ഞാൻ സ്ത്രീയായാൽ

#എന്‍.എന്‍.പിള്ള
എൻ എൻ പിള്ള, ആത്മകഥയുടെ കവർ പേജ്
എൻ എൻ പിള്ള, ആത്മകഥയുടെ കവർ പേജ്

ഹായ്, പിന്നെ ഒരു പുകിലായിരിക്കും. ഞാൻ സ്ത്രീയായാൽ... ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത സ്ത്രീത്വത്തിന്റെ ഒരു മഹാദ്ഭുതം! എന്റെ പന്ത്രണ്ടാമത്തെ വയസ്സിനുള്ളിൽത്തന്നെ നൃത്തഗീതാദി സുകുമാരകലകളിൽ ഞാൻ നിസ്തുലയായിരിക്കും. ലോകഭാഷകളിൽ ഏറ്റവും വികസിതമായ പന്ത്രണ്ടെണ്ണത്തിൽ ഞാൻ നിരുപമമായ പാണ്ഡിത്യം നേടിയിരിക്കും. ഈ ഓരോ ഭാഷയിലും ഓരോ നാടകവും ഓരോ നോവലും വീതം എഴുതിയിരിക്കും ഞാൻ. പന്ത്രണ്ടാമത്തെ വയസ്സിൽ നോബൽസമ്മാനം നേടിയിരിക്കും ഞാൻ. ഈ പന്ത്രണ്ടാമത്തെ വയസ്സിൽത്തന്നെ പരിപൂർണയൗവനയുക്തയായി മാറിയിരിക്കും ഞാൻ.


എന്നാൽ സ്ത്രീത്വത്തിന്റെ പടക്കംപൊട്ടിക്കുന്ന ആ പ്രത്യേകത 'Circadian Rhythm' ഉണ്ടല്ലോ, 'മാസമുറ.' അതു ഞാൻ വേണ്ടെന്നു വെക്കും. മറ്റൊന്നും കൊണ്ടല്ല, വൃത്തികേടും അസൗകര്യവുംകൊണ്ട്. ഞാൻ ഏറ്റവും കുറഞ്ഞതും അയഞ്ഞതുമായ അശുഭ്രവസ്ത്രങ്ങളേ ഉപയോഗിക്കൂ. ഞാൻ നഗ്‌നത പ്രദർശിപ്പിക്കില്ല, കൂടുതൽ മൂടിവെക്കുകയുമില്ല. തുണി ഉടുക്കുന്നതിനെക്കാൾ എനിക്കിഷ്ടം ഉടുക്കാതിരിക്കുന്നതായിരിക്കും; പരസ്യമായിട്ടല്ല, രഹസ്യമായിട്ട്.
മറ്റൊരു കാര്യം എന്നോളം സൗന്ദര്യവതിയായി ഈ ലോകത്തിലാരും ഇതുവരെ ജനിച്ചിട്ടുണ്ടായിരിക്കില്ല, ഇനിയൊട്ടു ജനിക്കാനും പോണില്ല. എന്നു മാത്രമല്ല, ഉർവശി-രംഭ-മേനക-തിലോത്തമാദികളായ സ്വർലോകസുന്ദരികളും, ഹെലൻ, ക്ലിയോപാട്ര തുടങ്ങിയ ഭൂലോകസുന്ദരികളും എന്റെ മുന്നിൽ വിരൂപിണികളായിരിക്കും. ഇനി പരാക്രമത്തിലാണെങ്കിലോ? റാണി ലക്ഷ്മീബായിയും ഇന്ദിരാഗാന്ധിയും മാർഗരറ്റ് താച്ചറും ഫൂലൻദേവിയുമൊന്നും എന്റെ ഏഴ് അയല്പക്കത്തു വരില്ല.
ഞാൻ ലോകത്തിൽ ഒരു പുരുഷനെപ്പോലും സ്ഥിരമായി പ്രേമിക്കില്ല. കല്യാണോം കഴിക്കില്ല. എന്നാൽ, ഈ ഭൂമുഖത്തുള്ള നരവംശങ്ങളിൽനിന്നെല്ലാം എനിക്കിഷ്ടമുള്ള കാലത്തേക്ക് ഇഷ്ടമുള്ള കാമുകന്മാരെ ഞാൻ തിരഞ്ഞെടുക്കും. മതിയാകുമ്പോൾ പറഞ്ഞയയ്ക്കും. സ്നേഹാദരപൂർവം, അർഹമായ പാരിതോഷികങ്ങളും നല്കി. മറ്റൊരു രഹസ്യം, ഒരു പുരുഷനെപ്പോലും നേരം വെളുക്കുന്നതുവരെ എന്റെ കൂടെ കിടത്തില്ല. എന്താണെന്നോ? വായ്നാറ്റം. വിയർപ്പുനാറ്റം സഹിക്കാം, മറ്റേതു സഹിക്കില്ല. ഇനി ഒരു കാര്യം പറയട്ടെ, സർവതോഭദ്രം. ക്രൂരമാണ് ബീഭത്സമാണ് എന്നെല്ലാം മുദ്ര കുത്തി തള്ളിക്കളയരുത്. സംഗതി ഇതാണ്. ഞാൻ അതിനീചനെന്ന് എനിക്കു തോന്നുന്ന ഒരുത്തനെയെങ്കിലും ബലാത്സംഗം ചെയ്തു കൊല്ലും. ഇതുവരെ പുരുഷൻ സ്ത്രീയെയായിരുന്നു; ഒന്നങ്ങോട്ടും ഇരിക്കട്ടെ.
ഞാൻ പ്രസവിക്കില്ല. കാരണം, ജനമധ്യത്തിലൂടെ കുട്ടകംപോലെ വയറു തൂക്കിയിട്ടു വലിഞ്ഞിഴഞ്ഞു നടക്കുന്നതു വൃത്തികേടാണെന്നു തോന്നുന്നതുകൊണ്ട്. മാത്രമല്ല, ഞാൻ സൃഷ്ടിക്കുന്ന സന്തതി എന്നെപ്പോലെയായിരിക്കുമെന്നതിന് എന്താ ഉറപ്പ്?
ഈ ലോകത്തിൽ കിട്ടാവുന്ന രുചികരമായ ഭക്ഷണപദാർഥങ്ങളെല്ലാം ഞാൻ പരീക്ഷിക്കും, അതുപോലെ തന്നെ ലഹരിപദാർഥങ്ങളും. ഞാനിനി ജനിക്കാൻ പോകുന്നില്ല. അതുകൊണ്ട് ഒന്നും കുറയ്ക്കാനും പോകുന്നില്ല. പകലൊന്നും സമൂഹത്തിനിഷ്ടമല്ലാത്തതും എപ്പോഴും എനിക്കിഷ്ടമായതുമായ സുഖഭോഗങ്ങളെല്ലാം ഞാൻ മതിയാവോളം സൗകര്യംപോലെ ആസ്വദിക്കും.
ഞാൻ സ്വച്ഛന്ദമൃത്യുവായിരിക്കും. അതായത് തോന്നുമ്പോൾ മരിക്കും എന്നർഥം. അതിനുള്ളിൽ ഈ ലോകത്തിൽ എന്നെപ്പോലെ ഒരു സ്ത്രീ ജനിച്ചിട്ടില്ലെന്നും ജീവിച്ചിട്ടില്ലെന്നും ഇനി ജനിക്കാൻ പോകുന്നില്ലെന്നും ഞാൻ തെളിയിക്കും. നിർത്തട്ടെ.
അവസാനമായി ഒരു കാര്യം. ഈ പ്രപഞ്ചത്തിൽ 'കള' എന്നൊന്നില്ല.

Content Highlights: Humorous and satirical take on gender roles by legendary Malayalam dramatist N N Pilla., Unconventional views on beauty, relationships, autonomy, and societal expectations., Classic Malayalam literary content exploring profound philosophical thoughts through wit.