‘ഒന്നിച്ചു കഴിഞ്ഞിട്ടും പ്രതീക്ഷകൾ മനസ്സിലാക്കിയില്ല’; ദാമ്പത്യത്തിലെ പ്രതീക്ഷകളും സഫലീകരണവും

#എൻ.പി. ഹാഫിസ് മുഹമ്മദ്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

എൻ.പി. ഹാഫിസ് മുഹമ്മദിൻെറ വൈവാഹികം എന്ന പുസ്തകത്തിൽനിന്നൊരു ഭാഗം വായിക്കാം.

സംഘർഷവേളകളിൽ ഭർത്താവ് ആവർത്തിക്കുന്ന ഒരു കാര്യം, ഭാര്യ എന്നെ അയാളുടെ മുമ്പിൽവെച്ചുതന്നെ അറിയിച്ചു: 'ഇന്നേവരെ ഒരാഗ്രഹവും ഞാൻ നിറവേറ്റിക്കൊടുത്തിട്ടില്ലെന്നാണ് ഇയാൾ പറയുന്നത്. പ്രതീക്ഷിക്കുന്നതൊന്നും എന്നിൽനിന്നു കിട്ടിയിട്ടില്ലെന്ന്. ചിലപ്പോൾ ശരിയായിരിക്കും. ഞാൻ ചെയ്തുകൊടുക്കുന്നതോ ചെയ്തതോ ഒന്നും അയാളാശിച്ചതാവില്ല. പക്ഷേ, സാർ... എനിക്കയാളുടെ പ്രതീക്ഷകളെന്താണെന്നു സത്യമായും ഇപ്പോൾ മനസ്സിലാവ്ണില്ല... ഞാനെന്താണിയാൾക്കുവേണ്ടി ചെയ്യണ്ടത്ന്ന് മനസ്സിലാവ്ണില്ല സാർ...'

ഭർത്താവ് പറഞ്ഞു: 'എട്ടുകൊല്ലം ഒന്നിച്ചു കഴിഞ്ഞിട്ടും എന്റെ പ്രതീക്ഷകൾ മനസ്സിലാക്കിയിട്ടില്ലെങ്കിൽ, പിന്നെ എന്നാണിവൾക്കതറിയാനാവുക? സ്നേഹമുണ്ടെങ്കിൽ ഇവൾക്കെന്റെ മോഹങ്ങൾ മനസ്സിലാക്കാനാവില്ലേ?'

ഭാര്യയുമായുള്ള സെഷനിൽ അവർ പറഞ്ഞു: 'ഞാൻ അയാളുടെ മോഹങ്ങളും താത്പര്യങ്ങളുമൊന്നും മനസ്സിലാക്കുന്നില്ലെന്നു പറഞ്ഞില്ലേ? സാറൊന്ന് എന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും എന്താണെന്നു ചോദിച്ചുനോക്ക്. ഞാനെന്റെ പ്രതീക്ഷകൾ എഴുതിത്തരാം സാർ. ഒന്നെങ്കിലും അയാൾ പറയ്വോന്ന് സാറൊന്നു നോക്കിയാട്ടെ. ശാരീരികബന്ധത്തിൽപ്പോലും എന്റെ ഇഷ്ടങ്ങളയാള് മനസ്സിലാക്കീട്ടില്ല സാർ...'

വിവാഹജീവിതം തുടങ്ങിയിട്ട് എട്ടുവർഷം പിന്നിടുന്നു. ഭാര്യയ്ക്ക് ഭർത്താവിന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും മനസ്സിലാകുന്നില്ല. ഭാര്യയ്ക്കത് തിരിച്ചറിയാനുള്ള കഴിവില്ലെന്നു ഭർത്താവ്. തന്റെ ശാരീരികബന്ധത്തിലെ ഇഷ്ടാനിഷ്ടങ്ങൾപോലും ഭർത്താവിനറിയില്ലെന്നു ഭാര്യ. അപ്പറഞ്ഞതൊക്കെയും പൂർണ്ണമായി ശരിയായിരുന്നില്ലെങ്കിലും, അവർ പരസ്പരമറിയാതെ ഒരു കൂരയ്ക്കു താഴെ പരസ്പരം വേറിട്ടുകിടക്കുന്ന രണ്ടു വൻകരകളായി കഴിയുകയായിരുന്നു. പരസ്പരം പ്രതീക്ഷകൾ തിരിച്ചറിയാത്തതുകൊണ്ടുതന്നെ, ദാമ്പത്യജീവിതത്തിലെ മോഹങ്ങൾ പലതും സഫലീകരിക്കപ്പെടാതെ കഴിഞ്ഞുപോരികയായിരുന്നു. എട്ടു വർഷം കഴിഞ്ഞിട്ടും അവർക്കു തമ്മിൽ ഒരടുപ്പവുമുണ്ടായിരുന്നില്ല. അവർ ആർക്കോവേണ്ടി ജീവിക്കുകയായിരുന്നു.

ഒരാളിന്റെ പ്രതീക്ഷ, മറ്റേയാളിന്റെ കടമ

ഏതൊരു ബന്ധവും തളിരിടുന്നതും പൂക്കുന്നതും വിശകലനം ചെയ്യാൻ ലളിതമായ ഒരു സിദ്ധാന്തമുണ്ട്; ബന്ധങ്ങളിലെ പ്രതീക്ഷ-കടമ, സിദ്ധാന്തം. ഒരു ബന്ധത്തിൽ ഏറ്റവും ചുരുങ്ങിയത് രണ്ടുപേരുണ്ടാവും. ദാമ്പത്യബന്ധത്തിൽ ഭാര്യയും ഭർത്താവുമുണ്ട്. കുട്ടികൾ, ഭാര്യ-ഭർത്തൃകുടുംബാംഗങ്ങൾ തുടങ്ങി പലരും ഈ ബന്ധത്തോട് ചേർന്നുകിടക്കുന്നുണ്ടെങ്കിലും, ഉദ്ഭവകേന്ദ്രം ഭാര്യയും ഭർത്താവുമാണ്. ഭാര്യയും ഭർത്താവും അങ്ങോട്ടുമിങ്ങോട്ടും ചില പ്രതീക്ഷകൾ വെച്ചുപുലർത്തുന്നു. ഈ പ്രതീക്ഷകളിൽനിന്നാണ് ബന്ധം കെട്ടിപ്പടുക്കപ്പെടുന്നത്. ഒരാളുടെ പ്രതീക്ഷകൾ മറ്റെയാൾ മനസ്സിലാക്കുകയും നിറവേറ്റിക്കൊടുക്കുകയും ചെയ്യുമ്പോഴാണ് ബന്ധം പ്രതീക്ഷ വെച്ചുപുലർത്തിയ ആളിനെങ്കിലും ആഹ്ലാദകരമായി മാറുന്നത്. ഇത് ഒരു 'വൺവേ ട്രാഫിക്കല്ല.' മറ്റേയാളും ആദ്യത്തെയാളിൽ പല പ്രതീക്ഷകളും വെച്ചുപുലർത്തുന്നുണ്ട്. അതു നിറവേറ്റപ്പെടാൻ ആഗ്രഹിക്കുന്നുമുണ്ട്. പ്രതീക്ഷകളുടെ സഫലീകരണമാണ് ഏതു ബന്ധത്തെയും സുദൃഢമാക്കുന്നത്. അദ്ധ്യാപകരും വിദ്യാർത്ഥികളുമായാലും, സുഹൃത്തുക്കൾ തമ്മിലായാലും, അയൽപക്കത്തുള്ളവരായാലും ഈവിധം പരസ്പരം പ്രതീക്ഷകൾ വെച്ചുപുലർത്തുന്നുണ്ട്. അവ പരസ്പരം നിറവേറ്റപ്പെടുമ്പോൾ അടുപ്പം കൂടുകയും ബന്ധം അനിവാര്യമായി മാറുകയും ചെയ്യുന്നുമുണ്ട്. തമ്മിൽ വെച്ചു പുലർത്തുന്ന പ്രതീക്ഷകളുടെ (expectations) ഫലവത്തായ സഫലീകരണമാണ് ഭാര്യാഭർത്തൃബന്ധത്തെയും ആരോഗ്യകരവും ആഹ്ലാദകരവുമായ അവസ്ഥയിലേക്കെത്തിക്കുന്നത്. ഒരാളുടെ പ്രതീക്ഷ മറ്റെയാളുടെ ഉത്തരവാദിത്വമായി (responsibility) മാറുന്നുവെന്നർത്ഥം.

പ്രതീക്ഷകളുടെ സഫലീകരണം

കാര്യം ലളിതമാണെന്നു തോന്നാം. എന്നാൽ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നതിലും സഫലീകരിക്കുന്നതിലും പലവിധ പ്രശ്നങ്ങളുമുണ്ടായേക്കാവുന്നതാണ്. ബന്ധത്തെ ബാധിക്കാവുന്നതുമാണ്. ഒരാൾ വെച്ചുപുലർത്തുന്ന പ്രതീക്ഷകൾ യാഥാർത്ഥ്യബോധത്തോടെയാവണമെന്നില്ല. അവ ഓരോന്നും മറ്റെയാൾ തിരിച്ചറിയാതിരിക്കുമ്പോഴും, മനസ്സിലാക്കിയിട്ടും സഫലീകരിക്കപ്പെടാതെപോകുമ്പോഴും പ്രതീക്ഷിക്കുന്നയാളിന്റെ അസ്വസ്ഥത കൂടുന്നു. സഫലീകരിച്ചുകൊടുക്കാനാവാതെപോവുന്നയാളിനെയും അത് അസ്വസ്ഥമാക്കാവുന്നതാണ്. പ്രധാന ആഗ്രഹങ്ങൾ അറിയാതെപോകുമ്പോഴും കടുത്ത വിഷമസന്ധിക്ക് കാരണമായിത്തീരാറുണ്ട്. പലപ്പോഴും ഒരു പ്രതീക്ഷ നിറവേറ്റിക്കൊടുക്കുമ്പോൾ പുതുതായൊന്നുണ്ടാവുന്നുവെന്നതാണ് അടുത്ത ബന്ധങ്ങളുടെ സവിശേഷത. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ദാമ്പത്യത്തിന്റെ ഓരോ ഘട്ടത്തിലും പുതിയ പ്രതീക്ഷകൾ പൂവിടുന്നു. അത് ബന്ധം നിലനിൽക്കുന്ന നിമിഷംവരെയുള്ള ഒരു തുടർപ്രക്രിയയാണ്.

ഭാര്യാഭർത്താക്കൻമാർക്കിടയിൽ ആഗ്രഹങ്ങൾ തിരിച്ചറിയുന്നതിലും ബോദ്ധ്യപ്പെടുത്തുന്നതിലും സഫലീകരണത്തിലും സഫലീകരിക്കാനാവാതെപോകുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:

1. യാഥാർത്ഥ്യബോധത്തോടെ പരസ്പരം പ്രതീക്ഷകൾ വെച്ചുപുലർത്തുക.

2. ജീവിതപങ്കാളി തന്റെ പ്രതീക്ഷകൾ തിരിച്ചറിയാതെപോകുന്നുവെങ്കിൽ, കുറ്റപ്പെടുത്താതെ ബോദ്ധ്യപ്പെടുത്തുക.

3. ജീവിതപങ്കാളിയുടെ പ്രതീക്ഷകൾ സന്ദർഭാനുസരണം മനസ്സിലാക്കുക.

4. ജീവിതപങ്കാളിയുടെ ഏതെങ്കിലും പ്രധാന പ്രതീക്ഷകൾ തിരിച്ചറിയാതെപോകുന്നുവോ എന്നു ചോദിച്ചറിയുക.

5. ജീവിതപങ്കാളിയുടെ തിരിച്ചറിയുന്ന പ്രതീക്ഷകൾ സാധിക്കുംവിധം സഫലീകരിക്കുക. അത് തന്റെ ഉത്തരവാദിത്വമായി കണക്കാക്കുക.

6. ജീവിതപങ്കാളിയുടെ സഫലീകരിക്കാനാവാത്ത പ്രതീക്ഷകൾ കുറ്റപ്പെടുത്താതെ അതെന്തുകൊണ്ടാണെന്നു ബോദ്ധ്യപ്പെടുത്തുക. അതിന്റെ കാരണങ്ങൾ അതാതു സന്ദർഭങ്ങളിലറിയിക്കുക.

7. ദാമ്പത്യത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഭാര്യയുടെയും ഭർത്താവിന്റെയും പ്രതീക്ഷകൾക്ക് മാറ്റം വരുന്നത്, പ്രാധാന്യം കുറയുകയോ കൂടുകയോ ചെയ്യുന്നത് മനസ്സിലാക്കുക.

8. പ്രതീക്ഷകൾ കൈമാറാൻ സമയം കണ്ടെത്തുക. പറഞ്ഞും ശ്രദ്ധയോടെ കേട്ട് ഗ്രഹിച്ചും ആശയവിനിമയം (Two Way Communication) നടത്തുക.

9. ഭാര്യയുടെ, ഭർത്താവിന്റെ പ്രതീക്ഷകൾ മാറാനിടയുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണെന്നു മനസ്സിലാക്കി, ഓരോ സന്ദർഭത്തിലും പ്രതീക്ഷകളെ ഉത്തരവാദിത്വബോധത്തോടെ നിറവേറ്റാൻ ശ്രമിക്കുക.

10. ഭാര്യ ഭർത്താവിന്റെയോ, ഭർത്താവ് ഭാര്യയുടെയോ പ്രതീക്ഷകൾ കടമയായി നിറവേറ്റുമ്പോൾ നന്ദിയും കടപ്പാടും അറിയിക്കുക. സഫലീകരിക്കാനാവാത്ത സന്ദർഭങ്ങളിൽ പൊറുക്കാനും ക്ഷമിക്കാനും അപേക്ഷിക്കുക.

ഒരു ബന്ധവും ഉത്തരവാദിത്വരഹിതമായ ഒരേർപ്പാടല്ല. പരസ്പരം മനസ്സിലാക്കലും അതിനനുസരിച്ച് ഉത്തരവാദിത്വപൂർണ്ണമായ പെരുമാറ്റവുമാണ് ഒരു ബന്ധത്തെ സുദൃഢവും ആഹ്ലാദകരവുമാക്കുന്നത്. ഒരാളിന്റെ വിവിധ മേഖലകളിലും സാഹചര്യങ്ങളിലും ഘട്ടങ്ങളിലുമുള്ള ഉത്തരവാദിത്വനിർവ്വഹണമാണ് ജീവിതത്തെ സാർത്ഥകമാക്കിത്തീർക്കുന്നത്. മറ്റേതു ബന്ധത്തെക്കാളേറെയും ആജീവനാന്തം വെച്ചുപുലർത്താനാശിക്കുന്ന, അതിനു സാദ്ധ്യതയുള്ള ബന്ധമാണ് ദാമ്പത്യം. ശാരീരികവും സാമൂഹികവുമായ പലവിധ ആവശ്യങ്ങൾക്കൊപ്പം മാനസികവും വൈകാരികവുമായ പല അഭിലാഷങ്ങളും പരസ്പരം നിറവേറ്റപ്പെടുന്ന തീവ്രബന്ധമാണ് ദാമ്പത്യം. അതുകൊണ്ടുതന്നെ പ്രതീക്ഷ-കടമ സിദ്ധാന്തത്തിന് വൈവാഹികജീവിതത്തിൽ വലിയ പ്രസക്തിയുമുണ്ട്.

പ്രതീക്ഷ തിരിച്ചറിയാതെപോകുമ്പോൾ

വിവാഹജീവിതത്തിലെ ഒരു സന്ദർഭം ഞാനോർക്കുന്നു. ഭാര്യാപിതാവിന് ഒരു വീഴ്ചയിൽ തുടയെല്ലു പൊട്ടി. അതിനു മുമ്പ് ചെറിയൊരു മസ്തിഷ്‌കാഘാതത്തിൽ ചില പ്രശ്നങ്ങളുമുണ്ടായിരുന്നു. രണ്ടും കൂടിക്കുഴഞ്ഞ് തുടയിലെ ശസ്ത്രക്രിയ അസാധ്യമായി. ആശുപത്രിയിലായിരുന്നു. കഴിയാവുന്നത്ര ഭാര്യ പപ്പയ്ക്കൊപ്പം ചെലവഴിച്ചിരുന്നു. ആ നാളിൽ ഞങ്ങൾ വീടുപണിയും തുടങ്ങി. തിരുവനന്തപുരത്തുനിന്നെത്തിയ തൊഴിലാളികളെ പറഞ്ഞയയ്ക്കാനും വയ്യ, വീടുപണിയിലോ പപ്പയുടെ ചികിത്സയിലോ വേണ്ടത്ര ശ്രദ്ധിക്കാനും വയ്യ. വല്ലാത്തൊരു കാലമായിരുന്നു. പപ്പയ്ക്ക് മറ്റൊരു ചികിത്സയും നൽകാനില്ലാത്തതിനാൽ ഞങ്ങൾ താമസിക്കുന്ന നഗരത്തിൽനിന്നും മുപ്പതോളം കിലോമീറ്റർ ദൂരത്തുള്ള ഭാര്യവീട്ടിലേക്ക് കൊണ്ടുപോയി. അവധിദിവസങ്ങളിൽ പോകാറുണ്ടായിരുന്നു ഞങ്ങൾ. ഞങ്ങളുള്ള ഒരുദിവസം രാത്രി പപ്പ മരിക്കുകയും ചെയ്തു. മരിക്കുന്ന നേരം പപ്പയ്ക്കു സമീപം ഞങ്ങളുണ്ടായിരുന്നു.

മരണം കഴിഞ്ഞ് എമ്പാടും നാളുകൾ കഴിഞ്ഞ് ഒരിക്കൽ ഭാര്യ പറഞ്ഞു: 'എനിക്ക് വല്ലാത്തൊരു വിഷമംണ്ട്.' എന്താണെന്ന് ഞാനന്വേഷിച്ചു. ഭാര്യ പറഞ്ഞു: 'പപ്പയുടെ അവസാനനാളുകളിൽ എനിക്ക് കൂടെ നിന്നു ശുശ്രൂഷിക്കാനാവാതെപോയതോർത്ത് നല്ല സങ്കടമുണ്ട്. കുറ്റബോധോണ്ട്.' ഭാര്യ വിശദീകരിച്ചു: 'ഞാനാശിച്ചിരുന്നു. നിങ്ങളതിന് എതിര് നിൽക്കുമെന്നും കരുതിയിട്ടില്ല. വീടുപണിയുടെ ഓരോ പ്രശ്നങ്ങളുടെ സമയത്ത് നിങ്ങളെ തനിച്ചാക്കി പപ്പയുടെയടുത്ത് പോയി നിൽക്കണ്ടന്ന് അന്നേരം തോന്നി.'

എന്തുകൊണ്ടിക്കാര്യം എന്നോടു പറഞ്ഞില്ലെന്ന് ഞാനന്വേഷിച്ചു. ആ സമയത്ത് കഴിയാവുന്നത്ര നമ്മൾ ചെയ്തിട്ടില്ലേ എന്നു ചോദിച്ചു. അതിലപ്പുറം ഞാനാശിച്ചിരുന്നു എന്നായിരുന്നു ഭാര്യയുടെ ഉത്തരം.

ആ രാത്രിയിൽ ഞാൻ വല്ലാതെ അസ്വസ്ഥനായിരുന്നു. എന്റെ കണ്ണ് നനഞ്ഞിരുന്നു. എന്തുകൊണ്ട് ഞാൻ ഭാര്യയുടെ പ്രതീക്ഷ തിരിച്ചറിഞ്ഞില്ല എന്നതായിരുന്നു എന്നെ വല്ലാതെ വിഷമിപ്പിച്ച കാര്യം. ഞാനതു മനസ്സിലാക്കാതെപോയതിൽ കുറ്റബോധം തോന്നി. ഞാൻ പിറ്റേന്നു ഭാര്യയോട് മാപ്പു പറഞ്ഞു. പക്ഷേ, എനിക്കൊന്നറിയാമായിരുന്നു: എനിക്ക് ഭാര്യയിലുണ്ടായിരുന്ന മനസ്സിലാക്കാതെപോയ പ്രതീക്ഷ ഇനിയൊരിക്കലും നിറവേറ്റിക്കൊടുക്കാനാവില്ലെന്ന്.

ആർക്കുമിതു സംഭവിക്കാവുന്നതാണ്. കഴിയാവുന്നത്ര പരസ്പരം ആഗ്രഹാഭിലാഷങ്ങൾ മനസ്സിലാക്കി സഫലീകരിച്ചു നൽകുമ്പോഴും ചിലത് കാണാതെപോകുന്നു. നിറവേറ്റാനാവാതെപോകുന്നു. അത് എക്കാലത്തേക്കുമുള്ള സങ്കടത്തിനു കാരണമാകുകയും ചെയ്യുന്നു. അതിൽനിന്ന് വരുംകാലത്തേക്കുള്ള മുന്നറിയിപ്പുകളോ പാഠങ്ങളോ ലഭിക്കുന്നുവെന്നതെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ഞാൻ പഠിച്ച പാഠം, ഒന്നിച്ച് സകലതും പങ്കിട്ട് ജീവിക്കുന്നവർപോലും ജീവിതപങ്കാളിയുടെ ചില പ്രതീക്ഷകൾ, പലപ്പോഴും വളരെ പ്രധാനപ്പെട്ട ചില പ്രതീക്ഷകൾ, മനസ്സിലാക്കാതെപോവാനിടയുണ്ട് എന്നതാണ്. അവ അതാതു നേരങ്ങളിലറിയാൻ, പരസ്പരം തുറന്നു സംസാരിക്കാനും പ്രതീക്ഷകൾ പങ്കുവെക്കാനും അവസരമൊരുക്കേണ്ടതുമുണ്ട്. ഞാൻ കാണാതെപോകുന്ന നിന്റെ പ്രതീക്ഷകളെന്തെങ്കിലും അറിയിക്കാനുണ്ടോ എന്ന് സ്നേഹപുരസ്സരം അന്വേഷിക്കുന്നതാണ് ഏറ്റവും അഭികാമ്യം.

പ്രതീക്ഷകളുടെ വേരുകൾ

ജീവിതപങ്കാളി വെച്ചുപുലർത്തുന്ന പ്രതീക്ഷകൾക്കും മോഹങ്ങൾക്കും പലവിധ ഘടകങ്ങളോടും സാഹചര്യങ്ങളോടും ബന്ധമുണ്ട്:

1. ഓരോ ആളിന്റെയും പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും വ്യക്തിപരമായ ചില മാനങ്ങളും ന്യായങ്ങളുമുണ്ട്. വൈയക്തികമായ കാരണങ്ങൾ ഓരോയാളിന്റെയും പ്രതീക്ഷകൾക്കും മോഹങ്ങൾക്കും അടിത്തറയായുണ്ടാവും. അതറിയണമെങ്കിൽ ആ വ്യക്തിയുടെ ഭാഗത്തുനിന്ന് ആലോചിക്കേണ്ടതുണ്ട്. ഭാര്യ, തന്നോടൊപ്പം ഭർത്താവ് കുറച്ചു നേരം വെറുതേയിരിക്കണമെന്ന് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്ന് കരുതുക, അതിന് അങ്ങനെയൊരു പ്രതീക്ഷയുണ്ടെന്നതിനപ്പുറം ന്യായം കണ്ടെത്താൻ ശ്രമിക്കാതിരിക്കുന്നതാണു നല്ലത്. ഭർത്താവ് തന്റെ സുഹൃത്തിന്റെ വീട്ടിൽപ്പോകുമ്പോൾ ഭാര്യകൂടിയുണ്ടാവണമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിൽ, അതിന്റെ കാരണങ്ങളെക്കുറിച്ചറിയാനല്ല, അതു വ്യക്തിപരമായി ഭർത്താവിനെത്രത്തോളം പ്രധാനപ്പെട്ടതാണെന്നു തിരിച്ചറിയാനാണ് ഭാര്യ ശ്രമിക്കേണ്ടത്. ഒരാളിന്റെ പ്രതീക്ഷ കുട്ടിക്കാലവുമായോ മുൻകാലാനുഭവങ്ങളുമായോ ബന്ധപ്പെട്ടുകിടക്കുന്നുണ്ടാവും. അതറിയുമ്പോഴേ ആ വ്യക്തിയുടെ പ്രതീക്ഷയുടെ തീവ്രത അറിയാനാവൂ. ഭാര്യയുടെ/ഭർത്താവിന്റെ പ്രധാനപ്പെട്ടതെന്നു തോന്നുന്ന മൂല്യങ്ങളെയോ ആശയങ്ങളെയോ ആഗ്രഹങ്ങളെയോ ബാധിക്കുന്നതാണ് ജീവിതപങ്കാളിയുടെ പ്രതീക്ഷയെങ്കിൽ അവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്, ചോദിച്ചറിയേണ്ടതുണ്ട്. തനിക്കെന്തുകൊണ്ട് അതു നിറവേറ്റാനാവുന്നില്ലെന്നു പറഞ്ഞ് ബോദ്ധ്യപ്പെടുത്തേണ്ടതുമുണ്ട്.

2. ഒരാളിന്റെ പ്രതീക്ഷകൾക്ക് സാമൂഹികവും സാംസ്‌കാരികവുമായ ചില മാനങ്ങളുണ്ട്, വേരുകളുണ്ട്. ഏതു സംഘത്തിൽ, ഏതു പ്രദേശത്ത് ജീവിച്ചു എന്നത് ഒരാളിന്റെ പ്രതീക്ഷയെ/മോഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. മാതാപിതാക്കളോട് ചില മക്കൾക്കുള്ള അടുത്ത ബന്ധം അങ്ങനെ വേരുപിടിക്കുന്നതാണ്. മാതാപിതാക്കളോട് അത്ര അടുക്കുകയോ ആത്മഭാഷണം നടത്തുകയോ എല്ലാം പങ്കുവെക്കുകയോ ചെയ്യാത്ത ഒരാളിന് ഭാര്യയുടെ/ഭർത്താവിന്റെ സ്വന്തം കുടുംബത്തോട് വെച്ചുപുലർത്തുന്ന ബന്ധമോ, തന്റെ ജീവിതപങ്കാളിയിൽനിന്ന് തന്റെ മാതാപിതാക്കളോട് വെച്ചുപുലർത്തേണ്ട ബന്ധം എങ്ങനെയാവണമെന്ന പ്രതീക്ഷയോ എളുപ്പം മനസ്സിലാകണമെന്നില്ല. അങ്ങനെവരുമ്പോൾ ഭാര്യ/ഭർത്താവ് ചിലപ്പോൾ ചോദിച്ചേക്കും: 'ഞാൻ നിങ്ങളെ സ്നേഹിച്ചാൽപ്പോരേ, നിങ്ങളുടെ അച്ഛനമ്മമാരെയല്ലല്ലോ ഞാൻ കല്യാണം കഴിച്ചത്?' അതുപോലെയാണ് 'നിങ്ങൾക്ക് ഞാനോ അതോ ചങ്ങാതിമാരോ വലുത്' എന്ന ചോദ്യം.

3. വിശ്വാസപരവും ആചാരപരവുമായ ഘടകങ്ങൾ ഒരു വ്യക്തിയുടെ പ്രതീക്ഷകളുടെ നിർമ്മിതിയിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഒരേ മതവിഭാഗത്തിൽപ്പെടുമ്പോഴും, വിശ്വാസപരമായ കാര്യങ്ങളിൽ വേറിട്ടുനിൽക്കുന്ന പ്രതീക്ഷകൾ വെച്ചുപുലർത്തുന്നത് മറ്റൊന്നുംകൊണ്ടല്ല. ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ, പ്രാദേശികരീതികൾ, രാഷ്ട്രീയമായ നിലപാടുകൾ, ഒരു സമുദായത്തിന്റെയോ വർഗ്ഗത്തിന്റെയോ ഗോത്രത്തിന്റെയോ വ്യത്യസ്തമായ അനുഭവങ്ങൾ തുടങ്ങിയവയും ഓരോയാളിന്റെയും പ്രതീക്ഷകളെ ഉണ്ടാക്കിയെടുക്കുന്നതിൽ സ്വാധീനം ചെലുത്തുന്നു. ഈ സാഹചര്യങ്ങളെയും ചുറ്റുവട്ടത്തെയും സംഘാനുഭവങ്ങളെയും തിരിച്ചറിയാൻ ശ്രമിക്കുമ്പോഴാവും ജീവിതപങ്കാളിയുടെ അഭിലാഷങ്ങളുടെയും പ്രതീക്ഷകളുടെയും തീവ്രതയും സുദൃഢതയും അറിയാനാവുക.

പുസ്തകത്തിന്റെ കവർ പേജ്

ആഗ്രഹാഭിലാഷങ്ങൾക്ക് വരുന്ന മാറ്റം

വ്യക്തി ഒരു ബന്ധത്തിൽ വെച്ചുപുലർത്തുന്ന ആശകൾക്ക് ആ വ്യക്തിയുടെ പ്രായവുമായി ബന്ധമുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും പ്രതീക്ഷകൾക്ക് വ്യത്യസ്ത സ്വഭാവങ്ങളുണ്ട്. ഒരാൾതന്നെ കുട്ടിക്കാലത്തോ കൗമാരത്തിലോ യൗവനത്തിലോ പിന്നീടുള്ള കാഘട്ടങ്ങളിലോ വെച്ചുപുലർത്തുന്ന പ്രതീക്ഷകൾ സമാനമാവണമെന്നില്ല; ആകാനുമിടയില്ല. പ്രേമിക്കുമ്പോഴുള്ള പ്രതീക്ഷകൾ വിവാഹാനന്തരം മാറുന്നത് ചിലർ തിരിച്ചറിയാതെപോകാറുണ്ട്. പ്രണയകാലവും ദാമ്പത്യകാലവും രണ്ടാണ്. അതുകൊണ്ടുതന്നെ ഒരേ വ്യക്തിയുടെതന്നെ, ആ ബന്ധത്തിലുള്ള മോഹങ്ങൾക്ക് വ്യത്യസ്ത സാഹചര്യങ്ങളുമായും ബന്ധമുണ്ടാവും. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഭാര്യയുടെ/ ഭർത്താവിന്റെ പ്രതീക്ഷകൾ മാറിക്കൊണ്ടിരിക്കും. മധുവിധുകാലം കഴിയുമ്പോൾ, ആദ്യത്തെ കുട്ടിയുടെ ജനനം നടക്കുന്നതോടെ, കുട്ടികളുടെ എണ്ണം കൂടുന്നതോടെ, കുട്ടികൾ മുതിരുന്നതോടെ, ജോലി മാറുന്നതോടെ ഭാര്യാഭർത്താക്കന്മാരുടെ മോഹങ്ങളും അഭിലാഷങ്ങളും മാറുന്നത് സ്വാഭാവികമാണ്. ചിലപ്പോൾ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ പ്രതീക്ഷകളിൽ സാരമായ മാറ്റങ്ങളുണ്ടാവാനുമിടയുണ്ട്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ പ്രതീക്ഷകൾ സഫലീകരിക്കുമ്പോൾ പുതുതായി പലതും പിറവികൊള്ളുന്നു. ഒരു പ്രതീക്ഷ സഫലീകരിക്കുമ്പോൾ മറ്റൊന്ന് തീവ്രതരമായിത്തീരുന്നു. ചില പ്രതീക്ഷകൾ സഫലീകരിക്കാതെവരുമ്പോൾ പലവിധ പ്രതീക്ഷകളുടെ ഉദ്ഭവത്തിന് കാരണമായിത്തീരുകയോ, ചിലപ്പോൾ പലവിധ പ്രതീക്ഷകൾ അപ്രത്യക്ഷമാകുകയോ ചെയ്തേക്കാവുന്നതുമാണ്. ഇക്കാരണങ്ങൾകൊണ്ടുതന്നെ ഭാര്യാഭർത്താക്കന്മാർ ആരോഗ്യകരമായ ആശയവിനിമയത്തിലൂടെ തങ്ങളുടെ പ്രതീക്ഷകൾ എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. പറയാതെ ഭാര്യയ്ക്ക് ഭർത്താവിനെയോ, ഭർത്താവിന് ഭാര്യയെയോ ശരിയാംവിധം എപ്പോഴും മനസ്സിലാകണമെന്നില്ല എന്നതാണ് വസ്തുത.

ഇണയുടെ അഭിലാഷങ്ങളറിയാൻ

ജീവിതപങ്കാളിയുടെ ആഗ്രഹാഭിലാഷങ്ങളറിയാൻ ഇന്ന് വിവാഹത്തിനു മുമ്പുതന്നെ അവസരങ്ങൾ ലഭിക്കുന്നു. പ്രേമിച്ച് വിവാഹം കഴിക്കുന്നവർക്ക്, ഏറ്റവും ചുരുങ്ങിയത് ജീവിതപങ്കാളിയുടെ വിവാഹത്തിനു മുമ്പുള്ള പ്രതീക്ഷകളെന്തായിരുന്നുവെന്നെങ്കിലും മനസ്സിലാക്കാൻ വഴിയാവുന്നുണ്ട്. വിവാഹനിശ്ചയം കഴിഞ്ഞ് കല്യാണനാളിന് കാത്തിരിക്കുന്നവർക്കും പരസ്പരമറിയാനുള്ള അവസരം ലഭിക്കുന്നു. മൊബൈൽ ഫോൺ, സ്‌കൈപ്പ്, ഫേസ്ടൈം, ഇ-മെയിൽ, വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ വിവാഹിതരാകാൻപോകുന്നവർക്കിടയിലെ ആശയവിനിമയം നടത്തുന്നതിന് വിലക്കുകളില്ല, അവസരങ്ങളുമുണ്ട്. ഇത്തരം മാദ്ധ്യമങ്ങൾ പൊതുവേ സകലരും ഉപയോഗപ്പെടുത്തുന്നു. കത്തുകളിലൂടെ പരസ്പരം അഭിലാഷങ്ങൾ അറിയിക്കാൻ ശ്രമിക്കാവുന്നതാണ്. നവ സാങ്കേതിക മാധ്യമങ്ങൾ ഇക്കാര്യത്തിന് പ്രയോജനപ്പെടുത്തുകയും ചെയ്യാം. രണ്ടിടങ്ങളിലായി കഴിയുന്ന ഭാര്യമാർക്കും ഭർത്താക്കന്മാർക്കും ആഗ്രഹാഭിലാഷങ്ങളറിയിക്കാൻ ഇത്തരം മാർഗ്ഗങ്ങൾ പ്രയോജനപ്പെടുന്നു.

വിവാഹാനന്തരം ദമ്പതിമാർ പരസ്പരം ആശയവിനിമയം നടത്താൻ സമയവും സന്ദർഭങ്ങളും കണ്ടെത്തേണ്ടതുണ്ട്. അതിനനുസൃതമായ സ്വകാര്യതയുമുണ്ടാവണം. വിവാഹം കഴിഞ്ഞ നാളുകളിൽ ഇത്തരം ഹൃദയഭാഷണങ്ങൾക്ക് കിടപ്പറയല്ലാത്ത സ്ഥലവും, രാത്രിയല്ലാത്ത നേരവും കണ്ടെത്താൻ ശ്രമിക്കേണ്ടതാണ്. ഫലപ്രദമായ, പരസ്പരബഹുമാനത്തോടെയുള്ള ആശയവിനിമയത്തിനാണ് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചറിയാനാവുക.

സ്നേഹസൗഹൃദത്തോടെയുള്ള ഭാഷണം അതിനു വഴിവെക്കുന്നു. ഏകാധിപത്യഭാവത്തോടെയുള്ള ആശയവിനിമയം (one-way communication) ദമ്പതിമാർക്കിടയിൽ പ്രതീക്ഷകളോ കടമകളോ വെളിപ്പെടുത്താൻ വഴിയേകുന്നില്ല, ആരോഗ്യകരമായ ബന്ധം കെട്ടിപ്പടുക്കപ്പെടുന്നുമില്ല.

പ്രതീക്ഷകൾ സഫലീകരിക്കുമ്പോൾ

1. ഭാര്യയുടെ/ഭർത്താവിന്റെ പ്രതീക്ഷകൾ നിറവേറ്റിക്കൊടുക്കുന്നത് വിളിച്ചുപറയുന്നത് ബന്ധത്തെ ബാധിക്കാനിടയാവുന്നു. നിറവേറ്റുന്ന കടമകൾ എപ്പോഴും മറ്റുള്ളവരെ അറിയിക്കുന്നതും താൻമാത്രമാണിതൊക്കെ ചെയ്യുന്നതെന്ന് അവകാശപ്പെടുകയും ചെയ്യുന്നത് ഭാര്യാഭർത്തൃബന്ധത്തെ മലിനപ്പെടുത്താനിടയുണ്ട്.

2. ഭാര്യയുടെ/ഭർത്താവിന്റെ പ്രതീക്ഷകൾ നിറവേറ്റുന്നത് വലിയൊരു ഭാരമായി പറയുന്നത് വിപരീതഫലമുണ്ടാക്കുന്നു. ജീവിതപങ്കാളിയുടെ ആഗ്രഹസഫലീകരണം ആർക്കോവേണ്ടി ചെയ്യുന്ന ഒരു കർമ്മമായി കണക്കാക്കുന്നതും ദാമ്പത്യത്തിൽ കല്ലുകടിയുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. നിറവേറ്റുന്ന കാര്യം ഒരാളിന്റെ ഉത്തരവാദിത്വവും ആഹ്ലാദവുമായി മാറുമ്പോഴാണ് ബന്ധം സഫലമാകുന്നത്.

4. ജീവിതപങ്കാളി നിറവേറ്റാത്ത തന്റെ പ്രതീക്ഷകളെക്കുറിച്ച് മറ്റുള്ളവരോട്, പ്രത്യേകിച്ച് ജീവിതപങ്കാളിയുടെ കുടുംബാംഗങ്ങളോടോ കൂട്ടുകാരോടോ പറയുന്നത് ബന്ധത്തെ ബാധിക്കുന്നു. പരസ്പരവിശ്വാസത്തെ അതു തകർക്കുന്നു. നിറവേറ്റപ്പെടാത്ത അഭിലാഷങ്ങൾ ഭർത്താവിനെ/ ഭാര്യയെ കുറ്റപ്പെടുത്തിക്കൊണ്ട് നേരിട്ടോ മറ്റുള്ളവരുടെ മുമ്പിൽവെച്ചോ അവതരിപ്പിക്കുന്നതും ഭാര്യാഭർത്തൃബന്ധത്തെ ആരോഗ്യകരമായ അവസ്ഥയിൽ എത്തിക്കുന്നില്ല. മറിച്ച്, നിറവേറ്റപ്പെടാത്തതിലുള്ള വിഷമങ്ങളോ സങ്കടമോ മറ്റൊരാളിന്റെ സാന്നിദ്ധ്യത്തിലല്ലാതെ പറയുന്നതാണ് ഉചിതം.

4. ജീവിതപങ്കാളിയുടെ ആഗ്രഹാഭിലാഷങ്ങൾ നിറവേറ്റുന്നതിലുള്ള സന്തോഷം ഭാര്യയോട്/ ഭർത്താവിനോട് അറിയിക്കാവുന്നതാണ്. പ്രത്യേകിച്ചും ഒരാളിന്റെ പ്രതീക്ഷയുടെ സഫലീകരണം നിർവ്വഹിക്കുന്നത് അറിയാതെപോകുന്നുവെങ്കിൽ, അതു വെളിപ്പെടുത്താവുന്നതാണ്.

5. ജീവിതപങ്കാളി ഭാര്യയുടെ/ഭർത്താവിന്റെ പ്രതീക്ഷകൾ നിറവേറ്റുന്നുവെങ്കിൽ അത് നിർവ്വഹിക്കുന്നയാളിനോട് നന്ദിയും സന്തോഷവും അറിയിക്കാവുന്നതാണ്. രുചികരമായ ഭക്ഷണത്തിനും, അപ്രതീക്ഷിതമായ സമ്മാനങ്ങൾക്കും, അതുപോലെ ആഹ്ലാദിപ്പിക്കുന്ന ഏതു കാര്യങ്ങൾക്കും ഇണയോട് അതാതു സന്ദർഭങ്ങളിൽത്തന്നെ നന്ദി രേഖപ്പെടുത്തേണ്ടതുണ്ട്. ബന്ധം ആഹ്ലാദകരമായ ഒരനുഭവമായി മാറാനും സുദൃഢമാക്കാനും ഇത് കാരണമാക്കുന്നു.

പ്രതീക്ഷകളുടെ സഫലീകരണത്തിന് ഇണയെ അറിയുക എന്നതുതന്നെയാണ് പ്രധാനം. മുൻവിധികൾ മാറ്റിവെച്ച് ജീവിതപങ്കാളിയെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ പ്രതീക്ഷകൾ മനസ്സിലാക്കാനാവുന്നു. അത് ഉത്തരവാദിത്വബോധത്തോടെ നിർവ്വഹിക്കുമ്പോൾ വൈവാഹികജീവിതത്തിന്റെ ധന്യത ഇരുവരും അനുഭവിക്കുന്നു. അങ്ങനെവരുമ്പോൾത്തന്നെയാണ് ഇനിയൊരു ജീവിതമുണ്ടെങ്കിൽ അത് മറ്റൊരാളോടൊപ്പമാവരുതെന്ന് ആഗ്രഹിക്കുന്നതും.

Content Highlights: Expectations are the foundation of any marital bond., Mutual fulfillment of expectations transforms them into shared responsibilities., Effective two-way communication is essential to understand evolving needs., Realism and empathy are key to resolving marital conflicts., Acknowledging and expressing gratitude for efforts strengthens the partnership.