വെബ്‌സീരീസ് ആസക്തി: കൊറിയന്‍ ഡ്രാമയുടെയും സോംബി സീരീസുകളും ജീവിതം കയ്യടക്കുമ്പോള്‍!

പ്ലസ്ടുവിന് മികച്ച മാര്‍ക്ക് വാങ്ങി ഒരുപാട് പ്രതീക്ഷകളുമായാണ് പ്രവീണ്‍ ബെംഗളൂരുവില്‍ ഉപരിപഠനത്തിന് പോകുന്നത്. ബി.ബി.എ. പൂര്‍ത്തിയാക്കി ബിസിനസ്സില്‍ മാസ്റ്റര്‍ ബിരുദം എടുക്കുകയായിരുന്നു ലക്ഷ്യം. അവിടെ കിട്ടിയ പുതിയ കൂട്ടുകാരില്‍നിന്ന് പുതിയ ലോകം തന്നെ കണ്ടുകിട്ടുകയായിരുന്നു പ്രവീണിന്. ഒപ്പം മുറിയില്‍ താമസിക്കുന്ന സുഹൃത്തില്‍നിന്നാണ് ജാപ്പനീസ്, കൊറിയന്‍ സീരീസുകളെക്കുറിച്ച് അറിയുന്നത്. ആദ്യമൊക്കെ സമയം കളയാന്‍ എന്നതില്‍ കവിഞ്ഞ് സീരീസിന് ഗൗരവം നല്‍കിയിരുന്നില്ല. പക്ഷേ, പതുക്കെ അവന്‍ ജാപ്പനീസ് 'അനിമെ'യുടെയും കൊറിയന്‍ ഡ്രാമയുടെയും സോംബി സീരീസുകളുടെയും കടുത്ത ആരാധകനായി മാറി. പുതിയ എപ്പിസോഡുകള്‍ക്കായി കാത്തിരുന്നു.
പതുക്കെ ജീവിതദിനചര്യകളില്‍ വരുന്ന മാറ്റം പ്രവീണ്‍ അറിഞ്ഞില്ല. രാത്രികളില്‍ ഉറങ്ങാതിരുന്ന് വീഡിയോകള്‍ കാണാന്‍ തുടങ്ങി. ബി.ബി.എ. ക്ലാസുകളില്‍ മിടുക്കനായി പഠിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്ന പ്രവീണിനെ ക്ലാസില്‍തന്നെ കാണാതെയായി. ആദ്യമൊക്കെ ഉറക്കച്ചടവില്‍ ക്ലാസില്‍ വരുന്ന പ്രവീണിനെ പലരും ശ്രദ്ധിച്ചെങ്കിലും എന്താണ് മാറ്റം സംഭവിക്കുന്നത് എന്ന് ആരും മനസ്സിലാക്കിയില്ല. കോളേജില്‍ നടന്ന പല പരീക്ഷകളിലും പരാജയപ്പെടുക കൂടി ചെയ്തതോടെ പ്രവീണിന് പഠനത്തോടുള്ള താത്പര്യമേ നഷ്ടമായി. എന്നാലും കഷ്ടപ്പെട്ട് ഒരു വിധം കോഴ്‌സ് പൂര്‍ത്തിയാക്കി. ഈ സമയമത്രയും ഒരു ആസക്തിയെന്നവണ്ണം സീരീസുകള്‍ കാണുന്നത് പതിവായിരുന്നു.
ബി.ബി.എ. ബിരുദം പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിയ പ്രവീണ്‍ ഒരു കോഴ്‌സ് കൂടി പഠിച്ചാല്‍ മാത്രമേ നല്ല ജോലി ലഭിക്കുകയുള്ളൂ എന്ന് മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നിട്ട് ജോലിക്കുശ്രമിക്കാതെ രാത്രികളില്‍ വെബ് സീരീസില്‍ സമയം കളഞ്ഞു, പകല്‍സമയങ്ങളില്‍ ഉറക്കവും. എം.ബി.എക്ക് ചേരാനും താത്പര്യം കാണിച്ചില്ല. മിക്ക ദിവസവും വൈകിട്ട് അഞ്ച് മണിക്കുശേഷം ഉറക്കമുണരുന്നതായി പതിവ്. എഴുന്നേറ്റ് ഭക്ഷണം കഴിച്ച് വീണ്ടും ഫോണുമായി മുറിയിലേക്ക് പോകും. നേരത്തേ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്നായി ഇടപഴകിയിരുന്ന പ്രവീണിന്റെ സ്വഭാവത്തിലുള്ള പ്രകടമായ മാറ്റങ്ങള്‍ മാതാപിതാക്കളെ അലട്ടുവാന്‍
തുടങ്ങി.
രാത്രി ഉറങ്ങുവാനും രാവിലെ ഉണരുവാനും അവര്‍ സ്‌നേഹപൂര്‍വ്വം ഉപദേശിച്ചെങ്കിലും പ്രവീണ്‍ അത് ശ്രദ്ധിച്ചതേ ഇല്ല. വീട്ടിലെത്തി ആറ് മാസം പിന്നിട്ടിട്ടും ജോലിക്കോ ഉപരിപഠനത്തിനോ ശ്രമിക്കാതെ രാത്രി മുഴുവന്‍ മൊബൈല്‍ ഫോണില്‍ വെബ് സീരീസ് കണ്ട് പകല്‍ മുഴുവന്‍ ഉറങ്ങുന്ന മകനെക്കുറിച്ചോര്‍ത്ത് മാതാപിതാക്കള്‍ അസ്വസ്ഥരായി. എല്ലാവരുമായി സന്തോഷത്തോടെ ചിരിച്ച് ഇടപഴകിയിരുന്ന മകന്റെ മുഖത്ത് ആറു മാസത്തില്‍ ഏറെയായി ഒരു ചെറുപുഞ്ചിരി കണ്ടിട്ട് എന്നത് അവരെ വല്ലാതെ ഉത്കണ്ഠാകുലരാക്കി.
കാര്യങ്ങള്‍ അത്ര നന്നായല്ല പോകുന്നത് എന്ന് ബോധ്യപ്പെട്ടപ്പോഴാണ് വീട്ടിലെ ഇന്റര്‍നെറ്റ് കട്ട് ചെയ്യാന്‍ മാതാപിതാക്കള്‍ മുതിര്‍ന്നത്. അത് പക്ഷേ അവനെ അക്രമാസക്തനാക്കുന്നതാണ് കണ്ടത്. ഹൃദ്രോഗിയായ സ്വന്തം പിതാവിനെ കൈയേറ്റം ചെയ്തു. ഇതോടെയാണ് കാര്യങ്ങള്‍ വിചാരിച്ചതിലും ഗൗരവമുള്ളതാണെന്ന് വ്യക്തമാകുന്നത്. മകന് വീഡിയോകളോടുള്ള ആസക്തിയാണെന്നും അതിന് ഒരു മാനസികാരോഗ്യവിദഗ്ധനെ കാണണം എന്നും അടുത്ത ബന്ധത്തിലുള്ള ചിലരാണ് ഉപദേശിച്ചത്.
ആദ്യമൊന്നും മകനെ ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോകുക എന്ന ആശയത്തോട് യോജിപ്പില്ലായിരുന്നെങ്കിലും കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് ബോധ്യപ്പെട്ടതോടെ അതിന് തയ്യാറായി. ആദ്യം സംസാരിക്കുമ്പോള്‍ തന്റെ ഇടപെടലുകളില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് സമ്മതിക്കാന്‍ പ്രവീണ്‍ തയ്യാറായിരുന്നില്ല. പിന്നെ സമയം കളയാനായി വല്ല വീഡിയോകളും കാണുമെന്ന് സമ്മതിച്ചു. കൂടുതല്‍ ചോദിച്ചപ്പോള്‍ മാത്രം കാണുന്ന സീരീസുകളുടെ പേര് വെളിപ്പെടുത്തി. ഒടുവില്‍ സീരീസുകള്‍ക്ക് അടിമയാകുന്ന മാനസികാവസ്ഥയിലാണ് പ്രവീണ്‍ എന്ന് ബോധ്യപ്പെട്ടു.
എന്തുകൊണ്ട് സീരീസുകള്‍?
ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് കുട്ടികള്‍ നടത്തുന്നത്. ഒരു പ്രശ്‌നം മുന്നില്‍ വരുമ്പോള്‍ രണ്ടു തരത്തിലായിരിക്കാം കുട്ടികളുടെ പ്രതികരണം. ഒന്നുകില്‍ ഫൈറ്റ്; അവര്‍ അതിനോട് അമിതമായി പോരടിച്ചുകൊണ്ടിരിക്കും. രണ്ടാമത് ഫ്‌ളൈറ്റ്; ഓടി രക്ഷപ്പെടും. ഇത് ഉപബോധമനസ്സിലൂടെയാണ് നടക്കുന്നത്. അതിനാല്‍ കുട്ടികള്‍ അത് തിരിച്ചറിയണമെന്നില്ല. പഠനം ബുദ്ധിമുട്ടേറിയതാണെന്ന് തോന്നുന്നതോടെ പരിശ്രമത്തിലൂടെ കീഴടക്കുന്നതിന് പകരം ഒളിച്ചോടുകയാണ് കുട്ടികള്‍ ചെയ്യുന്നത്. ഇതിനായി തിരഞ്ഞെടുക്കുന്നതാകട്ടെ ഇന്റര്‍നെറ്റിന്റെ വിശാലലോകവും. 'അനിമെ' എന്ന് ഓമനപ്പേരില്‍ വിളിക്കുന്ന അനിമേറ്റഡ് വിഡിയോ സീരീസുകള്‍ കുട്ടികളെ അടിമകളാക്കുന്നു.
സ്വന്തം ജീവിതത്തില്‍ നേടാനാവാത്തതിനെ വെട്ടിപ്പിടിക്കുന്ന കഥാപാത്രങ്ങള്‍ ഇവര്‍ക്ക് ഹീറോകളാകുന്നു. പഴയകാലത്തെ ഹീറോ സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതി എത്തുന്ന പുതിയ ഹീറോകള്‍ പലപ്പോഴും വ്യത്യസ്തരും കാണുന്നവരുടെ മനസ്സുകളെ കീഴടക്കാന്‍ സാധിക്കുന്നവരുമായിരിക്കും. കഥാപാത്രങ്ങളിലെ നന്മയെയും തിന്മയെയും ഒരുപോലെ അംഗീകരിക്കാന്‍ അവര്‍ മനസ്സുകാണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഹീറോ വില്ലനും വില്ലന്‍ ഹീറോയുമാകാം. ഒരു വ്യക്തിയില്‍തന്നെ തനിക്കില്ലാത്ത, തനിക്ക് വേണമെന്ന് ആഗ്രഹിക്കുന്ന കഴിവുകളുള്ള കഥാപാത്രങ്ങള്‍ അവര്‍ക്കു ഹീറോ ആയി മാറുന്നു. പതുക്കെ ഇവയ്ക്ക് അടിമപ്പെടുകയാണ് ചെയ്യുന്നത്.
പ്രവീണിനോട് പിന്നീട് സംസാരിക്കുമ്പോഴാണ് തന്റെ ഹീറോയെക്കുറിച്ച് അവന്‍ വിശദീകരിച്ചത്, സ്വന്തം പോരായ്മകളെക്കുറിച്ചും. മകന് പണ്ടുകുറെ കൂട്ടുകാരുണ്ടായിരുന്നു, ഇപ്പോള്‍ ആരുമില്ലെന്ന അമ്മയുടെ പരിഭവത്തിന് അവന്റെ മറുപടിയാണ് അദ്ഭുതപ്പെടുത്തുന്നത്. 'എന്റെ യഥാര്‍ഥ ലോകം വല്ലാത്ത ഡാര്‍ക്കാണ്; എന്നാല്‍ 'അനിമെ' വേള്‍ഡ് വളരെ കളര്‍ഫുളും. എനിക്കില്ലാത്തതെല്ലാം അവിടെയുണ്ട്. കൂട്ടുകാരെ കാണാന്‍ പോകണമെങ്കില്‍ പണം വേണം, ബൈക്ക് വേണം. അവര്‍ക്കെല്ലാം അതെല്ലാമുണ്ട്. എനിക്ക് മാത്രം അതൊന്നുമില്ല. അപ്പോള്‍ പിന്നെ സീരീസ് കണ്ട് വീട്ടിലിരുന്നാല്‍ നമ്മള്‍ക്ക് സന്തോഷം കിട്ടും. പല 'അനിമെ'കളും കണ്ട് കഴിഞ്ഞാല്‍ അടുത്ത എപ്പിസോഡ് കാണാന്‍ വല്ലാത്ത ആഗ്രഹം തോന്നും. അങ്ങനെ അടുത്തതു കാണും, പിന്നെ അടുത്തത്.'
ഒരു ഘട്ടം കഴിഞ്ഞ് പഠനത്തിലേക്കോ അല്ലെങ്കില്‍ ജീവിതയാഥാര്‍ഥ്യങ്ങളിലേക്കോ അവര്‍ തിരിച്ചുവരാന്‍ ശ്രമിക്കുമ്പോള്‍ അതിനുസാധിക്കാതെ വരുന്നു. പഠനത്തിന് പുസ്തകം കൈയിലെടുക്കുമ്പോള്‍ മനസ്സുതകര്‍ന്ന് വീണ്ടും സന്തോഷം ലഭിക്കുന്ന വീഡിയോ കാണലിലേക്ക് തിരിച്ചുപോകുന്നു. ഒടുവില്‍ പരീക്ഷയുടെ തലേദിവസമോ അല്ലെങ്കില്‍ തനിക്കിനി യഥാര്‍ഥ ജീവിതത്തിലേക്ക് തിരിച്ചു പോകാനാവില്ലെന്നു ബോധ്യപ്പെടുമ്പോഴോ അവരില്‍ ചിലര്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. ഒരുപക്ഷേ മരിക്കുന്നതിന് മുമ്പ് വീട്ടുകാര്‍ക്ക് ഇതിനെക്കുറിച്ച് സൂചനകള്‍ നല്‍കിയിട്ടുണ്ടാകും. മിക്ക മാതാപിതാക്കള്‍ക്കും ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടുകൊള്ളണമെന്നില്ല. മക്കള്‍ക്ക് പഠനത്തില്‍ ശ്രദ്ധ നഷ്ടപ്പെടാന്‍ മറ്റെന്തെങ്കിലും കാരണമാണെന്നാവും അവര്‍ ധരിച്ചു വെച്ചിട്ടുണ്ടാകുക.
പ്രവീണ്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു
വീണ്ടും പ്രവീണിലേക്ക് തിരിച്ചുവരാം. ഇ-മോചന്‍ ക്ലിനിക്കില്‍ ഏതാനും സിറ്റിങ്ങിലൂടെ മൊബൈല്‍ ഫോണ്‍ അടിമത്തത്തില്‍നിന്ന് പ്രവീണ്‍ മോചിതനായി. സ്വയം യഥാര്‍ഥ ജീവിതത്തിലേക്ക് തിരിച്ചുനടക്കാന്‍ കൈപിടിച്ച് സഹായിച്ചത് സൈക്കോതെറാപ്പി ചികിത്സകളായിരുന്നു. പഴയ പ്രസരിപ്പും സന്തോഷവും വീണ്ടെടുത്ത പ്രവീണ്‍ എം.ബി.എ. കോഴ്‌സിനായി വീണ്ടും ബെംഗളൂരിലേക്ക് പോയി.
വെബ്‌സീരീസ് ആസക്തിയില്‍നിന്ന് മോചനം
വെബ് സീരീസുകളും ഓണ്‍ലൈന്‍ സ്ട്രീമിങ് ഉള്ളടക്കങ്ങളും യുവജനതയ്ക്ക് ഹരമായി മാറുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ടെലിവിഷന്‍ ഷോകള്‍ക്ക് പകരമായി വെബ് സീരീസുകള്‍ ഇവിടെ കാര്യമായ പ്രചാരം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിച്ച സ്ട്രീമിങ്ങുകളും വെബ് സീരീസ് ഉള്ളടക്കങ്ങളും ഇന്ന് കാര്യമായി പ്രചാരം നേടിക്കഴിഞ്ഞു. ആമസോണും നെറ്റ്ഫ്‌ളിക്‌സും, സോണിലിവ്, ഹോട്ട്സ്റ്റാര്‍, ഇറോസ് നൗ തുടങ്ങിയ നിരവധി വലിയ കമ്പനികളും പ്രാദേശിക ഉള്ളടക്കത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ടെലിവിഷനെക്കൊണ്ട് സാധിക്കാത്തിടത്തേക്ക് നമ്മെ കൊണ്ടുപോകുന്നത് വഴി വെബ് സീരീസുകള്‍ ഇന്ത്യയില്‍ വന്‍ ജനപ്രീതി നേടി. വെബ് സീരീസും ഓണ്‍ലൈന്‍ സ്ട്രീമിങ്ങും പ്രേക്ഷകരെ അവരുടെ സൗകര്യത്തിന് അനുസരിച്ച് ഷോകള്‍ കാണാന്‍ അനുവദിക്കുന്നു.
വിവിധ രാജ്യങ്ങളിലെ ഭാഷ, സംസ്‌കാരം, ഭക്ഷണം, വസ്ത്രധാരണം, പ്രധാന വ്യക്തികള്‍, സ്ഥലങ്ങള്‍, കാലാവസ്ഥ, ഗെയിമുകള്‍, മ്യൂസിക് ബാന്‍ഡ് അടക്കം അനേകം വസ്തുക്കളെക്കുറിച്ച് നമുക്ക് വെബ് സീരീസുകള്‍ അറിവ് നല്‍കുന്നു.
ടെലിവിഷനിലെ സീരിയലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെബ് സീരീസ് ചെറുതും പുത്തന്‍ സര്‍ഗ്ഗാത്മകതയും ആശയങ്ങളും ഉള്ളവയുമാണ്. ഇതിന് പ്രവചനാതീതമായ പ്ലോട്ടുകള്‍ ഉണ്ട്. കൂടാതെ, വെബ് സീരീസുകള്‍ക്ക് സമയപരിധിയില്ല എന്നതുമുണ്ട്. ആളുകള്‍ക്ക് എവിടെയും ഏത് സമയത്തും ഇതു കാണാന്‍ കഴിയും. ഓരോ എപ്പിസോഡും അടുത്ത എപ്പിസോഡ് കാണാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിലാകും നിര്‍മ്മിച്ചിട്ടുണ്ടാകുക. ആളുകള്‍ക്ക് അവരുടെ താത്പര്യത്തിന് അനുസരിച്ച് പരമ്പര കാണാന്‍ കഴിയുന്നതിനാല്‍ വെബ് സീരീസ് നിര്‍മാണം ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. വെബ് സീരീസ് എല്ലാതരം വിനോദങ്ങളും പ്രദാനം ചെയ്യുന്നുണ്ട്. ഭൂരിഭാഗവും സീരീസുകളുടെയും കണ്ടന്റുകള്‍ കാഴ്ചക്കാരുടെ ഇഷ്ടസങ്കല്‍പ്പങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രണയം, സസ്‌പെന്‍സ്, ഹൊറര്‍, ഫാന്റസി, കോമഡി, ഫോറന്‍സിക്, സൗഹൃദം തുടങ്ങിയവയാണ് സീരീസുകളുടെ ഉള്ളടക്കം. ഇതൊരു തലത്തിലുള്ള ആഗ്രഹസഫലീകരണമായി കണ്ട് കാഴ്ചക്കാര്‍ ആവോളം ആസ്വദിക്കുന്നു. അറിയാതെ അവര്‍ അതിന് അടിമകളായി മാറുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓണ്‍ലൈന്‍ വിനോദവ്യവസായം ഇന്ത്യയില്‍ ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ കാഴ്ചക്കാരുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി, ഉപഭോഗം ചെയ്യുന്ന ഉള്ളടക്കത്തിന്റെ തരത്തിലെ മാറ്റം, ഉള്ളടക്കം നല്‍കുന്ന വിവിധ ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ കാരണമാണ് ഇത് സാധ്യമായത്. മൊബൈല്‍ കണക്ഷന്റെയും ബ്രോഡ്ബാന്‍ഡ് സേവനങ്ങളുടെയും വ്യാപകമായ ലഭ്യതയും വേഗമേറിയതും ചെലവു കുറഞ്ഞതുമായ ഇന്റര്‍നെറ്റ് സേവനങ്ങളും ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ എണ്ണത്തിലും അവര്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയത്തിലും കുതിച്ചുചാട്ടമുണ്ടാക്കി. ശരാശരി ഇന്ത്യന്‍ കാഴ്ചക്കാര്‍ ഏകദേശം 8 മണിക്കൂര്‍ 29 മിനിറ്റ് ഓണ്‍ലൈന്‍ വീഡിയോ ഉള്ളടക്കം കാണാന്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ആഗോളപ്രവണതയായ 6 മണിക്കൂര്‍ 45 മിനിറ്റിനേക്കാള്‍ വളരെ കൂടുതലാണ്. ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് ഉള്ളടക്കത്തിന്റെ ജനപ്രീതി എത്രയാണെന്ന് ഇത് വ്യക്തമാക്കുന്നു.
ലക്ഷ്യം യുവതലമുറകള്‍
വെബ് സീരീസുകളും മറ്റ് ഓണ്‍ലൈന്‍ സ്ട്രീമിങ് ഉള്ളടക്കങ്ങളും പ്രധാനമായും ലക്ഷ്യംവെക്കുന്നത് യുവതലമുറയെ ആണ്, പ്രത്യേകിച്ചും കൗമാരക്കാരെയും 13നും 30നും ഇടയില്‍ പ്രായമുള്ളവരെയും. ഇവര്‍ക്ക് പുറമേ പ്രേക്ഷകരില്‍ 30 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവരും ഉള്‍പ്പെടുന്നു. ഒരു ദിവസത്തേക്ക് വെബ് സീരീസ് എപ്പിസോഡുകളില്‍ ഒന്നുമാത്രം ഇരുന്നു കാണാന്‍ തീരുമാനിച്ചുവെന്നു കരുതുക, അതിന് 30 മിനിറ്റെടുക്കും. എന്നാല്‍ അതുകഴിയുമ്പോള്‍ കൂടുതല്‍ കൂടുതല്‍ എപ്പിസോഡുകള്‍ കാണാന്‍ സ്വയം പ്രലോഭിപ്പിക്കപ്പെടുകയാണ്. കാഴ്ചക്കാര്‍ ഒരൊറ്റ ടിവി സീരീസിന്റെ തുടര്‍ച്ചയായ എപ്പിസോഡുകള്‍ ഒറ്റയിരുപ്പില്‍ കാണുന്നു. ഉദാഹരണമായി ഇരുപതു മിനിട്ടു ദൈര്‍ഘ്യമുള്ള 'വണ്‍ പീസ്' എന്ന അനിമ ആയിരം എപ്പിസോഡുകളില്‍ അധികമുണ്ട്. ഇവ കാണുന്ന ഒരാള്‍ 20,000 മിനുട്ട് ഇതിനായി പല ദിവസങ്ങളില്‍ ചെലവഴിക്കുന്നു. ഇതുപോലെ നിരവധി വെബ്‌സീരീസുകള്‍ക്ക് അടിമകളായ വ്യക്തികളുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കുന്നു. ദിവസവും നിരവധി മണിക്കൂറുകള്‍ ഒരേ സമയം ഇതിനായി കളയുന്നുവെന്നു അറിയാമെങ്കിലും അതുനിയന്ത്രിക്കാന്‍ സാധിക്കാതെ എപ്പിസോഡുകള്‍ കണ്ടുകണ്ട് ഇരിക്കുന്നത് മുതിര്‍ന്നവര്‍ക്കും ശീലമായി മാറിയിട്ടുണ്ട്. കുട്ടികളില്‍ ഇതു പഠനത്തെയും മാനസികാവസ്ഥയെയും ബാധിക്കുമെങ്കില്‍ മുതിര്‍ന്നവര്‍ക്കിടയില്‍ അതു കുടുംബബന്ധങ്ങളെയും ജോലിയെയും എല്ലാം സാരമായി ബാധിക്കുന്നു.
വളരെ സാധാരണക്കാരായ യുവതീയുവാക്കള്‍ പോലും ഇത്തരം സീരിയലുകളുടെ സ്വാധീനം നിമിത്തം ക്രിമിനലുകളാകുന്നു എന്നത് മറ്റൊരു വിഷമിപ്പിക്കുന്ന യാഥാര്‍ഥ്യം. അടുത്തിടെ നടന്നിട്ടുള്ള കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ പ്രതിസ്ഥാനത്തുള്ളവര്‍ നല്ലൊരു പങ്കും പലപ്പോഴായി വെബ് സീരീസുകള്‍ ധാരാളമായി കാണുന്നത് പതിവാക്കിയവരാണ്. കൊലപാതകത്തെക്കുറിച്ചും കൊലപാതകം ചെയ്യേണ്ട രീതികളെക്കുറിച്ചും പോലീസുകാര്‍ ചോദിക്കാനുള്ള ചോദ്യങ്ങളെയും അവയ്ക്ക് നല്‍കേണ്ട മറുപടിയും വരെ ഇന്റര്‍നെറ്റില്‍ തിരഞ്ഞ് കണ്ടുപിടിച്ചിട്ടുണ്ടാകും ഇക്കൂട്ടര്‍. ഓണ്‍ലൈന്‍ എങ്ങനെ ഒരു വ്യക്തിയുടെ ചിന്താഗതിയെ മാറ്റിമറിക്കുന്നു എന്നതിനു വ്യക്തമായ ഉദാഹരണങ്ങളാണ് ഇത്തരം കൊലപാതകങ്ങള്‍.
(ഡോ. സന്ദീഷ് പി.ടി. രചിച്ച 'ഇന്റര്‍നെറ്റും മാനസികാരോഗ്യവും' എന്ന പുസ്തകത്തിലെ 'വെബ്സീരീസ് ആസക്തി; തിരിച്ചറിവും പരിഹാരവും അനിവാര്യം' എന്ന ഭാഗത്തില്‍നിന്ന്)
Content Highlights: Internet addiction, Internetum manasikarogyavum book excerpt, Sandheesh P.T., Mathrubhumi books