'മര്യാദകേട്, മര്‍ക്കടമുഷ്ടി, ഒരു സ്ത്രീ അത്രയ്ക്കങ്ങ് ആളായിക്കൂടാ'; സെനറ്റില്‍ കൊടുങ്കാറ്റായ കമല

#ഡോ. എം. ലീലാവതി
കമലാ ഹാരിസ്‌ | Photo: AP
കമലാ ഹാരിസ്‌ | Photo: AP

നിശ്ചയദാര്‍ഢ്യവും ഭരണമികവുംകൊണ്ട് അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ആദ്യ ദക്ഷിണേഷ്യന്‍ വംജശയായ കമലാദേവി ഹാരിസിന്റെ പ്രചോദനാത്മകമായ ജീവചരിത്രമാണ് ഡോ. എം. ലീലാവതിയുടെ കമലാ ഹാരിസിന്റെ ജീവിതയാത്ര.  ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചുവെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനോട് അവര്‍ പരാജയപ്പെട്ടു.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കമലാ ഹാരിസിന്റെ ജീവിതയാത്ര- പുസ്തകത്തില്‍ നിന്നൊരു ഭാഗം വായിക്കാം...

സെനറ്റര്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഒബാമയെപ്പോലുള്ള ഉന്നതര്‍ കമലയ്ക്കനുകൂലമായ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു-സെനറ്ററായാല്‍ കാലിഫോര്‍ണിയയിലെ ജനങ്ങള്‍ക്കുവേണ്ടി നിര്‍ഭയമായി അഹോരാത്രം പൊരുതാന്‍ കമലാ ഹാരിസിനെപ്പോലെ കഴിവുള്ളവര്‍ വേറെയില്ലെന്നും മറ്റും. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ മുഖ്യസ്ഥാനം നല്കിയിരുന്നത് മാരകായുധം കൈവശം വെക്കാനുള്ള ദുഃസ്വാതന്ത്ര്യത്തിന്ന് കടിഞ്ഞാണിടുന്ന നിയമങ്ങള്‍ കൊണ്ടുവരാന്‍ സെനറ്റില്‍ പൊരുതുമെന്നതിന്നായിരുന്നു-സാമാന്യജനത്തിന്റെയും നിഷ്‌കളങ്കരായ സ്‌കൂള്‍ കുട്ടികളുടെയും തൊലിക്കു വെളുപ്പുനിറമില്ലാത്തവരുടെയും ജീവന്‍ രക്ഷിക്കുന്നതിന്നുള്ള നിയമങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടുന്ന പോര്.

ഹിലാരി ക്ലിന്റന്‍ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന പൂര്‍ണ വിശ്വാസം കമലയുള്‍പ്പെടെയുള്ള ഡമോക്രാറ്റുകള്‍ക്കുണ്ടായിരുന്നു. സംഭവം മറിച്ചാണെന്നു വന്നപ്പോള്‍ ഹിലാരിയുടെ വിജയത്തിനുശേഷം ചെയ്യാന്‍ തയ്യാറാക്കിയ പ്രഭാഷണം കീറിക്കളഞ്ഞിട്ട്, പതിമൂന്നു കൊല്ലം മുമ്പ് ആദ്യം തെരഞ്ഞെടുപ്പിന്നു നില്ക്കുന്ന കാലത്ത് ആസുരശിരസ്സുകള്‍ കോര്‍ത്ത മാലയിടുന്ന 'കാളി'യുടെ സംഹാരരൗദ്രത്തെപ്പറ്റിചെയ്ത പ്രഭാഷണംപോലുള്ള ഒരു യുദ്ധപ്രഖ്യാപനം രൂപപ്പെടുത്തി. എട്ടു മിനിറ്റുമാത്രം നീളുന്ന ആ പ്രഭാഷണത്തില്‍ യുദ്ധം ചെയ്യുമെന്ന വാക്കുകള്‍, ഉപയോഗിക്കപ്പെടാതെപോയ പഴയ പ്രഭാഷണത്തിലെ 'too big to fail' പോലെ ആവര്‍ത്തിക്കപ്പെട്ടു -26 തവണ!
Do we retreat or do we fight?
I say we fight, And I intend to fight.
I intend to fight for our ideals.
I intend to fight for a state that has
the largest number of immigrants,
documented and undocumented, of
any state in the country and to do
everything we can to bring them
justice and dignity and fairness under the law and pass comprehensive immigration reform. Bring them out from under the shadows, fight for who we are. I intend to fight.
I intend to fight for 'BLACK LIVES MATTER.' I intend to fight for truth and transparency and trust, I intend to fight for a woman's access to health care and reproductive health rights. I intend to fight against those naysayers who suggest there is no such thing as climate-change.

ആ പ്രഭാഷണത്തില്‍, എല്ലാ ജനവിഭാഗങ്ങളുടെയും പൗരാവകാശങ്ങള്‍ക്ക് തുല്യമായ സംരക്ഷണത്തിന്നുവേണ്ടിയും വിവാഹസമത്വത്തിന്നുവേണ്ടിയും (സ്വവര്‍ഗ വിവാഹം) വിദ്യാര്‍ത്ഥികളെ കടബാധ്യതയില്‍നിന്നു രക്ഷിക്കുന്നതിന്നുവേണ്ടിയും സംഘടിച്ചു വിലപേശാന്‍ തൊഴിലാളികള്‍ക്കുള്ള അവകാശത്തിന്നുവേണ്ടിയും മറ്റും മറ്റുമുള്ള യുദ്ധത്തിന്റെ പ്രഖ്യാപനമുണ്ടായിരുന്നു.

സെനറ്റര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായ ലോറെറ്റ സാഞ്ചെസ്സിനെ (Loretta Sanchez) പിന്‍തള്ളുമെന്നത് ഒരു നിശ്ചിത വസ്തുതയായി പ്രചാരണസംഘം നേരത്തെതന്നെ കണക്കാക്കിയിരുന്നു. ഒബാമ-ഭരണം ട്രംപ്-ഭരണത്തിന് സ്ഥാനമൊഴിഞ്ഞുകൊടുക്കുംമുമ്പ്, 2017 ജനുവരി മൂന്നാം തീയതി വൈസ് പ്രസിഡന്റ് ജോ ബൈഡനാണ് കമലയ്ക്ക് സെനറ്ററായി സ്ഥാനമേല്ക്കാന്‍ പ്രതിജ്ഞാവാക്യം ചൊല്ലിക്കൊടുത്തത്. ഡമോക്രാറ്റുകളുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വത്തില്‍ ഒബാമക്കെതിരായി മത്സരിച്ചിരുന്നെങ്കിലും ഹിലാരി ക്ലിന്റനെ തന്റെ ഭരണത്തില്‍ പങ്കാളിയാവാന്‍ ഒബാമ ക്ഷണിക്കുകയും ഹിലാരി ക്ലിന്റന്‍ അതു സ്വീകരിക്കുകയും ചെയ്തിരുന്നല്ലോ. 

ട്രംപിന്നെതിരെ പ്രസിഡന്റുപദത്തിന്നു മത്സരിച്ച ഹിലാരി ക്ലിന്റന് സൗഹൃദപൂര്‍വം സ്ഥാനമേല്പിച്ചുകൊടുത്ത് ഇറങ്ങാമെന്ന പ്രതീക്ഷയാണ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തോടെ തകര്‍ന്നത്. ട്രംപ് തകര്‍ത്തത് അതു മാത്രമല്ല. ഒബാമയുടെ കാലത്തുണ്ടായ എല്ലാ നേട്ടങ്ങളെയും പൊടിതൂളിക്കാനായിരുന്നു ട്രംപിന്റെ പുറപ്പാട്. കുടിയേറ്റക്കാരോടുള്ള സമീപനം, പരിസ്ഥിതിസംരക്ഷണം, ആരോഗ്യ ഇന്‍ഷൂറന്‍സ്, നികുതിസംവിധാനം, സുപ്രീം കോര്‍ട്ടിലേക്കുളള നാമനിര്‍ദ്ദേശം... തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെല്ലാം ട്രംപ് പൊളിച്ചെഴുത്തുനയം സ്വീകരിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായിരുന്നു സെനറ്റിലും ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിലും നിര്‍ണായക ബലം. ഹിലാരി ക്ലിന്റനെ തോല്പിക്കാന്‍ ട്രംപ് രഹസ്യമായി റഷ്യയുടെ ഒത്താശ തേടിയിരുന്നുവെന്ന് ഇന്റലിജന്‍സ് വകുപ്പ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

കുടിയേറ്റക്കാരോടുള്ള അസഹിഷ്ണുതപോലുള്ള ട്രംപിന്റെ നയത്തോടാണ് സെനറ്റില്‍ യുദ്ധംചെയ്യേണ്ടിവരികയെന്ന അവബോധത്തോടെയാണ് കമലയ്ക്ക് സെനറ്റുപ്രവര്‍ത്തനം ആരംഭിക്കേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെയാവണം ആ യുദ്ധപ്രഖ്യാപനപ്രഭാഷണം ഇങ്ങനെ സമാപിച്ചത്. We all have to fight for who we are.

അമേരിക്കയുടെ സെനറ്റില്‍ അംഗമാവുന്ന സ്ത്രീകളില്‍ ആദ്യത്തെ ഇന്ത്യന്‍ വംശജയും രണ്ടാമത്തെ കറുത്ത വര്‍ഗക്കാരിയുമായിരുന്നു കമല. അത്തവണ സെനറ്റില്‍ എത്തിയവരില്‍ വെള്ളക്കാരല്ലാത്ത രണ്ടു സ്ത്രീകള്‍കൂടിയുണ്ടായിരുന്നു. ലാറ്റിനോ വിഭാഗത്തില്‍നിന്നു വന്ന കാതറിന്‍ കോര്‍ടെസ് മാസ്‌തോ(Cathrine Cortez Masto) (നെവാഡയുടെ പ്രതിനിധി) ടാമ്മി ഡക്വര്‍ത്ത് (Tammy Duckworth) (ഇല്ലിനോയ് പ്രതിനിധി) (തായ്-അമേരിക്കന്‍).

പുസ്തകത്തിന്റെ കവര്‍ പേജ്‌

കാലിഫോര്‍ണിയയില്‍നിന്ന് വളരെ മുമ്പെ തെരഞ്ഞെടുക്കപ്പെട്ട ഡയാനെ ഫെയ്ന്‍സ്റ്റീന്‍ (Dianne feinstien) ഏറ്റവും സീനിയറായ സെനറ്റര്‍മാരിലൊരുവളായിരുന്നു. മരണശിക്ഷാവിഷയത്തില്‍ വ്യത്യസ്താഭിപ്രായം പുലര്‍ത്തിയവര്‍. എസ്പിനോസയുടെ ഘാതകന് മരണശിക്ഷ നല്‍കാന്‍ വാദിക്കുന്നതിന്ന് തന്റെ കീഴിലുള്ള അറ്റോര്‍ണിയെ പ്രേരിപ്പിക്കാതിരുന്നതില്‍ കമലാ ഹാരിസിനെ അവര്‍ കുറ്റപ്പെടുത്തിയിരുന്നു. എങ്കിലും കമല സെനറ്റിലേക്കെത്തിയപ്പോള്‍ അവര്‍ സൗഹൃദപൂര്‍വം സഹകരണം നല്കി. സ്ഥാനമൊഴിയുന്ന ബാര്‍ബറ ബോക്‌സര്‍ കമലയ്ക്ക് പിന്തുണയും ഉപദേശവും കൊടുത്തു.

സെനറ്റില്‍ വിവിധ വിഷയങ്ങളില്‍ ചുമതലപ്പെട്ടവരായി കമ്മിറ്റികളുണ്ടായിരുന്നു. പ്രധാനപ്പെട്ട കമ്മറ്റികളിലംഗത്വം നേടിയാലേ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിനു വകയുണ്ടാവൂ. സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയില്‍ ഉള്‍പ്പെടാന്‍ ശ്രമിക്കണമെന്ന് ബാര്‍ബറ ഉപദേശിച്ചു. പ്രഗല്ഭയായ അറ്റോര്‍ണിയെന്ന പ്രസിദ്ധിയുണ്ടായിരുന്നതിനാല്‍ പല സീനിയര്‍ സെനറ്റര്‍മാരും തങ്ങളുടെ കമ്മിറ്റിയില്‍ കമലയുടെ സാന്നിധ്യമുണ്ടാവുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചു. ഡെമോക്രാറ്റുകളില്‍ വളരെ സീനിയറായിരുന്ന വൈഡന്‍(Wyden)-ഓറിഗോണിന്റെ പ്രതിനിധി-ഫിനാന്‍സ് കമ്മിറ്റിയിലുണ്ടായിരുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്ക് പേടിസ്വപ്നമാകത്തക്കവണ്ണം അവരുടെ സമീപനങ്ങളെ അറുത്തുമുറിക്കുന്നതില്‍ പ്രഗല്ഭനെന്നറിയപ്പെട്ടിരുന്നു. ഫിനാന്‍സ് കമ്മിറ്റിയിലംഗമാകാന്‍ താത്പര്യമുണ്ടോ എന്ന് അദ്ദേഹം തുടക്കത്തിലേ കമലയോട് ആരാഞ്ഞു. പരിസ്ഥിതി-പബ്ലിക് വര്‍ക്‌സ് കമ്മിറ്റിയിലും കമലയുടെ അംഗത്വം അദ്ദേഹം കാംക്ഷിച്ചു. പടിഞ്ഞാറന്‍ സ്റ്റേറ്റുകളിലെ വനങ്ങളില്‍ പെട്ടെന്നു പൊട്ടിപ്പുറപ്പെടാറുള്ള അഗ്നിബാധ വലിയൊരു പ്രശ്‌നമായിരുന്നു.

പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വിഷയങ്ങളില്‍ കമല പ്രകടിപ്പിച്ചിരുന്ന ഉത്കണ്ഠ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാലു കമ്മിറ്റികളില്‍ അംഗമായി കമല തെരഞ്ഞെടുക്കപ്പെട്ടു. 1. ഇന്റലിജന്‍സ് കമ്മിറ്റി, 2. ഹോംലാന്റ് സെക്യൂരിറ്റി ആന്റ് ഗവണ്മെന്റ് അഫയേഴ്‌സ് കമ്മിറ്റി, 3. പരിസ്ഥിതി പൊതുമരാമത്ത്, 4. ബജറ്റ് കമ്മിറ്റി.

ജുഡിഷ്യറി കമ്മിറ്റിയിലെ അംഗത്വം കമല ആഗ്രഹിച്ചെങ്കിലും ഒട്ടേറെ സീനിയര്‍മാര്‍ വരിനിന്നിരുന്നതിനാല്‍ അതിലുള്‍പ്പെടാന്‍ തരപ്പെട്ടില്ല. എങ്കിലും തനിക്കു കൈവന്ന നാലു കമ്മിറ്റി അംഗത്വങ്ങളും പ്രസിഡന്റ് ട്രംപിനോടുള്ള യുദ്ധക്കളങ്ങളാകത്തക്കവണ്ണം പ്രധാനങ്ങളായിരുന്നു.

ഹിലാരി ക്ലിന്റനെ പരാജയപ്പെടുത്താന്‍ ട്രംപ് രഹസ്യമായി റഷ്യയുടെ സഹായം തേടിയിരുന്നെന്ന റിപ്പോര്‍ട്ട് സ്ഥാനാരോഹണത്തിന്നുശേഷം ട്രംപ് മായ്ച്ചുകളയാതിരിക്കാന്‍ വേണ്ടിടത്തോളം സെനറ്റര്‍മാരില്‍ മനസ്സജ്ജീകരണം നടത്താന്‍ ഭരണമൊഴിയുംമുമ്പ് ഒബാമ ശ്രദ്ധിക്കയുണ്ടായി.

സെനറ്റര്‍മാര്‍ക്കു തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരുടെ സഹായംപോലും തേടാന്‍ നിവൃത്തിയില്ലാത്തവിധത്തിലുള്ള സംവിധാനമാണ് ഇന്റലിജന്‍സ് വകുപ്പിലെ പ്രവര്‍ത്തനത്തിലുള്ളത്. ടോപ്പ് സീക്രറ്റുകള്‍ (പരമ രഹസ്യങ്ങള്‍) ചോരുന്നതു തടയാന്‍വേണ്ടി സെനറ്റര്‍മാര്‍ ആരുടെയും സഹായം കൂടാതെ ഉറക്കമൊഴിച്ച് ഒറ്റയ്ക്കു കിണഞ്ഞു പണിയേണ്ടുന്ന രീതി. അതിനാല്‍ അതികഠിനാധ്വാനത്തിന്റെ കാലമായിരുന്നു കമലയ്ക്കു സെനറ്റര്‍ പദവി.

നിയമപരിപാലനത്തില്‍ 26 കൊല്ലത്തെ പ്രവര്‍ത്തനപരിചയം മറ്റു പല സെനറ്റര്‍മാര്‍ക്കും അവകാശപ്പെടാനാവാത്ത ചരിത്രമാണ്. അത് കമലയ്ക്കു വലിയൊരംഗീകാരമായിരുന്നു. റോണ്‍ വൈഡന്‍ പറയുകയുണ്ടായി, ഒരു നവാഗത സെനറ്റര്‍ക്ക് ഇന്റലിജന്‍സ് കമ്മിറ്റിയില്‍ അംഗത്വം കിട്ടിയ മറ്റൊരു നിദര്‍ശനം തന്റെ ഓര്‍മ്മയിലില്ലെന്ന്. ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ ഉതകുന്ന വകുപ്പുകളാണ് കമല കൈകാര്യം ചെയ്ത നാലെണ്ണവും. നാഷനല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുതകുംവണ്ണം അമേരിക്കന്‍ ജനതയുടെ ശ്രദ്ധയില്‍ പ്രസിഡന്റിന്റെ നയങ്ങള്‍ക്കെതിരെയുള്ള കമലയുടെ വിമര്‍ശനഗര്‍ജനങ്ങള്‍ മുഴങ്ങി.

പുതിയ പദവിയുടെ തുടക്കത്തില്‍ത്തന്നെ (ജനുവരി പത്ത് 2017) ഏറ്റവും ശ്രദ്ധിക്കപ്പെടാനുള്ള സന്ദര്‍ഭവും വന്നുചേര്‍ന്നു. മറൈന്‍ കോര്‍ ജനറല്‍ പദവിയില്‍നിന്നു വിരമിച്ച ജോണ്‍ എഫ്. കെല്ലിയെ ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി പദത്തിലേക്ക് നിയമിക്കാന്‍ ട്രംപ് നിശ്ചയിച്ചിരുന്നു. യു.എസ്. സതേണ്‍ കമാന്റിന്റെ (U.S. Southern Command) തലവനായിരുന്ന അദ്ദേഹം മധ്യഅമേരിക്കയിലേയും തെക്കന്‍ അമേരിക്കയിലേയും കാരിബീന്‍ ദ്വീപുകളിലെയും എല്ലാ സൈനികപ്രവര്‍ത്തനങ്ങളുടെയും മേലധികാരിയായിരുന്നു. 2012 മുതല്‍ 2016 വരെ നാലു-താര-ജനറല്‍ (Four-star-General) ആയിരുന്ന അദ്ദേഹത്തെ ട്രംപ് നാമനിര്‍ദേശം ചെയ്തതിന്നെതിരെ രണ്ടു പാര്‍ട്ടികളില്‍നിന്നും (ഡമോക്രാറ്റിക്, റിപ്പബ്ലിക്കന്‍) ഗണ്യമായ എതിര്‍പ്പൊന്നുമുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അദ്ദേഹത്തിന്നെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വേണ്ടുന്ന കോപ്പുകളുള്ള സെനറ്റര്‍മാര്‍ രണ്ടു പാര്‍ട്ടികളിലുമില്ലെന്നായിരുന്നു പൊതുവെ ധാരണ. പല ഡെമോക്രാറ്റു സെനറ്റര്‍മാരും അദ്ദേഹത്തിന്റെ അര്‍ഹതയെ കലവറയില്ലാതെ പ്രശംസിച്ചു. ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള തന്റെ ഊഴം വന്നപ്പോള്‍ കമലാ ഹാരിസ് അത്രയേറെ ഔദാര്യം കാണിച്ചില്ല. പ്രബലമായ കാരണമുണ്ടായിരുന്നു. 

ട്രംപിന്റെ ചില നയങ്ങള്‍ കാലിഫോര്‍ണിയക്കാര്‍ക്ക് വലിയ ആശങ്കകളുണ്ടാക്കാന്‍ പോന്നതായിരുന്നു. കുടിയേറ്റക്കാര്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കും ഒബാമ ആവിഷ്‌കരിച്ച DACA പ്രോഗ്രാമിന്നും (Deferred Action for Childhood Arrivals Programme) എതിരായ നയങ്ങള്‍. 'സ്വപ്നദര്‍ശികള്‍' (Dreamers) എന്ന പേരിലറിയപ്പെട്ടിരുന്ന ചെറുപ്പക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി രൂപപ്പെടുത്തിയ നിയമമാണത്. മക്കള്‍ക്കു നല്ലൊരു ഭാവിയുണ്ടാവാന്‍ തൊഴില്‍തേടിയെത്തിയവരാണ് അവരുടെ ജനയിതാക്കള്‍. അമേരിക്കയില്‍ വേരുകളുള്ളവരല്ലെങ്കിലും അവര്‍ക്ക് ജനയിതാക്കളുടെ നാടുകളുമായി ബന്ധങ്ങളുണ്ടായിരുന്നില്ല. അവര്‍ കോളേജ് വിദ്യാര്‍ത്ഥികളോ തൊഴിലുകളില്‍ പ്രവേശിക്കുന്ന ഘട്ടത്തില്‍പ്പെട്ടവരോ ആയിരുന്നു. മറ്റു സ്റ്റേറ്റുകളിലുള്ളതിനേക്കാള്‍ പല മടങ്ങു കൂടുതലായിരുന്നു കാലിഫോര്‍ണിയയില്‍ അവരുടെ എണ്ണം-1,83,000ത്തോളം-ട്രംപിന്റെ നയങ്ങള്‍ അവരെയൊക്കെ തിരിച്ചയയ്ക്കാനുള്ള നിശ്ചയത്തിലെത്തിയേക്കാമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഈ വിഭാഗത്തിന്റെ ഭാവിയെക്കുറിച്ചുള്ള നയങ്ങള്‍ നടപ്പിലാക്കേണ്ട ചുമതല ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറിയുടേതാണ്. അതിനാല്‍ ഈ വിഷയത്തില്‍ കെല്ലിയുടെ സമീപനമെന്തെന്ന് ആരായേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നത് കാലിഫോര്‍ണിയയെ പ്രതിനിധാനം ചെയ്യുന്ന കമല വിസ്മരിച്ചില്ല. കാലിഫോര്‍ണിയയിലെ ജനഗണത്തില്‍ നാല്പതു ശതമാനത്തോളം ലാറ്റിനോകളും 27 ശതമാനത്തോളം വിദേശീയരുമായിരുന്നു. 

നയങ്ങള്‍ നിശ്ചയിച്ചിരുന്നതും നടപ്പിലാക്കേണ്ടതും ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറിയുടെ ചുമതലയാണെന്നതിനെക്കുറിച്ചു ബോധവാനാണോ എന്നായിരുന്നു കെല്ലിയോടുള്ള കമലയുടെ ഒന്നാമത്തെ ചോദ്യം. അതെ എന്ന് ഉത്തരം കിട്ടി. വിദ്യാര്‍ത്ഥികളോ തൊഴിലുകളിലേയ്ക്കു നവാഗതരോ ആയ ആ ചെറുപ്പക്കാരുടെ ക്ഷേമം കാക്കേണ്ടത് അവരുടെ ആഗമം സ്വാഗതം ചെയ്യുമ്പോള്‍ അമേരിക്കന്‍ ഭരണകൂടം ചെയ്ത വാഗ്ദാനമാണ്. അതനുസരിച്ചു പ്രവര്‍ത്തിക്കുമോ അതോ അവരെ തിരിച്ചയയ്ക്കാനുള്ള നടപടികളിലേര്‍പ്പെടുമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. നിയമമനുസരിച്ചു പ്രവര്‍ത്തിക്കും എന്നായിരുന്നു കെല്ലിയുടെ ഉത്തരം. അതിന്റെ പരോക്ഷമെങ്കിലും സുവ്യക്തമായ അര്‍ത്ഥം ട്രംപ് ഭരണകൂടത്തിന്റെ നയം അവരെ പുറത്താക്കാനാണെങ്കില്‍ താന്‍ അതു നടപ്പാക്കുമെന്നുതന്നെയായിരുന്നു. 

താന്‍ പ്രതിനിധാനം ചെയ്യുന്ന കാലിഫോര്‍ണിയയിലെ 'സ്വപ്നദര്‍ശി'കളായ ഒന്നരലക്ഷത്തിലേറെ ചെറുപ്പക്കാര്‍ക്ക് ഇരുട്ടടിയാകാവുന്ന നിയമം നടപ്പിലാക്കാന്‍ സന്നദ്ധതയുള്ള ഒരാളെ ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി പദവിയിലവരോധിക്കുന്നതിന്ന് താന്‍ തീര്‍ത്തും എതിരാണെന്നു കമല പ്രസ്താവന തയ്യാറാക്കി. അമേരിക്കന്‍ ഭരണകൂടം അതിന്റെ വാഗ്ദാനം പാലിക്കാതെ മനുഷ്യത്വരഹിതവും അധാര്‍മികവുമായ നയം കൈക്കൊള്ളാനിടയുണ്ടെന്ന സംഭവ്യത തടയേണ്ടത് സെനറ്റര്‍മാരുടെ ചുമതലയാണെന്ന് കമല പ്രസ്താവനയില്‍ സുവ്യക്തമായി രേഖപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ കെല്ലിയെ സെക്രട്ടറിയാക്കുന്ന നിര്‍ദേശത്തിന്നെതിരായി വോട്ടുചെയ്യാന്‍ താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും. ഭൂരിപക്ഷം വോട്ടുകള്‍ കെല്ലിക്കു തുണചെയ്തുവെങ്കിലും അമേരിക്കയിലെ കുടിയേറ്റക്കാരുടെയും കറുത്ത വര്‍ഗത്തിന്റെയും സമൂഹം തങ്ങളുടെ ഒരു രക്ഷാകര്‍ത്രിയായി കമലയെ സ്വന്തം അന്തരംഗക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചു. തൊട്ടു പിറകെയാണ് സെനറ്റ് ഇന്റലിജന്റ് കമ്മിറ്റിയുടെ ഒന്നാം യോഗത്തില്‍ കമല പങ്കെടുത്തത്. അതില്‍ വെളിപ്പെട്ട വസ്തുതകള്‍ ട്രംപിനെതിരെ ഒരു ഭൂകമ്പം സൃഷ്ടിക്കാന്‍ പോന്നതായിരുന്നു.

ട്രംപിന്റെ തെരഞ്ഞെടുപ്പുവിജയത്തില്‍ റഷ്യയുടെ രഹസ്യപ്രവര്‍ത്തനം നിര്‍ണായകമായിരുന്നെന്ന വാര്‍ത്ത വെറും അഭ്യൂഹമല്ല യാഥാര്‍ത്ഥ്യമായിരുന്നെന്ന് ഉന്നതതലത്തിലുള്ള നാലു സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാര്‍ സെനറ്റിലെ ഇന്റലിജന്‍സ് കമ്മിറ്റിക്കു മുന്നില്‍ വെളിപ്പെടുത്തി. അഭ്യൂഹങ്ങള്‍ ജനങ്ങളെ പ്രക്ഷുബ്ധമാക്കിയിരുന്ന സമയത്ത് എല്ലാം കള്ളവാര്‍ത്തയാണെന്നു തള്ളിക്കളഞ്ഞുകൊണ്ടിരിക്കയായിരുന്നു ട്രംപ്. പുതിയ വെളിപ്പെടുത്തലനുസരിച്ച് സൈബര്‍ കാംപേയ്‌നിലൂടെ (കംപ്യൂട്ടറുകളുപയോഗിച്ചുകൊണ്ടുള്ള രഹസ്യ പ്രചാരണം) ട്രംപിനെ സഹായിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുതിന്‍ നേരിട്ടു നിര്‍ദേശം കൊടുത്തെന്നായിരുന്നു പുതിയ വെളിപ്പെടുത്തല്‍.

'കള്ളവാര്‍ത്ത'യെന്നു തള്ളിക്കളഞ്ഞിരുന്ന ട്രംപ് സങ്കോചമേതുമില്ലാതെ സ്വരം മാറ്റി ഉരുണ്ടുകളിച്ചു. ഒരു പ്രസ്താവനയിറക്കിയതിപ്രകാരം: 'റഷ്യ മാത്രമല്ല ചൈനയും മറ്റു പല രാജ്യങ്ങളും ഡമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്മാരുടെയും കംപ്യൂട്ടര്‍ സിസ്റ്റങ്ങളെ ഉപയുക്തമാക്കി അമേരിക്കയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പ്രയത്‌നിച്ചിട്ടുണ്ടാവാം; അവയൊന്നുംതന്നെ തെരഞ്ഞെടുപ്പുഫലത്തെ ബാധിച്ചിട്ടില്ല.' എന്നാല്‍ ട്രംപിന്റെ വ്യക്തിപരമായ ജീവിതവും ധനകാര്യ രഹസ്യങ്ങളുള്‍പ്പെടെയുള്ള വസ്തുതകളും മറ്റും മോസ്‌കോയുടെ രേഖാസഞ്ചയത്തിലുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. അതായത് ലോകത്തിലെ ഭരണാധിപതികളില്‍വെച്ച് ഏറ്റവും ശക്തിയുള്ള വ്യക്തിയെ എപ്പോള്‍ വേണമെങ്കിലും 'ബ്ലാക്‌മെയില്‍' ചെയ്യാന്‍ മറ്റൊരു രാജ്യത്തിന്നു കഴിവുണ്ടെന്ന്. അമേരിക്കന്‍ ജനതയെ ആശങ്കാകുലമാക്കിയ ഒരു സ്ഥിതിവിശേഷം.

സെനറ്റര്‍ കമലാ ഹാരിസ് നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടറായ ജേയ്ംസ് ക്ലാപ്പറുടെ മുന്നില്‍ ഉന്നയിച്ച ഒരു ചോദ്യമിതാണ്: 'തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ ഭരണത്തിന്‍കീഴില്‍ ചുമതലകള്‍ വഹിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെയും കംപ്യൂട്ടര്‍ നെറ്റുവര്‍ക്കുകളില്‍ റഷ്യന്‍ കംപ്യൂട്ടര്‍ സിസ്റ്റത്തിന്റെ വൈറസ്സുകള്‍ കടന്നുകൂടാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നുറപ്പുണ്ടോ?' 'അതിന്നുതകുന്ന വിദ്യാഭ്യാസം നല്കി അവരെ വിജ്ഞരാക്കാന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെ'ന്നായിരുന്നു മറുപടി. 'വിദ്യാഭ്യാസപരിപാടി വിജയിച്ചിട്ടുണ്ടെന്നു വിശ്വാസമുണ്ടോ?' എന്ന രണ്ടാം ചോദ്യത്തിന്നു കിട്ടിയ ഉത്തരം 'അത് അവരോടു ചോദിക്കണം' എന്നായിരുന്നത്രേ. അതായത് കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ വൈറസ് കടന്നുകൂടുകയെന്ന സംഭവ്യത നിഷേധിക്കാന്‍ അദ്ദേഹത്തിന്നു കെല്പില്ലെന്നുതന്നെ.

സി.ഐ.എ. ഡയറക്ടറായി ട്രംപ് നാമനിര്‍ദേശം ചെയ്ത മൈക്ക് പോംപിയോവിനോട് ഉന്നയിക്കപ്പെട്ട ചോദ്യങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായവ വന്നത് ഇന്റലിജന്‍സ് കമ്മിറ്റിയംഗമായ കമലയില്‍നിന്നാണ്. കാലാവസ്ഥാവ്യതിയാനം, ഗ്ലോബല്‍ വാമിങ് (Climate change, Global warming) തുടങ്ങിയ പരിസ്ഥിതിബദ്ധമായ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാട് പരിസ്ഥിതിശാസ്ത്രജ്ഞരുടെ നിഗമനങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നതായിരുന്നില്ല. ഗവണ്മെന്റ് നിയമിച്ച ശാസ്ത്രജ്ഞരുടെ ഏകകണ്ഠമായ റിപ്പോര്‍ട്ടിന്ന് വ്യക്തിപരമായ വിശ്വാസങ്ങളെ മാറ്റിവെച്ച് പരിഗണനയുണ്ടാകുമെന്ന് കുത്തിക്കുത്തിയുള്ള ചോദ്യങ്ങളിലൂടെ കമല ഉറപ്പുനേടിയെടുത്തു. അതുപോലെ, മതം, വംശം എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രതികൂലവിവേചനം സി.ഐ.എയുടെ കീഴിലുള്ള പ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടാവില്ലെന്നുള്ള സുവ്യക്തമായ പ്രസ്താവന അദ്ദേഹത്തില്‍നിന്നുണ്ടാവുംവരെ ഒഴിഞ്ഞുമാറാനനുവദിക്കാതെ ചോദ്യശരങ്ങള്‍ എയ്തതും കമല മാത്രമായിരുന്നു. കന്‍സാസില്‍നിന്ന്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അംഗമായിരുന്ന പോംപിയോവിനെക്കൊണ്ട് സുതാര്യവും നിര്‍ണായകവുമായ ഉത്തരങ്ങള്‍ പറയിച്ചേ അടങ്ങൂ എന്നു വിടാതെ പിടിക്കാന്‍ കഴിഞ്ഞത്, വിഷയങ്ങള്‍ നന്നായി പഠിച്ചുണ്ടാക്കിയ വിജ്ഞാനത്തിന്റെയും രേഖാസമുച്ചയത്തിന്റെയും പിന്‍ബലം കൊണ്ടുതന്നെ.

2017 ജനുവരിയില്‍ ഏഴു പുറംരാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്കു യാത്രചെയ്യാന്‍ ആര്‍ക്കും അനുവാദം കൊടുക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടു പ്രതിഷേധിച്ചവരുടെ 'വൈറ്റ് ഹൗസ് മാര്‍ച്ചില്‍' സെനറ്റര്‍ കമലയും സന്നിഹിതയായിരുന്നു. ട്രംപിന്റെ ജനാധിപത്യ വിരുദ്ധനയങ്ങള്‍ നടപ്പാക്കാന്‍ ചുമതലപ്പെട്ട ഉന്നതോദ്യോഗസ്ഥരോട് ഇടതടവില്ലാതെ ചോദ്യങ്ങള്‍ ചോദിക്കാന്‍ മുതിര്‍ന്ന കമലയുടെ സമീപനം 'അനാദര'ത്തിന്‍പേരില്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍ കമല ഒരൊറ്റ തത്ത്വമാണ് സംക്ഷിപ്തവാക്യശൈലിയില്‍ ഒതുക്കിയത്.
'ധീരതയാണ്; ആദരമല്ല.' (Courage not Courtesy). 

കമല ചോദ്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിച്ചവരില്‍ ഹോം ലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലിയുമുള്‍പ്പെട്ടിരുന്നു. 2017 ജൂണ്‍ ഏഴിന്ന് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസെന്‍സ്റ്റീന്‍ സെനറ്റ് ഇന്റലിജന്റ് കമ്മിറ്റിക്കു മുമ്പാകെ ചോദ്യങ്ങള്‍ നേരിടേണ്ടിവന്നു. ഒരു മാസം മുമ്പ് പ്രസിഡന്റ് ട്രംപ് എഫ്.ബി.ഐ. ഡയറക്ടര്‍ ജേയ്ംസ് കോമി (James Comey) യെ പിരിച്ചുവിടാന്‍ നിശ്ചയിച്ചതില്‍ റോഡ് റോസെന്‍സ്റ്റീന്‍ (Rod Rosenstein) വഹിച്ച പങ്കെന്തെന്നായിരുന്നു ഒരു ചോദ്യം. റഷ്യയും ട്രംപിന്റെ തെരഞ്ഞെടുപ്പുപ്രചാരണവും തമ്മില്‍ ബന്ധമുണ്ടോ എന്നതിനെപ്പറ്റി ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിന്റെ അന്വേഷണത്തിന്നു മേല്‍നോട്ടം വഹിക്കാന്‍ സ്‌പെഷ്യല്‍ ഉദ്യോഗസ്ഥനായി റോബര്‍ട്ട് മ്യൂള്ളറെ (Robert Mueller) നിയമിച്ചതിനെപ്പറ്റിയും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ നിശ്ചയിച്ചിരുന്നു. (മുന്‍പറഞ്ഞ ബന്ധം മൂടിവെക്കുന്നതിനോട് പ്രസിഡന്റ് ട്രംപിന്നുണ്ടായിരുന്ന താത്പര്യമാണ് കോമിയെ പിരിച്ചുവിട്ടതിലും റോസെന്‍സ്റ്റീന്‍ നടത്തിയ പുതിയ നിയമനത്തിലും പ്രതിഫലിച്ചിരുന്നത്.) 

മ്യൂള്ളര്‍ക്ക് പരമസ്വാതന്ത്ര്യം അനുവദിക്കുന്ന നിര്‍ദേശം രേഖാമൂലം കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന്ന് ഉവ്വെന്നോ ഇല്ലെന്നോ ഒറ്റവാക്കില്‍ ഉത്തരം വേണമെന്ന് കമല ശഠിച്ചു. ഒറ്റവാക്കില്‍ പറയാവുന്നതല്ല ഉത്തരമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യെസ് ഓര്‍ നോ പറയാവുന്ന ചോദ്യമാണെന്നും ഒഴിഞ്ഞുമാറുകയാണെന്നും കമല ആരോപിച്ചപ്പോള്‍ കമ്മിറ്റി ചെയര്‍മാന്‍ റിച്ചേഡ് ബര്‍ (Richard Burr)-നോര്‍ത്ത് കരോളിനയെ പ്രതിനിധാനം ചെയ്യുന്ന റിപ്പബ്ലിക്കന്‍-ഇടപെട്ടു. 'തന്റെ അധികാരമുപയോഗിച്ച് ഒറ്റവാക്കിലുത്തരം വേണമെന്ന കമലയുടെ ശാഠ്യത്തെ താന്‍ നിരാകരിക്കുന്നു'വെന്ന്. റോസന്‍സ്റ്റീന്‍ അര്‍ഹിക്കുന്ന ആദരം, മര്യാദ, നല്കപ്പെട്ടില്ലെന്ന ആരോപണം ഉണ്ടായ സന്ദര്‍ഭമതാണ്. കമലാ ഹാരിസിന്ന് വിശദീകരണത്തിന്നുള്ള അവകാശവും നിഷേധിച്ചു. അത്ഭുതവും അവഗണനയും കൂസലില്ലായ്മയും സൂചിപ്പിക്കുന്ന കണ്ണുചുളിച്ചുള്ള കോണ്‍കണ്‍നോട്ടത്തോടെ ചെയര്‍മാന്റെ വിമര്‍ശനം കേട്ടുനില്ക്കുന്ന കമലയെ ദശലക്ഷക്കണക്കിനാളുകള്‍ ടി.വിയിലൂടെ കണ്ടു. സെനറ്റില്‍, വെള്ളക്കാരായ കമ്മിറ്റി അംഗങ്ങള്‍ ഏക കറുത്ത വര്‍ഗക്കാരിയെ 'മിണ്ടാനനുവദിച്ചില്ല' എന്ന് ട്വിറ്ററില്‍ സ്‌ഫോടനാത്മകമായി വാര്‍ത്ത പരന്നു. 

റിപ്പബ്ലിക്കന്‍-ഡമോക്രാറ്റ് ഏറ്റുമുട്ടല്‍ സെനറ്റില്‍ കൊടുമ്പിരിക്കൊണ്ടു. ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ഡമോക്രാറ്റുകളുടെ പ്രതിഷേധം കത്തിപ്പടര്‍ന്നു. 'ധീരതയാണ്; ആദരമല്ല പ്രസക്തം' എന്ന കമലയുടെ നിലപാട് ഡമോക്രാറ്റുകള്‍ ഏറ്റുപിടിച്ച് പ്രചരിപ്പിച്ചു. പ്രസിഡന്റിനെ സമസ്‌കന്ധയായി നിന്നു ചോദ്യംചെയ്യുന്ന രാഷ്ട്രീയനേതാവെന്ന പ്രതിച്ഛായ കമലയ്ക്ക് സമ്മാനിക്കാനാണ് കമ്മിറ്റി ചെയര്‍മാന്റെ ആ ഇടപെടല്‍ സഹായിച്ചത്; കമലയെ നിശ്ശബ്ദയാക്കാനല്ല. ആ മുഹൂര്‍ത്തത്തിലെ വാചാലമായ മൗനവും പിന്നീട് ഉപയുക്തമായ സംക്ഷിപ്ത പദദ്വയവും, ഏതു നിശിതമായ ചോദ്യം ചെയ്യലിനേക്കാളും, പ്രചണ്ഡമായ വാഗ്‌ധോരണിയേക്കാളും, ഇടിവെട്ടിന്റേതുപോലുള്ള ഊര്‍ജവും പ്രകാശവും പ്രസരിപ്പിച്ചു. അമേരിക്കയെന്ന സാമ്രാജ്യത്തിലെ ഉന്നതവ്യക്തിത്വങ്ങളുടെ ഉത്തുംഗപദത്തിലേക്കാണ് അവഹേളനത്തിന്റെ ആ മുഹൂര്‍ത്തം കമലയെ എടുത്തുയര്‍ത്തിയത്. തുടര്‍ന്ന് ജൂണ്‍ പതിമൂന്നിന് അലബാമയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെഫ് സെഷന്‍സ് ആണ് ചോദ്യങ്ങളെ നേരിടേണ്ടിയിരുന്നത്.

തന്റെ ഊഴം വന്നപ്പോള്‍ കമല ആരാഞ്ഞത് ഒഹായോവിലെ ക്ലെവ്‌ലന്റില്‍ 2016ലെ റിപ്പബ്ലിക്കന്‍ നാഷനല്‍ കണ്‍വെന്‍ഷനില്‍വെച്ച് റഷ്യന്‍ ബിസിനസ്സുകാരോടോ ഇന്റലിജന്‍സ് വകുപ്പംഗങ്ങളോടോ ബന്ധപ്പെടുകയുണ്ടായോ എന്നാണ്. (റഷ്യയുടെ ഇടപെടലുകള്‍ക്ക് കേന്ദ്രസ്ഥാനം അതായിരുന്നു.) ഇല്ലെന്നു മറുപടി കൊടുത്തെങ്കിലും എത്ര ആളുകളുമായി ബന്ധപ്പെട്ടുവെന്നോ അവരാരൊക്കെയാണെന്നോ കൃത്യമായിപ്പറയാവതല്ലെന്ന് തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്കു മറുപടി വന്നു. മുത്തച്ഛന്‍ മുതല്‍ക്ക് ഉന്നതപദവിയിലിരുന്നവരുടെ പാരമ്പര്യമുണ്ടായിരുന്ന ജെഫെഴ്‌സന്‍ ബ്യൂര്‍ഗാര്‍ഡ് സെഷ്യന്‍സ് III മുഴുവന്‍ പേരെയും ഓര്‍ത്തെടുക്കാനാവില്ലെന്നു പതറി. ശരവര്‍ഷംപോലെ കമല ചോദ്യങ്ങളുതിര്‍ത്തപ്പോള്‍, അത്രയ്ക്കത്ര വേഗത്തില്‍ ഉത്തരങ്ങള്‍ വര്‍ഷിക്കാന്‍ തന്നെക്കൊണ്ടാവില്ലെന്ന് അദ്ദേഹം വിക്കിവിക്കിപ്പറഞ്ഞു: താന്‍ കൈകാര്യം ചെയ്യുന്ന നിയമത്തിന്റെയും നയത്തിന്റെയും ഉള്ളറകളെപ്പറ്റിയുള്ള താക്കോല്‍ പ്രധാനമായ വിഷയങ്ങളില്‍ തനിക്കു മറുപടി കൊടുക്കാനാവില്ലെന്ന്. 

'ശരി, താങ്കള്‍ ആലംബമാക്കുന്ന നയത്തിന്റെ അടിസ്ഥാനമായ രേഖയെന്തെന്ന് കാണിക്കാന്‍ കീഴുദ്യോഗസ്ഥന്മാരോട് ആവശ്യപ്പെട്ടതേയില്ലേ?' എന്നായി കമലയുടെ പിന്നത്തെ ചോദ്യം (രേഖ നേരേചൊവ്വേ കണ്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഉള്ളടക്കവും ഉള്ളുകള്ളിയും ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥന്ന് ഓര്‍ത്തെടുക്കാന്‍ വിഷമമുണ്ടായിക്കൂടല്ലോ). വസ്തുതകള്‍ ബോധപൂര്‍വം മറച്ചുവെക്കുകയാണെന്ന് അദ്ദേഹത്തെക്കൊണ്ട് പറയാതെ പറയിപ്പിക്കുന്ന ഈ 'വിചാരണാ'ശൈലി സെനറ്റ് കമ്മിറ്റിയിലെ സീനിയര്‍ റിപ്പബ്ലിക് അംഗങ്ങളിലൊരാള്‍ തടഞ്ഞു.

കമലയുടെ ചങ്കൂറ്റവും (audacity) പിടിവിടായ്കയും (tenacity) മുതിര്‍ന്ന പല പുരുഷര്‍ഷഭന്മാര്‍ക്കും തീരെ സമ്മതമായിരുന്നില്ല. നവാഗതാംഗം, അതും ഒരു സ്ത്രീ, അത്രയ്ക്കങ്ങ് ആളായിക്കൂടാ എന്നായിരുന്നു അവരുടെ മനോഭാവം. 'മര്യാദകേട്,' 'മര്‍ക്കടമുഷ്ടി' മുതലായ ആരോപണങ്ങള്‍ കണക്കിലെടുക്കാതെ കമല തന്റേതായ വഴിയിലൂടെത്തന്നെ മുന്നോട്ടുപോയി.

ജോണ്‍ കെല്ലി, ജെഫ് സെഷസ്, റോഡ് റോസെന്‍സ്റ്റീന്‍ മുതലായി ട്രംപ് ഭരണത്തിന്റെ ചുക്കാന്‍പിടിച്ചിരുന്നവരെ നേരിടുന്നതില്‍ പ്രകടിപ്പിച്ച ധീരത കമലയെ താരപദവിയിലേക്കുയര്‍ത്തി. സീനിയര്‍ ഡെമോക്രാറ്റ് സെനറ്ററായിരുന്ന വൈഡന്‍ കമലയെ തികച്ചും ആത്മാര്‍ത്ഥമായി പ്രശംസിച്ചു.
'She's prepared, she's focussed, she's smart, she's effective, she does her home work.'

Content Highlights: Books excerpt from biography of Kamala Harris