'ഞാന്‍ ഒരു മനുഷ്യനെ കൊന്നു, അതൊരു കൊലപാതകമായിരുന്നില്ല, സമരമുന്നണിയിലെ മരണം!'

എന്‍.എന്‍. പിള്ളയുടെ ആത്മകഥയായി ഞാന്‍ എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം...
ആഴ്ചകള്‍ക്കുള്ളില്‍ മാദകമായ ഒട്ടനവധി അനുഭൂതികള്‍ നല്കി എന്നെ ശാശ്വതമായി വശീകരിച്ച 'മെര്‍ഗുയി' നഗരത്തോടും ഞാന്‍ അവസാനം യാത്രപറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ അതൊരു പൂങ്കാവനമായിരുന്നു. പിരിയുമ്പോള്‍ പുകയുന്ന ഒരു ചാമ്പല്‍ക്കൂമ്പാരവും. എന്തൊരു മാറ്റം!
പതിവുപോലെ ആ യാത്രയും ചരക്കുവണ്ടിയില്‍ത്തന്നെ. ഞങ്ങളുടെ അടുത്ത താവളം 'തവായ്' (Tavoi) എന്ന പട്ടണമാണ്. അവിടെ ഏതോ കാരണവശാല്‍ ഉപേക്ഷിക്കപ്പെട്ടതോ, സൈനികാവശ്യത്തിനായി ജപ്പാന്‍കാര്‍ പിടിച്ചെടുത്തതോ ആയ ഒരു വലിയ സ്‌കൂളായിരുന്നു ഞങ്ങളുടെ ക്യാമ്പ്. ഒട്ടനവധി ഷെഡ്ഡുകളുണ്ട്. അതില്‍ അടച്ചുറപ്പും ഭംഗിയും വൃത്തിയുമുള്ള രണ്ടുമൂന്നു ഷെഡ്ഡുകള്‍ ഉണ്ടായിരുന്നതു നിറയെ ജാപ്പനീസ് പട്ടാളക്കാരാണ്. ബാക്കി അവശേഷിച്ചവ വരത്തുപോക്കുകാരായ ഞങ്ങളെപ്പോലുള്ളവര്‍ക്കും.
തവായില്‍വെച്ച് തികച്ചും അസ്വാസ്ഥ്യജനകമായ ഒരറിവു കിട്ടി. ബര്‍മാക്കാരില്‍ ഒരു നല്ല വിഭാഗം ജപ്പാന്‍കാര്‍ക്ക് എതിരായി ഒളിപ്പോര്‍ സംഘടിപ്പിച്ചുതുടങ്ങിയിരിക്കുന്നു. ജപ്പാന്‍കാരുടെ അനുഭാവികളും സഹപ്രവര്‍ത്തകരുമായ ഐ.എന്‍.എക്കാരും അവരുടെ ശത്രുക്കളാണ്. തരംകിട്ടിയാല്‍ അവര്‍ തട്ടിക്കളയും. ഒറ്റതിരിഞ്ഞ ചെറിയ ചെറിയ സൈനികസങ്കേതങ്ങളില്‍പ്പോലും ഓര്‍ക്കാപ്പുറത്തുള്ള സുസംഘടിതമായ ആക്രമണങ്ങള്‍ നിത്യസംഭവമായി മാറിക്കഴിഞ്ഞു. ഈ ഒളിപ്പോര്‍സംഘടനയുടെ പേരാണ് ബി.ഡി.എ. (Burmese Defence Army).
ഇതിന്റെ പ്രധാന സംഘാടകനും നേതാവും ലഫ്റ്റനന്റ് ആങ്സാന്‍ എന്ന ഒരു യുവസാഹസികനാണത്രേ. പില്ക്കാലത്ത്, അതായത് യുദ്ധാവസാനം ഇദ്ദേഹം 'ജനറല്‍ ആങ്സാന്‍' എന്ന പുതിയ സ്ഥാനപ്പേരില്‍ ബര്‍മായുടെ ഭരണമേധാവിയായിത്തീര്‍ന്നു. അധികം താമസിയാതെ ഒരു ദിവസം പാര്‍ലമെന്റ് സമ്മേളനം കൂടിക്കൊണ്ടിരിക്കുമ്പോള്‍ നാടകീയമായി പ്രത്യക്ഷപ്പെട്ട ഒരു ഭീകരസംഘത്തിന്റെ മെഷീന്‍ഗണ്ണിനിരയായി കാലഗതി പ്രാപിക്കുകയും ചെയ്തു. ആ കൊച്ചുജീവിതം ബര്‍മായുടെ ചരിത്രത്തിലെ ഒരിടിമിന്നലായിരുന്നു.
ഭീഷണി നിറഞ്ഞ ഈ പുതിയ സാഹചര്യത്തില്‍ ക്യാമ്പിനു പുറത്തുള്ള ഞങ്ങളുടെ ചലനങ്ങളെല്ലാം കര്‍ശനമായി തടയപ്പെട്ടു. ക്യാമ്പില്‍നിന്നും ഏതാണ്ട് ഒരു മൈല്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന തവായ് പട്ടണത്തില്‍ ഞാന്‍ ഒരുതവണ മാത്രമേ പോയിട്ടുള്ളൂ; അതും ആയുധധാരികളായ ഒരു ചെറുസംഘത്തോടുകൂടി.
തവായില്‍വെച്ച് 'ട്രോപ്പിക്കല്‍ ടൈഫസ്' എന്ന പേരില്‍ അറിയപ്പെടുന്ന ഒരുതരം വിഷമജ്വരത്തിന്റെ പിടിയില്‍ ഞാനകപ്പെട്ടു. ഒരു പാതിരായ്ക്ക് ഞാന്‍ ഞെട്ടിയുണരുന്നതു പിടിച്ചാല്‍ നില്ക്കാത്ത ഒരുതരം വിറയലോടുകൂടിയാണ്. ഇടവിട്ടിടവിട്ടു ഭയങ്കരമായ കുളിരും വിറയലും. കൈയില്‍ കിട്ടിയ സകലവിധ തുണിത്തരങ്ങള്‍കൊണ്ടും തലവഴിയിട്ടു മൂടി. ചുരുണ്ടുകൂടി, തുടയ്ക്കിടയില്‍ കൈയും തിരുകി, ഒരു രണ്ടു മണിക്കൂറോളം ഞാന്‍ തുടര്‍ച്ചയായി വിറച്ചു. വിറയല്‍ കുറഞ്ഞു കുറഞ്ഞു വരുന്തോറും സര്‍വാംഗം കത്തിയെരിയുന്ന ചൂട് ഒന്നിനൊന്നു കൂടിക്കൂടി വരുന്നു.
ഒറ്റദിവസംകൊണ്ട് ഞാന്‍ തീരേ അവശനായി. എന്റെ എല്ലാ സുഹൃത്തുക്കളും ആത്മാര്‍ഥമായി എന്നെ പരിചരിക്കുന്നുണ്ട്. ഹിക്കാറികിക്കാനിലെ 'ഓഷിത്താസാന്‍' സ്വന്തം സഹോദരനെപ്പോലെയാണ് എന്നെ ശ്രദ്ധിക്കുന്നത്. പക്ഷേ, പനി കുറയുന്നില്ല. ക്ഷീണം പതിന്മടങ്ങു വര്‍ധിക്കുന്നു. ഈ വിഷമസന്ധിയിലാണ് മുന്നോട്ടു പോകാനുള്ള ഓര്‍ഡര്‍ കിട്ടിയത്. ഗത്യന്തരമില്ലാതെ എന്റെ യൂണിറ്റ് എന്നെ വിട്ടുപിരിഞ്ഞു, രംഗനാഥമേനവന്റെ നേതൃത്വത്തില്‍.
അങ്ങനെ തവായ് ക്യാമ്പില്‍ ഞാന്‍ ഒറ്റയ്ക്കായി. എന്റെ പരിചരണത്തിന് ഓഷിത്താസാന്‍ മാത്രം. അതുവരെയുണ്ടായിരുന്ന അനുഭവങ്ങളില്‍നിന്നും തികച്ചും ഹൃദയശൂന്യരെന്നു തോന്നിയിരുന്ന ജപ്പാന്‍കാരില്‍ത്തന്നെ അവിശ്വസനീയമാംവണ്ണം സ്നേഹസമ്പന്നരായ വ്യക്തികളും ഉണ്ടെന്നു തെളിയിക്കുന്നതായിരുന്നു ഓഷിത്താസാന്റെ പെരുമാറ്റങ്ങള്‍. ഒരു പെറ്റമ്മ സ്വന്തം കുട്ടിയെ എന്നപോലെ അഹോരാത്രം അദ്ദേഹം എന്നെ പരിചരിച്ചു. ആ അത്യുഗ്രജ്വരത്തിന്റെ ആറേഴു ദിവസത്തെ കടിച്ചുകുടയലിന്റെ ഫലമായി ഞാന്‍ ഒരസ്ഥികൂടമായിത്തീര്‍ന്നുകഴിഞ്ഞിരുന്നു. എനിക്കു പരസഹായം കൂടാതെ എഴുന്നേറ്റു നില്ക്കാന്‍പോലും നിവൃത്തിയില്ല. കലക്കിയ 'ടിന്‍പാലി'ല്‍ ചൗവരിയിട്ട്, വളരെ കട്ടികുറഞ്ഞ തോതില്‍, തിളപ്പിച്ച കഞ്ഞി മാത്രമാണ് എന്റെ ആഹാരം.
ഇതിനു പുറമേ പല നിറത്തിലുള്ള ഗുളികകള്‍ ഔഷധങ്ങളായിട്ടുമുണ്ട്. ഇതെല്ലാം കിറുകൃത്യമായി ഓഷിത്താസാന്‍ എനിക്കു തന്നുകൊണ്ടിരുന്നു. മുറതെറ്റാതെ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടൗവലുകൊണ്ട് ദിവസം മൂന്നുനാലു നേരം എന്റെ സര്‍വാംഗം തുടച്ചു വെടിപ്പാക്കി കിടത്തുന്നതും ആ കൈകള്‍തന്നെയാണ്. ഒരിക്കല്‍ ഞാനറിയാതെ, കിടന്ന കിടപ്പില്‍, എന്റെ വയറിളകി. കീറപ്പഴന്തുണിയും കടലാസുമെല്ലാംകൊണ്ട് ആ വൃത്തികേടെല്ലാം തുടച്ചുകളഞ്ഞ ആ മഞ്ഞവിരലുകള്‍ ഇന്നും എന്റെ കണ്ണുകളില്‍ തെളിഞ്ഞുനില്ക്കുന്നു. മഹനീയമായ മനുഷ്യത്വത്തിന്റെ ശ്രീകോവിലിനു മുന്‍പില്‍ ഉയര്‍ന്നുനില്ക്കുന്ന സ്വര്‍ണക്കൊടിമരങ്ങള്‍ മാതിരി.
ഒരു ദിവസം ഓഷിത്താസാന്റെ 'കിറ്റ് ബാഗി'ല്‍നിന്നും രണ്ടു ചെറിയ ഫോട്ടോഗ്രാഫ് ചിത്രങ്ങളെടുത്ത് എന്നെ കാണിച്ചു. ഉരുണ്ടുകൊഴുത്ത മുഖവും ചിരിയൂറുന്ന ചെറിയ കണ്ണുകളുമുള്ള രണ്ടു ജപ്പാന്‍കാരി പെണ്‍കുട്ടികള്‍. രണ്ടിനെയും കണ്ടാല്‍ ഇരട്ടപെറ്റതാണെന്നു തോന്നും. ഞാന്‍ ചിത്രങ്ങള്‍ നോക്കിക്കൊണ്ടിരുന്നതിനിടയ്ക്ക് ഓഷിത്താസാന്റെ ഒരു ചോദ്യം: 'നിനക്കിതില്‍ ഏതിനെയാ ഇഷ്ടപ്പെട്ടത്?' 'എനിക്കു രണ്ടും ഇഷ്ടമാ,' എന്റെ മറുപടി ആത്മാര്‍ഥമായിരുന്നു.
'അതു പറ്റില്ല; ഏതാ കൂടുതല്‍ ഇഷ്ടപ്പെട്ടതെന്നു പറയണം.'
ഒരു നറുക്കെടുപ്പുകാരന്റെ നിസ്സംഗതയോടെ ഞാന്‍ ഒരു ചിത്രത്തിലേക്കു കൈ ചൂണ്ടി.
'ശരി, എടുത്തോ.' ഓഷിത്താസാന്‍ പ്രഖ്യാപിച്ചു, 'അതു രണ്ടും എന്റെ സഹോദരികളാ. നീ ഇപ്പോള്‍ കൈചൂണ്ടിയതാ മൂത്തവള്‍. ഞാന്‍ എന്റെ അഡ്രസ് തരാം. ജപ്പാനില്‍ ഒസാക്കയിലാണ് എന്റെ വീട്. ഈ യുദ്ധം കഴിഞ്ഞു നമ്മള്‍ രണ്ടാളും ജീവിച്ചിരിക്കുമെങ്കില്‍, അന്നു നീ ഒസാക്കയില്‍ വരുമെങ്കില്‍, ഇവള്‍ നിന്റെ ഭാര്യയായിരിക്കും.'
ഞാന്‍ ആ മുഖത്തേക്കു മിഴിച്ചുനോക്കിയിരുന്നു. ആ പറഞ്ഞ വാക്കുകള്‍ നൂറുശതമാനം ആത്മാര്‍ഥത നിറഞ്ഞതാണെന്ന് എനിക്കു തോന്നി. എന്റെ ആ കിടപ്പ് ഒസാക്കയില്‍ ഓഷിത്താസാന്റെ വീട്ടിലായിരുന്നുവെങ്കില്‍ ഞാന്‍ ആ സ്നേഹസ്വരൂപന്റെ നിര്‍ദേശത്തിനു നിരുപാധികം വഴങ്ങിപ്പോകുമായിരുന്നു. ഇന്ന് ആ ഓഷിത്താസാന്‍ ഉണ്ടോ? നിശ്ചയമില്ല. ഒന്നുമാത്രമുണ്ട്; ഞാന്‍. മധുരോദാരമായ ആ ഓര്‍മകളില്‍ മുങ്ങിമയങ്ങുന്ന ഞാന്‍. ഇതെല്ലാം തുറന്നു പറഞ്ഞുപോകുമ്പോള്‍ ഞാന്‍ ഒരു ശുദ്ധ ചപലനാണെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? അങ്ങനെ തോന്നുന്നെങ്കില്‍ ഒരു കാര്യം ഞാന്‍ ഓര്‍മപ്പെടുത്താം, സ്ഥിരമായ അസ്ഥിരതയാണു സൃഷ്ടിയുടെ അടിസ്ഥാനരഹസ്യം.
പത്തിരുപതു ദിവസത്തെ, ഓഷിത്താസാന്റെ അക്ഷീണമായ പരിചരണങ്ങള്‍ക്കുശേഷം ഞാന്‍ പരസഹായം കൂടാതെ എഴുന്നേറ്റു നടക്കാവുന്ന ഒരസ്ഥികൂടമായി മാറി. ഇതിനിടയില്‍ അവിചാരിതമായി ഓഷിത്താസാന്റെ നേതൃത്വത്തിലുള്ള 'ഹിക്കാറികിക്കാന്‍' യൂണിറ്റിനു മുന്‍പോട്ടു നീങ്ങാനുള്ള നിര്‍ദേശം ലഭിച്ചു. ഇനി പോയേ ഒക്കൂ. തിടുക്കത്തില്‍ ഞങ്ങള്‍ യാത്രയ്ക്കൊരുങ്ങി. എന്നെ ഉടുപ്പുകള്‍ ഇടീച്ചതും പട്ടീസ് കെട്ടിച്ചതുമെല്ലാം ഓഷിത്താസാനാണ്.
ആ യാത്ര ഒരു തുറന്ന തീവണ്ടിയിലായിരുന്നു. ആ വണ്ടിയില്‍ ഞങ്ങള്‍ ഉള്‍പ്പെടെ എണ്‍പതുപേര്‍ വരും. ഒന്നിനൊന്നു തൊടുത്തുമുറുക്കിയിരുന്ന ഓരോ വലിയ തൊട്ടിയിലും നിറയെ വെടിക്കോപ്പുകള്‍ മുതല്‍ കമ്പിളിക്കെട്ടുവരെയുള്ള സാധനങ്ങളാണ്. അതിന്റെ മേലേ പത്തും പന്ത്രണ്ടും ജപ്പാന്‍കാര്‍ സ്ഥലംപിടിച്ചിട്ടുണ്ട്. ഞങ്ങളുടെ വാഗണില്‍ ഭീമാകാരമായ പത്തിരുപതു കമ്പിളിക്കെട്ടുകളായിരുന്നു.
ഞാന്‍ ഓഷിത്താസാന്റെ തൊട്ടടുത്ത കമ്പിളിയില്‍ പൊതിഞ്ഞ് ചുരുണ്ടുകിടന്നു. ക്ഷീണം തോന്നുമ്പോളെല്ലാം ഫ്ളാസ്‌കില്‍നിന്നും ചൗവരിക്കഞ്ഞിയും ഓരോ കവിള്‍ 'സാക്കെ'യും തരും. മുകളില്‍ ആകാശം, താഴെ ഉരുണ്ടിളകുന്ന കമ്പിളിക്കെട്ടുകള്‍. ഇരുവശങ്ങളിലും ചക്രവാളരേഖവരെ പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍. ഇടയ്ക്കിടയ്ക്ക് ഓരോ ഗ്രാമങ്ങള്‍ കാണാം. വൈകുന്നേരം ഏതാണ്ട് നാലുമണിയോടുകൂടി തണുപ്പു തുടങ്ങി.
അതു പ്രതിനിമിഷം വര്‍ധിച്ചുവന്നു. അതിനതിന് ഞാന്‍ കമ്പിളിക്കെട്ടുകളുടെ ഇടയിലേക്കു ചുരുണ്ടുകൂടി. ചൂളംവിളിക്കുന്ന കാറ്റ്, കൊടും തണുപ്പ്. പല്ലുകള്‍ കൂട്ടിയടിക്കുന്നു. അതൊരു നരകയാതനതന്നെയായിരുന്നു. പെട്ടെന്നു വണ്ടി നിന്നു, ഒരു ചെറിയ സ്റ്റേഷനില്‍, ഒരു നീണ്ട പ്ലാറ്റ്ഫോറവും നാകപ്പലക മേഞ്ഞ ഒരു ചെറിയ ഷെഡ്ഡുമല്ലാതെ ഒരു റെയില്‍വേ സ്റ്റേഷന്റെ അന്തസ്സൊന്നുമതിനില്ല.
അപ്പോഴാണറിയുന്നത് അന്നു രാത്രി ആ വണ്ടി മുന്നോട്ടു പോകുന്നില്ലെന്ന്. ആ സ്റ്റേഷനില്‍നിന്ന് ഏതാണ്ട് പത്തു മൈല്‍ അപ്പുറത്ത് റെയില്‍പ്പാളമാകെ ബോംബു ചെയ്ത് തകര്‍ത്തിരിക്കുകയാണ്. അതിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ന്നുകിട്ടുന്നതുവരെ ഞങ്ങള്‍ അവിടെ കഴിഞ്ഞുകൂടിയേ ഒക്കൂ. നിമിഷങ്ങള്‍ക്കകം വിജനമായിരുന്ന ആ പ്ലാറ്റുഫോമും പരിസരവുമാകെ സജീവമായി. നിസ്സഹായനായ എന്നെ ഓഷിത്താസാന്‍ ഒന്നുരണ്ട് 'തടിയന്‍കമ്പിളികള്‍'കൊണ്ടു മൂടി സ്റ്റേഷന്റെ ഒരു മൂലയ്ക്കിരുത്തി. എന്നിട്ട് അദ്ദേഹം തന്റെ സഖാക്കളോടൊത്തു പ്രവൃത്തിയില്‍ മുഴുകി. ജപ്പാന്‍കാരന്റെ ഒടുങ്ങാത്ത വിപദിധൈര്യവും കൂട്ടായുള്ള പ്രവര്‍ത്തനപാടവവും സര്‍വോപരി അച്ചടക്കവും ഞാന്‍ അന്നാണു നേരില്‍ കാണുന്നത്.
മിനിറ്റുകള്‍ക്കുള്ളില്‍ തീവണ്ടിയുടെ ഇരുവശങ്ങളിലുമായി ശ്രദ്ധിച്ചു തിരഞ്ഞെടുത്ത ഓരോ കേന്ദ്രങ്ങളില്‍ ഓരോ ടെന്റുകള്‍ ഉയര്‍ന്നുകഴിഞ്ഞു. അവയോരോന്നിലുമായി എട്ടും പത്തും പേരടങ്ങുന്ന ഓരോ യൂണിറ്റുകള്‍ സ്ഥലംപിടിച്ചു. പാചകവും തീറ്റയും കുടിയുമെല്ലാം നിമിഷങ്ങള്‍കൊണ്ടു കഴിഞ്ഞു. തീവണ്ടിയും സ്റ്റേഷനുമുള്‍പ്പെടെ ഒരു വലിയ വൃത്തത്തിന്റെ പല ഭാഗത്തായി ആയുധധാരികളായ സെന്‍ട്രികളും നിലയുറപ്പിച്ചു.
ആ രാത്രിയിലാണ് എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ആ സംഭവം നടന്നത്. ആ രാത്രി ഞാന്‍ ഒരു മനുഷ്യനെ കൊന്നു. അസ്ഥിമാത്രശേഷനായി സ്വയം എഴുന്നേറ്റു നില്ക്കാന്‍കൂടി കെല്പില്ലാതിരുന്ന ഞാന്‍, എന്റെ സഹജീവിയായ ഒരജ്ഞാതമനുഷ്യനെ ഒറ്റവെട്ടിനു കൊന്നു. കൊന്നു എന്നു പറയുന്നതിനെക്കാള്‍ ആ ഹതഭാഗ്യന്‍ എന്റെ കൈകൊണ്ട് മരിച്ചു എന്നു പറയുന്നതാണ് ശരി. അതൊരു കൊലപാതകമായിരുന്നില്ല, സമരമുന്നണിയിലെ ഒരു മരണം, അത്രതന്നെ.
സംഭവം ഇതാണ്. രാത്രി ഏതാണ്ട് പത്തുമണിയോടുകൂടി ഞങ്ങളെല്ലാം ഉറങ്ങാന്‍ കിടന്നു. ഞങ്ങളുടെ ടെന്റിനുള്ളില്‍ ഞാനും ഓഷിത്താസാനുമുള്‍പ്പെടെ അഞ്ചുപേരാണുണ്ടായിരുന്നത്. മറ്റുചിലര്‍ ഗാര്‍ഡ് ഡ്യൂട്ടിയിലാണ്. ഞാന്‍ കിടന്നതും ഉറങ്ങിപ്പോയി. പെട്ടെന്നാണ് അതു സംഭവിച്ചത്. ഒരു വെടിയൊച്ച! ഞാന്‍ ഞെട്ടിയുണര്‍ന്നു. എന്റെ പഞ്ചേന്ദ്രിയങ്ങളും അസാധാരണമാംവിധം ഉത്തേജിതങ്ങളായി. നിമിഷങ്ങള്‍ക്കുള്ളില്‍ പല ദിശകളില്‍നിന്നായി നാലഞ്ചു വെടികള്‍ തുടര്‍ച്ചയായി പൊട്ടുന്ന ശബ്ദം. എന്റെ ഹൃദയം പടാപടാ അടിക്കുന്നു. കൂരിരുട്ട്. എന്റെ ഷര്‍ട്ടില്‍ പിടിച്ച് ശക്തിയായി വലിച്ചുകൊണ്ട് 'പിറൈസാന്‍' എന്ന ഓഷിത്താസായുടെ അടക്കിയ ശബ്ദം: 'നാന്‍ദാ' (എന്താ)? 'അബുണായ് ദരോ' (അപകടമാണ്), ഒഷിത്താസാന്റെ ശബ്ദം. തുടര്‍ന്നു ശക്തിയായി അദ്ദേഹം എന്നെ വലിക്കുകയാണ്. ഞാന്‍ തലയ്ക്കല്‍ ഇരുന്ന എന്റെ ഡച്ചുവാളിന്റെ പിടിയില്‍ മുറുകെ പിടിച്ചുകൊണ്ട് ഓഷിത്താസാന്റെ നിയന്ത്രണത്തിനു വിധേയനായി ഇഴഞ്ഞുനീങ്ങിത്തുടങ്ങി.
ഞങ്ങള്‍ ടെന്റിനു പുറത്തു കടന്നു. പിന്നെയും ഇഴയുന്നു. ഇതിനിടെ അങ്ങുമിങ്ങുമായി ഒന്നുമൊറ്റയും വെടിശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഒരു കാര്യം വ്യക്തം; ഞങ്ങളെ ആരോ ആക്രമിക്കുകയാണ്. ഞങ്ങള്‍ ഒരു കുഴിയുടെ വക്കത്തെത്തി. ഞാന്‍, എന്നെ ചുറ്റാകെ പൊതിഞ്ഞുനില്ക്കുന്ന അന്ധകാരത്തിന്റെ മൂടുപടത്തിനുള്ളില്‍ക്കൂടി, ചുഴിഞ്ഞു നോക്കുന്നുണ്ട്. സാവധാനം ഇരുളിന്റെ കട്ടി കുറയുന്നു. ഞാനും ഇരുളും തമ്മില്‍ പൊരുത്തപ്പെടുന്നു. ഞാനിപ്പോള്‍ കിടക്കുന്നത് ഒരു കുഴിയുടെ വക്കത്താണ്. എന്റെ ഇടതുകാല്‍ ആ കുഴിയിലേക്ക് ഊര്‍ന്നിറങ്ങി. ചീഞ്ഞഴുകുന്ന പലതും നിറഞ്ഞതാണ് ആ കുഴി. അതിന്റെ ആഴം എനിക്കു വ്യക്തമല്ല.
പെട്ടെന്ന്, മുന്നില്‍ പത്തിരുപതടി അകലെ ഇരുളു ഘനീഭവിച്ച രണ്ടുമൂന്ന് അവ്യക്തപിണ്ഡങ്ങള്‍ നിലംപറ്റി അടുത്തടുത്തു വരുന്നതായി ഒരു തോന്നല്‍. പെട്ടെന്നാണതു സംഭവിച്ചത്. എന്റെ ചെവിക്കല്ലിനടുത്ത് ഒരു വെടിയൊച്ചയും ഒരു മിന്നലും. ഓഷിത്താസാന്റെ തോക്ക് അലറിയതാണ്. ഒരു മനുഷ്യന്റെ കരച്ചിലും ഞാന്‍ കേട്ടു. അടുത്ത നിമിഷം ഒരിരുണ്ട രൂപം എന്റെ നേരേ പാഞ്ഞുവരുന്നു. രണ്ടു കൈയും എന്റെ വാള്‍പ്പിടിയില്‍ അമര്‍ത്തിപ്പിടിച്ച് ആഞ്ഞൊരു വെട്ടു ഞാന്‍ വെട്ടി, ലക്ഷ്യമില്ലാത്ത ഒരു വെട്ട്. ആ വെട്ടേറ്റതു കട്ടിയുള്ള എവിടെയോ ആണ്. രക്തം ഉറഞ്ഞുപോകത്തക്ക ഒരലര്‍ച്ചയോടെ ആ സ്വരൂപം കുഴിയിലേക്കു മറിഞ്ഞു. തുടര്‍ന്നു ഞാന്‍ രണ്ടുമൂന്നു വെട്ടുകള്‍കൂടി വെട്ടി, ആ ശബ്ദത്തെ ലക്ഷ്യമാക്കി. ആ കുഴിയില്‍നിന്നു വല്ലാത്ത ചില ശബ്ദങ്ങളും ചലനങ്ങളും. ഞാന്‍ സാവധാനം പിന്നിലേക്ക് ഇഴഞ്ഞുനീങ്ങി. അവിടെ കിടന്നു, ശ്വാസഗതിപോലും അടക്കി.
അങ്ങനെ എത്ര നേരം കിടന്നെന്നു വ്യക്തമല്ല. അവസാനം പ്രകാശം പരന്നുതുടങ്ങി. അപ്പോഴാണു ഞാന്‍ കാണുന്നത്, ആ കുപ്പക്കുഴിയില്‍ തലകുത്തിക്കിടക്കുന്ന ഒരു ബര്‍മാക്കാരനെ. ആ മൃതദേഹത്തിനടുത്ത് ഉദ്ദേശം മൂന്നടി നീളമുള്ള നീട്ടിപ്പിടിച്ച ഒരു നെടിയ കത്തിയും കിടന്നിരുന്നു. ഒരു ചെറിയ സംഘം ജപ്പാന്‍കാരും വമ്പിച്ച വിഭവശേഖരങ്ങളും ആ റെയില്‍വേ സ്റ്റേഷനില്‍ ഒറ്റപ്പെട്ടുകിടക്കുന്ന വിവരമറിഞ്ഞു ചുറ്റാകെയുള്ള ഗ്രാമങ്ങളില്‍നിന്നു സംഘടിച്ചെത്തിയ സാഹസികരായ ഒരു വലിയ സംഘം ബര്‍മാക്കാരുടെ ആക്രമണത്തെയാണ് ഞങ്ങള്‍ അഭിമുഖീകരിച്ചത്. ബുദ്ധിപൂര്‍വമുള്ള ജപ്പാന്‍കാരുടെ പ്രതിരോധനടപടികളാണു ഞങ്ങളുടെ ജീവന്‍ രക്ഷിച്ചത്.
അന്നു പകല്‍ പത്തുമണിക്കുള്ളില്‍ ചുറ്റാകെയുള്ള ബര്‍മീസ് ഗ്രാമങ്ങള്‍ ഒന്നടങ്കം അഗ്‌നിക്കിരയായി. ഓടി രക്ഷപ്പെടാന്‍ കഴിയാത്തവരെല്ലാം ജപ്പാന്‍കാരുടെ ബയണറ്റിനും വെടിയുണ്ടയ്ക്കുമിരയായി. ഒരു മരണതാണ്ഡവം! അന്നു വൈകീട്ട് അഞ്ചുമണിയോടുകൂടി ഞങ്ങളുടെ തീവണ്ടി നീങ്ങി, 'യെ' എന്ന പട്ടണത്തിലേക്ക്.
Content Highlights: Book excerpt from N.N. Pillai`s autobiography