നൂറിലധികം പോക്കറ്റടിക്കാരുണ്ടായിരുന്ന ഒരു നാട്; പണം എത്ര ഭദ്രമാക്കിയാലും അടിച്ചുമാറ്റിയിരിക്കും!

AI generated Image
AI generated Image

ആരാലും രേഖപ്പടുത്താതെ പോയ അസംഖ്യം സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലൂടെ സഞ്ചരിച്ച ഫോട്ടോഗ്രാഫറാണ് കെ.ആര്‍ സുനില്‍. തുടരും എന്ന സിനിമയുടെ തിരക്കഥാകൃത്തുകൂടിയായ സുനിലിന്റെ സാധാരണജീവിതങ്ങള്‍ തേടിയുള്ള അനുഭവയാത്രയുടെ സമാഹാരമാണ് വെളിച്ചപ്പാടും പോക്കറ്റടിക്കാരും. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ പൊന്നാനിയിലെ പോക്കറ്റടിക്കാര്‍ എന്ന അധ്യായത്തില്‍ നിന്ന്...

2014-ലെ ഒരു റംസാന്‍ കാലത്താണ് ആദ്യമായി പൊന്നാനിയിലെത്തിയത്. അന്നവിടെവെച്ച് പരിചയപ്പെട്ട പലരും പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറി. ഏതൊരു തുറമുഖനാടും പോലെത്തന്നെ, തുറന്ന മനസ്സോടെ ഇടപഴകുന്ന മനുഷ്യര്‍. ചിലര്‍ യാത്രകളില്‍ കൂട്ടുവരികയും മറ്റു പലരെയും പരിചയപ്പെടുത്തുകയും ചെയ്തു. പൊന്നാനിയെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടിയ ഹുദൈഫ, പില്‍ക്കാലത്ത് സിനിമാ സംവിധായകനായി മാറിയ അഷ്റഫ് ഹംസ തുടങ്ങിയ പലരും അന്ന് പൊന്നാനിയെ പരിചയപ്പെടുത്താന്‍ ഒപ്പം ചേര്‍ന്നവരാണ്. ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുക എന്നതിനപ്പുറം കുറേ മനുഷ്യരെ അടുത്തറിയാന്‍ അന്നത്തെ അലച്ചിലുകള്‍ക്കായി. അവരില്‍ പലരും ജീവിതംകൊണ്ട് അദ്ഭുതപ്പെടുത്തിയവര്‍, അറിവു പകര്‍ന്നവര്‍...

മുപ്പതിലധികം വര്‍ഷങ്ങളായി സാധുക്കളായ രോഗികള്‍ക്ക് സൗജന്യമായി മാത്രം മരുന്നുകള്‍ വിതരണം ചെയ്യുന്ന അബൂബക്കറിക്ക, അര നൂറ്റാണ്ടിലേറെയായി വാച്ച് റിപ്പയറിങ് പണിയെടുക്കുന്ന ഹസ്സന്‍ക്ക, എഴുപതാം വയസ്സിലും ഇസ്തരിക്കട നടത്തുന്ന ആലിക്ക, കടല്‍പ്പാട്ടുകള്‍ പാടുന്ന അത്തറ് ഹംസക്ക, കടല്‍സഞ്ചാരകഥകളുടെ സൂക്ഷിപ്പുകാരനായ സ്രാങ്ക് കാദര്‍ക്ക, അങ്ങനെ കുറേപ്പേര്‍... കാലങ്ങള്‍ക്കിപ്പുറം അവരിലേറെപ്പേരും ഓര്‍മ്മയായി; അന്നു പകര്‍ത്തിയ ചിത്രങ്ങളും കഥകളും ബാക്കിയായി. വാനിഷിങ് ലൈഫ് വേള്‍ഡ്സ് എന്ന പേരില്‍ ആ ഫോട്ടോഗ്രഫി സീരീസ് കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചിരുന്നു. ആ സീരീസിലൂടെയും അതിനെക്കുറിച്ച് ബിനാലെ നിര്‍മ്മിച്ച ഡോക്യുമെന്ററിയിലൂടെയും പൊന്നാനിയിലെ ആ സാധാരണക്കാര്‍ കേരളത്തിലെ കലാസ്വാദകരായ പലര്‍ക്കും പരിചിതരായി.

വേറിട്ട ലോകം

പൊന്നാനിയില്‍ കേട്ട കഥകളില്‍ ഏറെ കൗതുകം തോന്നിയത് ആ നഗരത്തില്‍ മുമ്പുണ്ടായിരുന്ന പോക്കറ്റടിക്കാരെക്കുറിച്ചുള്ളതായിരുന്നു. ഒരുകാലത്ത് പോക്കറ്റടിയെ തൊഴിലായി കണക്കാക്കിയിരുന്നവരുടെ കഥകള്‍! കോഴിക്കോട്ടുകാരനായ അബ്ദുള്‍ റഹ്‌മാന്‍ ആയിരുന്നു അതിലൊരു മുഖ്യകഥാപാത്രം. പൊന്നാനിയിലെ ആദ്യകാല പോക്കറ്റടിക്കാരില്‍ പ്രധാനി. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന കരീം പിന്നീട് പൊന്നാനിയിലെ പോക്കറ്റടിക്കാരുടെ നേതാവായി മാറുകയും കാലങ്ങളോളം വലിയൊരു സംഘത്തെ നയിക്കുകയും ചെയ്തു.

മയ്യത്ത് അബു, അസീസ് തുടങ്ങിയ പതിനഞ്ചോളം പോക്കറ്റടിക്കാരെ തനിക്ക് നേരിട്ട് അറിയാമായിരുന്നുവെന്നാണ് പൊന്നാനിക്കാരനായ മുന്‍ സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞത്. അക്കാലങ്ങളില്‍ ചില പോലീസുകാരും പോക്കറ്റടിക്കാരും തമ്മില്‍ രഹസ്യമായി പല ബന്ധങ്ങളുമുണ്ടായിരുന്നത്രേ. പോലീസിന്റെ മര്‍ദ്ദനത്തില്‍നിന്നുള്ള രക്ഷപ്പെടലായിരുന്നു പോക്കറ്റടിക്കാരുടെ പ്രധാന ലക്ഷ്യം. പോക്കറ്റടിക്കാരെ സ്ഥിരമായി ജാമ്യത്തിലിറക്കിയശേഷം മോഷണമുതലിന്റെ വിഹിതം കൈക്കലാക്കിയിരുന്ന ഒരു വക്കീലുമുണ്ടായിരുന്നത്രേ! ബസ്സിലും ബസ്സ്റ്റാന്‍ഡ് പരിസരങ്ങളിലും പോക്കറ്റടിക്കാരുടെ സാന്നിദ്ധ്യം കൂടുതലായിരുന്നതിനാല്‍ പഴയ പല കണ്ടക്ടര്‍മാര്‍ക്കും അവരെപ്പറ്റി കൂടുതലറിയാന്‍ സാധിക്കുമെന്നറിഞ്ഞാണ് പഴയകാല കണ്ടക്ടര്‍മാരെ തിരഞ്ഞു പോയത്.

കണ്ടക്ടര്‍ അപ്പുണ്ണി

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പേ കണ്ടക്ടര്‍പണി അവസാനിപ്പിച്ചയാളാണ് അപ്പുണ്ണിയേട്ടന്‍. അക്കാലത്തെ പ്രധാന പോക്കറ്റടിക്കാരെയെല്ലാം അദ്ദേഹത്തിനറിയാമായിരുന്നു. മറ്റ് യാത്രാസൗകര്യങ്ങള്‍ കുറവായിരുന്ന അക്കാലത്ത് ബസ്സുകളായിരുന്നു എല്ലാവരുടെയും ആശ്രയം. ട്രിപ്പുകളെല്ലാം മിക്കപ്പോഴും തിങ്ങിനിറഞ്ഞതായിരിക്കും. തിരക്കില്ലാത്ത ബസ്സുകളില്‍ കൃത്രിമ തിരക്കുണ്ടാക്കി ആളുകളുടെ ശ്രദ്ധതിരിച്ച് പണവും മറ്റും കവരുന്നതാണ് പോക്കറ്റടിസംഘങ്ങളുടെ ശീലം. നൂറിലധികം പോക്കറ്റടിക്കാരുണ്ടായിരുന്ന പൊന്നാനിയില്‍ മുപ്പതോളമാളുകളെ അപ്പുണ്ണിയേട്ടന് നേരിട്ടറിയാമായിരുന്നു! അവരുമായി ബന്ധപ്പെട്ട അനേകമനുഭവങ്ങളും അദ്ദേഹത്തിനു പറയാനുണ്ട്.

ചന്തദിവസങ്ങളില്‍ ബസ്സില്‍ പതിവിലും തിരക്കേറും; പോക്കറ്റടിക്കാരുടെ സാന്നിദ്ധ്യവും. യാത്രക്കാരുടെ ട്രൗസറിന്റെയും വലിയ ബെല്‍റ്റിന്റെയും പോക്കറ്റുകളിലായിരിക്കും പണം. എത്ര ഭദ്രമായി സൂക്ഷിച്ചാലും നിമിഷങ്ങള്‍ക്കകം അത് അടിച്ചുമാറ്റാന്‍ വിദഗ്ദ്ധരായിരുന്നു പലരും. പുതുതായി പോക്കറ്റടിയിലേക്ക് എത്തുന്നവരെ മുതിര്‍ന്നവര്‍ ഒപ്പം കൂട്ടുകയും ബസ്സുകളിലും മറ്റും അവരെ മറപറ്റി മോഷ്ടിക്കുകയും ചെയ്യും. പുതിയവര്‍ അതെല്ലാം ശ്രദ്ധിച്ച് പഠിക്കും. കൂടുതല്‍ പണവും സ്വര്‍ണ്ണവുമായി സഞ്ചരിക്കുന്ന ആളുകളെ നിരീക്ഷിച്ചറിയാന്‍ പലരും മിടുക്കരായിരുന്നു. മികച്ച വസ്ത്രങ്ങള്‍ ധരിച്ച്, സംശയത്തിന് ഇട നല്‍കാത്ത തരത്തിലായിരുന്നു പല പോക്കറ്റടിക്കാരുടെയും സഞ്ചാരം. 'ഏതോ വലിയ ജോലിക്കു പോവുന്നതുപോലെയാണ് അവന്മാരെ കണ്ടാല്‍ തോന്നുക' എന്നാണ് അപ്പുണ്ണിയേട്ടന്റെ തമാശ നിറഞ്ഞ ഭാഷ്യം!

ബസ്സില്‍ പോക്കറ്റടിക്കാരുടെ സാന്നിദ്ധ്യമറിഞ്ഞാല്‍ യാത്രക്കാര്‍ക്ക് പല സൂചനകളും അപ്പുണ്ണിയേട്ടന്‍ നല്‍കിയിരുന്നു. എന്നാല്‍, അതൊന്നും തിരിച്ചറിയാത്ത നിര്‍ഭാഗ്യരെയും പലവട്ടം കണ്ടിട്ടുണ്ട്. ഒരിക്കല്‍, ഭാര്യയുടെ ചികിത്സയ്ക്കുവേണ്ടി മകളുടെ മാല പണയംവെക്കാന്‍ പോയ ഒരു സാധു, ആ മാല മോഷ്ടിക്കപ്പെട്ട് ബസ്സിലിരുന്ന് പൊട്ടിക്കരയുന്നതു കണ്ടു. അയാളുടെ കുടുംബത്തിന്റെ ദയനീയാവസ്ഥയറിഞ്ഞപ്പോള്‍, പോക്കറ്റടിക്കാരെ ചെന്നുകണ്ട് മാല തിരികെ വാങ്ങിക്കൊടുത്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്. മോഷണസംഘത്തിന്റെ നേതാവായിരുന്ന കരീമിന് ഏത് റൂട്ടില്‍ ആരൊക്കെയാണ് പോക്കറ്റടിക്കാന്‍ ഇറങ്ങിയിട്ടുള്ളതെന്ന് കൃത്യമായി അറിയാമായിരുന്നു. മോഷ്ടിച്ചവര്‍ ആ വിവരം ബോധിപ്പിക്കുകയും കരീമിന്റെ നേതൃത്വത്തില്‍ വീതംവെക്കുകയും ചെയ്തിരുന്നു. ബസ് ജീവനക്കാരില്‍ പലര്‍ക്കും പോക്കറ്റടിക്കാരെ ഭയമായിരുന്നു. എന്നാല്‍, അത്തരമാളുകളെ പലപ്പോഴും താന്‍ ഇറക്കിവിട്ടിട്ടുണ്ടെന്ന്, മുപ്പതോളം വര്‍ഷങ്ങള്‍ വിവിധ ബസ്സുകളിലെ കണ്ടക്ടര്‍ ആയിരുന്ന അപ്പുണ്ണിയേട്ടന്‍ ഓര്‍മ്മകളില്‍നിന്ന് പങ്കുവെച്ചു.

അക്കാലത്തെ കൊടിയ ദാരിദ്ര്യവും സാമൂഹികസാഹചര്യങ്ങളുമായിരുന്നു പലരും പോക്കറ്റടിയെ ഒരു 'തൊഴില്‍'പോലെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്നു പറഞ്ഞത് സുഹൃത്തും സംവിധായകനുമായ സലാം ബാപ്പുവാണ്. പ്രീഡിഗ്രിക്കാലം പൊന്നാനിയിലായിരുന്നതിനാല്‍, അന്നത്തെ ചില പോക്കറ്റടിക്കാരെ സലാമിന് കണ്ടാലറിയാമായിരുന്നു. പലര്‍ക്കും ചില ചെല്ലപ്പേരുകളുണ്ടായിരുന്നു. ഉടുമ്പ്, ബ്ലൈഡ്, മറുക് അങ്ങനെ പലതും. കഞ്ചാവും മദ്യവും ഉപയോഗിക്കുന്നത് ശീലമാക്കിയവരാണെങ്കിലും അവരില്‍ പലരും നാട്ടില്‍ 'മാന്യന്മാര്‍' ആയിരുന്നു. ഹുണ്ടിപ്പണ (കുഴല്‍പ്പണം) വുമായി ബസ്സില്‍ യാത്ര ചെയ്യുന്നവരെ പ്രത്യേകം നോട്ടമിട്ട് ആ പണം കൈക്കലാക്കുന്നതിലും ചിലര്‍ വിദഗ്ദ്ധരായിരുന്നു. പണം മോഷ്ടിക്കപ്പെട്ടാലും പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇത്തരം പണക്കടത്തുകാരുടേത്. പോലീസ് അറിഞ്ഞാല്‍ അകത്താവേണ്ടിവരുമെന്ന അവരുടെ അവസ്ഥ പോക്കറ്റടിക്കാര്‍ മുതലാക്കുകയായിരുന്നു. കാലങ്ങളോളം അങ്ങാടിയിലെ കയറ്റിയിറക്ക് തൊഴിലാളിയായിരുന്ന ബക്കറിനും പോക്കറ്റടിക്കാരെക്കുറിച്ച് പലതും പറയാനുണ്ടായിരുന്നു. പണവും ആഭരണങ്ങളും നഷ്ടപ്പെട്ട് ആകെ തകര്‍ന്നെത്തിയിരുന്ന പലര്‍ക്കും പോക്കറ്റടിക്കാരില്‍നിന്ന് മോഷണമുതല്‍ തിരികെ വാങ്ങിക്കൊടുത്തതിനാല്‍ ചിലര്‍ തങ്ങളെയും പോക്കറ്റടി സംഘത്തിന്റെ ഭാഗമായി തെറ്റിദ്ധരിച്ചിരുന്നെന്നും ബക്കര്‍ തമാശ രൂപേണ പറഞ്ഞു.

അയല്‍പക്കത്തെ പോക്കറ്റടിക്കാരന്‍

പൊന്നാനിയിലെ പ്രമുഖ വക്കീലിന്റെ ഡ്രൈവറും കളരിഗുരുക്കളുമായിരുന്ന ഷണ്‍മുഖന്റെ അയല്‍പക്കക്കാരില്‍ ഒരാള്‍ ഒരു പോക്കറ്റടിക്കാരനായിരുന്നു. പതിവിലേറെ പണം കൈയിലെത്തുന്ന ദിവസങ്ങളില്‍ അയാള്‍ മദ്യപിച്ചെത്തുകയും ഉത്സവനാളുകളില്‍ ചില പോലീസുകാര്‍ക്ക് മദ്യക്കുപ്പികള്‍ കൈമാറുകയും ചെയ്തിരുന്നു. ആറടിയിലധികം ഉയരമുള്ള, മെലിഞ്ഞ ശരീരം അയാള്‍ക്ക് പലപ്പോഴും വിനയായി. തിയേറ്ററിലെ തിക്കിലും തിരക്കിലും മറ്റും പോക്കറ്റടിക്കുമ്പോള്‍ ആളെ തിരിച്ചറിഞ്ഞ് പിടികൂടാന്‍ ആ ഉയരം കാരണമായി. ലോക്കപ്പിലോ ജയിലിലോ ആയാല്‍ അയാളുടെ ഭാര്യ കരച്ചിലോടെ ഷണ്‍മുഖന്റെ വീട്ടിലെത്തും. വക്കീലിനെയോ കളരിയിലെ ശിഷ്യരായ പോലീസുകാരെയോ ബന്ധപ്പെട്ട് പുറത്തിറക്കണമെന്ന അപേക്ഷയുമായാണ് വരവ്. ഷണ്‍മുഖന്റെ മകന്‍ ഷൈജുവിന് അത്തരം ഓര്‍മ്മകളേറെയുണ്ട്. പ്രായമായപ്പോള്‍ നാട്ടില്‍ത്തന്നെ ഒതുങ്ങിക്കൂടിയ ആ പഴയ പോക്കറ്റടിക്കാരന്‍, താനടക്കമുള്ള കുട്ടികള്‍ക്ക് മോഷണരീതികള്‍ കഥപോലെ വിവരിച്ചുതന്നിരുന്നത് കൗതുത്തോടെ കേട്ടിരുന്നെന്നും ഷൈജു പറഞ്ഞു. എന്നാല്‍, പോലീസുകാരില്‍നിന്നും നാട്ടുകാരില്‍നിന്നും നിരവധി തവണ മര്‍ദ്ദനമേറ്റിട്ടുള്ള ആ മനുഷ്യന്റെ അവസാനകാലം അങ്ങേയറ്റം ദുരിതപൂര്‍ണ്ണമായിരുന്നു.

പുതിയ കാലത്തിലേക്ക്

കടലുമായി ബന്ധപ്പെട്ട തൊഴിലുകളെടുത്താണ് പൊന്നാനിയില്‍ പലരും ജീവിച്ചിരുന്നത്; ആഴ്ചകളോളം അല്ലെങ്കില്‍ മാസങ്ങളോളം കടലില്‍ കഴിയേണ്ടിവരുന്നവര്‍. ഒരിക്കല്‍ ബോംബെയിലേക്ക് ചരക്കുകളുമായി പോയ ഉരുവിലെ പണി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ കൈയിലുണ്ടായിരുന്ന പണമെല്ലാം മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ചാണ് കാലങ്ങളോളം ഖലാസിയായിരുന്ന അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞത്. പോക്കറ്റടിക്കാരുടെ തട്ടകത്തുചെന്ന് അവരെ കായികമായി നേരിട്ട്, നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുകയായിരുന്നുപോലും. 'പൊന്നാനിയിലേക്കു പോകുമ്പോള്‍ പോക്കറ്റൊന്നു ശ്രദ്ധിച്ചോ' എന്നായിരുന്നത്രേ അക്കാലത്ത് പലരും പറഞ്ഞിരുന്നത്. എന്നാല്‍, അറബ് നാടുകളിലേക്ക് തൊഴില്‍ തേടിപ്പോയവരിലൂടെ കേരളം മാറിമറിയുകയും നാട്ടിലടക്കം അനേകം തൊഴില്‍സാദ്ധ്യതകളുണ്ടാവുകയും ചെയ്തപ്പോള്‍ ആളുകളുടെ ജീവിതനിലവാരം മാറാന്‍ തുടങ്ങി. അങ്ങനെ പൊന്നാനിയും മാറി. തീരദേശങ്ങളിലെ ദാരിദ്ര്യത്തിന് കുറവുവന്നു. മെല്ലെമെല്ലെ പോക്കറ്റടിസംഘങ്ങളും ഇല്ലാതായി. അവരില്‍ ചിലര്‍ തൊഴിലാളികളായി. മറ്റു ചിലര്‍ വിശ്രമജീവിതത്തിലേക്കും തിരിഞ്ഞു. സ്ഥലത്തെ ഗാനമേള ട്രൂപ്പിന്റെ ഭാഗമായിപ്പോലും അതിലൊരാള്‍ മാറുകയുണ്ടായി. കാലം പിന്നെയും കടന്നുപോയി, അവരില്‍ ഏറെപ്പേരും ഓര്‍മ്മയായി.

അസീസിന്റെ കഥ

പൊന്നാനിയില്‍ ക്യാമറയുമായിപ്പോയ ആദ്യനാളുകളിലൊന്നില്‍ പച്ചക്കറിച്ചന്തയുടെ പരിസരത്തുകൂടി സുഹൃത്തായ ഹുദൈഫയുമൊത്ത് നടക്കുന്നതിനിടെ, ഒരു കടത്തിണ്ണയിലിരുന്ന് ബീഡി വലിക്കുന്ന, ഒറ്റക്കണ്ണുള്ളയാളെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അയാള്‍ പൊന്നാനിയിലെ പഴയ പോക്കറ്റടിക്കാരനായ അസീസ് ആണെന്നറിഞ്ഞപ്പോള്‍ പരിചയപ്പെടണമെന്നു തോന്നി. സമ്മതിക്കുമെങ്കില്‍ ഒരു ചിത്രമെടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. മിതഭാഷിയായ അയാള്‍ ചിത്രമെടുക്കാന്‍ സമ്മതിച്ചു. എങ്കിലും അദ്ദേഹത്തില്‍നിന്ന് ഒരുപാട് അനുഭവകഥകള്‍ അറിയാനാകുമെന്ന് മനസ്സ് പറഞ്ഞു.

മറ്റൊരിക്കല്‍, ഒരു വെള്ളിയാഴ്ച, അതേ ചന്തയുടെ പരിസരത്തുവെച്ച് അസീസിനെ കണ്ടു. എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയോടെ, പലതും ചോദിച്ചറിയാന്‍ ശ്രമിച്ചു. ഹുദൈഫയ്ക്ക് അദ്ദേഹവുമായി മുന്‍പരിചയമുണ്ടായിരുന്നത് തടസ്സങ്ങളെ നീക്കി. ചെറിയ മൗനത്തിനുശേഷം ആ തിരക്കിനിടയില്‍നിന്നും സമീപത്തെ പള്ളിക്കരികിലെ ഒഴിഞ്ഞുകിടക്കുന്ന വീടിന്റെ കോലായിലേക്ക് അയാള്‍ ഞങ്ങളെ കൊണ്ടുപോയി. ഒരു ബീഡിക്ക് തീ കൊടുത്ത് എന്തൊക്കെയോ ആലോചിച്ചശേഷം അയാള്‍ സംസാരിച്ചുതുടങ്ങി. തുറമുഖനാടിന്റെ ചരിത്രത്തോട് ചേര്‍ന്നുകിടക്കുന്ന പലതരം കഥകള്‍, വിശ്വാസങ്ങള്‍...

ഒരു പോക്കറ്റടിക്കാരനില്‍നിന്ന് പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല ആ സംസാരത്തിന്റെ ആഴവും വ്യാപ്തിയും! അതിനിടയില്‍, ബാങ്കുവിളി കേട്ടിട്ടും പള്ളിയില്‍ പോവാതെ, ആ പരിസരത്ത് ചുറ്റിപ്പറ്റിനിന്ന ഒരു ചെറുപ്പക്കാരനെ അയാള്‍ ശാസിച്ച് പള്ളിയിലേക്കയച്ചു. താന്‍ പിന്നിട്ട ഇരുണ്ട കാലങ്ങളിലൂടെയുള്ള അസീസിന്റെ സംസാരം തുടര്‍ന്നു. തകര്‍ന്ന ദാമ്പത്യം, ഏഴു വര്‍ഷത്തെ ജയില്‍വാസം, ലഹരിയില്‍ മുങ്ങിയ നാളുകള്‍...

പോക്കറ്റടിക്കാലത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍, അസീസിന്റെ പരിചയക്കാരിലൊരാള്‍ അവിടേക്കെത്തുകയും ആ സംസാരം മുറിയുകയും ചെയ്തു. അയാള്‍ ഒരു ബീഡിയും വലിച്ച് അവിടെത്തന്നെ ഇരിക്കാന്‍ തുടങ്ങി. ഇനി വരുമ്പോള്‍ ബാക്കി പറയാമെന്ന ഉറപ്പിലാണ് ഞങ്ങളന്ന് തിരിച്ചുപോന്നത്. വൈകാതെ പൊന്നാനിയിലെത്തി ആ സംസാരം പൂര്‍ത്തീകരിക്കണമെന്ന് മനസ്സിലുറപ്പിച്ചായിരുന്നു തിരികെയുള്ള യാത്ര. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കകം ഹുദൈഫയുടെ വിളിവന്നു; അസീസിന്റെ മരണവാര്‍ത്ത അറിയിക്കാനുള്ള വിളി. കുറ്റിപ്പുറത്തെ ഒരു ലോഡ്ജില്‍ താമസിക്കുന്നതിനിടെ ഒരാള്‍ അസീസിനെ കൊലപ്പെടുത്തുകയായിരുന്നു. പാതി മുറിഞ്ഞ കഥയായി അയാള്‍ മാഞ്ഞുപോയി...

പൊന്നാനി കേവലമൊരു തുറമുഖനഗരം മാത്രമല്ലെന്നും അനുഭവങ്ങളുടെ തിളയ്ക്കുന്ന കടല്‍തന്നെയാണെന്നും ഓരോ യാത്രയും പറഞ്ഞുകൊണ്ടിരുന്നു. ബിനാലെയിലെ പ്രദര്‍ശനമവസാനിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും പൊന്നാനിയിലേക്കുള്ള എന്റെ യാത്രകള്‍ തുടരുന്നതും അതിനാല്‍ത്തന്നെ. ഓരോ യാത്രയിലേക്കും പുതുതായി എന്തെങ്കിലുമൊക്കെ ആ നാട് കരുതിവെക്കാറുമുണ്ട്.

ഈയിടെ, പൊന്നാനി പഴയ മാര്‍ക്കറ്റ് പരിസരത്തുവെച്ച് ഒരാള്‍ വന്ന് സ്വയം പരിചയപ്പെടുത്തി. കൊല്ലപ്പെട്ട അസീസിന്റെ സഹോദര പുത്രനായ ജലീല്‍! ബിനാലെയുടെ ഡോക്യുമെന്ററിയില്‍ അസീസിനെക്കുറിച്ച് വിവരിച്ചത് ജലീല്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടിരുന്നു. അസീസിനെക്കുറിച്ച് അദ്ദേഹത്തിനും കുറേയേറെ പറയാനുണ്ടായിരുന്നു. പലവിധ സാഹചര്യങ്ങളില്‍ പെട്ടുപോയ തന്റെ കൊച്ചാപ്പയുടെ വഴിവിട്ട സഞ്ചാരങ്ങളെക്കുറിച്ചും നിഗൂഢതകള്‍ നിറഞ്ഞ അരാജകസമാനമായ ജീവിതത്തെക്കുറിച്ചും കുറേയേറെ കാര്യങ്ങള്‍ ജലീല്‍ പങ്കുവെച്ചു. എങ്കിലും കൊച്ചാപ്പയുടെ ജീവിതം പുറംലോകമറിഞ്ഞതിലുള്ള സന്തോഷമറിയിച്ചു. കള്ളനും പോക്കറ്റടിക്കാരനുമായി ആരും ഭൂമിയില്‍ ജനിക്കുന്നില്ലെന്നും സാഹചര്യങ്ങളാണ് അവരെ വഴിതെറ്റിച്ചതെന്നും സ്വയമെന്നോണം പറഞ്ഞു. ലഹരിയുടെയും പോക്കറ്റടിയുടെയും വഴിയിലൂടെ സഞ്ചരിച്ച ആളായിരുന്നെങ്കിലും അസീസിനെ ജലീലും കുടുംബവും മനസ്സില്‍നിന്ന് അകറ്റിയിരുന്നില്ല. ഒരിക്കല്‍ അസീസ് എല്ലാം അവസാനിപ്പിച്ച് തിരിച്ചുവരുമെന്നുതന്നെ അവരെല്ലാം ആഗ്രഹിച്ചിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു റംസാന്‍ കാലത്ത്, അവസാന നോമ്പുദിവസം രാത്രിയിലായിരുന്നു അസീസ് കൊല്ലപ്പെട്ടത്. പിറ്റേന്ന്, നാടുമുഴുവനും പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍, മോര്‍ച്ചറിയിലെ തണുപ്പിലേക്കു കയറിച്ചെന്ന് സ്വന്തം കൊച്ചാപ്പയെ തിരിച്ചറിഞ്ഞതും ജലീലായിരുന്നു.