'കെ.പി.എ.സി. ലളിതയായിട്ടാണോ വന്നിരിക്കുന്നത്, ഈ രൂപത്തിലൊന്നും എന്റെ ഭാര്യയായി ഒപ്പിടാന്‍ പറ്റില്ല'

കെ.പി.എ.സി. ലളിത, ഭരതന്‍ | ഫോട്ടോ: മാതൃഭൂമി
കെ.പി.എ.സി. ലളിത, ഭരതന്‍ | ഫോട്ടോ: മാതൃഭൂമി

കെ.പി.എ.സി. ലളിതയുടെ ചരമവാര്‍ഷികദിനമാണ് ഫെബ്രുവരി 22. മലയാളത്തിന്റെ പ്രിയപ്പെട്ട നടി തന്റെ ജീവിതം തുറന്നു പറയുന്ന പുസ്തകമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കഥ തുടരും. പുസ്തകത്തില്‍നിന്നൊരു ഭാഗം വായിക്കാം... 

1978 മെയ് 21. എനിക്ക് ആ ദിവസം മറക്കാന്‍ കഴിയില്ല. എല്ലാം കൈവിട്ടുകഴിഞ്ഞു എന്ന തോന്നലില്‍ വിങ്ങുമ്പോള്‍ എല്ലാം നേടാന്‍ പോവുന്നു എന്ന പ്രത്യാശയുണ്ടായ ദിവസമാണത്. മുക്കുവനെ സ്നേഹിച്ച ഭൂതത്തിന്റെ ഷൂട്ട്. ഞാന്‍ താമസിക്കുന്നത് തിരുവനന്തപുരത്ത് തമ്പാനൂരില്‍ ജാസ് ഹോട്ടലില്‍. ഭരതേട്ടന്‍ എല്ലാം കഴിഞ്ഞ് കറങ്ങിത്തിരിഞ്ഞ് തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ഞാനത് അറിയുന്നൊന്നുമില്ല. വിളിയും സംസാരവും ഒന്നുമില്ലല്ലോ? വലിയൊരു കുങ്കുമപ്പൊട്ടും തൊടുവിച്ചു വിട്ടതിനുശേഷം എന്നെ വിളിച്ചിട്ടില്ല. 

ഒറ്റയ്ക്കല്ല, ഭാസിച്ചേട്ടന്റെ മകന്‍ അജയന്‍, പപ്പന്‍ എല്ലാവരുമുണ്ട്. തിരുവനന്തപുരത്ത് നികുഞ്ജം ഹോട്ടലിലാണ് ക്യാമ്പ്. ആ ഹോട്ടല്‍ ഇന്നുമുണ്ട്. ഇവരുടെയൊക്കെ കൂടിച്ചേരല്‍സ്ഥലമാണ്. ക്യാമ്പ് എന്നു പറഞ്ഞാല്‍ അര്‍ഥം മുഴുവനായില്ല. തമ്പടിച്ചിരിക്കുന്നുവെന്ന് പറയണം; സര്‍വസന്നാഹങ്ങളോടുംകൂടെ. എന്താണ് ചെയ്യേണ്ടതെന്നാലോചിക്കാനാണ് ഇവര്‍ കൂടിയിരിക്കുന്നത്. നികുഞ്ജം കൃഷ്ണന്‍ നായര്‍ കൂടെയുണ്ട്. നാലു പേരുംകൂടെ തലപുകഞ്ഞാലോചിക്കുകയാണ്. എന്താണ് ചെയ്യാന്‍ പറ്റുക? ഒടുവില്‍ പത്മരാജന്‍ പറഞ്ഞു: 'അങ്ങനെ താത്പര്യമാണെങ്കില്‍ ഇതങ്ങു നടത്തുകതന്നെ. വേറൊന്നും ആലോചിച്ചിട്ടു കാര്യമില്ല...'

നടത്തിക്കഴിഞ്ഞിട്ട് ബാക്കി കാര്യം ആലോചിക്കാം. അപ്പോള്‍ വേണ്ടതെന്താണെന്നുവെച്ചാല്‍ ചെയ്യാം. ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതിനുശേഷമാണ് എന്നെ വിളിക്കുന്നത്. അതുവരെ ഞാനൊന്നുമറിയുന്നേ ഇല്ല. പത്മരാജനാണ് വിളിച്ചത്:
'ഒരത്യാവശ്യകാര്യം പറയാനുണ്ട്. ഒന്നിങ്ങോട്ടു വര്വോ... ഷൂട്ട് കഴിഞ്ഞിട്ട്...'
എനിക്കാകെ പരിഭ്രമമായി. ഒന്നാമത് ഇത് നടക്കുമോ, നടക്കില്ലേ എന്നൊക്കെയുള്ള സംശയമാണ്. ആരോടും പറയരുതെന്ന് ഞങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്- നമ്മളിങ്ങനെ സുഹൃത്തുക്കളായി ഇരിക്കും, സമയമാവുന്നതുവരെ. ഒരാളും അറിയരുത്, ഫീല്‍ഡിലും അറിയരുത്. ഒന്നും പാടില്ല, ഒന്നും.

എവിടെയും തൊടാന്‍ പാടില്ലാത്ത അവസ്ഥയിലാണ് ഞാന്‍ നില്ക്കുന്നത്. അക്കാര്യം പപ്പന്‍ അറിയാതിരിക്കില്ല. അതുകൊണ്ട് ഞാന്‍ തിരിച്ചുചോദിച്ചു:
'എവിടാ വര്വാ... എങ്ങനാ വര്വാ...?'
'വൈകിട്ട് വന്നാല്‍ മതി. നികുഞ്ജത്തിലേക്ക് വന്നാല്‍ മതി. ധൈര്യമായി വന്നോളൂ...'
എനിക്കാണെങ്കില്‍ ഈ നികുഞ്ജം എവിടെയാണെന്നൊന്നും അറിയില്ല.
പപ്പന്‍ പറഞ്ഞു: 'അതുകൊണ്ട് കുഴപ്പമില്ല. പ്രൊഡക്ഷനില്‍ ആരോടെങ്കിലും പറഞ്ഞാല്‍ മതി. കൊണ്ടുവിടും. അല്ലെങ്കില്‍ ഞാന്‍ ആളെ വിടാം...'
'വേണ്ട, അതൊന്നും വേണ്ട... ഞാന്‍ വന്നോളാം. ഞാന്‍ എത്തിക്കോളാം.'
ഷൂട്ടു കഴിഞ്ഞ് രാത്രി എട്ടു മുപ്പതിന് ഒരു ടാക്സി വിളിച്ച് ഞാന്‍ ഒറ്റയ്ക്ക് നികുഞ്ജത്തില്‍ എത്തി. ഹോട്ടലിന്റെ മുറ്റത്ത് അവരെല്ലാം വട്ടത്തിലിരുന്ന് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ വരുന്നതും കാത്താണ് അവര്‍ ഇരിക്കുന്നത്.
എന്നെക്കണ്ടപ്പോള്‍ പപ്പന്‍ ഒരു വളച്ചുകെട്ടുമില്ലാതെ കാര്യം പറഞ്ഞു:
'ഇപ്പം ഇതിങ്ങനെ സീരിയസ്സായി എടുക്കുകയാണെങ്കില്‍ ഞങ്ങളൊക്കെ റിസ്‌ക് എടുക്കാം. ഞങ്ങളൊക്കെ കൂടെ നില്ക്കാം...'
എന്നോടു മാത്രമുള്ളതായിരിക്കില്ല, രണ്ടാളോടുംകൂടിയുള്ളതായിരിക്കണം.
'നമ്മക്കിത് സീരിയസ്സായി എടുത്താലോ?' എന്ന ഭരതേട്ടന്റെ വാചകത്തില്‍നിന്നാണല്ലോ ഞങ്ങളുടെ പ്രണയത്തിന്റെ തുടക്കം. അതുമുതല്‍ ഞാന്‍ സീരിയസ്സാണ്.

പപ്പന്‍ ഞങ്ങളുടെ കാര്യത്തില്‍ സീരിയസ്സാവാനൊരു കാരണമുണ്ട്. പപ്പന്‍ പണ്ട് ഒരു സുഹൃത്തിന്റെ പ്രണയവിവാഹത്തിന് എതിരുനിന്നിരുന്നു. സ്നേഹിച്ചു കെട്ടിയാല്‍ ബന്ധം നിലനില്ക്കില്ലെന്ന ധാരണയാണ് അന്നുണ്ടായിരുന്നത്. അവര്‍ പപ്പനോട് ആലോചിക്കാതെ, പപ്പനെ അറിയിക്കാതെ പോയി കെട്ടി. അവരിപ്പോള്‍ നല്ല നിലയില്‍ സന്തുഷ്ടരായി ഒരു കുഴപ്പവുമില്ലാതെ കഴിയുന്നു. അവരുടെ മുഖത്തു നോക്കാനിപ്പോള്‍ പപ്പനു മടി. അതുകൊണ്ടാണ് പപ്പന്‍ ഈ റിസ്‌കെടുക്കാന്‍ തയ്യാറായതുതന്നെ. അതുപോലെ ഇനിയും വരാന്‍ പാടില്ല. അതുകൊണ്ട് പപ്പനിപ്പോള്‍ പഴയ നിലപാടില്‍നിന്ന് മാറിയിരിക്കുന്നു.

പുസ്തകത്തിന്റെ കവര്‍ പേജ്

'അതുകൊണ്ട് ഞാനെന്തായാലും കൂടെ നില്ക്കാം. നിങ്ങള്‍ നന്നായിട്ടിരുന്നാല്‍ മതി.'
ഈ കൂടിയാലോചനയ്ക്കുതന്നെ മുന്‍കൈയെടുത്തത് പപ്പനാണ്. അതുകൊണ്ടുതന്നെയാണ് പപ്പന്‍ കാര്യങ്ങളെല്ലാം ഇങ്ങനെ പറഞ്ഞത്.
'എങ്ങനെയാണ്? വീട്ടിലൊന്നും അറിയിക്കാതെ കല്യാണം നടത്തുന്നതില്‍ കുഴപ്പമുണ്ടോ?'
ഉത്തരത്തിന്റെ കാര്യത്തില്‍ എനിക്കൊട്ടും സംശയിക്കേണ്ട കാര്യമില്ല:
'എന്റെ വീട്ടുകാര് ഞാന്‍ പറയുന്നത് കേള്‍ക്കും. അവിടെനിന്ന് കുഴപ്പമൊന്നും ഉണ്ടാവില്ല. പക്ഷേ, ഇവരുടെ വീട്ടുകാരുടെ കാര്യം...'
'ഇവരുടെ വീട്ടുകാര് പ്രശ്നമുണ്ടാക്കുകയാണെങ്കില്... അതിന് നമ്മള്‍ രഹസ്യമായിട്ടല്ലേ കല്യാണം നടത്തുന്നത്. പിന്നീടുള്ള കാര്യം പിന്നീടാലോചിക്കാം. അത് നമ്മള്‍ പിന്നെ പറഞ്ഞാല്‍ പോരേ? കല്യാണക്കാര്യം അറിയാന്‍ സമയമെടുക്കും. അറിയാണെങ്കില്‍ അന്നേരം ആലോചിച്ചാല്‍ പോരേ?'

എന്തായാലും ഇപ്പം ഇതിങ്ങനെ മൂടിവെക്കാമെന്നും രഹസ്യമായി കല്യാണം നടത്താമെന്നുമുള്ള തീരുമാനത്തിലെത്തി. ഞാന്‍ സമ്മതം മൂളി. എന്നാല്‍, കല്യാണം നാളെത്തന്നെ നടത്തിയാലോ എന്നായി. എനിക്കു സമ്മതം. കല്യാണത്തലേന്നൊരു കല്യാണനിശ്ചയമാണ് നടന്നിരിക്കുന്നത്. മെയ് 21-ാം തീയതി കല്യാണനിശ്ചയം. 22-ാം തീയതി കല്യാണവും.

ഒരു ദിവസംകൊണ്ടാണ് എല്ലാം മാറിമറിയുന്നത്. ജീവിതത്തിന് എന്തൊരു 'സ്പീഡ്' അല്ലേ?
തീയതിയായി. ഇനി കല്യാണം എവിടെവെച്ച് എന്ന തീരുമാനമാണ് ബാക്കി.
'ഇവിടൊന്നും പറ്റത്തില്ല. ഇവിടൊക്കെയാണെങ്കില്‍ എല്ലാരും അറിയത്തില്ലേ? കുറച്ചു ദൂരോട്ട് എവിടെയെങ്കിലും പോവാം.'
അതൊരു പൊതു അഭിപ്രായമാണ്. എല്ലാവരുടെയും നിലപാട് അതുതന്നെ.

അതെവിടെ? അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല. കേരളത്തിനു പുറത്തുതന്നെ. എന്നാല്‍ അധികമകലെയല്ലതാനും. സ്ഥലം കുമരന്‍കോവില്‍, നാഗര്‍കോവിലിലേക്കുള്ള വഴിയില്‍ തക്കലയില്‍. നമ്മുടെ പത്മനാഭകൊട്ടാരം കഴിഞ്ഞു പോയാല്‍ തക്കല കഴിഞ്ഞ് കുറച്ചു ചെന്നാല്‍. അവിടെവെച്ചാണ് സുബ്രഹ്‌മണ്യത്തിന്റെ മക്കളുടെ കല്യാണമൊക്കെ നടത്താറ്. മെരിലാന്‍ഡ് സ്റ്റുഡിയോയുടെ ഉടമസ്ഥനും ചലച്ചിത്രനിര്‍മാതാവും ഒക്കെയായ സുബ്രഹ്‌മണ്യം. അവിടെവെച്ച് കല്യാണം നടന്നാല്‍ മുടങ്ങിപ്പോകില്ലെന്നും തകരില്ലെന്നുമൊക്കെയാണ് വിശ്വാസം.

'നല്ല അമ്പലമാണ്. നമ്മക്ക് അവിടെവെച്ചുതന്നെ നടത്താം.'
ഒരു മലയുടെ അടിവാരത്തിലാണ് അമ്പലം. പാര്‍വതീപരമേശ്വരന്മാരുടെ മകന്‍ കുമരന്റെ കല്യാണമൊക്കെയായി ബന്ധപ്പെട്ടൊരു കഥയുണ്ട് അമ്പലത്തിന്. അമ്പലത്തിനു വലിയൊരു ആമ്പല്‍ച്ചിറയുമൊക്കെയുണ്ട്. ഒരുപാടു പടിയൊക്കെ കയറി മേലോട്ടു പോണം അമ്പലത്തിലേക്ക്. ആ അമ്പലമുറ്റത്തു നില്ക്കുമ്പോള്‍ മനസ്സിനു വല്ലാത്ത ശാന്തത തോന്നും. എന്നാല്‍പ്പിന്നെ അങ്ങനെയാവട്ടെ എന്നായി എല്ലാവരും.

'ഷൂട്ടല്ലേ?'
'ഷൂട്ട്, ഒരു ദിവസം എങ്ങനെയെങ്കിലും ഒഴിവാക്ക്. ഉച്ചവരെ മതി. ഉച്ച കഴിഞ്ഞ് തിരിച്ചെത്താം.'
പോയ മനസ്സോടയല്ല ഞാന്‍ ഹോട്ടല്‍ ജാസില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ പൊട്ടിപ്പോവും എന്ന മട്ടില്‍ നിറഞ്ഞുനില്ക്കുന്ന മനസ്സ്. ജീവിതത്തില്‍ എന്തൊക്കെ മറിമായമാണുള്ളത്. ഒരു നിമിഷം കൈവിട്ടുപോയെന്നു കരുതിയത്, അടുത്ത നിമിഷം ഉള്ളംകൈയില്‍ ഒതുങ്ങുന്നു. ആത്മഹത്യയേ ഇനി വഴിയുള്ളൂ എന്നു വിചാരിച്ച എന്റെ മുന്‍പില്‍ ഇതാ ജീവിതം അതിന്റെ നിറമുള്ള സ്വപ്നങ്ങളുമായി നില്ക്കുന്നു.

ഒരു ദിവസം ഷൂട്ടില്‍നിന്ന് ഒഴിവാകാന്‍ അനുവാദം വാങ്ങേണ്ടതൊക്കെ ഇനി എന്റെ ജോലിയാണ്. മറ്റുള്ളവര്‍ ആരെങ്കിലും ഇടപെടുകയോ ശിപാര്‍ശ ചെയ്യുകയോ ഒക്കെ ചെയ്താല്‍ രഹസ്യം പരസ്യമാകില്ലേ? അതുകൊണ്ട് ആ ഭാഗം ഞാന്‍തന്നെ അഭിനയിക്കണം. ഞാന്‍ നേരേ ശശികുമാര്‍സാറിനെ ചെന്നുകണ്ടു. ഭംഗിയായിരുന്നു അഭിനയം. 'എനിക്ക് അത്യാവശ്യമായി ഒന്ന് വീട്ടില്‍പ്പോണം. നാളെ എന്നെ ഒന്ന് ഒഴിവാക്കിത്തരണം.' എന്താണെന്നോ എന്തിനാണെന്നോ ഒന്നും ചോദിച്ചില്ല. ചോദിച്ചാല്‍ എന്താ പറയുക? അതും നിശ്ചയമില്ല. കുഴപ്പമില്ല, അഡ്ജസ്റ്റ് ചെയ്തോളാമെന്ന് ശശികുമാര്‍. പക്ഷേ, ഒരു കാര്യമുണ്ട്. അതിലൊരു മാറ്റവുമില്ല. മറ്റന്നാള്‍ രാവിലെ കൃത്യമായി ഇവിടെ തിരിച്ചെത്തിക്കോളണം. ഒരു പാട്ടാണ് എടുക്കാനുള്ളത്. കനകക്കുന്നു കൊട്ടാരത്തിലാണ് ഷൂട്ട്. പത്തിരുനൂറുപേരുടെ വര്‍ക്കാണ്. അതൊരു കാരണവശാലും മാറ്റാന്‍ പറ്റില്ല. മറ്റന്നാള്‍ അതിരാവിലെ എത്തണം. അതിന്റെ ഗൗരവം എനിക്കു മനസ്സിലാവും. ഇത്രേം ആള്‍ക്കാര്‍ ഒന്നുചേര്‍ന്നിട്ട്, എല്ലാ സംഗതികളും ഒരുക്കിയിട്ട്, അതിലൊരാള്‍ വരാതെപോയാല്‍ എന്തൊരു നഷ്ടമായിരിക്കും. എടുത്ത പണിയൊക്കെ വെറുതേയാവും. വാക്കു തെറ്റിച്ചവള്‍ എന്ന പേര് എല്ലാകാലവും ചലച്ചിത്രരംഗത്തുണ്ടാവും. ഞാന്‍ പറഞ്ഞു: 'എന്തായാലും എത്തിയേക്കാം. ഒരു കാരണവശാലും മുടങ്ങില്ല.'

'ശരി, എന്നാല്‍ പൊയ്ക്കോ...' സമ്മതം കിട്ടിയതോടെ ആശ്വാസമായി. കല്യാണം പെട്ടെന്നായല്ലോ. താലിയില്ലാതെ പറ്റില്ല. ഇനി താലി തീര്‍ക്കണ്ടേ? അതിനെവിടെയാ സമയം. പപ്പന്റെ കണക്കാണ് താലി, കാറാള്‍ക്കടേന്ന് ഒരു സെറ്റുസാരിയും. പപ്പന്‍ അതൊക്കെ രാത്രിതന്നെ മേടിച്ചുവെച്ചു. താലി മാത്രം പോരല്ലോ? താലിയിടാന്‍ മാലയും വേണ്ടേ? എന്റെ കഴുത്തില്‍ ഒരു ചെയിന്‍ കിടപ്പുണ്ട്. അതിലിടാം. താലിയിട്ടാല്‍ ഒരു കുഴപ്പമുണ്ട്. താലിയുമിട്ട് ലൊക്കേഷനിലെല്ലാം ചെല്ലുമ്പോള്‍ എല്ലാവരും കാണില്ലേ? രഹസ്യമൊക്കെ അതോടെ തീരില്ലേ? പിന്നെ പ്രശ്നം താലിയായി. ലൊക്കേഷനില്‍ പോകുമ്പോള്‍ ഊരിവെക്കാമല്ലോ എന്നായി മറ്റുള്ളവരെല്ലാം. ഞാന്‍ പറഞ്ഞു: 'അതു പറ്റില്ല. ഒന്നാമത്, രഹസ്യമായിട്ടുള്ള കല്യാണം. താലി ഊരിവെച്ചാല്‍ കൈവിട്ടുപോയാലോ? അതു ശരിയാവില്ല.' തമാശമട്ടിലാണ് ഇതൊക്കെ പറയുന്നതെങ്കിലും ഉള്ളില്‍ ഒരു വെപ്രാളമുണ്ട്. അത് പുറത്തു കാണിക്കുന്നില്ലെന്നു മാത്രം. ഏതായാലും കല്യാണം നടക്കട്ടെ. ബാക്കിയൊക്കെ പിന്നീട്. ഓരോന്നും വരുന്ന വഴിക്ക് കാണാം. നേരിടാം. മനസ്സുറച്ചു. ഞങ്ങളെല്ലാവരുംകൂടെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത്. 

കെ.പി.എ.സി. ലളിത | ഫോട്ടോ: മാതൃഭൂമി

രാവിലത്തെ പോക്ക് ഉച്ചയ്ക്കാക്കിയതെന്തിനാണെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഒരുപക്ഷേ, താലിപ്രശ്നമായിരിക്കണം. അതുണ്ടാക്കലും മറ്റും നോക്കിയതാവും. അല്ലെങ്കില്‍ നല്ല സമയം നോക്കിയതാവാം. ഭരതേട്ടന്‍, ഞാന്‍, തങ്കം, പപ്പന്‍, നികുഞ്ജം കൃഷ്ണന്‍നായര്‍ ചേട്ടന്‍, കൃഷ്ണന്‍നായര്‍ ചേട്ടന്റെ ഭാര്യ രാധച്ചേച്ചി. ഞങ്ങളിത്രേംപേരുണ്ട്. കൃഷ്ണന്‍നായര്‍ ചേട്ടന്റെ കാറിലാണ് ഞങ്ങളിത്രേംപേര്‍ യാത്രയാവുന്നത്. നേരേ കുമരന്‍കോവിലിലെത്തി. ചെന്നയുടനെ ഞാന്‍ ചെയിന്‍ ഊരിക്കൊടുത്തു. താലി അതില്‍ കോര്‍ക്കാം. ചരടൊക്കെ കെട്ടുകയാണെങ്കില്‍ പിറ്റേന്ന് അതഴിക്കാനൊക്കെ നില്ക്കണ്ടേ? കല്യാണപ്പുടവയൊക്കെ ധരിച്ചു. താലി പൂജിക്കാന്‍ കൊടുത്തു. പൂജാരി താലി പൂജിക്കാന്‍ വാങ്ങി. പൂജിച്ചുകഴിഞ്ഞ് താലി തിരികെത്തരുമ്പോള്‍ പൂജാരി പറഞ്ഞു: 'വെളിയില്‍വെച്ച് കെട്ടിക്കോ. ഇവിടെ ഉള്ളില്‍വെച്ച് കെട്ടണമെങ്കില്‍ പതിനഞ്ചു ദിവസം മുന്‍പേ ജാതകമൊക്കെ കൊടുക്കണം.' എന്നാലേ അവിടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനും പറ്റൂ. കല്യാണം നടത്തിക്കോ, രജിസ്ട്രേഷന്‍ നടക്കില്ല. രജിസ്ട്രേഷന് പതിനഞ്ചു ദിവസം മുന്‍പേ ദേവസ്വത്തിന് അപേക്ഷ കൊടുക്കണം. അതുകൊണ്ട് വിവാഹം നടന്നതിന് അവിടെ രേഖകളൊന്നും കാണില്ല. പുസ്തകത്തില്‍ ഒപ്പിടാനും പറ്റില്ല. അതിനര്‍ഥം ഈ രഹസ്യവിവാഹത്തിനു രേഖകളൊന്നും കാണില്ല. പോരേ പൂരം. 

പുറത്തുവെച്ച് കെട്ടിക്കോ, ഞങ്ങളാരും ഇടപെടില്ല എന്ന് പൂജാരി. എന്നാല്‍ ശരി, അത്രേം ആവട്ടെയെന്ന് കരുതി. പൂജിച്ച താലി അമ്പലത്തിന്റെ വെളിയില്‍വെച്ച് കെട്ടി കല്യാണം നടന്നു. എന്റെ പുറകില്‍ അവരുടെ പെങ്ങളുടെ സ്ഥാനത്തുനിന്ന് താലിയുടെ കൊളുത്തിടാന്‍ സഹായിച്ചത് കൃഷ്ണന്‍നായര്‍ചേട്ടന്റെ ഭാര്യയാണോ തങ്കമാണോ എന്നോര്‍മയില്ല. കല്യാണം കഴിഞ്ഞ് വേഗംതന്നെ ഞങ്ങള്‍ തിരുവനന്തപുരത്തേക്കു തിരിച്ചു. വരുന്നവഴി കൃഷ്ണന്‍നായര്‍ചേട്ടന്‍ പറഞ്ഞു: 'എടാ പപ്പാ, ഇതെങ്ങനെയെങ്കിലും കുഴപ്പമായാല്‍ നമ്മടെ തലേലിരിക്കും. അതുകൊണ്ട് നമ്മക്കൊരു കാര്യം ചെയ്യണം. ഇതൊന്ന് രജിസ്റ്റര്‍ ചെയ്യണം. ഇല്ലാതെ പറ്റത്തില്ല. ഇവനെ വിശ്വസിച്ചുകൂടാ.' പപ്പനും അതു ശരിവെച്ചു.

പ്രത്യേകിച്ച് കല്യാണം നടന്നതിന് കുമരന്‍കോവിലിലും രേഖകളൊന്നുമില്ലല്ലോ? അതുകൊണ്ട് നിയമപ്രകാരം വിവാഹം നടന്നിട്ടില്ല. 'അതു ശരിയാണ്. രജിസ്റ്റര്‍ ചെയ്യണം. അല്ലാണ്ട് പറ്റില്ല.' എപ്പഴാ രജിസ്റ്റര്‍ ചെയ്യേണ്ടത്. കാത്തിരിക്കാന്‍ സമയമില്ല. പിറ്റേന്നുതന്നെ. അല്ലാണ്ടെപ്പഴാ. ഞാന്‍ പറഞ്ഞു: 'നന്നായി. കനകക്കുന്നു കൊട്ടാരത്തില്‍ ഡാന്‍സിന്റെ ഷൂട്ടാണ്. പത്തുമുന്നൂറു പേര് ഷൂട്ടിങ്ങിനു നില്ക്കുന്നതിനിടയില്‍ ഞാനെങ്ങനെ പോരും?' മുക്കുവനെ സ്നേഹിച്ച ഭൂതത്തില്‍ ഞാന്‍ രാജകുമാരിയാണ്. മുടിയൊക്കെ മോളിലേക്ക് കെട്ടിവെച്ചാണ് വേഷം. ഡാന്‍സാകുമ്പോള്‍ മേക്കപ്പും വേഷോം ഒക്കെ കുറെക്കൂടി കൂടും. ഭൂതം ഞങ്ങള്‍ക്ക് സ്വത്തു നല്കുന്നതാണ് കഥ. അങ്ങനെയാണ് രാജകുമാരിയൊക്കെയാവുന്നത്. ഡാന്‍സൊക്കെയില്ലാത്ത ഒരു സാധാരണവേഷമാണെങ്കില്‍ മുഖമൊക്കെയൊന്ന് കഴുകിത്തുടച്ച് ഓടിവന്ന് ഒപ്പിട്ടു പോവാം. ഇവിടെ അതു പറ്റില്ല. ഈ മുടിയൊക്കെ പൊക്കിക്കെട്ടിവെച്ച് ഡാന്‍സിന്റെ ചമയോം ഒക്കെയായി വന്ന് എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യുക. അതു പറ്റത്തില്ല. 

'അതു പറഞ്ഞാല്‍ ശരിയാവില്ല. ഇല്ല, ശരിയാവില്ല. കുറച്ചു നേരം വീട്ടില്‍ പോവണമെന്നു പറഞ്ഞ് അറേഞ്ച് ചെയ്താല്‍ മതി. ഏതായാലും ഇത് വളരെ ഗൗരവമായി എടുക്കണം. അല്ലാണ്ട് പറ്റില്ല.' എങ്ങനെ ഇതൊക്കെ നടക്കുമെന്ന വേവലാതിയിലാണ് ഞാന്‍. ഏതായാലും രജിസ്ട്രേഷന്‍ നടത്താതെ പറ്റില്ല. രാവിലെ ഞാന്‍ ഷൂട്ടിങ്ങിനു പോയി. അപ്പോഴും ആലോചന ഇതുതന്നെ. എങ്ങനെ ഇതൊക്കെ നടക്കും? എന്തു പറഞ്ഞ് കനകക്കുന്നു കൊട്ടാരത്തില്‍നിന്നോടിപ്പോരും. വീട്ടില്‍പ്പോകണമെന്ന് പറഞ്ഞാല്‍ ആരാ വിശ്വസിക്കുക? ആദ്യത്തെ തവണ ചോദ്യമൊന്നുമുണ്ടായില്ല. രണ്ടാമത്തെ തവണ അതാവില്ല. ഷൂട്ടിങ്ങിനിടയില്‍ ഇറങ്ങിപ്പോരാന്‍ സമ്മതിച്ചെന്നുവരില്ല. വല്ലാത്ത അങ്കലാപ്പിലായി ഞാന്‍..! അപ്പോഴും രജിസ്ട്രേഷന്‍ എവിടെവെച്ച് വേണമെന്ന് തീരുമാനമായിട്ടില്ല. ആലോചിക്കേണ്ട കാര്യംതന്നെയാണ് അത്. രജിസ്ട്രാര്‍ ഓഫീസില്‍ പറ്റില്ല. എല്ലാവരും അറിയും. ഹോട്ടലില്‍ വേണ്ട. പലരും വരുന്ന സ്ഥലമാണ്. പലതും നടക്കുന്ന സ്ഥലവും. കുറച്ചുകൂടി നൈര്‍മല്യമുള്ള സ്ഥലത്തു വേണം. ഇത്തിരി ഐശ്വര്യമൊക്കെയുള്ള സ്ഥലം. കൃഷ്ണന്‍നായര്‍ചേട്ടന്‍ പറഞ്ഞു: 'എന്റെ വീട്ടിലാവാം. നമ്മക്കവിടെ ഒരു പായസമൊക്കെ വെച്ച് കല്യാണമൊക്കെപ്പോലെ നടത്താം. എന്റെ വീട്ടില്‍ മതി.' 

തൊട്ടുപുറകിലാണ് ചേട്ടന്റെ വീട്. ഹോട്ടലിലായാലും വീട്ടിലായാലും രജിസ്ട്രാറെ കൊണ്ടുവരണം. ഓഫീസ് സമയത്ത് രജിസ്ട്രാര്‍ പുറത്തു പോവില്ല. അഞ്ചു മണി കഴിഞ്ഞ് ഓഫീസ് സമയത്തിനുശേഷമേ വരികയുള്ളൂ. പോയി കൂട്ടിക്കൊണ്ടുവരണം. അതിനുമുന്‍പായി നമ്മള്‍ ആവശ്യമുള്ള കടലാസുകളൊക്കെ ഒപ്പിട്ടുകൊടുക്കണം. ഷൂട്ടിങ്ങിനിടയില്‍ ഉച്ചയ്ക്കല്പനേരം ഒഴിവു കണ്ട് ഒപ്പിടാന്‍ നികുഞ്ജത്തിലേക്കു ചെല്ലണമെന്ന് പറഞ്ഞയച്ചിരുന്നു. ഞാന്‍ ഉച്ചയ്ക്ക് ശകലം നേരം 'ഞാനിപ്പം വരാന്ന്' സമ്മതം വാങ്ങി നികുഞ്ജത്തിലേക്കു പോയി നൃത്തത്തിന്റെ അതേ വേഷത്തില്‍ മേക്കപ്പൊന്നും അഴിക്കാതെ മുടിയൊക്കെ രാജകുമാരിയെപ്പോലെ പൊക്കിക്കെട്ടിവെച്ച്. എന്നെ കണ്ടയുടനെ ഭരതേട്ടന്‍ പറഞ്ഞു. 'ങാ ങാ. കെ.പി.എ.സി. ലളിതയായിട്ടാണോ വന്നിരിക്കുന്നത്. ഈ രൂപത്തിലൊന്നും എന്റെ ഭാര്യയായി ഒപ്പിടാന്‍ പറ്റില്ല.' എനിക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പൊട്ടിക്കരഞ്ഞു. കരച്ചിലിനിടയില്‍ ഞാനിത്രയും പറഞ്ഞൊപ്പിച്ചു: 'ഇപ്പം ഇതൊക്കെ അഴിച്ചുവെച്ചാല്‍ രണ്ടാമത് ചെന്ന് ഇതൊക്കെ കെട്ടിയുണ്ടാക്കാന്‍ വിഷമമല്ലേ?

പപ്പനൊക്കെയുണ്ട്. കൃഷ്ണന്‍നായര്‍ചേട്ടനും. അവരൊക്കെ ഇതു കണ്ടു രസിക്കുകയാണ്. കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ സൗന്ദര്യപ്പിണക്കം. പപ്പന്‍ ഇനിയിതൊക്കെ കരയ്ക്കൊന്നടുപ്പിച്ചിട്ടേ താവളം വിടുന്നുള്ളൂ. ഉത്സാഹക്കമ്മിറ്റിയിലെ സ്ഥിരാംഗമായിരിക്കുകയാണ്. ഉത്സാഹക്കമ്മിറ്റി എന്നാണോ കോര്‍ഡിനേഷന്‍ കമ്മിറ്റിയെന്നാണോ വേറെ എന്തോ ആണോ എന്നൊന്നും പറയാന്‍ പറ്റില്ല. കരച്ചിലിനിടയിലും എന്തു ചെയ്യണമെന്ന് ആലോചിക്കുകയാണ് ഞാന്‍. എല്ലാം വലിച്ചുപറിച്ചഴിച്ചുകഴിഞ്ഞാല്‍ അവിടെ ചെല്ലുമ്പോള്‍ നല്ല കണക്കായി. പിന്നെ ഞാന്‍ അണിഞ്ഞൊരുങ്ങാന്‍ മറ്റുള്ളവര്‍ കാത്തിരിക്കേണ്ടിവരും. ഈ മേക്കപ്പിനൊക്കെ എത്ര നേരം വേണ്ടിവരുമെന്നാ വിചാരം. 'അതൊന്നും സാരമില്ല, വൈകുന്നേരം രജിസ്ട്രേഷനു വരുമ്പോള്‍ ഇതൊക്കെ അഴിച്ചുവെച്ചിട്ട് വന്നാല്‍ മതി. കുഴപ്പമൊന്നുമില്ല.'

കൃഷ്ണന്‍നായര്‍ചേട്ടന്‍ ആശ്വസിപ്പിച്ചു. ഭരതേട്ടന്‍ പിന്നെ വാശി കാണിച്ചില്ല.
ഉച്ചയ്ക്ക് രണ്ടുമണിയായപ്പോള്‍ ഞാന്‍ പേപ്പറൊക്കെ ഒപ്പിട്ടുകൊടുത്ത് ലൊക്കേഷനില്‍ തിരിച്ചെത്തി. ഞാന്‍ വരുമ്പോള്‍ ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞിരുന്നു. ഈ നൃത്തരംഗം പകല്‍കൊണ്ട് ചെയ്തുതീരില്ല. അതുകൊണ്ട് രാത്രിയിലും ഷൂട്ടിങ് തുടരാനാണ് പ്ലാന്‍. എന്താ ചെയ്യുക? എനിക്കാകെ വെപ്രാളമായി. രണ്ടുമണിയായപ്പോള്‍ എനിക്കാകെ പരിഭ്രമമായി. ഒരിടവേളയുമില്ലാതെ ഷൂട്ടിങ് അങ്ങനെയങ്ങു തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോഴതാ കൃഷ്ണന്‍നായര്‍ചേട്ടന്റെ ഹോട്ടലിലെ ഒരു പയ്യന്‍ എന്നെ അന്വേഷിച്ചു വരുന്നു. കനകക്കുന്നു കൊട്ടാരത്തില്‍, ഷൂട്ടിങ് സെറ്റില്‍ അവന്‍ നേരേ എന്റെ അടുക്കലേക്കാണ് വന്നത്.

'എല്ലാവരും എത്തിക്കഴിഞ്ഞു. വേഗം അങ്ങോട്ടു വരാന്‍ പറഞ്ഞു.'
ഞാനെന്തു ചെയ്യും? ഇനി എന്തു കള്ളം പറയാന്‍ പറ്റും? രണ്ടു
ദിവസംകൊണ്ട് ഒരുപാടു പറഞ്ഞുകഴിഞ്ഞു. അതുകൊണ്ട് ഇനി സത്യംതന്നെ പറയാനുറച്ച് ഞാന്‍ ശശികുമാര്‍സാറിന്റെ അടുക്കലെത്തി. നടന്നതൊക്കെ ഞാന്‍ പറഞ്ഞു. ഇന്നും ഇന്നലെയും മിനിയാന്നും നടന്നതെല്ലാം. ഇതൊക്കെയാണ് സംഭവം. ഇതൊക്കെയാണ് ഇവിടെ രഹസ്യമായി നടന്നുകൊണ്ടിരുന്നത്. അതുകൊണ്ട് ഇപ്പോള്‍ രജിസ്ട്രര്‍ ചെയ്യണം. രജിസ്ട്രാര്‍ അവിടെ വന്നു കാത്തിരിക്കുകയാണ്. എനിക്കൊന്നു പോയിവരണം.

'എന്താ സംശയം? മോളു പോയിട്ടു വാ... ഓ, ഇതല്ലേ വലിയ കാര്യം. അതു കഴിയട്ടെ, എന്നിട്ടു മതി നമ്മുടെ ഷൂട്ടിങ്ങൊക്കെ...'
ശശികുമാര്‍സാറാണ് എന്നെ ആദ്യമായി അനുഗ്രഹിച്ച മനുഷ്യന്‍. ആ അനുഗ്രഹവും വാങ്ങിയാണ് ഞാന്‍ വിവാഹജീവിതത്തിലേക്കു കടന്നത്. അമ്പലത്തില്‍വെച്ചും തിരിച്ചെത്തിയിട്ടും ആരും എന്നെ അനുഗ്രഹിച്ചിരുന്നില്ല. കളിതമാശകള്‍ പറഞ്ഞതല്ലാതെ. അതും നല്ലതുതന്നെ. മനസ്സിനു ബലം നല്‍കാന്‍ കളിതമാശകള്‍ വേണം.
'മോളൊന്നുകൊണ്ടും പേടിക്കണ്ട. പോയിട്ടു വാ. എല്ലാം നന്നായിട്ടു വരും. മേയ്ക്കപ്പൊക്കെ അഴിച്ചു പതുക്കെ വന്നാല്‍ മതി...'

ഞാന്‍ മേയ്ക്കപ്പൊക്കെ അഴിച്ചുമാറ്റി. തലമുടിക്കെട്ടൊക്കെ അഴിച്ചുവിടര്‍ത്തി കുളിച്ചൊരുങ്ങി കൃഷ്ണന്‍നായരുടെ വീട്ടിലെത്തുമ്പോള്‍ സമയം ആറര മണി.
കനകക്കുന്നു കൊട്ടാരത്തില്‍നിന്നിറങ്ങുമ്പോള്‍ ശശികുമാര്‍സാര്‍ പറഞ്ഞു:
'തിരിച്ചുവരുമ്പം എങ്ങനെയെങ്കിലും ഭരതനെക്കൂടി കൂട്ടിക്കൊണ്ടുവരൂ. നമുക്കിവിടെ ഒന്നു കാണാല്ലോ?'

രജിസ്റ്ററൊക്കെക്കഴിഞ്ഞു. അവിടെ ഗംഭീര പായസമൊക്കെ ഉണ്ടായിരുന്നു. അങ്ങനെ മധുരമൊക്കെ കഴിച്ച് കല്യാണം ആഘോഷിച്ചു. പായസത്തിന്റെ മധുരം ശരിക്കും അറിയുന്നത് കല്യാണപ്പെണ്ണാണ്. ചിലപ്പോള്‍ അതിന്റെ കയ്പും. കുടുംബജീവിതത്തിലേക്കു പോകാന്‍ എനിക്കിനിയും കഴിയില്ലല്ലോ? അതുകൊണ്ട് തിരിച്ചെനിക്ക് സെറ്റിലേക്കു പോകണം. ഞാന്‍ ഭരതേട്ടനോട് തഞ്ചത്തില്‍ ചോദിച്ചു:
'എന്നെ കൊണ്ടുവിടുന്ന വണ്ടീല് അവിടംവരെ ഒന്നു വര്വോ? ഞാന്‍ ശശികുമാര്‍സാറിനോട് സത്യം പറഞ്ഞിരുന്നു. അല്ലാണ്ട് വഴിയില്ല. സാറ് കാണണോന്നും പറഞ്ഞിട്ടുണ്ട്. ഞാന്‍ കൊണ്ടുവരാന്നും ഏറ്റു...'
ഭരതേട്ടന്‍ ഒന്നും പറഞ്ഞില്ല. വണ്ടിയില്‍ എന്റെ കൂടെ കയറി. ഇവിടെ വന്നപ്പഴല്ലേ രസം. ഷൂട്ടിങ് ഒക്കെ നിര്‍ത്തിയിരിക്കുകയാണ്. എല്ലാം പായ്ക്കപ്പ്. പകരം ഗാനമേള പൊടിപൊടിക്കുകയാണ്. സെറ്റ് കല്യാണാഘോഷത്തിന് ഒരുങ്ങിയിരിക്കുന്നു.

പെട്ടെന്നുള്ള കാര്യമല്ലേ? സദ്യയൊരുക്കാന്‍ നേരമില്ല. അതുകൊണ്ട് എല്ലാവര്‍ക്കും ഐസ്‌ക്രീം. എല്ലാവരും വലിയ ഉത്സാഹത്തിലാണ്. പ്രൊഡ്യൂസറുടെ ചെലവിലാണ് സത്കാരം. കനകക്കുന്നു കൊട്ടാരത്തിലെ കല്യാണാഘോഷവും വിചാരിക്കാതെ ലഭിക്കുന്ന ഒരു സൗഭാഗ്യമാണ്. മുക്കുവനെ സ്നേഹിച്ച ഭൂതത്തിലെ രാജകുമാരിയുടെ കല്യാണം കൊട്ടാരത്തില്‍വെച്ചുതന്നെ നടക്കണ്ടേ? സിനിമയിലെ ജീവിതവും യഥാര്‍ഥജീവിതവും ഒന്നുചേരുന്ന ഒരു നിമിഷം. തിരുവനന്തപുരത്തേക്കു പുറപ്പെടുമ്പോള്‍ ഇതൊന്നും ഓര്‍ത്തതേയല്ല. 

മദിരാശിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള യാത്ര ഒരു മരണഘോഷയാത്രപോലെയായിരുന്നല്ലോ? കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെടുമ്പോള്‍ എല്ലാ ആശയും അറ്റുകഴിഞ്ഞ നിലയിലുമായിരുന്നു. ആഘോഷങ്ങള്‍ക്കിടയില്‍ എം.ജി. രാധാകൃഷ്ണന്‍ചേട്ടനും യദൃച്ഛയാ കയറിവന്നു. ഭരതേട്ടനും രാധാകൃഷ്ണന്‍ചേട്ടനും തമ്മില്‍ എന്തോ കാര്യത്തിന് തമ്മില്‍ പിണക്കമായിരുന്നു. അവരൊന്നിണങ്ങി. അതും നല്ലൊരു നിമിത്തമായി.

സെറ്റില്‍ മണവാളന്‍ ജോസഫും ശ്രീലതയുമൊക്കെയുണ്ട്. അവരങ്ങ് അരങ്ങുകൊഴുപ്പിച്ചു. അവര്‍ മത്സരിച്ചു പാട്ടു പാടി. കൊട്ടും മേളോം പാട്ടും. എല്ലാം ഗംഭീരം. വലിയ ഹാരമൊക്കെയിട്ട് കല്യാണംമാതിരിതന്നെ. 'കളിയല്ല കല്യാണം' എന്നു പറയാം. 'കരളിലൊരാനന്ദവേദന' എന്നും.ഫോട്ടോ എടുക്കാന്‍ തുടങ്ങിയപ്പോള്‍ ഭരതേട്ടന്‍ തടഞ്ഞു.
'അയ്യോ, വേണ്ട വേണ്ടേയ്. ഫോട്ടോ എടുക്കല്ലേ, ഫോട്ടോ എടുക്കല്ലേ...'
'ഫോട്ടോ എടുത്താല്‍ പത്രങ്ങളിലൊക്കെ വരും. അതുറപ്പാണ്. പിറ്റേ ദിവസംതന്നെ വാര്‍ത്തയും വരും. പിന്നെ രണ്ടുപേര്‍ ഇവിടെ ആത്മഹത്യ ചെയ്യേണ്ടിവരും. അതുകൊണ്ട് ഫോട്ടോ ഒന്നും എടുക്കണ്ട. പേപ്പറിലും കൊടുക്കണ്ട. നമ്മളിപ്പോള്‍ അറിഞ്ഞവര്‍ അറിഞ്ഞാല്‍ മതി...' എന്നുറക്കെപ്പറഞ്ഞു.

എല്ലാവരും അതിനു വഴങ്ങി. ആരും ഫോട്ടോ എടുത്തില്ല. അതുകൊണ്ടുള്ള നഷ്ടം ഞങ്ങള്‍ക്കായിരുന്നു. ഞങ്ങള്‍ക്കൊരു കല്യാണഫോട്ടോ ഇല്ലാതെപോയി. ഇല്ലാത്ത കല്യാണഫോട്ടോയെക്കുറിച്ചിപ്പോള്‍ വിഷമമുണ്ട്. അതു നോക്കാന്‍ ഒരു രസമല്ലേ? നമ്മുടെ നില്പും നോട്ടോം ഭാവോം വേഷോം ഒക്കെ കാണാന്‍ കൊതി തോന്നില്ലേ? അതുകൊണ്ട് ഞാന്‍ ഇടയ്ക്കിടെ മനസ്സില്‍ ഇല്ലാത്ത ഫോട്ടോ നോക്കി രസിക്കാറുണ്ട്. അതുകൊണ്ട് ആ ഫോട്ടോകളുടെ എണ്ണത്തിനു കണക്കില്ല. പാര്‍ട്ടിയൊക്കെ കഴിഞ്ഞ് ഞാന്‍ നേരേ നികുഞ്ജത്തിലേക്കാണ് പോയത്. അവിടെയും പാര്‍ട്ടിയൊക്കെ ഉണ്ടായിരുന്നു. കൂട്ടാളികളുടെയും ഉത്സാഹക്കമ്മിറ്റിക്കാരുടെയും പാര്‍ട്ടി. അതൊക്കെ കഴിഞ്ഞ് ഞങ്ങളുടെ മണിയറ ഒരുക്കിയിരിക്കുന്നതും അവിടെത്തന്നെ. ഞങ്ങളുടെ ആദ്യരാത്രി...

അടുത്ത ദിവസത്തെ ഷൂട്ടിങ്ങോടെ തിരുവനന്തപുരം വിടുകയാണ്. കല്യാണം കഴിഞ്ഞ് മധുവിധുവൊന്നും ഇല്ലാത്തവര്‍ സിനിമാക്കാരും രാഷ്ട്രീയക്കാരുമാണെന്നു തോന്നുന്നു. അവര്‍ക്കൊന്നിനും നേരം കിട്ടില്ലല്ലോ? ഒരു കൂട്ടര്‍ ലൊക്കേഷനില്‍നിന്ന് ലൊക്കേഷനിലേക്ക്, മറ്റവര്‍ ഒരു യോഗത്തില്‍നിന്ന് മറ്റൊന്നിലേക്ക്. ഇപ്പോള്‍ അവസ്ഥ അതാവില്ല. എല്ലാം ടെലിവിഷനിലല്ലേ...!
എനിക്ക് നേരേ ഇനി ഓടിയെത്തേണ്ടത് നിലമ്പൂരിലേക്കാണ്. അവിടെ ഐ.വി. ശശിയുടെ അനുഭവങ്ങളേ, നന്ദിയുടെ ഷൂട്ടിങ്.

ഭരതന്‍ | ഫോട്ടോ: മാതൃഭൂമി

നിലമ്പൂരിലേക്കുള്ള യാത്രയില്‍ ട്രെയിനില്‍ ടിക്കറ്റൊക്കെ സംഘടിപ്പിച്ച് ഭരതേട്ടനും എന്റെ കൂടെ കയറി. നിലമ്പൂര്‍ക്കല്ല; വഴിയില്‍ ഷൊര്‍ണൂരില്‍ ഇറങ്ങാനാ. പിറ്റേന്നു രാവിലത്തെ പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നുകഴിഞ്ഞിരുന്നു. വിലക്കിയിട്ടും വാര്‍ത്ത ഫ്ളാഷായി. പത്രത്തില്‍ വന്ന സ്ഥിതിക്ക് ഭരതേട്ടന്റെ വീട്ടില്‍ എന്തായാലും അറിയും. മലബാറിലെ പത്രങ്ങളില്‍ അന്ന് വാര്‍ത്ത വന്നില്ലെങ്കില്‍ പിറ്റേന്നെങ്കിലും വരും. വാര്‍ത്ത വന്നുകഴിഞ്ഞ് പ്രശ്നം വഷളാവുന്നതിനു മുന്‍പ് നാട്ടിലെത്തി വിവരം പറയണം.

വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാനാണ് പറയുന്നതെങ്കില്‍ അങ്ങനെയങ്ങു നേരേ ഇറങ്ങി മദിരാശിയിലേക്കു പോണം. പോകുന്ന പോക്കില്‍ നിലമ്പൂരില്‍ വന്ന് എന്നോട് വിവരം പറയാതിരിക്കില്ല. അമ്മയും അച്ഛനും സമ്മതിക്കുകയാണെങ്കില്‍ ഇവിടെ നില്ക്കും. എന്നിട്ടു പിന്നെ സാവകാശം വിവരം അറിയിക്കും. ഇങ്ങനെയൊക്കെ പ്ലാന്‍ ചെയ്താണ് കൂടെ കയറിയത്. ഷൊര്‍ണൂരില്‍ ഇറങ്ങിയപ്പോഴാണ് അറിയുന്നത്, ഇവിടത്തെ പത്രങ്ങളിലും വാര്‍ത്ത വന്നുകഴിഞ്ഞിരിക്കുന്നു. വാര്‍ത്തയും ഫോട്ടോയും രസകരംതന്നെ. ഞങ്ങളുടെ കല്യാണഫോട്ടോ ഇല്ല. അതിനു പകരം ഉണ്ടാക്കിയെടുത്ത ഒരു ഫോട്ടോ ഉണ്ട്. അതെങ്ങനെയാണ് കൊടുത്തിരിക്കുന്നതെന്ന് അറിയ്വോ? എന്റെ ഫോട്ടോ ഒരെണ്ണമുണ്ട്. ഞാനിങ്ങനെ വെറുതേ നില്ക്കുന്നത്. വേറൊരു ഫോട്ടോ എവിടെയോ സ്വീകരണം കഴിഞ്ഞ് ഭരതേട്ടനും പപ്പനുംകൂടി കൈത്തണ്ടയില്‍ ഹാരവുമൊക്കെ ഇട്ടു നില്ക്കുന്ന ഫോട്ടോയില്‍ മായം വരുത്തിയത്. 

ഭരതേട്ടന്‍ പപ്പന്റെ തോളില്‍ കൈയിട്ടു നില്ക്കുന്ന ചിത്രമാണ്. അത് പ്രയാണം ഇറങ്ങിക്കഴിഞ്ഞു കിട്ടിയ സ്വീകരണങ്ങളിലൊന്നിന്റെ ഫോട്ടോ ആയിരിക്കണം. ആ ഫോട്ടോയില്‍ പപ്പന്റെ തല വെട്ടിമാറ്റി എന്റെ തല ഒട്ടിച്ചിരിക്കുന്നു. അതാണ് പേപ്പറില്‍ വന്ന എന്റെ കല്യാണഫോട്ടോ.

ഷൊര്‍ണൂരില്‍ ഇറങ്ങി ഞാന്‍ നേരേ നിലമ്പൂര്‍ക്കു പോയി. ഭരതേട്ടന്‍ വടക്കാഞ്ചേരിക്കും. വടക്കാഞ്ചേരിയിലെ ഏങ്കക്കാട്ടാണ് വീട്. വടക്കാഞ്ചേരിയില്‍ എത്തുമ്പോള്‍ സംഗതി ഗുരുതരം. വീട്ടിലാകെ ബഹളം, നാട്ടിലും. ഭരതേട്ടന്‍ വേറെ ആരോടും സംസാരിക്കാന്‍ നിന്നില്ല. നേരേ അച്ഛനെ വിളിച്ച് കുളക്കരയിലേക്കു പോയി, അമ്മ ഇടപെടുന്നതിനു മുന്‍പുതന്നെ. വീട്ടില്‍നിന്ന് കുറച്ചകലെ തൊടിയിലാണ് കുളം. ഈ കുളത്തിനൊരു പ്രത്യേകതയുണ്ട്. ആണുങ്ങളുടെ ചര്‍ച്ചകളും തീരുമാനങ്ങളുമൊക്കെ ആ കുളക്കരയിലാണ് നടക്കാറ്. ആ കുളവും സ്ഥലവുമൊക്കെ ഇപ്പോള്‍ എന്റെ മക്കളുടെ പേരിലാണ്.

ആ കുളക്കരയിലേക്കാണ് യാത്ര. ഈ കുഴപ്പം പരിഹരിക്കാന്‍ എന്തെങ്കിലും വഴി കണ്ടെത്തണ്ടേ? ആ ചര്‍ച്ചയില്‍ അമ്മ ഇല്ലാതിരിക്കുന്നതാണ് നല്ലത്. അച്ഛനെ ഒറ്റയ്ക്കു കിട്ടിയാല്‍ കാര്യം പറയാന്‍ എളുപ്പമുണ്ട്. അച്ഛനെ കുളക്കടവിലിരുത്തി ഭരതേട്ടന്‍ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു. ഇങ്ങനെയൊക്കെ സംഭവിച്ചുകഴിഞ്ഞു. അല്ലാതെ ശരിയാവില്ല. അവള്‍ നിങ്ങള്‍ കേട്ടതുപോലെയും വിചാരിക്കുന്നതുപോലെയും ഒന്നുമല്ല. ലളിത കെ.പി.എ.സിയില്‍ വന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. ശരശയ്യ നാടകംതൊട്ടാണ് അഭിനയിക്കാന്‍ തുടങ്ങിയതുതന്നെ.

കേട്ടതുപോലെ കമ്മ്യൂണിസ്റ്റാക്കി നാടകംതൊട്ടൊന്നുമല്ല. നല്ല അസ്സല് നായന്മാരാണ്. വേറെ ഒരു കുഴപ്പോം ഇല്ല. അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ. കണ്ടുകഴിഞ്ഞാല്‍ അച്ഛന് ഇഷ്ടമാവും. അമ്മയ്ക്കും. അങ്ങനെ പറഞ്ഞുപറഞ്ഞ് അച്ഛനെ പാട്ടിലാക്കി. അച്ഛന് എല്ലാം ബോധ്യപ്പെട്ടു.
ഒടുക്കം അച്ഛന്‍ ഉത്തരമൊന്നും പറഞ്ഞില്ല. ഇത്രമാത്രം:
'നിന്റേല് സിഗരറ്റ് ഉണ്ടോ? എങ്കിലൊന്നെടുക്ക്...'
ഭരതേട്ടന്‍ സിഗരറ്റ് എടുത്ത് കൊളുത്തിക്കൊടുത്തു. അച്ഛന്‍ സിഗരറ്റും നീട്ടിവലിച്ച് പുകയും വിട്ടുകൊണ്ട് നേരേ വീട്ടിലേക്കു നടന്നു. അമ്മയുടെ അടുത്തേക്ക്. അമ്മ ചന്ദ്രഹാസംതുള്ളി നില്ക്കയാണ്. അച്ഛന്റേം മോന്റേം രഹസ്യചര്‍ച്ച അമ്മയെ കലികൊള്ളിക്കുന്നുണ്ട്.
അച്ഛന്‍ കണ്ണുമിഴിച്ചു. അതങ്ങനെയാണ്.
'എടീ, നിനക്ക്...'
അച്ഛന്‍ കണ്ണുമിഴിച്ച് അങ്ങനെ പറഞ്ഞുകഴിഞ്ഞാല്‍ മതി, അമ്മ പിന്നെ കമാന്നൊരക്ഷരം മിണ്ടില്ല. എല്ലാം സ്വിച്ചിട്ടതുപോലെ നില്ക്കും. കലിയിറങ്ങും.
'ഇനിയിപ്പം ഒന്നും പറയണ്ട. അടുത്ത മുഹൂര്‍ത്തത്തില്‍ നമുക്ക് കല്യാണം നടത്തണം. വേറെ ഒന്നും ഇനി ആലോചിക്കാനില്ല.'
'അതെങ്ങനാ ഇപ്പം കല്യാണം നടത്തണത്. അതിന് ചില ചടങ്ങൊക്കെ വേണ്ടേ? പെണ്ണിനെ കാണലൊക്കെ വേണ്ടേ? അതിപ്പം എങ്ങനാ. കാണിക്കാന്‍ ഇങ്ങോട്ടൊക്കെ കൊണ്ടുവരാന്‍ പറ്റില്ല. ഇവിടെ കെട്ടിയതിനുശേഷമേ കൊണ്ടുവരാന്‍ പറ്റൂ.'

അതും ശരിയാണ്. പെണ്ണുകാണാതെയെങ്ങനെയാണ് കല്യാണം. പെണ്ണുകാണാന്‍ മദിരാശിയിലേക്കു പോവുകയും വേണ്ട. പെണ്ണിവിടെയുണ്ട്, നിലമ്പൂരില്‍. പെണ്ണുകാണല്‍ച്ചടങ്ങ് ഇവിടെ എവിടെയെങ്കിലുംവെച്ചു നടത്താം.
'എന്നാല്‍ ഒരു കാര്യം ചെയ്യാം. പെണ്ണുകാണല്‍ ഷൊര്‍ണൂരില്‍വെച്ചാവാം. ചെറുതുരുത്തിയിലെ ഗസ്റ്റ്ഹൗസില്‍. ഞാന്‍ പോയി വിളിച്ചുകൊണ്ടുവരാം. നിങ്ങളവിടെ പോയി കണ്ടാല്‍ മതി.'
ഭരതേട്ടന്‍ പോംവഴി പറഞ്ഞു.

അങ്ങനെ മലപോലെ വന്നത് മഞ്ഞുപോലെ പോയി.
പെണ്ണുകാണലിനെക്കുറിച്ച് പറയുന്നതിനു മുന്‍പ് വേറെ ചില കാര്യങ്ങള്‍ പറയാനുണ്ട്. ഞാന്‍ ഷൂട്ടിനു നിലമ്പൂരിലെത്തിയപ്പോള്‍ എന്തു സംഭവിച്ചുവെന്നറിയണ്ടേ?
കഴുത്തില്‍ ഈ താലിയുമൊക്കെയിട്ടല്ലേ നിലമ്പൂരില്‍ വന്നിറങ്ങുന്നത്. ഞാനും മീനച്ചേച്ചിയും ഒരേ മുറിയിലാണ് താമസം. എന്നെ കണ്ട ഉടനെ മീനച്ചേച്ചി ചോദിച്ചു:
'എന്തവാടീ, ഇതൊക്കെ. ഇങ്ങനെയൊക്കെ പേപ്പറിലൊക്കെ
കണ്ടല്ലോ?'
'മീനച്ചേച്ചീ, മീനച്ചേച്ചിയോട് ഞാനെല്ലാം പറയാം. നമ്മക്ക് ഷൂട്ടിങ് കഴിയട്ടെ. എന്നിട്ടാട്ടെ...'
ഞാന്‍ ഷൂട്ടിങ്ങിനു പോയി. അവിടെ സീമയുണ്ട്. ശശിയുണ്ട്. എല്ലാവരുമുണ്ട്. അവരൊക്കെ കാര്യങ്ങള്‍ തിരക്കുന്നുണ്ട്. ഞാന്‍ പറഞ്ഞു:
'ഒണ്ട്, ഒരുപാടു കാര്യങ്ങള്‍ ഉണ്ട്. ഞാനെല്ലാരോടും പറയാം.'
ഇനിയിപ്പം ഒളിച്ചുവെക്കേണ്ട കാര്യമില്ലല്ലോ? പേപ്പറിലൊക്കെ വന്നില്ലേ. പിന്നെന്താ? അപ്പോഴും വടക്കാഞ്ചേരിയില്‍ നടന്ന കാര്യങ്ങള്‍ ഞാന്‍ അറിയുന്നില്ല.

രാത്രി ഞാന്‍ മീനച്ചേച്ചിയോട് എല്ലാ കഥയും വിസ്തരിച്ചു പറഞ്ഞു.
'അപ്പം ചേച്ചീ ഇതാ സംഭവം. അവര് വീട്ടില്‍ പോയിരിക്കാ. ഇതുവരെ വന്നില്ല. വീട്ടീന്ന് പ്രശ്നമുണ്ടാകുകയാണെങ്കില്‍ അപ്പംതന്നെ വീട്ടീന്നെറങ്ങും. എന്നിട്ട് ഇതിലൂടെ വന്ന് എന്റൂടെ പറഞ്ഞിട്ട് മദ്രാസിന് പോവൂന്നാ പറഞ്ഞിരിക്കുന്നേ.'
ഞങ്ങള് ഇതൊക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അരവിന്ദന്‍ എന്ന പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വന്നു പറഞ്ഞു:
'ലളിതാമ്മയെ കാണാന്‍ ഒരാള്‍ വന്നിരിക്കുന്നു. ഭരതന്‍ന്ന് പറഞ്ഞ ഒരാളാണ്...'
അപ്പോള്‍ എനിക്കു സംശയമായി. വീട്ടില്‍ സമ്മതിച്ചാല്‍ പതുക്കെ വരാംന്നല്ലേ പറഞ്ഞത്. എതിര്‍ത്താല്‍ എന്റെയടുത്തു വന്നു പറഞ്ഞിട്ട് മദ്രാസിനു പോകുമെന്നും.
ഞാന്‍ വിചാരിച്ചു, വീട്ടില്‍നിന്ന് ഇറക്കിവിട്ടതുതന്നെ. എനിക്കു വിഷമമൊന്നും തോന്നിയില്ല. ഇനിയിപ്പം കുഴപ്പമുണ്ടായാല്‍ത്തന്നെ എന്ത്? ഞാന്‍ പോവുമ്പോള്‍ ഓടിച്ചെന്ന് മീനച്ചേച്ചിയോടു പറഞ്ഞു:
'നമ്മളു പറഞ്ഞ കാര്യം അങ്ങനെത്തന്നെ ആയീന്നാ തോന്നണത്. അവര് സമ്മതിച്ചുകാണില്ല. ഇനി പോകാനുള്ള വരവാണ്...'
കണ്ട ഉടനെ ഭരതേട്ടന്‍ പറഞ്ഞു. എന്റെ മനസ്സിലുള്ളതെന്താണെന്ന് അറിഞ്ഞുതന്നെ, ഒരുത്തരംപോലെ.
'ഇല്ലില്ല, അവര് സമ്മതിച്ചു. അവരെല്ലാം ഭയങ്കര ഹാപ്പി... ജൂണ്‍ 2-ാം തീയതി കല്യാണം ഗുരുവായൂരില്‍വെച്ച്. അതിനുമുന്‍പ് പെണ്ണുകാണല്‍ച്ചടങ്ങ് വേണം. അതിനു വിളിച്ചോണ്ട് പോവാന്‍ വന്നതാ.'
'അതെങ്ങിനാ... നാളെ ഇവിടെ ഷൂട്ടാ.'
'അതൊന്നും സാരമില്ല. ഷൂട്ടിങ് ഷൂട്ടിങ്ന്ന് എപ്പഴും ഇങ്ങനെ പറയരുത് കേട്ടോ.'
എന്നാലും എനിക്ക് പറയാതേം സമ്മതമില്ലാതേം ഇറങ്ങിപ്പോകാന്‍ പറ്റ്വോ? ഞാന്‍ ഓടിച്ചെന്ന് ശശിസാറിനോടു പറഞ്ഞു. ഇങ്ങനെയൊരു കാര്യമുണ്ട്. ഇങ്ങനെയൊക്കെ നടന്നിരിക്കുന്നു. ശശിയുടെ അടുക്കല്‍ എല്ലാ കാര്യവും ഭരതേട്ടന്‍തന്നെ വിശദമായി പറഞ്ഞിരുന്നു.

'കൊണ്ടുപൊയ്ക്കോ... കൊണ്ടുപൊയ്ക്കോ... എനിക്കൊരു കുഴപ്പോം ഇല്ല. എല്ലാം കഴിഞ്ഞിട്ട് ഇങ്ങോട്ടു വിട്ടാല്‍ മതി.'
നിലമ്പൂരില്‍നിന്ന് രാത്രിതന്നെ കാറെടുത്ത് എന്നെ ചെറുതുരുത്തിയിലേക്കു കൊണ്ടുപോയി. ചെറുതുരുത്തിയില്‍ എത്തുമ്പോള്‍ വെളുപ്പിനു മൂന്നുമണി. അവിടെ ഒന്നാംനമ്പര്‍ മുറിയില്‍ ഞങ്ങള്‍ കൂടി. ആ മുറി പിന്നീടെക്കാലവും ചെറുതുരുത്തിയില്‍ എത്തുമ്പോള്‍ ഞങ്ങളുടെ സ്ഥിരം മുറിയായി. അതൊരിക്കലും കിട്ടാതെവന്നിട്ടില്ല. എനിക്കിപ്പോഴും ആ മുറിയോടു വല്ലാത്ത സെന്റിമെന്റ്സാണ്. അവിടെയെത്തുമ്പോള്‍ ഭരതേട്ടന്റെ അടുത്തെത്തുന്നതുപോലെ തോന്നും.
ആ നാലാംയാമം ഞങ്ങളവിടെ ഉറങ്ങാതെ തീര്‍ത്തു. രാവിലെയായപ്പോള്‍ എന്നോടു പറഞ്ഞു:
'താലിയൊക്കെ അഴിച്ചുവെച്ചേക്ക്. അമ്മ കാണണ്ട കഴുത്തേല്‍ താലി കെടക്കണത്. താലി കെട്ടിയില്ലെന്നാ ഞാന്‍ പറഞ്ഞത്. ചുമ്മാ ഇങ്ങനെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്നേ പറഞ്ഞിട്ടുള്ളൂ...'
ഞാന്‍ താലിയൊക്കെ അഴിച്ചുവെച്ചു.

ഒരു ഗുരുവായൂരപ്പന്റെ ഫോട്ടോ ഞാനെപ്പോഴും ഏതു യാത്രയിലും കൈയില്‍ കൊണ്ടുനടക്കാറുണ്ട്. മുറിയിലെത്തിയാല്‍ അതവിടെ നല്ല സ്ഥലത്ത് പ്രതിഷ്ഠിച്ച് ദിവസവും കൊച്ചുവിളക്ക് തെളിയിക്കും. അമ്മ വലിയ ഗുരുവായൂര്‍ഭക്തയാണെന്ന് നേരത്തേ പറഞ്ഞല്ലോ. അവിടെ ഭജനമിരുന്നിട്ടാണ് ഈ മകന്‍ ജനിച്ചതെന്നും പറഞ്ഞുകഴിഞ്ഞു.
ഫോട്ടോ കണ്ടപ്പോള്‍ ഭരതേട്ടന് സന്തോഷമായി. 'ഇതൊരു നല്ല മരുന്നാണല്ലോ?'
'അപ്പം നീ ഒരു കാര്യം ചെയ്തേക്കണം. ഈ വിളക്കൊക്കെ കത്തിച്ചുവെക്കണം. അമ്മയെ വീഴ്ത്താനുള്ള നല്ല വഴിയാണ്... അമ്മ വീഴും...'
'അതിനെന്താ? ആവാമല്ലോ? അല്ലെങ്കിലും ഞാന്‍ കത്തിച്ചുവെക്കാതിരിക്കില്ലല്ലോ...'
കുളിച്ചു വിളക്കൊക്കെ കത്തിച്ച്... കുങ്കുമപ്പൊട്ടും തൊട്ട്... ഗുരുവായൂരപ്പനെ വണങ്ങി... പ്രാര്‍ഥിച്ച്... ഞാനിരുന്നു. റെഡിയായി കാത്തിരുന്നു.

രാവിലെ ഏതാണ്ട് എട്ട് എട്ടരയായപ്പോഴേക്കും ഭരതേട്ടന്‍ പോയി അവരെ കൂട്ടിക്കൊണ്ടുവന്നു.
അച്ഛനും അമ്മയുംകൂടി വാതില്‍ തുറന്ന് അകത്തു കടന്നു. പെട്ടെന്നമ്മ, 'കൃഷ്ണാ... കൃഷ്ണാ... ഗുരുവായൂരപ്പാ...' എന്നൊരൊറ്റ വിളിയാ.
എന്നിട്ടെന്നെ അടിമുടി സ്നേഹത്തോടെ നോക്കി.
'അയ്യോ, എന്തൊക്കെയാ നാട്ടുകാര് പറഞ്ഞുപിടിപ്പിച്ചെ... അയ്യോ... എന്തായിരുന്നു... മഹാപാപം...'
എന്നൊക്കെപ്പറഞ്ഞ് കട്ടിലില്‍ കയറിയിരുന്നു. അടുത്തായി അച്ഛനും വന്നിരുന്നു. ആ സമയമായപ്പോള്‍ ഭരതേട്ടന്‍ പുറത്തേക്കിറങ്ങിപ്പോയി. ഞങ്ങള്‍ സ്വസ്ഥമായി സംസാരിക്കട്ടെ. പറയാനുള്ളതൊക്കെ പറഞ്ഞുതീര്‍ക്കട്ടെ.
ഇടതുകണ്ണുകൊണ്ട് ഭരതേട്ടന്‍ പോകുന്നത് നോക്കിയിട്ട് അമ്മ എന്റെ കൈ കടന്നുപിടിച്ചു.

'ഒന്നും അറിഞ്ഞൂടാ... ഞങ്ങളെ മകന്... ഒന്നും അറിഞ്ഞൂടാ... അവനൊരു പാവമാ... നല്ല സ്വഭാവമാ... ഇത്തിരി മുന്‍കോപമൊക്കെയുണ്ടെന്നേയുള്ളൂ. പക്ഷേ, നല്ല സ്നേഹമാ... എല്ലാരോടും... അവന്റെ അമ്മയായിട്ടും... ഭാര്യയായിട്ടും... ചേച്ചിയായിട്ടും അനിയത്തിയായിട്ടുമൊക്കെ ലളിത അവനെ, എന്റെ മോനെ നോക്കിക്കോളണം... ഞാന്‍ അവനെ അങ്ങോട്ടേല്പിക്കുകയാണ്.'
അമ്മ അന്നു പറഞ്ഞ ഓരോ വാക്കും എനിക്കോര്‍മയുണ്ട്. അതിനുശേഷം മരിക്കുന്നതുവരെ അമ്മ എന്റെയടുക്കല്‍ 'നമ്മടെ മോനെന്നേ' പറയാറുള്ളൂ. കുറെക്കഴിഞ്ഞ് പുതുമോടിയൊക്കെ മാറിക്കഴിഞ്ഞപ്പോള്‍ അതു കേള്‍ക്കുമ്പോള്‍ എനിക്കു രസം തോന്നും.

ഒരു ദിവസം എന്റെ മകന്‍ സിദ്ധുവൊക്കെ സ്‌കൂളില്‍ പോയിത്തുടങ്ങിയ കാലത്ത് അമ്മ 'നമ്മുടെ മോനെന്തിയേ?' എന്നു ചോദിച്ചു. ചോദ്യത്തിന്റെ അര്‍ഥം എനിക്കു പിടികിട്ടിയെങ്കിലും ഞാന്‍ അറിയാത്ത മട്ടില്‍ പറഞ്ഞു:
'നമ്മുടെ മോന്‍ സ്‌കൂളില്‍ പോയില്ലേ?'
'അല്ലല്ല. എന്റെ മോന്‍...'
അമ്മ ഒരുകാലത്തും 'നമ്മുടെ മോന്‍' എന്ന വിളി മാറ്റിയില്ല. അത്രയ്ക്കു സ്നേഹമായിരുന്നു സ്വന്തം മകനോട്. അത്രതന്നെ സ്നേഹം ഞാന്‍ മകന് നല്കണമെന്ന് അവരാഗ്രഹിക്കുകയും ചെയ്തു.

പെണ്ണുകാണുന്നതിനു മുന്‍പ് മുഹൂര്‍ത്തമൊക്കെ നോക്കിവെച്ചിരുന്നു. അച്ഛന്‍ ഉത്സാഹത്തോടെ അങ്ങോട്ടും ഇങ്ങോട്ടും ഓടാനും തുടങ്ങിയിരുന്നു. അടുത്ത മുഹൂര്‍ത്തം ജൂണ്‍ രണ്ടാംതീയതിയാണ്. അതിനിനി കുറച്ചു ദിവസം മാത്രം. ആലോചിച്ചുനോക്കൂ. മേയ് 21 ന് കല്യാണനിശ്ചയം, മേയ് 22 ന് ആദ്യത്തെ താലികെട്ട്, മേയ് 23 ന് രജിസ്ട്രേഷന്‍, അതു കഴിഞ്ഞ് മേയ് 26 ന് വീണ്ടുമൊരു പെണ്ണുകാണല്‍. ജൂണ്‍ രണ്ടാംതീയതി വീണ്ടുമൊരു താലികെട്ടും കല്യാണവും സദ്യയും. ആദ്യത്തെ കല്യാണത്തിന് ശിവചൈതന്യം. ആ കല്യാണം കുമരന്‍കോവിലില്‍. ശിവപുത്രനാണല്ലോ കുമരന്‍. രണ്ടാമത്തെ കല്യാണത്തിന് വിഷ്ണുചൈതന്യം. ഗുരുവായൂരപ്പന്റെ സന്നിധാനത്തില്‍. സാക്ഷാല്‍ കൃഷ്ണന്റെയടുത്ത്.

ഇനി ഒരാഴ്ച തികച്ചില്ല. ആ സമയംകൊണ്ട് എന്തൊക്കെ ചെയ്യാന്‍ പറ്റും? എന്റെ വീട്ടില്‍ വിവരം അറിയിക്കണ്ടേ? പേപ്പറിലൊക്കെ കണ്ട് അവര്‍ വിവരം അറിഞ്ഞിട്ടുണ്ടാവും. അറിയിച്ചില്ലെങ്കില്‍ അവിടെ എല്ലാവരും പ്രശ്നമാക്കില്ലേ? അവരെതിര്‍ക്കില്ലെന്നറിഞ്ഞിട്ടും എന്തിനു രഹസ്യമാക്കിവെച്ചു എന്നാവില്ലേ?
'ഞാനത് പറയുന്നതിനു മുന്‍പേ അച്ഛന്‍ പറഞ്ഞു: 'വീട്ടിലറിയിക്കണം... ഒന്നും നിങ്ങള്‍ അറിയണ്ട... എല്ലാം ഞാനേറ്റു... ഇനി ആ ചടങ്ങാണ് നടക്കാനുള്ളത്.'

കുടുംബചിത്രം

'ഞാന്‍തന്നെ പൊയ്ക്കോളാം... അഡ്രസ്സിങ്ങു തന്നാല്‍ മതി. ഞാന്‍ അവരുടെയടുത്ത് ക്ഷമയൊക്കെ പറഞ്ഞു കാര്യം അവതരിപ്പിക്കാം. കല്യാണത്തിന്റെ മറ്റു കാര്യങ്ങളൊന്നും അവരറിയണ്ട. എത്ര ആള്‍ക്കാര്‍ അവിടന്ന് കല്യാണത്തിനുണ്ടാവൂന്ന് പറഞ്ഞാല്‍ മതി. അതെത്രയായാലും കുഴപ്പോല്ല...'
സാധാരണ പെണ്‍വീട്ടുകാരാണല്ലോ കല്യാണം ഒരുക്കുന്നത്. ഈ കല്യാണത്തിന് വരന്റെ വീട്ടുകാര്‍ക്കാണ് ചുമതലയും ചെലവുമെല്ലാം. വേഗംതന്നെ അച്ഛന്‍ ഗുരുവായൂരില്‍ മുറികള്‍ ബുക്ക്ചെയ്യുന്നു. സദ്യ ഒരുക്കുന്നു. അന്ന് ഗുരുവായൂര്‍ അമ്പലത്തിലെ അസിസ്റ്റന്റ് ദേവസ്വം മാനേജര്‍ ഒരു രാമചന്ദ്രനായിരുന്നു-പാലിശ്ശേരി രാമചന്ദ്രന്‍. രാമചന്ദ്രന്‍ അച്ഛന്റെ അനന്തരവനാണ്. രാമചന്ദ്രനെ വിളിച്ച് കാര്യങ്ങളൊക്കെ ഏര്‍പ്പാടാക്കി. എല്ലാ ഉത്തരവാദിത്വവും ഏല്പിച്ചു.

അതൊക്കെ കഴിഞ്ഞിട്ടാണ് അച്ഛന്‍ എന്റെ വീട്ടില്‍ ചെല്ലുന്നത്. അവിടെ ചെന്നപ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. നമ്മുടെ, ഈ തെക്കോട്ടുള്ള ആള്‍ക്കാരല്ലേ, കൊറച്ചൊരു പൊങ്ങന്‍നായരുടെ സ്വഭാവം കാണും. നിശ്ചയത്തിനു വിളിക്കാത്തതുകൊണ്ട് കല്യാണത്തിനു വരില്ലെന്ന് ചില ബന്ധുക്കള്‍. അങ്ങനെ എന്റെ അപ്പച്ചിയൊന്നും കല്യാണത്തിനു വന്നില്ല.

'അവളെവിടുന്നോ കല്യാണത്തിനെന്നു പറഞ്ഞ് ഒരുത്തനെ പിടിച്ചോണ്ട് വന്നാല്‍ നമ്മളൊക്കെ ഓടിയങ്ങ് വരുകാണോ? നിശ്ചയോക്കെ നമ്മളോടൊക്കെ പറയണ്ടായോ?'
നടക്കാതെപോയ നിശ്ചയത്തെക്കുറിച്ചാണ് പറയുന്നത്- അല്ലെങ്കില്‍ ഒരുപാടു തവണ നടന്ന നിശ്ചയത്തെക്കുറിച്ചുമാവാം.
എന്നാലും കടയ്ക്കല്‍നിന്ന് എന്റെ ചിറ്റപ്പന്‍ വന്നു. വേറെ കുറെ ബന്ധുക്കളും. കുറെ ആള്‍ക്കാര്‍ സഹകരിച്ചില്ലെങ്കിലും കായംകുളത്തുനിന്ന് രണ്ട് ബസ്സു നിറയെ ആള്‍ക്കാര്‍ എത്തിയിരുന്നു. പിന്നെ കാറിലൊക്കെയായി വേറെ കുറെ ആള്‍ക്കാരും.

വന്നവര്‍ക്കും സംശയങ്ങള്‍ കുറെ ബാക്കിയാണ്. 'ഭരതന്‍ന്ന് പറയുന്നത് എന്ത് ജാതിയാ...? ഭരതന്‍ന്ന് മാത്രേ ഒള്ളോ...? എന്തെങ്കിലും നീളല്‍ വേണ്ടേ? ഭരതന്‍നായരോ ഭരതന്‍പിള്ളയോ ഭരതന്‍പണിക്കരോ... എന്നൊക്കെ വേണ്ടേ? ഇതിനൊരു നീളലില്ലല്ലോ? താണ ജാതിയെന്തെങ്കിലുമായിരിക്കും.' അവരതങ്ങ് തീരുമാനിച്ചുറപ്പിക്കുകയും ചെയ്തു. ചോദിച്ചവരോടൊക്കെ എന്റെ അമ്മ പറഞ്ഞു:

'അവര് മേനോന്മാരാണ്. നല്ല ആള്‍ക്കാരാണ്. തറവാടികളാണ്. ഒരു കുഴപ്പോം ഇല്ല...' 
ഇതൊക്കെ പറഞ്ഞിട്ടാണ് കുറച്ചു പേര്‍ വന്നതുതന്നെ. ഗുരുവായൂരമ്പലത്തില്‍വെച്ചു നടന്ന കല്യാണം ഗംഭീരമായിരുന്നു. സിനിമാക്കല്യാണമല്ലേ? ഒരുപാട് ആള്‍ക്കൂട്ടമുണ്ടായിരുന്നു. നല്ല കേമപ്പെട്ട സദ്യയുമുണ്ടായിരുന്നു.
സിനിമയിലേതുപോലെ ഒന്നുരണ്ടു റിഹേഴ്സല്‍ നടത്തിയ കല്യാണം. എന്റെ കല്യാണത്തിന്റെ തുടര്‍ക്കഥ ഇവിടെ അവസാനിക്കുന്നു. ഒരു സീരിയല്‍പോലെ കുറെ എപ്പിസോഡ് നീണ്ടുപോയ കല്യാണം.
 

Content Highlights: Autobiography excerpt of actor KPAC Lalitha