കുട്ടികളെക്കൊണ്ട് സിഗരറ്റു വാങ്ങിപ്പിക്കുക, മുമ്പില്‍വെച്ച് വലിക്കുക...അവര്‍ വലിക്കരുതെന്ന ഉപദേശവും!

#സുരേന്ദ്രൻ ചീക്കിലോട്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ക്വിസ് മത്സരത്തില്‍ ക്വിസ് മാസ്റ്റര്‍ ഞങ്ങളോടു ചോദിച്ച ഒരു ചോദ്യമുണ്ട്- ഒരറ്റത്ത് തീയും മറ്റേത് ഒരു വിഡ്ഢിയും. ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കിലും ക്വിസ് മാസ്റ്റര്‍ പറഞ്ഞ പുകവലിക്കാരന്‍ എന്ന ഉത്തരം ഇന്നും മനസ്സില്‍ തറഞ്ഞുതന്നെ കിടക്കുന്നു. പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന് ചുവപ്പുനിറത്തില്‍ വലിയ അക്ഷരത്തില്‍ എഴുതിയ പാക്കറ്റ് തുറന്ന് അഭ്യസ്തവിദ്യര്‍ എന്ന് അഭിമാനിക്കുന്നവര്‍പോലും സിഗരറ്റെടുത്ത് കത്തിച്ചുവലിക്കുന്നതു കാണുമ്പോള്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ കുസൃതിച്ചോദ്യം എത്രമാത്രം പ്രസക്തമാണെന്ന് തിരിച്ചറിയുകയാണ്.

ആത്മഹത്യ ചെയ്യാനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് സിഗററ്റ് എന്നത് ഒരു ആപ്തവാക്യം. ലോകത്ത് ഓരോ എട്ടു സെക്കന്‍ഡിലും ഒരാള്‍ വീതം പുകവലിയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന രോഗങ്ങള്‍മൂലം മരിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. ഐക്യരാഷ്ട്രസംഘടനയുടെ സര്‍വേപ്രകാരം ഓരോ വര്‍ഷവും ആറു ദശലക്ഷം ആളുകളെങ്കിലും പുകയിലജന്യരോഗങ്ങള്‍മൂലം മരിക്കുന്നുണ്ട്. ഇവയില്‍ പത്തു ശതമാനം പേരെങ്കിലും നേരിട്ട് പുകവലിക്കാത്ത നിഷ്‌ക്രിയ പുകവലിക്കാര്‍ ആണെന്നതാണ് യാഥാര്‍ത്ഥ്യം. അതായത്, പുകവലിക്കാര്‍ അല്ലെങ്കിലും പുകവലിക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കു പുകയിലജന്യരോഗങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ചുരുക്കം!

ഇന്ത്യയില്‍ ഒരു വര്‍ഷം 89 ലക്ഷംപേര്‍ പുകവലിമൂലം മരിക്കുന്നു. ആകെയുള്ള കാന്‍സറിന്റെ 40 ശതമാനവും പുകയില കാരണമാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ദിവസേന 2200 പേര്‍ ഇന്ത്യയില്‍ പുകവലിജന്യമായ രോഗങ്ങള്‍മൂലം മരിക്കുന്നു. കേരളത്തില്‍ ഓരോ വര്‍ഷവും 25,000 പേര്‍ക്ക് പുതുതായി കാന്‍സര്‍ ഉണ്ടാകുന്നു. കേരളത്തിലെ ശ്വാസകോശരോഗികളുടെ എണ്ണം 12 ലക്ഷമാണ്. തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ എത്തുന്ന രോഗികളില്‍ 51 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളും പുകവലിമൂലം കാന്‍സര്‍ ബാധിച്ചവരാണ്. 87 ശതമാനം ശ്വാസകോശ അര്‍ബ്ബുദങ്ങളുടെയും കാരണക്കാരന്‍ പുകവലിയാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ലോകത്ത് ഓരോ മിനിറ്റിലും 10 ദശലക്ഷം സിഗററ്റുകള്‍ വിറ്റുപോകുന്നു എന്നാണ് കണക്ക്. ഗുഡ്ക, ബീഡി എന്നീ പുകയില ഉത്പന്നങ്ങളുടെ വിപണനം ഇതിനു പുറമേയാണ്. പുകവലി മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവെക്കുന്നു എന്നറിയാമെങ്കിലും ഇത് ഉപേക്ഷിക്കാന്‍ പലര്‍ക്കും കഴിയാറില്ല എന്നതാണ് വസ്തുത. പുകയില ഉപയോഗിക്കുന്നവരില്‍ പകുതിയിലധികംപേരും മരിക്കുന്നത് പുകയിലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളാലാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ മരിക്കുന്നവരില്‍ അഞ്ചിലൊന്നും, കാന്‍സര്‍മൂലം മരിക്കുന്നതില്‍ 30 ശതമാനവും പുകവലിക്കാരാണ്.

ശ്വാസകോശം, വായ, വൃക്ക, ശ്വാസനാളം, മൂത്രസഞ്ചി, വയര്‍, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളിലുണ്ടാകുന്ന വിവിധതരം കാന്‍സറുകളില്‍ പുകവലിയുടെയും പുകയിലമുറുക്കിന്റെയുമൊക്കെ സ്വാധീനം ശക്തമാണ്. തുടര്‍ച്ചയായ ചുമയും കഫക്കെട്ടും ശ്വാസംമുട്ടുണ്ടാക്കുന്ന ബ്രോങ്കൈറ്റിസ് എന്നിവ ദീര്‍ഘനാളത്തെ പുകവലിക്കാരുടെ സന്തതസഹചാരിയാണ്. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവയിലൊക്കെ പുകവലി ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. ക്ഷയരോഗം, ആമാശയവ്രണങ്ങള്‍, വായ്നാറ്റം, ലൈംഗിക തകരാറുകള്‍ എന്നിവയും പുകവലി കാരണമാകുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലേക്കു എല്ലാ അവയവങ്ങളെയും പുകവലി നേരിട്ടും അല്ലാതെയും ബാധിക്കുന്നു. പുകവലിക്കാരെപ്പോലെതന്നെ പുകവലിക്കാര്‍ക്ക് ഒപ്പം നില്‍ക്കുന്നവരെയും പുകവലിരോഗങ്ങള്‍ ബാധിക്കുന്നുണ്ട്. പുകവലിക്കാര്‍ പുകവലിച്ച് പുറത്തേക്കുവിടുന്ന പുകയില്‍ നാലായിരത്തിലധികം രാസപദാര്‍ത്ഥങ്ങളുണ്ട്. അവയില്‍ നാല്‍പ്പതെണ്ണം കാന്‍സറിനു സാദ്ധ്യതയുള്ളവയാണ്.

പുകവലിക്കാര്‍ക്കൊപ്പം ജീവിക്കുന്ന കുഞ്ഞുങ്ങളില്‍ വിട്ടുമാറാത്ത ചുമ, വലിവ്, ന്യൂമോണിയ, ജലദോഷം, ടോണ്‍സിലൈറ്റിസ്, ചെവിവേദന, വയറുവേദന എന്നിവയ്ക്കു സാദ്ധ്യത കൂടുതലാണ്. പുകവലിക്കാരായ അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് ജനിക്കുമ്പോള്‍ തൂക്കക്കുറവ് അനുഭവപ്പെടുന്നത് കാണാറുണ്ട്. പ്രത്യുത്പാദനക്ഷമത കുറയ്ക്കും എന്നതിനാല്‍ പുകവലി പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നു. പുരുഷബീജത്തിന്റെ എണ്ണത്തിലും കുറവുവരുത്തുന്നു. പുകവലിക്കാരായ ഗര്‍ഭിണികള്‍ക്ക് അകാലപ്രസവത്തിനുള്ള സാദ്ധ്യത കൂടുതലാണ്. ഗര്‍ഭസ്ഥശിശുവിനു ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ ഉണ്ടാവാനും ഇടയുണ്ട്.

സ്ഥിരമായി പുകവലിക്കുന്നവര്‍ക്ക് പ്രമേഹസാദ്ധ്യത മറ്റുള്ളവരെക്കാള്‍ 30-40 ശതമാനം കൂടുതലാണ്. പുകവലി വൃക്കരോഗം, രക്തപ്രവാഹം തടസ്സപ്പെടല്‍, നാഡീക്ഷയം, എല്ലുകളുടെ ബലക്കുറവ്, അന്ധത എന്നിവയ്ക്കും വിഷാദരോഗം, സ്‌കിസോഫ്രേനിയ തുടങ്ങിയ മാനസികരോഗങ്ങള്‍ക്കും ഇടവരുത്തുന്നു.
പുകയിലയിലെ ഏറ്റവും മാരകമായ വിഷാംശമാണ് നിക്കോട്ടിന്‍. സൈക്കോ ആക്ടീവായ ഒരു വസ്തുവായതിനാല്‍ അത് ഒരേസമയം ശാരീരികവും മാനസികവുമായ ആശ്രിതത്വത്തിനു കാരണമാകുന്നു. ചെറിയ അളവില്‍ ശരീരത്തില്‍ എത്തുമ്പോള്‍ത്തന്നെ അതു പുകവലിക്കാര്‍ക്ക് ഉത്തേജനം നല്‍കുന്നു. ശരീരത്തില്‍ പെട്ടെന്ന് സന്തോഷത്തിന്റെ കെമിക്കലുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനാല്‍ നിരന്തരമായ ഉപയോഗം ആശ്രിതത്വത്തിനു വഴിവെക്കുന്നു. ശരീരത്തില്‍ നിക്കോട്ടിന്റെ അളവ് കൂടുമ്പോള്‍ അത് നാഡീവ്യൂഹത്തെയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുന്നു. ഒറ്റത്തവണ സിഗററ്റ് വലിക്കുമ്പോള്‍ത്തന്നെ രക്തസമ്മര്‍ദ്ദത്തിന്റെയും നാഡിമിടിപ്പിന്റെയും അളവ് വര്‍ദ്ധിക്കുന്നു. രക്തക്കുഴികളില്‍ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹത്തിനു തടസ്സംവരുമ്പോഴാണ് ഹൃദ്രോഗം മൂലമുള്ള മരണം സംഭവിക്കുന്നത്. വായിലെ മ്യൂക്കസ് പാളികള്‍ വളരെ വേഗത്തില്‍ നിക്കോട്ടിനെ ആഗിരണം ചെയ്യുന്നതിനാല്‍ ഒരൊറ്റ തവണ തന്നെ 2.5 മില്ലിഗ്രാം വരെ നിക്കോട്ടിന്‍ ശരീരത്തില്‍ എത്തുന്നു.
പുകയിലപ്പുകയില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു വിഷവാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. കാര്‍ബണ്‍ മോണോക്സൈഡ് ഓക്സിജനെക്കാള്‍ വേഗത്തില്‍ ഹീമോഗ്ലോബിനുമായി കൂടിച്ചേരുന്നതിനാല്‍ ഓക്സിജന്‍ വഹിക്കാനുള്ള രക്തത്തിന്റെ ശേഷി കുറയുന്നു. പുകവലിക്കാരില്‍ ഇത് ഊര്‍ജ്ജോത്പാദനത്തെ ബാധിക്കുകയും ശാരീരികശേഷി കുറയ്ക്കുകയും ചെയ്യും. ഒറ്റത്തവണ സിഗററ്റ് വലിക്കുമ്പോള്‍ത്തന്നെ മൂന്നു മുതല്‍ അഞ്ചു മില്ലി വരെ കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലരുന്നുണ്ട്. പുകയിലയിലെ ഹൈഡ്രജന്‍ ഡയോക്സൈഡ് ഓക്സിജന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.

മുമ്പുകാലത്ത് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന 'ശ്വാസകോശം സ്പോഞ്ച് പോലെ'യാണ് എന്നു തുടങ്ങുന്ന പുകവലിക്കെതിരായ പരസ്യം ശ്രദ്ധിച്ചിട്ടില്ലേ. ഒരാള്‍ പുകക്കറകൊണ്ട് കറുത്ത ശ്വാസകോശത്തെ കൈയിലെടുത്ത് ഗ്ലാസിലേക്ക് വീഴ്ത്തുന്ന ഭീകരരംഗം കാണുന്നവരൊക്കെ ഇനി പുകവലിക്കാന്‍ രണ്ടാമതൊരുവട്ടംകൂടി ആലോചിക്കും. ഒരു സിഗററ്റ് വലിക്കുമ്പോള്‍ 20 മില്ലിഗ്രാം പുകക്കറ ആളുടെ ശരീരത്തിലേക്ക് കടക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ദിവസവും 10 സിഗററ്റ് വലിക്കുന്നയാള്‍ ഒരു വര്‍ഷംകൊണ്ട് 75 ഗ്രാം പുകക്കറ ശ്വാസകോശത്തില്‍ എത്തിച്ചിട്ടുണ്ടാവും. ഇത് ശ്വാസകോശ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ ഉണ്ടാക്കാന്‍ കാരണമായേക്കും.

പുകയിലയുടെ ചരിത്രവഴികള്‍

ഉരുളക്കിഴങ്ങിന്റെ വംശത്തില്‍ നിക്കോട്ടിയാന വിഭാഗത്തില്‍പ്പെട്ട ചെടിയുടെ ഇല ഉണക്കിയാണ് പുകയില ഉണ്ടാക്കുന്നത്. തെക്കേ അമേരിക്കയില്‍നിന്നാണ് പുകയില യൂറോപ്പില്‍ എത്തിയത്. കാട്ടുചെടിയായി വളര്‍ന്നിരുന്ന ഉണങ്ങിയ പുകയില കത്തിക്കുമ്പോഴുണ്ടായ പുക പുകച്ചപ്പോള്‍ തെക്കേ അമേരിക്കയിലെ ആദിവാസിവിഭാഗമായ റെഡ് ഇന്ത്യന്‍സിന് ഒരു പ്രത്യേക സുഖം അനുഭവപ്പെട്ടു. തുടര്‍ന്ന് അവര്‍ അത് ഒരു പതിവാക്കി മാറ്റി.

1492-ല്‍ കൊളംബസ്സും സംഘവും സ്പെയിനില്‍നിന്ന് തെക്കേ അമേരിക്കയിലെത്തിയപ്പോള്‍ അവിടത്തെ ആദിവാസികള്‍ പുകവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കൊളംബസ്സും സംഘവും പുകയില ചുരുട്ടി പുകവലിച്ചുനോക്കിയപ്പോഴാണ് അതിനു സാദ്ധ്യത ബോദ്ധ്യപ്പെട്ടത്. അടുത്തവര്‍ഷം 
സ്പെയിനില്‍ തിരിച്ചെത്തിയ കൊളംബസ് മറ്റു കാഴ്ചദ്രവ്യങ്ങള്‍ക്കൊപ്പം ഉണങ്ങിയ പുകയിലയും പുകയിലച്ചെടികളും പുകയിലയുടെ കായകളും രാജാവിനു കാഴ്ചവെച്ചു. രാജാവും സദസ്സിലുള്ള പ്രമുഖന്മാരും ഇത് ആസ്വദിച്ചു വലിക്കുകയും മറ്റു പ്രഭുകുടുംബങ്ങളില്‍ പുകയില വിതരണം ചെയ്യുകയും ചെയ്തു. പോര്‍ച്ചുഗലിലെത്തിയ പുകയിലയെ ജീന്‍ നിക്കോട്ട് എന്ന ഫ്രഞ്ച് അംബാസിഡര്‍ 1560 ഫ്രാന്‍സില്‍ എത്തിച്ചു. ഫ്രാന്‍സില്‍നിന്ന് 1585ലാണ് പുകയില ഇംഗ്ലണ്ടില്‍ എത്തുന്നത്. ഇംഗ്ലണ്ടില്‍ പൈപ്പ് ഉപയോഗിച്ചുള്ള പുകവലി പ്രചാരത്തിലായി. പ്രഭുക്കന്മാര്‍ വീടുകളിലും പൊതുസ്ഥലങ്ങളിലും പൈപ്പില്‍ പുകയില നിറച്ച് പുകവലിക്കുന്നത് ആഢ്യത്വത്തിന്റെ ലക്ഷണമായി മാറി.

അമേരിക്കക്കാര്‍ പുകയിലമുറുക്കിനാണ് പ്രാധാന്യം നല്‍കിയത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും അമേരിക്കയില്‍ സമ്പന്നരെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ലാതെ എല്ലാ കുടുംബങ്ങളിലും പുകയിലമുറുക്ക് വ്യാപകമായി. മുറുക്കിത്തുപ്പാനുള്ള തുപ്പുകോളാമ്പിയില്ലാത്ത വീടുകള്‍ അപൂര്‍വ്വമായിത്തീര്‍ന്നു.

പുകയില നിറച്ച സിഗററ്റ് രൂപപ്പെടുത്തിയെടുത്തത് ബ്രസീലുകാരാണ്. സിഗററ്റ് ഉത്പാദനം വ്യാവസായികാടിസ്ഥാനത്തിലായപ്പോള്‍ സ്പെയ്ന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക എന്നിവിടങ്ങളില്‍ അത് വ്യാപകമായി പ്രചരിച്ചു. ഉത്പാദനം യന്ത്രവത്കരിച്ചും എല്ലാ ഭൂഖണ്ഡങ്ങളിലേക്കും അവ കയറ്റുമതി ചെയ്തും അമേരിക്ക സിഗററ്റ് ഉത്പാദനം കുത്തകവത്കരിച്ചു. 1670-ല്‍ പോര്‍ച്ചുഗീസുകാര്‍ പുകയില ഇന്ത്യയിലെത്തിച്ചു.

ബീജാപ്പൂരിലെ നവാബായ മിഴ്സ ആസാദ് ബെയ്ഗ് അക്ബര്‍ ചക്രവര്‍ത്തിക്ക് വലിക്കാനായി മനോഹരമായ പൈപ്പും പുകയിലയും കൊടുത്തയച്ചതായി ചരിത്രരേഖകളുണ്ട്. മിഴ്സയുടെ ദൂതന്‍ പൈപ്പില്‍ പുകയില നിറച്ച് അക്ബറിനു വലിക്കാന്‍ കൊടുത്തപ്പോള്‍ അത് ആരോഗ്യത്തിനു നല്ലതല്ല എന്നു പറഞ്ഞുകൊണ്ട് കൊട്ടാരവൈദ്യന്‍ അതിനെ തടഞ്ഞു. അങ്ങനെ പുകവലി വിഷമാണെന്നും അത് വലിക്കരുതെന്നും ഉപദേശിച്ച ലോകത്തെ ആദ്യത്തെ വ്യക്തിയായി അക്ബറിന്റെ കൊട്ടാരംവൈദ്യന്‍ ചരിത്രത്തില്‍ സ്ഥാനം നേടി. ബീജാപ്പൂരില്‍നിന്നെത്തിച്ചേര്‍ന്ന പുകയില ഉപയോഗിച്ച പല നവാബുമാരും പുകയിലയ്ക്ക് അടിമയായി. ഇംഗ്ലീഷുകാരുടെ വരവോടെ ഇന്ത്യയില്‍ സിഗററ്റും ചുരുട്ടും പുകക്കുഴലും (ഹുക്ക) പ്രചാരം നേടി. തുടക്കത്തില്‍ ഇംഗ്ലണ്ടില്‍നിന്ന് സിഗററ്റുകള്‍ ഇറക്കുമതി ചെയ്തിരുന്നെങ്കിലും ക്രമേണ ഇന്ത്യയില്‍ പുകയിലക്കൃഷി ആരംഭിക്കുകയും വിദേശകമ്പനികള്‍ ഇന്ത്യയില്‍ത്തന്നെ ഫാക്ടറി സ്ഥാപിച്ച് സിഗററ്റ് ഉത്പാദിപ്പിക്കുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടോടെ ഇന്ത്യയിലും പുകയിലയുടെ ഉപയോഗം വ്യാപകമായി. ഇന്ന് പുകയില ഉപഭോക്താക്കളെന്ന നിലയിലും ഉത്പാദകര്‍ എന്ന നിലയിലും ഇന്ത്യയ്ക്ക് ലോകത്ത് രണ്ടാം സ്ഥാനമാണുള്ളത്. ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, ബിഹാര്‍ ഉത്തര്‍പ്രദേശ്, വടക്കന്‍കേരളം തുടങ്ങിയവയാണ് ഇന്ത്യയില്‍ പുകയില ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങള്‍. കേരളത്തില്‍ കാസര്‍കോട് ജില്ലയിലാണ് മുഖ്യമായും പുകയിലക്കൃഷിയുള്ളത്.

1603-ല്‍ ഇംഗ്ലണ്ടിലെ രാജാവായ ജെയിംസ് ഒന്നാമന്‍ പുകയില വിലക്കിക്കൊണ്ട് ലഘുലേഖ ഇറക്കിയിരുന്നു. 'കണ്ണിനു നിന്ദ്യവും മൂക്കിനു വെറുപ്പുളവാക്കുന്നതും തലച്ചോറിനു ദോഷകരവും ശ്വാസകോശത്തിന് ആപത്കരവുമായ ഒരു ആചാരവും, അതില്‍നിന്നു വരുന്ന പുക അടി കാണാത്ത നരകക്കുഴിയില്‍നിന്ന് വരുന്ന ഭീകരമായ ധൂമപടലത്തിനു തുല്യവുമാണെന്നാണ്' ലഘുലേഖയില്‍ പുകവലിയെ വിശേഷിപ്പിച്ചിരുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ പുരോഹിതര്‍ക്കിടയില്‍പ്പോലും പുകവലിയും പൊടിവലിയും സര്‍വ്വസാധാരണമായപ്പോള്‍ 1642-ല്‍ അന്നത്തെ മാര്‍പാപ്പയായ അര്‍ബ്ബന്‍ എട്ടാമന്‍ പാപ്പ പുകവലിക്കാരെ സഭയില്‍നിന്നു പുറത്താക്കുമെന്ന ഉത്തരവുവരെ പുറപ്പെടുവിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ തുര്‍ക്കിയില്‍ പുകയില വ്യാപകമായപ്പോള്‍ മുസ്ലിം പുരോഹിതന്മാര്‍ പുകവലിക്കെതിരേ നിലപാടെടുത്തു. പുകവലി ഖുര്‍ആനിലെ നിയമങ്ങള്‍ക്കു വിരുദ്ധമായതിനാല്‍ പുകവലിക്കാര്‍ക്ക് തുര്‍ക്കിയിലെ സുല്‍ത്താന്മാര്‍ കടുത്ത ശിക്ഷാവിധികള്‍ ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ സിക്കുകാരുടെ അവസാനഗുരുവായ ഗുരു ഗോവിന്ദ് സിങ് (എ.ഡി. 1666-1708 ) സിക്കുകാര്‍ പുകവലിക്കാന്‍ പാടില്ലെന്ന് വിലക്കേര്‍പ്പെടുത്തി. ഇപ്പോഴും സിക്കുകാര്‍ക്കിടയില്‍ പലരും പുകവലിയോട് വൈമനസ്യം പുലര്‍ത്തുന്നവരാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്പില്‍ പുകവലി ആഢ്യത്വത്തിന്റെ ലക്ഷണമായിട്ടാണ് കരുതിപ്പോന്നിരുന്നത്. പ്രഭുകുടുംബത്തിലെല്ലാം ഒരു സ്റ്റാറ്റസ് സിംബല്‍ എന്നപോലെ പുകയിലയും ഹുക്കയും സ്വീകരണമുറികളില്‍ത്തന്നെ പ്രദര്‍ശിപ്പിച്ചിരുന്നു. അന്‍പതുകളില്‍ അമേരിക്കയിലെ 53 ശതമാനം ജനങ്ങളും പുകവലിക്കാരായിരുന്നു. സിഗററ്റ് കമ്പനികളുടെ വഴിതെറ്റിക്കുന്ന പരസ്യവും ഡോക്ടര്‍മാര്‍വരെ നല്‍കുന്ന നല്ല സര്‍ട്ടിഫിക്കറ്റുകളും തലമുറകളെപ്പോലും പുകവലിക്ക് അടിമയാക്കി. 1964-ലാണ് അമേരിക്കയില്‍ പുകവലിയുടെ അപകടസാദ്ധ്യതയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകള്‍ ആദ്യമായി പുറത്തുവന്നത്. അതോടെ പുകയിലയ്ക്കെതിരായ പ്രചാരണം ശക്തമാവുകയും 1975 ആവുമ്പോഴേക്കും പുകവലിക്കാരുടെ എണ്ണം 39 ശതമാനമായി കുറയുകയും ചെയ്തു. 1979 ആവുമ്പോഴേക്കും അത് 25 ശതമാനമായി കുറഞ്ഞു.

പുകവലിയും കേരളവും

ലോകാരോഗ്യസംഘടന 2020-ല്‍ നടത്തിയ രണ്ടാം ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ (Globel Adult Tobacco Survey) പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 12.7 ശതമാനം പേര്‍ പുകവലിക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. 2007-ല്‍ നടത്തിയ ഒന്നാം സര്‍വേയില്‍ 21.4 ശതമാനമായിരുന്നു. സര്‍വേപ്രകാരം കേരളത്തില്‍ പുകയില ഉപയോഗം നന്നായി കുറഞ്ഞുവരുന്നുണ്ടെങ്കിലും ഈ കാലയളവില്‍ 15നും 17നും ഇടയില്‍ പ്രായമുള്ളവരുടെ പുകയില ഉപയോഗത്തില്‍ നേരിയ വര്‍ദ്ധന കാണിക്കുന്നത് ആശങ്കകള്‍ക്കിടയാക്കുന്നുണ്ട്.

പുകവലിയും വെറ്റിലമുറുക്കും വ്യാപകമായ സാമൂഹികാംഗീകാരം നേടിയെടുത്ത ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. വിവാഹാഘോഷങ്ങള്‍, മരണാനന്തരച്ചടങ്ങുകള്‍, സത്കാരങ്ങള്‍ എന്നിവയൊക്കെ ഒഴിച്ചുകൂടാനാവാത്തയായിരുന്നു. ഈവക ചടങ്ങുകളെ തുടര്‍ന്ന് ഭക്ഷണം കഴിച്ച് കൈകഴുകി വരുമ്പോള്‍ തൊട്ടടുത്ത മേശപ്പുറത്ത് സിഗററ്റ് പാക്കറ്റുകളോ പുകയില മുറുക്കിനുള്ള സാമഗ്രികളോ നിരന്നിട്ടുണ്ടാവും. ചടങ്ങില്‍ പങ്കെടുക്കുന്ന മിക്കവാറും ആളുകള്‍ ഇവയിലൊന്നെങ്കിലും ഉപയോഗിച്ചിരിക്കും. ഒരു കൗതുകത്തിനുവേണ്ടി രണ്ടുമൂന്നു സിഗററ്റുകളെടുത്ത് വള്ളിട്രൗസറിന്റെ പോക്കറ്റിലിട്ട് കല്യാണപ്പന്തലില്‍നിന്നും ഇറങ്ങിപ്പോന്ന ഒരു പഴയ പന്ത്രണ്ടു വയസ്സുകാരന്റെ രൂപം ഇപ്പോഴും ഈയുള്ളവന്റെ മനസ്സില്‍ കുമിളകുത്തുന്നുണ്ട്. പുകവലിയും വെറ്റിലമുറുക്കുമൊക്കെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും അടയാളമായി കണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.

ഒരുകാലത്ത് കേരളത്തിലെ പ്രത്യേകിച്ച് കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെ ഒരു പ്രധാന കൈത്തൊഴിലായിരുന്നു ബീഡിതെറുപ്പ്. കടകള്‍ക്കു മുമ്പില്‍ ബീഡിയിലകള്‍ ഉണക്കാനിട്ടിരിക്കുന്നതും, ഒന്നോ രണ്ടോ ആളുകള്‍ ബീഡി നിറയ്ക്കുന്നതും സ്ഥിരം കാഴ്ചയായിരുന്നു. നാല്‍പ്പതും അന്‍പതും പേര്‍ ഒരുമിച്ചിരുന്നു ബീഡി നിറയ്ക്കുന്ന ബീഡിക്കമ്പനികളിലെ തൊഴിലാളികള്‍ ആയിരുന്നു ഒരുകാലത്ത് പൊതുവിജ്ഞാനത്തിനും രാഷ്ട്രീയദര്‍ശനങ്ങളിലുമൊക്കെ മേല്‍ക്കൈ പുലര്‍ത്തിയിരുന്നത്. 40 തൊഴിലാളികളില്‍ ഒരാളുടെ ജോലി എപ്പോഴും വായനയായിരിക്കും. കേരളത്തില്‍ ഇറങ്ങുന്ന എല്ലാ പത്രങ്ങളും വാരികകളും മാസികകളും കമ്പനികളില്‍ എത്തിയിട്ടുണ്ടാവും. ഊഴമിട്ട് ഓരോരുത്തര്‍ മറ്റുള്ളവര്‍ക്ക് ഇവയൊക്കെ ഉറക്കെ വായിച്ചുകൊടുക്കും. കൈകൊണ്ട് ബീഡി തെരയ്ക്കുന്നതിനിടയില്‍ മറ്റുള്ളവര്‍ ഇതു കേട്ടുകൊണ്ടിരിക്കുകയും, വാര്‍ത്തകളെ വിശകലനം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും. മികച്ച മേനിക്കടലാസില്‍ അച്ചടിച്ച, റഷ്യയില്‍നിന്നിറങ്ങുന്ന കാള്‍ മാര്‍ക്സിന്റെയും ലെനിന്റെയും സ്റ്റാലിന്റെയുമൊക്കെ സോഷ്യലിസ്റ്റ് ദര്‍ശനങ്ങള്‍ അടങ്ങിയ പുസ്തകങ്ങളുടെ ചുവന്ന ചട്ടയുള്ള മലയാളം പതിപ്പുകള്‍ ഇത്തരത്തില്‍ പാരായണം ചെയ്തും, പാരായണം ചെയ്യുന്നത് കേട്ടുപഠിച്ചും പ്രാഥമിക വിദ്യാഭ്യാസംപോലുമില്ലാത്ത അക്കാലത്തെ ഒട്ടേറെ ബീഡിത്തൊഴിലാളികള്‍ കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് സൈദ്ധാന്തികരായി മാറിയിട്ടുണ്ട്. നാട്ടിന്‍പുറത്തുള്ള ബാര്‍ബര്‍ ഷോപ്പുകളും ടെയ്ലറിങ് ഷോപ്പുകളുമായിരുന്നു അന്നത്തെ മറ്റു വിജ്ഞാനകേന്ദ്രങ്ങള്‍.
ക്ഷയരോഗം സര്‍വ്വസാധാരണമായ ഒരു കാലഘട്ടമായിരുന്നു അത്. അന്നത്തെ ബീഡിതെറുപ്പുകാരില്‍ പലരും ക്ഷയരോഗം വന്ന് ചുമച്ചും കഫം തുപ്പിയുമാണ് അവസാനകാലം മരണത്തെ വരവേറ്റത്. ബീഡി തെറുക്കുമ്പോഴും പുകയിലയരിച്ചെടുക്കുമ്പോളുമൊക്കെ നേരിയ പുകയിലപ്പൊടി ശ്വാസകോശങ്ങളിലേക്കും സിരാകേന്ദ്രങ്ങളിലേക്കും കടന്നുചെന്ന് അവിടെ അടിഞ്ഞുകൂടുന്നു. ശ്വാസകോശങ്ങളിലെ വായു അറകളുടെ ഭിത്തികള്‍ കട്ടപിടിക്കുന്നതോടെ അവയുടെ പ്രവര്‍ത്തനക്ഷമത കുറഞ്ഞ് കൂടുതല്‍ കഫം ഉത്പാദിപ്പിക്കപ്പെടുകയും അത് ശ്വാസനാളങ്ങളില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഈ കഫത്തിലാണ് ക്ഷയരോഗത്തിന്റെ കാരണക്കാരായ ട്യൂബര്‍ ക്യുലോസിസ് ബാസിലസ് എന്ന ബാക്ടീരിയ വളര്‍ന്നുവരുന്നതും വ്യക്തിയെ ക്ഷയരോഗിയാക്കി മാറ്റുന്നതും. കമ്പനികളുടെ പരിസരത്ത് ജീവിക്കുന്നവരുടെ ആരോഗ്യംപോലും ഈവിധം അപകടത്തിലായിരുന്നെങ്കിലും അന്ന് ആളുകള്‍ ഇതു വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ല.

എന്തുകൊണ്ട് പുകവലി

പലപ്പോഴും ഒരു കൗതുകം എന്ന നിലയ്ക്കാണ് ആളുകള്‍ പുകവലിച്ചു തുടങ്ങുന്നത്. മുമ്പ് വീട്ടിലെ മുതിര്‍ന്നവരും കാരണവന്മാരുമൊക്കെ വലിച്ചു തള്ളുന്ന സിഗററ്റിന്റെയും ബീഡിയുടെയുമൊക്കെ കുറ്റി എടുത്തു വലിച്ച് വീറുകാണിക്കുന്ന കുട്ടികളെ കാണാറുണ്ടായിരുന്നു. മുതിര്‍ന്നവരെ അനുകരിക്കാനുള്ള ശീലം കുട്ടികളുടെ ജന്മവാസനയാണല്ലോ. കുട്ടികളെക്കൊണ്ട് ബീഡിയും സിഗററ്റുമൊക്കെ വാങ്ങിപ്പിക്കുക, കുട്ടികള്‍ കാണുന്ന സ്ഥലങ്ങളില്‍ അവ സൂക്ഷിക്കുക, കുട്ടികളുടെ മുമ്പില്‍വെച്ച് വലിക്കുക - ഇവയൊക്കെ കുട്ടികളില്‍ ഇവ ഉപയോഗിച്ചുനോക്കാനുള്ള പ്രവണത വര്‍ദ്ധിപ്പിക്കും. പുകവലിക്കു പിന്നില്‍ ജനിതകമായ ചില ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ ജന്മനായുള്ള ഡോപ്പാമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ ഏറ്റക്കുറച്ചിലുകളാണ് പാരമ്പര്യഘടകമായി വര്‍ത്തിക്കുന്നത്. കൗമാരക്കാരായ പുകവലിക്കാരില്‍ 70 ശതമാനംപേരും കൂട്ടുകാരുടെ സ്വാധീനം കൊണ്ടാണ് പുകവലിക്ക് അടിമയാകുന്നതെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. രക്ഷിതാക്കളുടെ പുകവലി, കുടുംബവഴക്കുകള്‍, രക്ഷിതാക്കളുടെ ഇടയിലുള്ള ദാമ്പത്യപ്രശ്നങ്ങള്‍ എന്നിവയും കുട്ടികളുടെ പുകവലിയടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തിനു കാരണമാവുന്നുണ്ട്. ചേരിപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെയും ദാരിദ്ര്യത്തില്‍ വളരുന്നവരുടെയും കുട്ടികളില്‍ പുകവലിക്കാനുള്ള പ്രവണത കൂടുതലാണ്. പുകവലി ആത്മവിശ്വാസവും തന്റേടവും വര്‍ദ്ധിപ്പിക്കുമെന്ന് ധരിച്ചിരിക്കുന്നവരുണ്ട്. ആത്മബോധം കുറവായവരും സ്വന്തമായ അഭിപ്രായം ഇല്ലാത്തവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും സാമൂഹികമായ അവഗണന നേരിടുന്നവരുമൊക്കെ പുകവലിയിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്.

പുകവലിക്കുമ്പോള്‍ തലച്ചോറിലെ ഡോപോമിന്റെ അളവ് വര്‍ദ്ധിക്കുകയും വളരെ പെട്ടെന്നുതന്നെ ഉന്മേഷം അനുഭവപ്പെടുകയും ചെയ്യും. ഉന്മേഷം കയറിയ അതേ വേഗത്തില്‍ത്തന്നെ അത് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ വീണ്ടും വീണ്ടും പുകവലിക്കാനുള്ള പ്രവണത വര്‍ദ്ധിക്കുകയും ആദ്യം കിട്ടിയ അളവില്‍ ഉന്മേഷം ലഭിക്കാന്‍ കൂടുതല്‍ക്കൂടുതല്‍ പ്രാവശ്യം പുകവലി വേണ്ടിവരികയും ചെയ്യും. ക്രമേണ പുകവലി ഒഴിവാക്കാനാവാത്ത ശീലമായി മാറുകയും മാരകമായ പുകയിലജന്യരോഗങ്ങള്‍ക്ക് പുകവലിക്കാരന്‍ അടിമയാവുകയും ചെയ്യുന്നു.

ലോക പുകയിലവിരുദ്ധദിനം

പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും പുകയില ഉത്പന്നങ്ങള്‍ നിയന്ത്രിക്കാന്‍ ഓരോ രാഷ്ട്രത്തിലെയും ഗവണ്‍മെന്റുകളെ പ്രേരിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് ലോക ആരോഗ്യസംഘടന എല്ലാ വര്‍ഷവും മേയ് 31ന് ലോക പുകയിലവിരുദ്ധദിനമായി ആചരിക്കുന്നു. 1987 മുതലാണ് ആഗോളതലത്തില്‍ പുകയിലവിരുദ്ധദിനം ആചരിക്കാന്‍ ആരംഭിച്ചത്. ലോകം ഇന്നേവരെ നേരിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ആരോഗ്യഭീഷണികളിലൊന്നായി പുകയിലയുടെ ഉപയോഗം വിലയിരുത്തപ്പെട്ടു. പുകയിലയുടെ ഭീഷണിക്കെതിരേ ഓരോ വര്‍ഷവും ഓരോ തീം കണ്ടെത്തി പുകയിലവിരുദ്ധദിനത്തില്‍ അതുമായി ബന്ധപ്പെട്ട പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. യു.എന്‍. അംഗീകരിച്ച 2030-ഓടെ സുസ്ഥിരവികസനം എന്ന അജണ്ട കൈവരിക്കാന്‍ തടസ്സംനില്‍ക്കുന്ന ഒരു ഘടകം എന്ന നിലയില്‍ പുകയിലയ്ക്കെതിരായി അതിശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഐക്യരാഷ്ട്രസഭ നേതൃത്വം നല്‍കുന്നത്. 2030 ഓടെ പുകയിലജന്യമായ മരണങ്ങളെ മൂന്നിലൊന്നായി കുറയ്ക്കാന്‍ അതുവഴി ഐക്യരാഷ്ട്രസംഘടന ലക്ഷ്യമിടുന്നുണ്ട്. പുകയിലയും ഹൃദയാരോഗ്യവും എന്നതായിരുന്നു 2019ലെ ലോക പുകയിലദിനാചരണത്തിന്റെ വിഷയം (Tobacco and Lung Health) ശ്വാസകോശത്തില്‍ ഉണ്ടാക്കുന്ന കാന്‍സര്‍ മുതല്‍ മറ്റു ശ്വാസകോശരോഗങ്ങള്‍ക്ക് പുകയിലയുമായുള്ള ബന്ധം തുറന്നുകാട്ടി ആഗോളതലത്തില്‍ ശക്തമായ പ്രചാരണപരിപാടി സംഘടിപ്പിക്കലായിരുന്നു ലക്ഷ്യം.

2020-ലെ വിഷയം പുകയിലക്കമ്പനികളുടെ വ്യവസായകൃത്രിമങ്ങളില്‍നിന്നും വഞ്ചനകളില്‍നിന്നും യുവാക്കളെ സംരക്ഷിക്കുകയും പുകയില, നിക്കോട്ടിന്‍ എന്നിവയുടെ ഉപയോഗത്തില്‍നിന്ന് അവരെ തടയുകയും ചെയ്യുക എന്നുള്ളതായിരുന്നു. യുവാക്കളെ പുകയിലയ്ക്ക് അടിമയാക്കാനായി പുകയിലവ്യവസായികള്‍ നടത്തുന്ന ഹീനമായ തന്ത്രങ്ങളെ പുറത്തുകൊണ്ടുവരുകയും അതുവഴി യുവാക്കളെ പുകയിലക്കമ്പനിക്കെതിരേ നിലപാട് എടുക്കാന്‍ പ്രേരിപ്പിച്ച് അവരെ പുകയിലരഹിതമായ ഒരു തലമുറയുടെ ഭാഗമാക്കാനുള്ള പ്രചാരണപ്രവര്‍ത്തനങ്ങളാണ് ആഗോളതലത്തില്‍ നടന്നത്. പുകയിലക്കമ്പനികള്‍ ഓരോ വര്‍ഷവും വിപണനത്തിനും പരസ്യത്തിനുമായി 90 ബില്യണിലധികം ഡോളറുകളാണ് ചെലവിടുന്നത്.

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ 15,600-ല്‍ അധികം രുചികള്‍ ചേര്‍ത്ത് പുകയില ഉത്പന്നങ്ങള്‍ വൈവിദ്ധ്യവത്കരിക്കുന്നു.
ജനപ്രിയപരിപാടികളില്‍ സൗജന്യമായി പുകയില ഉത്പന്ന സാമ്പിളുകള്‍ വിതരണം ചെയ്യുന്നു.

സിനിമ, ടിവി, ഫോണ്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് പുകയില ഉത്പന്നങ്ങള്‍ പരസ്യപ്പെടുത്തുന്നു.
ഇവന്റ് പാര്‍ട്ടികളും സ്‌കൂള്‍ സ്‌കോളര്‍ഷിപ്പുകളും സ്പോണ്‍സര്‍ ചെയ്യുന്നു.
വിദ്യാലയപരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നു.
ഇ-സിഗരറ്റുകളുടെ പ്രചാരണം വ്യാപകമാക്കി കുട്ടികളെയും കൗമാരക്കാരെയും വലവീശി പിടിക്കുന്നു.
പുകയിലവ്യവസായത്തിലെ ഇത്തരം വഞ്ചനകള്‍ തുറന്നുകാട്ടാനുള്ള ശക്തമായ പ്രചാരണപ്രവര്‍ത്തനമായിരുന്നു 2020കളില്‍ അന്തര്‍ദ്ദേശീയ പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2021-ലെ ലോക പുകയിലദിനത്തിന്റെ സന്ദേശമായി സ്വീകരിച്ചത് Commit to Quit എന്ന മുദ്രാവാക്യമായിരുന്നു. കോവിഡ് രോഗികളില്‍ നല്ലൊരു ശതമാനവും മരണമടഞ്ഞത് ശ്വാസകോശവുമായി ബന്ധപ്പെട്ട തകരാറുകള്‍ മൂലമായിരുന്നു. നിരന്തരമായ പുകയില ശീലമാക്കിയവരായിരുന്നു കൂടുതലും ഇതിന്റെ രക്തസാക്ഷികളായത്. കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ് എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് പുകയില ഉപേക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് (Commit to Quit) എന്ന സന്ദേശം ഏറെ പ്രസക്തമായത്. പുകവലിമൂലം ശ്വാസകോശത്തിന്റെയും ശ്വസനവ്യവസ്ഥയുടെയും പ്രതിരോധശേഷി കുറഞ്ഞവരിലൊക്കെ കൊറോണരോഗം അതിന്റെ ഏറ്റവും സങ്കീര്‍ണ്ണമായ അവസ്ഥയില്‍ എത്തുകയും ഒട്ടനവധി ആളുകളെ മരണം കീഴടക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷിക്കുക (Tobacco's Threat to Our Enviornment) എന്നതായിരുന്നു 2022-ലെ ലോക പുകയിലവിരുദ്ധദിനത്തിലെ പ്രമേയം. പുകയില ഭൂമിയെയും അന്തരീക്ഷത്തെയും എങ്ങനെ മലിനമാക്കുന്നു എന്നും, അത് ജീവിതചക്രത്തില്‍ ഉടനീളം ഒരാളുടെ ജീവിതത്തെ എങ്ങനെയൊക്കെ താറുമാറാക്കുമെന്നുമാണ് ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ലോകത്തിലാകമാനമായി 4.3 മില്യണിനിലധികം ഹെക്ടറുകളിലായാണ് പുകയിലക്കൃഷി വ്യാപിച്ചു കിടക്കുന്നത്. ഇത് രണ്ടു മുതല്‍ നാലു ശതമാനംവരെ വനനശീകരണത്തിനിടയാക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. പുകയിലക്കൃഷിക്ക് ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും ജലസ്രോതസ്സുകളെയും മണ്ണിനെയും മലിനപ്പെടുത്തുന്നു. ഓരോ ദിവസവും ലോകത്തില്‍ പത്തു ബില്യണ്‍ സിഗററ്റുകുറ്റികളാണ് ഭൂമിയിലേക്കു വലിച്ചെറിയപ്പെടുന്നത്. നഗരവീഥികളിലും സമുദ്രതീരങ്ങളിലുമൊക്കെ അടിഞ്ഞുകൂടുന്ന ഇവ പരിസ്ഥിതിനാശത്തിനു വഴിയൊരുക്കുന്നു.

2023-ലെ പ്രമേയം 'പുകയിലയല്ല; ഭക്ഷ്യോല്പന്നങ്ങളാണ് വളര്‍ത്തേണ്ടത്' (We Need Food,Not Tobacco)എന്നതായിരുന്നു. പുകയില കര്‍ഷകരെ ബദല്‍ വിളകളുടെ ഉത്പാദനത്തെയും വിപണന അവസരങ്ങളെയും കുറിച്ച് ബോധവല്‍ക്കരിക്കാനും സുസ്ഥിര പോഷക സമൃദ്ധമായ വിളകള്‍ വളര്‍ത്താന്‍ അവരെ പ്രോത്സാഹിപ്പിക്കലുമായിരുന്നു ഈ സന്ദേശത്തിന്റെ ലക്ഷ്യം. 2024-ല്‍ 'പുകയില വ്യവസായ ഇടപെടലുകളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുക' (Protecting Children from Tobacco Industry Interference) എന്നതായിരുന്നു പ്രമേയമായി സ്വീകരിച്ചിരുന്നത്.

2025-ല്‍ ലോക പുകയില ദിനത്തിന്റെ പ്രമേയം 'പുകയില വ്യവസായത്തിന്റെ തന്ത്രങ്ങള്‍ തുറന്നുകാട്ടിലും മുഖംമൂടി അനാവരണം ചെയ്യലും' (Unmasking the Appeal Exposing Industry Tactics on Tobacco and Nicotine Products) എന്നതാണ്.

ചെറുപ്പക്കാരെ ആകര്‍ഷിക്കാനായി പുതിയ പുതിയ തന്ത്രങ്ങളുമായാണ് ഓരോ സമയത്തും പുകയില കമ്പനികള്‍ രംഗപ്രവേശനം ചെയ്യുന്നത്. പുകയിലയില്‍ സുഗന്ധദ്രവ്യങ്ങളും അഡിക്റ്റീവുകളും ചേര്‍ക്കല്‍, ഉല്‍പ്പന്നങ്ങളെ പുതിയ മോഡലുകളിലും ഡിസൈനുകളിലും അവതരിപ്പിക്കല്‍ തുടങ്ങിയ തന്ത്രങ്ങളെ അനാവരണം ചെയ്ത് ചെറുപ്പക്കാരോടും കുട്ടികളോടും 'പുകയില വേണ്ടെന്ന് പറയുക. ജീവിതത്തോട് 'അതെ' ' എന്ന് പറയുക' എന്ന ആഹ്വാനമാണ് ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധ ദിനത്തില്‍ ലോക ആരോഗ്യ സംഘടന നടത്തുന്നത്. ഈ ഗ്രന്ഥത്തിന്റെ തലക്കെട്ടിനോടും ഉള്ളടക്കത്തോടും വളരെയേറെ നീതി പുലര്‍ത്തുന്ന ആഹ്വാനം കൂടിയാണിത്.

പുകവലിയില്‍നിന്നുള്ള വിമുക്തി

മറ്റെല്ലാ ലഹരി അഡിക്ഷനുകളിലെയും പോലെതന്നെ പുകവലിയും അഡിക്ഷനായി കഴിഞ്ഞാല്‍ പെട്ടെന്നു നിര്‍ത്തുക പ്രയാസമാണ്. രക്തത്തില്‍ അടിഞ്ഞുകൂടിയ നിക്കോട്ടിന്റെ പ്രഭാവം ഉണ്ടാക്കുന്ന വിടുതല്‍ ലക്ഷണങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പോടെ വേണം പുകവലി നിര്‍ത്തേണ്ടത്. വീണ്ടും പുകവലിക്കാന്‍ തോന്നുമ്പോള്‍ പുകയിലയുടെ അത്രതന്നെയല്ലാത്ത നിക്കോട്ടിന്‍ സബ്സ്റ്റിറ്റിയൂട്ടുകള്‍ ഇന്നു സുലഭമാണ്. കൗണ്‍സിലിങ് സെന്ററുകളില്‍ പുകവലി നിര്‍ത്തുന്നതോടെ നഷ്ടപ്പെടുന്ന ഉന്മേഷം വീണ്ടെടുക്കുന്ന രീതിയിലുള്ള മനഃശാസ്ത്ര പരിശീലനങ്ങളും, പ്രാണായാമം, ധ്യാനം, യോഗ, മറ്റു സൈക്കോതെറാപ്പികള്‍ എന്നിവയും പ്രാക്ടീസ് ചെയ്യിക്കുന്നു. പുകവലിയോടുള്ള ആസക്തി കുറയ്ക്കുവാനായി മിക്ക ആശുപത്രികളിലും സ്റ്റോപ്പ് സ്മോക്കിങ് ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

പുകവലി നിര്‍ത്താന്‍ പരിശീലിച്ചു നോക്കാവുന്ന ചില ശീലങ്ങളെകുറിച്ച് പല ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നുണ്ട്.
Start to Stop Smoking.
S Set a date.
S പുകവലി നിര്‍ത്തുവാന്‍ ഒരു തീയതി തിരഞ്ഞെടുക്കുക. പുകവലി നിര്‍ത്തുമ്പോള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുള്ള അസ്വാസ്ഥ്യങ്ങള്‍കൂടി പരിഗണിച്ച് അത് ഒരു അവധിദിവസത്തില്‍ തുടങ്ങുന്നതായിരിക്കും നല്ലത്.
Talk to your Friends and Relatives
T പുകവലി നിര്‍ത്തുവാന്‍ തീരുമാനിച്ച വിവരം ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും മുന്‍കൂട്ടി അറിയിക്കുക.
Anticipate Some Issues.
A പുകവലി നിര്‍ത്തുമ്പോള്‍ വരാന്‍ സാദ്ധ്യതയുള്ള ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് അതിനെ നേരിടാന്‍ മാനസികമായി തയ്യാറെടുക്കുക.
Remove
Rപുകവലിയുമായി ബന്ധപ്പെട്ട ഏല്ലാ സാധനങ്ങളും (സിഗററ്റ് പാക്ക്, തീപ്പെട്ടി, സിഗററ്റ് പരസ്യങ്ങള്‍ തുടങ്ങിയവ) കണ്‍വെട്ടത്തില്‍നിന്ന് നീക്കം ചെയ്യുക
Talk to Doctor
T മറ്റെല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുമ്പോള്‍ ഒരു ഡോക്ടറുടെ സേവനം തേടുക.

വളരെയേറെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന പാന്‍മസാലകളോടുള്ള ആസക്തി കുറയ്ക്കാന്‍ ഫലപ്രദമായ മരുന്നുകളൊന്നും നിലവില്‍ ഇല്ലെന്നാണ് അറിയുന്നത്. പുകവലിക്കാര്‍ക്ക് നിര്‍ദ്ദേശിച്ചതുപോലെ പാന്‍മസാല ഉപയോഗം നിര്‍ത്തിയവര്‍ക്കും വീണ്ടും ഉപയോഗിക്കാന്‍ തോന്നുമ്പോള്‍ മിഠായിയോ ചെറിയ അളവിലുള്ള പുകയില അടങ്ങിയ 'ഗമ്മുകളോ' ഉപയോഗിക്കാവുന്നതാണ്. ഉപയോഗിച്ച് ശീലമായിക്കഴിയുമ്പോള്‍ നിര്‍ത്താന്‍ പ്രയാസമുള്ള ഇവ കുട്ടികളും കൗമാരക്കാരുമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ കണ്ടെത്തി നിരുത്സാഹപ്പെടുത്താനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. 

'നിവാരണം നന്ന് ചികിത്സയെക്കാള്‍' എന്ന ചൊല്ല് ഇവിടെയും ഏറെ പ്രസക്തമാണല്ലോ.

(സുരേന്ദ്രന്‍ ചീക്കിലോട് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ജീവിതം തന്നെ ലഹരി എന്ന പുസ്തകത്തില്‍ നിന്നും...)
 

Content Highlights: international day against drug abuse surendran chikkilode article