മരണം, ഒരു പരുന്ത്: പി. വത്സലയുടെ ആത്മകഥ 'കിളിക്കാലം' ഒരു അധ്യായം

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി പി. വത്സല വിടപറഞ്ഞിരിക്കുന്നു. സാഹിത്യം എന്നത് തന്റെ സാമൂഹികജീവിതത്തോടുള്ള പ്രതിബദ്ധതയാണെന്ന് തെളിയിച്ച എഴുത്തുകാരിയുടെ ആത്മകഥ 'കിളിക്കാലം' പ്രസിദ്ധീകരിച്ചത് മാതൃഭൂമി ബുക്‌സ് ആണ്. ആത്മകഥയില്‍ നിന്നും ഒരു അധ്യായം വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
ആദ്യം സാക്ഷിയായ ഒരു മരണം അച്ഛമ്മയുടേതായിരുന്നു. കുട്ടിക്കാലത്ത് തറവാട്ടില്‍ ഒരു മരണവും ഉണ്ടായിട്ടില്ല. എന്റെ അച്ഛമ്മ തൊണ്ണൂറ് കഴിഞ്ഞപ്പോ ആണ് മരിക്കുന്നത്. അപ്പോള്‍ ഞാന്‍ ഭര്‍ത്തൃഗൃഹത്തിലായിരുന്നു. അതിനെത്രയോ വര്‍ഷം മുന്‍പ്, ഞങ്ങളുടെ തളരാത്ത കളിക്കാലത്ത്.
മലനിരകളിലേക്ക് അക്കൊല്ലം മഹാമാരി കേറിവന്നത് അത്രയെളുപ്പം തിരിച്ചുപോകാത്ത വാശിക്കാരനായൊരു അതിഥിയെപ്പോലായിരുന്നു. അതിനിടയ്ക്ക് വിഷുവിന് മാമ്പഴം പെയ്തു. പറങ്കിമാങ്കാട്ടില്‍ പലവര്‍ണപ്പഴങ്ങള്‍ പൊഴിഞ്ഞു. മീനക്കാറ്റ് ദൂരെ ഗ്രാമങ്ങളില്‍ വസൂരിവിത്തെറിഞ്ഞു. കൊയ്തെടുത്ത വിലപ്പെട്ട അനേകം മനുഷ്യജീവനുമായിക്കടന്നുപോയി. പത്രം വായിച്ച് ഞങ്ങള്‍ കരഞ്ഞു.
''വസൂരി ഇവിടേം പടികേറി വര്യൊ അച്ഛമ്മേ?''
''ഇല്ല. വൃത്തീം വെടിപ്പും വിടാതിരുന്നാ മതി. എന്നും രണ്ടുനേരം പച്ചവെള്ളത്തില്‍ കുളിയ്ക്ക്യാ. വിശപ്പാറ്റുക. ദൈവത്തെ വിചാരിക്കുക. പൊടിമണ്ണില്‍ കളിക്കരുത്.''
അവര്‍ മുറ്റംതൂപ്പുകാരിയോടും കല്പിച്ചു: ''നല്ല പച്ചച്ചാണകം, ബക്കറ്റില് കലക്കി പുരയ്ക്ക് ചുറ്റും കുടഞ്ഞു തളിയ്ക്ക്യാ, രണ്ടുനേരം. പറ്റ്വെങ്കില് ഉച്ചയ്ക്കുമുന്‍പും.'' മാധവിയമ്മ എല്ലാം മുറപോലെ അനുസരിച്ചു. അവര്‍ എപ്പോഴും ഉടുപ്പുകള്‍ ശുചിയാക്കിവെച്ചു. നേരം തെറ്റിയ നേരത്ത് പറങ്കിമാങ്ങ പെറുക്കാന്‍ കുന്നുകേറിയില്ല.
രണ്ടു നേരം കുളിക്കാന്‍ കിണറ് കനിയുന്നില്ല. ഉറവകളെല്ലാം തളര്‍ന്നുപോയി എന്നമ്മ. മുലകുടിച്ച് വറ്റിക്കുന്ന എത്രപേരാ ഇവ്ടെ ഉള്ളത്. കിണറാണെന്നുവെച്ച് അതിനെത്ര ചുരത്താന്‍ കഴിയും!
വലിയ വട്ടമുള്ള ചെങ്കല്ല് ചെത്തിപ്പടുത്ത കിണറ്റുമതിലിനു മീതെ ഞങ്ങള്‍ ഗൂഢമായി എത്തിനോക്കി. വെള്ളം വറ്റി, നമ്മുടെ ആമ ചത്തുവോ? ഇല്ല. നികന്നുനില്ക്കുന്നു വെള്ളം. എപ്പോഴും കീഴെപ്പടവില്‍ ആയിരിക്കും ആമ. അന്ന് തുടങ്ങും ഞങ്ങളുടെ കുളിമുറിയിലെ കുളി. വേനലവധിയാകയാല്‍ നേരം പുലര്‍ന്നിട്ട് പുഴയ്ക്കു പോകാം. കണ്ണന്‍ചിരട്ടകളും ഈരെഴത്തോര്‍ത്തിന്റെ തൂവാലക്കഷണങ്ങളും ഞങ്ങള്‍ റെഡിയാക്കിവയ്ക്കും.
പൂനൂര്‍പ്പുഴ അന്ന് അങ്ങാടിമാലിന്യം ചുമന്ന് വരുന്നവളായിരുന്നില്ല. സുന്ദരി. കുളിച്ച് ഉദയസൂര്യനെ കുറിയിട്ടുവരുന്ന, ഓളംതല്ലി ഓടുന്ന മിടുക്കത്തി. വലിയ ബദ്ധപ്പാടില്ല. അവള്‍ ഒരായിരം മീന്‍കുഞ്ഞുങ്ങളെ മേച്ചുകൊണ്ടാണ് വരിക. ഇടയ്ക്ക് അടിക്കുഴികളില്‍ അവ, പുഴയെ പറ്റിച്ച് ഊളാംകുഴിയിട്ട് കറങ്ങിത്തിരിഞ്ഞു. വെയില്‍ വിരല്‍ത്തുമ്പില്‍, വൈരപ്പൊടി കടിച്ചുപിടിച്ച് കൂത്താടി. എഴുത്തച്ഛന്‍ പ്രാണികള്‍ അനങ്ങാത്ത ജലോപരി എഴുതിക്കൊണ്ടേയിരുന്നു. മണല്‍ത്തിട്ടകള്‍ക്കിടയില്‍ ശാന്തയായി നീങ്ങുന്ന പുഴ ഒന്നും കാണുന്നില്ല. പുഴ സ്വപ്നം കാണുകയാണ്. സ്വപ്നത്തില്‍ മുളങ്കൂട്ടങ്ങള്‍ തലകുത്തി നില്ക്കുന്നു. പരുന്തും പഞ്ചവര്‍ണക്കിളിയും കീഴാകാശത്തില്‍ പറന്നുപോകുന്നു. മീന്‍കൊത്തികള്‍ ലാക്കുനോക്കി, തീരമരങ്ങളുടെ മറപറ്റി പുഴയിലെ ഉന്നംപിടിക്കുന്നു.
പുഴയോരം ഏകര്‍ന്ന മണല്‍ത്തിട്ടകളാല്‍ പഞ്ഞിമെത്ത വിരിച്ചിട്ടിരുന്നു.
പക്ഷേ, അന്ന് പുഴ ഒരു കുരുടിപ്പാമ്പായി. ഉറുമ്പരിച്ചെന്ന മട്ടില്‍ അനങ്ങാതെ കിടക്കുന്നു. ഞങ്ങളുടെ സ്വന്തം കടവില്‍ ഒരു ജീവിയുമില്ല. മേലാകാശത്തില്‍ കാക്ക കരയുന്നു. അവ ദൂരെ കോഴിക്കോട് കടപ്പുറം വെടിഞ്ഞ് പതിവുപോലെ മുഴുത്ത മുഷിയെയും ബ്രാലിനെയും തെരഞ്ഞ് വന്നതാണ്. ഒരു തവളമിട്ടില്‍ പോലും ദേശത്തില്ല, വെള്ളത്തിലുമില്ല.
മീന്‍കൊത്തികള്‍ തപസ്സു വെടിഞ്ഞ് മുളങ്കൂട്ടത്തിലേക്ക് നിരാശയോടെ മടങ്ങിപ്പോണു. ഇന്ന് അങ്ങാടിയില്‍ നിന്ന് വരുന്ന രാമനും ഭാര്യയും കഴുതയും അലക്കുഭാണ്ഡവും എത്തീട്ടില്ല.
എന്തുചെയ്യും? ഏതായാലും വന്നില്ലേ? കുളിക്കാതെ മടങ്ങേണ്ട. യശോദേടത്തിയും വിലാസിനിയും ഉണ്ട്. അവരുടെ പക്കല്‍ മുതിര്‍ന്നവരുടെ തുണികള്‍ അലക്കാനുണ്ട്. ജോലിക്ക് പോകേണ്ട ആണുങ്ങളുടെ. പാപ്പന്മാര്‍, വല്യച്ഛന്‍, അച്ഛന്‍ എന്നിവരുടെ.
അച്ഛമ്മ പറയുന്നു: ''മേലോട്ട് നടക്കാം. ചോലപ്പുറം കടവില്‍ പോകാം. ഒരിക്കലും വറ്റില്ല.''
പുഴക്കരയിലൂടെ ഞങ്ങള്‍ തീര്‍ഥാടകരെപ്പോലെ മണല്‍ കുഴിച്ചുകുഴിച്ച് നടന്നു.
''കര്തി നടന്നോ? ഇല്ലിയുണങ്ങി വീണിട്ട്ണ്ടാവും.''
കണ്ണില്‍പ്പെട്ട ഇല്ലിമുള്‍ക്കമ്പെല്ലാം ഞങ്ങള്‍, ആറ്റുവഞ്ഞിച്ചെടികള്‍ക്കുമേല്‍ കൂട്ടിവെച്ചു. ഇനി ആരെയും ദ്രോഹിക്കരുത്.
ഇപ്പൊ എവിടെപ്പോയി നിങ്ങടെ പത്രാസ്. വെള്ളത്തിന്റെ നടുവില്‍ പൊറ്റമേലല്ലായിരുന്നോ നില്പ്!
പുല്‍പ്പൊറ്റയെല്ലാം തീരമണലേറി നില്പാണ്.
മറ്റൊരു ചെറുകുന്നിന്റെ താഴ്വാരത്താണ്, ചോലപ്പുറം വീട്. ഒരൊറ്റ നെടുമ്പുര. ഓടിട്ടത്, നിരക്കെ മൂന്ന് ജനലുകള്‍. ഞങ്ങള്‍ കല്ലടകളും പാറകളും ഇറങ്ങി ചോലപ്പുറത്തുകാരുടെ മുറ്റത്തിറങ്ങി.
''ആരാ ഈ വരണത്? ചിരുതമ്മേം കുട്ട്യോളും! എന്തേ കിണറ് വറ്റിപ്പോയോ?''
''കുടിവെള്ളംണ്ട്. തീര വറ്റിക്കേണ്ടാന്നു വച്ചു.''
വീട്ടിലെ മൂത്ത സഹോദരി മാധവിയമ്മ ചോദിക്കുന്നു: ''ചിരുതമ്മയ്ക്ക് സുഖമാണല്ലോ! പെമ്മക്കള്‍ടെ അടുത്തൊന്നും പോകാറില്ലേ?''
''അവരിങ്ങട്ട് വരട്ടെ!''
''അതാണ് നല്ലത്! ഞങ്ങടമ്മ പോയിറ്റ് കൊല്ലം മൂന്നായി.''
മൂന്ന് പെണ്ണുങ്ങള്‍ പാര്‍ക്കുന്ന പുര. സഹോദരിമാര്‍. അവരാരും വിവാഹം ചെയ്തിട്ടില്ല. ദൂരെ നാട്ടിക നാട്ടില്‍നിന്ന് ചെത്തുപണിക്ക് കുടിയേറിയവരാത്രെ!
''പെണ്ണുങ്ങള് ചെത്ത്വൊ തെങ്ങേക്കേറി?''
''അവര്‍ക്കൊരു ആങ്ങള ഉണ്ടായിര്ന്നു, മരിച്ചു.''
നാളെ തിരുവാതിരയാണ്. ഞങ്ങളൊരു പൊറാട്ടുനാടകം ഉണ്ടാക്കാന്‍ തീരുമാനിച്ചു. ദുഷ്യന്തനും ശകുന്തളയും. പാപ്പന്‍മാഷുടെ കമ്യൂണിസ്റ്റ് നാടകം കണ്ട് ഞങ്ങള്‍ തച്ചാംകോട്ടിന്റെ മുകള്‍പ്പരപ്പില്‍നിന്ന് ഇറങ്ങിപ്പോരുമ്പോള്‍ സമയം ഏതാണ്ട് വെളുക്കാറായി. പള്ളിയില്‍ ബാങ്കുകൊടുക്കാന്‍ ബീരാനാജി താറിട്ട റോഡിലൂടെ പടിഞ്ഞാട്ടു നടക്കുന്നു. അദ്ദേഹം ധരിച്ച മെതിയടി ടപ്ടപ്... എന്ന് താളത്തില്‍ ചെരിവിറങ്ങുന്ന ഒച്ചകേട്ടാണ് സമയം വൈകിയതറിയുന്നത്.
സാരല്യ. നാളെ സ്‌കൂളില്ല. ഞായറാഴ്ചയാണ്.
കുന്നിഞ്ചെരിവിലെ പുല്ലാഞ്ഞിപ്പടര്‍പ്പില്‍നിന്നും കുറുക്കന്മാര്‍ സദിരാഘോഷിക്കുന്ന ഒച്ച കേള്‍ക്കാറായി. പേടിക്കാനില്ല. സദിര് അവസാനിക്കാന്‍ കുറേക്കൂടി സമയമെടുക്കും. കുറുക്കന്മാരെ അന്നേ ഭയമില്ലായിരുന്നു. ഇരുണ്ട കുണ്ടനിടവഴിയിലോ കുന്നുമ്പുറത്തെ പറങ്കിമാവിന്‍ കാട്ടിലോ നിന്ന് എപ്പോഴാണ് അവന്റെ ഭീകരശബ്ദം കേള്‍ക്കുക എന്നറിയില്ല. കഴുതപ്പുലിയുടെ. ഒരുത്തന്റെ സമയമടുത്തിരിക്കുന്നു. കാലൊടിഞ്ഞു കിടക്കുന്ന തെണ്ടിപ്പയ്യിനെ അവന്‍ ജീവനോടെ വകവരുത്താതിരുന്നാല്‍ നന്നായിരുന്നു, നാരായണ! അച്ഛമ്മ ഉല്‍ക്കണ്ഠപ്പെട്ടു. കാതും നെഞ്ചും തുളച്ചുകയറി, തലമുടിയും ദേഹത്തുള്ള രോമങ്ങളും എഴുന്നുനിന്ന് വിറപ്പിക്കാന്‍പോരും അവന്റെ ഒച്ച. ഒരു കൊലചെയ്ത ചാരിതാര്‍ഥ്യത്തോടെ ഒരു കരച്ചിലും കുലുങ്ങിച്ചിരിയും കൂടിയ ശബ്ദം. ഞാന്‍ അച്ഛമ്മയുടെ രണ്ടാംമുണ്ടിന്റെ നീണ്ട വാല്‍ എന്റെ പിന്നാമ്പുറത്തൂടെ ചുറ്റി, മുന്നിലേക്കിട്ടു. ഇപ്പോള്‍ തണുത്ത കയ്യുകളില്‍ അവന്‍ നോട്ടമിടുകയില്ല. ഏതോ വെളുത്ത പ്രേതം പോവുന്നു എന്നേ തോന്നൂ. അടിയോടിയുടെ ചരല്‍പ്പറമ്പ് ഏങ്കോണിച്ചുകടന്നു, മറ്റൊരു ചെറുപുല്‍പ്പറമ്പ് ക്രോസ് ചെയ്തു. ഹയന മനസ്സില്‍നിന്ന് മാഞ്ഞു. പകരം നില്‍ക്കുന്നത് മുക്കൂട്ടപ്പാതയുടെ നെഞ്ചത്ത് കുരുണ്ടിച്ച കൈവിടര്‍ത്തി, ആകാശങ്ങളുടെ ഉയര്‍ന്ന കവരങ്ങളോട് എന്തോ കശപിശ പറയുന്ന തള്ളമാവിന്റെ നിഴലില്‍ മുങ്ങി. ഉള്ളില്‍ ഭയവും.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ദേവേട്ടന്‍ നവീനശിലായുഗത്തിലെ പ്രാകൃത മനുഷ്യജീവികളെക്കുറിച്ച് പറഞ്ഞിരുന്നു. പണിക്കരുമാഷുടെ വാചാലത ആരേയും ആകര്‍ഷിക്കും: ''നവീനശിലായുഗക്കാരന്റെ ചുമലില്‍ ഏതുവഴിക്കു നടക്കുമ്പോഴും ഒരു കന്മഴുകാണും. ദിവസങ്ങള്‍ക്കുമുമ്പ് കണ്ടെത്തിയ ഒരുണക്കുമരത്തെ വാഴത്തടയെ എന്നമട്ടില്‍ വീശിക്കളയും. ഭയങ്കര പൊക്കമുള്ള മനുഷ്യരായിരുന്നു. കഴുത്തു നെടുതായിട്ട്''
'നമ്മുടെ കുട്ടായിമുത്തപ്പനേക്കാളും?''
''പിന്നല്ലാതെ! കന്മഴുകൊണ്ട് ആഞ്ഞുവെട്ടി കൂറ്റന്‍ കരിങ്കല്ലുകള്‍ നിരക്കിയിറക്കി, വെള്ളം വറ്റിപ്പോയ ഏതോ കിടങ്ങില്‍ വലിച്ചിട്ട് അവിടെ ഒരു ശവക്കല്ലറ തീര്‍ക്കും.''
''ഹെന്നിട്ടോ!''
''എന്നിട്ടെന്താ! സ്വന്തം അച്ഛനേയോ മുത്തച്ഛനേയോ കല്ലറയില്‍ കൊണ്ടുപോയിക്കിടത്തും.''
''ജീവനോടെ?''
''ഹേയ്, അന്നത്തെ കൂട്ടര്‍ ദുഷ്ടന്മാരായിര്ന്നില്ല്യ, മരിച്ചാള്‍ക്ക് കുടിയ്ക്കാനും തിന്നാനും അതിന്നകത്ത് കര്തീട്ട്ണ്ടാവും. പിന്നെ അയാള്‍ടെ മരത്തോലുടുപ്പും, മുട്ടിച്ചെരുപ്പും, അമ്പുംവില്ലും കന്മഴൂം എല്ലാം ഗുഹയ്ക്കകം മതിലോരത്ത് അടുക്കിവെച്ച്, ഗുഹയുടെ മേല്‍മൂടി താഴ്ത്തും.''ആ ഭയാനകക്കാഴ്ച അന്നത്തെ ഉറക്കം ചുമലിലിട്ടു കൊണ്ടുപോയി.
ഇപ്പോ ഈ മാവിന്റെ കഴുത്തിലുള്ളത് ഒരു വലിയ ഗുഹയാണ്. കവരവും തായ്ത്തടിയും ചേര്‍ത്ത് ഒരു പൊത്ത്. ആരും ഉണ്ടാക്കിയതല്ല. സ്‌കൂള്‍ ദിനങ്ങളില്‍ നട്ടുച്ചനേരത്ത് മാഞ്ചോട്ടിലൂടെ പോകുമ്പോള്‍ മീനത്തിലാണെങ്കില്‍ നന്നായി പഴുത്ത് കവിളില്‍ ചെറുരാശിയില്‍ കുങ്കുമം തേച്ചുപിടിപ്പിച്ച ഗോമാങ്ങയുണ്ടോ പൊത്തിലെന്ന്, തടിയുടെ മാറിലെ ഒരു വിലയ മുഴയില്‍ കാലൂന്നി ഓരോരുത്തരായി എത്തിനോക്കും.
''വേഗം എറങ്ങീക്കള! മാവ് ഒരു ഒറ്റമുലച്ചിയുടെ രണ്ടാം ജന്മമാണ്! പൊത്തില്‍ മാമ്പഴമല്ല, ഉച്ചനേരത്ത് തണുപ്പും കാറ്റും തേടിവന്ന സര്‍പ്പമാവും,'' എന്ന് വാസേവേട്ടന്‍ പറഞ്ഞു.
അപ്പോള്‍ ഒരു വാഗ്വാദം തുടങ്ങും എന്നാവുമ്പോള്‍ ഞങ്ങള്‍ താഴോട്ടുള്ള പാറപ്പടികളിലൂടെ കൊട്ടുവമ്പടിയുടെ നേര്‍ക്ക് കുതിക്കും.
അടുത്തൊരു ഞായറാഴ്ച അമ്മൂത്തമ്മയുടെ ഭര്‍ത്താവ് കുട്ടായി മുത്തപ്പന്‍ വലിയ കാലന്‍കുടചൂടി, വെള്ളപ്പട്ടു ഷര്‍ട്ടില്‍ നിരക്കെയുള്ള മൂന്ന് സ്വര്‍ണബട്ടണ്‍ പ്രദര്‍ശിപ്പിച്ച് പടിയിറങ്ങിവരുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ സൂക്ഷിച്ചുനോക്കി. എല്ലാവര്‍ക്കുമില്ലാത്ത എന്തെങ്കിലും ഒരുവിശേഷം കുട്ടായിമുത്തപ്പനിലുണ്ടോ? എന്തു പൊക്കം! എന്തൊച്ച! തന്റെ ഗുഹയില്‍നിന്ന് എന്തോ പുറത്തേക്ക് വിളിച്ചുപറയുമ്പോലെ. പരുന്തിന്റേതുപോലെ തീക്ഷ്ണനോട്ടം. കുട്ടികളെ ഒന്ന് പേടിപ്പിച്ചു കഴിഞ്ഞാല്‍ കുട്ടായിമുത്തപ്പന്‍, രോമവും സ്വര്‍ണമോതിരങ്ങളും അലങ്കരിക്കുന്ന തന്റെ കനത്തുനീണ്ട വിരലുകള്‍, ഞങ്ങളുടെ ചുമലില്‍ വയ്ക്കും. എന്നിട്ട് മൂര്‍ധാവില്‍ ഓരോ ഉമ്മ. ആദ്യമെല്ലാം ഈ ഉമ്മയെ ഞങ്ങള്‍ വിശ്വാസത്തിലെടുത്തില്ല. മറ്റേതോ ലോകത്തില്‍നിന്ന് പടികയറിവരുന്ന ഒരാള്‍. അമ്മൂത്തമ്മ എന്ത് സുന്ദരിയായിരുന്നു. വലിയ തോടകള്‍ ഇളകിയാടുന്ന ഊഞ്ഞാല്‍ക്കാതുകള്‍. മൂക്കുത്തിയുടെ ചുവപ്പുരുമ്മിനില്ക്കുന്ന ഒരു മണിമറുക്. എന്റെ മുഖത്തുനോക്കിച്ചോദിക്കും,
''നീയെന്താടി ഇങ്ങനെ കറുത്തുപോയത്?''
''ഞാനച്ഛമ്മയുടെ മോളാ!''
അതുകേട്ട് പൊട്ടിച്ചിരിക്കുന്ന മൂത്തമ്മയുടെ ഇടത്തെ ചുണ്ടത്ത് ഒരു പല്ല് പതുക്കെ ചുമരുചാരി നില്ക്കുന്നത് അവരെ കൂടുതല്‍ സുന്ദരിയാക്കും.
പിറ്റേന്ന് നേരം നല്ലപോലെ പുലര്‍ന്നു. രാത്രി നാടകത്തെക്കുറിച്ച് ചിന്തിച്ചത് മനസ്സിലെത്തി. ശകുന്തളയ്ക്ക് ഉടുക്കാന്‍ ഞാന്‍ അമ്മയുടെ ഒരു പഴയ മൈസൂര്‍പ്പട്ടുസാരി കണ്ടുവെച്ചിട്ടുണ്ട്. ഏതാണ്ട് നല്ല മരവുരിയുടെ നിറത്തില്‍ ചിത്രവേല ചെയ്ത്, കൊട്ടാരത്തിലേക്ക് അതുടുത്ത് എഴുന്നള്ളിയാല്‍ ശകുന്തളയുടെ ചന്തം കണ്ട് ദുഷ്യന്തന്‍ ദൂരെനിന്നുതന്നെ ഓടിയെത്തും! കിരീടംപോലും ധരിക്കാതെ. നാടകത്തില്‍ കിരീടം ഉണ്ടാക്കാതേയും കഴിഞ്ഞു.
യശോദേടത്തിയെ ശകുന്തളയാക്കാം. ഉമ്മറത്തെ ചുമരിന്റെ പോളക്കല്ലില്‍ ചില്ലുകൂട്ടില്‍ നില്ക്കുന്ന ശകുന്തള യശോദേടത്തിയെപ്പോലെ ലേശം തടിച്ചിട്ടുമാണ്. രവിവര്‍മയുടെ ചിത്രത്തില്‍ ഒരു വൃക്ഷത്തറ ചാരിനിന്ന് ശകുന്തള താമരയിലയിലാണ് പ്രണയലേഖനം എഴുതുന്നത്.
''അല്ലല്ല. നിനക്ക് വിവരമില്ല. അക്കാലത്ത് ഭൂമിയില്‍ താമരപ്പൊയ്ക ഉണ്ടായിരുന്നു എന്നതിന് എന്താണുറപ്പ്?''
ഉണ്ടായിരുന്നു! ഭൂമിയുടെ ജനനകാലത്തുതന്നെ താമരപ്പൊയ്കയും കാട്ടില്‍ സൗഗന്ധികപുഷ്പങ്ങളും ഉണ്ടായിരുന്നു!
''നീ കണ്ടിട്ടുണ്ടൊ?''
''ഉണ്ട്.''
''എവിടെ?''
''സ്വപ്നത്തില്‍.''
കൂട്ടച്ചിരി കോലായത്തുമ്പിലെത്തും. കുട്ടകത്തിലെ വെള്ളം മുരുടകൊണ്ട് കോരിയൊഴിച്ചു ചെമ്മണ്ണുപുരണ്ട്, ചുടുന്ന പാദങ്ങളില്‍ കുളുര്‍ക്കെ ധാരകോരുന്നു.
ഉച്ചതിരിഞ്ഞ് കാത്തിരുന്നിട്ടും ഞങ്ങള്‍ പ്ലാച്ചോട്ടിലിരുന്നു കെട്ടിയുണ്ടാക്കിയ അണിയറയിലേക്ക് ശകുന്തള വരുന്ന ലക്ഷണമേ ഇല്ല. ഒച്ചയും കേള്‍ക്കുന്നില്ല.
''ഞാമ്പോയി നോക്കാം,'' ദേവേട്ടന്‍.
''വേണ്ട, വേണ്ട. വേണമെങ്കില്‍ അനിയത്തി പോയി വിളിച്ചുനോക്കട്ടെ!'' വാസേവേട്ടന്‍.
ഞാന്‍ ഒരൊറ്റയോട്ടത്തിന് മുറ്റത്തേക്കുള്ള പടികള്‍ കേറുകയും, കല്ലടകളില്‍ അറ്റുവീണുകിടക്കുന്ന പാരിജാതപ്പൂങ്കുലകള്‍ പെറുക്കിയെടുത്തു വാസനിച്ചു നോക്കുകയും ചെയ്തു.
ഇവ നാളേയും വിരിയും. വീഴും. ശകുന്തളയ്ക്ക് ചൂടാന്‍ പറ്റിയ പൂവ്!
ഓടി ഇടന്നാഴിയിലെത്തി.
''എവിടെ യശോദേടത്തി?''
''എന്തിനാപ്പൊ അവളെ അന്വേഷിക്കുന്ന്? കുട്ടി പോയി കുളിച്ച് വാ. അവള്‍ കളിക്കാന്‍ വരൂല,'' ജാനു എളേമ.
ഞാന്‍ അവരുടെ മുറിയിലേക്കോടി. ആച്ചമുത്താച്ചിയുടെ കൈ തട്ടിക്കളഞ്ഞു. ചാരിയിട്ട കതക് തള്ളിത്തുറന്നു.
ഞെട്ടിപ്പോയി. എന്താ ഇക്കാണുന്നത്? അവസാനം രാവണന്‍ സീതയെപ്പിടിച്ചു തടങ്കലിലിട്ടതോ?
എണ്ണതേച്ചു കുളിച്ച് മിനുങ്ങുന്ന മുഖവും കയ്യുമായി യശോദേടത്തി, പടിഞ്ഞാട്ടുതുറന്നുകിടക്കുന്ന കിളിവാതിലിലൂടെ തുറന്ന ആകാശങ്ങളിലേക്ക് ഉറ്റുനോക്കുന്നു. തറയില്‍ വിരിച്ച തഴപ്പായില്‍ ഒരു കരിമ്പടവും വെള്ളമുണ്ടും വിരിച്ച കിടപ്പ്. പഴയതല്ലാത്ത ഒരു പ്രിന്റ്പാവാടയും ജമ്പറും ധരിച്ചിട്ടുണ്ട്. അതിന്നുമേലെ...
എന്താ ഇക്കാണുന്നത്!
ചങ്ങലകള്‍! ഒന്നല്ല. രണ്ട്. തുടരാണ്. വെള്ളിത്തുടരുകള്‍. വലംപിരിയും ഇടമ്പിരിയുമായി നെഞ്ചത്ത് ക്രോസ് ചെയ്ത്. ഒരു തടവുപുള്ളിയുടെ നേര്‍ക്കിടപ്പ്. പാതി തുറന്ന എന്റെ കയ്യുകള്‍ വാതിലില്‍നിന്ന് താഴോട്ടടര്‍ന്ന് തൂങ്ങി.
അപ്പൊ ജാനുഇളയമ്മ ഉറക്കെച്ചിരിച്ചു. മുഖത്തുനോക്കിപ്പറഞ്ഞു: ''ഇത് എല്ലാ പെങ്കുട്ട്യോളും കടന്നുപോകേണ്ട കടമ്പയാ. പേടിക്കേണ്ട. ഇപ്പോ ചെന്ന് എന്തെങ്കിലും എടുത്ത് വായിച്ചോളുക.''
''ഞങ്ങടെ നാടകം!''
''ഇദന്നെ ഒരു നാടകം!'' തിരിച്ച് മുറ്റത്തെത്തി. യശോദേടത്തി ഒരു ഗ്രീക്കുതടവുകാരനെപ്പോലെ അടിമക്കിടപ്പില്‍!
എന്റെ മുന്നില്‍ വാസേവേട്ടന്‍ നിന്ന് പതുക്കെച്ചിരിച്ചു. ഏടത്തി വയസ്സറിയിച്ചൂന്ന് മൂത്തമ്മ പറേണകേട്ടു. കളിയെല്ലാം അവസാനിച്ചു എന്നും. നാടകം നിന്നു. എന്താ?
അവരുടെ ബന്ധനസ്ഥയായ ആ കിടപ്പ് കുട്ടിക്കാലം മുഴുവനും എന്നെ വേട്ടയാടി. മേലാല്‍ ആങ്കുട്ട്യോള്‍ക്കൊപ്പം ഓടിച്ചാടി കളിയ്ക്കാന്‍ പോകേണ്ട. അകത്തെ പണിയെന്തെങ്കിലും ചെയ്താമതി. അടങ്ങിയിരുന്നോണം. അല്ലെങ്കില്‍ സ്‌കൂള്‍ പോക്കും നില്ക്കും! അച്ഛമ്മ മൗനം പാലിച്ചു. പറയുന്നത് മറ്റാരോ ആണോ. എന്നോടല്ല!
എനിയ്ക്ക് തലചുറ്റുന്നല്ലൊ!
യശോദേടത്തിയെ പിന്നീടൊരിക്കലും കളിക്കൂട്ടത്തില്‍ കണ്ടില്ല. അവരുടെ മുമ്പില്‍ അടുക്കളയിലെ കൊട്ടത്തളത്തില്‍ ഉണ്ട എച്ചില്‍ക്കിണ്ണങ്ങള്‍ കുന്നുകൂടി. അവര്‍ പയ്ക്കുട്ടികളെ തോപ്പില്‍ മാറിമാറി ഓരോ തെങ്ങിലും കെട്ടിവെച്ചു. ചിലപ്പോള്‍ ആലയിലെ ചാണകം നീക്കി. അഴക്കോലില്‍ ഉണങ്ങി ഞാന്നുകിടക്കുന്ന എല്ലാവരുടെ അലക്കിയ തുണികളും വൃത്തിയായി പല അടുക്കുകളാക്കി. ക്രമേണ അവര്‍ പുസ്തകം വായനയും നിര്‍ത്തി. പത്രത്തിന്റെ പഴയ താളുകള്‍ മറിച്ച് അക്ഷരങ്ങളെ കെട്ടിപ്പിടിച്ചു. ഒരിക്കലും കരഞ്ഞില്ല, ഒരിക്കലും. അവരുടെ മുത്തശ്ശി മരിച്ചപ്പോള്‍ പോലും പായ്ത്തുമ്പില്‍ തലകുമ്പിട്ടിരുന്നതല്ലാതെ, അനങ്ങാതെ, മിണ്ടാതെ ഇരുന്നു. യശോദേടത്തിയെ പില്ക്കാലത്ത് കല്ല്യാണം കഴിച്ചുകൊണ്ടുപോയ കരുണാകരേട്ടന്‍ എപ്പോഴും മധുരതരമായി പുഞ്ചിരിക്കയോ ചിരിക്കയോ ചെയ്തു. യശോദേടത്തിയുടെ വലിയ കവിളില്‍ എണ്ണമയമുള്ള നിലാവ് പരന്നു.
''കരുണേട്ടനോട് പറഞ്ഞാ നിനക്ക് ആഴ്ചപ്പതിപ്പോ പുസ്തകമോ മേടിച്ചുകൊണ്ടുവന്നു തരും! പിന്ന്യെന്തിനാ അങ്ങാടിപ്പലഹാരങ്ങള്!'' ഭര്‍ത്തൃഗൃഹത്തിലെ വിരുന്നുനേരത്ത് യശോദേടത്തി പറഞ്ഞു. ആവശ്യപ്പെടാതെതന്നെ മിഠായിത്തെരുവിലെ ടി.കെ.ബ്രദേഴ്‌സില്‍നിന്ന് പൊറ്റെക്കാട്ടിന്റെ ഒരു കഥാപുസ്തകം അങ്ങനെ ആദ്യത്തെ സമ്മാനമായിക്കിട്ടി. പിന്‍ചട്ടയില്‍ ഒരു കാരണവരും.
Content Highlights: p valsala autobiography kilikkkalam exceprts mathrubhumi books