍.
'രാത്രി, പതിനേഴാമത്തെ കാറ്റു വീശാന്‍ തുടങ്ങിയപ്പോള്‍ സ്നേഹിച്ചു മതിയാവാതെ, താലോലിച്ചു മതിയാവാതെ, ജീവിച്ചു മതിയാവാതെ, ഏതോ ഒരു ശാപത്തിന്റെ ഊരാക്കുടുക്കില്‍പ്പെട്ട് ഈ ഭൂമിയെയും സമസ്തചരാചരങ്ങളെയും വിട്ടുപിരിയേണ്ടിവന്ന എന്റെ ഗന്ധര്‍വന്‍.' പൊലിഞ്ഞുപോയ എന്റെ ഈ സ്വപ്നത്തെക്കുറിച്ച് ഞാന്‍ എന്തെഴുതാന്‍? എവിടെത്തുടങ്ങണം?
'ചൊവ്വാദോഷമുള്ള എന്റെ മകളെ വേട്ടാല്‍ നിങ്ങളുടെ മോന്റെ ജീവന് അപകടമായാലോ' എന്നു ഭയന്ന എന്റെ പിതാവിന്റെ പ്രവചനത്തില്‍നിന്നോ, 'വിധിച്ചതൊന്നും നടക്കാതെ പോവില്ല, അവരുടെ ഇഷ്ടം നടക്കട്ടെ' എന്ന് അന്ത്യശാസനം നല്‍കിയ അദ്ദേഹത്തിന്റെ അമ്മയുടെ ആജ്ഞയില്‍നിന്നോ, 'ജന്മാന്തരങ്ങളായി നിങ്ങള്‍ ഭാര്യഭര്‍ത്താക്കന്മാരായിരുന്നു' എന്ന ജ്യോത്സ്യന്റെ പ്രഖ്യാപനത്തില്‍നിന്നോ, ആദിമധ്യാന്തങ്ങളില്ലാത്ത ഒരു കഥയായിട്ടോ, എവിടെത്തുടങ്ങണം?
ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയഞ്ച് ഏപ്രില്‍ ഇരുപത്തിയൊന്നിന് ഞാന്‍ തൃശ്ശൂര്‍ ആകാശവാണിയില്‍ അനൗണ്‍സറായി ചേര്‍ന്നു. എന്‍ജിനീയര്‍മാരുള്‍പ്പെടെ എട്ടോ പത്തോ സാങ്കേതികജോലിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേറെ അനൗണ്‍സര്‍മാരും ഉണ്ടായിരുന്നില്ല.
നിലയത്തിലെ കണ്‍ട്രോള്‍റൂമും സ്റ്റുഡിയോവും എല്ലാം ഒരു കെട്ടിടത്തില്‍ത്തന്നെയായിരുന്നു. എന്നെക്കൂടാതെ പ്രോഗ്രാം സ്റ്റാഫായി അവിടെ ഉണ്ടായിരുന്നത് ട്രാന്‍സ്മിഷന്‍ എക്സിക്യൂട്ടീവായിരുന്ന ആര്‍.എസ്. അയ്യര്‍ മാത്രം. നാലഞ്ചു ദിവസങ്ങള്‍ക്കകംതന്നെ, അവിടെ ഉണ്ടായിരുന്നവരെല്ലാം എന്റെ സുഹൃത്തുക്കളായി മാറി. ഏപ്രില്‍ ഇരുപത്തിയാറാം തീയതിയാണ് പത്മരാജന്‍ രണ്ടാമത്തെ അനൗണ്‍സറായി വരുന്നത്.
കുടുംബത്തിലെ ഇളയ കുട്ടിയായതുകൊണ്ട് ഒരുപാട് താലോലിച്ചാണ് എന്നെ വളര്‍ത്തിയത്. അതിന്റേതായ പല ദോഷങ്ങളും എനിക്കുണ്ടായിരുന്നു. എല്ലാവരോടും തുറന്നു പെരുമാറുന്ന ശീലം. മനസ്സില്‍ യാതൊന്നും ഒളിച്ചുവെക്കാത്ത സ്വഭാവം. ആരെന്തു പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. ലോകത്തിലെ കാപട്യമോ സ്നേഹശൂന്യതയോ ഒന്നും എനിക്കു മനസ്സിലാവുമായിരുന്നില്ല. ഇരുപതാം വയസ്സില്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥയായി കയറുമ്പോഴും ഞാന്‍ പന്ത്രണ്ടു വയസ്സുള്ള ഒരു ബാലികയായിരുന്നു, മാനസികമായി. വരാന്‍ പോകുന്ന പത്മരാജന്‍ എന്ന അനൗണ്‍സറെക്കുറിച്ച് അവിടുത്തെ സാങ്കേതികവിഭാഗത്തിലെ പലരില്‍നിന്നുമായി നാലഞ്ചു ദിവസങ്ങളിലായി ഒരുപാടു കഥകള്‍ ഞാന്‍ കേട്ടിരുന്നു. തിരുവനന്തപുരത്ത് ഒരുപാടു കളികള്‍ കളിച്ച ആ 'വില്ലന്റെ' വരവ് എന്നെ കുറേശ്ശ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.
പക്ഷേ, കേട്ടതും കണ്ടതും തമ്മില്‍ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഗൗരവക്കാരനായ ഒരു ചെറുപ്പക്കാരന്‍ എന്നു മാത്രമേ മനസ്സില്‍ തോന്നിയുള്ളൂ. മെയ് ഒന്നാംതീയതി മറ്റൊരനൗണ്‍സറായി വെണ്മണി വിഷ്ണുവും വന്നെത്തി. രണ്ടിന് ആദ്യമായി രാവിലെ തൃശ്ശൂര്‍ നിലയത്തില്‍നിന്ന് ലൈവ് ആയി അറിയിപ്പുകള്‍ പുറത്തുവന്നത് എന്റെ ശബ്ദത്തിലായിരുന്നു.
ഞങ്ങള്‍ പ്രോഗ്രാം സ്റ്റാഫിന് ഷിഫ്റ്റ് ഡ്യൂട്ടിയും ലൈബ്രേറിയനായി വന്ന സാറാമ്മയ്ക്കും മറ്റും പത്തുമുതല്‍ അഞ്ചുമണിവരെയുള്ള ഡ്യൂട്ടിയുമായിരുന്നതുകൊണ്ട് വളരെ കുറച്ചു സമയം മാത്രമേ എനിക്ക് സാറാമ്മയോടൊപ്പം ചെലവഴിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. ബാക്കിസമയം എനിക്ക് തുണയായി പുരുഷന്മാര്‍ മാത്രം. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറവ് പത്മരാജനായിരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ ഡയറക്ടറായിരുന്ന എം.കെ. ശിവശങ്കരനും അന്ന് ഡെപ്യൂട്ടേഷനില്‍ ഒരു ട്രാന്‍സ്മിഷന്‍ എക്സിക്യൂട്ടീവായി തൃശ്ശൂരു വന്നു. എന്തുകൊണ്ടാണെന്നറിയില്ല പൊതുവേ പ്രോഗ്രാം സ്റ്റാഫും ടെക്നിക്കല്‍ സ്റ്റാഫും തമ്മില്‍ മാനസികമായി വലിയ അടുപ്പത്തിലല്ലായിരുന്നു.
പുറമേ രഞ്ജിപ്പിലായിരുന്നുവെങ്കിലും, ഒരു ശീതസമരം എന്നും നിലനിന്നിരുന്നു. പക്ഷേ, ഇതേക്കുറിച്ച് വലിയ പിടിയില്ലാതിരുന്ന ഞാന്‍, കണ്ടുമുട്ടി ഒരാഴ്ചയ്ക്കകംതന്നെ എല്ലാവരുമായി ഒരുപാടടുത്തു. ഒഴിവു കിട്ടുമ്പോഴെല്ലാം കൂടെ ഡ്യൂട്ടിയിലുള്ളവരോട് ചറുപിറാന്ന് വര്‍ത്തമാനം പറഞ്ഞ് ഞാന്‍ ബോറടിപ്പിക്കും. എന്റെ നാട്, വീട്ടുകാര്‍, കൂട്ടുകാര്‍ തുടങ്ങി പലതും ഞാന്‍ സംസാരിക്കും. പത്മരാജനായിരുന്നു ഏറ്റവും ക്ഷമയുള്ള കേള്‍വിക്കാരന്‍. പറയുന്നതു മുഴുവന്‍, ഒരൊറ്റയക്ഷരം ഇടയ്ക്കുകയറി പറയാതെ, അദ്ദേഹം കേള്‍ക്കുമായിരുന്നു. ഒരു ബ്ലോട്ടിങ് പേപ്പര്‍പോലെ എന്തു കേട്ടാലും എന്തു കണ്ടാലും അതാ മനസ്സില്‍ മായാതെ, മറയാതെ കിടക്കും. ആദ്യമൊന്നും എനിക്കത് അറിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ 'വായില്‍ തോന്നുന്നത് കോതയ്ക്കു പാട്ട്' എന്ന മട്ടില്‍ ഞാനെന്നും സംസാരിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം ഒരു നല്ല കേള്‍വിക്കാരനായും തുടര്‍ന്നു.
അറുപത്തിയഞ്ച് ജൂണിലാണ് പത്മരാജന്റെ ആദ്യകഥ, 'ലോലാ മില്‍ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ്' കൗമുദിയില്‍ പ്രസിദ്ധീകരിച്ചുവന്നത്. അതുവരെ ആ ചെറുപ്പക്കാരന് ഇങ്ങനെയൊരു കഴിവുള്ളതായി ആരും അറിഞ്ഞിരുന്നില്ല. വളരെ കുറച്ചുമാത്രം സംസാരിക്കുന്ന, സ്ത്രീവര്‍ഗത്തോടാകമാനം വല്ലാത്ത ഒരുതരം പുച്ഛംതന്നെ പുലര്‍ത്തുന്ന, തരംകിട്ടുമ്പോള്‍ സ്ത്രീകളെ കളിയാക്കാന്‍ വഴികാണുന്ന പത്മരാജന്‍ 'സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രവും പുരുഷന്മാര്‍ക്ക് തലച്ചോറും നല്‍കിയാണ് ബ്രഹ്‌മാവ് തന്റെ സൃഷ്ടി നടത്തിയിരിക്കുന്നത്' എന്നുവരെ പറഞ്ഞ അവസരങ്ങളുമുണ്ട്. അങ്ങനെയുള്ള ഒരാള്‍ 'ലോല'യുമായുള്ള പ്രേമവും വേര്‍പിരിയലിന്റെ ദുഃഖവുമൊക്കെ എഴുതിക്കണ്ടപ്പോള്‍ ഞാനാകെ അന്തംവിട്ടു. ഇതെന്തൊരു മനുഷ്യന്‍ എന്ന് തോന്നുകയും ചെയ്തു.
കുട്ടിക്കാലത്തുതന്നെ കിട്ടുന്നതെന്തും വായിച്ചിരുന്ന ശീലം എനിക്കുണ്ടായിരുന്നു. വാക്കുകളുടെ അര്‍ഥം മനസ്സിലായിത്തുടങ്ങിയ കാലംമുതല്‍ മാതൃഭൂമി, മനോരമ തുടങ്ങിയ വാരികകള്‍ വായിക്കും. അച്ഛന്‍ മുനിസിപ്പല്‍ ലൈബ്രറിയിലെ വരിക്കാരനായിരുന്നതുകൊണ്ട് ഇല്ലസ്ട്രേറ്റഡ് വീക്കിലി, ബ്ലിറ്റ്സ്, ഫെമിന, സ്പോര്‍ട്സ് ആന്‍ഡ് പാസ്റ്റ് ടൈം എന്നിവയൊക്കെയും വായിക്കുമായിരുന്നു. പക്ഷേ, ഇംഗ്ലീഷ് സാഹിത്യവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. കഥകള്‍ എഴുതുക ഒരു ഹോബിയായിരുന്നു എന്നു മാത്രം. തൃശ്ശൂര് അച്ഛന്‍പെങ്ങളുടെ വീട്ടിലായിരുന്നു എന്റെ താമസം. അച്ചേമ്മയുടെ ഒരു മകന് കറന്റ് ബുക്സിലെ തോമസ്സുമായി നല്ല പരിചയവും അടുപ്പവും ഉണ്ടായിരുന്നതുകൊണ്ട് അസുരവിത്ത്, സുന്ദരികളും സുന്ദരന്മാരും തുടങ്ങി ഒരുപാട് നല്ല നോവലുകള്‍ വായിക്കുവാനുള്ള അവസരം എനിക്ക് അവിടെ കിട്ടി.
പത്മരാജന്റെ ചെറുകഥ വായിച്ച് മികച്ച അഭിപ്രായമൊന്നും തോന്നിയില്ല. തരക്കേടില്ലാതെ എഴുതിയിരിക്കുന്നു എന്നു മാത്രം തോന്നി. ഓഫീസില്‍ അന്നദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ശിവശങ്കരനായിരുന്നു. ശിവശങ്കരനും സാഹിത്യതാത്പര്യം ഉണ്ടായിരുന്ന ആളാണ്. അന്ന് തൂലിക എന്ന മാസികയില്‍ ശിവശങ്കരനും കഥ എഴുതിയിരുന്നു. തൃശ്ശൂര്‍ നിലയത്തില്‍ അന്ന് ആകെ ഉണ്ടായിരുന്ന രണ്ടു സാഹിത്യകാരന്മാര്‍ പത്മരാജനും ശിവശങ്കരനുമായിരുന്നു.
ഐക്യദാര്‍ഢ്യദിനത്തിന് സര്‍ക്കാര്‍ ഓഫീസിലുള്ളവരെല്ലാം സത്യപ്രതിജ്ഞ ചെയ്യണം എന്ന് ഒരു ഓര്‍ഡര്‍ കിട്ടി. സത്യപ്രതിജ്ഞയുടെ വാചകങ്ങള്‍ ഇംഗ്ലീഷില്‍ അച്ചടിച്ച നോട്ടീസും വന്നു. പ്രതിജ്ഞാവാചകങ്ങള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യണമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അതത്ര എളുപ്പമല്ലായിരുന്നതുകൊണ്ട് പത്മരാജനാണ് അത് ചെയ്തത്. നല്ല ഭാഷയില്‍ പെട്ടെന്ന് പത്മരാജന്‍ തര്‍ജമ ചെയ്തതോടെ എനിക്ക് ആ ചെറുപ്പക്കാരനോട് മനസ്സില്‍ ഒരു ബഹുമാനം നാമ്പിട്ടു. ഒരു തുടക്കം.
ശിവശങ്കരന്‍ സ്ഥലംമാറിപ്പോയി. കുറച്ചു ദിവസങ്ങളിലേക്ക് ഡ്യൂട്ടി ഓഫീസറുടെ ഒഴിവില്‍ രണ്ടാമതൊരാള്‍ വന്നില്ല. ആര്‍.എസ്. അയ്യര്‍ ഒരു ഷിഫ്റ്റിലും ഞങ്ങള്‍ മൂന്ന് അനൗണ്‍സര്‍മാരില്‍ ഒരാള്‍ അടുത്ത ഷിഫ്റ്റിലും ആ ജോലി ചെയ്യുക പതിവായി. അപ്പോള്‍ രണ്ട് അനൗണ്‍സര്‍മാര്‍ ഒരേ സമയത്ത് ജോലി ചെയ്യേണ്ടതായിവരും. പലപ്പോഴും എനിക്കും പത്മരാജനും ഒരുമിച്ചായി ജോലി.
ഒഴിവുകിട്ടുന്ന സമയങ്ങളില്‍ ഒരുപാട് കള്ളക്കഥകള്‍ ചമച്ച് അദ്ദേഹം എന്നോട് പറയുമായിരുന്നു. കഥകള്‍, നുണകള്‍, നുറുങ്ങു തമാശകള്‍ ഒക്കെയായി ദിവസങ്ങള്‍ കഴിഞ്ഞു. അന്നത്തെ ഷിഫ്റ്റ് ഡ്യൂട്ടിയായിരുന്നു ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചത്. ഒരുപാട് സ്നേഹം കിട്ടി വളര്‍ന്നതുകൊണ്ടാവാം കാണുന്ന, പരിചയപ്പെടുന്ന ഏവരോടും എനിക്ക് സ്നേഹം തോന്നിയിരുന്നത്. ആരോടും ഒരു വ്യത്യാസവും കാണിക്കാത്ത എന്റെ പെരുമാറ്റം ഒരുപാട് തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കിയിട്ടുമുണ്ട്.
അന്നത്തെ അപക്വമായ എന്റെ ജീവിതത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ലജ്ജയും ദേഷ്യവുമൊക്കെ തോന്നാറുണ്ട്. ഒട്ടും അടക്കവും ഒതുക്കവും ഇല്ലാത്ത, ആരെ കണ്ടാലും പല്ലിളിച്ചു കാണിക്കുന്ന ഒരു പരമവിഡ്ഢിയുടെ ഇമേജാണ് ഞങ്ങളുടെ ബോസായ മിസ്. സത്യഭാമയ്ക്ക് എന്നെക്കുറിച്ച് ഉണ്ടായിരുന്നത്. ടൗണിലെ ഓഫീസില്‍നിന്ന് അവര്‍ സ്റ്റുഡിയോവിലെത്തിയാല്‍ മൂന്നരത്തരം, എനിക്ക് വഴക്ക് കേട്ടിരിക്കും.
ഫേയ്ഡര്‍ ഓഫ് ചെയ്യാതെ സ്റ്റുഡിയോവില്‍ ഉള്ളവരോട് സംസാരിക്കുക, പടത്തിന്റെ പേരുതെറ്റി ചലച്ചിത്രഗാനങ്ങള്‍ അനൗണ്‍സ് ചെയ്യുക തുടങ്ങി ഒരുപാട് കൈപ്പിഴകള്‍ പ്രക്ഷേപണത്തിനിടയില്‍ തുടക്കത്തില്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ സത്യഭാമയെ കാണുമ്പോള്‍ത്തന്നെ, ഞാന്‍ ആകെ ഭയന്നുപോകുമായിരുന്നു. മിസ്. സത്യഭാമ കഴിവുള്ളവരെ മനസ്സിലാക്കാനും പ്രോത്സാഹിപ്പിക്കാനും വളരെ ഉത്സാഹം കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ, പത്മരാജന്‍ അവരുടെ ഏറ്റവും അടുത്ത അനൗണ്‍സറും ആയി. 'മൈ ബോയ്' എന്നും 'അനിയാ' എന്നും മാത്രമേ അവര്‍ പത്മരാജനെ വിളിച്ചിരുന്നുള്ളൂ.
വഴക്കു കേള്‍ക്കുമ്പോള്‍ ദേഷ്യം തോന്നുമായിരുന്നെങ്കിലും അവരോട് എനിക്ക് സ്നേഹവും ബഹുമാനവും ആയിരുന്നു. ഇന്നും അതങ്ങനെത്തന്നെ. സ്ത്രീകളായാല്‍ ഇങ്ങനെയാവണം എന്നുവരെ എനിക്കു തോന്നിയിട്ടുണ്ട്. ഒരുപക്ഷേ, അവര്‍ക്കിന്നും എന്റെ മനസ്സ് പിടികിട്ടിയിട്ടുണ്ടാവില്ല. അവര്‍ എന്റെ നാട്ടുകാരിയാണ് (ചിറ്റൂര്‍) എന്നതില്‍ എനിക്ക് അഭിമാനം ഉണ്ട്. അവിവാഹിതയായ ആ മഹതിക്ക് ഒരു പുരുഷനൊപ്പം ധൈര്യവും ഭരണശേഷിയും ഉണ്ടായിരുന്നു. അറിവിന്റെ കാര്യത്തിലും അവര്‍ മുന്നില്‍ത്തന്നെ നില്‍ക്കുന്നു.
പില്‍ക്കാലത്ത് ശക്തരായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്‍, പലപ്പോഴും മിസ്. സത്യഭാമ പത്മരാജന്റെ ഉള്ളിന്റെയുള്ളില്‍ ഒരു മാതൃകയായി ഉണ്ടായിരുന്നിരിക്കണം. ജീവിതത്തിന്റെ ഒരു കാലയളവുവരെ അദ്ദേഹം വളരെ കുറച്ചു സ്ത്രീകളെ മാത്രമേ 'തലയില്‍ വല്ലതും ഉള്ളവരായി' കണക്കാക്കിയിരുന്നുള്ളൂ. അവരില്‍ ഏറ്റവും മുന്‍പില്‍ അദ്ദേഹത്തിന്റെ അമ്മയായിരുന്നു. ക്രമേണ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് മാറ്റം വന്നു. അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ പല ധാരണകളെയും മാറ്റിമറിച്ചു.
Content Highlights: Padmarajan memories by Radhalakshmi Padmarajan