ദേഷ്യപ്പെടുന്ന ഉമ്മന്‍ ചാണ്ടിയെ നമ്മളാരെങ്കിലും കണ്ടിട്ടുണ്ടോ?| മമ്മൂട്ടി എഴുതുന്നു

ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി'യില്‍ നടന്‍ മമ്മൂട്ടി എഴുതിയ അവതാരിക വായിക്കാം...
'അപൂര്‍വത' എന്ന വാക്ക് ചുളിഞ്ഞ ഖദര്‍ഷര്‍ട്ടുമിട്ട് ചീകിയൊതുക്കാത്ത മുടിയുമായി വേഗത്തില്‍ നടന്നാല്‍ ഉമ്മന്‍ ചാണ്ടിയായി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജനുസ്സായിരുന്നു അദ്ദേഹം. പേരില്‍ തുടങ്ങുന്നു ഉമ്മന്‍ ചാണ്ടിയിലെ അപൂര്‍വത. വേഷത്തിലും ശരീരഭാഷയിലും ജീവിതചര്യയിലും ഉമ്മന്‍ ചാണ്ടിയെപ്പോലെ ഉമ്മന്‍ ചാണ്ടി മാത്രമേയുള്ളൂ. ദേഷ്യപ്പെടുന്ന ഉമ്മന്‍ ചാണ്ടിയെ നമ്മളാരെങ്കിലും കണ്ടിട്ടുണ്ടോ? പ്രാഞ്ചിയേട്ടന്‍ ആന്റ് ദ് സെയ്ന്റ് എന്ന സിനിമയില്‍ എന്റെ കഥാപാത്രമായ പ്രാഞ്ചി അതിശയപ്പെടുന്നുണ്ട്: 'ഉമ്മന്‍ ചാണ്ടീന്ന് പറഞ്ഞിട്ട് ഒറ്റിയാളേള്ളൂ...'
അന്ന് ആ സംഭാഷണം പറയുമ്പോഴും അതിനുശേഷവും എന്റെ ചിന്തകളുടെ വിദൂരപ്രദേശത്തുപോലുമില്ലായിരുന്നു, ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ഒരു പുസ്തകത്തില്‍ എഴുതേണ്ടിവരുമെന്ന തോന്നല്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആത്മകഥയെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തേണ്ട ദൗത്യം എന്നിലേക്കെത്തിയിരിക്കുന്നു. അതിനു കാരണമെന്തെന്ന് അറിയില്ല. ഉമ്മന്‍ ചാണ്ടിക്ക് രാഷ്ട്രീയത്തില്‍നിന്ന് എത്രയോ അതികായരെ കിട്ടുമായിരുന്നു. എന്നിട്ടും കലാകാരന്‍ മാത്രമായ എന്നെ അതിനു നിയോഗിച്ചത് അദ്ദേഹത്തിന്റെ മനസ്സിലെവിടെയോ ഞാന്‍ കൂട്ടുകാരനോ സഹോദരനോ ഒക്കെ ആയിരുന്നതുകൊണ്ടാകാം. സ്വാഭാവികമായും കേരളരാഷ്ട്രീയത്തിന്റെ സാക്ഷിതന്നെയായ ആത്മകഥയുടെ പരിചയപ്പെടുത്തലില്‍ രാഷ്ട്രീയം വേണ്ടെന്നും ഹൃദയബന്ധം മതിയെന്നും അദ്ദേഹം കരുതിക്കാണണം.
ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള എന്റെ ഓര്‍മകളുടെ തുടക്കം കോളേജുകാലത്താണ്. മഹാരാജാസിലേക്ക് ഞാനെത്തുമ്പോള്‍ അധികം അകലെയല്ലാതെയുള്ള തേവര കോളേജിലെ വിഖ്യാതമായ ബസ് സമരവും മുരളി എന്ന വിദ്യാര്‍ഥിയുടെ മരണവുമൊക്കെച്ചേര്‍ന്നുള്ള കഥകള്‍ കാമ്പസില്‍നിന്ന് ഒഴിഞ്ഞുപോയിട്ടുണ്ടായിരുന്നില്ല. ഉമ്മന്‍ ചാണ്ടി അപ്പോഴേക്കും കെ.എസ്.യു. നേതാവില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക് വളര്‍ന്നു. ഞാന്‍ മഹാരാജാസില്‍ ചേര്‍ന്ന വര്‍ഷമാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി പുതുപ്പള്ളിയില്‍നിന്ന് എം.എല്‍.എ. ആയത്.
കൊച്ചിയിലെ മാസ് ഹോട്ടലാണ് അന്ന് കോണ്‍ഗ്രസ്സിലെ യുവനേതാക്കന്മാരുടെ താവളം. എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും വയലാര്‍ രവിയുമൊക്കെ അവിടെയാണ് തമ്പടിച്ചിരുന്നത്. മാസ് ഹോട്ടലിലെ സന്ദര്‍ശകരായിരുന്ന മഹാരാജാസിലെ ചില സഹപാഠികളില്‍നിന്ന് കോണ്‍ഗ്രസ്സിലെ തീക്ഷ്ണമായ യുവനേതൃമുഖങ്ങളെക്കുറിച്ചുള്ള ആരാധനകലര്‍ന്ന വാക്കുകള്‍ എന്റെ കാതിലും നിറഞ്ഞിരുന്നു.
കേരളത്തില്‍ ജനായത്തഭരണത്തിന് തുടക്കംകുറിച്ച ആദ്യ ഇ.എം.എസ്. മന്ത്രിസഭയും അതിനുശേഷമുണ്ടായ വിമോചനസമരവുമാണ് 'രാഷ്ട്രീയം' എന്ന വാക്കിന് ഇവിടെ ഏറ്റവും കൂടുതല്‍ വേരോട്ടമുണ്ടാക്കിയത്. ആയിരത്തിത്തൊള്ളായിരത്തിയറുപതുകളിലും എഴുപതുകളിലുമായി കടല്‍പോലെ പ്രക്ഷുബ്ധമാകുകയും തിരയടങ്ങുകയും കലങ്ങിമറിയുകയും കപ്പല്‍ച്ചേതങ്ങള്‍ സൃഷ്ടിക്കുകയും വിശാലമാകുകയും വന്‍വീഴ്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത രാഷ്ട്രീയകാലാവസ്ഥ പുതിയൊരു തലമുറയുടെ കടന്നുവരവിന് തീരമൊരുക്കുകകൂടി ചെയ്തു. അങ്ങനെ ഉദിച്ചുയര്‍ന്നവരിലൊരാളായിരുന്നു ഉമ്മന്‍ ചാണ്ടി. ഏറ്റവും അനുയോജ്യമായ വിക്ഷേപണത്തറ ലഭ്യമാകുകയും അതിനെ വേണ്ടവിധം ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നതിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയഭ്രമണപഥം നിര്‍ണയിക്കപ്പെട്ടത് എന്നു ഞാന്‍ വിശ്വസിക്കുന്നു.
ആദ്യകാലംതൊട്ടേ എ.കെ. ആന്റണിയെന്ന സഹോദരസ്ഥാനീയന് പിന്നിലൊതുങ്ങിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍. ആ നിഴല്‍പദവിയില്‍ തൃപ്തനായി നിന്നുകൊണ്ട് പാര്‍ട്ടിക്കുള്ളിലെയും പുറത്തെയും മഹായുദ്ധങ്ങളെ അദ്ദേഹം നിയന്ത്രിച്ചു. 2004-ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിപദം രാജിവെക്കുന്നതുവരെ അങ്ങനെത്തന്നെയായിരുന്നു രീതി. ആന്റണിയുടെ പിന്‍ഗാമിയായി ഉമ്മന്‍ ചാണ്ടി ആദ്യമായി മുഖ്യമന്ത്രിക്കസേരയിലേക്കും മുന്‍നിരയിലേക്കും കടന്നുവന്നപ്പോള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു ഫീച്ചറിന്റെ തലക്കെട്ട് ഇന്നും ഓര്‍മയുണ്ട്: 'രണ്ടാമൂഴങ്ങളില്‍ തൃപ്തനായ ഭീമന്‍.'
രാഷ്ട്രീയത്തെ എന്നും കൗതുകത്തോടെ നിരീക്ഷിക്കുന്നയാളെന്ന നിലയില്‍ മുഖ്യമന്ത്രിയായപ്പോള്‍ തൊട്ട് ഉമ്മന്‍ ചാണ്ടിയെ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങി. അദ്ദേഹത്തിനുണ്ടായ ജനപ്രിയതയുടെ ആരംഭവും ആ നാളുകളിലായിരുന്നു. അക്ഷരാര്‍ഥത്തില്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിനടന്ന ഉമ്മന്‍ ചാണ്ടി കേരളം അന്നേവരെ കണ്ടിട്ടില്ലാത്ത അധികാരമാതൃകയ്ക്കാണ് തുടക്കമിട്ടത്. അദ്ദേഹത്തിന് ചുറ്റും ആള്‍ക്കൂട്ടങ്ങള്‍ അനുദിനം പെരുകിവരുന്ന കാഴ്ച ഞാനും അദ്ഭുതത്തോടെ കണ്ടുനിന്നു.
ഉമ്മന്‍ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്കിയിട്ടില്ല. നല്കുകയായിരുന്നുവെങ്കില്‍ അത് മനുഷ്യസ്നേഹത്തിലാകണമായിരുന്നു. കാരണം, ചുറ്റുമുള്ള ഓരോ മനുഷ്യനെയും എങ്ങനെ സഹായിക്കാം എന്ന വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ഗവേഷണം നടത്തിയ ആളാണ് അദ്ദേഹം; അതിനു വേണ്ടിയാണ് ജീവിതം സമര്‍പ്പിച്ചതും. അധികാരം എന്ന വാക്കിലുള്ള ഗര്‍വിനെയും പിടിച്ചടക്കല്‍സ്വഭാവത്തെയും ഇല്ലാതാക്കി അതിനെ മനുഷ്യരുടെ വേദനകള്‍ പരിഹരിക്കുന്നതിനുള്ള ഉപകരണമാക്കിയെടുത്തതിന്റെ പ്രതിഫലനമാണ് ഉമ്മന്‍ ചാണ്ടിക്കു ചുറ്റുമുണ്ടായ മനുഷ്യരുടെ മഹാസമ്മേളനങ്ങള്‍.
അടുത്തു പരിചയമുണ്ടായിരുന്നെങ്കിലും അദ്ദേഹവുമായി എന്റെ ദീര്‍ഘസൗഹൃദം രൂപപ്പെടുന്നത് മുഖ്യമന്ത്രിയായതിനുശേഷമാണ്. സ്വന്തമായി മൊബൈല്‍ഫോണില്ലാത്ത മുഖ്യമന്ത്രി ആദ്യം പറഞ്ഞ അപൂര്‍വതകളുടെ പട്ടികയിലൊന്നുമാത്രം. എന്നിട്ടും ഏതുപാതിരാവിലും അദ്ദേഹത്തെ ആരുടെയെങ്കിലുമൊക്കെ ഫോണിലൂടെ ലഭ്യമായിരുന്നു. എനിക്കു മാത്രമല്ല, ലോകത്തിന്റെ ഏതുകോണിലുള്ള മലയാളികള്‍ക്കും വിളിപ്പുറത്തായിരുന്നു എന്നും ഉമ്മന്‍ ചാണ്ടി. വേനല്‍ക്കാലത്ത് കേരളം കുടിനീരിനായി ദാഹിക്കുന്നതു കണ്ടപ്പോള്‍, താളംതെറ്റി മിടിച്ചിരുന്ന കുരുന്നുഹൃദയങ്ങളുടെ സ്പന്ദനം വീണ്ടെടുക്കുന്നതിന് സഹായം വേണ്ടിവന്നപ്പോള്‍, വെളിച്ചത്തിലേക്കുള്ള വഴിയില്‍ കാഴ്ചപരിമിതരുടെ കൈപിടിക്കേണ്ടിവന്നപ്പോള്‍... അങ്ങനെ ഒരുപാട് സന്ദര്‍ഭങ്ങളില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ എന്ന ജീവകാരുണ്യപ്രസ്ഥാനവുമായി ഞാന്‍ ചെന്നത് ഉമ്മന്‍ചാണ്ടിയുടെ അടുക്കലേക്കാണ്. സഹായിക്കാന്‍ അദ്ദേഹത്തിന് മുഖ്യമന്ത്രിയെന്ന മേല്‍വിലാസം ആവശ്യമുണ്ടായിരുന്നില്ല. ഒരു ഒപ്പില്‍, ഒരു ഫോണ്‍വിളിയില്‍ അദ്ദേഹം അനേകരുടെ കണ്ണീരൊപ്പുന്നത് ഞാന്‍ നോക്കിനിന്നു, പലവട്ടം.
അങ്ങനെയുള്ള ഒരാളുടെ ആത്മകഥ സ്വാഭാവികമായും അനുഭവങ്ങളുടെയും ജനങ്ങളുമായുള്ള ആത്മബന്ധത്തിന്റെയും അക്ഷരസമാഹാരമായിരിക്കും. ഈ പുസ്തകം അതിനുമപ്പുറം പ്രസക്തമാകുന്നത് അതില്‍ ഉള്ളടങ്ങുന്ന 'കാലം' എന്ന വാക്കിന്റെ വിസ്തൃതിയിലാണ്. കേരളരാഷ്ട്രീയത്തിലെ ഒരു യുഗത്തെ ഉമ്മന്‍ചാണ്ടി തന്റെ ജീവിതത്തോട് ബന്ധപ്പെടുത്തി വിവരിക്കുമ്പോള്‍ പല കാലങ്ങള്‍ തിരശ്ശീലയിലെന്നോണം നമ്മുടെ കണ്‍മുന്നില്‍ തെളിഞ്ഞുവരും. അങ്ങനെ ഇത് കേരളരാഷ്ട്രീയചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ നാളുകളുടെ ദൃക്സാക്ഷിവിവരണംകൂടിയായി മാറുന്നു.
ഉമ്മന്‍ ചാണ്ടിക്കൊപ്പം കാലവും അവിടെ സാക്ഷിയാണ്. വായിച്ചുതീരുമ്പോള്‍ കാലം കടപ്പാടെന്നോണം അദ്ദേഹത്തെ പ്രത്യഭിവാദ്യം ചെയ്യുന്നതും നമുക്കുകാണാം. രാഷ്ട്രീയനേതാക്കന്മാരുടെ ആത്മകഥ പലപ്പോഴും ആരോപണങ്ങളുടെയും കുറ്റപ്പെടുത്തലുകളുടെയും മുള്ളുകള്‍ ചെറുതായെങ്കിലും ഒളിപ്പിച്ചുവെച്ചവയായിരിക്കും. പക്ഷേ, ഉമ്മന്‍ ചാണ്ടി ജീവിതത്തിലെപ്പോലെ ആരെയും ഇതില്‍ കുറ്റപ്പെടുത്തുന്നില്ല. ആര്‍ക്കെതിരേയും ആരോപണമുന്നയിക്കുന്നില്ല. തന്നെ ദ്രോഹിച്ചവരെപ്പോലും അദ്ദേഹം ചിരിയോടെ നോക്കുന്ന കാഴ്ചയാണിതില്‍. 'സ്നേഹം' എന്ന വാക്കിന്റെ പൊരുളറിഞ്ഞ ഒരാള്‍ക്കു മാത്രമേ ജീവിതത്തെ ഇത്രയും ലഘുവായി ആവിഷ്‌കരിക്കാനാകൂ. നിര്‍മലമായ നിലപാടുകളാണ് ഈ ആത്മകഥയുടെ ഏറ്റവും വലിയ പ്രത്യേകതയും.
ഉമ്മന്‍ ചാണ്ടിക്കൊപ്പം രചനയില്‍ പങ്കാളിയായ സണ്ണിക്കുട്ടി ഏബ്രഹാമിന്റെ മാധ്യമമേഖലയിലെ പരിചയസമ്പത്ത് ഇതിന്റെ ഉള്‍ക്കനം കൂട്ടുന്നു. രണ്ടുപേര്‍ക്കുമിടയിലുള്ള അടുത്തബന്ധം പുസ്തകരചനയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി പറയുന്നതിനെ അതേ ഭാവത്തോടെ പകര്‍ത്തിയെടുക്കാന്‍ സണ്ണിക്കുട്ടിയിലെ ആത്മസുഹൃത്തിന് സാധിച്ചു.
പുസ്തകത്തെക്കുറിച്ച് ഒരുപാട് പരത്തിപ്പറയാത്തത് അത് വായിച്ചറിയേണ്ട അനുഭവമായതിനാലാണ്. എന്റെ വാക്കുകള്‍ അതിലേക്കുള്ള പ്രവേശിക മാത്രമേയാകുന്നുള്ളൂ. ഈ പുസ്തകം വായിച്ചുകഴിയുമ്പോള്‍ നിങ്ങള്‍ ഒരു മനുഷ്യനെയും ഒരു കാലത്തെയും ഒരുമിച്ച് മനസ്സിലാക്കും എന്നുമാത്രം പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു. ഉമ്മന്‍ ചാണ്ടിയെന്ന 'ഒറ്റിയാളി'നെയും അദ്ദേഹം സ്വയം പറയുന്ന ജീവിതകഥയെയും നിങ്ങള്‍ക്കു മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിക്കുന്നു. പ്രിയപ്പെട്ട വായനക്കാരേ, നിങ്ങള്‍ ഇനി കാലത്തിനൊപ്പം ഇതിലെ അക്ഷരങ്ങള്‍ക്ക് സാക്ഷിയാകുക...
Content Highlights: Kaalam sakshi book excerpt, Oommen Chandy, Mammootty, Sunnykutty Abraham, Mathrubhumi books