'കാടന്‍, കാടത്തം എന്നൊക്കെ മലയാളികള്‍ പറയുമ്പോഴാണ് അവരുടെ പ്രവൃത്തിയെ മനസ്സിലാക്കിയത്'|ആനഡോക്ടര്‍

#ജയമോഹന്‍
ജയമോഹന്‍, പുസ്തകത്തിന്റെ കവര്‍ പേജ് | ഫോട്ടോ: കൃഷ്ണപ്രദീപ് പി., മാതൃഭൂമി ബുക്‌സ്‌
ജയമോഹന്‍, പുസ്തകത്തിന്റെ കവര്‍ പേജ് | ഫോട്ടോ: കൃഷ്ണപ്രദീപ് പി., മാതൃഭൂമി ബുക്‌സ്‌

ജയമോഹന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ആനഡോക്ടര്‍' എന്ന നോവലില്‍ നിന്നൊരു ഭാഗം; 

ഡോക്ടറുടെ ഒപ്പം ചേര്‍ന്ന് ഞാനും മൃഗങ്ങളോട് ഇണങ്ങി. കുംക്കി ആനയുടെ മീതെ കയറി കാട്ടിന്റെ ഇലത്തഴപ്പിന്റെ തിരകളുടെ മീതെ നീങ്ങിപ്പോയി. ആള്‍ മുകളില്‍ കയറിയതും തന്റെ പൊക്കത്തെ ആളിന്റെ പൊക്കത്തോട് ചേര്‍ത്തു കണക്കിടുന്ന ആനയുടെ സൂക്ഷ്മത ഓരോ തവണയും എന്നെ അദ്ഭുതപ്പെടുത്തി. ഡോക്ടര്‍ ഒരു കരടിക്ക് കാലില്‍ ഓപ്പറേഷന്‍ ചെയ്തപ്പോള്‍ അതിന്റെ മറ്റേക്കാല്‍ പിടിച്ചതു ഞാനാണ്. മാനുകളുടെ ചാണകം കാട്ടില്‍നിന്ന് പെറുക്കി പോളിത്തീന്‍ബാഗിലിട്ട് സാമ്പിളായി കൊണ്ടുചെന്നു കൊടുത്തു. ഒരു മാസത്തിനുള്ളില്‍ പുഴുക്കള്‍ എനിക്കു പഴകി. പിന്നെ അവ കുഞ്ഞുങ്ങളായി തോന്നിത്തുടങ്ങി.

കുനിഞ്ഞ് പുഴുക്കളെ ഞാന്‍ നോക്കിനില്ക്കും. വെളുത്തുകൊഴുത്ത കുട്ടികള്‍. ഇപ്പം തീര്‍ന്നുപോകും എന്ന മട്ടിലാണ് തീറ്റ. വെളുത്ത തീ! അറിയാന്‍ കഴിയാത്ത മഹത്ത്വത്താല്‍ അണുവിടപോലും ബാക്കിയില്ലാതെ നിറച്ചതാണ് ഈ പ്രപഞ്ചം എന്നുതോന്നും. ഉണ്ണുക എന്ന ആജ്ഞ മാത്രം. ഉടലിന്റെയുള്ളില്‍ ഉയിരും ചിത്തവുമായി മാറിയിരിക്കുന്നു. ആ ഒറ്റത്തുള്ളിയുടെ ഉള്ളിലുണ്ട് ചിറകുകള്‍. കാലും കൈയും കണ്ണും. വരാനിരിക്കുന്ന ഒരുപാടു പുഴുക്കള്‍. കോടാനുകോടി ജീവനുകളിലായി വാഴുന്ന ഒറ്റബോധം, മഹാബോധം. മുഴുവന്‍ ഉടലുകളും ഇല്ലാതായാലും എല്ലാ ജീവനും മറഞ്ഞാലും അതെവിടെയോ ഉണ്ടാവും. ചെറുപ്രാണികളോടു മനുഷ്യന് യുദ്ധം ചെയ്യാനാവില്ല എന്നു ഡോക്ടര്‍ കെ. പറയാറുണ്ട്. കീടങ്ങള്‍ ചെറുതായതുകൊണ്ടുതന്നെ അവയുടെ മഹാബോധ്യം അതിബ്രഹ്‌മാണ്ഡമാണ്. താന്‍ വളരെ വലുതായതുകൊണ്ട് അത് തീരേ ചെറിയതിനെ തിരഞ്ഞെടുത്തിരിക്കുന്നു. അതിന്റെ മുന്നില്‍ വിഷവും ആന്റിബയോട്ടിക്കുമായി നില്ക്കുന്ന മനുഷ്യന്‍ പരിഹാസ്യന്‍.

ഞാന്‍ പുഴുക്കളെ വിരല്‍ തൊട്ട് എടുക്കും. അത് എന്റെ കൈയില്‍ ഊര്‍ന്നുകയറുമ്പോള്‍ ചെറിയ കുഞ്ഞ് കൈ നീട്ടി വന്നു തഴുകുന്നതുപോലെ തോന്നും. ചിലപ്പോള്‍ പുഴുവിനെ പൊക്കിയെടുത്ത് എന്റെ മുഖത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് അതിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കും. ഭക്ഷണമല്ലാതെ മറ്റൊന്നും നോക്കാന്‍ കഴിവില്ലാത്ത കണ്ണുകള്‍. ആ ഒറ്റപ്പുഴുവിന് എന്നെ നോക്കാനാവില്ല. പക്ഷേ, വിരാടരൂപനായ പുഴുവിന് എന്നെ നോക്കാന്‍ കഴിയും. ഞാന്‍ അതിനെ നോക്കി പുഞ്ചിരിക്കും. ചിലപ്പോള്‍ നീ എന്നെയും തിന്നുമായിരിക്കും. ഇവിടെയുള്ള എല്ലാം നിനക്കു ഭക്ഷണമാണ്. എന്റെ ഉണ്ണിയല്ലേ, എന്റെ ചെല്ലക്കുട്ടിയല്ലേ എന്ന് കൊഞ്ചണമെന്ന് തോന്നും. ഉമ്മവെക്കണമെന്നു തോന്നും.

ഡോക്ടര്‍ കെ. സാഹിത്യത്തില്‍ അപാരമായ താത്പര്യമുള്ളയാള്‍. തേടിവരുന്ന ഒരു ആദിവാസിക്കിഴവിയെപ്പോലും മടക്കിയയയ്ക്കാത്ത, ഒരു മൃഗത്തിന്റെ ചികിത്സയെപ്പോലും മാറ്റിവെക്കാത്ത, തിരക്കിനു നടുക്ക് അദ്ദേഹം ലോകത്തിലെ പ്രധാന ജേണലുകളില്‍ പഠനങ്ങള്‍ എഴുതുകയായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളുള്ള ജേണലുകളെ ഞാനെടുത്ത് മറിച്ചുനോക്കും. മറ്റു ലേഖനങ്ങളിലൊക്കെ കൃത്യമായ ശാസ്ത്രഭാവനയാണ്. ഡോക്ടറുടെ ലേഖനങ്ങളില്‍ ചെറിയ ഒരു പുഞ്ചിരി എപ്പോഴുമുണ്ടാവും. സാഹിത്യത്തില്‍നിന്നെടുത്ത നല്ല വരികളുണ്ടാവും. ഡോക്ടര്‍ കെ. ലോര്‍ഡ് ബൈറന്റെ വലിയൊരു ആരാധകനാണ്. ബ്രിട്ടീഷ് കാല്പനികത്വം പൊതുവേ ഇഷ്ടമാണെങ്കില്‍ ബൈറനെ മുഴുവനായിത്തന്നെ കാണാപ്പാഠം.

ഒരിക്കല്‍ ഞാനും ഡോക്ടറും കാട്ടില്‍ പോകുമ്പോള്‍ ഡോക്ടര്‍ കൈ കാട്ടി ജീപ്പ് നിര്‍ത്തിച്ചു. അദ്ദേഹം ഒച്ചയില്ലാതെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് ഒരു ചെന്നായയുടെ രണ്ടു വലിയ കാതുകള്‍ കുറ്റിക്കാടിന്റെ ഇലകളുടെ നടുക്ക് കണ്ടു. അത് ഞങ്ങളെ ഒറ്ററിയുകയായിരുന്നു. അദ്ദേഹം മറ്റൊരു ദിക്കിലേക്കു ചൂണ്ടി. അവിടെയും ഒരു ചെന്നായ്. പിന്നെ മനസ്സിലായി, ആ ചെന്നായകള്‍ ഞങ്ങളെ ചുറ്റിവളഞ്ഞിരുന്നു. അവ ഒരുപാടു നേരമായി ജീപ്പിന്റെ പിന്നില്‍ വരികയായിരുന്നു എന്നു തോന്നി. ചെന്നായ് ചുറ്റിവളയ്ക്കുന്നതിനെപ്പറ്റി ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്. എന്റെ ശരീരം വിയര്‍ത്തുകഴിഞ്ഞിരുന്നു. 'തൊട്ടടുത്ത് എവിടെയോ അവയുടെ തലവനുണ്ട്. അല്ലെങ്കില്‍ കുട്ടിയിട്ടു കിടക്കുന്ന അമ്മ,' ഡോക്ടര്‍ പറഞ്ഞു. 'അവ എന്നെ വിളിക്കാന്‍ വന്നതാണ്. പ്രശ്നമൊന്നുമില്ല. നിങ്ങള്‍ ജീപ്പില്‍നിന്ന് ഇറങ്ങണ്ട. ഒച്ചയുണ്ടാക്കണ്ട. ഞാന്‍ ചെന്ന് നോക്കിയിട്ടു വരാം.' ഞാന്‍ ശ്വാസത്തിന്റെ ഒച്ചയില്‍ 'ഒറ്റയ്ക്കാ?' എന്ന് ചോദിച്ചു. 'അതെ. പക്ഷേ, അവയ്ക്ക് എന്നെ അറിയാമെന്നാ തോന്നുന്നത്. ഞാന്‍ ചെന്നായ്ക്കളെ ചികിത്സിച്ചിട്ടുണ്ട്.' ഞാന്‍ ഡോക്ടറുടെ കൈകള്‍ കടന്നുപിടിച്ചു. 'ഡോക്ടര്‍, വേണ്ട. ചെന്നായകള്‍ വളരെ ക്രൂരമായവ എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്.' ഡോക്ടര്‍ ചിരിച്ച് എന്റെ കൈ വിടര്‍ത്തി, 'തീര്‍ച്ചയായും ആപത്തുണ്ട്. പക്ഷേ, ഇത് എന്റെ കടമയാണ്' എന്നു പറഞ്ഞ് താഴേയിറങ്ങി. കൈയില്‍ മരുന്നുപെട്ടിയോടെ അവയെ നോക്കി നടന്നു.

എന്റെ ദേഹത്തിലൂടെ തണുപ്പ് കടന്നുപോയി. എന്റെ കീശയിലുണ്ടായിരുന്ന തോക്കില്‍ വിരല്‍കൊണ്ട് ഒന്നു തൊട്ടു. അതിന്റെ കുളിര്‍മ ആശ്വാസമേകി. പക്ഷേ, അതുകൊണ്ട് എനിക്ക് ഡോക്ടറെ രക്ഷിക്കാനാവില്ല. ചെന്നായ എളുപ്പത്തില്‍ ഭയപ്പെടുന്നവയല്ല. ഡോക്ടര്‍ ചെരിവില്‍ കയറി അവയുടെ അടുത്തെത്തി. കുറ്റിക്കാട്ടില്‍നിന്ന് ആദ്യത്തെ ചെന്നായ തല പൊക്കി വലിയ കാതുകളെ മുന്‍പോട്ടു മടക്കി. മൂക്കില്‍ ചരടിട്ടു വലിച്ചതു മാതിരി നീട്ടി. അദ്ദേഹത്തെ നോക്കി. അദ്ദേഹം അടുത്തെത്താറായപ്പോള്‍ അതിന്റെ തല താഴ്ന്ന് നിലത്ത് തൊട്ടിട്ടുണ്ടായിരുന്നു. മറ്റു നായകള്‍ ചലനമില്ലാതെ അദ്ദേഹത്തെ നോക്കിനിന്നു. കാതുകളിലൂടെ അവ സംവദിക്കുന്നതു കാണാന്‍ കഴിഞ്ഞു. അദ്ദേഹം അടുത്തെത്തിയപ്പോള്‍ ആദ്യത്തെ നായ ചെറുതായി ഒന്ന് മുരണ്ടു. മറ്റു നായകള്‍ അദ്ദേഹത്തെ വളഞ്ഞു. ഡോക്ടര്‍ അനങ്ങാതെ നിന്നു. ഏതാനും സമയം നായകളും ഡോക്ടറും എന്തോ രഹസ്യച്ചടങ്ങുപോലെയോ പ്രാര്‍ഥനപോലെയോ നിന്നു. ആ നായ വയറ് നിലത്തിഴഞ്ഞ് നീന്തുന്നതുപോലെ അടുത്തെത്തി. മുഖം നീണ്ടുവന്ന് അദ്ദേഹത്തിന്റെ കാലുകളില്‍ തൊട്ടു. പെട്ടെന്ന് എഴുന്നേറ്റ് അദ്ദേഹത്തെ ചുറ്റിവന്ന് നന്നായി മണംപിടിച്ചു. ഒന്ന് പിന്നിലെത്തിനോക്കിയിട്ട് മുന്‍പോട്ടു വന്ന് പിന്നെയും മണംപിടിച്ചു. 'ഹു ഹു' എന്ന് ഒരു ഒച്ചയുണ്ടാക്കി. മറ്റുള്ള നായകള്‍ അടുത്തെത്തി. അവിടെ പിന്നെയും നായകളുണ്ട് എന്ന് ഞാന്‍ അപ്പോഴാണറിഞ്ഞത്.

നായകള്‍ അദ്ദേഹത്തിനുചുറ്റും നിന്ന് വാലാട്ടി. അവയുടെ ശരീരഭാഷ പൂര്‍ണമായും മാറിക്കഴിഞ്ഞിരുന്നു. വേണ്ടപ്പെട്ട ഒരാളെ എതിരേല്‍ക്കുന്നതുപോലെ ദേഹം കുറുകേ തിരിച്ച് വാല് വിറപ്പിച്ചുകൊണ്ട്, ആ നായ പുളഞ്ഞു. അദ്ദേഹത്തെ നോക്കിക്കൊണ്ട് വാല് ചുഴറ്റിക്കൊണ്ട് കുറെ നടന്ന് പിന്നെ തുള്ളി അടുത്തെത്തി. ഒരു നായ രണ്ടു കാലും പൊക്കി അദ്ദേഹത്തിന്റെ മീതെ വെച്ച് കൈകളില്‍ ചുംബിച്ചു. ഒരു നായ നിലത്തുകിടന്ന് നാലു കാലും പൊക്കി ആട്ടിയതിനുശേഷം എഴുന്നേറ്റ് തുള്ളിച്ചാടിവന്ന് അദ്ദേഹത്തിന്റെ കാലുകളില്‍ തന്റെ ദേഹം ഉരുമ്മി. അവ ഡോക്ടറെ ഒരു അപൂര്‍വവിരുന്നുകാരനായി കരുതുന്നത് കാണാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ വരവ് ഒരു വലിയ അംഗീകാരം. അതിനെ എങ്ങനെ ആഘോഷിക്കുമെന്നത് അവയ്ക്ക് അറിയാന്‍ കഴിഞ്ഞില്ല. അവ തേങ്ങുന്നതുപോലെ, മുരളുന്നതുപോലെ ഒച്ചയുണ്ടാക്കി. രണ്ടു നായകള്‍ കുറ്റിക്കാട്ടിലൂടെ ഓടിയകന്ന് അവിടെനിന്ന് കാതുകള്‍ പിന്നിലാക്കി ചാടിച്ചാടി അടുത്തെത്തി. അവ അദ്ദേഹത്തെ ചുംബിച്ചുകൊണ്ടേയിരുന്നു. ഡോക്ടര്‍ ചിരിക്കുകയായിരുന്നു. നായകള്‍ കാലുകളില്‍ വന്നുമുട്ടിയപ്പോള്‍ അടിതെറ്റി സമനില വീണ്ടെടുത്തു.

അദ്ദേഹത്തെ അവ കൂട്ടിക്കൊണ്ടുചെല്ലുന്നത് ഞാന്‍ കണ്ടു. ജീപ്പിന്റെ മുകളില്‍ കയറിനിന്ന് എന്തു സംഭവിക്കുന്നു എന്ന് ഞാന്‍ നോക്കി. ധാരാളം നായകളുടെ വാലാട്ടല്‍ കുറ്റിക്കാടിന്റെ ഉള്ളില്‍ കാണാന്‍ കഴിഞ്ഞു. അദ്ദേഹം അവയുടെ വലയത്തിന്റെ ഉള്ളില്‍ കടന്നപ്പോള്‍ മറ്റുള്ള നായകള്‍ പഴയ സ്ഥലത്തുതന്നെ നിന്നു. ഡോക്ടര്‍ കുറ്റിക്കാടിന്റെ ഉള്ളില്‍ച്ചെന്ന് എന്തോ കുനിഞ്ഞ് നോക്കുന്നതു കണ്ടു. പിന്നെ അദ്ദേഹം ഇരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് അദ്ദേഹം മടങ്ങി. ജീപ്പില്‍നിന്ന് കീടനാശിനി ചേര്‍ത്ത വെള്ളമെടുത്ത് കൈ കഴുകി, 'പോകാം' എന്നു പറഞ്ഞ് കയറിയിരുന്നു. 'എന്തിനാണ് സാര്‍?' എന്നു ഞാന്‍ ചോദിച്ചു. 'അവിടെ ഈ സംഘത്തിന്റെ തലവന്‍ കാല് മുറിഞ്ഞ് കിടക്കുന്നു. എല്ല് മുഴുവന്‍ പുറത്ത് കാണാം,' ഡോക്ടര്‍ പറഞ്ഞു.

'എന്തു പറ്റി?' എന്ന് ഞാന്‍ ചോദിച്ചു. 'പുള്ളിപ്പുലിയുടെ അടിയാണെന്നാ തോന്നുന്നത്. ഞാന്‍ ആ വ്രണം വെച്ചുകെട്ടി.' ഞാന്‍ തിരിഞ്ഞുനോക്കി. നായകള്‍ ഞങ്ങളെ നോക്കിനില്‍ക്കുകയായിരുന്നു. 'ശരിയാവുമോ, ഡോക്ടര്‍.' 'ശരിയായേക്കാം... പക്ഷേ, നമുക്കൊന്നും ചെയ്യാനാവില്ല. നാം നോക്കേണ്ടത് ഒറ്റക്കാര്യം മാത്രം. മനുഷ്യന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? വല്ല മാരകരോഗവുമാണോ? മനുഷ്യന്‍ ചെയ്ത തെറ്റാണെങ്കില്‍ അവനെ ശിക്ഷിക്കണം. രോഗമാണെങ്കില്‍ വേണ്ട നടപടിയെടുക്കണം. മറ്റെല്ലാം കാട്ടിലെ സ്ഥിരജീവിതമാണ്. ജനനവും മരണവും സ്നേഹവും യുദ്ധവും. നമ്മള്‍ വെറും കാഴ്ചക്കാര്‍...' ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അവിടെ ചെന്നായകള്‍ ഉണ്ടെന്നേ തോന്നിയില്ല. പക്ഷേ, കാട് ഒരു ചെന്നായപോലെ നോട്ടം ഉള്ളതായിത്തീര്‍ന്നിരുന്നു. 'ചത്താല്‍ ആ രണ്ടാമത്തെ നായ തലവനാകും. എന്നെ എതിരേറ്റ് കൂട്ടിക്കൊണ്ടുപോയവന്‍. കഴിവുള്ളവനാണ്.' ഞാന്‍ 'ഡോക്ടര്‍ എന്ത് മരുന്നാണ് ഇട്ടത്' എന്നു ചോദിച്ചു. 'മരുന്നൊന്നും ഇട്ടില്ല. വ്രണം വെച്ചുകെട്ടി. തുണികൊണ്ടല്ല, ഇലയും വള്ളിയും കൊണ്ട്. പുണ്ണ് കരിയുമ്പോള്‍ താനേ പൊഴിയും.' ഞാന്‍ അദ്ഭുതത്തോടെ 'മരുന്നു വേണ്ടേ' എന്നു ചോദിച്ചു. 'നമ്മുടെ ആന്റിബയോട്ടിക്കുകള്‍ കൊണ്ടുചെന്ന് കാട്ടില്‍ ചേര്‍ത്ത് വിടണമെന്നോ? കൊടുത്തുപഴകിയാല്‍ പിന്നെ നാട്ടിലേതുപോലെ കാട്ടിലും മൂന്നു കിലോമീറ്ററിന് ഒരു ആശുപത്രിവീതം കെട്ടേണ്ടിവരും. കാട്ടുമൃഗം കാട്ടില്‍ത്തന്നെ ജീവിക്കുന്നതാണു നല്ലത്. ഞാന്‍ കാട്ടില്‍ മരുന്ന് കടത്തിവിടുന്നതിന് എതിരാണ്,' ഡോക്ടര്‍ കെ. പറഞ്ഞു.

ഞാന്‍, 'ആ ചെന്നായ് താങ്കളെ മനസ്സിലാക്കിയത് അദ്ഭുതകരമായിരുന്നു. എനിക്ക് രോമാഞ്ചമുണ്ടായി' എന്ന് പറഞ്ഞു. 'നായ എന്നുവെച്ചാല്‍ എന്താണെന്നാ താന്‍ കരുതിയത്? Such a divine animal മനുഷ്യന്‍ അവനാണ് വലിയ കേമനെന്ന് കരുതുന്നു. ജേന്‍ കുടാല്‍ വന്ന് അടിച്ച് പൊട്ടിക്കുന്നതുവരെ മൃഗങ്ങള്‍ക്ക് ആത്മാവില്ല, ചിന്തയില്ല എന്നൊക്കെയാണ് പടിഞ്ഞാറന്‍ ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞിരുന്നത്. മനുഷ്യന്‍ തന്റെ വിഡ്ഢിത്തംകൊണ്ട് ഒരു ദൈവത്തെയും സ്വര്‍ഗത്തെയും ഉണ്ടാക്കിവെച്ചിട്ടുണ്ടല്ലോ. അവിടെ നായയ്ക്കും പൂച്ചയ്ക്കും ഒന്നും സ്ഥാനമില്ല. അവയെ രക്ഷിക്കാന്‍ ബ്രഹ്‌മം യുഗേയുഗേ സംഭവിക്കുന്നുമില്ല. നോണ്‍സെന്‍സ്!' ഡോക്ടര്‍ മുഖം ചുവന്ന് ശ്വാസം വലിച്ചുവിട്ടു. 'ഒരു പട്ടിയുടെ ശവകുടീരത്തിലെ വാചകം വായിച്ചിട്ടുണ്ടോ? ലോര്‍ഡ് ബൈറണ്‍...' ഞാന്‍ 'ഇല്ല' എന്ന് പറഞ്ഞു. ഡോക്ടര്‍ കാട്ടിലേക്കുതന്നെ നോക്കിയിരുന്നു. മുഖത്ത് വെളിച്ചം മിന്നിമിന്നി മാഞ്ഞു. പെട്ടെന്ന് ഉച്ചത്തില്‍ അദ്ദേഹം പാടിത്തുടങ്ങി:
When some proud son of man
returns to earth
Unknown to glory but
upheld by birth.
ഞാന്‍ ആ വരികളെ അദ്ദേഹത്തിന്റെ മുഖമായിട്ടാണ് എപ്പോഴും ഓര്‍ക്കാറ്.
പക്ഷേ, നായ ജീവിതത്തില്‍ ഏറ്റവും നല്ല കൂട്ടുകാരന്‍. എതിരേല്‍ക്കുന്നതില്‍ ഒന്നാമന്‍.
കാവല്‍ നില്‍ക്കുന്നതില്‍ ശക്തന്‍. അവന്റെ ഹൃദയം ഉടമയുടെ സ്വന്തം. അയാള്‍ക്കായി ജീവിക്കുന്നു, ശ്വസിച്ച് മരിക്കുന്നു. ആ വരികളെ ഞാന്‍ ഡോക്ടര്‍ കെയുടെ പ്രഖ്യാപനമായിട്ടാണ് പലപ്പോഴും ഓര്‍ക്കാറുള്ളത്. സൗഹൃദം മാത്രം ആത്മാവായി നിറഞ്ഞ കണ്ണുകളോടെ, സൗഹൃദം മാത്രമായ വാലുമായി, സൗഹൃദംതന്നെയായ കാതുകളോടെ, സൗഹൃദത്തിന്റെ കുരയോടെ, സൗഹൃദമായി സ്പര്‍ശിക്കുന്ന തണുത്ത മൂക്കോടെ ഒരു നായ വന്ന് എന്റെ മുന്നില്‍ നിന്നു. 'ഞാന്‍ നിനക്കു മാത്രം' എന്ന് അത് പറഞ്ഞു. 'നീ എന്നെ വിശ്വസിക്കൂ. ആ ബന്ധത്തെയുംകാള്‍ കൂടുതലായി' എന്ന് ഉണര്‍ത്തിച്ചു. എന്തെന്നാല്‍ ദൈവമെന്ന ഒന്നുണ്ട്. എങ്കില്‍ അത് തുളുമ്പിവീണ ഒരു തുള്ളിയാണ് ഞാന്‍. അതിന്റെയടുത്ത് അതിനെ ഒട്ടും ശ്രദ്ധിക്കാതെ ചക്രവാളത്തിലേക്കു നോക്കി അറിയാത്ത എന്തിനോ ദാഹിച്ച് ഒരു മനുഷ്യന്‍ നിന്നു. അല്പന്‍, വിഡ്ഢി, അതു ഞാനായിരുന്നു. അധികാരം, ഭോഗം, അടയാളം, വിജയം എന്ന് അതിന് പേരിട്ടു. കിട്ടുമ്പോള്‍ ചെറുതാവുകയും നഷ്ടപ്പെടുമ്പോള്‍ വളരുകയും ചെയ്യുന്ന ഒന്ന്. ചതുരംഗക്കളികള്‍, ഘോഷയാത്രകള്‍, രൂപാന്തരപ്രാപ്തികള്‍, പുഞ്ചിരികളും ഉപചാരവാക്കുകളും കൈകുലുക്കലുകളും തഴുകലുകളും. 'Man vain insect' എന്ന ബൈറന്റെ ഗര്‍ജനത്തെ ഞാന്‍ ആ കാട്ടില്‍ ഡോക്ടര്‍ കെയുടെ ചുവന്നുതുടുത്ത മുഖത്തുനിന്നു കേട്ടു. ഇടിപോലെ ആകാശത്തുനിന്നു മുഴങ്ങി ഒരു ശബ്ദം. നിന്റെ സ്നേഹം വെറും മോഹം. നിന്റെ സൗഹൃദം വെറും തട്ടിപ്പ്. നിന്റെ പുഞ്ചിരി കൃത്രിമം. നിന്റെ വാക്കുകളോ അര്‍ഥശൂന്യം.

എന്റെ മനസ്സുരുകി. കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ എന്ന വാക്കുതന്നെ എന്നെ നാണിപ്പിച്ചു. എന്റെ ദേഹത്തിനായി, ഞാന്‍ അണിഞ്ഞ വസ്ത്രങ്ങള്‍ക്കായി, എന്റെ ചിന്തകള്‍ക്കായി ഞാന്‍ അറപ്പുകൊണ്ട് ചൂളി. അഴുക്കുവസ്ത്രം ഊരിയെറിഞ്ഞിട്ട് വെറും ശരീരത്തോടെ തുറസ്സായ നിലത്ത് വിരിഞ്ഞ ആകാശത്തിനു താഴെ കൈവിരിച്ച് ഓടണം. പക്ഷേ, അഴുക്കു നിറഞ്ഞിരിക്കുന്നത് എന്റെ ശരീരത്തിലാണ്. എങ്കിലും പോകണം. മറ്റൊരിടത്തേക്ക്. അവിടെയും വേദനയുണ്ട്. രോഗവും മരണവും ഉണ്ട്. പക്ഷേ, അല്പത്തമില്ല. ഒരു പൊട്ടുപോലുമില്ല. 'നിന്നെ നന്നായറിഞ്ഞ ആരും നിന്നില്‍നിന്ന് അകലും. അറപ്പുണ്ടാക്കുന്നവനാണ് നീ. ജീവന്‍ നേടിയ ചേറ്.' ഞാന്‍ തേങ്ങിക്കരഞ്ഞുകൊണ്ട് ജീപ്പ് നിര്‍ത്തി. ഡോക്ടര്‍ കെ. എന്നെ അറിയാത്തതുപോലെ നിലച്ച് ശില്പമായി മാറിയ ജ്വാലപോലുള്ള മുഖവുമായി ഇരുന്നു.

മനുഷ്യന്റെ അല്പത്തം ഓരോ ദിവസവും കാണണമെങ്കില്‍ കാട്ടില്‍ കഴിയണം. കാട്ടില്‍ വിനോദയാത്രയായി വരുന്നവര്‍ മിക്കവാറും വിദ്യാഭ്യാസമുള്ളവര്‍. വലിയ പദവികളിലുള്ളവര്‍. നാട്ടില്‍നിന്നുതന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മദ്യവുമായിട്ടാണ് എത്താറ്. വരുന്ന വഴി മുഴുവന്‍ തീറ്റയും കുടിയുമാണ്. നിര്‍ത്തി നിര്‍ത്തി ഛര്‍ദിച്ചുകൊണ്ട് കുഴഞ്ഞാടി തെറിപറഞ്ഞ് ചിരിച്ചുകൊണ്ടാണു വരവ്. നിശ്ശബ്ദത നിറഞ്ഞ കാടിന്റെ മടക്കുകളില്‍ മുഴുവന്‍ ഹോണടിച്ച് മാറ്റൊലി നിറയ്ക്കും. അത്യുച്ചത്തില്‍ കാറിന്റെ സ്റ്റീരിയോ ശബ്ദിക്കാന്‍ വിട്ട് ചാടിച്ചാടി നൃത്തംവെക്കും. തലയ്ക്കു മുകളില്‍ അനുഗ്രഹിക്കാന്‍ പൊന്തിനില്ക്കുന്ന മലമുടികളെ നോക്കി പുലഭ്യം വിളിച്ചുപറയും. ഓരാ കാട്ടുമൃഗത്തെയും അവര്‍ അപമാനിക്കും. പാതയോരത്ത് കുത്തിയിരിക്കുന്ന കുരങ്ങുകള്‍ക്ക് പഴങ്ങള്‍ക്കുള്ളില്‍ ഉപ്പോ മുളകുപൊടിയോ വെച്ചുകൊടുക്കും. ദാഹിച്ച് അടുക്കുന്നവയ്ക്ക് മദ്യം ഒഴിച്ചുകൊടുക്കും. മാനുകളെ നോക്കി കല്ലെടുത്തെറിയും. ആനയെ കണ്ടാല്‍ ഹോണടിച്ച് നിലവിളിച്ച് ഓടിക്കും. എനിക്ക് ഒട്ടും മനസ്സിലാകാത്തത് മലയാളികളുടെ പ്രവൃത്തിയാണ്. വിദ്യാഭ്യാസവും രാഷ്ട്രീയബോധവും ഉള്ളവര്‍ പക്ഷേ, കാട്ടിലെത്തിയാല്‍ തനി ചെറ്റകളാണ്. കേരളസംസ്‌കാരത്തിനുതന്നെ കാടിനോട് നിരന്തരമായ ഒരു യുദ്ധമുണ്ട് എന്നു തോന്നും. കാട് എന്ന വാക്കുതന്നെ മലയാളത്തില്‍ നന്മയ്ക്കെതിരായ പൊരുളിലാണ് പ്രയോഗിക്കാറ്. കാടുപിടിച്ച് കിടക്കുക, കാടുകയറുക, കാടന്‍, കാടത്തം എന്നൊക്കെ മലയാളികള്‍ പറയുമ്പോഴാണ് അവരുടെ പ്രവൃത്തിയെ ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്. അവര്‍ കാട്ടിലെത്തിയാല്‍ വിജയം ആഘോഷിക്കുകയാണ്.

ഏറ്റവും നീചമായ പ്രവൃത്തി ഒഴിഞ്ഞ ബിയര്‍കുപ്പികളെ കാടിന്റെയുള്ളില്‍ വലിച്ചെറിഞ്ഞ് പൊട്ടിക്കലാണ്. വണ്ടികള്‍ മുഴുവന്‍ കാടിന്റെ തുടക്കത്തില്‍ത്തന്നെ നിര്‍ത്തി നന്നായി നോക്കിയിട്ടാണ് അകത്തേക്ക് വിടുക. പക്ഷേ, എത്ര സൂക്ഷിച്ചാലും മദ്യം ഉള്ളിലെത്തും. കുടിച്ചുകഴിഞ്ഞ് കുപ്പി വലിച്ചെറിയുന്നവരുടെ മുഖങ്ങളില്‍ കാണുന്ന വെറുപ്പും പുച്ഛവും അദ്ഭുതമുണ്ടാക്കുന്നവ. അവരെ പിടിച്ച് എടുത്തിട്ട് ചവുട്ടിയിട്ടുണ്ട് ഞാന്‍. തണുപ്പത്ത് വസ്ത്രമില്ലാതെ ഇരുത്തിയിട്ടുണ്ട്. വന്യമൃഗങ്ങളെപ്പോലെ അവരും നിഷ്‌കളങ്കരാണെന്നു തോന്നും. എത്ര പറഞ്ഞാലും അവര്‍ക്ക് മനസ്സിലാവില്ല. അവരെ രക്ഷിക്കാന്‍ വരുന്നവര്‍ക്കും അതൊരു ചെറിയ വിനോദമാണ്.

മറ്റേത് മൃഗത്തെയുംകാള്‍ ആനയ്ക്ക് വളരെ മാരകമായ ആപത്താണ് മദ്യക്കുപ്പികളുടെ ചില്ല്. ആനയുടെ കാലിന്റെ അടിവശം ഒരു മണല്‍ച്ചാക്കുപോലെയാണ്. അതുകൊണ്ടാണ് ആന പാറയിലുമൊക്കെ പൊത്തിപ്പിടിച്ചു കയറുന്നത്. ചില്ലുകള്‍ മരങ്ങളില്‍പ്പെട്ട് പൊട്ടി തൊട്ടടുത്തുതന്നെ കിടക്കും. ബിയര്‍കുപ്പികളുടെ അടിവശം ഭാരം കൂടിയതായതുകൊണ്ട് പൊട്ടിയ ഭാഗം മുകളിലേക്ക് നില്ക്കുന്ന രീതിയിലാണ് അവ കിടക്കുക. ആന തന്റെ വലിയ ഭാരത്തോടെ കാലെടുത്ത് അതിന്റെ മീതേ വെച്ചാല്‍ ചില്ലു നേരേ കയറി ഉള്ളിലേക്ക് ചെല്ലും. ആനയ്ക്ക് മൂന്നു കാലില്‍ നടക്കാനാവില്ല. രണ്ടുമൂന്നു തവണ ഞൊണ്ടിയതിനുശേഷം അത് കാലൂന്നുമ്പോള്‍ ചില്ല് നന്നായി ഉള്ളിലേക്കു കയറും. പിന്നെ അതിനു നടക്കാനാവില്ല. ഒരാഴ്ചകൊണ്ട് വ്രണം പഴുത്ത് പുഴു അകത്തേക്ക് കയറും. പുഴുക്കള്‍ മാംസം തുളച്ച് അകത്തേക്ക് കയറിക്കൊണ്ടേയിരിക്കും. ആനയുടെ ചോരക്കുഴലുകളില്‍പ്പോലും പുഴുക്കള്‍ കയറിപ്പറ്റും. പിന്നെ ആന ജീവിക്കില്ല. ചീഞ്ഞ് ചലമൊഴുകുന്ന കാലുകളോടെ ആന കാട്ടില്‍ അലഞ്ഞുതിരിയും. ഭക്ഷണമില്ലാതെ മെലിഞ്ഞു കോലംകെടും. ഒടുവില്‍ ഏതെങ്കിലും മരത്തില്‍ ചാഞ്ഞുനില്ക്കും. ഒരു ദിവസം ശരാശരി മുപ്പതു ലിറ്റര്‍ വെള്ളം കുടിച്ച് ഇരുനൂറു കിലോ ഭക്ഷണം കഴിച്ച് അന്‍പതു കിലോമീറ്റര്‍ നടന്നു ജീവിക്കേണ്ട മൃഗമാണ്. അഞ്ചാറു ദിവസംകൊണ്ട് വെറും അസ്ഥികൂടമായി മാറും. പുറത്ത് എല്ലുകള്‍ പൊന്തിവരും. കവിളില്‍ എല്ലുകള്‍ ഉന്തി പുറത്തേക്കു ചാടും. കണ്ണുകളില്‍ അഴുക്ക് നിറയും. ഉണങ്ങിയ തുമ്പിക്കൈയില്‍നിന്ന് നാറ്റം വന്നുതുടങ്ങും. കാതുകള്‍ ആടുന്നത് പതുക്കെയാവും.

മസ്തകം താണുതാണ് വരും. തുമ്പിക്കൈ നിലത്ത് ഊന്നി തല ചെരിഞ്ഞ് അസ്തിവാരം പൊളിഞ്ഞ മണ്‍വീടുപോലെ ചെരിഞ്ഞുതുടങ്ങും. മസ്തകം നിലത്തു തൊട്ടാല്‍ പിന്നെ മെല്ലെ ചരിഞ്ഞ് മണ്ണില്‍ പതിയും. വയറ് പാറപോലെ പൊന്തി മുകളിലേക്കു വരും. നടുവു പൊട്ടിയ പാമ്പുപോലെ വായ് മണ്ണില്‍ക്കിടന്നിഴയും. മലമ്പാമ്പുപോലെ തുമ്പിക്കൈ പൂഴിയില്‍ പുളയും. എന്തോ മണം തേടി ചെറിയ മൂക്ക് അനങ്ങിക്കൊണ്ടിരിക്കും. കണ്ണുകള്‍ ചുരുങ്ങി വിറച്ചുകൊണ്ടിരിക്കും. മറ്റാനകള്‍ ചുറ്റും നിന്ന് ചിന്നം വിളിച്ചുകൊണ്ടിരിക്കും. ആന ചാകുന്നത് മറ്റാനകളുടെ നിലവിളിയിലൂടെ നമുക്കറിയാന്‍ കഴിയും. ആന ചത്തുകഴിഞ്ഞ് ഒരുപാടു സമയം അവ അവിടെ നിന്ന് അലമുറയിടും. ചിലപ്പോള്‍ രണ്ടുമൂന്ന് ദിവസംതന്നെയാകും. പിന്നീട് അവ ജഡം അവിടെ ഉപേക്ഷിച്ചിട്ട് ഒരുപാട് അകന്നുപോകും. ചെല്ലുന്ന വഴി മുഴുവന്‍ അവ നിലവിളിക്കും. ഉഗ്രമായ കോപത്തോടെ വഴിയില്‍ കാണുന്നവരെ ആക്രമിക്കും. ഞാന്‍ നാലാനകളുടെ മരണം കണ്ടിട്ടുണ്ട്. മദ്യപന്മാരോട് ഞാന്‍ ഒരു ദയയും കാട്ടാറില്ല. പിടിച്ചുകൊണ്ടുവന്ന ഒരു ചെറുക്കന്റെ രണ്ടു കാലിനും നടുക്ക് അരമണിക്കൂര്‍ നേരം ഞാന്‍ ചവിട്ടുകയുണ്ടായി. മാരിമുത്തു പിടിച്ചില്ലെങ്കില്‍ ഞാന്‍ അവനെ കൊല്ലുമായിരുന്നു.

ആനത്തോലിന്റെ കട്ടികാരണം മരിച്ച ആനയുടെ ജഡം ഒന്നു ചീയാതെ മൃഗങ്ങള്‍ക്ക് അതിനെ തിന്നാന്‍ പറ്റില്ല. ടോപ്സ്ലിപ്പില്‍ കടുവ ഒന്നുരണ്ടെണ്ണമേയുള്ളൂ. അവ പൊതുവേ ആനയെ തിന്നാറില്ല. ചീഞ്ഞ ആനയെ ചെന്നായകള്‍ തേടിവന്ന് കൂട്ടംകൂട്ടമായി ചുറ്റിനിന്ന് കടിച്ചുവലിച്ചു തിന്നും. പിന്നീട് കഴുകന്മാര്‍ പറന്നിറങ്ങും. ശേഷിച്ചത് പുഴുക്കള്‍ തിന്നും. മനുഷ്യനെക്കാള്‍ നൂറ്റിയെഴുപതിരട്ടി കൂടുതല്‍ ന്യൂറോണുകളുള്ള തലച്ചോറ് നിറഞ്ഞ തല ചെന്നായകള്‍ കടിച്ചു പൊട്ടിച്ച് തിന്നും. കാടിന്റെ രാജാവ് വെറും വെളുത്ത എല്ലുകളായി ശേഷിക്കും.

Content Highlights: Jayamohan writes Aana doctor novel by Mathrubhumi books