കേക്കിലെഴുതിയ കവിത, അതിലൊളിപ്പിച്ച സമസ്യകള്‍; എല്ലാ കുറ്റങ്ങളും തെളിയേണ്ടതുണ്ട്..!

ബ്ലൂബെറീസ് എന്ന നോവലിനു ജിസ ജോസ് എഴുതിയ ആമുഖം:
കേക്കും കവിതയും ജീവിതവും...
മകനുമൊത്തുള്ള ഒരു വൈകുന്നേര നടത്തത്തിനിടയില്‍ നോവലെഴുത്തിനെക്കുറിച്ചു സംസാരിക്കുമ്പോഴാണ് ബ്ലൂബെറീസിന്റെ ആദ്യ ചാപ്റ്റര്‍ മനസ്സിലെത്തിയത്. അവന്റെ രണ്ടാമത്തെ നോവല്‍ നൈല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞ സമയമായിരുന്നു. അടുത്ത ഒന്നിനെക്കുറിച്ചുള്ള ചിന്ത അവ്യക്തമായി മനസ്സിലുണ്ടെങ്കിലും എഴുതാന്‍ പറ്റുന്നില്ലെന്ന് അവന്‍ പറഞ്ഞു. എഴുതാന്‍ പറ്റാതെവരുന്നെങ്കില്‍ അതിനെ മറികടക്കാന്‍ എഴുതിത്തുടങ്ങുക എന്നതു മാത്രമാണ് പോംവഴിയെന്നാണ് സ്വന്തം അനുഭവം.
ആദ്യത്തെ അദ്ധ്യായം എഴുതിക്കഴിഞ്ഞാല്‍ കഥയ്ക്കു മുന്നോട്ടുപോയേ മതിയാവൂ. അതിന്റെ വളര്‍ച്ചയ്ക്കാവശ്യമുള്ളതൊക്കെ സ്വയം കണ്ടെത്തി അതു വളര്‍ന്നുകൊള്ളും. എഴുതണമെന്നു നിശ്ചയിച്ചാല്‍ ആദ്യത്തെ ചാപ്റ്ററെഴുതുന്നത് അത്ര ദുഷ്‌കരവുമല്ല. കഥയോ കഥാപാത്രങ്ങളോ മനസ്സില്‍ വ്യക്തമായി രൂപപ്പെട്ടിട്ടില്ലെങ്കിലും അതെഴുതാന്‍ സാധിക്കുമെന്നു കാണിക്കാന്‍വേണ്ടി മാത്രമായിരുന്നു അന്നു രാത്രിതന്നെ ഒരു ചാപ്റ്റര്‍ എഴുതിനോക്കിയത്. കേക്കുകള്‍ക്കു പ്രസിദ്ധമായ ബേക്കറി, ധാരാളം ഓര്‍ഡറുകളുള്ള ഒരു ദിവസം കേക്കില്‍ കവിതയെഴുതണമെന്ന ആവശ്യവുമായി അങ്ങോട്ടു വരുന്ന വിചിത്രമായ ഒരു ഓര്‍ഡര്‍, സ്റ്റെല്ല എന്ന സെയില്‍സ് മാനേജര്‍, ഡിസൈനറായ ടിസ, മുതലാളി സ്റ്റാന്‍ലി... യാതൊരു പ്ലാനിങ്ങുമില്ലാതെ പരീക്ഷണാടിസ്ഥാനത്തില്‍ എഴുതിയ ആദ്യ അദ്ധ്യായം മകന് പ്രചോദനമായോ എന്നൊന്നും അറിയില്ല. പക്ഷേ, എനിക്ക് ആ കഥ മുന്നോട്ടു കൊണ്ടുപോകാന്‍ ആകാംക്ഷയായി. ഇനിയെന്താണുണ്ടാവുക എന്നറിയാനുള്ള കൗതുകത്തില്‍ മൂന്നാലു ചാപ്റ്ററുകള്‍ കൂടി എഴുതി. ബ്ലൂബെറീസ് എന്ന കേക്ക് ഷോപ്പിനെ കേന്ദ്രീകരിച്ചാണ് കഥയുടെ വളര്‍ച്ചയെന്നായിരുന്നു വിചാരിച്ചിരുന്നത്. ഏതോ സമയത്ത് കഥ ബ്ലൂബെറീസ് വിട്ടു പുറത്തേക്കു വന്നു. സുഹാന എന്ന ജേണലിസ്റ്റ് ടിസയ്ക്കും സ്റ്റെല്ലയ്ക്കുമൊപ്പം ചേര്‍ന്നു.
ജീവിതത്തിലെ ഉല്ലാസനിമിഷങ്ങള്‍ക്കൊപ്പം കേക്കുകള്‍ സാര്‍വ്വത്രികമായത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയിലായിരിക്കണം. കേക്കുകളുടെ വിചിത്രമായ ആകൃതികളും അതിന്മേലുള്ള കൗതുകകരമായ എഴുത്തുകളും രുചിയിലെ വൈവിദ്ധ്യങ്ങളും എപ്പോഴും ആകര്‍ഷിക്കാറുണ്ടായിരുന്നു. എഫ്.ബിയില്‍ പല ബേക്കേഴ്‌സും പോസ്റ്റ് ചെയ്യുന്ന കേക്കുകളുടെ ചിത്രങ്ങള്‍ അതിശയപ്പെടുത്തിയിട്ടുണ്ട്. കണ്ടാല്‍ത്തന്നെ കൊതിപ്പിക്കുന്നവ. ആ മധുരത്തിനൊപ്പം കവിതയുടെ മധുരം കൂടിച്ചേരുമ്പോള്‍ അത് കൂടുതല്‍ രുചികരമാവും. പക്ഷേ, അതൊരു ദുഃഖകരമായ കവിതയിലെ വരികളാവുമ്പോള്‍ തീര്‍ച്ചയായും അതിലൊരു നിഗൂഢമായ വേദനകൂടി ഒളിഞ്ഞിരിക്കുന്നുണ്ടാവണം. കേക്കില്‍ ആ വരികളെഴുതാന്‍ പറഞ്ഞയാളുടെ ജീവിതം ഇരുട്ടുപുതച്ചതാവാന്‍ സാദ്ധ്യതയുണ്ട്. അത്തരമൊരന്വേഷണമായിരുന്നു ബ്ലൂബെറീസിന്റേത്. അങ്ങനെയാണ് കഥ ബ്ലൂബെറീസില്‍നിന്നിറങ്ങി ശങ്കരപുരത്തേക്കും സൗഭദ്രിക, സുരഞ്ജന്‍, സീതാവേണി എന്നിവരിലേക്കും എത്തിയത്.
തൊരുദത്തിന്റെ കവിതകള്‍ വായിക്കാന്‍ വളരെ വൈകിപ്പോയിരുന്നു. ഇഗ്‌നോയില്‍ ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പി.ജി. ചെയ്യുന്നത് കോവിഡ് കാലത്താണ്. തൊരുദത്തിന്റെ 'സീത' എന്ന കവിത ഹൃദയത്തില്‍ പറ്റിപ്പിടിച്ചു. അതില്‍ ഘനീഭവിച്ച വിഷാദം, ഇരുണ്ട ടോണിലുള്ള ഒരു പെയിന്റിങ്ങുപോലെ മനസ്സില്‍ പതിയുന്ന ദൃശ്യങ്ങള്‍... കടുത്ത വിഷാദത്തിനിടയിലും അതിലെ പ്രത്യാശ, മൂന്നു കുഞ്ഞുങ്ങളുടെ നിസ്സഹായമായ ചേര്‍ന്നിരിപ്പ്, അതിന്റെ ഊഷ്മളത, കഥപറയുന്ന അമ്മ... ഈ കവിത ഇത്രകാലവും വായിച്ചില്ലല്ലോ എന്ന നഷ്ടബോധത്തോടെയാണ് തൊരുദത്തിനെക്കുറിച്ചു കൂടുതല്‍ അന്വേഷിച്ചത്. ഇരുപത്തിയൊന്നുവയസ്സില്‍ മരിച്ചുപോയ അസാമാന്യപ്രതിഭാശാലിയായ കവി! 'ഇന്ത്യയിലെ കീറ്റ്‌സ്' എന്നു വിശേഷിപ്പിക്കപ്പെട്ടവള്‍! മിക്ക കവിതകളുമെന്നപോലെ സീതയും അവരുടെ ആത്മകഥാസ്പര്‍ശമുള്ളതാണ്. അവരും സഹോദരങ്ങളുമാണ് കവിതയിലെ ചേര്‍ന്നിരിക്കുന്ന കുഞ്ഞുങ്ങള്‍. പല കാലങ്ങളിലായി ആ മൂന്നു കുഞ്ഞുങ്ങളും മരണത്തിന്റെ കൈപിടിച്ചു വേര്‍പിരിഞ്ഞുപോയി. കവിതയും കവിയുടെ വ്യക്തിജീവിതവും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. പക്ഷേ, അതൊരു കഥയിലോ നോവലിലോ ഉപയോഗിക്കാനാവുമെന്നു വിചാരിച്ചിരുന്നില്ല. നിശ്ശബ്ദമായൊരു വൈകുന്നേരം ഇരുണ്ട മുറിയിലിരുന്ന് അമ്മ പറഞ്ഞുകൊടുക്കുന്നത് ഉപേക്ഷിക്കപ്പെട്ട സീതയുടെ മഹാസങ്കടത്തിന്റെ കഥയാണ്. 'പതിയേ കാഴ്ചയില്‍നിന്നുരുകിമായുന്നുണ്ടാ രംഗം... എങ്കിലുമവര്‍ പുലരുവോളമതു കിനാവു കാണും!' അമ്മയുടെ അരികില്‍ പറ്റിച്ചേരാന്‍ വെമ്പുന്ന, പുലരുവോളം സീതാദേവിയുടെ ഏകാന്തമായ ഇരിപ്പും കാട്ടിലെ മനോജ്ഞദൃശ്യങ്ങളും കിനാവു കാണുന്ന കുട്ടികള്‍... ഈ വരികള്‍ ഇപ്പോഴും മനസ്സു തൊടുന്നു, കണ്ണുകള്‍ ഈറനാകുന്നു... ഒന്നിച്ചുള്ള ഇരുത്തവും കഥപറയുന്ന അമ്മയും ചേര്‍ന്നുള്ള ദൃശ്യവുമാവാം അവര്‍ കിനാവു കാണുന്നത്. അത് ഇനിയൊരിക്കലും കൂട്ടിച്ചേര്‍ക്കാനാവാത്തവിധം ചിതറിപ്പോയിക്കഴിഞ്ഞല്ലോ. കവിതയുടെ വായനക്കാര്‍ തീര്‍ച്ചയായും അങ്ങനെയൊന്നു കിനാവു കാണും. ഞാനും കണ്ടു.
ബ്ലൂബെറീസ് ഗൃഹലക്ഷ്മിയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങുമ്പോള്‍ കേക്കിനുവേണ്ടി വന്ന ഓര്‍ഡറും അതിലെഴുതാനാവശ്യപ്പെട്ട കവിതയും അത്തരമൊരു കേക്ക് തയ്യാറാക്കിയതിന്റെ പേരില്‍ ടിസയും സ്റ്റെല്ലയും നേരിടേണ്ടിവന്ന പ്രതിസന്ധികളും മാത്രമേ എഴുതിക്കഴിഞ്ഞിരുന്നുള്ളൂ. നോവല്‍ പൂര്‍ത്തിയാക്കേണ്ടത് എങ്ങനെയെന്നതിനെപ്പറ്റി ധാരാളം ആശങ്കകളും സംശയങ്ങളുമുണ്ടായിരുന്നു. അതിനൊക്കെ പരിഹാരം കിട്ടിയത് തൊരുദത്തിന്റെ കവിതയിലൂടെയാണ്. അതിനെ പിന്തുടര്‍ന്ന് മനുഷ്യമനസ്സിന്റെ ചാഞ്ചല്യങ്ങളിലേക്കും നിഗൂഢതകളിലേക്കും നടന്നുപോകാനുള്ള ഒരു വഴി കിട്ടുകയായിരുന്നു എനിക്ക്.
ആ കവിതയിലെ വരികള്‍ കേക്കില്‍ എഴുതാനാവശ്യപ്പെടുന്ന വ്യക്തിയും സഹോദരങ്ങളും, എല്ലാ സമ്പത്തും സമൃദ്ധിയുമുണ്ടായിട്ടും അവരനുഭവിക്കേണ്ടിവരുന്ന ദുരന്തങ്ങളും ആഘാതങ്ങളും... ജീവിതത്തിലുടനീളം പിന്തുടരുന്ന ട്രോമകള്‍... കുറ്റാന്വേഷണസ്വഭാവമുള്ള രചനയാണ് ബ്ലൂബെറീസ്. പക്ഷേ, സാമ്പ്രദായികമട്ടിലുള്ള കുറ്റാന്വേഷണമല്ല നോവലിലുള്ളത്. ദുരൂഹമായ സാഹചര്യത്തില്‍ നടക്കുന്ന ഒരു മരണത്തിനു പിന്നിലുള്ള കാരണങ്ങളന്വേഷിച്ച് മൂന്നു പെണ്‍കുട്ടികള്‍ നടത്തുന്ന അന്വേഷണം. തങ്ങളിലൊരാളുടെമേല്‍ പതിഞ്ഞുകിടക്കുന്ന സംശയം ഒഴിവാക്കിക്കിട്ടണമെന്ന ലളിതമായ ലക്ഷ്യം മാത്രമായിരുന്നു ആദ്യം അവര്‍ക്കുണ്ടായിരുന്നത്. പിന്നീട് ആ താത്പര്യം പുതിയ തലങ്ങളിലേക്കു വളരുന്നു. കവിതയ്ക്കുള്ളിലൊളിപ്പിച്ച സമസ്യകള്‍ പൂര്‍ത്തീകരിച്ച് അവരെത്തിച്ചേരുന്നത് യഥാര്‍ത്ഥത്തില്‍ കുറ്റവാളിയിലല്ല, കുറ്റവാസന, ക്രൈം ഇതിനൊക്കെ കാരണമായ വൈയക്തികവും സാമൂഹികവുമായ പ്രേരണകളിലാണ്.
എല്ലാ കുറ്റങ്ങളും തെളിയേണ്ടതുണ്ട്; പ്രത്യേകിച്ച് ഒരു ക്രൈം നോവലില്‍. കൊലയാളിയെയും കൊലയുടെ കാരണവും വ്യക്തമാക്കാതെ നോവലിസ്റ്റിനു രചന അവസാനിപ്പിക്കാനാവില്ല. എങ്കിലും ബ്ലൂബെറീസ് കുറ്റവാളിയെ മുന്നിലേക്കു നീക്കിനിര്‍ത്തി പെട്ടെന്നവസാനിപ്പിക്കാവുന്ന രചനയായിരുന്നില്ല എന്നെ സംബന്ധിച്ച്. സീത എന്ന കവിതയും തരുലതദത്ത് എന്ന പേരുണ്ടായിരുന്ന തൊരുദത്തിന്റെ ജീവിതവുമാണ് ബ്ലൂബെറീസിന്റെ എഴുത്തില്‍ ഏറ്റവും സങ്കടപ്പെടുത്തിയത്. അതുതന്നെയായിരുന്നു മുന്നോട്ടുള്ള എഴുത്തിനുള്ള ഏറ്റവും വലിയ പ്രേരണയും. ഒരേസമയം വളരെ ആസ്വദിച്ചും വേദനിച്ചുമാണ് ബ്ലൂബെറീസ് എഴുതിക്കൊണ്ടിരുന്നത്. ജീവിതത്തിലെ ആനന്ദങ്ങളും ആഘോഷങ്ങളുമൊക്കെ കേക്കിന്റെ പുറംപാളികള്‍പോലെ ആകര്‍ഷകമായിരിക്കും. ഉള്ളിലത് അളവുപാകങ്ങള്‍ തെറ്റി, ചിലപ്പോള്‍ കരിഞ്ഞ് കയ്പും ചവര്‍പ്പും കൊണ്ട് അസഹ്യമായിരിക്കാമെന്ന് ബ്ലൂബെറീസിലെ കഥാപാത്രങ്ങളുടെ ജീവിതം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അമ്മയുടെയരികില്‍ പറ്റിച്ചേരാന്‍ വെമ്പുന്ന കുഞ്ഞുങ്ങള്‍ എത്രയോ സായന്തനങ്ങളിലെന്നപോലെ... 'സീത'യിലെ ഈ അവസാനവരികളും അനാഥത്വത്തിന്റെ നിസ്സഹായത തുളുമ്പുന്ന, ഒട്ടും വൈകാതെ മരണംകൊണ്ടു പരസ്പരം വേര്‍പിരിയാനിരിക്കുന്ന ആ കുഞ്ഞുങ്ങളും ഇപ്പോഴും മനസ്സു നീറ്റുന്നു.
Content Highlights: jisa jose introduction to novel blueberries