'കൈയില്‍നിന്നും ക്യാമറ ഊര്‍ന്നുവീണു; കുന്തക്കാലില്‍ മുഖമമര്‍ത്തിയിരുന്ന് അദ്ദേഹം പൊട്ടിക്കരഞ്ഞു'

#ഷൗക്കത്ത്
ഫോട്ടോ- വിപിന്‍ ആന്റണി
ഫോട്ടോ- വിപിന്‍ ആന്റണി

ഒരു ഏപ്രില്‍ മാസത്തിലാണ് ആദ്യമായി തുംഗനാഥിലെത്തിയത്. റോഡോഡെണ്‍ഡ്രോണ്‍ പൂക്കള്‍ ചുവപ്പും പിങ്കും വര്‍ണങ്ങളില്‍ മരം നിറയെ പൂത്തുവിടര്‍ന്നു പുഞ്ചിരിച്ചു നില്ക്കുന്നു. പൂക്കള്‍ വീണുനിറഞ്ഞ മാര്‍ദവമാര്‍ന്ന വഴിത്താരകള്‍. മഞ്ഞിനടിയില്‍ പാതി പുതഞ്ഞുകിടക്കുന്ന പുരാതനമായ തുംഗനാഥക്ഷേത്രം. മുട്ടോളം താഴ്ന്നുപോകുന്ന പൊരിമഞ്ഞിലൂടെ ആഹ്ലാദത്തോടെ നടന്ന നിമിഷങ്ങള്‍.

മഞ്ഞുമലയും പുല്‍മേടുകളും പൂവനങ്ങളും നിറഞ്ഞ ഹൃദയവാടി. ഹിമാലയ യാത്രകളില്‍ ഇത്രയും വശീകരിച്ച മറ്റൊരിടമില്ല. പാതി മല കരിങ്കല്ലിട്ട വഴിയിലൂടെ കയറിയെത്തി. ഇനിയങ്ങോട്ട് മഞ്ഞു വീണ് മുട്ടോളം നിറഞ്ഞ വഴി. പാല്‍വെള്ള വിശുദ്ധി. വടി കുത്തി ആഴം നോക്കണം. പിന്നെയേ കാല്‍ വെക്കാവൂ. ഹിമം മൂടിയ ക്ഷേത്രത്തിന്റെ മുകള്‍ത്തട്ടുമാത്രം കാണാം. അതുകൊള്ളാം. ഹിമത്തോളം മഹത്തായ ക്ഷേത്രം വേറെ ഏതുണ്ട്. താഴേനിന്നുതന്നെ കണ്ടു, വെയില്‍ വീണു മിന്നുന്ന ഹിമക്ഷേത്രം! അപൂര്‍വമായേ സൂര്യന്‍ വെളിപ്പെടാറുള്ളൂ ഈ മാസങ്ങളില്‍.

ഷൗക്കത്തും സഹയാത്രിക ഗീത ഗായത്രിയും

ആകാശത്തു മിന്നിമറിയുന്ന നക്ഷത്രങ്ങളോടു കിന്നാരം പറഞ്ഞ് കൊടുംതണുപ്പ് വകവെക്കാതെ അലഞ്ഞുതിരിഞ്ഞ രാത്രികള്‍. വാല്‍നക്ഷത്രങ്ങള്‍ കൊഴിയുന്നത് കണ്‍പാര്‍ത്ത് തുംഗനാഥിനടുത്തുള്ള ദേവ്‌രിയാത്താളിന്റെ തടത്തില്‍ മലര്‍ന്നുകിടന്ന മനോഹര രാത്രി. ആ സുന്ദരമായ വിജനതയില്‍ താമസിക്കാന്‍ അന്ന് ഞാനും എന്റെ സുഹൃത്തും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തടാകക്കരയ്ക്കു ചുറ്റും നിറഞ്ഞു പടര്‍ന്നുകിടക്കുന്ന മഞ്ഞില്‍ ചന്ദ്രിക പടരുമ്പോള്‍ കുളിര്‍നിലാവിന്റെ സൗന്ദര്യം അതിന്റെ പാരമ്യതയിലെത്തിയ അനുഭൂതിയാണ്. ടെന്റിനു വെളിയില്‍ ആകാശം നോക്കിക്കിടക്കേ കുറുക്കനെപ്പോലൊരു ജീവി അടുത്തുവന്ന് ഞങ്ങളെ കണ്ണുമിഴിച്ച് നോക്കിനിന്നത് കൗതുകത്തോടെ ഓര്‍ത്തുപോകുന്നു. മതി, ഇത്രയും മതി ദൈവമേ എന്ന് അറിയാതെ മൊഴിഞ്ഞ രാത്രിയായിരുന്നു അത്.

ഹിമാലയപ്രദേശങ്ങളില്‍, എന്തുകൊണ്ടോ ഏറെ വശീകരിച്ച ഇടമായതിനാലാവാം സുഹൃത്തുക്കളോടൊത്ത് പിന്നീട് പല പ്രാവശ്യം അവിടെ പോവുകയുണ്ടായി. ചന്ദ്രശിലയുടെ ഉച്ചിയിലിരുന്ന് ഒരു ഭാഗത്ത് പരന്നുകിടക്കുന്ന ഹിമാവൃതമായ മലനിരകളെയും മറുഭാഗത്ത് തിങ്ങിനിറഞ്ഞു വിലസുന്ന വനപ്രദേശങ്ങളും പുല്‍മേടുകളും നിറഞ്ഞ ഹരിതാഭയെയും നിശ്ചലനായി നോക്കിയിരിക്കുമ്പോള്‍ സ്വഭവനത്തിലെത്തിച്ചേര്‍ന്ന പ്രതീതിയാണ്. അമ്മയുടെ ഗര്‍ഭാശയത്തില്‍ ശാന്തമായി ശയിക്കുന്ന ശിശുവിന്റെ അവസ്ഥയാണ് അപ്പോഴൊക്കെ അനുഭവിക്കാന്‍ കഴിഞ്ഞത്.

പിന്നീടൊരിക്കല്‍ എന്നോടൊപ്പം അങ്ങോട്ടു യാത്ര ചെയ്ത സ്‌നേഹിതന്‍ ഹൃഷീകേശ് മുതല്‍ തുംഗനാഥ് വരെയുള്ള സ്ഥലങ്ങള്‍ ഒരിഞ്ചുപോലും ഒഴിവാക്കാതെ വീഡിയോ ക്യാമറയില്‍ പകര്‍ത്തുകയുണ്ടായി. എന്നാല്‍, ചന്ദ്രശിലയുടെ ഉച്ചിയിലെത്തിയപ്പോള്‍ വിസ്മയാവഹമായ രീതിയില്‍ തന്റെ ആത്മാവിനെ വലയംചെയ്തുനില്ക്കുന്ന സൗന്ദര്യത്തിനു മുന്‍പില്‍ നിശ്ചലനായിപ്പോയി. കൈയില്‍നിന്നും വീഡിയോ ക്യാമറ ഊര്‍ന്നുവീണു. കുന്തക്കാലില്‍ മുഖമമര്‍ത്തിയിരുന്ന് അദ്ദേഹം പൊട്ടിക്കരഞ്ഞു. പിന്നീട് അത്യഗാധമായ ഏതോ മൗനത്തിലേക്ക് അഴിഞ്ഞുവീണു. നീണ്ടുനിവര്‍ന്ന് അനന്തതയിലേക്ക് കണ്ണുംനട്ട് നിശ്ചലതയിലിരിക്കുന്ന ആ സുഹൃത്തിന്റെ ധ്യാനാത്മകമായ രൂപം എന്റെ മുന്‍പില്‍ സജീവമാണ്. തിരിച്ചിറങ്ങവേ എവിടെയോ വെച്ച് വാക്കിന്റെ ലോകത്തേക്കു പ്രവേശിക്കാനായപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നമ്മുടെ ഫ്രെയിമുകള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത കാഴ്ചകള്‍ക്കു മുന്‍പില്‍ നാം തകര്‍ന്നുപോകും, അല്ലേ? ഇതെല്ലാം വീഡിയോയില്‍ പകര്‍ത്താനും ഓര്‍മയില്‍ സൂക്ഷിക്കാനും ശ്രമിച്ച ഞാന്‍ എത്ര വിവേകശൂന്യനാണ്. സ്വയം ഇല്ലാതായിത്തീരുകയെന്ന മഹത്തായ അനുഗ്രഹമാണ് ഹിമാലയത്തില്‍നിന്നും അനുഭവിക്കേണ്ടതെന്ന് മനസ്സിലാകുന്നു.

ഹൃഷീകേശില്‍നിന്നും വണ്ടി കയറുമ്പോള്‍ മനസ്സുനിറയെ കാഴ്ചകളായിരുന്നു. ഒരു ദൃശ്യംപോലും വിടാതെ മനസ്സിലും വീഡിയോയിലും പകര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു. തെരുവോരങ്ങളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കള്‍മുതല്‍ അങ്ങിങ്ങായി വിരിഞ്ഞുനില്ക്കുന്ന കുഞ്ഞുപൂക്കള്‍വരെ അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. മുകളിലേക്കു പോകുന്തോറും പുറംകാഴ്ചകളുടെ വൈവിധ്യവും വൈചിത്ര്യവും കുറഞ്ഞുവന്നു. കെട്ടിടങ്ങളും മനുഷ്യരും ബഹളവും നിറഞ്ഞ ഗ്രാമങ്ങള്‍ പിന്നിട്ട് വിജനമായ ഇടങ്ങളിലേക്ക് പ്രവേശിച്ചതോടെ പുറംകാഴ്ചകളില്‍നിന്നും അകക്കാഴ്ചകളിലേക്ക് പ്രകൃതിതന്നെ നമ്മെ ഉള്‍വലിക്കുകയായി. വിശാലതയുടെ മഹാപ്രപഞ്ചത്തിലേക്ക് കണ്ണുകള്‍ പറന്നുപോയി സ്വയം ഇല്ലാതാവുമ്പോള്‍ ജീവിതത്തിന്റെ നിസ്സാരതയും മഹത്ത്വവും നമ്മോടു മൗനമായി സംസാരിച്ചുതുടങ്ങും. അതോടെ ഇന്ദ്രിയക്കാഴ്ചകള്‍ അപ്രത്യക്ഷമാവുകയും ചിന്തകളുടെയും വാക്കുകളുടെയും ലോകങ്ങള്‍ ഏതോ മൗനത്തില്‍ പോയി അടങ്ങുകയും ചെയ്യുന്നു. തിരശ്ശീലയില്‍ വന്നുംപോയുമിരിക്കുന്ന ചിത്രങ്ങള്‍പോലെയാണ് പിന്നെ പുറംകാഴ്ചകള്‍.

പുസ്തകം വാങ്ങാം

എന്തൊക്കെയോ വിരിഞ്ഞുവരുന്നു. പ്രാണന്‍ അല്പമൊന്നിളകാന്‍പോലും തയ്യാറല്ല. നിശ്ചലതയുടെ ആ ശാന്തധാര നമ്മെ മെല്ലെ മെല്ലെ സഹജനിലയിലേക്ക് നയിക്കുകയാണ്. ആ യാത്ര ആരംഭിക്കുന്നത് മനസ്സിന്റെ വാതിലുകള്‍ തുറന്നുവരുന്നതോടെയാണ്. മെല്ലെ മെല്ലെ ഹൃദയത്തിലേക്ക് പ്രാണന്‍ പ്രവേശിക്കുന്നു. അരുളും അന്‍പും അനുകമ്പയും കൊണ്ട് ശരീരം മുഴുവന്‍ ആര്‍ദ്രമാകുന്നു. അത് സ്‌നേഹമായി ചുറ്റുപാടിലേക്കും പ്രസരിക്കുന്നു. തന്റെ അവസാനത്തെ കരുതിവെപ്പും വിശ്വത്തിലേക്കൊഴുക്കിവിടാന്‍ ഹൃദയം വെമ്പുന്നു. ഔദാര്യംകൊണ്ട് ഹൃദയം വിടരുകയാണ്. സുഗന്ധവാഹിയായ പൂവിന്റെ വിടരല്‍പോലെ ഹൃദ്യമാണത്. കുളിര്‍നിലാവിന്റെ ആത്മസ്പര്‍ശമേറ്റ് ഹൃദയം വീണ്ടും വെളിച്ചത്തിലേക്ക് ഒഴുകുകയായി. ഇപ്പോള്‍ ഹൃദയവും അനുഭവിക്കാനാവുന്നില്ല. ആകപ്പാടെ ഒരു വെളിച്ചം. ബാഹ്യവെളിച്ചമല്ല, ആത്മവെളിച്ചം. പ്രണവമുണര്‍ന്നവന്റെ ആത്മഭാവമാണത്. ദൈവികത നിറഞ്ഞ കാരുണ്യാനുഭവം. ആ യാത്ര പിന്നെ നമ്മെ കൊണ്ടെത്തിക്കുക എവിടെനിന്നാണോ ഈ ജീവയാത്ര ആരംഭിച്ചത് ആ ഉറവിടത്തിലേക്കാണ്.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ദേശാന്തരയാത്രകള്‍ എന്ന പുസ്തകത്തില്‍ നിന്നും

ദേശാന്തരയാത്രകള്‍ ഓണ്‍ലൈനില്‍ വാങ്ങാം​

Content Highlights: Malayalam writer Sshoukath Tungnath travelogue

Content Highlights: