‘ഞാനും ഈ മുറിവുകൾ അനുഭവിച്ചിട്ടുണ്ട്, പക്ഷേ, മുന്നിൽ ഒരു വഴിയുണ്ട്’

മാധവ് ഗാഡ്ഗിലിന്റെ ആത്മകഥയായ 'പശ്ചിമഘട്ടം ഒരു പ്രണയകഥ’ എന്ന പുസ്തകത്തിൽനിന്ന് ഒരുഭാഗം വായിക്കാം..
'അത് നിങ്ങൾ ചെറുപ്പമാണ് എന്ന ചിന്തയാണ്
നിങ്ങളുടെ ഹൃദയം പെരുമ്പറപോലെ ഉച്ചത്തിൽ
മിടിച്ചുകൊണ്ടേയിരിക്കുമ്പോൾ…
രാത്രികൾ തണുത്തുറയുമ്പോൾ, താളങ്ങൾ നിങ്ങളെ പിന്നിലാക്കുമ്പോൾ, ആ
നിമിഷത്തെക്കുറിച്ചുമാത്രം സ്വപ്നം കാണുക,
നിങ്ങൾ നിങ്ങളുടെ കണ്ണിലേക്കുതന്നെ നോക്കുമ്പോൾ, കണ്ണ്, കണ്ണ്.
അപ്പോൾ നിങ്ങൾ പറയുന്നു, എനിക്ക് നൃത്തം ചെയ്യണമെന്ന്, സംഗീതം എന്നെ
പ്രേരിപ്പിക്കുന്നുവെന്ന്
നമ്മുടെ ചലനത്തെ തടയാൻ യാതൊന്നിനും കഴിയില്ലെന്ന്.
അതെ, നമുക്ക് നമ്മുടെ മാതൃകകളെ തകർക്കാം
തിളക്കമാർന്നവരെപ്പോലെ ജീവിക്കാം,
നമ്മൾ വിഡ്ഢികളെപ്പോലെ നൃത്തം ചെയ്യുന്നു…
വിഷമിക്കേണ്ടതില്ല. കാരണം, വീഴുമ്പോൾ, എങ്ങനെ വീഴണമെന്ന്
നമുക്കറിയാം,
അധികം സംസാരം ആവശ്യമില്ല,
ഈ രാത്രിയിൽ നടന്നുകൊണ്ടേയിരിക്കുക. കാരണം, നമുക്ക് നൃത്തം ചെയ്യാൻ
ആരുടെയും അനുമതി ആവശ്യമില്ല. വഴിയിൽ എപ്പോഴും ചില തടസ്സങ്ങൾ
ഉണ്ടാകാം. നിങ്ങളെ അലോസരപ്പെടുത്താൻ അതിനെ അനുവദിക്കുന്നില്ലെങ്കിൽ, എങ്ങനെ തകർക്കാമെന്ന് നിങ്ങൾക്കറിയാൻ കഴിയും. ശരിയായ മനോനില നിലനിർത്തുക, അതെ, കാരണം തിരിഞ്ഞുനോക്കേണ്ട പ്രശ്നമുദിക്കുന്നില്ല, തെളിയിക്കാൻ ആരുമില്ല, നാം ഇത് പൂട്ടിയിട്ടില്ല, അതെ കാത്തിരിപ്പ് അവസാനിച്ചു, ഇപ്പോൾ സമയമായി, നമുക്ക് അത് ശരിയാക്കാം. അതെ, നമ്മൾ മുന്നോട്ടുതന്നെ പോകും, സൂര്യോദയം കാണുന്നതുവരെ ഉണർന്നിരിക്കും...'
- (ദക്ഷിണ കൊറിയൻ കെ പോപ്പ് ബോയ് ബാന്റ് ബി.ടി.എസ്.)
75 വർഷമായി ഇന്ത്യ അതിന്റെ ജനാധിപത്യത്തെ സംരക്ഷിച്ചും തീർച്ചയായും വളർത്തിയുമാണ് മുന്നോട്ടു പോകുന്നത്, അങ്ങിങ്ങായി വ്യതിയാനങ്ങളുണ്ടെങ്കിലും. ഇത് എനിക്കു ബോദ്ധ്യപ്പെട്ടത് 1990-ൽ ജപ്പാനിൽ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി കോൺഗ്രസ്സിൽ വെച്ചാണ്. സമ്മേളനത്തിന്റെ മുദ്രാവാക്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു വേണ്ടിയുള്ള വികസനത്തിന്റെ പാരിസ്ഥിതികകാഴ്ചപ്പാട് എന്നതായിരുന്നു. ഞാൻ ഇന്ത്യയുടെ പാരിസ്ഥിതികചരിത്രത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും സംസാരിച്ചു. എന്റെ ശീലമനുസരിച്ച് ഞാൻ ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവും ഭരണപരവുമായ പ്രശ്നങ്ങളുടെ ചില വശങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയുണ്ടായി. എന്റെ പ്രസംഗത്തിനുശേഷം നിരവധി പ്രതിനിധികൾ എനിക്ക് ചുറ്റും കൂടി. ഒരു അന്താരാഷ്ട്രവേദിയിൽ ഞാൻ അപ്രകാരം എന്റെ രാജ്യത്തു നടക്കുന്ന സംഭവങ്ങളുടെ യഥാർത്ഥ ചിത്രം അവതരിപ്പിച്ചതിൽ അവർ അദ്ഭുതംകൂറുന്നുണ്ടായിരുന്നു. എനിക്ക് ഇപ്രകാരം സംസാരിക്കാൻ കഴിയുന്നുവെങ്കിൽ ഇന്ത്യ ശരിക്കും ഒരു തുറന്ന രാജ്യമായിരിക്കണം എന്ന് അവർ പറയുന്നുണ്ടായിരുന്നു.
തീർച്ചയായും നമ്മുടേത് ഒരു തുറന്ന സമൂഹംതന്നെയാണ്. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ എട്ടു ദശാബ്ദക്കാലം രാജ്യത്തിന്റെ തലങ്ങും വിലങ്ങും ഉയരങ്ങളിലും താഴ്വരകളിലും ഞാൻ അവയുടെ ഭംഗി ആസ്വദിച്ചുകൊണ്ട് സഞ്ചരിച്ചിട്ടുണ്ട്. മയിലുകൾ നൃത്തം ചവിട്ടുന്നതും ആനകളുടെ സന്തോഷത്തോടെയുള്ള ദ്രുതനടത്തവും ഞാൻ കണ്ടിട്ടുണ്ട്. മസൂറിലെ അഴിമുഖദ്വീപിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം താമസിച്ചിട്ടുണ്ട്, സിർസിയിലെ സുഗന്ധവിളകർഷകർക്കൊപ്പം ചെലവഴിച്ചിട്ടുണ്ട്, മണിപ്പൂർ കുന്നുകളിലെ ഗാംഗ്ടെ ഗോത്രവർഗ്ഗക്കാരുടെയും ഗദ്ചിരോലിയിലെ ഗോണ്ട് ആദിവാസികളുടെ കൂടെയും ഉറങ്ങിയിട്ടുണ്ട്. ഇതൊക്കെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞ സമൂഹത്തിന്റെ ഭാഗമായിരിക്കുമ്പോൾത്തന്നെയാണ് ഞാൻ ആസ്വദിച്ചത്. അമേരിക്കൻ പ്രകൃതിസംരക്ഷകനായ ആൽഡോ ലെപോൾഡ് (Aldo Leopold) 1949-ൽ എ സാന്റ് കൗണ്ടി അൽമനാക്കിൽ (A Sand County Almanac) അശുഭാപ്തികരമെന്നപോലെ എഴുതി: 'പാരിസ്ഥിതികവിദ്യാഭ്യാസത്തിന്റെ ശിക്ഷകളിലൊന്ന് ഒരാൾ മുറിവുകളുടെ ലോകത്ത് ഏകനായി ജീവിക്കുക എന്നതാണ്.' ഭൂമിയിൽ ഏൽപ്പിക്കപ്പെടുന്ന നാശങ്ങൾ മിക്കതും സാധാരണക്കാരന് അദൃശ്യമായിരിക്കും.
ഒരു പരിസ്ഥിതിശാസ്ത്രജൻ ഒന്നുകിൽ തന്റെ പുറംതൊലി കഠിനമാക്കുകയും ശാസ്ത്രത്തിന്റെ അനന്തരഫലങ്ങൾ തന്റെ വിഷയമൊന്നുമല്ലെന്ന് വിശ്വസിക്കുകയും വേണം, അല്ലെങ്കിൽ അതൊക്കെ നല്ലതാണെന്ന് സ്വയം വിശ്വസിക്കുകയും അതിനെക്കുറിച്ച് എതിരൊന്നും പറയാൻ ആഗ്രഹിക്കുകയും ചെയ്യാത്ത ഒരു സമൂഹത്തിലെ മരണത്തിന്റെ അടയാളങ്ങൾ കാണുന്ന ഒരു ഡോക്ടറാകുകയോ വേണം. ഞാനും ഈ മുറിവുകൾ അനുഭവിച്ചിട്ടുണ്ട്. പക്ഷേ, ഞാൻ ഒരേസമയം യാഥാർത്ഥ്യവാദിയും തിരുത്തുവാൻ പറ്റാത്ത ശുഭാപ്തിവിശ്വാസിയും ശാസ്ത്രത്തിന്റെയും ശാസ്ത്രം അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയും ഭാഗികമായി മാത്രമേ നിഷേധാത്മകമാവുന്നുള്ളൂവെന്നും ശാസ്ത്രം സാദ്ധ്യമാക്കുന്ന വിജ്ഞാനവിപ്ലവങ്ങൾ പ്രതീക്ഷയുടെ അടയാളങ്ങളാണെന്നും വിശ്വസിക്കുന്നയാളാണ്.
പല തരത്തിലും ഇന്ത്യ ഇന്ന് ദുഃഖകരമായ ദുരവസ്ഥയിലാണെന്നത് സത്യമാണ്. വിവിധ രാജ്യങ്ങളുടെ ആപേക്ഷികമായ പ്രകടനത്തെ സംബന്ധിച്ചുള്ള കഴിഞ്ഞ ദശാബ്ദത്തിലെ വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകൾ ഇന്നു ലഭ്യമാണ്. ആഗോളരംഗത്ത് ഇന്ത്യയുടെ പ്രകടനം ദക്ഷിണ കൊറിയയുടേതുമായി താരതമ്യപ്പെടുത്തുന്നത് ഉചിതമായിരിക്കും. ഇന്ത്യയെക്കാൾ കൂടുതൽ ജനസാന്ദ്രതയുള്ള ഒരു ജനാധിപത്യരാജ്യമാണ് തെക്കൻ കൊറിയ. 1950-53 കാലത്തെ യുദ്ധത്തിന്റെ ഫലമായി അവളുടെ പരിസ്ഥിതി വല്ലാതെ നാശത്തിനു വിധേയമായിരുന്നു. സാമ്പത്തികമായും ഇന്ത്യയെക്കാൾ പരിതാപകരമായ അവസ്ഥയിലായിരുന്നു. എന്നാൽ പാരിസ്ഥിതിക പ്രകടനസൂചികയിൽ ലോകത്തിൽ 180-ൽ അറുപതാം സ്ഥാനത്താണ് ഇന്ന് തെക്കൻ കൊറിയ, ഇന്ത്യ 177-ാമതും.
ആഗോള സന്തോഷസൂചികയിൽ 149-ൽ ഇന്ത്യയുടെ സ്ഥാനം 139 ഉം തെക്കൻ കൊറിയയുടേത് 62 ഉം ആണ്. ഇന്ത്യ ആളോഹരി മൊത്ത ആഭ്യന്തരോത്പാദനത്തിലെ വളർച്ചയെക്കുറിച്ച് മേനിനടിക്കാറുണ്ട്. അതിൽപ്പോലും ഇന്ത്യ 212-ൽ 122-ാം സ്ഥാനത്താണ്. ദക്ഷിണ കൊറിയയുടെ സ്ഥാനം 10 ഉം. ഏതായാലും ആളോഹരി ഉത്പാദനവും ആളോഹരി വരുമാനവുമെല്ലാം ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരത്തെ തെറ്റിദ്ധരിപ്പിക്കുന്ന അളവുകോലുകളാണ്. അതിനർത്ഥം ഒരു ട്രില്യൺ വരുമാനമുള്ള 100 പേരും 1000 രൂപ വരുമാനമുള്ള 1.3 ബില്യൺ ജനങ്ങളും ഉണ്ടെന്നതാണ്. ബാലൻസ് ഓഫ് പെയ്മെന്റിന്റെ കാര്യമെടുത്താലും ഇന്ത്യ ഏറ്റവും താഴേത്തട്ടിലാണ്. 184-ൽ 182 ആണ് ഇന്ത്യയുടെ സ്ഥാനം. ആളോഹരി മൊത്ത ആഭ്യന്തരോത്പാദനത്തിൽ ഇന്ത്യയെക്കാൾ മെച്ചപ്പെട്ട ബംഗ്ലാദേശ് ബാലൻസ് ഓഫ് പെയ്മെന്റിന്റെ കാര്യത്തിൽ ഇന്ത്യയെക്കാൾ മുകളിൽ 164-ാം സ്ഥാനത്താണ്.
അതേസമയം തെക്കൻ കൊറിയ ഏറ്റവും മേൽത്തട്ടിനോടടുത്ത് അഞ്ചാം സ്ഥാനത്തും. സാമ്പത്തിക, സാമൂഹിക വികാസത്തിന്റെ കാര്യത്തിലുള്ള മറ്റൊരു കണക്ക് ഇക്കാര്യത്തെ കൂടുതൽ വെളിപ്പെടുത്തുന്നതാണ്. ലഭ്യമായ വിവരമനുസരിച്ച് 107 രാജ്യങ്ങൾ പട്ടിണിയെ അഭിമുഖീകരിക്കുന്നുണ്ട്. ദേശീയ കുടുംബാരോഗ്യ സർവ്വേ കൂടുതൽ വിശ്വസനീയമായ കണക്കുകൾ നൽകുന്നുണ്ട്. 2015-16 ലെയും 2019-20ലെയും സ്ഥിതിവിവരക്കണക്കുകളിൽനിന്ന് തെളിയുന്നത് സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലും പോഷകാഹാരക്കുറവ് 40ശതമാനത്തോടടുപ്പിച്ച് സ്ഥിരമായി നിൽക്കുന്നുവെന്നാണ്. വിറ്റാമിൻ-എ, ബി, വിറ്റാമിൻ-ബി 2, ഫോളിക് ആസിഡ്, വിറ്റാമിൻ-ബി 12 എന്നിവയുടെ പ്രകടമായ കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വിളർച്ചയുടെ തോത് 6 മാസം മുതൽ 59 മാസം വരെ പ്രായമുള്ള കുട്ടികളിൽ 60.7 ൽനിന്ന് 70ശതമാനത്തിലേക്ക് തുടർച്ചയായ വർദ്ധനവ് കാണിക്കുന്നു. ഇതിന്റെ തോത് 15 നും 49 നും ഇടയിൽ പ്രായമുള്ള പുരുഷൻമാർക്കിടയിൽ 19.2 മുതൽ25.1 ശതമാനം വരെയാണ്. ഗർഭിണികളിൽ 48.2-ൽനിന്നും 53.2 ശതമാനത്തിലേക്കാണ് വിളർച്ചയുടെ തോത് വളർന്നത്.
ഇന്ത്യയെക്കാൾ പട്ടിണിയുടെ തോത് കൂടുതലുള്ളത് 12 രാജ്യങ്ങളിലാണ്. അവയൊക്കെയും ആഭ്യന്തരകലാപങ്ങൾകൊണ്ട് പൊറുതിമുട്ടുന്ന അഫ്ഗാനിസ്താൻ, ലൈബീരിയ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളാണ്. അവസാനമായി കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയുടെ പ്രകടനം പരിശോധിച്ചാൽ സ്ഥിതിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടും. ഇന്ത്യയിൽ ഒരു ദശലക്ഷം മനുഷ്യരിൽ 307 പേർ മരിക്കുമ്പോൾ ബംഗ്ലാദേശിൽ അത് 135 ഉം തെക്കൻ കൊറിയയിൽ 41ഉം ആണ്. ഇന്ത്യയുടെ മോശംസ്ഥിതിക്ക് ഭാഗികമായി ജാതി, വർഗ്ഗം, വംശം, ഭാഷ, മതം തുടങ്ങിയ വിഭജനങ്ങൾ ഒരു കാരണമാണ്. എന്നാൽ ഒരു പരിസ്ഥിതിശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം പ്രാഥമികമായ വിടവ് മുൻ അധ്യായത്തിൽ വിവരിച്ചതുപോലെ നഗരങ്ങളിലെ സമ്പന്നർ പ്രതിനിധാനം ചെയ്യുന്ന ജൈവമണ്ഡല ജനങ്ങളും (biosphere people) സ്വന്തം പരിസരങ്ങളിലെ പ്രകൃതിവിഭവങ്ങളുടെ ആരോഗ്യവും അവയിലുള്ള അവകാശവുമായും അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന സാമ്പത്തികമായി ദുർബ്ബലരായ ഗ്രാമീണരും വനത്തെ ഉപജീവിക്കുന്നവരുമായ ഭൂരിപക്ഷവും പാരിസ്ഥിതിക അഭയാർത്ഥികളുമായി മാറ്റപ്പെട്ടിട്ടുള്ള ' പാരിസ്ഥിതിക വ്യവസ്ഥാജനങ്ങളും '(Ecosystem people) തമ്മിലുള്ളതാണ്.
ഇന്ത്യയിൽ ഒരു സമൂലമായ മാറ്റം കൊണ്ടുവരാൻ കഴിയുക നഗരവാസികളായ സമ്പന്നർ (ജൈവമണ്ഡലജനങ്ങൾ)അവർ പ്രാഥമിക കുറ്റവാളികളായിട്ടുള്ള പാരിസ്ഥിതികതകർച്ചയുടെ ഭീമാകാരമായ ചെലവ് നീതിപൂർവ്വമായി പങ്കുവെക്കുമ്പോൾ മാത്രമാണ്. ഈ ബാദ്ധ്യത ഓരോ ദിവസവും കൂടിക്കൂടി വന്ന് വലിയ മണ്ണിടിച്ചിലുകൾ ഉണ്ടാകുന്നതിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. മാലിൻ, പുത്തുമല, പെട്ടിമുടി, താലിയെ, കൂട്ടിക്കൽ എന്നിവടങ്ങളിൽ അതിന്റെ ഭീകരത നാം കാണുകയുണ്ടായി. പാരിസ്ഥിതികവിനാശത്തിന്റെ ഇരകൾ മിക്കപ്പോഴും പാരിസ്ഥിതികവ്യവസ്ഥയെ ആശ്രയിച്ചു ജീവിക്കുന്നവരും പാരിസ്ഥിതിക അഭയാർത്ഥികളുമായിരിക്കും. എന്നാൽ 2018-ൽ കേരളത്തിൽ സംഭവിച്ച നൂറ്റാണ്ടിന്റെ വെള്ളപ്പൊക്കത്തിൽ കണ്ടതുപോലെ ദുരന്തമുഖത്ത് ഇവർ ഇന്ത്യൻ സമൂഹത്തിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവരുടെ സഹായത്തിനെത്തുകയുണ്ടായി. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിയപ്പോൾ നൂറുകണക്കിന് മത്സ്യെത്താഴിലാളികൾ അവരുടെ നാടൻവള്ളങ്ങളുമായി മുങ്ങിപ്പോകുമായിരുന്ന ജനങ്ങളുടെ രക്ഷയ്ക്കെത്തി. വീടുകളിൽ കുടുങ്ങിപ്പോയ ലക്ഷക്കണക്കിനു മനുഷ്യർക്ക് ജീവനും മരണവും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെട്ട സമയമായിരുന്നു അത്.
ദുരന്തത്തിനിരയാകുന്നവരുടെ ജീവൻ രക്ഷിക്കാനോ ദുരന്തനിവാരണത്തിനുള്ളതോ ആയ യാതൊരു ഔപചാരികമായ പരിശീലനവും ലഭിച്ചിട്ടില്ലെങ്കിലും മത്സ്യത്തൊഴിലാളികൾ അവരുടെ അനുഭവങ്ങൾ കൈമുതലാക്കിക്കൊണ്ട് നല്ല ശിക്ഷണമുള്ള സേനയെപ്പോലെ പ്രവർത്തിച്ചു. ദുരന്തനിവാരണസേനയ്ക്കും നാവികസേനയ്ക്കും എത്തിപ്പെടാത്ത സ്ഥലങ്ങളിൽ നീന്തിക്കയറി അവർ ഒട്ടേറെ ജീവനുകളെ വീണ്ടെടുത്തു. മാത്രമല്ല, ഭക്ഷണവും മറ്റ് അത്യാവശ്യസാധനങ്ങളും എത്തിച്ചുകൊടുത്തു. അവരുടെ നിസ്വാർത്ഥസേവനത്തെ കേരളം ഒന്നടങ്കം അഭിവാദ്യം ചെയ്യുകയുണ്ടായി. കേരളമുഖ്യമന്ത്രി പിണറായി വിജയൻ അവർക്ക് കേരളത്തിന്റെ സ്വന്തം സൈന്യമെന്ന വിശേഷണംതന്നെ നൽകി. മാത്രമല്ല, അവരുടെ സേവനത്തെ കണക്കിലെടുത്തുകൊണ്ട് തീരപ്രദേശത്തെ 177 മത്സ്യത്തൊഴിലാളികൾക്ക് കേരള തീരദേശ പോലീസിൽ ജോലി നൽകുകയും ചെയ്തു.
അവരെ അഭിവാദ്യം ചെയ്യുന്നതും തൊഴിലു കൊടുക്കുന്നതും കരണീയമായതു തന്നെയാണ്. എന്നാൽ അവർ വ്യക്തമായി ആഗ്രഹിക്കുന്നത് വിഴിഞ്ഞം തുറമുഖം പോലുള്ള പദ്ധതികളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെടരുതെന്നതും മത്സ്യങ്ങളുടെ വംശനാശത്തിനിടയാക്കുന്ന തീരദേശജലാശയങ്ങളുടെ മലിനീകരണവും തീരദേശ കടൽമണൽ ഖനനവും ആഡംബര വാസസമുച്ചയങ്ങൾ ഉണ്ടാക്കാനായി മത്സ്യങ്ങളുടെ പ്രജനനകേന്ദ്രമായ കണ്ടൽക്കാടുകൾ, ചതുപ്പുകൾ എന്നിവ കൈയ്യേറി നശിപ്പിക്കുന്നതും തടയണമെന്നതാണ്. മീൻപിടുത്തക്കാരും മറ്റ് പാരിസ്ഥിതികവ്യവസ്ഥയെ ആശ്രയിച്ചു ജീവിക്കുന്നവരും പാരിസ്ഥിതികാഭയാർത്ഥികളുമായ ജനസമൂഹങ്ങൾ നീതിക്കും തുല്യതയ്ക്കും വേണ്ടി നിവർന്നുനിൽക്കാൻ തുടങ്ങിയിട്ടുണ്ട്. ജനസൗഹൃദവും പ്രകൃതിസൗഹൃദവുമായ ഇന്ത്യയ്ക്കു വേണ്ടിയുള്ള മുന്നേറ്റത്തിലെ നായകരാകാൻ അവർക്കു കഴിയും. ഇത്രയും കാലം അസംഘടിതരായി കണക്കാക്കപ്പെടുകയും വിവരങ്ങളുടെ പടിക്കു പുറത്ത് നിർത്തപ്പെടുകയും ചെയ്തവരാണിവർ. എന്നാൽ വാർത്താവിനിമയ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ ഈ പരിമിതികളെ മറികടക്കുന്നതിൽ അവരെ സഹായിക്കും. ഈ അവസരങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് എല്ലായിടത്തുമുള്ള യുവാക്കൾ മുൻനിരയിലേക്കു വരുന്നുണ്ട്.
ഈ പശ്ചാത്തലത്തിൽ തെക്കൻ കൊറിയയിൽ നമുക്ക് താത്പര്യജനകമാകുന്ന പാഠങ്ങളുണ്ട്. 1953-ലെ യുദ്ധത്തിന്റെ ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ ആ രാജ്യം പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസവും പ്രാഥമിക ആരോഗ്യപരിപാലനവും ജനങ്ങൾക്ക് സൗജന്യമായി നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അവരുടെ ശ്രദ്ധേയമായ വ്യവസായ വികസനത്തിന്റെ അടിത്തറ വിദ്യാസമ്പന്നരും ആരോഗ്യവുമുള്ള ജനതയാണ്. 2021 സെപ്റ്റംബർ 20-ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ നയതന്ത്രപ്രതിനിധികളെന്ന നിലയിൽ കെ പോപ്പ്ബോയ് ബാന്റ് ബി.ടി.എസ്. (KPopboy band B.T.S.) നടത്തിയ ആദ്യ ഔപചാരിക അവതരണം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അവരുടെ പ്രസംഗത്തിന്റെ വീഡിയോ യൂട്യൂബിൽ 6.4 ദശലക്ഷം പ്രേക്ഷകരാണ് ചുരുങ്ങിയ സമയത്തിനുളളിൽ കണ്ടത്. സെക്രട്ടറി ജനറലിന്റെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെയും പ്രസംഗങ്ങൾ 5000 പേർ മാത്രമാണ് കണ്ടത്. ഏഴംഗ ബാന്റ് സംഘം പറഞ്ഞത് കോവിഡ് 19 എങ്ങനെയായിരിക്കും ഭാവിതലമുറയെ രൂപപ്പെടുത്താൻ പോകുന്നത് എന്നാണ്. മഹാമാരിയുടെ കാലത്തെ അവസരനഷ്ടങ്ങളുടെ ഇരകൾ എന്നതിനു പകരം അവരുടെ ഗുണപരമായ ഫലങ്ങളുടെ പേരിൽ അവരുടെ തലമുറ ഓർമ്മിക്കപ്പെടണമെന്ന് സംഘത്തിലെ ചെറുപ്പക്കാർ പാടുകയായിരുന്നു.
ബാന്റിന് നേതൃത്വം കൊടുത്ത ആർ.എം. പറഞ്ഞത്, 'കൗമാരക്കാരും യുവാക്കളും കോവിഡിന്റെ നഷ്ടതലമുറയായാണ് പരാമർശിക്കപ്പെടുന്നത്, വൈവിധ്യമുള്ള അവസരങ്ങൾ തേടുകയും പുതിയ കാര്യങ്ങൾ പരീക്ഷിക്കുകയും ചെയ്യേണ്ട സമയം നഷ്ടമായവർ എന്ന നിലയ്ക്ക്. പക്ഷേ, അവർക്ക് അത് നഷ്ടമായി എന്നു പറയുന്നത് മുതിർന്നവരുടെ കണ്ണുകൾക്ക് അവർ നടന്നുകയറുന്ന വഴികൾ കാണാൻ കഴിയാത്തതുകൊണ്ട് മാത്രമാണ്.' ഗായകനായ ജിൻ പറഞ്ഞത്, 'നഷ്ടതലമുറയായി വിശേഷിപ്പിക്കുന്നതിനു പകരം ഈ കാലത്തെ യുവാക്കളെ സ്വാഗതം ചെയ്യുന്ന തലമുറ (Welcome generation) എന്ന് വിശേഷിപ്പിക്കുകയാണ് വേണ്ടത് എന്നാണ്. കാരണം, മാറ്റത്തെ ഭയപ്പെടുന്നതിനു പകരം ഈ തലമുറ പറയുകയാണ് 'സ്വാഗതം' ഞങ്ങൾ മുന്നോട്ടുതന്നെ പോകുകയാണ്' എന്ന്. ബാന്റ് ജനങ്ങളെ കാലാവസ്ഥാവ്യതിയാനത്തെ പരിഹരിക്കുന്നതിനാഹ്വാനം ചെയ്യുന്നു. വാക്സിനേഷനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ബി. ടി.എസ്., ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കുക മാത്രമായിരുന്നില്ല, അവരുടെ 'പെർമിഷൻ ടു ഡാൻസ്' എന്ന ജനപ്രിയ പരിപാടി ന്യൂയോർക്ക് സിറ്റിയിലെ ആസ്ഥാനത്ത് അവതരിപ്പിക്കുകയും ചെയ്തു. പാട്ടിന്റെ ദൃശ്യാവിഷ്കാരവും നടത്തി. അത് ഐക്യരാഷ്ട്ര സംഘടന ട്വീറ്റ് ചെയ്യുകയും യൂട്യൂബിൽ പങ്കുവെക്കുകയും ചെയ്തു. ഒരു ദിവസം കഴിഞ്ഞാണ് ഞാൻ യൂട്യൂബ് സന്ദർശിച്ചത്, അപ്പോഴേക്കും 12 ദശലക്ഷം പേർ രജിസ്റ്റർ ചെയ്ത് കഴിഞ്ഞിരുന്നു.
നമ്മുടെ സ്വന്തം 'സ്വാഗതം ചെയ്യുന്ന തലമുറ' നമ്മെ പുതിയതും മെച്ചപ്പെട്ടതുമായ വഴികളിലേക്ക് നയിക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്. കാരണം, അവർ സാമൂഹികനീതിയും തുല്യതയും സമത്വവും മനുഷ്യന്റെ അന്തസ്സും തുറന്ന സമൂഹവും ഉത്തരവാദിത്വവും നിയമവാഴ്ചയും പ്രഘോഷിക്കുന്നതും വംശീയതയ്ക്കും ലിംഗവിവേചനത്തിനും ഇടമില്ലാത്തതുമായ ഭരണഘടന നിലനിൽക്കുന്ന സ്വതന്ത്ര, ജനാധിപത്യ ഇന്ത്യയിൽ ജനിച്ച മൂന്നാം തലമുറയാണ്. ഇവർ ഭരണഘടനയുടെ മൂല്യങ്ങൾക്കെതിരായതും 'പരിഷ്കാരങ്ങൾ' എന്ന രീതിയിൽ സമ്പന്നർക്കും ശക്തർക്കും നൽകുന്ന ആനുകുല്യങ്ങളെ ശ്ലാഘിക്കുകയും സാധാരണക്കാർക്കുള്ള ആനുകൂല്യങ്ങളെ 'ജനപ്രിയ'മെന്ന് ഇകഴ്ത്തുന്നതുമായ നിലവിലെ പ്രബലമായ തലതിരിഞ്ഞ ആനുകൂല്യ സമ്പ്രദായങ്ങളെ നിരാകരിക്കും. വഴിവിട്ട ആനുകൂല്യങ്ങൾ സമ്പന്നർക്കുള്ളതായാലും ദരിദ്രർക്കുള്ളതായാലും നിരുത്തരവാദപരമായ പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും പുരോഗതിക്ക് തടസ്സം നിൽക്കുന്നതുമാണ്.
നമ്മുടെ നിലവിലെ വ്യവസ്ഥ വ്യവസായങ്ങൾക്കും നഗരകേന്ദ്രങ്ങൾക്കും അവരുടെ എല്ലാതരം പ്രവർത്തികളുടെയും ആഘാതം പുറത്തേക്ക് പ്രവഹിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം കൽപ്പിച്ചുകൊടുത്തിരിക്കുകയാണ്. അതുപോലെ വ്യവസായങ്ങളെ അങ്ങേയറ്റം കാര്യക്ഷമമല്ലാതാക്കി മാറ്റുകയും നവീകരിക്കപ്പെടാതിരിക്കുകയും പുതിയ മേൽത്തരം സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ വിമുഖത കാണിക്കുകയും ചെയ്തുകൊണ്ട് മത്സരക്ഷമത ഇല്ലാതാക്കുകയുമാണ്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ബല്ഹാർഷ പേപ്പർമില്ലിന്റെ ഉദാഹരണം നോക്കാം. വളരെ കുറഞ്ഞ നിരക്കിലാണ് മിൽ തുടങ്ങിയ കാലം മുതൽ സർക്കാർ മുള നൽകിയിരുന്നത്. റിസർവ് വനങ്ങളിൽനിന്ന് കരാറുകാർ ആദിവാസികൾക്ക് ചില്ലറ പണം നൽകിയാണ് മുളകൾ ശേഖരിച്ചിരുന്നത്.
രൂക്ഷമായ വായു, ജലമലിനീകരണം കാരണം ജനജീവിതം ദുസ്സഹമാവുകയും ജനങ്ങൾ ചുരുങ്ങിയ ചെലവിൽ മാംസ്യഭക്ഷണത്തിനും, മീൻപിടുത്തസമൂഹം ഉപജീവനത്തിനും ആശ്രയിച്ചിരുന്ന വാർദ്ധാനദിയുടെ മലീനീകരണം കാരണം മത്സ്യസമ്പത്തിൽ ഇടിവുണ്ടായി. 2009-ൽ പഴയ യന്ത്രങ്ങൾക്കു പകരം ഇറക്കുമതി ചെയ്ത പുതിയ യന്ത്രങ്ങൾ സ്ഥാപിച്ചു. എന്നാൽ ഈ യന്ത്രങ്ങൾ യൂറോപ്പിലെ പേപ്പർമിൽ വ്യവസായങ്ങൾ പുറംതള്ളിയ കാലഹരണപ്പെട്ട സാങ്കേതികവിദ്യയിലധിഷ്ഠിതമായിരുന്നവയായിരുന്നു. മലിനീകരണം ദുസ്സഹമായിത്തന്നെ തുടർന്നു. വായു, ജലമലിനീകരണത്തിൽ ക്ഷുഭിതരായ ജനങ്ങൾ വലിയ എതിർപ്പുകൾ ഉയർത്തി. കമ്പനി പൂട്ടുമെന്ന ഭീഷണി ഉയർത്തിയും ജോലി നഷ്ടപ്പെടുമെന്ന ഭീതി വളർത്തിയും അവരുടെ സംഘടിത തൊഴിലാളികളുടെ അധികാരം ഉപയോഗിച്ച് സമരത്തെ നേരിട്ടു. വാർദ്ധാനദി വീണ്ടും ഉയർന്ന മാലിന്യത്തോടെതന്നെ ഒഴുകിക്കൊണ്ടിരുന്നു; അസംഘടിതരായ, നദിയെ ആശ്രയിച്ച് ഉപജീവനം നടത്തിവന്ന ഗ്രാമീണസമൂഹങ്ങളെ ഹതാശരാക്കിക്കൊണ്ട്.
ഇന്ത്യയ്ക്ക് വൻ ജനസമ്പത്തുണ്ട്. അവരെ ഫലപ്രദമായ രീതിയിൽ പാരിസ്ഥിതിക പുനഃസ്ഥാപനപ്രവർത്തനങ്ങൾ സംതൃപ്തമായ നിലയിൽ ഏറ്റെടുക്കാൻ ചുമതലയേൽപ്പിക്കേണ്ടത് ആവശ്യമാണ്. അവരുടെ പ്രദേശങ്ങളിലെ പ്രകൃതിവിഭവങ്ങളിൽ അവർക്ക് അധികാരം നൽകിക്കൊണ്ടേ ഇത് സാദ്ധ്യമാവൂ. ചന്ദ്രപൂർ ജില്ലയിലെ പാച്ച്ഗാവ് ഗ്രാമം ഇക്കാര്യത്തിൽ ഒരു വഴികാട്ടിയാണ്. അവർക്ക് സമൂഹവനാവകാശം ലഭിച്ച 1000 ഹെക്ടർ വനം അവർ പരിപാലിക്കുന്നു. ഗ്രാമസഭ മുളയ്ക്ക് ബല്ഹാർഷാ പേപ്പർമില്ലിന്റെ കരാറുകാർ നൽകിയതിൽനിന്നും മൂന്നിരട്ടി തുക അതിലെ അംഗങ്ങൾക്ക് നൽകുന്നു. അതിൽനിന്നുള്ള ലാഭം വനത്തിന്റെയും ഗ്രാമത്തിന്റെയും വികസനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ വർഷം മുഴുവൻ ജനങ്ങൾക്ക് തൊഴിലും ലഭിക്കുന്നു. ഗ്രാമസഭതന്നെ കൂലി കൊടുക്കുന്നതിനാൽ സർക്കാരുകളുടെ തൊഴിലുറപ്പുപദ്ധതികളിലെന്നതുപോലെ കാലതാമസമോ അഴിമതിയോ ഉണ്ടാകുന്നില്ല. ജനങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതി കൈവരിച്ചുവെന്നതിനെക്കാൾ പ്രധാനം ജനങ്ങൾക്കിടയിൽ സ്വാഭിമാനവും അന്തസ്സും ഉണ്ടായി എന്നതാണ്.
ജനസമൂഹം സ്വാഭിമാനം ഉള്ളവരാകുമ്പോഴാണ് സമൂഹത്തിലെ മുറിവുകൾ ഉണങ്ങുക. ഇന്ത്യയുടെ ഈ പുതിയ തലമുറ നമ്മുടെ വ്യവസായത്തെ ലോകവിപണിയിൽ തലയുയർത്തി നിൽക്കാനും മത്സരക്ഷമതയുള്ളതാക്കാനും മാത്രമല്ല പ്രേരിപ്പിക്കുക, രാസകീടനാശിനികളുടെയും രാസവളങ്ങളുടെയും ആശ്രിതത്വത്തിൽനിന്ന് നമ്മുടെ കൃഷിയെ മോചിപ്പിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. രാഷ്ട്രപതിയുടെ ബഹുമതി നേടിയ ഡോ. രാജാറാം ത്രിപാഠിയെപ്പോലുള്ള നിരവധിപേർ ജൈവകൃഷി ലാഭകരമല്ല എന്ന പ്രചാരണങ്ങളെ പ്രതിരോധിക്കും. ത്രിപാഠിയുടെ നവീനകൃഷിരീതിയിൽ അദ്ദേഹം ഓസ്ട്രേലിയൻ തേക്കിൽ കുരുമുളകുവള്ളി പടർത്തിയും ഇടയിലായി മഞ്ഞളും ഉയർന്ന മൂല്യമുള്ള വിളകളും കൃഷി ചെയ്ത് വളരെ കുറഞ്ഞ ചെലവിലൂടെയും പരിചരണത്തിലൂടെയും ഉയർന്ന വരുമാനം ഉറപ്പുവരുത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സംരംഭത്തിൽ 22,000 കർഷകരുണ്ട്. അവർക്കെല്ലാം നല്ല വരുമാനം ഉറപ്പാക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരം ഉത്തരവാദപ്പെട്ട മാതൃകകൾ ഇനിയും ഉണ്ടാകാം.
ദലൈലാമയെ ഉദ്ധരിച്ചുകൊണ്ട് ഞാൻ നിർത്തട്ടെ:
നമ്മുടെ കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ, മനുഷ്യവംശം ഉയർന്ന, സാർവദേശീയമായ ഉത്തരവാദിത്വം വളർത്തിക്കൊണ്ടു വരേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. നാം നമുക്കും കുടുംബത്തിനും രാഷ്ട്രത്തിനുവേണ്ടി മാത്രമല്ല അദ്ധ്വാനിക്കാൻ പഠിക്കേണ്ടത്, എല്ലാ മനുഷ്യവർഗത്തിന്റെയും ഗുണത്തിനു വേണ്ടിയാണ്. സാർവദേശീയമായ ഉത്തരവാദിത്വം മനുഷ്യന്റെ നിലനിൽപ്പിന്റെ താക്കോലാണ്. അത് ലോകസമാധാനത്തിന്റെയും പ്രകൃതിവിഭവങ്ങളുടെ തുല്യമായ വിനിയോഗത്തിന്റെയും ശരിയായ അടിത്തറയാണ്. ഭാവിതലമുറയ്ക്കു വേണ്ടിയുള്ള കരുതലും പരിസ്ഥിതിയെ ശരിയായ രീതിയിൽ പരിപാലിക്കലും ഈ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്.
Content Highlights: Explore India`s democratic progress, environmental concerns, and lessons from South Korea`s development. Discover paths to a sustainable future.